പ്രണയം മനോഹരമാകുന്നത് അത് നഷ്ടപ്പെടുമ്പോഴാണ്- മുരുകന്‍ കാട്ടാക്കട

മുരുകന് കാട്ടാക്കട എന്ന കവിയുടെ കവിതകളിലൂടെ കണ്ണോടിക്കുമ്പോള്‍ ആദ്യമേ മനസ്സിലെത്തുന്നത് 'കണ്ണട' യാണ്. ഈ കവിതയില്‍ 'ഒഴിഞ്ഞ കൂരയില്‍ ഒളിഞ്ഞിരിക്കും കുരുന്നുഭീതി കണ്ണുകള്‍ കാണാം.....' എന്ന വരികള്‍ക്ക് വര്‍ത്തമാനകാലത്തിന്റെ വ്യാകുലതകളില്‍ സജീവമായി ചര്‍ച്ചചെയ്യുന്ന വാളയാറിന്റെ പശ്ചാത്തലത്തില്‍ വീണ്ടും പ്രസക്തി കൈവന്നിരിക്കുകയാണല്ലോ? രണ്ടുദശകങ്ങള്‍ക്കുമുമ്പ് എഴുതിയ ഈ കവിതയുടെ രോദനം ഇപ്പോഴും കേരളസമൂഹത്തില്‍ അലയടിച്ചുകൊണ്ടേയിരിക്കുന്നു. എങ്ങനെയാണ് കവിക്ക് ഈ ദീര്‍ഘവീക്ഷണം ലഭിച്ചത് ?
എല്ലാകാലത്തുമുള്ള മനുഷ്യദുഃഖങ്ങളെയാണല്ലോ കവികള്‍ അടയാളപ്പെടുത്തുന്നത്. മനുഷ്യന്റെ വേദനകളും ദുഃഖങ്ങളും ദുരിതങ്ങളും മുമ്പത്തേക്കാള്‍ കൂടുതല്‍ ഇന്ന് വര്‍ധിച്ചിരിക്കുന്നു. 'കണ്ണട' എഴുതുന്ന കാലത്ത് എനിക്കുചുറ്റുമുള്ള സമൂഹത്തിന്റെ വേദനകളും ദുരവസ്ഥകളുമാണ് പ്രചോദനമായത്. ഒരു കവിയെന്ന നിലയില്‍ അതിലുപരി ഒരു മനുഷ്യനെന്ന നിലയില്‍ നമ്മളിങ്ങനെ ആയാല്‍പോരാ, നാം ഇനിയും മുന്നോട്ടുപോകേണ്ടിയിരിക്കുന്നു എന്ന ചിന്തയോടൊപ്പം സമത്വത്തിലധിഷ്ഠിതമായ ഒരു സമൂഹമായിരിക്കണം നമ്മുടേത് എന്ന ആശാവഹമായ ഒരു കാഴ്ചപ്പാടും ആ കവിതയിലൂടെ വിളംബരംചെയ്യപ്പെടുന്നുണ്ട്. ദൗര്‍ഭാഗ്യവശാല്‍ അന്ന് എന്നെ വ്യാകുലപ്പെടുത്തിയിരുന്ന ആസുരഭാവങ്ങള്‍ പൂര്‍വാധികം ശക്തിയോടെ സമൂഹത്തിനെ ഇന്നും പിടിമുറുക്കിയിരിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് വാളയാറിലൂടെ മിന്നിമറയുന്നത്.
ഒരു കവിയുടെ അല്ലെങ്കില്‍ എഴുത്തുകാരന്റെ ചിന്തകളും ആശയങ്ങളും സമൂഹത്തിനെ എത്രമാത്രം സ്വാധീനിക്കുന്നുണ്ട്?
എഴുത്തുകാര്‍ക്കും കവികള്‍ക്കുമൊക്കെ സമൂഹത്തെ മാറ്റിമറിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അവര്‍ക്ക് സമൂഹത്തിന്റെ ജീര്‍ണതകളെ ചൂണ്ടിക്കാട്ടാം, ഉച്ചത്തില്‍ വിളിച്ചുപറയാം.... ഇതിനപവാദമായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് ഫ്രഞ്ച് വിപ്ലവത്തിന് നേതൃത്വം കൊടുത്ത റൂസ്സോ, വോള്‍ട്ടയര്‍, മോണ്ടസ് ക്യൂ എന്നീ എഴുത്തുകാര്‍, രക്തരൂഷിതമാകേണ്ട വിപ്ലവത്തെ രക്തരഹിതമാക്കി മാറ്റിയെടുത്ത സംഭവം മാത്രമാണ്. ഇത്തരം അപൂര്‍വ സംഭവമൊഴിച്ചാല്‍ ഒരെഴുത്തുകാരനും ആത്യന്തികമായി ഒരു സമൂഹത്തെയും മാറ്റാന്‍ കഴിയില്ലെന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.
കണ്ണട എന്ന കവിതയാണ് കാട്ടാക്കട മുരുകന്‍ എന്ന കവിക്ക് കേരളത്തില്‍ ഒരു മേല്‍വിലാസമുണ്ടാക്കിയത്. കണ്ണടയ്ക്കുമുമ്പുള്ള മുരുകനെയും കണ്ണടയ്ക്കുശേഷമുള്ള മുരുകനെയും താങ്കള്‍ എങ്ങനെ സ്വയം വിലയിരുത്തുന്നു?
കണ്ണട ഒരുനിമിത്തംപോലെ എഴുതപ്പെട്ട കവിതയാണ്. നമ്മുടെ എല്ലാവരുടെയും മനസ്സിലുള്ള ദുഃഖങ്ങളെ ഓരോ കാലത്തും അടയാളപ്പെടുത്തുക എന്നുള്ളത് ചരിത്രത്തിന്റെ ഒരു അനിവാര്യതയാണ്. അത് നിങ്ങളുടെ മനസ്സിനെ സ്പര്‍ശിക്കുന്ന വിധത്തില്‍ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞു എന്നുള്ളത് ഭാഗ്യമായി കരുതുന്നു. ഈ കവിതയിലൂടെയാണ് ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സിലും മലയാളകാവ്യലോകത്തും എനിക്ക് ഒരു ഇരിപ്പിടം ലഭിക്കുന്നത്. കണ്ണടയ്ക്കുമുന്‍പ് കവിതകള്‍ എഴുതാറുണ്ടായിരുന്നുവെങ്കിലും ചൊല്ലലിന് ഞാന്‍ അധികം പ്രാധാന്യം കെടുത്തിരുന്നില്ല. കണ്ണടയ്ക്ക് കിട്ടിയ സ്വീകാര്യതയിലൂടെയാണ് കവിത എഴുതിയാല്‍മാത്രം പോരാ ചൊല്ലുകകൂടി വേണമെന്ന തിരിച്ചറിവിലേക്ക് ഞാന്‍ എത്തുന്നതും ഇത് ഒരു നിയോഗമായി തുടരുന്നതും ....
'എഴുത്തോ നിന്റെ കഴുത്തോ' എന്ന വല്ലാത്തൊരു അരക്ഷിതബോധം ഇന്ന് ഇന്ത്യയിലെ എല്ലാ എഴുത്തുകാരും നേരിട്ടുകൊണ്ടിരിക്കുന്നു. ഗൗരി ലങ്കേഷ്, കലബുര്‍ഗി, ഗോവിന്ദ് പാന്‍സരെ തുടങ്ങി എത്രയോ എഴുത്തുകാര്‍ക്ക് സ്വന്തം ജീവിതം ബലിയര്‍പ്പിക്കേണ്ടി വന്നപ്പോള്‍ പെരുമാള്‍ മുരുകന് എഴുത്ത് നിര്‍ത്തുകയാണെന്നുവരെ പ്രഖ്യാപിക്കേണ്ടി വന്നു. പവിത്രന്‍ തീക്കുനിക്ക് എഴുതിയ കവിത പിന്‍വലിക്കേണ്ട ഒരു സാഹചര്യംതന്നെ സംജാതമാകുന്നു. എഴുത്തുകാരന് നേരെയുള്ള ഈ ഭീഷണികളെ എങ്ങനെ വിലയിരുത്തുന്നു.
എഴുത്തുകാരന്‍ നേരിടുന്ന വര്‍ത്തമാനകാല ദുരവസ്ഥയുടെ നേര്‍ക്കാഴ്ചയാണീചോദ്യം. 'അമ്പ് ഏതുനിമിഷവും മുതുകില്‍ തറയ്ക്കാം...' എന്ന അയ്യപ്പന്റെ കവിതപോലെ വല്ലാത്ത ഒരവസ്ഥയിലാണ് ഇന്ന് എഴുത്തുകാരന്റെ ജീവിതം. ഭരണവര്‍ഗത്തിന് എവിടെയും സ്തുതിപാഠകരെമാത്രമേ ആവശ്യമുള്ളൂ! ആരോഗ്യകരമായ വിമര്‍ശനത്തെപ്പോലും അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാതെപോകുന്നു. അത് കവിതയായാലും കഥയായാലും നോവലായാലും സിനിമയായാലും വലിയ വ്യത്യാസമൊന്നുമുണ്ടാകില്ല. അടുത്തിടെ നമ്മുടെയെല്ലാം ആരാധ്യനായ അടൂര്‍ ഗോപാലകൃഷ്ണനോട് ഒരാള്‍ പറഞ്ഞത് കേട്ടില്ലേ.... നിങ്ങള്‍ക്കിവിടെ ജീവിക്കാന്‍ കഴിയില്ലെങ്കില്‍ മറ്റേതെങ്കിലും ഗ്രഹത്തിലേക്ക് പോകാനാണ് ആഹ്വാനം.
കേരളത്തിലെ സാംസ്‌കാരികനായകന്മാര്‍ ഉത്തരേന്ത്യയിലെ സാമൂഹികപ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുകയും കേരളത്തിലെ സംഭവവികാസങ്ങളില്‍ അര്‍ഥഗര്‍ഭമായ മൗനംപാലിക്കുന്നവരാണെന്നൊരു ആക്ഷേപം നിലനില്‍ക്കുന്നുണ്ടല്ലോ ?
കലാകാരന്‍ എല്ലാ വിഷയങ്ങളിലും ചാടിക്കയറി അഭിപ്രായംപറയണമെന്ന് സമൂഹം വാശിപിടിക്കാന്‍ പാടില്ല. സാമൂഹികപ്രശ്‌നങ്ങളില്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തകാഴ്ചപ്പാടുകളാണുള്ളത്. ഒരു പ്രശ്‌നം എന്നെ സ്വാധീനിക്കുന്നപോലെ നിങ്ങളെ സ്വാധീനിച്ചെന്നുവരില്ല. എന്റെ 'ബാഗ്ദാദ്' എന്നൊരു കവിതയുണ്ട്. ബാഗ്ദാദിലെ മണ്ണില്‍ പുകഞ്ഞ തീയില്‍നിന്നാണ് എനിക്ക് ആ കവിതയുടെ ആശയം കിട്ടിയത്. എനിക്ക് ആ വിഷയം പ്രചോദനമായി. ഞാന്‍ എഴുതി. നിങ്ങളതുസ്വീകരിച്ചു... ഞാന്‍ എഴുതിയപോലെ എല്ലാ കവികളും ബാഗ്ദാദിനെക്കുറിച്ച് കവിതയെഴുതണമെന്ന് ആര്‍ക്കെങ്കിലും വാശിപിടിക്കാന്‍ പറ്റുമോ. ഇല്ല. അതുപോലെത്തന്നെയാണ് സാംസ്‌കാരികനായകരുടെ പ്രതികരണവും.
എം.ടി.ക്ക് കൂടല്ലൂര്‍പോലെയോ മുകുന്ദന് മയ്യഴി പോലെയോ അറിഞ്ഞോ അറിയാതെയോ മുരുകന്‍ കാട്ടാക്കടയുടെ കവിതകളില്‍ നെയ്യാറിന്റെ ഒരു സജീവസാന്നിധ്യം അനുഭവപ്പെടുന്നുണ്ടല്ലോ ?
വളരെ ശരിയാണ്. എനിക്ക് രണ്ട് അമ്മമാരാണുള്ളത്. ഒന്ന് എന്റെ പെറ്റമ്മ, മറ്റൊന്ന് എന്റെ പോറ്റമ്മയായ നെയ്യാര്‍. വളരെ ദരിദ്രമായ ജീവിത സാഹചര്യങ്ങളിലൂടെയാണ് ബാല്യകാലജീവിതം ആരംഭിക്കുന്നത്. സ്‌കൂള്‍ പഠനകാലത്ത് ഉച്ചഭക്ഷണത്തിനായി മണിയടിക്കുമ്പോള്‍ എല്ലാ കുട്ടികളും ഭക്ഷണം കഴിക്കാന്‍ പോകും. പട്ടിണിക്കാരനായ എന്റെ അവസ്ഥ മറ്റുകുട്ടികളെ അറിയിക്കാതിരിക്കാനായി ഞാന്‍ നേരെ അടുത്തുള്ള നെയ്യാറിലേക്ക് പോകും. കുറെനേരം ആ പുഴയില്‍ക്കിടന്ന് നീന്തിത്തുടിച്ച് എന്റെ വേദനയും വിശപ്പും നെയ്യാറുമായി പങ്കുവെച്ചാണ് തിരികെയെത്താറുള്ളത്. അങ്ങനെ വല്ലാത്ത ഒരാത്മബന്ധമുള്ളതിനാലാണ് അറിഞ്ഞോ അറിയാതെയോ നെയ്യാര്‍ എന്റെ കവിതകളില്‍ കടന്നു വരുന്നത്.
