ഉറങ്ങാത്ത പട്ടണം

നാട്ടിൻപുറക്കാർക്ക് പട്ടണത്തിൽ പോകുക വലിയ പൗസാക്ക് (ആഡംബരം) ആണ്. അവിടത്തെ കാഴ്ചകളെപ്പറ്റിയും കെട്ടിടങ്ങളെപ്പറ്റിയും പിന്നെയും പിന്നെയും വളർത്തിപ്പറയുന്നത് ഞങ്ങളുടെ പോരിമതന്നെ.
കോളേജിൽ ചേർന്നപ്പോൾ എന്റെ കമ്പം കോഴിക്കോട് പട്ടണത്തെപ്പറ്റിയായിരുന്നു. ഞങ്ങളുടെ പടിഞ്ഞാറ് അറബിക്കടലിന്റെ തീരമാണത്. അതുകൊണ്ടു പട്ടണവാസികൾ ഞങ്ങളെ ‘കിഴക്കന്മാർ’ എന്നാണ് വിളിച്ചിരുന്നത്. കിഴക്കൻ എന്നുവെച്ചാൽ ഗ്രാമീണൻ, അപരിഷ്കൃതൻ, പട്ടിക്കാടൻ എന്നെല്ലാം അർഥം. അക്കാലത്ത് അങ്ങനെയൊരു പാട്ട് പ്രചാരത്തിലുണ്ട്:
‘മുക്കത്ത്ന്നൊരു കേക്കൻ മാപ്പിള വെറ്റിലച്ചോടും കേറ്റി വരുമ്പം...’ എന്നാണ് തുടക്കം. ഞങ്ങളുടെ നാട്ടുകാരനായ ഒരു മാപ്പിള വെറ്റില വിൽക്കാൻവേണ്ടി പട്ടണത്തിൽ പോകുന്നതും കാഴ്ചകൾ കണ്ട് അമ്പരക്കുന്നതും ആണ് പ്രമേയം. മാനാഞ്ചിറ മൈതാനം കണ്ടപ്പോൾ ‘പടച്ചറബ്ബേ! ഇത്തറേം വല്ല്യൊരു പറമ്പിൽ എത്ര മൂട് പൂള നടാമായിരുന്നു. അതു വെറുതേ ഇട്ടേക്ക്ണ്!’ എന്ന് ധാർമികരോഷം കൊള്ളുന്നിടത്താണ് പാട്ട് തീരുന്നത്. പുറംനാട്ടുകാർ മരക്കിഴങ്ങ്, കൊള്ളിക്കിഴങ്ങ്, മരച്ചീനി, കപ്പ എന്നെല്ലാം പറയുന്ന സാധനമാണ് പൂള. ആ വാക്ക് തെക്കോട്ടൊക്കെ തെറിയാണെന്ന് കോളേജിൽ ചെന്ന ആഴ്ചതന്നെ ഞാൻ കേട്ടു. എന്താ നിവൃത്തി?
എന്റെ കണ്ണിലെ വലിയ കാഴ്ച അന്ന് കടല് തന്നെയായിരുന്നു. അസ്തമയം കാണാൻ എന്തൊരു ചേല്! അന്നേരം കടപ്പുറത്തു വന്നുനിറയുന്ന ആളുകളുടെ ഉത്സാഹത്തിമിർപ്പിൽ പങ്കാളിയാവുന്നത് ഉഷാറ് (ഉന്മേഷം) വർധിപ്പിക്കും.
നഗരത്തിന്റെ ചരിത്രപ്രസിദ്ധിക്ക് വഴിയൊരുക്കിയത് കടലാണ്. ആ വഴിക്കാണ് പണ്ട് അറബികളും ഗ്രീക്കുകാരും ചീനക്കാരുമൊക്കെ വന്നത്. കടന്നുവന്ന പടിഞ്ഞാറുകാരിൽ മുൻപനായ വാസ്കോ ഡി ഗാമ (1469-1524) പോർത്തുഗീസ് നാവികനായിരുന്നു. അറബികളും മറ്റും വന്നത് കച്ചവടത്തിനാണ്. യൂറോപ്പുകാർക്ക് കച്ചവടത്തിനു പുറമേ നാട്ടുഭരണം പിടിച്ചടക്കണം എന്നുകൂടി ഉണ്ടായിരുന്നു.
