കൊടിയത്തൂർ സ്‌കൂളിലെ അധ്യാപകനായിരുന്ന കോട്ടയം പുഷ്പനാഥും റംലാബീഗത്തിന്റെ കഥാപ്രസംഗവും

#എം.എന്‍. കാരശ്ശേരി
കോട്ടയം പുഷ്പനാഥ്, റംലാബീഗം
കോട്ടയം പുഷ്പനാഥ്, റംലാബീഗം

എനിക്ക് ഓർമ്മവെയ്ക്കുന്ന കാലത്ത് ഞങ്ങൾ പന്നിക്കോട് പഞ്ചായത്തിലാണ്. പിന്നെ കൊടിയത്തൂർ പഞ്ചായത്തിലായി. പിന്നെയും കുറേക്കഴിഞ്ഞാണ് കാരശ്ശേരി പഞ്ചായത്ത് ഉണ്ടാവുന്നത്.

കൊടിയത്തൂരിലെ കോട്ടമ്മൽ അങ്ങാടിയിലൂടെ കടന്നുപോവുമ്പോഴെല്ലാം എനിക്ക് ആ തമാശ ഓർമ്മവരും:

കുട്ടിക്കാലത്തെന്നപോലെ മുതിർന്നശേഷവും ഒസ്സാൻ മുഹമ്മദ് കാക്ക എന്നെ കണ്ടാലുടനെ വിടർന്ന മനോഹരമായ ചിരിയോടെ പറയുമായിരുന്നു, 'യ്യി വല്ല്യ മൂപ്പനാവരുത് ട്ടോ... അന്റെ അത് മുറിച്ചത് ഞാനാ'

'സുന്നത്ത്'(ചേലാകർമം) കഴിക്കുന്നതിലൂടെ ആ അങ്ങാടി എന്റെ മേത്ത് സ്ഥാപിച്ച അധികാരത്തിന്റെ പ്രഖ്യാപനം കേട്ട് ഉമ്മർകാക്കയുടെ ചായപ്പീടികയിലുള്ളവരെല്ലാം കുലുങ്ങിച്ചിരിക്കും. ഞാൻ ഉടുത്തത് അഴിഞ്ഞുപോയപോലെ ചേപ്ര(നാണക്കേട്)യായി ഒരിളം ചിരിയോടെ നടന്നുപോകും.

എന്നെ ഈറ്റെടുത്ത മറിയാച്ചിയും കൊടിയത്തൂർക്കാരിയാണ്. കാരക്കപോലെ കറുത്തുണങ്ങിയ അവരെ കാണുമ്പോഴെല്ലാം ഞാൻ ആലോചിക്കും-നൊന്തുപെറ്റ ഉമ്മ കാണുംമുൻപേ എന്നെ കണ്ട സ്ത്രീ. എന്നെ ഈ ലോകത്ത് ആദ്യമായി കണ്ട മനുഷ്യജീവി...

കൊടിയത്തൂർക്കാരുടെ മുന്നിൽ എനിക്കൊരിക്കലും ആളാവാൻപറ്റില്ല. മൂപ്പനാവാൻ എനിക്കൊരു പാങ്ങുമില്ല (കഴിവില്ല). എന്റെ എല്ലാം അവരെല്ലാം കണ്ടിരിക്കുന്നു!

കൊടിയത്തൂർ എന്ന പേരിന് എന്റെയുള്ളിൽ ഒരു മുഴക്കമുണ്ട്. നോമ്പുകാലത്ത് (വ്രതമാസമായ റംസാൻ) പൊലച്ച(പാതിര)യ്ക്ക് എണീക്കാനായി എന്നും നോമ്പുതുറക്കാൻ(മുറിക്കാൻ) നേരമായി(സന്ധ്യ)എന്നും ഞങ്ങളെ ഓർമ്മിപ്പിക്കുന്നത് അവിടെനിന്ന് വലിയ മുഴക്കത്തിൽ കേട്ടിരുന്ന വെടിയൊച്ചയാണ്. 'വെടിപൊട്ടി' എന്നുപറഞ്ഞാൽ നോമ്പുതുറക്കാൻ നേരമായി എന്നാണർഥം. വാച്ചും ക്ലോക്കും ഒന്നും വ്യാപകമായിക്കഴിഞ്ഞിരുന്നില്ല. അലാറം എന്ന് ഞങ്ങൾ കേട്ടിട്ടുകൂടിയില്ല. പള്ളികൾതന്നെ കുറവ്. ഉള്ളവയിൽ സ്പീക്കർ സെറ്റ് ഇല്ലാത്തതിനാൽ ബാങ്ക് ദൂരത്തേക്ക് കേൾക്കുകയില്ല. അതിരാവിലെയുള്ള സുബഹി ബാങ്ക് കേട്ടാൽപ്പിന്നെ അന്നപാനീയങ്ങൾ പാടില്ല. സന്ധ്യാനേരത്തെ മഗ്രിബ് ബാങ്ക് കേട്ടാൽ നോമ്പ് തുറക്കാം.

രാത്രി രണ്ടുമണിക്കാണ് പൊലച്ചയ്ക്കുള്ള വെടി. അതുകേട്ട് ഉണർന്ന് ചോറുണ്ടാക്കിക്കഴിക്കുകയാണ് പതിവ്. ഇതിന് 'പൊലച്ചച്ചോറ്' എന്നുപറയും. പിറ്റേന്ന് പകൽ മുഴുവൻ തീനും കുടിയുമില്ലാതെ കഴിഞ്ഞുകൂടാനുള്ള നിക്ഷേപമാണിത്.

ഉമ്മ പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്, ആദ്യമൊന്നും വെടി ഉണ്ടായിരുന്നില്ല. കൊടിയത്തൂരിൽ 'നകാര' മുട്ടുകയായിരുന്നു. നകാര എന്നുപറയുന്നത് ഒരുതരം വാദ്യമാണ്. അതിന്മേൽ അടിച്ചാൽ മുഴങ്ങുന്ന ശബ്ദമുണ്ടാവും. ആളും മനുഷ്യരും ഏറിയപ്പോൾ അതുപോരാതെ വന്നതുകൊണ്ടാണ് വെടിപൊട്ടിക്കുന്ന ഏർപ്പാട് തുടങ്ങിയത്.

കൊടിയത്തൂരിനെപ്പറ്റി കുട്ടിക്കാലത്ത് ഞാൻ കേട്ടതൊക്കെ വലിയ വലിയ കാര്യങ്ങളാണ്. അതിൽ ഏറ്റവും പ്രധാനം: സ്വാതന്ത്ര്യസമരനേതാവ് മുഹമ്മദ് അബ്ദുറഹിമാന്റെ അവസാനത്തെ പ്രസംഗം അവിടത്തെ കോട്ടമ്മൽ അങ്ങാടിയിലായിരുന്നു. ആ നേതാവിനെ സാധാരണമായി 'സാഹിബ്' എന്നാണ് പറയുക. മൂപ്പര് മരിച്ചത് മുക്കത്താണ് എന്നാണ് കേൾവി. മുക്കത്ത് കാറിൽ വന്നിറങ്ങിയത് കൊടിയത്തൂരിൽ പ്രസംഗിക്കാനായിരുന്നു. അവിടെനിന്ന് തോണിയിൽ തെയ്യത്തുംകടവിലെത്തി. കോട്ടമ്മലെ പരിപാടിയിൽ അന്ന് ആറായിരത്തോളം ആള് പങ്കെടുത്തു എന്ന് സാഹിബിന്റെ ആരാധകനും എന്റെ നാട്ടുകാരനുമായ കെ.ടി. അയ്യപ്പൻ വൈദ്യർ ബാപ്പയോട് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.

പ്രസംഗം തീർന്ന് ഭക്ഷണംകഴിച്ച് ചേന്ദമംഗല്ലൂർ കടന്ന് കാറ് നിർത്തിയിട്ടിരുന്ന മണാശ്ശേരിക്ക് നടക്കുന്ന വഴിയിൽ പൊറ്റശ്ശേരിയിൽവെച്ചായിരുന്നു അന്ത്യം. ഹൃദയസ്തംഭനം. 1945-ലാണ്. കൃത്യം പറഞ്ഞാൽ നവംബർ 23-ാം തീയതി.

മതവർഗീയതയ്‌ക്കെതിരായി ജീവിതകാലം മുഴുവൻ പോരാടിയ ആ നേതാവിനെപ്പറ്റി നല്ലതു മാത്രമേ ഏതുഭാഗത്തുനിന്നും ഞാൻ കേട്ടിട്ടുള്ളൂ. നേർബുദ്ധിക്കാരൻ, ഉശിരൻ, ശുജായി(പരാക്രമി) എന്തിനും പോന്നവൻ. കൊടിയത്തൂരിനെപ്പറ്റി ആലോചിക്കുമ്പോഴെല്ലാം ആ ധീരന്റെ പേര് ഓർമ്മയാകും.

കൊടിയത്തൂരിന് വളരെ ചലനമുള്ള കാലമായിരുന്നു അത്. ഫുട്ബോൾ ടൂർണമെന്റുകൾ, വായനശാലാവാർഷികങ്ങൾ, നാടകങ്ങൾ, മാപ്പിളപ്പാട്ടുമേളകൾ.

കലാപ്രവർത്തനങ്ങളിൽ പലതിന്റെയും കേന്ദ്രം സൗത്ത് കൊടിയത്തൂർ യു.പി. സ്‌കൂളായിരുന്നു. നേതൃത്വം അവിടത്തെ തിരുവിതാംകൂറുകാരായ അധ്യാപകർക്ക്.

കോട്ടയം പുഷ്പനാഥ് എന്ന ശുരുതിപ്പെട്ട(പ്രസിദ്ധൻ) എഴുത്തുകാരൻ യൗവനകാലത്ത് ആ സ്‌കൂളിൽ അധ്യാപകനായിരുന്നു എന്നും അവിടെവെച്ചാണ് എഴുതിത്തുടങ്ങിയത് എന്നും കേട്ടിട്ടുണ്ട്.

കലാപരിപാടികളിൽ കമ്പക്കാരനായിരുന്ന ഞാൻ കൊടിയത്തൂരിലെ അക്കാലത്തെ അത്തരം മിക്ക ചടങ്ങുകൾക്കും ചെന്നിരുന്നു. അതിൽ എന്നെ ഏറ്റവും ആകർഷിച്ചത് എച്ച്. റംലാബീഗത്തിന്റെ കഥാപ്രസംഗമാണ്.

മാപ്പിളപാരമ്പര്യത്തിൽ 'പാടിപ്പറയൽ' എന്നൊരു കലാപരിപാടിയുണ്ട്. ഏതെങ്കിലും പാട്ടുകാവ്യം പാടി അർഥം വിശദീകരിച്ച് കഥപറയൽതന്നെ. പേര് കഥാപ്രസംഗം അല്ല എന്നൊരു വ്യത്യാസമുണ്ട്. പിന്നെ, സംഗീതോപകരണം കാണില്ല. അവിടെ പക്ഷേ, പാടുന്നതും പറയുന്നതും ആണുങ്ങളാണ്. ആ സദസ്സിൽ പെണ്ണുങ്ങൾ ഇരിക്കാറില്ല. സ്വന്തം കോലായിലോ ഇരുളിന്റെ മറവിലോ പീടികയുടെ പിറകിലോ നിന്ന് വേണമെങ്കിൽ അവർക്ക് കഥ കേൾക്കാം.

ഇവിടെയിതാ, ഒരു മുസ്ലിംസ്ത്രീ അരങ്ങിൽ കയറിനിന്ന് പാടുകയും പറയുകയും ചെയ്യുന്നു. സുന്ദരി, നല്ല ശബ്ദം, ഭാവാഭിനയത്തോടെ കഥപറയുന്നു. അക്കാലത്ത് മുസ്ലിം പെണ്ണുങ്ങൾക്കിടയിൽ അപൂർവമായിരുന്ന സാരിയാണ് ഉടുത്തിരിക്കുന്നത്. അതിന്റെ ഒരു തുമ്പ് തലയിലൂടെ ഇട്ടിട്ടുണ്ട്.

ആ കലാപ്രകടനത്തിന് പ്രശ്‌നങ്ങൾ പലതുണ്ടായിരുന്നു. സംഗീതം ഹറാം(നിഷിദ്ധം) ആണ്. വായ്പാട്ട് കുഴപ്പമില്ല എന്ന് ഫത്വ(മതവിധി) പുറപ്പെടുവിക്കുന്ന ഉദാരന്മാരായ മുസ്ലിയാന്മാർ (മതപണ്ഡിതർ)പോലും ഹാർമോണിയം, തബല മുതലായ സംഗീതോപകരണങ്ങൾ ഉപയോഗിക്കുന്നത് വിലക്കിയിരുന്നു. അത്തരം സിനിമാപ്പാട്ടുകൾ ആഘോഷത്തിന്റെ ഭാഗമായി വെക്കുന്ന വീടുകളിലെ കല്യാണത്തിന് മുത്തഖി(ഭയഭക്തിയുള്ള)കളായ മുസ്ലിയാന്മാർ പങ്കെടുക്കാത്ത സമാൻ (കാലം)ആണത്.

മുഖവും മുൻകൈയും ഒഴിച്ചു ള്ള സ്ത്രീയുടെ ശരീരം ഔറത്ത് (നഗ്‌നത)ആണ് എന്ന വിധിയുടെ കൂട്ടത്തിൽ സ്ത്രീയുടെ ശബ്ദം ഔറത്ത് ആണ് എന്ന് മതപാഠശാലയിൽനിന്ന് ഞാൻ പഠിച്ചിട്ടുണ്ട്. അതായത് അന്യസ്ത്രീകളുടെ ശബ്ദം ആണുങ്ങൾ കേട്ടുകൂടാ!

കൊടിയത്തൂരിൽ റംലാബീഗത്തിന്റെ കഥാപ്രസംഗം ഉണ്ടെന്ന വാൾപോസ്റ്റർ കണ്ടതോടെ എനിക്ക് ആവേശം കയറി. മാപ്പിളപ്പാട്ടിന്റെ വേദിയിൽ കഥാപ്രസംഗക്കാരത്തിയായി ഞങ്ങളുടെ പ്രദേശത്ത് ആദ്യമെത്തിയ വനിത അവരാണ്(1962).

കുറാഫികൾ(യാഥാസ്ഥിതികർ) ആയ വയസ്സന്മാർ വാർത്തയറിഞ്ഞ് ബേജാറായി. ഒരു മാപ്പിളപ്പെണ്ണ് പാടിപ്പറയുകയോ? അതും ആൺപിറന്നവന്മാർ ഒത്തുകൂടുന്ന സ്ഥലത്ത്.

അത്തരം വേലികളൊക്കെ പൊളിയുന്നത് കാണാൻ എനിക്ക് ഊറ്റമായിരുന്നു. റംലാബീഗം പറഞ്ഞിരുന്ന കിസ്സ(കഥ)കൾക്ക് വേറെയും ഒരു സുയിപ്പ്(പ്രയാസം) ഉണ്ടായിരുന്നു. മോയിൻകുട്ടി വൈദ്യരുടെ ബദറുൽ മുനീർ-ഹുസ്നുൽ ജമാൽ എന്ന മശ്ഹൂർ(പ്രസിദ്ധ) ആയ കഥയിലേതുപോലെ അവ പ്രേമത്തെ വളർത്തിപ്പറയുന്നുണ്ടായിരുന്നു. മുഹബ്ബത്തിന് (പ്രണയം) രാജാവായ ബാപ്പ എതിരായപ്പോൾ മന്ത്രികുമാരനായ കാമുകൻ ബദറുൽമുനീറിനെയുംകൂട്ടി ഒളിച്ചോടിപ്പോകുന്ന രാജകുമാരിയാണ് ഹുസ്നുൽ ജമാൽ. റംല പറഞ്ഞ മറ്റൊരു കഥയായ 'റാണിസഫീരിയ'യും പ്രേമത്തിന്റെ പോരിശ (മഹിമ)യെ കൊണ്ടാടി. അമ്മാതിരി കുരുത്തക്കേടുകളിലേക്ക് പ്രേരണനൽകി ചെറുപ്പക്കാരെ വഴികേടിലാക്കുന്നത് മതം പൊളിക്കുന്ന പണിയാണ് എന്നതിനെപ്പറ്റി കാരണവന്മാർക്ക് സംശയമുണ്ടായിരുന്നില്ല.

എന്റെ ബാല്യകാല കലാനുഭവങ്ങളിൽ തെളിഞ്ഞുനിൽക്കുന്ന ഒന്നാണ് കൊടിയത്തൂരിൽ റംലാബീഗം പറഞ്ഞ 'റാണിസഫീരിയ' എന്ന കഥ. അവരുടെ രൂപവും ശബ്ദവും സ്റ്റേജിൽക്കയറി കഥപറയാനുള്ള ഊറ്റവുമെല്ലാം എനിക്ക് നന്നേ പിടിച്ചു. സ്ത്രീകൾ രംഗത്തുവരുന്നതിനെപ്പറ്റിയുള്ള എന്റെ ആവേശം ആ കഥപറച്ചിൽ മൂപ്പിച്ചു. അന്നുകേട്ട ഒരുവരി, ഒറ്റയ്ക്കാവുമ്പോൾ ഇപ്പോൾപോലും ഞാൻ മൂളാറുണ്ട്.

നാട്ടിലാകെപ്പരക്കുന്നു പുതുവാർത്താ

നമ്മുടെ റാണി സഫീരിയ ചെയ്ത ചതിവാർത്ത

സഫീരിയ എന്ന കഥാപാത്രം ഒരു രാജാത്തിയാണ് എന്നതും ജോറായി. നാടുഭരിക്കാൻപോന്ന പെണ്ണുങ്ങളും ഉണ്ടാവും, ഉണ്ടാവണം.

തെക്കുനിന്നുവന്ന ആ പെൺപിറന്നവളുടെ വർത്തമാനം നാട്ടിൽ വലിയ പൂക്കാറ് (കോലാഹലം) ഉണ്ടാക്കി. കാരണവന്മാർ ഒരു സമാധാനം കണ്ടെത്തി:

ഖിയാമം അടുത്തുപോയി. അതിന്റെ അലാമത്തുകളിലൊന്നാണിത്. ഖിയാമം എന്നാൽ ഒടുവുനാൾ-സമസ്ത ജീവജാലങ്ങളും ഒന്നിച്ചു നശിക്കുന്നതായി വിശ്വസിക്കപ്പെടുന്ന അന്ത്യദിനം. അലാമത്ത് എന്നാൽ അടയാളം. അന്ത്യദിനം വന്നെത്തുന്നതിനുമുൻപ് മുഅ്മിനീങ്ങൾ (വിശ്വാസികൾ) ആയ ജനതയ്ക്ക് മുന്നറിയിപ്പായി പലപല അടയാളങ്ങൾ വെളിപ്പെടും. അതുകണ്ടറിഞ്ഞ് നമ്മൾ കരുതലെടുക്കണം.

ആ കഥപറച്ചിലുകാരിയെപ്പറ്റി ഒരു അപവാദം പ്രചരിപ്പിക്കാനും ആളുണ്ടായി-ഇടയ്ക്കിടയ്ക്ക് അവൾ ഗ്ലാസിൽ പകർന്ന് കുടിക്കുന്നത് കട്ടൻചായയല്ല, ബ്രാണ്ടിയാണ്! അല്ലെങ്കിൽ രാത്രിനേരത്ത് രണ്ടുമൂന്ന് മണിക്കൂർനേരം തുടർച്ചയായി ഒച്ചയുയർത്തി പാടാനും പറയാനും പെണ്ണൊരുത്തിക്ക് ചിമുക്ക് (ശക്തി) ഉണ്ടാവുമോ?

റംലാബീഗം ആലപ്പുഴയിൽനിന്നുവന്നതാണ് എന്നത് കുറ്റംപറച്ചിലുകാർക്ക് ഒരാശ്വാസമായിരുന്നു- തെക്കത്തിയാണ്. നമ്മുടെ മലബാറിൽ ഈ ജാതി വെടക്ക് (ചീത്ത) ഉണ്ടാവുകയില്ല!

മാപ്പിളകലാപാരമ്പര്യത്തെപ്പറ്റി പുത്തൻവാദികളായ മുജാഹിദുകൾക്കും ജമാഅത്തുകാർക്കും നല്ല കയ്പായിരുന്നു. പെണ്ണുങ്ങളുടെ ഒപ്പന സ്വാഭാവികമായും അവർക്ക് പിടിച്ചിരുന്നില്ല. മറ്റുകലാരൂപങ്ങളായ ദഫ്മുട്ട്, അറവാന, മുട്ടും വിളി മുതലായവയുടെ അരങ്ങുകളായ നേർച്ചകളും മറ്റും തൗഫീദിന് (ഏകദൈവവിശ്വാസം) നേർ വിപരീതമാണ് എന്ന് അവർക്ക് നല്ല തീർച്ചയുണ്ട്.

ആ പാരമ്പര്യത്തിലെ സൂഫി(യോഗി)കളെയും ശഹീദ് (രക്തസാക്ഷി)കളെയും വളർത്തിപ്പറയുന്ന മാലപ്പാട്ടുകൾ പാടുന്നത് വ്യക്തിപൂജ വളർത്തി ഈമാനിനെ (സത്യവിശ്വാസം) ഹലാക്കിൽ (കുഴപ്പം) ആക്കുമെന്ന് അവർ നിരന്തരം കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു. അതിനിടയിലാണ് പെണ്ണൊരുത്തി കഥപറച്ചിലുകാരിയായി മുതിരുന്നത്! മാപ്പിളകലാപൈതൃകത്തെ മാനിക്കുന്ന സുന്നികൾപോലും, പാടിപ്പറയലിന്റെ പുതിയ രൂപമായ കഥാപ്രസംഗവുമായി വന്ന തെക്കത്തിയെ അംഗീകരിച്ചില്ല.

വിശ്വാസാചാരങ്ങൾക്കെതിരായി എന്തുപുറപ്പെടുമ്പോഴും മാപ്പിളമാർ ആദ്യം ആലോചിക്കുക 'ഇബ്ലീസി'നെപ്പറ്റിയാണ്. ആദമിന്റെ സന്തതികളെ വഴിപിഴപ്പിക്കാൻവേണ്ടി രാപകൽ പണിയെടുക്കുന്നത് ആ പിശാചാണ്. അവന് ശൈത്താൻ എന്നും പേരുണ്ട്. മനുഷ്യരെ സത്കർമങ്ങളിൽനിന്ന് പിന്തിരിപ്പിക്കുന്നതും ദുഷ്‌കർമങ്ങൾക്ക് പ്രേരിപ്പിക്കുന്നതും ആ ദുഷ്ടനാണ്. കെട്ട പ്രേരണകളിലൂടെയാണ് അവൻ മനുഷ്യമനസ്സുകളിൽ വസ്വാസ് (ആശയക്കുഴപ്പം) ഉണ്ടാക്കുന്നത്. സംഗീതം അവന്റെ ഉപകരണങ്ങളിൽ പ്രധാനമാണ് എന്ന് വിശ്വസിക്കുന്ന മുസ്ലിം പണ്ഡിതന്മാർ എല്ലാ നാട്ടിലും ഉണ്ടായിരുന്നു, ഇന്നും ഉണ്ട്.

സ്ത്രീസാന്നിധ്യം ഇബ്ലീസിന്റെ വേദിയായിത്തീരും എന്നതിനെപ്പറ്റി മതപണ്ഡിതന്മാർക്കിടയിൽ തർക്കമേയില്ല. സംഗീതവും സ്ത്രീയും ഒരുമിച്ചുവരുന്ന റംലാബീഗത്തിന്റെ കഥാപ്രസംഗം ഒടുവുനാളിന്റെ അടയാളമായി കണ്ടതിൽ തീരെ അദൃപ്പം (അതിശയം) ഇല്ല.

മാപ്പിളമാരുടെ ശകാരപ്രയോഗങ്ങളിൽ ഇബ്ലീസ്, ശൈത്താൻ എന്നീ പദങ്ങൾ പ്രധാനമായിത്തീർന്നത് സ്വാഭാവികം. 'ഇബ്ലീസ്' എന്നതിന് 'നിരാശൻ' എന്നും 'ശൈത്താൻ' എന്നതിന് 'എതിരുപറയുന്നവൻ' എന്നും അർഥം. ക്രിസ്ത്യാനികളുടെ സാത്താനും മലയാളത്തിലെ ചെകുത്താനും ഈ മാന്യദേഹംതന്നെ. ക്രിസ്ത്യൻപാരമ്പര്യത്തിൽ കക്ഷിക്ക് ലൂസിഫർ എന്നും പേരുണ്ട്.

ബൈബിളിലെ ഏദൻതോട്ടത്തിലെ വിലക്കപ്പെട്ട കനിയുടെയും അതുതിന്നാൻ ആദമിനെയും ഹവ്വയെയും പ്രേരിപ്പിച്ച പിശാചിന്റെയും കഥ ഖുർആനിലുമുണ്ട്. അനേകം നൂറ്റാണ്ടായി, അനേകം ദേശങ്ങളിൽ, അനേകം രൂപങ്ങളിൽ നിലനിന്നുപോരുന്ന വില്ലനാണ് ഇബ്ലീസ്-ദൈവസഭയിലെ പ്രതിപക്ഷനേതാവ്!

കൊടിയത്തൂർക്കാരെപ്പറ്റി 'അമ്പടാ' എന്നെനിക്ക് അഭിമാനം തോന്നിയ കാര്യം പറയാം:

കോട്ടമുഴിക്കൽ കടവിൽ ഒരു ചീനി നിൽപ്പുണ്ട്. ഇരുവഞ്ഞിപ്പുഴയുടെ തീരത്താണ്. അതിന്റെ അടിഭാഗത്തെ മണ്ണൊലിച്ച് മരം വീണ് ആളുകൾക്ക് ആപത്തുവരും എന്നായപ്പോൾ അധികാരികൾ അതുമുറിച്ചുകളയാൻ ആലോചിച്ചു. വിവരമറിഞ്ഞ നാട്ടുകാർ ചീനിവധം തടഞ്ഞു. എങ്ങനെയെന്നോ? പണം സ്വരൂപിച്ച് ജോറായി ഒരടിത്തറകെട്ടി മരത്തെയും മനുഷ്യനെയും രക്ഷിച്ചു. ഇത് 1989-ലാണ്. അന്ന് ഇന്നത്തെ മാതിരി ആളുകളുടെ കൈയിൽ അങ്ങനെ പൈസയൊന്നുമില്ല. പിന്നെ എങ്ങനെ പണം സമ്പാദിച്ചു എന്നല്ലേ?

ചെറിയാപ്പു എന്നുവിളിക്കുന്ന അബ്ദുറഹിമാനും തെക്കുനിന്ന് വന്ന ഹോമിയോ ഡോക്ടർ ജോൺജോസഫും കൂട്ടുകാരും ചേർന്ന് പുതുമാതിരിയുള്ള ഒരു കുറിക്കല്യാണം നടത്തി. ഓരോരുത്തനും അവനവനെക്കൊണ്ടാവുന്ന തുക അവിടെ കൊടുക്കണം. ചായയും പലഹാരവും കഴിച്ച് പോകാം. സാധാരണമാതിരി ആ പൈസ തിരിച്ചുകിട്ടില്ല. അത് ചീനിസംരക്ഷണത്തിനുള്ളതാണ്. ഈ പണം ഉപയോഗിച്ച് കരിങ്കല്ലുകൊണ്ട് തറകെട്ടും. ഈ കല്യാണത്തിന് അവർ 'ചീനിക്കല്യാണം' എന്ന് പേരിട്ടു. അതിൽനിന്ന് വലിയൊരു തുക പിരിഞ്ഞുകിട്ടി. ആവേശഭരിതനായ ഞാൻ വിവരം മാതൃഭൂമിയിൽച്ചെന്ന് പറഞ്ഞു. കെ. ജയചന്ദ്രൻ കൊടിയത്തൂരിൽച്ചെന്ന് തയ്യാറാക്കിയ വിശദമായ റിപ്പോർട്ട് ഫോട്ടോസഹിതം വന്നു. അങ്ങനെയാണ് ആ വർത്തമാനം പുറംലോകമറിഞ്ഞത്. ഞങ്ങളുടെ പ്രദേശത്തെ പ്രകൃതിസ്‌നേഹത്തെയും പരിസ്ഥിതിബോധത്തെയും വളർത്തിയ സംഭവങ്ങളിലൊന്നാണത്.

എന്നും എപ്പോഴും ഞാൻ ഉള്ളിൽ കൊണ്ടുനടക്കുന്ന ഉപദേശങ്ങളിലൊന്നാണത്: 'നീ വലിയ മൂപ്പനാവരുത്, കേട്ടോ.'

എന്റെ എല്ലാ അഹംഭാവത്തിന്റെയും തുഞ്ചം മുറിച്ചുകളയാൻ സൗഹാർദച്ചിരിയുടെ തിളക്കമുള്ള കത്തിയുമായി ആരോ, എവിടെയോ കാത്തുനിൽപ്പുണ്ട് എന്ന വിചാരം എന്തൊരാശ്വാസമാണ്!