വി.ശശി ഇനി ഓർമ്മയുടെ അരങ്ങിലാണ്

വി. ശശിയെ ആദ്യം കണ്ടത് വി.ശശി ആയിട്ടല്ല ; ജൂനിയർ വക്കീൽ ആയിട്ടാണ് - ഉദിനൂർ സെൻട്രൽ സ്‌കൂളിലെ സ്റ്റേജിൽ. 1974 ലാവാം.
'മെഫിസ്റ്റോഫിലിസ്' എന്നാണ് ആ നാടകത്തിന്റെ പേര് . ഉദിനൂരെ ജ്വാല തീയേറ്റേഴ്‌സ് ആണ് അവതരിപ്പിക്കുന്നത്. സംഗീത നാടക അക്കാദമിയുടെ മത്സരത്തിൽ സമ്മാനിതമായ നാടകമാണ്. ജൂനിയർ വക്കീലിന്റെ ഭാഗം അഭിനയിച്ച ആളിന് മികച്ച അഭിനയത്തിനുള്ള സമ്മാനം കിട്ടിയിരുന്നു.
അസാധാരണമായ നാടകമായിരുന്നു കണ്ടത്. ഞാൻ ചെറിയ കുട്ടിയാണ്. കഷ്ടിച്ച് പന്ത്രണ്ട് വയസ്സ്. നാടകം, അങ്ങനെയുള്ള ഒരുത്തനെ പോലും ഉണർത്തുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒന്ന്. ലാളിത്യം ആയിരുന്നു ആ നാടകത്തിന്റെ മുഖഭാവം. ഗൗരവമുള്ള സരളത. പ്രശ്‌നങ്ങളുടെ മുഖത്തേക്ക് നോക്കാനുള്ള സന്നദ്ധത. തിയട്രിക്കൽ എന്നതിനപ്പുറം ഡ്രമാറ്റിക്: ഇങ്ങനെ ചുരുക്കിപറയാം. ആ ഭാവം ഏറ്റവും നന്നായി ആവിഷ്‌കരിച്ചത് ജൂനിയർ വക്കീൽ. ആ നാടകരാത്രി തൊട്ട് ആ കലാകാരൻ സ്‌നേഹാദരങ്ങളോടെ കൂടെയുണ്ട്.
അസാധാരണമായ, വലിയ കണ്ണുകൾ. മൊത്തത്തിൽ വ്യത്യസ്തമായ വ്യക്തിത്വം. സേതുവിന്റെ ഒരു നോവൽ വായിച്ചു കൊണ്ടിരുന്നപ്പോൾ അതിലെ ആൺകഥാപാത്രം രൂപം കൊണ്ട് ശശിയേട്ടനെപ്പോലെയാണ് എന്ന് തോന്നി. എന്തും പറയാവുന്ന അടുപ്പം ഞങ്ങൾ തമ്മിൽ, പിന്നീട്, ഉണ്ടായെങ്കിലും ഈ കാര്യം പറഞ്ഞിട്ടില്ല. ചെറിയൊരു പേടിയുണ്ടായിരുന്നു. അതങ്ങനെ പോകട്ടെ.
കോളേജ് കാലത്താണ് രാജ്‌മോഹൻ നീലേശ്വരത്തിന്റെ 'മാറ്റിവെച്ച തലകൾ - (തോമസ് മന്നിന്റെ നോവലിന്റെ അഡാപ്‌റ്റേഷൻ) ശശിയേട്ടൻ സംവിധാനം ചെയ്തത്. അതിലും അർത്ഥഗർഭമായ സരളത കണ്ടു. അഭിനയിക്കുന്നവർ സംവിധായകന്റെ പാവകൾ ആവുന്ന ദുരന്തം എത്രയോ നാടകങ്ങളിൽ കാണേണ്ടി വന്നിട്ടുണ്ട്. ശശിയേട്ടൻ സംവിധാനം ചെയ്യുന്ന നാടകങ്ങളിൽ ആ അപമാനവീകരണം ഇല്ല.
നല്ല വായനക്കാരൻ ആയിരുന്നു. തിരിച്ചറിവോടെ വായിച്ചു. വായിച്ച കാര്യങ്ങൾ ഓർമിച്ചു. നാടകങ്ങളുടെ സന്ദർഭത്തിൽ വേണ്ടപ്പോഒഴാക്കെ വായിച്ച കാര്യങ്ങൾ സൂക്ഷ്മമമായ ഔചിത്യബോധത്തോടെ പ്രയോഗിച്ചു. ഒന്നും വെച്ചുകെട്ടായുമില്ല.
അർത്ഥശക്തിയുള്ള ബിംബങ്ങൾ നാടകീയസന്ദർഭങ്ങളായി തന്നെ ഉണ്ടാക്കിയെടുക്കാനും പ്രധാനമായും അഭിനേതാക്കളുടെ ശരീരത്തെ പാഠവത്കരിച്ചുകൊണ്ട് അവയെ അവതരിപ്പിക്കാനും ശശിയേട്ടന് കഴിയാറുണ്ടായിരുന്നു. അതിനാൽ അദ്ദേഹം ചെയ്ത നാടകങ്ങൾ സവിശേഷ പാഠങ്ങളായി മാറി.
അഭിനയിക്കുന്നവരെ വി.ശശി എന്ന സംവിധായകൻ യന്ത്രവത്ക്കരിച്ചില്ല. വാസ്തവത്തിൽ നല്ല അഭിനേതാക്കൾ ഈ കലാകാരനെ ഉന്മേഷം കൊള്ളിക്കുകയായിരുന്നു. അതിൽ വാശി തന്നെയും ഉണ്ടായിരുന്നു. നല്ല വാശി.
ആ മനോഭാവത്തിൽ നിന്നാണ് നിരവധി നല്ല നാടകങ്ങൾ പിറന്നത്. പണം ചെലവാക്കി, വീണ്ടും വീണ്ടും പണം ചെലവാക്കി, അരങ്ങിനെ പൊലിപ്പിക്കുന്ന ധൂർത്തപ്രത്യയശാസ്ത്രം വി. ശശി എന്ന സംവിധായകനെ കീഴടക്കിയില്ല.. ഒറ്റത്തവണ മാത്രം അരങ്ങിലെത്തിയ (പയ്യന്നൂരിൽ) 'സഖാറാം ബൈൻഡർ' ഒരു ഉദാഹരണം. പല സ്ഥലങ്ങളിൽ കളിച്ച 'മാറ്റിവെച്ച തലകളും' 'മരമീടനും' വേറെ ഉദാഹരണങ്ങൾ.
ഉദിനൂർ കിനാത്തിൽ കെ.ടി. മുഹമ്മദിന്റെ 'വെള്ളപ്പൊക്ക'ത്തിൽ അവതരിപ്പിക്കുന്നു. കെ. ടി .യുടെ സംവിധാനത്തിൽ അത് മുമ്പ് കണ്ടിട്ടുണ്ട്. മുൻതിരശീല ഉയർന്നു. പിൻതിരശീല ഇല്ല. കാണുന്നത് തൊട്ടപ്പുറത്തുള്ള ശശിയുടെ വീട്ടുപറമ്പിലെ ചെറിയ നേന്ത്രവാഴക്കൂട്ടം ആണ്. അവിടം ഉചിതമായി ലൈറ്റ് അപ് ചെയ്തിട്ടുണ്ട്. ഉടനീളം അതായിരുന്നു പിന്നിലെ ദൃശ്യം. നാടകത്തിലെ റിയലിസ്റ്റ് തത്ത്വത്തിന് ഇങ്ങനെയൊരു വ്യാഖ്യാനം കൂടി നൽകുകയായിരുന്നു വി.ശശിയെന്ന സർഗ്ഗാത്മകപ്രതിഭ.
അടുക്കും ചിട്ടയും ഉണ്ടായിരുന്നു. താലൂക്കാപ്പീസിലായാലും വീട്ടിൽ ആയാലും വൃത്തിയും വെടിപ്പും വേണമെന്ന് ശ്രദ്ധിച്ചു. അരങ്ങ് ഒരിക്കലും അലസമാവരുത്: കാഴ്ചഭംഗിക്കു വേണ്ടി മാത്രമുള്ള ഏർപ്പാടാകരുത് നാടകം: ഇക്കാര്യത്തിൽ ശ്രദ്ധിച്ചു. അർത്ഥം, പ്രസക്തി, ഔചിത്യം, ധ്വനി : ഈ വാക്കുകളുടെ അർത്ഥം നാടകത്തിലും ജീവിതത്തിലും ആവിഷ്‌കരിച്ച ആളാണ്.
നാടകപ്രവർത്തകരുടെ സംഘടനയിൽ പ്രവർത്തിക്കുന്ന ഈ സംവിധായകൻ, സർഗ്ഗസൗഹൃദത്തിന്റെ പ്രത്യയശാസ്ത്രം അവിടങ്ങളിലൊക്കെ സ്വന്തം നീക്കങ്ങളിലൂടെ അവതരിപ്പിക്കുകയായിരുന്നു. അത് ആ പ്രസ്ഥാനങ്ങളെ ഉഷാറാക്കി - സ്വാഭാവികഘടനകളാക്കി. കലഹങ്ങളെ ഉച്ചാടനം ചെയ്യാനുള്ള ചങ്ങാത്തവിദ്യ തന്റെ സ്വാഭാവികായുധമായിരുന്നു. സ്വയം ഉൾപ്പെട്ടുപ്രവർത്തിച്ചുകൊണ്ട്, സംഘടനകളെ, നന്നായി പ്രവർത്തിപ്പിച്ചു.
റീഡിംഗ് തിയേറ്റർ എന്ന ആശയം പരിചയപ്പെട്ടതു മുതൽ അതിന്റെ നിർവ്വഹണത്തിനായുള്ള ഉത്സാഹം കാട്ടി. സ്വയം പുതുക്കാൻ എപ്പോഴും ഒരുങ്ങി നിൽക്കുന്ന, മികച്ച വായനക്കാരൻ കൂടിയായ ഈ നാടകപ്രവർത്തകൻ.
സൂക്ഷ്മസൗന്ദര്യമുള്ള ചലനപദ്ധതികളുടെയും രംഗചിത്രങ്ങളുടെയും രചനയിൽ അരങ്ങിനെപ്പറ്റിയുള്ള സമഗ്രചിന്തയും ജീവിതനിരീക്ഷണവും ജനാധിപത്യബോധവും സൗഹൃദാശയത്തിലുള്ള മാറാത്ത വിശ്വാസവും ഈ കലാകാരന് എപ്പോഴും തുണയായി .
റവന്യൂവകുപ്പിൽ നീണ്ടകാലം ഉദ്യോഗസ്ഥൻ ആയിരുന്നു. ഉദിനൂർ കിനാത്തിലേക്ക് കണ്ണൂർ കക്കാട്ടുനിന്ന് വരുന്നത് പടന്ന വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥൻ എന്ന നിലയിലാണ്.
ഓഫീസുകളെ മൊത്തത്തിൽ മനുഷ്യവൽക്കരിക്കാൻ ആവില്ല എന്ന് കൃത്യമായി അറിയുന്നത് കൊണ്ടാവാം തന്റെ മേശയ്ക്ക് മുന്നിലേക്ക് വരുന്ന ആളുകളോട് സരളതയോടെയും മര്യാദയോടെയും സഹായസന്നദ്ധതയോടെയും പെരുമാറി. ആ നിലയിൽ മാത്രം ആ കട്ടിമീശക്കാരനെ ഓർമ്മിക്കുന്ന നിരവധി ആളുകൾ ഉണ്ട്. പലരും പറഞ്ഞിട്ടുണ്ട്.
ദുശ്ശീലങ്ങൾ ഉണ്ടായിരുന്നില്ല. സഹനശീലം ഉണ്ടായിരുന്നു . പെർഫെക്ഷനിസ്റ്റാണ് - പക്ഷേ അത് ദുർവാശിയോളം വളർത്താതിരിക്കാൻ ശ്രദ്ധിച്ചു. വൈകാരികത ഉണ്ട് - കടുത്ത അളവിൽ തന്നെ. എന്നാൽ അതിനെ സൗഹൃദശക്തിയായും സ്‌നേഹബുദ്ധിയായും വിവർത്തനം ചെയ്യാൻ കഴിഞ്ഞിരുന്നു. പ്രസിദ്ധി വിഷയമായിരുന്നില്ല. തന്റെ സിദ്ധികളിൽ വിശ്വാസമുണ്ടായിരുന്നു. പക്ഷേ അതേപ്പറ്റി പറഞ്ഞുനടന്നില്ല . അവയെ അരങ്ങുകളിലും ചെറിയ സൗഹൃദവേദികളിലും ആവിഷ്‌കരിക്കുക മാത്രം ചെയ്തു. നല്ല വായന തന്റെ എല്ലാ പ്രവർത്തനങ്ങളെയും ഇണക്കുന്ന ഒന്നായി മാറിയിരുന്നു എന്നും തോന്നുന്നു.
എൺപതാം വയസ്സു വരെ യുവാവായിരുന്നു .
ആദരാഞ്ജലി.
Content Highlights: Tribute to veteran theatre director and artist V. Sasi., Insights into his unique directing style, minimalist approach, and literary adaptations., His contributions to Malayalam theatre, organizations, and revenue department service., Remembering his passion for reading, perfectionism, and democratic values.