ഇന്ത്യയിലേക്കുള്ള കടൽമാർഗം കണ്ടെത്തിയ ആദ്യത്തെ യൂറോപ്പുകാരനായ വാസ്കോ ഡി ഗാമ 1498-ൽ കോഴിക്കോട്ടെത്തി. പടിഞ്ഞാറിന്റെ കിഴക്കൻ അധിനിവേശത്തിന്റെ ആദ്യത്തെ കാൽവെപ്പായതുകൊണ്ട് ആ കൊല്ലവും പട്ടണവും ചരിത്രമായി.
അക്കാലത്ത് (1967) ഒരു പുരാതന പട്ടണമാണ് കോഴിക്കോട്. വീതികുറഞ്ഞ പൊട്ടിപ്പൊളിഞ്ഞ നിരത്തുകൾ. പഴയ ഉയരം കുറഞ്ഞ നിറം കെട്ടിടങ്ങൾ. വലിയ വ്യവസായമോ വ്യാപാരമോ ഇല്ല. വ്യാപാരങ്ങളിലൊന്ന് കല്ലായി കേന്ദ്രീകരിച്ചു നടന്നിരുന്ന മരക്കച്ചവടമാണ്. പിൽക്കാലത്ത് പേരുകേട്ട നടനായിത്തീർന്ന മാമുക്കോയ അന്ന് അവിടെ മരത്തിനു നമ്പർ കൊത്തുന്ന പണിക്കാരനായിരുന്നു.
വാസ്കോ ഡി ഗാമ ഇപ്പോൾ വന്നാലും പാളയത്തോ തളിയിലോ ഒന്നും വഴി തെറ്റുകയില്ല എന്ന് ഒരു തമാശ നടപ്പുണ്ടായിരുന്നു. അത്രമാത്രം പഴക്കവും ഇടുക്കവും നിരത്തുകൾക്കുണ്ടായിരുന്നു എന്നർഥം. ബഷീർ ആയിടെ എഴുതിയ ഒരു വിശേഷാൽ പ്രതിയുടെ പത്രാധിപർക്കുള്ള കത്തിൽ കോഴിക്കോടിന്റെ പേര് കോഴിക്കൂട് എന്ന് മാറ്റണം എന്ന നിർദേശിച്ചിരുന്നു. കാര്യം: നാറ്റം അത്ര കേമമായിരുന്നു.
എന്നെ ആകർഷിച്ച മറ്റൊരു രൂപം തീവണ്ടിയായിരുന്നു. വണ്ടിയാപ്പീസിലെ (റെയിൽവേസ്റ്റേഷൻ) തിക്കുംതിരക്കും വളരെ കൗതുകകരമായിത്തോന്നി. ഇംഗ്ളീഷുകാരുടെ ഭരണത്തിന്റെ നേട്ടങ്ങളിലൊന്ന് തീവണ്ടി. കടൽവഴിക്കല്ലാതെ കരവഴിക്ക് മലബാറിലേക്കു കടന്നുവന്ന കൂട്ടരായിരുന്നു മൈസൂർ രാജാക്കന്മാർ. ഹൈദരലി ഖാനും പുത്രൻ ടിപ്പുസുൽത്താനും സാമൂതിരിപ്പാടിന്റെ രാജ്യം കീഴടക്കി. മൂന്നാം മൈസൂർ യുദ്ധത്തിൽ ടിപ്പുവിനെ തോൽപ്പിച്ചാണ് ബ്രിട്ടീഷുകാർ മലബാർ സ്വന്തമാക്കിയത് (1792).
