ഞാന്‍ എന്നെത്തന്നെ കോപ്പിയടിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നയാളാണ്-ജീത് തയില്‍

ജീത് തയിലിന്റെ പ്രഥമനോവലായ 'നാർക്കോപോളിസ്'(2011), തുടർന്നുവന്ന 'ദ ബുക്സ് ഓഫ് ചോക്ലേറ്റ് സെയിന്റ്സ്'(2017) എന്നിവയ്ക്കുശേഷം നോവൽ ത്രയത്തിലെ മൂന്നാമതായ 'ലോ ഈ വർഷം പുറത്തിറങ്ങി. എഴുത്തിലെ മാസ്മരികതകൊണ്ട് ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ജീത് തയിൽ തന്റെ ആരാധകർ ചോദിച്ച പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയുന്നു.
വായനക്കാരെ ആസ്വാദനത്തിന്റെ വേറിട്ട തലങ്ങളിലേക്ക് ക്ഷണിച്ചുകൊണ്ടാണ് താങ്കളുടെ പ്രഥമനോവലായ നാർകോപോളിസ് ശ്രദ്ധനേടിയത്. കാവ്യാത്മകതയും സ്ട്രീം ഓഫ് കോൺഷ്യസ്നസ് ടെക്നിക്കും ഒരേ പോലെ ട്രീറ്റ് ചെയ്തിരിക്കുന്നു നാർക്കോപോളിസിൽ. നോവൽ ആരംഭത്തിൽ തന്നെ രചനാസങ്കേതത്തെക്കുറിച്ച് ബോധവാനായിരുന്നോ? നാർക്കോപോളിസിനെ ഏത് ജാനറിലാണ് ഞങ്ങൾ ഉൾപ്പെടുത്തേണ്ടത്?
എല്ലാവർക്കും പരിചിതമായ, വായനാശേഷിയ്ക്ക് സാധ്യതയുള്ള ആഖ്യാനശൈലിയാണ് നാർക്കോപോളിസ്സിൽ സ്വീകരിച്ചിരിക്കുന്നത്. കടൽപോലെ ശാന്തമാണത്. അതേസമയം കാവ്യാത്മകവും. പക്ഷികളെക്കുറിച്ചുള്ള അതിസൂക്ഷ്മവിശദീകരണങ്ങൾ ഉണ്ടതിൽ. കാറ്റിന്റെ മൂളലും എം.ജി റോഡിലെ ഗതാഗതത്തിരക്കും എല്ലാമവിടെ നിങ്ങൾക്കും ഗ്രഹിക്കാം. നാർക്കോപോളിസിനെ അതിന്റേതായ വഴിയ്ക്കു വിട്ടാണ് ഞാൻ രചനപൂർത്തിയാക്കിയത്. എഴുത്തിന് മുമ്പ് അത്ര വലിയ പ്ളാനിങ്ങൊന്നുമില്ലായിരുന്നു. ഞാൻ എഴുത്തുതുടങ്ങി, അഞ്ചുവർഷം എടുത്തു പൂർത്തിയാക്കാൻ. എന്തുകൊണ്ട് എന്ന് ചോദിക്കരുത്. ജാനറുകളെപ്പറ്റിയുള്ള ആകുലതകൾ എന്നെ ഒരിക്കലും അലട്ടാറില്ല. ഒരു പക്ഷേ നിങ്ങൾക്കു പറയാൻ കഴിയും അതേത് ജാനറിലാണെന്ന്.
താങ്കളുടെ നോവൽ ത്രയത്തിലെ മൂന്നാമത്തേതും-'ലോ'- പ്രസിദ്ധീകരിച്ചിരിക്കുന്നു. 'ലോ'യെക്കുറിച്ച്?
ബോംബെയെന്ന മെട്രോപൊളിറ്റൻ നഗരത്തിലെ അമ്പതുവർഷത്തെ ജീവിതത്തെക്കുറിച്ചാണ് 'ലോ' പറയുന്നത്. നോവൽത്രയത്തിലെ അവസാനത്തേതും തീർന്നു എന്നേ 'ലോ' കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. നമ്മുടെ ചരിത്രപ്രസിദ്ധമായ സംഭവങ്ങൾക്കുനേരെ ടോർച്ചടിച്ചുനോക്കലണ് ആ നോവൽ. നിഷ്കളങ്കരായവർ പലരും ഭീതിതമായാണ് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുളളത്. ഇനിയൊരിക്കലും ഡ്രഗ്സിനെക്കുറിച്ചോ ബോംബെയെക്കുറിച്ചോ ഞാൻ എഴുതില്ല എന്നാണെന്റെ വിശ്വാസം.
റൊമാന്റിക് കവികളിൽ പ്രമുഖനായ കോൾറിഡ്ജ് തന്റെ വിഖ്യാതകാവ്യമായ 'കുബ്ളേഖാൻ' എഴുതിയത് ഓപ്പിയം ഉപയോഗിച്ചതിന്റെ ലഹരിയിലാണെന്ന് പറയപ്പെടുന്നു. പല മഹാന്മാരായ എഴുത്തുകാരും തങ്ങളുടെ മഹദ് രചനകൾക്ക് ജന്മം കൊടുത്തിരിക്കുന്നത് ലഹരിയുടെ സഹായത്താലാണ്. ആർട്ടും അഡിക്ഷനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?
ലഹരിയ്ക്കടിമപ്പെട്ടതുകാരണം എണ്ണമറ്റ മഹദ്രചനകൾ പുറംലോകം കാണാത്തതിനെക്കുറിച്ചു ചിന്തിക്കുമ്പോൾ അവിടെ ആർട്ടും അഡിക്ഷനും തമ്മിൽ ബന്ധമില്ല.. ലഹരി ആർട്ടിസ്റ്റിനെ നശിപ്പിക്കുന്നതുകൊണ്ട് മാത്രം സംഭവിക്കുന്നതാണത്. ലഹരിയുമായി യുദ്ധത്തിലേർപ്പെടാത്ത ധാരാളം കലാകാരന്മാർ തങ്ങളുടെ മഹദ്സൃഷ്ടികളെ ലോകത്തിനായി കാഴ്ചവെച്ചുകൊണ്ടേയിരിക്കുന്നു.
പരിപൂർണമായ അച്ചടക്കം ആവശ്യപ്പെടുന്ന ഒന്നാണ് എഴുത്ത്. എങ്ങനെയാണ് താങ്കൾ ഇത് മാനേജ് ചെയ്യുന്നത്? എഴുത്തുകാരനായ ജീത് തയിലിന്റെ ഒരു ദിവസത്തെക്കുറിച്ച് ?
ഞാൻ അതിരാവിലെ എഴുന്നേല്ക്കും. സ്വന്തമായി ഒരു കപ്പ് കാപ്പിയുണ്ടാക്കി അതുമായി എന്റെ എഴുത്തുമേശയിലിരിക്കും. അതാണ് അച്ചടക്കമെങ്കിൽ ഞാൻ തികഞ്ഞ അച്ചടക്കമുള്ളയാളാണ്.
ആദ്യമായി ക്ളൈമറ്റ്നോവൽ എഴുതിത്തുടങ്ങുന്നവരുടെ ശ്രദ്ധയിലേക്ക് എന്താണ് പറയാനുള്ളത്?
നിർഭാഗ്യവശാൽ നിങ്ങളുടെ ജോലി നിങ്ങൾക്കായിതന്നെ വെട്ടിമാറ്റപ്പെടും.
എഴുത്തുകാരന്റെ സ്വഭാവരൂപീകരണം എന്നത് വലിയൊരു ടാസ്ക് ആണല്ലോ?
ഇക്കാര്യത്തിൽ ഞാനത്ര ശ്രദ്ധചെലുത്താറില്ല. എല്ലാ എഴുത്തുകാരെയും പോലെ ഞാനും അന്ധമായിവിശ്വസിക്കുന്നയാളാണ്. പ്രചോദനത്തെ വിശകലനം ചെയ്ത് തളർത്തി അത് നശിപ്പിക്കാൻ ഞാനാഗ്രഹിക്കുന്നില്ല.
സർഗാത്മകതയുടെ ഒരുപാട് തലങ്ങൾ ഒരേ സമയം കൈകാര്യം ചെയ്യുന്നയാളാണ് താങ്കൾ. ഒരു മാധ്യമത്തിൽ നിന്നും മറ്റൊരു മാധ്യമത്തിലേക്ക് മാറുമ്പോൾ ഒന്നിന് മറ്റൊന്നിന്റെ സ്വാധീനം ഉണ്ടാവാറില്ലേ? എല്ലാറ്റിനെയും എങ്ങനെയാണ് വേറിട്ട് നിർത്തുന്നത്?
ഞാൻ സംഗീതജ്ഞനാണ്, കവിയാണ്, നോവലിസ്റ്റാണ് എഡിറ്ററുമാണ്. ഒന്ന് മറ്റൊന്നിലേക്ക് ഒഴുകാനുള്ള സന്ദർഭങ്ങളുണ്ടാകും. സാധ്യത കൂടുതലാണ്. ഞാൻ എന്നെത്തന്നെ കോപ്പിയടിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നയാളാണ്.
കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ
Content Highlights: Question answer session with Writer Jeet Thayil
Content Highlights: