'പൊതുരംഗത്തെ പ്രശസ്തിയോട് വെറുപ്പാണ്, പറഞ്ഞുപഴകിയ കാര്യങ്ങള്‍ പ്രസംഗിക്കേണ്ടിവരും'- മഹാനായ റേ!

മഹാനായ ചലച്ചിത്രകാരന്‍ സത്യജിത് റായിയുടെ അംഗീകൃത ജീവചരിത്രമാണ് ആന്‍ഡ്ര്യൂ റോബിന്‍സണ്‍ എഴുതിയ 'The inner Eye-The biography of master film-maker'. സത്യജിത് റായിയുടെ ജന്മശതാബ്ദി വര്‍ഷത്തില്‍ ബ്ലൂംസ്ബെറി ബുക്‌സ് പുറത്തിറക്കിയ പുസ്തകത്തിന്റെ പുതിയ പതിപ്പില്‍ റായിയുമായി ആന്‍ഡ്ര്യൂ റോബിന്‍സണ്‍ നടത്തിയ ദീര്‍ഘമായ ഒരു അഭിമുഖവും ചേര്‍ത്തിട്ടുണ്ട്. 1982-'89 കാലത്ത് നടത്തിയ സംഭാഷണങ്ങളാണിത്. സത്യജിത് റായി എന്ന സംവിധായകനെയും വ്യക്തിയെയും തുറന്നുകാണിച്ചുതരുന്ന അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങളാണിവ
ചെറുപ്പത്തില്‍ കൂട്ടുകുടുംബത്തില്‍ പിറന്നുജീവിച്ചത് വലുതായപ്പോഴുള്ള മാനസികവികാസത്തിന് സഹായിച്ചെന്ന് താങ്കള്‍ കരുതുന്നുണ്ടോ
=ഏകാകിയായിരുന്നതിനാല്‍ എന്റെ കുട്ടിക്കാലത്ത് ഞാന്‍ ആളുകളെ വളരെയധികം നിരീക്ഷിച്ചിട്ടുണ്ടാവണം. ഏകാകി എന്നുദ്ദേശിച്ചത് എനിക്ക് സഹോദരന്മാരോ സഹോദരിമാരോ ഉണ്ടായിരുന്നില്ല എന്ന അര്‍ഥത്തിലാണ്. ഏറെനേരവും സ്വന്തം ചിന്തകളും ചെറിയ ചെറിയ മാനസിക വ്യവഹാരങ്ങളുമായി ഒറ്റയ്ക്കായിരുന്നു ഞാന്‍. ഈയൊരു പ്രക്രിയ ഒരുപക്ഷേ ഞാന്‍ പോലുമറിയാതെ വളരെക്കാലമായി നടന്നിട്ടുണ്ടാകും. എന്നെക്കാള്‍ പ്രായമുള്ളവരാണ് എനിക്കുചുറ്റുമുണ്ടായിരുന്നത്. ഞാനായിരുന്നു ഏറ്റവും ഇളയആള്‍. അതുകൊണ്ട് എന്റെ കുട്ടിക്കാലത്ത് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ ഹൃദിസ്ഥമാക്കിയിരിക്കണം.
ഏകാകിയായ കുട്ടിയായിരുന്നെന്ന് സ്വയം കരുതുന്നുണ്ടോ
= ഏകാകി എന്ന വാക്കല്ല ഞാനിപ്പോള്‍ ഉപയോഗിക്കുക. ഞാനൊറ്റയ്ക്കായിരുന്നു. ഏകാന്തതയും സമപ്രായക്കാരായ ആണ്‍സുഹൃത്തുക്കളോ പെണ്‍സുഹൃത്തുക്കളോ ഇല്ലാതെ ഒറ്റയ്ക്കാവുന്നതും രണ്ടും രണ്ടാണ്.
ഏകാന്തത അനുഭവിച്ചതായി ഓര്‍ക്കുന്നില്ലേ...
= ആ അര്‍ഥത്തിലല്ല, നിങ്ങള്‍ നോക്കൂ... സഹോദരങ്ങളുണ്ടായിരുന്നെങ്കില്‍ എങ്ങനെയായിരിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. സങ്കല്പലോകത്തില്‍ ജീവിക്കാന്‍ പറ്റുന്ന ഒരു സാഹചര്യത്തിലത് വളരെ ബുദ്ധിമുട്ടാണ്.
കുട്ടിയായിരിക്കെ മറ്റുകുട്ടികളെയും സഹോദരങ്ങള്‍ തമ്മിലുള്ള സ്‌നേഹനിര്‍ഭരമായ ബന്ധങ്ങളും കണ്ടിട്ടുണ്ടാവുമെന്ന് ഞാന്‍ ഊഹിക്കുന്നു
= ഉണ്ട്. പക്ഷേ, കുറെ സഹോദരന്മാരും സഹോദരിമാരുമുള്ള കുട്ടികളോട് എനിക്ക് അസൂയയുണ്ടായിരുന്നില്ല. എനിക്ക് എന്റെ ലോകം സുഖമായിത്തന്നെയാണ് തോന്നിയത്. മാത്രമല്ല, എനിക്ക് ഒരുപാടുകാര്യങ്ങള്‍ ചെയ്യാനുമുണ്ടായിരുന്നു. പലകാര്യങ്ങള്‍ചെയ്ത് സ്വയം തിരക്കിലാവാന്‍ എനിക്കാകുമായിരുന്നു. വായന, പുസ്തകംനോക്കല്‍, ചിത്രംനോക്കല്‍, പകര്‍ത്തല്‍ അങ്ങനെയങ്ങനെ. ചെറുപ്പത്തില്‍ ഞാന്‍ ഒരുപാട് വരയ്ക്കുമായിരുന്നു.
താങ്കളുടെ അന്തര്‍മുഖതയും സിനിമാനിര്‍മാണം ആവശ്യപ്പെടുന്ന തുറന്ന രീതിയും തമ്മിലുള്ള വിരോധാഭാസം ശരിക്കും എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ഷൂട്ടിങ് തുടങ്ങുന്നതിനുമുമ്പേ മാനസികമായ വലിയ ക്രമീകരണങ്ങള്‍ നടത്തേണ്ടിവരാറുണ്ടോ
= ഈ രണ്ടവസ്ഥകളും എനിക്ക് ഒരുപോലെയാണ്. എനിക്ക് ഒരിടത്തിരുന്ന് മണിക്കൂറുകളോളം സംസാരിക്കാതെ ജോലിചെയ്യാനാവും. ചിലപ്പോള്‍ ഒറ്റയിരിപ്പിന് പതിനേഴോ പതിനെട്ടോ മണിക്കൂര്‍. ചിത്രീകരണസമയത്ത് സിനിമാസെറ്റില്‍ ഇരുപതോ ഇരുപത്തഞ്ചോ ആളുകള്‍ക്കൊപ്പവും ജോലിചെയ്യാം. എനിക്ക് രണ്ടും സാധിക്കും. ഞങ്ങള്‍ വളരെ വേഗം പ്രവര്‍ത്തിക്കുന്നവരായതിനാല്‍ ഷൂട്ടിങ് ഏറെ ഊര്‍ജസ്വലമായ ജോലിയാണ്.
ഒരു ചലച്ചിത്രകാരന്‍ എന്നനിലയില്‍ താങ്കളുടെ ധാര്‍മിക മനോഭാവമെന്താണ്
= എന്റെ സിനിമകളില്‍ അവയെല്ലാമുണ്ട്. അതിനാല്‍ ധാര്‍മികമനോഭാവത്തെക്കുറിച്ച് വ്യത്യസ്തമായി കൂടുതല്‍ സ്പഷ്ടമാക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഒരാള്‍ സിനിമകള്‍ കാണുകയും അത് വായിച്ചെടുക്കുകയും വേണം. ആദ്യമൊരു ധാര്‍മിക മനോഭാവം രൂപപ്പെടുത്തിയശേഷം സിനിമ നിര്‍മിക്കുകയല്ല ഞാന്‍ ചെയ്യാറ്. നിഗമനങ്ങളിലെത്തുന്നത് നിരൂപകരുടെ ജോലിയാണെന്ന് ഞാന്‍ കരുതുന്നു. അതില്‍ അടിക്കുറിപ്പുകള്‍ ചേര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിന് തയ്യാറുമല്ല.
താങ്കളെ സ്വയം മനുഷ്യസ്‌നേഹി എന്ന് വിളിക്കുമോ
= അങ്ങനെയല്ല. എന്റെ സിനിമകള്‍ എന്താണോ പ്രതിനിധാനം ചെയ്യുന്നത് അതുതന്നെയാണ് ഞാന്‍. ഒരു മനുഷ്യസ്‌നേഹിയാവണമെന്ന് മനപ്പൂര്‍വം ഞാന്‍ വിചാരിക്കാറില്ല. എനിക്ക് മനുഷ്യരോട് താത്പര്യമുണ്ട് എന്നുമാത്രം. സിനിമചെയ്യുന്ന എല്ലാവര്‍ക്കും ഒരു പരിധിവരെ മനുഷ്യരോട് താത്പര്യമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. എന്റെ സൃഷ്ടിയിലെ മാനവികതയെക്കുറിച്ചുള്ള നിരന്തരപരാമര്‍ശത്തില്‍ ഞാനല്പം അസ്വസ്ഥനാണ് (ചിരിക്കുന്നു). അതില്‍ മറ്റ് ഘടകങ്ങളുമുണ്ടെന്ന് എനിക്ക് തോന്നുന്നു. അത് മനുഷ്യരുടെമാത്രം കാര്യമല്ല. ഘടന, രൂപം, താളം, മുഖം, വെളിച്ചത്തിനും തണലിനും വേണ്ടിയുള്ള വികാരം, സംയോജനം, കഥ പറയുന്ന രീതി എന്നിവകൂടിയുണ്ട്.
നിങ്ങളുടെ ഒട്ടുമിക്ക സിനിമകളിലും സമ്പന്നരെ വിമര്‍ശിക്കുകയും സമ്പത്തുണ്ടാക്കുന്നതിനെ പരിഹസിക്കുകയും ചെയ്യുന്നുണ്ട്. പരാഷ് പഥര്‍, ജല്‍സാഘര്‍, കാഞ്ചന്‍ജംഗ, നായക്, സീമാ ബദ്ധ, സത്രഞ്ജ് കെ ഖിലാഡി, ഹിരക് രാജാര്‍ ദേശേ, ഗണശത്രു തുടങ്ങിയവ ഉദാഹരണം. താങ്കളെപ്പോഴെങ്കിലും സമ്പന്നനാകാന്‍ ആഗ്രഹിച്ചിട്ടുണ്ടോ
=ഞാന്‍ സമ്പന്നന്‍തന്നെയാണെന്നാണ് കരുതുന്നത് (ചിരിക്കുന്നു). എനിക്ക് പണത്തെക്കുറിച്ചുള്ള ആശങ്കകളൊന്നുമില്ല-എന്റെ എഴുത്തിന് നന്ദി. ശരിക്കും സിനിമകളില്‍ നിന്നല്ല, എഴുതിയ പുസ്തകങ്ങളില്‍നിന്നാണ് എന്റെ വരുമാനം വരുന്നത്. ബോംബെ നടന്മാരെപ്പോലെ ഞാന്‍ സമ്പന്നനല്ല, അതില്‍ അര്‍ഥമില്ല. പക്ഷേ, എനിക്ക് സുഖമായി ജീവിക്കാന്‍ സാധിക്കുന്നുണ്ട്. എനിക്ക് അത്രയേ വേണ്ടൂ. ആവശ്യമുള്ള പുസ്തകങ്ങളും റെക്കോഡുകളും എനിക്കുവാങ്ങാന്‍ കഴിയുന്നുമുണ്ട്.
ഒരു സംവിധായകനെ കുഴപ്പത്തിലാക്കുന്ന വ്യക്ത്യാരാധനയെ സംബന്ധിച്ച് എന്താണഭിപ്രായം
= ഓ... അത് ഇടയ്ക്കിടെ അല്പം ശല്യപ്പെടുത്തും. എല്ലാ ദിവസങ്ങളിലും ഏതെങ്കിലും സംഘടനകളില്‍നിന്നെനിക്ക് വിളിവരും. പരിപാടികളില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ ആവശ്യപ്പെട്ടോ മറ്റോ ആയിരിക്കും. ഇപ്പോള്‍ എളുപ്പമാണ്; കാരണം ആരോഗ്യകാരണങ്ങളാല്‍ എനിക്ക് പോകാനാവില്ല. പൊതുരംഗത്തെ പ്രശസ്തിയോട് എനിക്ക് വെറുപ്പാണ്. ഞാനത് ശരിക്കും വെറുക്കുന്നു. എക്‌സിബിഷനുകള്‍ ഉദ്ഘാടനം ചെയ്യുന്നതുപോലുള്ളവ അസഹനീയമാണ്. കാരണം, പറഞ്ഞുപഴകിയ കാര്യങ്ങള്‍ പറയേണ്ടിവരും; പ്രസംഗിക്കേണ്ടിവരും. പ്രസംഗമാണ് എന്നെ അസ്വസ്ഥമാക്കുന്നത്. ഇപ്പോഴെനിക്ക് ആശംസകള്‍നേര്‍ന്ന് കുറച്ചുവരികള്‍ എഴുതിയാല്‍ മതി. അതെന്നെ ബാധിക്കില്ല. ഓരോ സന്ദര്‍ഭങ്ങളിലും എന്താണ് എഴുതേണ്ടതെന്ന് എനിക്ക് വ്യക്തമായറിയാം.
പ്രശസ്ത ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ ഒന്റി കാര്‍ത്യേ- ബ്രസ്സോയുടെ ഫോട്ടോഗ്രാഫുകള്‍ താങ്കളെ സഹായിച്ചിട്ടുണ്ടോ
= ബ്രസ്സാേയുടെ വെളിച്ചം ഉപയോഗിക്കുന്ന രീതി എന്നെ സഹായിച്ചിട്ടുണ്ട്. ഒരു സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ യഥാര്‍ഥത്തില്‍ ഇത്രത്തോളം സിനിമയെ സ്വാധീനിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷേ, കാര്‍?ത്യേ-ബ്ര?േസ്സായുടെ വെളിച്ചത്തോടുള്ള വികാരം, അദ്ദേഹം ഫ്‌ളാഷ് ലൈറ്റുകള്‍ ഒരിക്കലും ഉപയോഗിച്ചിരുന്നില്ല എന്നതാണ്. ഒരുപാട് വലിയ ലൈറ്റുകള്‍ വെച്ചുള്ളതും ഒരുമാതിരി കൃത്രിമരൂപം കിട്ടുന്നതുമായ ഹോളിവുഡ് രീതിയിലുള്ള ഫോട്ടോഗ്രാഫി ഉപയോഗിക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. അത് കാര്‍ത്യേ- ബ്രസ്സാേയുടെ ഫോട്ടോഗ്രാഫിയുടെ നൈസര്‍ഗിക ഗുണമാണ്. കഴിയാവുന്നിടത്തോളം ലഭ്യമായ സ്വാഭാവികമായ വെളിച്ചമാണ് അദ്ദേഹമുപയോഗിച്ചിരുന്നത്. നിഴലുകള്‍ മെച്ചപ്പെടുത്താന്‍ ഇടയ്ക്ക് റിഫ്‌ളക്ടറുകളും ഉപയോഗിക്കും. അതൊഴിവാക്കാനാവാത്തതാണ്. പഥേര്‍ പാഞ്ജലി ഭൂരിഭാഗവും ലൊക്കേഷനില്‍ പകല്‍രംഗങ്ങളില്‍ പരിമിതപ്പെടുത്തി. രാത്രിദൃശ്യങ്ങളില്‍ കാര്‍ത്യേയുടെ രീതിയില്‍ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
പരിഭാഷ: ഷിനില മാത്തോട്ടത്തില്‍
Content Highlights :interview with sathyajith ray and andrew robinson the inner eye the biography of master film maker
Content Highlights: