കാലിക്കറ്റ് സര്‍വകലാശാലയിലെ ബോട്ടണി ലൈബ്രറിക്ക് ഫംഗല്‍ബാധ;പൂപ്പലേറ്റ് നശിക്കുന്നത് അമൂല്യ പുസ്തകങ്ങൾ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ ബോട്ടണി വിഭാഗം ലൈബ്രറിയില്‍ പൂപ്പല്‍പിടിച്ചു നശിച്ച് പതിനായിരത്തോളം വരുന്ന പുസ്തകശേഖരം. അമൂല്യപുസ്തകങ്ങളില്‍ പലതിന്റേയും പേജുകള്‍ തിരിച്ചറിയാന്‍പോലുമാകാത്തവിധം പൊടിഞ്ഞുപോയിട്ടുണ്ട്.
ലൈബ്രറിയുടെ തൊട്ടുതാഴെ പ്രവര്‍ത്തിക്കുന്ന സിസ്ഫ് ലാബിലെ (സെന്‍ട്രല്‍ സൊഫിസ്റ്റിക്കേറ്റഡ് ഇന്‍സ്ട്രുമെന്റേഷന്‍ ഫെസിലിറ്റി) അതിശീതീകരണമാണ് ലൈബ്രറിയിലേക്ക് ഈര്‍പ്പമേറ്റി പുസ്തകങ്ങള്‍ പൂപ്പല്‍പിടിക്കാന്‍ കാരണം. ലൈബ്രറിയില്‍ ഈര്‍പ്പംനിറഞ്ഞ അവസ്ഥയാണ്. മഴക്കാലത്ത് തറയില്‍ വെള്ളം കെട്ടിനില്‍ക്കാറുമുണ്ട്. വഴുക്കലും ഉണ്ടാകാറുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. വേനല്‍ക്കാലത്തും അവസ്ഥ വ്യത്യസ്തമല്ല. ഒരുവര്‍ഷത്തിലേറെയായി പ്രശ്‌നം രൂക്ഷമാണ്.
തറയിലും അന്തരീക്ഷത്തിലുമുള്ള ജലാംശമാണ് ലൈബ്രറിയിലെ പുസ്തകങ്ങളിലും റാക്കുകളിലും പൂപ്പലുണ്ടാക്കുന്നത്. ഒരേ കെട്ടിടത്തില്‍ മുകളിലും താഴെയുമായാണ് ലൈബ്രറിയും സിസ്ഫും. സിസ്ഫില്‍ ഗവേഷണത്തിനുവേണ്ട വസ്തുക്കള്‍ ശേഖരിക്കുന്നത് അതിശീതീകരിച്ചാണ്. ഇതിനായി എപ്പോഴും വളരെ താഴ്ന്ന താപനിലയില്‍ എയര്‍കൂളിങ് സംവിധാനം ഒരുക്കിയിട്ടുമുണ്ട്. ഈ കൊടുംതണുപ്പ് പക്ഷേ, മുകള്‍നിലയിലെ പുസ്തകങ്ങളെ തകര്‍ത്തുകളയുന്നു.
പല പുസ്തകങ്ങളും തുറക്കാനേ കഴിയാത്തനിലയിലും പൊടിഞ്ഞു നാശോന്മുഖമായ നിലയിലുമാണ്. മിക്കതിന്റെയും പേജുകള്‍ മങ്ങുകയും നശിച്ചുപോകുകയുംചെയ്യുന്നു. ബോട്ടണി പഠിതാക്കള്‍ക്ക് കിട്ടാവുന്ന അപൂര്‍വ പുസ്തകശേഖരമാണ് ഇവിടെയുള്ളത്. അതില്‍ പലതുമാണ് നശിച്ചുകൊണ്ടിരിക്കുന്നത്. തുറന്ന ഷെല്‍ഫിലെ പുസ്തകങ്ങളെല്ലാം ഏകദേശം നശിച്ചുകഴിഞ്ഞു. അടച്ച ഷെല്‍ഫുകളിലെ പുസ്തകങ്ങളും നശിച്ചുതുടങ്ങിയിരിക്കുന്നു.
സ്ഥിരം ലൈബ്രേറിയനുമില്ല
നിലവില്‍ സ്ഥിരമായി ഇവിടെ ലൈബ്രേറിയനില്ല. അതിനാല്‍ ലൈബ്രറി പൂര്‍ണമായും വിദ്യാര്‍ഥികള്‍ക്ക് തുറന്നുകിട്ടാറില്ല. കഴിഞ്ഞവര്‍ഷമുണ്ടായിരുന്ന ലൈബ്രേറിയന് ഇവിടെയിരുന്ന് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായി. അതിനാല്‍ മറ്റൊരു ലൈബ്രറിയിലേക്കു മാറി.
ലൈബ്രറിയില്‍ തുടര്‍ച്ചയായി ഇരിക്കുന്നവര്‍ക്ക് അസ്വസ്ഥതയുണ്ടാകുന്നതായും പറയുന്നു. നിലവില്‍ നാനോസയന്‍സ് വകുപ്പിലെ ലൈബ്രേറിയനാണ് താത്കാലിക ചുമതല. കുട്ടികള്‍ക്ക് പുസ്തകം ആവശ്യംവരുമ്പോള്‍ ഈ ലൈബ്രേറിയനെ വിളിച്ചുവരുത്തും. അവരെത്തി ലൈബ്രറി തുറന്നുകൊടുക്കും. കുട്ടികള്‍ പുസ്തകം എടുത്തശേഷം അടച്ച് മടങ്ങും.
പരിഹാരമുണ്ടോ?
പലതവണ ചര്‍ച്ചയായ പ്രശ്‌നമാണിത്. പരിഹാരമുണ്ടായില്ലെന്നുമാത്രം. പ്രശ്‌നങ്ങള്‍ക്ക് ഉടനടി പരിഹാരമുണ്ടാകുമെന്നാണ് അധികൃതരുടെ ഇപ്പോഴത്തെ മറുപടി. പരാതികള്‍ ഒന്നരവര്‍ഷം മുന്‍പ് മുതലാണു ലഭിച്ചുതുടങ്ങിയത്. താഴെ പ്രവര്‍ത്തിക്കുന്ന സിസ്ഫിലെ താപനിലയാകാം പ്രശ്‌നമെന്ന് പരിശോധനയില്‍ അനുമാനിച്ചു. ഡിഹ്യുമിഡിഫയറോ എയര്‍കണ്ടീഷനോ സ്ഥാപിക്കുകയാണ് ഒരു പരിഹാരമായി നിര്‍ദേശിച്ചത്. ഇതു നടന്നിട്ടില്ല. ലൈബ്രറി അവിടെനിന്നു മാറ്റാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
പരിഹാരത്തിന് എന്‍ജിനിയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തും
പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടിരുന്നു. വകുപ്പുമേധാവിയോട് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ലൈബ്രറി സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ എന്തുകൊണ്ടാണ് ഈര്‍പ്പത്തിന്റെ പ്രശ്‌നമുണ്ടായതെന്ന് കൃത്യമായി പഠിച്ച് പരിഹാരം കാണാന്‍ എന്‍ജിനിയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തും. - ഡോ. പി. രവീന്ദ്രന്‍ (വൈസ് ചാന്‍സലര്‍, കാലിക്കറ്റ് സര്‍വകലാശാല)
Content Highlights: books in calicut university botany library mold and fungus