‘മുരളി കവിത ചൊല്ലും, മാസ്റ്ററുടെ അത്ര വരില്ല, മുരളി സംസാരിക്കും; മാസ്റ്ററുടെ അടുത്തെങ്ങും വരില്ല!’

വി.ടി.കുമാരൻ എന്ന കവിയെക്കുറിച്ചും പണ്ഡിതനെക്കുറിച്ചുംവിപ്ലവകാരിയെക്കുറിച്ചുമൊക്കെ വളരെ സ്മരണകൾ വെച്ചുപുലർത്തുന്നവർ ഇപ്പോഴും ധാരാളമുണ്ട്. അത്തരം ആളുകളെ പലപ്പോഴും എന്റെ യാത്രകൾക്കിടയിൽ പരിചയപ്പെടാൻ കഴിയാറുണ്ട്. ആ കാലത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയാൽ അവർക്കു നിറുത്താൻ കഴിയില്ല. മുരളി കവിതയൊക്കെ ചൊല്ലും. എന്നാൽ കുമാരൻ മാസ്റ്ററുടെ അത്ര വരില്ല എന്നവർ പറയും. മുരളി സംസാരിക്കും. പക്ഷേ മാസ്റ്ററുടെ അടുത്തെങ്ങും വരില്ല; വരുമെന്നും തോന്നുന്നില്ല എന്നവർ പറയും. എന്നെ താഴ്ത്തി സംസാരിക്കുന്നതായല്ല എനിക്ക് തോന്നാറ്. അത്തരം ഒരാളുടെ മകനാണ് നീ എന്നവർ ഇടക്കിടെ എന്നെ ഓർമ്മപ്പെടുത്തുന്നതായാണ് തോന്നാറ്.
സ്വന്തം പിതാവിനെക്കുറിച്ചെഴുതുമ്പോൾ എന്തായാലും സ്വല്പം വികാരം കലരും എന്നത് തീർച്ചയാണ്. വികാരം യാഥാർത്ഥ്യത്തെ കീഴടക്കിക്കളയാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അത്തരം ഒന്ന് വരാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കേണ്ടിയിരിക്കുന്നു. ഈ വൈകാരികാംശത്തെ എത്ര തന്നെ മാറ്റിവെച്ചാലും അത് പല സന്ദർഭങ്ങളിലും നമ്മോടു ചോദിക്കാതെതന്നെ കയറിവന്നുകളയും.
നമ്മുടെ പഴയ കാലത്തെ കലാ-സാംസ്‌കാരിക പ്രവർത്തനങ്ങളിൽ ഇവരൊക്കെ എത്ര പങ്കുവഹിച്ചിട്ടുണ്ട് എന്ന അന്വേഷണങ്ങൾ ഒരു പക്ഷേ നമ്മുടെ ഓരോ പ്രദേശത്തിന്റെയും ചരിത്രത്തിന്റെ തന്നെ വാതിൽക്കലേക്കായിരിക്കും നമ്മെ നയിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യനാളുകളിലെ കലാപ്രവർത്തനത്തിൽ കലാകാരൻമാരല്ലാത്തവരും അക്കാലത്ത് പങ്കെടുത്തിട്ടുണ്ട് എന്നത് അത്ഭുതകരമായി തോന്നിയേക്കാം. രാഷ്ട്രീയ പ്രവർത്തനം തന്നെ ഒരു സർഗാത്മക പ്രവർത്തനമാക്കി മാറ്റിയിരുന്നു അവർ. എത്രയെത്ര പാട്ടുകളാണ് അവർ അക്കാലത്ത് എഴുതിയിരിക്കുന്നത്? എത്രയെത്ര നാടകങ്ങളാണ് അവർ കളിച്ചിരിക്കുന്നത്? എത്രയെത്ര നൃത്തശില്പങ്ങളാണ് നിർമ്മിച്ചിരിക്കുന്നത്? എന്നാൽ ഇവയൊക്കെ സൂക്ഷിച്ചുവെക്കേണ്ടവയാണെന്ന ബോധം ആ കാലത്തെ നേതൃത്വത്തിന് ഉണ്ടായിരുന്നില്ല എന്ന് വേണം കരുതാൻ. എത്രയോ പേർ ഉറക്കെ വിളിച്ചു പാടിയിട്ടുണ്ട്. അത്തരം പാട്ടുകാരെ പിന്നീടു ഞാൻ പരിചയപ്പെട്ടിട്ടുണ്ട്. പലരും രോഗികളായി തീർന്നിരുന്നു. അവർക്ക് ശാസ്ത്രീയ സംഗീതം അറിയില്ലായിരുന്നു. ഈ കൂട്ടത്തിൽ വളരെ കുറഞ്ഞ ശതമാനം പേർ മാത്രമേ കവികളും കലാകാരൻമാരുമായി രംഗത്ത് നിന്നുള്ളൂ. എങ്കിലും കെ.പി.ആർ. ഗോപാലനെപ്പോലെയും ആർ.സുഗതനെപ്പോലെയും കേരളീയനെപ്പോലെയും, എം. കുമാരനെപ്പോലെയും ഒക്കെയുള്ളവർ പാട്ടുകൾ എഴുതിയിട്ടുണ്ട് എന്നത് നമ്മെ വിസ്മയിപ്പിക്കുന്നു. ഭഗത്സിംഗിനെയും സഖാക്കളെയും തൂക്കിക്കൊന്ന വാർത്ത കേട്ട് 1930-ൽ കണ്ണൂർ സെൻട്രൽ ജയിലിൽവെച്ച് കെ.പി.ആർ. എഴുതിയ ഗാനം അക്കാലത്ത് പ്രശസ്തമായിരുന്നുവത്രെ.
