എന്റെ ജീവിതത്തിന്റെ സ്നേഹവും സന്തോഷവും അരുന്ധതിയാണ്- ലളിത് കുമാർ ക്രിസ്റ്റഫർ റോയ്

?അരുന്ധതി റോയിയുടെ എൽ.കെ.സി. മേരി റോയിയുടെ ലാല. ക്രിയേറ്റീവ് ബോംബുകളായ രണ്ടു ധ്രുവങ്ങൾക്കിടയിലെ ഏകസഹോദരനും ഏകമകനുമായ ലളിത്കുമാർ ക്രിസ്റ്റഫർ റോയ്. ഈ സംഭാഷണത്തിലുടനീളം താങ്കളെ എൽ.കെ.സി. എന്നു വിളിച്ചുതുടങ്ങട്ടെ? അരുന്ധതിയുടെ ഒടുവിലിറങ്ങിയ പുസ്തകം ‘മദർ മേരി കംസ് ടു മി’ അവർ സമർപ്പിച്ചിരിക്കുന്നത് എൽ.കെ.സി.ക്കുകൂടിയാണല്ലോ
എന്റെ ജീവിതത്തിന്റെ സ്നേഹവും സന്തോഷവും അരുന്ധതിയാണ്. സഹോദരങ്ങൾ എന്നതിനപ്പുറം ഞങ്ങൾ വളരെയടുത്ത സുഹൃത്തുക്കളാണ്. കഴിഞ്ഞുപോയ കാലങ്ങളിൽ അവൾ എനിക്കൊപ്പം നിന്നു. എന്നെ വളരെയധികം സഹായിച്ചു; വൈകാരികമായും സാമ്പത്തികമായും. ഞാൻ തിരിച്ചും അതുപോലെ ഒപ്പംനിന്നു. ഞങ്ങൾ രണ്ടുപേരല്ല, ഒന്നാണ്. യഥാർഥത്തിൽ അവൾ ഞങ്ങളുടെ അച്ഛനെപ്പോലെയാണ്. അവളുടെ പെരുമാറ്റം, പ്രകൃതം, നർമം... അതെല്ലാം അച്ഛനിൽനിന്ന് കിട്ടിയതാണ്. അദ്ദേഹത്തോടൊപ്പം ഞങ്ങൾ വേണ്ടത്രകാലം കഴിഞ്ഞിരുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. അതുകൊണ്ടുതന്നെ അരുന്ധതിയും അച്ഛനും തമ്മിലുള്ള സാമ്യം ആർക്കുമങ്ങനെ അറിയില്ല. എല്ലാവർക്കുമറിയാവുന്നത് അവൾ മേരി റോയിയുടെ മകളാണെന്നാണ്. പക്ഷേ, ഞാൻ പറയുക, അരുന്ധതി അച്ഛന്റെ മകളാണെന്നാണ്. അരുന്ധതിയെക്കാൾ അമ്മയുടെ സ്വഭാവവും പ്രകൃതവുമായി അല്പംകൂടി സാമ്യമുള്ളത് എനിക്കാണ്. അരുന്ധതി ഉറക്കെ സംസാരിക്കുകയോ ആക്രോശിക്കുകയോ ഒന്നുംതന്നെ ചെയ്യുകയില്ല. പക്ഷേ, എനിക്ക് ദേഷ്യം വന്നാൽ ഞാനത് വല്ലാത്ത രീതിയിൽത്തന്നെ പ്രകടിപ്പിക്കും. എന്റെ അമ്മ അങ്ങനെയായിരുന്നു.
?ആർക്കിടെക്ചർ കോഴ്സിനു പഠിക്കാൻ പോകുന്ന അരുന്ധതി പിന്നീട് ഏഴുവർഷം കഴിഞ്ഞാണ് വീട്ടിലെത്തുന്നത്. അരുന്ധതിയില്ലാത്ത ആ ഏഴുവർഷം മേരി റോയിക്കും എൽ.കെ.സി.ക്കുമിടയിൽ സംഭവിച്ചതിനെക്കുറിച്ച് അറിയാൻ ആഗ്രഹമുണ്ട്.
