ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ സ്മരണയ്ക്കായി ട്രസ്റ്റ്; ചിത്രകാരന്മാര്‍ക്കായി ദേശീയ പുരസ്‌കാരം

ആര്‍ട്ടിസ്റ്റ് നമ്പൂതിരി | ഫോട്ടോ: മധുരാജ്‌
ആര്‍ട്ടിസ്റ്റ് നമ്പൂതിരി | ഫോട്ടോ: മധുരാജ്‌

കൊച്ചി: ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ സ്മരണയ്ക്കായി കൊച്ചി ആസ്ഥാനമായി ദി ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റ് നിലവില്‍ വന്നു.

ഇന്ത്യന്‍ ഭാഷകളിലെ സാഹിത്യ സംബന്ധിയായ ചിത്രീകരണ രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ കലാകാരന്മാര്‍ക്ക് ട്രസ്റ്റ് അവാര്‍ഡ് ഏര്‍പ്പെടുത്തി. നമ്പൂതിരിയുടെ നൂറാം ജന്മദിനമായ സെപ്റ്റംബര്‍ 13-ന് ആദ്യ അവാര്‍ഡ് കൊച്ചിയില്‍ സമ്മാനിക്കും.

ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ആര്‍ട്ടിസ്റ്റ് നമ്പൂതിരി തന്നെ രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്‌കാരം. ചിത്രകാരനും ശില്പിയും കലാസംവിധായകനുമായിരുന്ന നമ്പൂതിരിയുടെ കലാ പാരമ്പര്യം സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ട്രസ്റ്റിന്റെ ലക്ഷ്യം.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബാബു ജോസഫ് മാനേജിങ് ട്രസ്റ്റിയും രവിശങ്കര്‍ എറ്റത്ത് (എഡിറ്റോറിയല്‍ കാര്‍ട്ടൂണിസ്റ്റ്, എഴുത്തുകാരന്‍), വാസുദേവന്‍ കെ.എം. (ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ മകന്‍, കലാസംവിധായകന്‍), സുധീര്‍നാഥ് (കാര്‍ട്ടൂണിസ്റ്റ്, എഴുത്തുകാരന്‍), ബിനുരാജ് കലാപീഠം (ചിത്രകാരന്‍, ഡോക്യുമെന്ററി സംവിധായകന്‍) എന്നിവര്‍ ട്രസ്റ്റ് അംഗങ്ങളുമാണ്.
 

Content Highlights: artist namboothiri memorial trust national award for artists