'കുന്ദലത'യുടെയും 'ഇന്ദുലേഖ'യുടെയും സഹോദരി; 135 വര്‍ഷങ്ങള്‍ക്കുശേഷം ചാത്തുനായരുടെ 'മീനാക്ഷി' ചര്‍ച്ചയാകുന്നു

കൊയിലാണ്ടി: 'കുന്ദലത'യ്ക്കും 'ഇന്ദുലേഖ'യ്ക്കുംശേഷം പുറത്തിറങ്ങിയ ചാത്തു നായരുടെ 'മീനാക്ഷി' എന്ന നോവലിന്റെ 135-ാമത് വാര്‍ഷികം അരിക്കുളം കാരയാടില്‍ ആഘോഷിക്കുന്നു. അരിക്കുളം ഗ്രാമപ്പഞ്ചായത്തും കേരള സാഹിത്യ അക്കാദമിയും ചേര്‍ന്നാണ് ആഘോഷം സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 11-ന് കാരയാട് മാണി മാധവച്ചാക്യാര്‍ കലാപഠനകേന്ദ്രത്തിലാണ് പരിപാടി. വൈകീട്ട് മൂന്നുമണിക്ക് എഴുത്തുകാരന്‍ എം. മുകുന്ദന്‍ ഉദ്ഘാടനംചെയ്യും. ഡോ. പി. പവിത്രന്‍, ഇ.പി. രാജഗോപാലന്‍, ജിസ ജോസ്, പ്രൊഫ. സി.പി അബൂബക്കര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണംനടത്തും.
തിക്കോടി പള്ളിക്കര ചെറുവലത്ത് ചാത്തു നായര്‍ എഴുതിയ നോവലാണ് മീനാക്ഷി. 'കുന്ദലത'യുടെയും 'ഇന്ദുലേഖ'യുടെയും സഹോദരിയായിട്ടാണ് മീനാക്ഷിയെ പരിഗണിക്കുന്നത്. കുന്ദലത പിറന്നത് 1887-ലാണ്. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ഇന്ദുലേഖയും അടുത്ത കൊല്ലം മീനാക്ഷിയും.
മീനാക്ഷിക്ക് തൊട്ടുപുറകേ മറ്റൊരു നോവല്‍കൂടി പുറത്തുവന്നു. 'ഇന്ദുമതീസ്വയംവരം'. 1890-ലാണ് ഈ രണ്ടുകൃതികളും പുറത്തിറങ്ങിയത്. ഈ നോവലുകളെ പരിഹസിച്ചുകൊണ്ട് 1892-ല്‍ പുറത്തുവന്ന 'പറങ്ങോടി പരിണയം' എന്ന കൃതിയും കോഴിക്കോട്ടുനിന്നാണുണ്ടായത്. മലയാളത്തിലെ ആദ്യനോവലുകളുടെ പിറവി ഈ ജില്ലയില്‍നിന്നാണ് എന്നതിനാല്‍ത്തന്നെ മലയാള കഥാഖ്യാനത്തിന്റെ പാരമ്പര്യം കോഴിക്കോടിന് സ്വന്തമാണ്. മലയാളത്തിലെ ആദ്യത്തെ നോവലെന്നുകരുതുന്ന 'കുന്ദലത' റാവു ബഹദൂര്‍ ടി.എം. അപ്പു നെടുങ്ങാടിയാണ് എഴുതിയത്. അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തായിരുന്ന ഒ. ചന്തുമേനോനാണ് 'ഇന്ദുലേഖ'യുടെ കര്‍ത്താവ് (1889). ചാത്തുനായര്‍ 1890-ല്‍ 'മീനാക്ഷി' പ്രസിദ്ധീകരിച്ചു. കോഴിക്കോട് മാങ്കാവ് പടിഞ്ഞാറെ കോവിലകത്തെ പി.സി. അമ്മാവന്‍ രാജയാണ് 'ഇന്ദുമതീ സ്വയംവര'ത്തിന്റെ രചയിതാവ്. ഈ നോവലും 1890-ല്‍ത്തന്നെ. ആദ്യനോവല്‍ എന്ന പരിഗണന കുന്ദലതയും മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ എന്ന നിലയ്ക്ക് ഇന്ദുലേഖയും മലയാളസാഹിത്യത്തില്‍ പ്രചാരംനേടിയപ്പോള്‍ 'മീനാക്ഷി'ക്ക് എന്തുകൊണ്ടോ അര്‍ഹിക്കുന്ന പരിഗണനയോ പ്രസിദ്ധിയോ ലഭിക്കാതെ പോയി. പള്ളിക്കരയില്‍ ഒരു ഭൂകുടുംബത്തില്‍ ജനിച്ച ചാത്തു നായര്‍ ഉന്നതവിദ്യാഭ്യാസം നേടിയശേഷം കോഴിക്കോട് ബിഇഎം സ്‌കൂളില്‍ സംസ്‌കൃതാധ്യാപകനായി. 1890 മാര്‍ച്ചില്‍ ആരംഭിച്ച 'മീനാക്ഷി'യുടെ രചന നവംബറില്‍ പൂര്‍ത്തിയാക്കിയതായി നോവലിന്റെ ആമുഖത്തില്‍ ചാത്തു നായര്‍ പറയുന്നു.
സവര്‍ണസ്ത്രീകളില്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ ആവശ്യകത ഊന്നിപ്പറയുകയും 19-ാം നൂറ്റാണ്ടിലെ അനാചാരങ്ങളെയും ഉച്ചനീചത്വങ്ങളെയും വിമര്‍ശിക്കുകയും ചെയ്യുന്ന ഈ രചനയിലൂടെ ചാത്തുനായര്‍ക്ക് സമുദായത്തില്‍ നിന്നുതന്നെ ശക്തമായ എതിര്‍പ്പുകളും വിമര്‍ശനങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്.
ഉന്നതകുലജാതയായ ഭാര്യയെ കോഴിക്കോട്ട് താന്‍ ജോലിചെയ്യുന്ന വിദ്യാലയത്തിനുസമീപം കൊണ്ടുവന്ന് താമസിപ്പിച്ചതിന് സമുദായത്തില്‍ ഭ്രഷ്ട് നേരിടേണ്ടിവന്നിട്ടുമുണ്ട്. അക്കാലത്ത് വടക്കേ മലബാറിലെ സവര്‍ണസമുദായ വനിതകള്‍ കോരപ്പുഴ കടന്ന് തെക്കോട്ട് വരാന്‍ പാടില്ലെന്നായിരുന്നു നിബന്ധന. അത് ലംഘിക്കുന്നവരെ സമുദായത്തില്‍നിന്ന് പുറത്താക്കിയിരുന്നു. ചാത്തുനായരുടെ ഭാര്യ കാരയാട് അംശത്തിലെ വേട്ടിയോട്ട് തറവാട്ടിലെ മാതുഅമ്മയ്ക്കും ഈ 'മാനഹാനി' നേരിടേണ്ടിവന്നു.
18-ാം നൂറ്റാണ്ടില്‍ മലബാറിലെ ആചാരാനുഷ്ഠാനരീതികളിലേക്കും സാമൂഹിക-സാമ്പത്തിക സ്ഥിതിഗതികളിലേക്കും മാമൂലുകളില്‍നിന്ന് കുതറിമാറി ആധുനികതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ജനത നേരിടേണ്ടിവന്ന പ്രതിസന്ധികളിലേക്കും ഭയവിഹ്വലതകളിലേക്കും മീനാക്ഷി നോവല്‍ വിരല്‍ചൂണ്ടുന്നു.
നോവലിന്റെ ശതാബ്ദി പയ്യോളിയില്‍ ആഘോഷിച്ച ശേഷമുള്ള ആദ്യ പരിപാടിയാണിത്.