മദർ മേരിയിൽ അരുന്ധതി എഴുതിയിരിക്കുന്ന 70 ശതമാനം ജീവിതം ഞങ്ങളുടേതാണ്. ബാക്കി 30 ശതമാനം ഇനിയും പൂരിപ്പിക്കേണ്ടിയിരിക്കുന്നു. അരുന്ധതിയുടെ സാന്നിധ്യമില്ലാതിരുന്ന നാളുകളിൽ അമ്മയ്ക്കൊപ്പമുള്ള എന്റെ ജീവിതമായിരുന്നു ആ മുപ്പതുശതമാനം. അക്കാലത്ത് അമ്മ എന്നെയുംകൊണ്ട് ഒരു വേൾഡ് ട്രിപ്പിനു പോയിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ദിവസങ്ങളായിരുന്നു അത്. എപ്പോഴാണ്, എവിടെവെച്ചാണ് നമ്മൾ ഒറ്റപ്പെടുകയെന്നു പറയാൻ പറ്റില്ലായിരുന്നു. ആ കാലങ്ങളിൽ എനിക്ക് എന്താണ് സംഭവിച്ചതെന്ന് അരുന്ധതിക്ക് അറിയില്ലായിരുന്നു. അമ്മയുമായി വ്യത്യസ്ത അഭിപ്രായസംഘർഷങ്ങൾ പലപ്പോഴും ഉണ്ടായി. ഞാൻ വീടിനുപുറത്താക്കപ്പെട്ടു, തിരിച്ചുവിളിക്കപ്പെട്ടു, പിന്നെയും പുറത്താക്കപ്പെട്ടു. പിന്നെ ഞാൻ സ്ഥിരമായി മറ്റൊരു വീട്ടിലേക്ക് മാറി, ഏതാണ്ട് ഒൻപതുവർഷക്കാലം. ഞങ്ങളുടെ വീട്ടിലുണ്ടായിരുന്ന അമ്മയുടെ വിശ്വസ്തയായിരുന്ന കുരിശമ്മാൾ വന്നിട്ട് പറയുമായിരുന്നു; “നിന്നെ ഇപ്പോൾ പുറത്താക്കാനുള്ള തയ്യാറെടുപ്പ് അവിടെ നടന്നുകൊണ്ടിരിക്കുന്നുകയാണ്.” അതുകേട്ടയുടനെ, പുറത്താക്കപ്പെടാൻ നിൽക്കാതെ ഞാൻതന്നെ ഇറങ്ങിപ്പോരും.
അമ്മയിൽനിന്ന് എന്തും എപ്പോഴും പ്രതീക്ഷിക്കാമായിരുന്നതിനാൽ ഞാൻ സാമ്പത്തികമായി സുരക്ഷിതനാവാനുള്ള ശ്രമത്തിലായിരുന്നു. അത് വിജയിച്ചു. ആദ്യമാദ്യം കമ്പനികളിൽ ജോലികൾ മാറിമാറി ചെയ്തു. പിന്നെ ബിസിനസിൽ ശ്രദ്ധിച്ചു. കൈവെച്ച ബിസിനസ് മേഖലകളെല്ലാം എനിക്കനുകൂലമായിരുന്നു. എന്റെ ഫിനാൻഷ്യൽ സ്ട്രങ്ത് മേരി റോയി നിശ്ശബ്ദമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. അതെനിക്ക് സന്തോഷം തരുന്ന ഒന്നുമായിരുന്നു.
