എനിക്ക് എഴുത്ത് ഒരു കവചമാണ്, ഒരായുധത്തിനും അതിനെ തുളച്ചുകയറാൻ കഴിയില്ല- വൈരമുത്തു

ജ്ഞാനപീഠംനേടിയ തമിഴ് കവിയും നോവലിസ്റ്റും ഗാനരചയിതാവുമായ വൈരമുത്തു സംസാരിക്കുന്നു. വൈരമുത്തുവിന്റെ പരിഭാഷകനും എഴുത്തുകാരനുമായ കെ.എസ്. വെങ്കിടാചലത്തിന് അനുവദിച്ച അഭിമുഖത്തിൽനിന്ന്.
കവി വൈരമുത്തുവിനാണോ ഗാനരചയിതാവ് വൈരമുത്തുവിനാണോ നോവലിസ്റ്റ് വൈരമുത്തുവിനാണോ ഈ പുരസ്‌കാരം?
ഈ അവാർഡ് ലഭിച്ചത് വൈരമുത്തു എന്ന എഴുത്തുകാരനാണ്. സൃഷ്ടികർത്താവിന്.
അതിപുരാതനമായ ദ്രാവിഡസംസ്‌കാരവും കാവ്യപാരമ്പര്യവും താങ്കളെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?
ദ്രാവിഡം എന്നത് ഒരു വ്യത്യസ്ത സംസ്‌കാരമാണ്, വ്യത്യസ്തസാഹിത്യമാണ്, വ്യത്യസ്ത നാഗരികമാണ്. ഇതുമൂന്നും എന്നെ ശക്തമായി സ്വാധീനിക്കുന്നു.
ഗാനരചനയെയും കാവ്യരചനയെയും താങ്കൾ എങ്ങനെയാണ് സമീപിക്കുന്നത്?
കവിത സ്വതന്ത്രമായ കലയാണ്. എന്റെ തൊഴിലിന്റെ ഭാഗമല്ല. ഗാനമെഴുത്ത് തൊഴിലാണ്. ട്യൂണിനും കഥയ്ക്കും അനുസരിച്ച് എഴുതപ്പെടുന്നതാണ്. അത് കലയല്ല, തൊഴിൽ.
എഴുത്ത് താങ്കൾക്ക് പ്രതിരോധമാണോ?
തീർച്ചയായും. എനിക്ക് എഴുത്ത് ഒരു കവചമാണ്. ഭാഷകൊണ്ട് ഞാൻ അണിയുന്ന കവചം. ഒരായുധത്തിനും അതിനെ തുളച്ചുകയറാൻ കഴിയില്ല.
രാഷ്ട്രീയം സാഹിത്യത്തിൽ സാധ്യമാണോ?
എന്റെ തമിഴിൽ രാഷ്ട്രീയമുണ്ടാവും. പക്ഷേ, രാഷ്ട്രീയത്തിനുള്ളിൽ എന്റെ തമിഴ് ഉണ്ടാവില്ല.
വർത്തമാനകാല തമിഴ് സാഹിത്യത്തെ താങ്കൾ ശ്രദ്ധിക്കാറുണ്ടോ?
നന്നായി ശ്രദ്ധിക്കാറുണ്ട്. പുതിയ എഴുത്തുകാരുടെ എഴുത്തിൽ വ്യക്തിത്വം, തനിത്വം, പുതുമ എന്തെങ്കിലും കാണാൻ സാധിക്കുമ്പോൾ, കാണുമ്പോൾ സന്തോഷിക്കും. അദ്ഭുതപ്പെടും.
സിനിമകളിൽ പാട്ടുകൾക്ക് ഏറെ മാറ്റംവന്നല്ലോ. ഗാനസാഹിത്യത്തിന്റെ മരണകാലമാണോ ഇത്?
This is a transition period. വീണ്ടും പഴയ കാലം വരും. കണ്ണദാസൻ, പട്ടുകോട്ട കല്യാണസുന്ദരം, വയലാർ, ഭാസ്‌കരൻ, ഒ.എൻ.വി. തുടങ്ങിയവരുടെ സുവർണകാലം തിരിച്ചുവരും; സംശയമില്ല.
ആർക്കാണ് ഈ പുരസ്‌കാരം സമർപ്പിക്കുന്നത്?
എന്നെ എഴുതിച്ച, എഴുതിക്കുന്ന മണ്ണിനും ജനങ്ങൾക്കും ഈ പുരസ്‌കാരം സമർപ്പിക്കുന്നു.
Content Highlights: Vairamuthu views writing as a protective shield against societal challenges., Distinction between poetry as independent art and songwriting as a profession., Reflections on the influence of Dravidian culture on his literary identity.