അതെന്റെ കഴിവല്ല, അതിന്റെ പരിപൂര്ണ ആദരവ് ആ കാഴ്ച ഒരുക്കിയവര്ക്ക് അവകാശപ്പെട്ടത്

ഇന്ത്യൻ ക്ലാസിക് സിനിമകളുടെ മുൻനിരയിലേക്ക് മണിച്ചിത്രത്താഴ് പ്രവേശിച്ചത് കാലമിത്രയായിട്ടും പുതുമയും ഉദ്വേഗവും നഷ്ടപ്പെടാത്തതുകൊണ്ടാണ്. മണിച്ചിത്രത്താഴിട്ടു പൂട്ടിയ ആ എഴുത്തുവശമാണ് തിരക്കഥാകൃത്ത് മധുമുട്ടത്തെയും വ്യത്യസ്തനാക്കുന്നത്. പ്രളയം വന്നാലും കോവിഡ് വന്നാലും മലയാളിയുടെ ട്രോളിൽ നാഗവല്ലി ശൗര്യത്തോടെ വിടമാട്ടേ എന്നു ചോദിക്കുന്നു. ഏകാന്തതയെ സ്നേഹിക്കുന്ന മധുമുട്ടത്തോട് സുഖമല്ലേ എന്ന ഒരു സ്നേഹാന്വേഷണം. മറുപടിയായിരുന്നു രസം.
''ഞാൻ സുഖായിട്ടിരിക്കുന്നു. എനിക്ക് ഈ ജീവിതം മുഴുവൻ ക്വാറന്റൈൻ പോലെയാണ്. ഒറ്റയ്ക്കാണ് അതുകൊണ്ടുതന്നെ നിങ്ങളൊക്കെ അനുഭവിക്കുന്ന, അകത്തുതളച്ചിടപ്പെട്ടു എന്ന വിങ്ങലൊന്നുമില്ല. എന്തായാലും അന്വേഷിച്ചല്ലോ. സന്തോഷം. എന്തായാലും ലോകം മുഴുവൻ അടച്ചിട്ട് അകത്തിരിക്കുകയല്ലേ. അപ്പോൾ പിന്നെ ഞാനും അക്കൂട്ടത്തിലുണ്ട്. പിന്നെ ഒരെഴുത്തുപരിപാടി നടക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ പറയാനായിട്ടില്ല. കഥയാവശ്യപ്പെട്ട സംവിധായകൻ ഇടയ്ക്കിടെ വിളിച്ചന്വേഷിക്കും. നിങ്ങൾ മാധ്യമപ്രവർത്തകർ സൂക്ഷിക്കണം കേട്ടോ. വൈറസ് ബാധയേൽക്കരുത്. എല്ലാവരും സൂക്ഷിക്കണം.
ഇനിയിപ്പോൾ ചോദിച്ചത് എന്റെ വായനയെക്കുറിച്ചല്ലേ. എനിക്കങ്ങനെയുള്ള പരപ്പൻ വായനയൊന്നുമില്ലാട്ടോ. എന്നെ പിടിച്ചുനിർത്തി വായിപ്പിക്കുന്നതിനെ ഞാൻ വായിക്കും. അത്ര തന്നെ. പിന്നെ ആത്മാന്വേഷണപരമായ വിഷയങ്ങളിലാണ് എന്റെ വായനാതാൽപര്യം. ഉപനിഷത് കൃതികളെ സംബന്ധിച്ചിട്ടുള്ള പുസ്തകങ്ങളൊക്കെ വായിക്കാനിഷ്ടമാണ്. സ്വത്വാന്വേഷണത്തിന്റെ ഭാഗമാണ് എന്റെ വായന. ഇനി സർഗാത്മകവായനയാണെങ്കിൽ ഞാൻ തിരഞ്ഞെടുക്കുക എസ്.കെ. പൊറ്റക്കാട്, പി.കെ. ബാലകൃഷ്ണൻ തുടങ്ങിയവരെയാണ്.
ഞാനെന്തെങ്കിലും എഴുതാൻ ശ്രമിച്ചെങ്കിൽ അതിന്റെ പ്രചോദനം മാതൃഭൂമി ആഴ്ചപ്പതിപ്പായിരുന്നു. അക്കാലത്ത് ബംഗാളി നോവലുകളുടെ വിവർത്തനങ്ങൾ വരുമായിരുന്നു ആഴ്ചപ്പതിപ്പിൽ. യയാതിയൊക്കെ വായിച്ചത് അങ്ങനെയാണ്.
ഇനി എന്റെ സാഹിത്യപരിശ്രമങ്ങളെക്കുറിച്ചല്ലേ അറിയേണ്ടത്. ഞാൻ കഥകളൊന്നും അങ്ങനെ എഴുതിയിട്ടില്ല. എന്റെ മനസ്സിലേക്ക് എപ്പോളും മുഹൂർത്തങ്ങളാണ് വരിക. അത് നാടകീയമായി അവതരിപ്പിക്കാനാണ് ഞാൻ ശ്രമിക്കാറ്. സിനിമയുടെ കാൻവാസാണ് മനസ്സിലേക്ക് വരിക. സാഹിത്യം എന്നതൊക്കെ വലിയ സംഗതിയാണ്. വലിയ ദൗത്യങ്ങളാണ്. അതിലേക്കൊന്നുമില്ല.
അപ്പോൾ കഥയും നോവലും എഴുതുന്നതിലും എളുപ്പമാണോ തിരക്കഥയെഴുതാൻ എന്നല്ലേ ചോദ്യം. അല്ല. ഒരിക്കലുമല്ല. ഒരു സംഭവവും നേരിട്ട് കണ്ടവൻ നിങ്ങളോട് പറയുന്നതാണ് കഥ. തിരക്കഥയിൽ സംഭവം ആരും കാണുന്നില്ലല്ലോ. തിരക്കഥാകൃത്ത് തന്നെ കാണുകയും വേണം അവതരിപ്പിക്കുകയും വേണം. അതും ചെലവേറിയ മാധ്യത്തിലൂടെയാണ് അവതരണം എന്ന ബോധ്യവുമുണ്ടാകണം. കഥ പറച്ചിലും കഥ കാണിക്കലും തമ്മിലുള്ള അന്തരമാണത്.
മണിച്ചിത്രത്താഴ് കാലാകാലങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിൽ അതെന്റെ കഴിവൊന്നുമല്ല. അതിന്റെ പരിപൂർണമായ ആദരവ് കൊടുക്കേണ്ടത് ആ കാഴ്ച ഒരുക്കിയവർക്കാണ്. സംവിധായകനും. ക്യാമറയും ആർട്ടിസ്റ്റുകളും കലാസംവിധായകരും മുതൽ ലൈറ്റ് ബോയ് വരെയുള്ളവരുടെ പ്രയത്നമാണത്. എഴുത്തിന് അവിടെ വലിയ പ്രാധാന്യമുണ്ടെന്ന് എനിക്കു തോന്നിയിട്ടില്ല. സിനിമ കാഴ്ചകളാക്കി തരുന്നിടത്തോളം കാലം അതിന്റെ ക്രെഡിറ്റ് മേൽപ്പറഞ്ഞവർക്കാണ്. നമ്മൾ എഴുതിവക്കുന്നത് എങ്ങനെ കാഴ്ചയാക്കിത്തരുന്നു എന്നതാണ് കാര്യം. അണിയറയ്ക്കു പിറകിൽ ഒരുമൂലയ്ക്ക് ഒരു വിനീതമായ പ്രവൃത്തി എന്ന നിലയിൽ തിരക്കഥയെ കാണാനാണ് എനിക്കിഷ്ടം.
സെല്ലുലോയ്ഡിലേക്ക് കഥയെ എപ്പോൾ പകർത്തിയോ അപ്പോൾ കഥ മരിച്ചു. പിന്നെ കാണുന്നത് നാടകീയതയാണ്. വ്യാഖ്യാനഭേദങ്ങളിലൂടെ ആ സിനിമയെ എന്നും നിലനിർത്തുന്ന കാഴ്ചക്കാരനാണ് പിന്നെ പ്രസക്തിയുള്ളത്. പ്രേക്ഷകന്റെ സാമാന്യബുദ്ധിയെ കുഴക്കാതിരിക്കുക എന്നതാണ് തിരക്കഥാകൃത്തിന്റെ ജോലി. ലോകം എന്ന സംസ്കൃതപദത്തിന്റെ അർഥം തന്നെ കണ്ടുവ്യാഖ്യാനിക്കുക എന്നതാണ്. കണ്ടെടുക്കലാണ് സിനിമ. രചന എന്നു പറയുന്നത് അവിടെ നടത്തുന്നത് കാഴ്ചക്കാരാണ്.
ഞാൻ ഒരു നല്ല സിനിമാ ആസ്വാദകനോ നല്ല വായനക്കാരനോ അല്ല. എന്റെ അഭിപ്രായങ്ങൾ എന്റേതുമാത്രമാണ്. വളരെ പക്ഷപാതപരമായിട്ടാണ് എല്ലാം കാണുക. ഞാൻ എന്തോ ഒന്ന് അന്വേഷിക്കുന്നുണ്ട്. അത് കാണുന്ന സിനിമയിലും ഞാൻ വായിക്കുന്ന കഥകളിലുമുണ്ടോ എന്നാണ് ഞാൻ അന്വേഷിക്കുക. അതെന്താണെന്നു ചോദിച്ചാൽ എനിക്കുമാത്രമേ മനസ്സിലാവുകയുള്ളൂ. പറഞ്ഞു മനസ്സിലാക്കാൻ എനിക്കാവില്ല.
ഈ ഏകാന്തതയ്ക്ക് ഒരു മൗലികതയുണ്ട്. കഴിഞ്ഞ ദിവസം ഫാസിൽ മാഷ് വിളിച്ചപ്പോൾ ഞാൻ പറഞ്ഞു എനിക്കിത് ശീലമാണല്ലോ. ഈ ഏകാന്തത. ലോകം മുഴുവൻ അന്ധാളിച്ചിരിക്കുന്നതിന്റെ ഒരു വിഷാദം എനിക്കുമുണ്ട്. അല്ലാത്ത പക്ഷം ഏകാന്തതയെ ഞാനെന്റെ ജീവിതത്തിൽ അനുവദിച്ചു കൊടുത്തതാണ്. ഒരാൾക്കുള്ള ഭക്ഷണമല്ലേ. അത് ഞാൻ ഉണ്ടാക്കും. ഇനി കൊറോണയൊക്കെ കഴിഞ്ഞ് ഇങ്ങോട്ടുവരുന്നേൽ അറിയിക്കണം. ഒരാൾക്കുംകൂടി അരി അധികമിടാനാണ്.
Content Highlights: Script Writer Madhu Muttam, Malayalam Literature, Manichithrathazhu
Content Highlights: