മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം; ഏഴഴകിൽ ഏഴാം വർഷത്തിലേക്ക്

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് ഏഴ് വയസ്സുതികയുകയാണ്. ഏഴഴകും നിറഞ്ഞ മാരിവില്ലു പോലെ മലയാണ്മയുടെ സാംസ്‌കാരികഭൂമികയ്ക്കുമേൽ, അക്ഷരങ്ങളുടെയും അറിവിന്റെയും പ്രബുദ്ധതയുടെയും ആകാശത്ത് എം.ബി.ഐ.എഫ്.എൽ. തെളിഞ്ഞു നിൽക്കുമ്പോൾ സംഘാടകരെന്ന നിലയിൽ ചാരിതാർഥ്യം തോന്നുന്നു. 2018-ൽ പ്രഥമ അക്ഷരോത്സവത്തിന് തുടക്കമിടുമ്പോൾ പ്രതീക്ഷിച്ചിരുന്നത് എന്തായിരുന്നുവോ അതിൽനിന്ന് എത്രയോ ഉയരത്തിലേക്ക് ഈ സംരംഭം വളർന്നിരിക്കുന്നു. അതിൽ ഭാഷയെയും സംസ്‌കാരത്തെയും നെഞ്ചിലേറ്റുന്ന മലയാളി പൊതുസമൂഹത്തോട്, സാംസ്‌കാരികലോകത്തോടുള്ള കടപ്പാട് എടുത്തുപറയാതെ വയ്യ. ഈ അക്ഷരോത്സവത്തിന്റെ അമരത്ത് മാതൃഭൂമിയായിരിക്കാം. എന്നാൽ, ഇതിന്റെ അവകാശികൾ നിങ്ങളാണ്, മലയാളികൾ ഓരോരുത്തരുമാണെന്ന ഉറച്ച ബോധ്യം ഞങ്ങൾക്കുണ്ട്.

അക്ഷരോത്സവത്തിന്റെ ഏഴാം എഡിഷൻ ജനുവരി 29-മുതൽ ഫെബ്രുവരി ഒന്നുവരെ സ്ഥിരംവേദിയായ അനന്തപുരിയിലെ കനകക്കുന്ന് കൊട്ടാരവളപ്പിൽ അരങ്ങേറും. 'ക'യെന്ന ആദ്യ വ്യഞ്ജനാക്ഷരം വിളിപ്പേരാക്കി മാറ്റിയ അക്ഷരോത്സവത്തിന് അരങ്ങൊരുങ്ങുമ്പോൾ തിരുവനന്തപുരം നഗരം ബൗദ്ധികതയുടെ സംഗമവേദിയായി മാറും. പല മേഖലകളിലും ആഘോഷിക്കപ്പെടുന്ന ഏതാനും വ്യക്തികളുടെ കേവലമായ കൂടിച്ചേരലല്ല അക്ഷരോത്സവം. അത്, ആശയങ്ങൾ ആവിഷ്‌കരിക്കപ്പെടുന്ന, പാരമ്പര്യങ്ങൾ ചോദ്യംചെയ്യപ്പെടുന്ന, അഭിപ്രായങ്ങൾ രൂപപ്പെടുന്ന ജീവസ്സുറ്റ വേദിയാണ്. എഴുതപ്പെട്ട വാക്കുകളുടെ അതിർത്തിക്കുള്ളിൽ സാഹിത്യത്തെ ഒതുക്കാൻ വിസമ്മതിക്കുന്നു എന്നതാണ് മാതൃഭൂമി അക്ഷരോത്സവത്തെ വ്യത്യസ്തമാക്കുന്നത്.

ഇവിടെ സിനിമ, രാഷ്ട്രീയം, കായികം, തത്ത്വചിന്ത, ചരിത്രം, ശാസ്ത്രം, പരിസ്ഥിതി, സാമൂഹികപ്രശ്‌നങ്ങൾ, നിർമിതബുദ്ധി, ദൃശ്യകലകൾ എന്നിങ്ങനെ ആനുകാലിക പ്രസക്തമായ വിഷയങ്ങളോട് സാഹിത്യം സ്വതന്ത്രമായി സംവദിക്കുന്നു. ഇവിടെ ലാറ്റിൻ അമേരിക്കൻ കവി, ഒരു മലയാള കവിയുമായി വേദിപങ്കിടാം; ഒരു ചലച്ചിത്രകാരൻ ഒരു രാഷ്ട്രീയ ചിന്തകനുമായി സംവദിക്കാം; ഒരു കായികതാരവും ഒരു തത്ത്വചിന്തകനും നൈതികതയെക്കുറിച്ച് ഒരുമിച്ച് ചർച്ചചെയ്‌തേക്കാം. ആരോഗ്യപരമായ സംഘർഷത്തിലൂടെ, സംയോജനത്തിലൂടെ ഭിന്ന ആശയങ്ങൾ ഇവിടെ പരസ്പരം പുനർനിർമിക്കുന്നു.

വ്യക്തമായ ചരിത്രസ്മൃതികളും വ്യത്യസ്തങ്ങളായ പ്രത്യയശാസ്ത്ര ചട്ടക്കൂടുകളും വഹിക്കുന്ന, വിവിധ രാജ്യങ്ങളിൽനിന്നും ഭാഷകളിൽനിന്നും സാംസ്‌കാരിക പാരമ്പര്യങ്ങളിൽനിന്നുമുള്ള ശബ്ദങ്ങൾ ഈ വേദിയെ ധന്യമാക്കാറുണ്ട്. ഈ ശബ്ദങ്ങൾ പ്രാദേശിക കലാകാരരുമായും ചിന്തകരുമായും ഇടപഴകുമ്പോൾ, കൈമാറ്റം ചെയ്യപ്പെടുന്നത് സംസ്‌കാരത്തിന്റെ ഏടുകളാണ്. നമ്മുടെ സാഹിത്യപരവും കലാപരവുമായ പാരമ്പര്യങ്ങൾ ലോകവുമായി സംഭാഷണത്തിൽ ഏർപ്പെട്ട്, സ്വയം പരിണാമത്തിന് വിധേയമായി, കൂടുതൽ പ്രസക്തമായി, ലോകമാകെ പ്രതിധ്വനിക്കുന്നു. പ്രാദേശികമായത് സാർവത്രികമാകുന്നു, സാർവത്രികമായത് പ്രാദേശിക സംവേദനങ്ങളെ പ്രോജ്ജ്വലിപ്പിക്കുന്നു.

വിമർശനാത്മകമായ അന്വേഷണത്തിനുള്ള ഇടമാണ് അക്ഷരോത്സവവേദി. ഇവിടെ ചർച്ചകൾ അവസാനിക്കുന്നില്ല. രാഷ്ട്രീയാധികാരം, സാമൂഹികശ്രേണികൾ, പ്രത്യയശാസ്ത്രങ്ങൾ എന്നിവയുടെ സൂക്ഷ്മപരിശോധന അക്ഷരോത്സവത്തിന്റെ പകിട്ടുകൂട്ടുന്നു. തുറന്ന ചർച്ചകൾക്കും സംവാദങ്ങൾക്കും അരങ്ങൊരുക്കി അവിടേക്ക് യുവ തലമുറയെ എത്തിക്കുന്നതിലൂടെ സാമൂഹികമാറ്റങ്ങൾക്ക് അവരെ വാർത്തെടുക്കുകകൂടിയാണ് അക്ഷരോത്സവം. ഭയമില്ലാതെയുള്ള സംഭാഷണങ്ങൾ സംസ്‌കാരത്തിന്റെ വളർച്ചയ്ക്ക് അനിവാര്യമാണ്. ആരോഗ്യകരമായ ബൗദ്ധിക കാലാവസ്ഥയൊരുക്കാൻ അവ കൂടിയേ തീരൂ. വ്യത്യാസങ്ങളെയും വിയോജിപ്പുകളെയും അംഗീകരിക്കാനും ആദരിക്കാനും മനസ്സിനെ പാകപ്പെടുത്തുകയാണ് ഓരോ സംവാദത്തിന്റെയും ചർച്ചയുടെയും ലക്ഷ്യം. കലയും ചിന്തയും സാഹിത്യവും വിജയിക്കുന്നത് ഈ ലക്ഷ്യം നേടിയെടുക്കുമ്പോഴാണ്.

വേഗത്തിന്റെ വൈരുധ്യമാണ് ഇക്കുറി പ്രമേയം. വേഗപ്പൂട്ട് വീഴാത്ത ദൃശ്യങ്ങളുടെ ലോകത്ത് സർഗാത്മകതയുടെ ആവേഗം ഒപ്പിയെടുക്കുന്ന വേദിയായി മാറും കനകക്കുന്ന്. വിവിധ വൻകരകളിൽനിന്നും വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള നൂറിലധികം പ്രതിഭകളുടെ മഹാസംഗമം. ഭാവുകത്വപരിണാമങ്ങളെയും തർക്കവിതർക്കങ്ങളെയും ആശയങ്ങളുടെ ഭിന്നതലങ്ങളെയും അപഗ്രഥിക്കുന്ന നാനൂറിലധികം സെഷനുകൾ. ക്ഷണികദൃശ്യങ്ങളുടെ ഭ്രമങ്ങളിൽനിന്ന് അക്ഷരങ്ങളുടെ അനശ്വരതയിലേക്ക് കാഴ്ചയുടെ കോണുകളെ വ്യതിചലിപ്പിക്കുന്ന ഊർജപ്രവാഹം.

അക്ഷരങ്ങളുടെ ഭൂഖണ്ഡാനന്തര യാത്രകൾ. ആശയാന്തരങ്ങളുടെ അതിശയച്ചാർത്തുകൾ. വാദങ്ങളുടെ രാപകലുകൾക്കൊടുവിൽ കാത്തിരിക്കുന്ന രുചിയുടെയും സംഗീതത്തിന്റെയും മേളങ്ങൾ. അക്ഷരങ്ങളിൽ നിന്നുദ്ഭവിക്കുന്ന സർഗാത്മകയുടെ നീർച്ചാലുകൾ കനകക്കുന്നിൽ സമുദ്രമായി മാറും. ആ മഹാപ്രവാഹത്തിലേക്ക്.. ചിന്തയുടെ ഉർവരതീരങ്ങളിലേക്ക്.. കനകക്കുന്നിലേക്ക്...സ്വാഗതം !

(മാതൃഭൂമി മാനേജിങ് ഡയറക്ടറും, അക്ഷരോത്സവം ചെയർമാനുമാണ് ലേഖകൻ)

Content Highlights: Discover the 7th Mathrubhumi International Festival of Letters (MBIFL) in Trivandrum from Jan 29-Feb 1. A vibrant confluence of ideas, arts, and culture.