'രേണുക' -കണ്ണട കഴിഞ്ഞാല്‍ താങ്കളുടെ ഏറ്റവും ശ്രദ്ധേയമായ കവിത. ഈ കവിതയിലാണ്, 'ഭ്രമമാണ് പ്രണയം വെറും ഭ്രമം, വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടികസൗധം' എന്ന് ഓര്‍മപ്പെടുത്തുന്നത്. ഇതെത്രമാത്രം ശരിയാണ്? പ്രണയം ഈ ഭൂമിയിലെ ഏറ്റവും മധുരമുള്ള അനുഭൂതിയായി കരുതുന്ന ആയിരക്കണക്കിനു പ്രണയിതാക്കള്‍ക്ക് ഇതംഗീകരിക്കാന്‍ കഴിയുമോ?
പ്രണയം ഏറ്റവും മനോഹരമാകുന്നത് പ്രണയം നഷ്ടപ്പെടുമ്പോഴാണ്. ഒരു കവിക്കാണ് പ്രണയം നഷ്ടപ്പെടുന്നതെങ്കില്‍ മനോഹരമായ കവിതയുണ്ടാകും. ഒരു ചിത്രകാരന് പ്രണയം നഷ്ടപ്പെടുമ്പോള്‍ അതിമനോഹരമായ ഒരു ചിത്രമുണ്ടാകുന്നു. ഒരു സംഗീതജ്ഞന് തന്റെ പ്രണയം നഷ്ടപ്പെട്ടാല്‍ അയാളുടെ ആലാപനം അതിമധുരമായിരിക്കും. അത് യഥാര്‍ഥപ്രണയത്തിന്റെ ശക്തിയാണ് അഭിനിവേശമാണ് മനോഹാരിതയാണ്. ആന്തരികമായ ആ ചൈതന്യം മനസ്സിലില്ലാത്ത കപടപ്രണയക്കാരനാണ് അടുത്തുനില്‍ക്കുന്ന കാമുകിയെ പെട്രോളൊഴിച്ച് കത്തിക്കുന്നതും അവളുടെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിക്കുന്നതുമൊക്കെ. ഇത് എന്റെ ഒരു കാഴ്ചപ്പാട് മാത്രമാണ്. നിങ്ങള്‍ക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം.
മുരുകന്‍ കാട്ടാക്കട എന്ന കവി ചലച്ചിത്രഗാനരചയിതാവായപ്പോള്‍....?
ചലച്ചിത്രഗാനരചയിതാവാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. ഇതിനവസരമൊരുക്കിത്തന്നത് നമ്മുടെ മണിയന്‍ പിള്ള രാജുവേട്ടനാണ്. ജയ് ഹിന്ദ് ചാനലിലാണെന്നുതോന്നുന്നു ജി.എസ്. പ്രദീപ് അവതരിപ്പിക്കുന്ന ഒരു പരിപാടിയില്‍ ഞാനും മണിയന്‍ പിള്ള ചേട്ടനുമായിരുന്നു അതിഥികളായെത്തിയത്. അവിടെവെച്ചാണ് ഞങ്ങള്‍ ആദ്യമായി പരിചയപ്പെടുന്നതും. അന്നവിടെ എന്റെ 'ഒരു കര്‍ഷകന്റെ ആത്മഹത്യാക്കുറിപ്പ്' എന്ന കവിതകേട്ട രാജുവേട്ടന്‍ പറഞ്ഞു. എന്റെ അടുത്ത പടത്തില്‍ മുരുകന്‍ജീ ആയിരിക്കും പാട്ടുകളെഴുതുക.
'അദ്ദേഹം അങ്ങനെ ഒരു ഓഫര്‍ തന്നെങ്കിലും ഞാനത് സീരിയസായി എടുത്തില്ല. എന്നാല്‍ കുറെ നാളുകള്‍ക്കുശേഷം പെട്ടെന്നൊരു ദിവസം രാജവേട്ടന്റെ ഫോണ്‍. 'ഒരുനാള്‍ വരും' എന്ന പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണെന്നും ചിത്രത്തിലെ അഞ്ചുപാട്ടും ഞാന്‍തന്നെ എഴുതണമെന്നുമായിരുന്നു ആ ഫോണ്‍ സന്ദേശം. അങ്ങനെയാണ് ചലച്ചിത്ര ഗാനരചയിതാവായുള്ള രംഗപ്രവേശനം. ഈ ചെറിയ കാലഘട്ടത്തിനിടയില്‍ വളരെക്കുറച്ചു ചിത്രങ്ങള്‍ക്കേ പാട്ടെഴുതിയിട്ടുള്ളൂ. പക്ഷേ, പാട്ടെഴുതിയ ചിത്രങ്ങള്‍ക്കെല്ലാം എന്തെങ്കിലും പ്രത്യേകതകള്‍ ഉണ്ടായിരുന്നു.
ഉദാഹരണത്തിന് എം.ജി.ശ്രീകുമാര്‍ എന്ന ഗായകന്‍ ആദ്യമായി സ്വതന്ത്ര സംഗീതസംവിധായകനാകുന്നത് ഞാന്‍ ആദ്യമായി പാട്ടെഴുതിയ 'ഒരു നാള്‍ വരും' എന്ന ചിത്രത്തിലൂടെയാണ്. അതുപോലെത്തന്നെ ഞാനെഴുതിയ രതിനിര്‍വേദത്തിലെ 'ചെമ്പക പൂം കാട്ടിലെ' എന്ന ഗാനത്തിലൂടെയാണ് സുദീപ് കുമാറിന് മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡും ആ ചിത്രത്തില്‍ലെതന്നെ 'കണ്ണോരം... ചിങ്കാരം' എന്ന ഗാനം പാടിയതിന് ശ്രേയാ ഘോഷലിന് മികച്ച ഗായികയ്ക്കുള്ള സംസ്ഥാനപുരസ്‌കാരവും ലഭിക്കുന്നത്. മല്ലൂസിങ് എന്ന ചിത്രത്തിലെ 'ചംച്ചം ചംച്ചം' എന്ന പാട്ട് പാടിക്കൊണ്ടാണ് ഗാനഗന്ധര്‍വന്‍ യേശുദാസ് ചലച്ചിത്ര ഗാനാലാപനത്തിന്റെ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. പുലിമുരുകനിലെ 'മാനത്തെ മാരിക്കുറുമ്പേ...' എന്ന ഗാനം മലയാളഗാനരംഗത്തുനിന്ന് ഓസ്‌കാര്‍ നോമിനേഷന് പോകുന്ന ആദ്യ ഗാനമായിമാറിയെന്നുമാത്രമല്ല ആദ്യമായി നൂറ്റമ്പത് കോടി കളക്ഷനിലെത്തുന്ന ആദ്യമലയാളചിത്രമായി പുലിമുരുകന്‍ അംഗീകരിക്കപ്പെടുകയും ചെയ്തു.
കവി, ചലച്ചിത്രഗാന രചയിതാവ്, അധ്യാപകന്‍ ഇതില്‍ ഏറ്റവും സംതൃപ്തി നല്‍കിയ മേഖല?
കവി എന്ന നിലയിലാണ് എനിക്ക് പ്രശസ്തിയും അംഗീകാരവുമൊക്കെ ലഭിക്കുന്നത്. ചങ്ങമ്പുഴയുടെയും വയലാറിന്റെയുമെല്ലാം കുലത്തില്‍ ജനിക്കാന്‍ കഴിഞ്ഞത് ഒരു മഹാഭാഗ്യംതന്നെയാണല്ലോ? പക്ഷേ, അധ്യാപകന്‍ എന്ന ജോലിയാണ് ആസ്വദിച്ച് ചെയ്യുന്നത്. നിഷ്‌കളങ്കരായ കുഞ്ഞുങ്ങളുമായി സംവദിക്കാന്‍ കഴിയുക. അവരുടെ പുഞ്ചിരിക്കുന്ന മുഖത്തുനോക്കി അറിവ് പകര്‍ന്നുനല്‍കുക. അതില്‍നിന്നെല്ലാം ലഭിക്കുന്ന ആനന്ദം. അതെല്ലാം അനുഭവിക്കുകയല്ലാതെ പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല.
തലമുറകളില്‍നിന്ന് തലമുറകളിലേക്ക് അറിവിന്റെ മഹായാനത്തിലൂടെ യാത്രചെയ്യാന്‍ പറ്റുന്ന ലോകത്തെ ഏറ്റവും മഹത്ത്വമേറിയ തൊഴില്‍ അധ്യാപനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു
Content Highlights: Malayalam poet Murukan Kattakkada Interview
Content Highlights: