എന്തുകൊണ്ട് യുവതലമുറ ഗൾഫ് വിട്ട് സംരംഭങ്ങളിലേക്ക് മടങ്ങുന്നു? ചൂടോടെ സംരംഭക ചർച്ച

കോഴിക്കോട് : എന്തുകൊണ്ട് യുവതലമുറ ഗൾഫ് വിട്ട് സംരംഭങ്ങളിലേക്ക് മടങ്ങുന്നു, ഒരു സംരംഭം എങ്ങനെ പിറക്കുന്നു, മുന്നോട്ടുകൊണ്ടുപോകുന്നു... കടുപ്പത്തിലൊരു ചായയും കുടിച്ച് ആ ചർച്ച മുന്നേറി.
ജനുവരി 29 മുതൽ ഫെബ്രുവരി ഒന്നുവരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് (എംബിഐ എഫ്എൽ-2026) മുന്നോടിയായി സംഘടിപ്പിച്ച ‘ഡബിൾ സ്ട്രോങ്’ കടുപ്പത്തിൽ ഒരു ചർച്ചയാണ് ചൂടേറിയ ആശയങ്ങൾ തുറന്നുവിട്ടത്. സംരംഭകരംഗത്തെ തിളങ്ങുന്ന വ്യക്തിത്വങ്ങളെ യുവതലമുറ സാകൂതം കേട്ടു. ഒട്ടേറെ പ്രഗല്ഭരുടെ ജീവിതവും വളർച്ചയും അടുത്തുനിന്നുകണ്ട കോഴിക്കോട്ടെ അളകാപുരി ഹോട്ടൽ അതിന് വേദിയായി.
യുവാക്കൾ പുതിയ സംരംഭങ്ങളുമായി കേരളത്തിൽത്തന്നെ നിൽക്കേണ്ടതുണ്ടെന്ന് ജി-ടെക് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മെഹറൂഫ് ഐ. മണലോടി ചർച്ചയ്ക്ക് തുടക്കമിട്ട് പറഞ്ഞു. ഒരുകാലത്ത് പട്ടിണിയാണ് പലരെയും ഗൾഫ് നാടുകളിലെത്തിച്ചതെന്ന് കോഴിക്കോട് യെലോറിയ ഗ്ലോബൽ എജുക്കേഷൻ ഹബ് ചെയർമാനും ഖത്തറിലെ ഗ്ലോബൽ എജുക്കേഷൻ ഗ്രൂപ്പ് ഫൗണ്ടറും മാനേജിങ് ഡയറക്ടറുമായ അഷ്റഫ് ആച്ചോത്ത് അഭിപ്രായപ്പെട്ടു. ഒരു സംരംഭം തുടങ്ങുന്നവർ ഒരുപാടുപേരുടെ ജീവിതത്തിലാണ് മാറ്റംവരുത്തുന്നതെന്ന് കാലിക്കറ്റ് ഫോറം ഫോർ ഐടി ഇവന്റ്സ് ഡയറക്ടർ ടി. അഖിൽ കൃഷ്ണ ചൂണ്ടിക്കാട്ടി.
കുറച്ചുപേർക്ക് ജോലികൊടുക്കാൻ സാധിക്കുന്ന എന്തുസംരംഭം തുടങ്ങാനായാലും അത് വലിയൊരു നീക്കമാണെന്ന് സ്വയം കോ-ഫൗണ്ടറും സിഇഒയുമായ ടി. ദിവ്യ പറഞ്ഞു. സാഹിത്യവും കലയും ഉൾച്ചേരുന്ന കഥ എന്ന കഫേ തുടങ്ങിയതിന്റെ അനുഭവങ്ങൾ ഫൗണ്ടർ ശ്രീസൂര്യ പങ്കിട്ടു. അലുമിനിയം ജനാലകൾ ചെയ്യുന്ന കേരളത്തിലെ ആദ്യകമ്പനി തുടങ്ങിയതിന്റെ വെല്ലുവിളികൾ ഫസാഡ് ഡി എക്കോ സൊലൂഷൻസ് മാനേജിങ് ഡയറക്ടർ അസ്മാബി അക്ബർ വിവരിച്ചു.
എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ ഡയറക്ടർ ഡോ. നാരായണൻകുട്ടി വാരിയർ, ‘സാൽഡോ സലാഡ്’സിലൂടെ ശ്രദ്ധേയയായ കുട്ടിസംരംഭക അസാ അസ്മി, അസായുടെ പിതാവും സർക്കാർ സൈബർപാർക്കിലെ മെഡ്ക്യു (അബിക്സ് ഗ്ലോബൽ)എന്ന കമ്പനിയുടെ കോ-ഫൗണ്ടറും സിഇഒയുമായ ആദിഷ് ചാക്കേരി, കോക്കോ റൂട്ട്സ് ഓർഗാനിക്സ് ഫൗണ്ടർ ഡോ. ഷാലിമ അഹമ്മദ്, ഹോട്ടൽ അളകാപുരി ഡയറക്ടർ എ. തങ്കം എന്നിവരും സംസാരിച്ചു.
മാതൃഭൂമി അസിസ്റ്റന്റ് ജനറൽ മാനേജർ സി. മണികണ്ഠൻ, കോഴിക്കോട് ബ്യൂറോ ചീഫ് കെ.കെ. അജിത്ത് കുമാർ, ക്ലബ് എഫ്എം ജനറൽ മാനേജർ എൻ. ജയകൃഷ്ണൻ, എന്നിവർ ഉപഹാരങ്ങൾ നൽകി.