'ഭാരതമാതാവു കേഴുന്നു, കേൾപ്പിൻ ദീനയായ് പുത്രവിനാശ ശോകത്താൽ അക്രമത്തിനു പകരം ചോദിക്കാൻ രക്തം തിളക്കുന്ന മക്കൾ നാമെല്ലാം'
ജയിലിൽ ഒന്നും ചെയ്യാൻ പറ്റാത്ത സമയത്ത് തന്റെ ആത്മരോഷം അദ്ദേഹം പ്രകടിപ്പിച്ചത് പാട്ടുകൾ എഴുതിക്കൊണ്ടായിരുന്നു. ഇതിൽ മഹത്തായ കവിത ഒന്നുമില്ലായിരിക്കാം. പക്ഷേ ഇതിന്റെ പിന്നിലെ വൈകാരികത നമ്മെ അരിശം കൊള്ളിക്കുന്നില്ലേ?
''എന്തേ ചുമ്മാതിരിക്കുന്നെൻ സോദരർ ലോകശത്രു ഫാസിസത്തെ വെന്നിടാൻ-മുതിർന്നിടാതെ'
എന്ന് തൂക്കുമരവും കാത്ത് ജയിലിൽ കിടക്കുന്ന സമയത്ത് കെ.പി. ആർ. എഴുതുകയാണ്. മാത്രമല്ല 1935-ൽ കണ്ണൂരിൽ നിന്ന് മദ്രാസിലേക്കു പോയ ജാഥയിൽ അദ്ദേഹം പാട്ടുകാരനായിരുന്നത്രെ. ഈ കാലഘട്ടം ഒരു പരീക്ഷണഘട്ടമായിരുന്നെങ്കിലും ഇവിടെ ഈ നേതാക്കളുടെയും പ്രവർത്തകരുടെയുമെല്ലാം സർഗവാസന പുറത്തുവരുന്നത് നമുക്ക് കാണാം. ഈ ഘട്ടത്തെയൊക്കെ അവർ പാട്ടും പാടി നേരിട്ടു. അതിജീവിച്ചു. ഇങ്ങനെ എഴുതി വലിയ കവികളായി വളർന്നു വന്ന ഒ.എൻ.വിയും, വയലാറും, പി.ഭാസ്‌കരനും, ചെറുകാടും, തോപ്പിൽ ഭാസിയുമെല്ലാം അവരിൽപ്പെടുന്നു. വടക്കേ മലബാറിൽ വി.ടി.കുമാരൻ മാസ്റ്ററെപ്പോലെ ചിലരും ഈ നിരയിലേക്കുയർന്നുവന്നു. മലബാറിന്റെ രാഷ്ട്രീയ സാമൂഹിക, സാംസ്‌കാരിക മനസ്സുകളിൽ അദ്ദേഹം കൂടുകെട്ടി. ഒ.എൻ.വിയുടെ വാക്കുകളിൽ ഏതോ വടക്കൻ പാട്ടിന്റെ അകത്തളത്തിൽ നിന്നിറങ്ങി വന്ന ഒരു കഥാപാത്രമായി വി.ടി.കുമാരൻ.
അമച്വർ നാടകക്കാർക്കായി പാട്ടുകൾ എഴുതിപ്പിക്കുവാൻ വരുന്നതുവരെ എന്റെ ബാല്യകാലത്ത് ഞാൻ എപ്പോഴും വീട്ടിൽ കാണാറുണ്ട്. അക്കാലത്ത് ഈ ഭാഗത്തുള്ള മിക്കവാറും നാടകങ്ങൾക്കെല്ലാം പാട്ടുകൾ എഴുതിയിരുന്നത് അദ്ദേഹമായിരുന്നു. എഴുതുന്ന കടലാസ് ഒരു കോപ്പിപോലും എടുത്തുവെക്കാതെ അവർക്ക് കൊടുക്കും. പിന്നീടുള്ള എന്റെ അന്വേഷണങ്ങളിൽ അവരും അതൊന്നും സൂക്ഷിച്ചുവെച്ചിരുന്നില്ല എന്ന് മനസ്സിലായി. അവർക്കപ്പോഴത്തെ ഒരാവശ്യം മാത്രമായിരുന്നു. എത്രയോ പാട്ടുകൾ അങ്ങനെ നഷ്ടപ്പെട്ടുപോയി. എന്റെ കുട്ടിക്കാലത്ത് നൃത്തവേദിയിലും നാടകവേദിയിലും ഞാൻ കേട്ട പാട്ടുകളെല്ലാം അച്ഛന്റേതായിരുന്നു. പിന്നീട് ആ സ്ഥാനം ഒരളവുവരെ പി.ടി.അബ്ദുറഹിമാനായിരുന്നു ലഭിച്ചിരുന്നത്. വടകര കൃഷ്ണദാസ് മാസ്റ്ററുടെ സംഗീതത്തിൽ പല നാടകങ്ങളിലും സ്ത്രീ ശബ്ദത്തിൽ പാടിയത് ഞാനായിരുന്നു. പക്ഷേ നമ്മുടെ നാടക ഗാനങ്ങളുടെ ശ്രേണിയിൽ ഇതൊന്നും വരുന്നില്ല. അത് കെ.പി.എ.സി. നാടക ഗാനങ്ങളിൽ ഒതുങ്ങി. നാടിന്റെ നാനാഭാഗത്തും നടന്ന കൂട്ടായ്മകൾ, ശ്രമങ്ങൾ എല്ലാം എന്തേ ഇങ്ങനെ വിസ്മരിക്കപ്പെട്ടു? ഇതൊന്നും രേഖപ്പെടുത്തിവെക്കൽ അന്നത്തെ (ഇന്നത്തെയും) സാംസ്‌കാരിക പ്രവർത്തനത്തിന്റെ ഭാഗമായിരുന്നില്ല. ചെറുകാടിന്റെ ചില നാടകങ്ങളിലെ ചില ഗാനങ്ങൾ പിന്നീട് പാടിക്കേട്ടില്ലെങ്കിലും പറഞ്ഞുകേട്ടിട്ടുണ്ട്. കെ.ടി.യുടെ നാടകങ്ങളിലെ ചില ഗാനങ്ങളും. ഇപ്പോഴും ചില പഴയ കലാസമിതി പ്രവർത്തകർ അച്ഛന്റെ പഴയ നാടകഗാനങ്ങളെക്കുറിച്ച് വളരെ മതിപ്പോടെ പറയുന്നത് ഞാൻ കേൾക്കാറുണ്ട്. എന്നാൽ അവർക്കും അതിന്റെ മുഴുവൻ വരികളോ ഈണമോ വശമില്ലായിരുന്നു. വളരെ വികസിച്ച സാങ്കേതിക സൗകര്യങ്ങൾ ലഭ്യമായ ഇക്കാലത്ത് പോലും ഇതൊക്കെ സൂക്ഷിച്ചു വെക്കുന്നതിനെക്കുറിച്ച് ചിന്തിക്കാറില്ല എന്നതാണ് സത്യം. പഴയ ചില ശബ്ദലേഖനങ്ങൾ ഒഴിച്ചു നിർത്തിയാൽ കെ.പി.എ.സിയിൽ പോലും ഇതിനുള്ള ശ്രമങ്ങൾ നടക്കുന്നില്ല. അമ്പത് വർഷത്തെ നാടകങ്ങളിലെല്ലാം പാട്ടുകളുണ്ടായിരുന്നു. എത്ര പാട്ടുകൾ നമുക്ക് കിട്ടിയിട്ടുണ്ട്? ഇതൊക്കെ സൂക്ഷിച്ചുവെക്കേണ്ടതാണ് എന്ന ബോധത്തിന്റെ അഭാവമാണ് പ്രശ്‌നം.
ഒരിക്കൽ ഹരിപ്പാട് എന്റെ സുഹൃത്ത് ആർ.കെ. രാമദാസിന്റെ വീട്ടിൽ ഞാൻ രണ്ടു മൂന്നു ദിവസം താമസിക്കുകയുണ്ടായി. രാമദാസിന്റെ പിതാവ് പ്രശസ്ത കാഥികൻ ആർ.കെ. കൊട്ടാരത്തിൽ, വളരെക്കാലം തന്റെ കഥാപ്രസംഗങ്ങളുമായി മലബാറിൽ ഉണ്ടായിരുന്നു. അക്കാലത്ത് അധ്യാപക പ്രസംഗങ്ങൾ മലബാറിൽ പതിവായിരുന്നു. ആ നാളുകളിൽ അധ്യാപക സമരത്തെക്കുറിച്ചും മറ്റും അച്ഛൻ എഴുതിയ പല ഗാനങ്ങളും മലബാറിൽ നിറഞ്ഞു നിന്നിരുന്നതായി അദ്ദേഹം എന്നോടു പറഞ്ഞിട്ടുണ്ട്. എന്നാൽ വരികളൊന്നും അദ്ദേഹത്തിന് ഓർമ്മയുണ്ടായിരുന്നില്ല. എല്ലാം നഷ്ടപ്പെട്ടുപോയതിനു രചയിതാവ് മാത്രമാണോ ഉത്തരവാദി? പ്രഭാത്ബുക്ക് ഹൗസ് പുറത്തിറക്കിയ ''പണ്ടത്തെ പടപ്പാട്ടുകൾ എന്ന പുസ്തകത്തിലും അച്ഛന്റെ ഒറ്റപ്പാട്ടും ഉണ്ടായിരുന്നില്ല. ഇക്കാര്യം പുസ്തകം എഡിറ്റ് ചെയ്ത കണിയാപുരം രാമചന്ദ്രന്റെ ശ്രദ്ധയിൽ ഞാൻ കൊണ്ടുവരികയുണ്ടായി.
കവി എന്ന നിലയിൽ അച്ഛനെ വിലയിരുത്താനൊന്നും ഞാൻ തുനിയുന്നില്ല. എന്റെ വിഷയമല്ല അത് എന്നത് മാത്രമല്ല, ഞാനതിന് അശക്തനുമാണ്. ഗാനരചനയിൽ അദ്ദേഹം കാണിച്ച മിടുക്ക് എനിക്കടുത്തറിയാം. കൃഷ്ണദാസ് മാസ്റ്ററുടെ ഈണത്തിൽ വന്നിട്ടുള്ള ചില പാട്ടുകൾ പിന്നീട് ഞാൻ പാടി റെക്കോഡ് ചെയ്തിട്ടുണ്ട്.
''എൻ കരൾ താമര നൂലുകൊത്തി
എങ്ങോ പറക്കുന്ന രാജഹംസി
കണ്ണുനീർ പൊയ്കയിൽ തണ്ടൊടിഞ്ഞു
തങ്ങുമിത്താരിനെഓർക്കുമോ നീ'
എന്ന ഗാനം വളരെ പ്രശസ്തമാണ്, 'പറന്നുപോകൂ' എന്നൊരു നാടകഗാനവും ശബ്ദലേഖനം ചെയ്തിട്ടുണ്ട്. ഈ വരികളിലൂടെയെല്ലാം കടന്നുപോയാൽ എത്രത്തോളം കാവ്യാത്മകവും താളബന്ധവും സംഗീതാത്മകവുമായാണ് ഇവയൊക്കെ രചിച്ചിട്ടുള്ളത് എന്ന് മനസ്സിലാവും.
മലബാറിൽ വളരെ പ്രശസ്തമായ ഒരു ഗാനമുണ്ട്.
'മണിമുത്ത് വിത്തെറിഞ്ഞ്
മഴമുകിൽ കാത്തിരുന്ന്
മയിലാട്ടമാടി ഞങ്ങള്
മഴ വന്നപ്പോൾ'
എന്ന ഗാനം പഴയ തലമുറയ്ക്ക് മുഴുവൻ അറിയാം. എന്റെ സംഘം അവതരിപ്പിക്കുന്ന പരിപാടികളിലെ സമാപന ഗാനവും ഇതാണ്. ഈ ഗാനത്തിന്റെ രചന ശ്രദ്ധിച്ചുനോക്കിയാൽ അതിൽ മാപ്പിളപ്പാട്ടിന്റെ ചില അംശങ്ങൾ കാണാം. അനുപല്ലവിയിൽ ഇരട്ടിപ്പിച്ചു പാടുന്ന രീതിയാണ് ഒന്ന്.
'കറുകറ മരതക മുളകൾ കൊരുത്തേ
കരളുകൾ കോൾമയിർ കൊണ്ടു തരിച്ചേ
കുളിര് പുതച്ചൊരു കാറ്റു പരന്നേ
നനനന ഞങ്ങടെ മേനി കുളിർത്തേ'
എന്ന് പാടിക്കഴിഞ്ഞ് വീണ്ടും 'വയലിന്റെ കളികണ്ട്' എന്ന വരിയിലേക്കെത്തുമ്പോൾ പഴയ പ്രമാണകാലത്തിലേക്ക് വരുന്നു. മാപ്പിളപ്പാട്ടിന്റെ അടിസ്ഥാനത്തിലുള്ള ഒരു താളത്തിലായിരിക്കണം ഇത് രചിക്കപ്പെട്ടിട്ടുള്ളത്. എളുപ്പം ഏറ്റുപാടാവുന്ന രീതിയിൽ. എളുപ്പം മനസ്സിൽ പതിയുന്ന രീതിയിൽ ആവിഷ്‌കരിച്ചിരിക്കുന്നു. ഈ ഗാനം പരക്കെ സ്വീകരിക്കപ്പെട്ടിട്ടുള്ളത് ഇത്തരം സവിശേഷതകൾ കൊണ്ടായിരിക്കണം.
മുത്തുവിളയും മുളംകാട്ടിൽ നിന്നൊരു
കൊക്കു ചുവന്ന കിളി പാടി
എന്ന ഗാനവും ഞാനോർക്കുന്നു.
ഇതിനിടയ്ക്ക് 'നോക്കൂ ഒരു വാതിൽ' എന്നൊരു സിനിമയ്ക്കുവേണ്ടിയും അച്ഛൻ പാട്ടുകൾ എഴുതി. രാഘവൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ ആ ഗാനങ്ങൾ യേശുദാസ്, ജാനകി തുടങ്ങിയവർ പാടി റെക്കോഡ് ചെയ്‌തെങ്കിലും സിനിമാ നിർമാണം നടന്നില്ല. പാട്ടുകളും എവിടെയും കേൾക്കാനും കഴിഞ്ഞില്ല.
'നാദമില്ലാത്ത പ്രതിനാദങ്ങൾ
ബിംബമില്ലാത്ത പ്രതിബിംബങ്ങൾ'
എന്ന ഗാനവും
'പാടിയതൊന്നും പാട്ടല്ല
പാടാത്ത പാട്ടിന്റെ തേൻതുള്ളി തേടി'
എന്നൊരു ഗാനവും അക്കാലത്ത് ഫിലിം മാഗസിനിൽ പ്രസിദ്ധീകരിച്ചത് ഞാനോർക്കുന്നു.
അച്ഛൻ വ്യാപരിച്ച മറ്റൊരു മേഖലയാണ് കഥാപ്രസംഗരചന. പ്രസിദ്ധ കഥാപ്രാസംഗികൻ വടകര വി. അശോകിന്റെ മിക്കവാറും കഥാപ്രസംഗങ്ങൾ അച്ഛൻ രചിച്ചതാണ്. ശകുന്തളയും ഹിമവാന്റെ പുത്രിയുമെല്ലാം കഥാപ്രസംഗവേദിയിൽ പുനർജനിച്ചു. അതിനായി അദ്ദേഹം എഴുതിയ കവിതകൾ വളരെ മികവുറ്റതാണെന്ന് അശോകൻ മാസ്റ്റർ പറയാറുണ്ട്. അഖിലകേരള കഥാപ്രസംഗമത്സരത്തിൽ മാസ്റ്റർക്ക് സമ്മാനം കിട്ടിയ കഥാപ്രസംഗത്തിലെ കവിതകളെക്കുറിച്ച് കമ്മറ്റി പ്രത്യേക പരാമർശം നടത്തിയിരുന്നുവത്രേ. ഈ കഥകളിലെ കവിതകൾ മാത്രമല്ല, അതിന്റെ ശില്പത്തിലെ നാടകീയ മുഹൂർത്തങ്ങളും ഒക്കെ മികവുറ്റതാണ്. ഇതൊന്നും തന്നെ പൂർണമായി ഞാൻ കേട്ടിട്ടില്ല. കല്ലുളിയും കാട്ടുപൂക്കളും എന്നൊരു കഥാപ്രസംഗവും അച്ഛൻ എഴുതി മറ്റൊരു കാഥികനായ സി. വാസുദേവൻ അവതരിപ്പിച്ചിരുന്നു.
എന്റെ സ്‌കൂൾ ജീവിതകാലം യുവജനോൽസവങ്ങളിൽ എല്ലാ വർഷവും എനിക്ക് തന്നെയായിരുന്നു പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നത്. പദ്യങ്ങൾ തെരഞ്ഞെടുത്ത് അതിനൊരീണം നൽകി എന്നെ പഠിപ്പിച്ചിരുന്നത് അച്ഛനായിരുന്നു. മഹാകവി പിയുടെ കവിതകളായിരുന്നു അധികവും. ഒരിക്കൽമാത്രം വി.സി. ബാലകൃഷ്ണപ്പണിക്കരുടെ ഒരു 'വിലാപം' എന്ന കവിത ഞാൻ അവതരിപ്പിച്ചിട്ടുണ്ട്. അച്ഛന്റെ ഈണത്തിലായിരുന്നില്ല അത്. കൃഷ്ണദാസ് മാസ്റ്ററുടെ ഈണത്തിലായിരുന്നു. ഇപ്പറഞ്ഞതിനർത്ഥം അച്ഛൻ ഒരു സംഗീത സംവിധായകനോ മറ്റോ ആയിരുന്നു എന്നല്ല. പക്ഷേ കവിതകൾ ഈണത്തിൽ ചൊല്ലുന്ന അദ്ദേഹത്തിന്റെ രീതി അക്കാലത്ത് വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ന് അതിന്റെ സ്വഭാവം മാറി. കവിതയുടെ വൃത്തത്തിലധിഷ്ഠിതമായ ഒരീണം എന്നതിനു പകരം രാഗങ്ങൾ വെച്ചുള്ള ആലാപനമായി മാറി ഇപ്പോൾ. പഴയ പദ്യം ചൊല്ലലിന്റെ രീതികൾ പുനഃസ്ഥാപിക്കണമെന്നും അത് പുതിയ തലമുറയ്ക്കായി ശബ്ദലേഖനം ചെയ്തു വെക്കണമെന്നും ഒരിക്കൽ സംഗീത നാടക അക്കാദമിയുടെ യോഗത്തിൽ കുമരകം ശങ്കുണ്ണിമേനോൻ വാദിച്ചത് ഞാനോർക്കുകയാണ്. എന്നാൽ അദ്ദേഹം എന്താണുദ്ദേശിച്ചത് എന്നു പോലും മറ്റുള്ളവർ മനസ്സിലാക്കിയോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു.
പി. കുഞ്ഞിരാമൻനായരുടെ കവിതകളിലെ താളാത്മകത എത്ര വേഗമാണ് അച്ഛന് വഴങ്ങിയിരുന്നത് എന്നത് ഇപ്പോൾ ആലോചിക്കുമ്പോൾ എന്നെ അതിശയിപ്പിക്കുന്നു. ഒരു കവിതയോ ഗാനമോ കിട്ടിയാൽ അതിനുള്ളിലടങ്ങിയ താളത്തെ കണ്ടുപിടിക്കാൻ അത്യാവശ്യം സംഗീതം പഠിച്ചിട്ടുള്ള എനിക്കുപോലും വലിയ പ്രയാസമാണ്. പക്ഷേ അദ്ദേഹം ഇതെല്ലാം നിഷ്പ്രയാസം നിർവ്വഹിച്ചിരുന്നു. സംഗീതം അറിഞ്ഞിട്ടല്ല. ഭാഷയുടെ വഴക്കവും അതിലെ താളത്തെക്കുറിച്ചുള്ള ധാരണയും നേരത്തെ തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. ഈണത്തിൽ കവിതകൾ ചൊല്ലിയുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങളെ ഇപ്പോഴും പലരും സ്മരിക്കാറുണ്ട്. കലാപരിപാടികൾക്കായല്ല ആളുകൾ കൂടിയിരുന്നത്. പ്രസംഗങ്ങൾ കേൾക്കാനായിരുന്നു. എ. പത്മനാഭക്കുറിപ്പിന്റെയും വി.ടി. കുമാരന്റെയും പ്രസംഗങ്ങൾ ഉണ്ടെങ്കിൽ ആളുകൾ പുല്ലുപായും എടുത്ത് കേൾക്കാനായി വരുമായിരുന്നത്രെ. രണ്ടുപേരും രാഷ്ട്രീയമായി വിരുദ്ധ ചേരികളിലാണെങ്കിലും.
അച്ഛന്റെ കവിതകളിൽ വളരെ പ്രധാനപ്പെട്ടത് 'വോൾഗയിലെ താമരപ്പൂക്കളും' കണ്ണൻ എന്ന കവിയുമാണ്. 'എന്റെ സരസ്വതി' എന്നൊരു കവിത ഞാൻ പല വേദികളിലും പാടി കീർത്തി നേടിയിട്ടുണ്ട്. എന്റെ സരസ്വതി ഇടത്തും വലത്തും നടുക്കുമല്ലെന്നും അവൾ 'തുടിക്കുന്ന ജനതതൻ കരളിന്റെ കരളിലെ തുടുത്ത താമരപ്പൂവിലാണ് വാഴുന്ന' തെന്നും വി.ടി കുമാരൻ ഈ കവിതയിലൂടെ പറയുന്നു. കമ്യൂണിസ്റ്റ് പാർട്ടിയിലെ ഭിന്നിപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ കവിത രചിക്കപ്പെട്ടിട്ടുള്ളത്. നയപരമായി എവിടെ നിന്നാലും തന്റെ കവിത ജനതയോടൊപ്പമാണെന്ന് ഈ കവിത ഉദ്‌ഘോഷിക്കുന്നു. ഇതാണ് വി.ടി കുമാരനിലെ കലാകാരന്റെ കാഴ്ചപ്പാട്. കലാകാരന്റെ കാഴ്ചപ്പാടിലെ സമഗ്രത നമുക്കീ കവിതയിൽ ദർശിക്കാം. ഇങ്ങനെ കവിതയുടേതായ ഒരു മേഖല വിപുലമായി ഉണ്ട്. അതിലേക്കൊന്നും കടക്കാൻ ഞാൻ തുനിയുന്നില്ല.
അദ്ദേഹം കൈവെച്ച പല മേഖലകളിൽ ഒട്ടും താഴെയല്ല ചിന്താപരമായ അദ്ദേഹത്തിന്റെ ലേഖനങ്ങൾ. ബൗദ്ധികമായ ഈ മേഖലയിൽ വളരെ മൗലികമായ ചിന്തകൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ, അതൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. കാളിദാസനെക്കുറിച്ച് അദ്ദേഹം എഴുതിയ ലേഖനങ്ങൾ നിരവധിയാണ്. പയ്യോളി ഹൈസ്‌കൂളിൽ അധ്യാപകനായിരുന്ന കാലത്ത് അവിടുത്തെ വിദ്യാർത്ഥിയായിരുന്ന പ്രശസ്ത കാർട്ടൂണിസ്റ്റ് ബി. എം.ഗഫൂർ അച്ഛനെക്കുറിച്ച് ഒരു ചിത്രം വരച്ചിട്ടുണ്ട്. കാളിദാസൻ എന്നെഴുതിയ പുസ്തകവുമായി നടന്നുപോകുന്ന അന്നത്തെ കുമാരൻ മാസ്റ്ററുടെ ചിത്രം. ഹൈസ്‌കൂൾ ക്ലാസ്സിലെ കുട്ടികൾക്കുപോലും അദ്ദേഹത്തെ കുറിച്ചോർക്കുമ്പോഴുള്ള ചിത്രം ഇതാവണമെങ്കിൽ എത്ര ശക്തമായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ കാളിദാസ കൃതികൾ എന്ന് നമുക്കൂഹിക്കാവുന്നതേ ഉള്ളൂ. പ്രാകൃതഭാഷയിലെ സാഹിത്യത്തേയും മറ്റും പറ്റി നല്ല ധാരണയായിരുന്നു അദ്ദേഹത്തിന്. ഈ വിഷയത്തെ അധികരിച്ച് എഴുതിയ നിരവധി പ്രബന്ധങ്ങൾ വായിച്ച് ഒരിക്കൽ എൻ.എൻ കക്കാട് പറയുകയുണ്ടായി. ''ഈ വിഷയത്തെക്കുറിച്ച് മലയാളത്തിൽ കാര്യമായി ആരും ഒന്നും ചെയ്തിട്ടില്ല. വി.ടി.യുടെ ഈ ലേഖനങ്ങൾ ഞാൻ പ്രസിദ്ധീകരിക്കും.' എന്ന്. അങ്ങനെ അദ്ദേഹം തന്നെ അതിന്നൊരവതാരിക എഴുതി എൻ.ബി.എസ്. നെക്കൊണ്ട് പ്രസിദ്ധീകരിപ്പിച്ച പുസ്തകമാണ്. ''ഭാരതീയ സംസ്‌കാരത്തിന്റെ കൈവഴികൾ.' പ്രാകൃത ഭാഷയെക്കുറിച്ചുള്ള ലേഖനങ്ങളും കളരിപ്പയറ്റിനെക്കുറിച്ചുള്ള ലേഖനവും മറ്റു ചില വിഷയങ്ങളെക്കുറിച്ചുള്ള പ്രബന്ധങ്ങളും ഇതിലുൾപ്പെടുന്നു. കളരിപ്പയറ്റും, വടക്കൻ പാട്ടുമെല്ലാം അദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങളായിരുന്നു. 'മതിലേരിക്കന്നിയെക്കുറിച്ചുള്ള പ്രബന്ധം ഒരുപാടു പ്രശംസയും വിവാദങ്ങളും ഏറ്റുവാങ്ങിയിരുന്നു. കളരിപ്പയറ്റിനെക്കുറിച്ചുള്ള പ്രബന്ധം ആദ്യത്തെ മലയാളം എൻസൈക്ലോപീഡിയ ആയ 'വിശ്വവിജ്ഞാന കോശ' ത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വിഷയത്തെക്കുറിച്ചും ആരും ഗൗരവമായി ചിന്തിച്ചിട്ടില്ലാത്ത കാലമായിരുന്നു അത്. തുടർന്ന് സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച 'മഞ്ജരി' എന്ന ലേഖന സമാഹാരത്തിലും വളരെ വ്യത്യസ്തതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. 'മലയാളത്തിലെ മാപ്പിളപദങ്ങളും ശൈലികളും' ഇവയിൽ ഒന്നാണ്. മലയാള ഭാഷയിൽ മുസ്ലീംങ്ങൾ വഴി കടന്നുവന്ന നിരവധി പദങ്ങളെ വിശകലനം ചെയ്യുന്നതാണീ ലേഖനം. ഇവയെക്കുറിച്ചെല്ലാം ഒരുപക്ഷേ ആദ്യം ചിന്തിച്ചെഴുതിയത് അദ്ദേഹമായിരിക്കും എന്ന് തോന്നുന്നു. പിന്നീട് പല പഠനങ്ങളും ഇത്തരം വിഷയങ്ങളിൽ വന്നിട്ടുണ്ടാവാം. 'വടക്കൻ പാട്ടിലെ കവിത' തുടങ്ങിയ ലേഖനങ്ങളും 'മഞ്ജരി' യിൽ ചേർത്തിരിക്കുന്നു. ബംഗാളി, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ നിന്ന് കവിതകളും ലേഖനങ്ങളും തർജ്ജമ ചെയ്ത് പുസ്തകങ്ങൾ ഇറക്കിയിട്ടുണ്ട്.
പാട്ടിന്റെ കാര്യത്തിൽ തുടങ്ങി ഞാൻ കുറേ മുന്നോട്ടുപോയി. വടക്കേ മലബാറിന്റെ ഈണവും താളവുമായിരുന്നു വി.ടി.കുമാരൻ. പാട്ടുകളുടെ ഒരു വലിയ ലോകം തന്നെ അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. പക്ഷേ വളരെ കുറച്ചു മാത്രമേ ഇപ്പോൾ ലഭ്യമായിട്ടുള്ളൂ. എന്നാൽ ഇവയൊക്കെ സൃഷ്ടിച്ച സൗന്ദര്യം ഇവിടുത്തെ ജനങ്ങളുടെ മനസ്സിലുണ്ട്. ഒ.എൻ.വി. ഇങ്ങിനെ എഴുതിയിട്ടുണ്ട്. ''കടത്തനാടിന്റെ ഇന്നലെയുടെയും ഇന്നിന്റെയും പ്രതിനിധിയായി വി.ടി. സംസാരിക്കുന്നു എന്ന് തോന്നി. എന്നാൽ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലും പ്രവർത്തനനിരതനായിരുന്ന വി.ടിയിൽ കടത്തനാടിന്റെ 'നാളെയെപ്പറ്റിയുള്ള സ്വപ്നവും നിറഞ്ഞിരുന്നു.' ഇവിടുത്തെ ഓരോ തുടിപ്പിലും ഓരോ സ്വപ്നത്തിലും ഇതുപോലുള്ള ആളുകൾ നിറഞ്ഞു നിൽക്കുന്നു. ഒ.എൻ.വി.തന്നെ പറയുന്നു. 'ഒരു നല്ല മനുഷ്യനായി ആദർശശാലികളുടെ പഴയ ലോകത്തിലെ പ്രജയായി കടത്തനാടിന്റെ മണ്ണിലൂന്നി നിന്നുകൊണ്ടു മഹാകാശത്തിനുനേരെ മുഖമുയർത്തി നിന്ന സത്യാന്വേഷകനായി നാരായം തൊടാത്ത അക്ഷരങ്ങളെ നാവുകൊണ്ട് നാനാദിക്കിലുമെത്തിച്ച ആ നാടൻ കവിപരമ്പരയടെ തീച്ചൂട്ടെടുത്ത പുതിയ പാണനായി, നാട്ടകത്തെ ഗുരുവായി നല്ല സഹയാത്രികനായി. 'വി.ടി.കുമാരൻ എന്ന എന്റെ പിതാവ് ഇപ്പോഴും നമ്മോടൊപ്പമുണ്ട്.
ഇതെല്ലാം പറയുമ്പോഴും എനിക്ക് അദ്ദേഹം ആരായിരുന്നു എന്ന് സ്വയം ചോദിച്ചാൽ ഇതിനൊക്കെ പുറമെ പിതാവായിരുന്നു. വഴികാട്ടിയായിരുന്നു, സുഹൃത്തായിരുന്നു.
ഇന്നും എന്നെ വഴിതെറ്റാതെ മുകളിൽ നിന്ന് നോക്കുന്ന പ്രകാശം ചൊരിയുന്ന ദീപസ്തംഭമായി ജീവിതത്തിൽ ഉയർന്നു നിൽക്കുന്നു