മലബാറിലെ പുതുമയുടെ പ്രധാനപ്പെട്ട അടയാളം തീവണ്ടിയായിരുന്നു.
നഗരത്തിലെ തോട്ടികളുടെ ദൃശ്യം എന്നെ അസ്വസ്ഥനാക്കിയിരുന്നു. ഒരു കൈയിൽ ചൂലും മറ്റേ കൈയിൽ ബക്കറ്റുമായി വരുന്ന ആ തൊഴിലാളികൾക്ക് ചുറ്റും പരന്നിരുന്ന ദുർഗന്ധം പട്ടണവാസികളുടെ വൃത്തിയില്ലായ്മയുടെ വിളംബരമായിരുന്നു. എന്നും മലം ചുമക്കേണ്ടിവരുന്ന ആ കൂട്ടരെപ്പറ്റി എനിക്ക് വളരെ വ്യസനം തോന്നുകയുണ്ടായി.
പിച്ചക്കാരും പോക്കറ്റടിക്കാരും പതിവ് കാഴ്ചകൾതന്നെ. ബസ്സ്റ്റാൻഡിൽ ‘പോക്കറ്റടിക്കാരെ സൂക്ഷിക്കുക’ എന്ന് ബോർഡുണ്ടാകും. തീവണ്ടിയിലും ബസ്സിലും പൈസയും പേനയും പാക്കട്ടും (പേഴ്സ്) ഇസ്ക്കുന്ന (കക്കുന്ന)വർ കാണും. അമ്പലങ്ങളിലും പള്ളികളിലും ചെരിപ്പ് കളവുപോകുന്നത് സാധാരണ കാര്യം. കുട മോഷ്ടിക്കുന്നവരെ തോൽപ്പിക്കാൻ അന്ന് മിക്കവരും കുടയിൽ പേര് എഴുതിക്കും. ബസ്സ്റ്റാൻഡിന്റെയും വണ്ടിയാപ്പീസിന്റെയും അടുത്ത് കുട നന്നാക്കുന്നവരും ചെരിപ്പുകുത്തികളും നിരന്നിരിപ്പുണ്ടാവും. ഓട്ടോറിക്ഷ അന്ന് അപൂർവം. അധികമുള്ളത് കൈറിക്ഷയും സൈക്കിൾറിക്ഷയുമാണ്. കുതിരവണ്ടികളുടെ എണ്ണവും കുറവ്. ചെലവ് കൂടിയത് കുതിരവണ്ടിയാണ്; കുറഞ്ഞത് കൈറിക്ഷയും.
എന്നെ അമ്പരപ്പിച്ച് രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ബസ് സ്റ്റാൻഡിന്റെ പരിസരങ്ങളിൽ കണ്ടിരുന്ന ചില യുവതികളും മധ്യവയസ്കകളുമാണ്. അവരിൽ ചിലർ നട്ടുച്ചയ്ക്കുപോലും ബസ്സ്റ്റാൻഡിൽ വെറും നിലത്ത് കിടന്നുറങ്ങുന്നത് കണ്ടിട്ടുണ്ട്. കുളിയും നനയുമില്ലാതെ, വെടിപ്പും വൃത്തിയുമില്ലാതെ കഴിഞ്ഞിരുന്ന അവർ മാനം വിറ്റ് ജീവിക്കേണ്ടിവരുന്ന ഭാഗ്യംകെട്ട കൂട്ടരാണ് എന്നറിവായി. അത്തരം നിശാസുന്ദരികളുടെ കഥകൾക്കൊപ്പം കേട്ട സ്വവർഗരതിയുടെ വിവരണങ്ങൾ നഗരത്തിന്റെ മറുവശം കാട്ടിത്തന്നു.
