ഞാൻ കണ്ടതിൽവെച്ച് ഏറ്റവും വന്യതയുള്ള സ്ത്രീയായിരുന്നു എന്റെ അമ്മ- അരുന്ധതി റോയ്

തിരുവനന്തപുരം: വായനക്കാരെ പ്രചോദിപ്പിക്കുന്ന എഴുത്തുകാരി എന്നതിലുപരി ഈ കലുഷിത കാലത്തും ആരെയും ഭയക്കാതെയും മുഖംനോക്കാതെയും നിലപാടുകളെടുക്കുന്ന അരുന്ധതി റോയ്ക്ക് മാതൃഭൂമി ബുക്ക് ഓഫ് ദ ഇയർ പുരസ്‌കാരം സമ്മാനിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് മാതൃഭൂമി മാനേജങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ.
മറ്റാരെങ്കിലും എഴുതിയിരുന്നെങ്കിൽ ഒരുപക്ഷേ രണ്ടോ മൂന്നോ പുസ്തകമാവുമാവുമായിരുന്ന കാര്യങ്ങൾ 'മദർ മേരി കംസ് ടു മി'യിൽ ഏതാനും വരികളിലൂടെ അർഥസമ്പുഷ്ടമായി അവതരിപ്പിച്ച അരുന്ധതി റോയിയുടെ ക്രാഫ്റ്റ് അത്ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ബുക്ക് ഓഫ് ദ ഇയർ പുരസ്‌കാരം അരുന്ധതി റോയ്ക്ക് സമ്മാനിക്കുന്ന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മദർ മേരി കംസ് ടു മി'യുടെ എഴുത്ത് തനിക്ക് ഏറെ പ്രയാസമേറിയതായിരുന്നുവെന്ന് പുരസ്‌കാരം ഏറ്റുവാങ്ങി അരുന്ധതി റോയ് പറഞ്ഞു. ''ഇങ്ങനെയൊരു പുസ്തകം എഴുതുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. പകൽ മുഴുവൻ എഴുതുകയും രാത്രികളിൽ ഞാനീ കാട്ടുന്നത് എന്ത് അസംബന്ധമാണെന്ന ചിന്ത എന്നെ വേട്ടയാടുകയും ചെയ്തു. പക്ഷേ ഒരു എഴുത്തുകാരി എന്ന നിലയിൽ എന്റെ ഏറ്റവും വലിയ ഭയത്തെയും വ്യസനത്തെയും സ്നേഹത്തെയും അഭിസംബോധന ചെയ്യാതിരിക്കാൻ ആവില്ലായിരുന്നു. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വന്യതയുള്ള സ്ത്രീയായിരുന്നു എന്റെ അമ്മ. പക്ഷേ, ഇത് യഥാർഥത്തിൽ സ്നേഹത്തിന്റെ പുസ്തകമാണ്. കാരണം ഞാൻ അവരെ ഇഷ്ടപ്പെട്ടത് അവരിലെ വെളിച്ചത്തിലൂടെയും അവരിലെതന്നെ ഇരുട്ടിലൂടെയുമാണ്. തന്റെ സഹോദരനും അതിൽ പെടുന്നു. അതിനാൽ ഈ മൂവർക്കുമായാണ് ഞാൻ മാതൃഭൂമിയുടെ ഈ പുരസ്‌കാരം ഏറ്റുവാങ്ങുന്നത്- അരുന്ധതി റോയ് പറഞ്ഞു.
സാഹിത്യോത്സവങ്ങൾക്ക് പിന്നിലുള്ള സാമ്പത്തിക ശക്തികൾ പ്രകൃതിക്ക് പ്രത്യാഘാതമുണ്ടക്കുന്നവരും മനുഷ്യജീവന് വില കൽപ്പിക്കാത്തവരും ആയതിനാലാണ് താൻ പല സാഹിത്യോത്സവങ്ങളിലും പങ്കെടുക്കാത്തതെന്ന് അരുന്ധതിറോയ് പറഞ്ഞിരുന്നു. എന്നാൽ, ഒരുകാര്യം ഉറപ്പിച്ചു പറയാനാകും, മാതൃഭൂമി എക്കാലവും പാരിസ്ഥിതിക പ്രശ്നങ്ങൾക്കും മനുഷ്യരുടെ അവകാശ സമരങ്ങൾക്കും ഒപ്പം നിന്ന പ്രസ്ഥാനമാണ്. എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു.
പ്ലാച്ചിമടയിലെ കൊക്കോക്കോള വിരുദ്ധ സമരം ഒരു ഉദാഹരണം മാത്രമാണ്. കോടിക്കണക്കിന് രൂപയുടെ പരസ്യ വരുമാനം വേണ്ടെന്നുവെച്ചിട്ടാണ് തന്റെ പിതാവ് എം.പി. വീരേന്ദ്രകുമാർ ആ സമരം ഏറ്റെടുക്കുന്നത്. അന്ന് അദ്ദേഹം തന്നോട് പറഞ്ഞത് ഇതാണ്- സമൂഹത്തിലെ ശബ്ദമില്ലാത്തവന്റെ ശബ്ദമാകാനും പാവപ്പെട്ടവന്റെ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളാനും കഴിയുക എന്നതാണ് മാധ്യമ ധർമ്മം. സമരത്തിനൊടുവിൽ ആ കമ്പനി അടച്ചുപൂട്ടേണ്ടിവന്നു. ഇത്തരം കാര്യങ്ങളിൽ ലാഭേച്ഛ നോക്കാതെ നിലപാടെടുക്കുന്ന സ്ഥാപനമാണ് മാതൃഭൂമി. അതിന് എന്തു വിലയും കൊടുക്കും.
ജനമനസുകളെ വിഭജിക്കുന്ന വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിന്റെ കാലമാണിന്ന്. ഇത്രയും വൈവിധ്യങ്ങൾ നിറഞ്ഞ രാജ്യത്തെ ഒരു ചിന്താധാരയിലേക്ക് കൊണ്ടുവരണമെന്ന് വാശിയോടുകൂടി ചിലർ പ്രവർത്തിക്കുന്നുണ്ട്. അവർ പറയുന്നതാണ് നമ്മുടെ ദേശീയതയെന്ന് പ്രത്യക്ഷത്തിൽതന്നെ പ്രചരിപ്പിക്കുന്നു. ഇതിനൊക്കെ എതിരായി നിലപാടെടുക്കുന്ന സ്ഥാപനമാണ് മാതൃഭൂമി. ഇനിയും അത് തുടരുമെന്നതിൽ സംശയവുമില്ല. ശ്രേയാംസ് കുമാർ പറഞ്ഞു.
മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാറും മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രനും ചേർന്നാണ് അരുന്ധതി റോയിക്ക് പുരസ്‌കാരം കൈമാറിയത്. രണ്ടുലക്ഷം രൂപയും ശിൽപവുമടങ്ങുന്നതാണ് മാതൃഭൂമി ബുക്ക് ഓഫ് ദ ഇയർ പുരസ്‌കാരം.
Content Highlights: Arundhati Roy receives the Mathrubhumi Book of the Year Award for her courageous stance and profound literary craft. Discover why she`s a voice for the voiceless.