പട്ടണത്തിന്റെ പ്രശസ്തികളിലൊന്ന് ഹലുവയാണ്. കോഴിക്കോടൻ ഹലുവയുടെ ഏത് ഇനത്തിനും ആ സത്പ്പേരുണ്ട്. ഹലുവ എന്ന പദം അറബിയാണ്- മധുരപദാർഥം എന്നർഥം. ഇവിടെ ഒരു തെരുവിന്റെ പേര് ഹൽവ ബസാർ എന്നാണ്; മറ്റൊന്നിന്റെ പേര് മുട്ടായിത്തെരുവ് എന്നും.
കോഴിക്കോടിന്റെ മണം ഹൽവയുടേതാണ്. രുചി മധുരമാണ്. ഇവിടെ വരുന്നവർ വാങ്ങിക്കൊണ്ടുപോവുന്ന പ്രധാന വിഭവം ഹലുവയാകുന്നു. കടലിനോട് തൊട്ടുകിടക്കുന്ന കുറ്റിച്ചിറ ഭാഗക്കാർക്ക് ‘ചട്ടിപ്പത്തിരി’ എന്നൊരു പലഹാരമുണ്ട്. അണ്ടിപ്പരിപ്പ്, മുന്തിരി, പഞ്ചസാര, നെയ്യ്, മുതലായവ ചേർത്തുണ്ടാക്കുന്നതാണ്. മധുരം തന്നെ പ്രധാനം. ഇടിയങ്ങരയിലും എണ്ണപ്പാടത്തും അതിനു മിടുക്കുള്ള പെണ്ണുങ്ങൾ ഉണ്ടെന്നാണ് കേൾവി.
കുട്ടിക്കാലം തൊട്ടേ ഞാൻ മധുരപ്രിയനാണ്. ചാറ് നന്നായില്ല എന്നു പറഞ്ഞാൽ ഉമ്മ ലേശം പഞ്ചസാര എന്റെ വസി (പരന്നപാത്രം)യിൽ ഇട്ടുതരും. ഒന്നും മിണ്ടാതെ അതുംകൂട്ടി ചോറ് ബെയ്ച്ച് (ഭുജിച്ച്) ഞാൻ എണീറ്റുപോകും. ശരക്കര ചേർത്തു കൊടുത്താൽ ഞാൻ വൈക്കോലും തിന്നും എന്ന ബാപ്പ പറയാറുണ്ട്.
എന്നെ പ്രലോഭിപ്പിച്ചത് ബിരിയാണിയാണ്. പത്തു പാസാകുന്നതുവരെ ഞാൻ അത് കേട്ടിട്ടേയുള്ളൂ. കണ്ടിട്ടില്ല. നാട്ടിലെ ഏറ്റവും സമ്പന്നമായ തറവാട്ടിലെ ദരിദ്രശാഖയിലാണ് ഞാൻ പിറന്നു വളർന്നത്. കുടുംബക്കാരുടെ വീടുകളിൽപ്പോലും നെയ്ച്ചോറേ ഉണ്ടാകൂ. ബിരിയാണിയില്ല.
നഗരത്തിലെത്തിയിട്ട് ഞാൻ ആദ്യം കാണിച്ച ശുജായിത്തരം (വമ്പത്തരം) ബിരിയാണി തിന്നുകയാണ്. അതിന് പേരു കേട്ടത് ലക്കി ഹോട്ടലാണ്. ഞാൻ ഒറ്റയ്ക്കാണ് അവിടെ കയറിച്ചെന്നത്. എന്തുവേണമെന്ന് ചോദിച്ചപ്പോൾ ധൈര്യം സംഭരിച്ച് ഹാഫ് മട്ടൻ ബിരിയാണി എന്ന് ഓർഡർ കൊടുത്തു. വിലവിവരപ്പട്ടികയിൽ ഫുൾ മട്ടൻ ബിരിയാണിക്ക് 5 ഉറുപ്പിക എന്നും ഹാഫിന് 3 ഉറുപ്പിക 50 പൈസ എന്നും കാണിച്ചിട്ടുണ്ട്. ചിക്കൻ ബിരിയാണിക്ക് വില അതിലും കൂടുതലാണ്. അന്ന് ഒരാൾക്ക് ദിവസക്കൂലി ഒരു ഉറുപ്പികയായിരുന്നു.
ബിരിയാണിയുടെ നിറവും മണവും രുചിയും എനിക്ക് വളരെ പിടിച്ചു. പൈസ ഉണ്ടായിരുന്നെങ്കിൽ ഫുള്ളുതന്നെ തിന്നാമായിരുന്നു എന്നു കൊതിതോന്നി. ബില്ല് കിട്ടുന്നതൊക്കെ പുതുമയായിരുന്നു. അതിന്റെ പണം കൊടുക്കാൻ ചെന്നപ്പോൾ മേശപ്പുറത്തും പലതരം സിഗരറ്റുകൾ- നാഷണൽ, പാസ്സിങ് ഷോ, ചാർമിനാർ, സിസേഴ്സ്, ബർക്ക്ലി, ഗോൾഡ് ഫ്ളേക്ക് . ഇക്കൂട്ടത്തിൽ അന്തസ്സുള്ളത് സിസേഴ്സിനാണ്. കത്തിരി മാർക്ക് എന്നു പറയും.
കല്യാണത്തിന് വരുന്നവർക്ക് ഒരു താലത്തിൽവെച്ച് മുറുക്കാനും ബീഡിയും സിഗരറ്റും കൊടുക്കുന്ന പതിവുണ്ട്. സിഗരറ്റ് അധികവും നാഷണലോ പാസ്സിങ് ഷോയോ ആകും. കത്തിരി മാർക്ക് കൊടുത്താൽ ആളുകൾ എടുത്തുപറയും: ‘ഓന്റെ മോളെ കല്യാണത്തിന് കത്തിരി മാർക്ക് കൊടുത്തിരുന്നു’. കത്തിരി മാർക്കിന് 6 പൈസയും ഗോൾഡ് ഫ്ളേക്കിന് 16 പൈസയുമാണ് വില. ഗോൾഡ് ഫ്ളേക്ക് വലിക്കുന്നതു പ്രമാണിത്തരത്തിന്റെ പ്രഖ്യാപനമായിരുന്നു. അക്കാലത്ത് ചില മുതലാളിമാർ സിഗരറ്റിന്റെ ചെറിയൊരു ടിന്ന് കൈയിൽ കൊണ്ടുനടക്കും അങ്ങനെ ഗോൾഡ് ഫ്ളേക്കിന്റെ ടിന്നുമായി നടക്കുന്നതും ആ സിഗരറ്റ് മാത്രം വലിക്കുന്നതും ആദത്ത് (ശീലം) ആക്കിയിരുന്ന ഒരു പൈസക്കാരനെ നാട്ടുകാർ വിളിച്ചിരുന്നത് ‘ഗോൾഡ് ഫ്ളേക്ക് അബ്ദുല്ല ഹാജി’ എന്നാണ്. മൂപ്പര് അത് വലിയൊരു ബഹുമതിയായി കണക്കാക്കിയിരുന്നുവത്രേ!
ഒരു സിഗരറ്റ് എന്നു പറഞ്ഞപ്പോൾ മേശക്കിരിക്കുന്ന മധ്യ വയസ്കൻ ‘ഏതാ വേണ്ടത്’ എന്നു ചോദിച്ചു. ഞാൻ രണ്ടും കല്പിച്ച് പറഞ്ഞു: ‘‘ഗോൾഡ് ഫ്ളേക്ക്’’ മൂപ്പര് എന്നെ കണ്ണുകൊണ്ടൊന്ന് ഉഴിഞ്ഞു - ഉയരം കുറഞ്ഞ് കറുത്തുമെലിഞ്ഞ ഈ ചെക്കൻ ഇതൊക്കെ വലിക്കാറായോ?
ജീവിതത്തിൽ ആദ്യമായി ബിരിയാണി കഴിച്ചതിന്റെ മജ (അന്തസ്സ്)യിൽ നിൽക്കുമ്പോൾ സിഗരറ്റും ഒന്നാന്തരം ആയിക്കോട്ടെ എന്ന് തോന്നിപ്പോയി. സിഗരറ്റ് ചുണ്ടിലേക്കുവെക്കുമ്പോൾ വിരലിൽ ബിരിയാണിയുടെ മണം. കൈ കഴുകിയിട്ടും മുഴുവൻ പോയിട്ടില്ല. എനിക്ക് വലിയ റാഹത്ത് (തൃപ്തി) തോന്നി. അത് വലിച്ചുകൊണ്ട് ഹജൂരാപ്പീസിന്റെ മുൻപിൽ ഞാൻ കുറച്ചുനേരം നിന്നു. ആ നിരത്തിന് അന്ന് ഹുസൂർ റോഡ് എന്നാണ് പേര്. ഹുസൂർ എന്ന അറബിപദത്തിന് ആദരണീയൻ എന്നർഥം. ആ പേര് വന്നത് മലബാർ കളക്ടറുടെ ആസ്ഥാനമായ ‘ഹജൂരാപ്പീസ്’ അവിടെ ആയിരുന്നതുകൊണ്ടാകും.
ബ്രിട്ടീഷുകാർ ചെങ്കല്ലുകൊണ്ട് പശ്ചാത്യസമ്പ്രദായത്തിൽ പണിതുയർത്തിയ കാര്യാലയം. കേളികേട്ട മലബാർ കളക്ടർ വില്യം ലോഗനും (1841-1914) മറ്റും ഇരുന്നത് ഇവിടെയാണ്. അത്ര പ്രൗഢിയുള്ള മറ്റൊരു കെട്ടിടവും നഗരത്തിലില്ല. ഹജൂർ കച്ചേരി എന്നോ ഹജൂർ ആപ്പീസ് എന്നോ നാട്ടുകാർ വിളിക്കുന്നു. ആ വകയിലാവാം, മുന്നിലെ നിരത്തിന് ഹുസൂർ റോഡ് എന്ന് പേരായത്. 1967-ലെ രണ്ടാം ഇ.എം.എസ്. സർക്കാർ പത്തുകൊല്ലം മുൻപ് അവർ തുടങ്ങിവെച്ച ഭൂപരിഷ്കരണവുമായി മുന്നോട്ടുപോയി. നമ്മുടെ ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമാണത് എന്ന് എനിക്ക് അന്നേ ഒരു തോന്നലുണ്ട്.
ഞങ്ങൾ സ്കൂളിൽ പഠിക്കുമ്പോഴൊന്നും നാട്ടിൽ കള്ളുഷാപ്പോ ചാരായഷാപ്പോ ഇല്ല. മലബാർ അന്ന് മദ്യനിരോധിത മേഖലയാണ്. അങ്ങനെ പരസ്യമായി കള്ളുഷാപ്പിലോ ചാരായഷാപ്പിലോ കേറി ആളുകൾ കുടിക്കും എന്ന് എനിക്ക് തോന്നിയിരുന്നില്ല. മലബാറിലെ ഈ നിരോധനം എടുത്തുകളഞ്ഞത് 1967-ലെ സർക്കാരാണ്. കള്ള്, റാക്ക്, ചാരായം തുടങ്ങിയ ബോർഡുകൾ കാണുന്നത് വളരെ തമാശയായിരുന്നു. യാതൊരു കൂസലുമില്ലാതെ ആളുകൾ അമ്മാതിരി ഷാപ്പുകളിലേക്ക് കയറിപ്പോകുന്നത് കണ്ടിട്ട് എനിക്ക് നാണക്കേട് തോന്നി. എന്തിന് തോന്നിയോ, എന്തോ?
റാക്ക് എന്ന പദം മലയാളത്തിലേക്ക് വന്നത് ഇംഗ്ളീഷിലെ ‘അരാക്കി’ൽ നിന്നാണെങ്കിലും ഇംഗ്ളീഷുകാർ അറബിയിലെ ‘അറക്ക്’ൽ നിന്നാണ് അതെടുത്തത്. അക്കാലത്തെ വലിയൊരു വാർത്ത കേരളത്തിൽ സർക്കാർ ലോട്ടറി തുടങ്ങിയതാണ്. ഇന്ത്യയിൽത്തന്നെ അത് ആദ്യമായിരുന്നു. രണ്ടാം ഇ.എം.എസ്. മന്ത്രിസഭയിലെ ധനകാര്യമന്ത്രി പി.കെ. കുഞ്ഞുവാണത് തുടങ്ങിവെച്ചത്(1967). ടിക്കറ്റ് നിരക്ക് ഒരു ഉറുപ്പിക, ഒന്നാം സമ്മാനം അൻപതിനായിരം ഉറുപ്പിക!
നേരത്തേ നാട്ടിൽ പേരുള്ള ലോട്ടറി ‘കൽക്കത്താ ഷോടതി’യാണ്. അതിന്റെ ഒന്നാംസമ്മാനം നൽപ്പതിനായിരം ആയിരുന്നു. അതുതന്നെ മനുഷ്യന് സങ്കല്പിക്കാൻ കഴിയാത്ത തുകയാണ്. ലക്ഷം എന്നൊക്കെ കഷ്ടി കേട്ടിട്ടേയുള്ളൂ. വമ്പൻ പൈസക്കാരൻ ലക്ഷപ്രഭു ആണ്. ഷോടതി, ഭാഗ്യക്കുറി തുടങ്ങിയ പേരുകൾ വളരെ വേഗം ലോട്ടറിക്ക് വഴി ഒഴിഞ്ഞുകൊടുത്തു.
കോഴിക്കോട്ട് തീനും കുടിയും പ്രധാനമാണ്. സത്കാരവും സ്വീകരണവുമാക്കെ വളരെ ജോർ! നട്ടപ്പാതിരയ്ക്കും ചൂടുള്ള ബിരിയാണി കിട്ടും. ഏതു സമയത്തും ചായയും കടിയും കിട്ടും.
ഫുട്ബോളും സംഗീതവുമാണ് നഗരത്തിന്റെ ജീവൻ നിലനിർത്തുന്നത്. ഒളിമ്പ്യൻ റഹ്മാൻ, ബാബുരാജ് എന്നീ പേരുകൾ ഓർത്താൽ ഇപ്പറഞ്ഞത് എളുപ്പം തിരിഞ്ഞുകിട്ടും. എല്ലാ മുക്കിലും മൂലയിലും ഫുട്ബോളുണ്ട്. അക്കാലത്ത് നാഗ്ജി ഫുട്ബോൾ ടൂർണമെന്റാണ് പ്രധാനം. തെക്കേപ്പുറം ഭാഗത്ത് ഹിന്ദുസ്ഥാനി സംഗീതമുണ്ടെങ്കിൽ തളി ഭാഗത്ത് കർണാടകസംഗീതമുണ്ട്.
ഉറങ്ങാത്ത പട്ടണമാണ് കോഴിക്കോട്. മാപ്പിളമാർക്ക് ഇഷ്ടപ്പെട്ട പ്രയോഗങ്ങളിലൊന്നാണ് ‘രാവ് ഹയാത്താക്കുക’ എന്നത് ‘ഹയാത്തിന്’ ജീവനുള്ളത് എന്ന് അർഥം. രാത്രിയെ സജീവമാക്കുക എന്നത് ഈ നഗരത്തിന്റെ സവിശേഷതകളിൽ പ്രധാനമാകുന്നു.
(തുടരും)
Content Highlights: Nostalgic journey into Kozhikode during 1967, capturing its unique urban and rural dynamics., Historical milestones including Vasco da Gama's arrival, British rule, and the land reforms., Culinary highlights exploring the fame of Kozhikode halva, biryani culture, and local delicacies., Cultural vibrancy through football, music, and the bustling nightlife of the city.