?ഡൽഹിയിൽവെച്ച് ഒരുദിവസം എൽ.കെ.സി. അരുന്ധതിയെ വിളിക്കുന്നത് ജീവിതത്തിലെ ഏറ്റവും വലിയ സർപ്രൈസുമായിട്ടാണ്. പിതാവായ മിക്കി റോയിയെ കണ്ടെത്തിയിരിക്കുന്നു! മൂന്നാംവയസ്സിൽ വേർപെട്ട അച്ഛനെ മകൾക്ക് കാണാനുള്ള അവസരമൊരുക്കുകയായിരുന്നു എൽ.കെ.സി. എങ്ങനെയാണ് താങ്കൾ മിക്കി റോയിയെ കണ്ടെത്തിയത്
അതെ. അക്കാലത്ത് അരുന്ധതി അവളെത്തന്നെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. അതിനിടയിലാണ് വലിയൊരു കണ്ടെത്തലുമായി ഞാൻ അവളെ വിളിക്കുന്നത്. ഒരു കമ്പനിയിൽ ജോലിക്കുള്ള അഭിമുഖത്തിനായി ഞാൻ കൊൽക്കത്തയിൽ പോയപ്പോൾ മിക്കിയുടെ സഹോദരൻ ടൈഫൂണിനെയാണ് ആദ്യം വിളിച്ചത്. അച്ഛന്റെ സഹോദരങ്ങൾക്കെല്ലാം കൊടുങ്കാറ്റുകളുടെ പേരാണ് ഓമനപ്പേരായി നൽകിയിട്ടുള്ളത്. ഹാരിക്കൻ, ടൈഫൂൺ. പ്രശസ്ത മാധ്യമപ്രവർത്തകനായ പ്രണോയി റോയിയുടെ അച്ഛനാണ് ഹാരിക്കൻ. പ്രണോയിയെ ടെംപെസ്റ്റ് എന്നാണ് വിളിച്ചിരുന്നത്. സെക്ലോൺ എന്നായിരുന്നു അച്ഛനെ വിളിച്ചിരുന്നത്. കൊൽക്കത്തയിൽ എത്തിയപ്പോൾ ഞാൻ ടൈഫൂണിനെ ബന്ധപ്പെട്ടു. ടൈഫൂൺ എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടേക്ക് അപ്രതീക്ഷിതമായി മിക്കി വരുകയായിരുന്നു. എന്റെ നാലരവയസ്സിനുശേഷം ഞാൻ അദ്ദേഹത്തെ കാണുകയായിരുന്നു. മിക്കി എന്നെ തിരിച്ചറിഞ്ഞു! പക്ഷേ, മദ്യപാനം കാരണം അദ്ദേഹത്തിന്റെ അവസ്ഥ വളരെ മോശമായിരുന്നു. ആ നീണ്ടകാലത്തെ ശൂന്യത ഒട്ടും പ്രകടിപ്പിക്കാതിരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചു. പ്രണോയിയുടെ അമ്മ ഒരു ഇംഗ്ലീഷ് പൗരയായിരുന്നു. അവർ മിക്കിയെ ഒരു മദ്യവിമുക്തകേന്ദ്രത്തിൽ കൊണ്ടുപോയി നന്നാക്കാൻ പലവട്ടം ശ്രമിച്ചിരുന്നു. പക്ഷേ, മിക്കി അവിടെനിന്ന് ഏതുവിധത്തിലെങ്കിലും തടിയൂരിപ്പോരുന്നത് പതിവാക്കി. അന്ന് അദ്ദേഹവുമായി ഞാൻ എളുപ്പം ചങ്ങാത്തത്തിലായി. ടൈഫൂണിന്റെ കുടുംബത്തോടൊപ്പം ഞാനും മിക്കിയും ഒരു കശ്മീർ യാത്ര പോയി. ആ യാത്രയിലാണ് ഞാൻ അദ്ദേഹത്തെ കൂടുതലായി അടുത്തറിയുന്നത്. കശ്മീരിൽനിന്ന് തിരിച്ചുവരുമ്പോൾ ഞങ്ങൾ രണ്ടുദിവസം ഡൽഹിയിൽ തങ്ങി. ആ സമയത്താണ് അരുന്ധതിയെ ഞാൻ വിളിക്കുന്നതും മിക്കിയുമായി ഞങ്ങൾ ഒത്തുചേരുന്നതും. അക്കാലത്തെ അവളെക്കുറിച്ച് ഞങ്ങൾക്ക് ഒന്നുമറിയില്ലായിരുന്നു. ഞാൻ തിരികെയെത്തിയപ്പോൾ ഇക്കാര്യം അമ്മയോടു പറഞ്ഞിരുന്നു. പ്രത്യേകിച്ച് ഒരു പ്രതികരണവുമില്ലായിരുന്നു. മിക്കിയെ കാണുന്നതിൽനിന്ന് അവർ ഒരിക്കലും ഞങ്ങളെ വിലക്കിയിരുന്നില്ല. മിക്കി അമ്മയുടെ ‘കൺസേൺ’ അല്ലായിരുന്നു.
?വെറും മൂന്നുവയസ്സ് കാലത്തെ ഓർമ്മമാത്രമുള്ള മകളെ അരുന്ധതി എന്നുവിളിച്ച് ഒട്ടും പരിചയക്കുറവില്ലാതെ സംസാരിച്ച മിക്കിയെ എൽ.കെ.സി.ക്കൊപ്പം ഹോട്ടൽമുറിയിൽച്ചെന്ന് കണ്ടതിനെക്കുറിച്ച് അരുന്ധതി റോയ് വിവരിക്കുന്നുണ്ട്. വളരെ വിചിത്രമായി തോന്നി അദ്ദേഹത്തിന്റെ പെരുമാറ്റം.
അദ്ദേഹം മഹാനായൊരു മനുഷ്യനായിരുന്നു. നർമം തുളുമ്പുന്ന സംഭാഷണങ്ങൾകൊണ്ട് അദ്ദേഹം എല്ലാവരുടെയും ഇഷ്ടം നേടുമായിരുന്നു. ഒരൊറ്റ പ്രശ്നമേയുണ്ടായിരുന്നുള്ളൂ, മദ്യപാനം. അച്ഛന്റെ ചില അഡിക്‌ഷൻ അരുന്ധതിയുടെ രക്തത്തിലുമുണ്ടെന്ന് അരുന്ധതി തമാശയായി പറയാറുണ്ട്. തന്റെ സഹോദരിയുടെ കൂടെ ഡൽഹിയിൽ കുറച്ചുകാലം അദ്ദേഹം താമസിച്ചിരുന്നു. അവിടെനിന്ന് ഒരു ദിവസം പെട്ടെന്ന് അപ്രത്യക്ഷനായി. അച്ഛന്റെ സഹോദരിയുടെ മകൾ അദ്ദേഹത്തെ തിരഞ്ഞിറങ്ങി. ഒരു ഓട്ടോഡ്രൈവറുടെ വീട്ടിൽനിന്ന് ആളെ കണ്ടെത്തി അരുന്ധതിയെ അറിയിക്കുകയായിരുന്നു. അവർ അദ്ദേഹത്തെ അവിടെനിന്ന് ചെന്നൈയിലെ ഒരു ലഹരിവിമുക്തകേന്ദ്രത്തിലെത്തിച്ചു. രണ്ടുമാസം അവിടെ നിന്നിട്ടുണ്ടാവും, എല്ലാവരെയും കൈയിലെടുക്കാനുള്ള വിദ്യ അദ്ദേഹത്തിനറിയാമായിരുന്നു. ആശുപത്രിയിൽനിന്ന് അദ്ദേഹം വിദഗ്ധമായി രക്ഷപ്പെട്ടു. അവിടെനിന്ന് കണ്ടുപിടിച്ച് കേരളത്തിലെത്തിച്ചു ഞങ്ങൾ. കോട്ടയത്തിനടുത്ത് ഒരു റിസോർട്ടിൽ മുറിയൊരുക്കിക്കൊടുത്തു. ദിവസവും രണ്ട് പെഗ് കഴിക്കാനുള്ള സൗകര്യവും ചെയ്തുകൊടുത്തു. പക്ഷേ, അദ്ദേഹത്തിന് മലയാളഭാഷ പ്രശ്നമായി. കേരളത്തിൽ തുടരാൻ പറ്റില്ലെന്നു തീർത്തുപറഞ്ഞു. ഡൽഹിയിലേക്ക് തിരികെപ്പോകാൻ വാശിപിടിച്ചു. എപ്പോഴും അദ്ദേഹത്തിന് ഓരോ ഒഴികഴിവുകൾ ഉണ്ടാകുമായിരുന്നു. പിന്നെ ഞങ്ങൾ അദ്ദേഹത്തെ സ്വന്തം ഇഷ്ടത്തിനു വിട്ടു. അദ്ദേഹത്തിന്റെ സഹോദരിക്കൊപ്പമായിരുന്നു ബാക്കിയുള്ള കാലം കഴിഞ്ഞത്. അവർ ക്രിസ്തുമതം സ്വീകരിച്ചു, പിന്നാലെത്തന്നെ മിക്കിയെയും അവർ മതപരിവർത്തനം നടത്തിയിരുന്നു.
മിക്കി വലിയൊരു ക്രിക്കറ്റ് പ്രേമിയായിരുന്നു. പക്ഷേ, ഇന്ത്യയെ അദ്ദേഹം പിന്തുണച്ചിരുന്നില്ല, ഓസ്ട്രേലിയയായിരുന്നു ഇഷ്ടപ്പെട്ട ടീം. വളരെ കുറച്ചുസമയമേ അച്ഛനോടൊപ്പം ഞങ്ങൾക്ക് ചെലവഴിക്കാൻ കഴിഞ്ഞുള്ളൂ. പക്ഷേ, അദ്ദേഹം ആരായിരുന്നു എന്ന് ഞങ്ങൾ തിരിച്ചറിയുകയായിരുന്നു.
?മേരി റോയിയും മിക്കി റോയിയും- എങ്ങനെ സാധിച്ചു ഈ വിവാഹം? എവിടെവെച്ചാണ് ഇവർ തമ്മിൽ കണ്ടുമുട്ടിയത്? ഇതേക്കുറിച്ചൊക്കെ എൽ.കെ.സി. അമ്മയോട് ചോദിച്ചിരുന്നോ
അമ്മയും അച്ഛനും വേർപിരിയുമ്പോൾ എനിക്ക് നാലരവയസ്സും അരുന്ധതിക്ക് മൂന്നുവയസ്സുമാണ്. അവർക്കിടയിൽ എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്കറിയില്ല, വലുതായപ്പോൾ അമ്മയോട് ചോദിച്ചിട്ടുമില്ല. മിക്കി റോയ് അമ്മയ്ക്കും ഞങ്ങൾക്കുമിടയിൽ ഒരിക്കലും ഒരു പ്രധാന ചർച്ചാവിഷയമായി വന്നിട്ടില്ലായിരുന്നു. അതിനുള്ള സ്‌പെയ്‌സ് അമ്മ അനുവദിച്ചിരുന്നില്ല. മദ്യമായിരിക്കാം അവർ പിരിയാനുള്ള ഒരു കാരണം, അതല്ലെങ്കിൽ അദ്ദേഹത്തിന്റെ ഉത്തരവാദിത്വമില്ലായ്മയായിരിക്കാം. മിക്കിയെ കേരളത്തിലേക്ക് ഞങ്ങൾ കൊണ്ടുവന്നപ്പോൾ അമ്മയെ അറിയിച്ചിരുന്നു. അമ്മ ഒരു കൂടിക്കാഴ്ചയ്ക്ക് തയ്യാറായിരുന്നില്ല; തമ്മിൽ കണ്ട് ഒരു ഹലോ പറയാൻപോലും. കൊൽക്കത്തയിലെ മെറ്റൽബോക്സ് കമ്പനിയിലായിരുന്നു അമ്മ ജോലിചെയ്തിരുന്നത്. അമ്മയുടെ സഹോദരൻ ജോർജ് ഐസക്കും അവിടെയായിരുന്നു ജോലിചെയ്തിരുന്നത്. പ്രണോയ് റോയിയുടെ അച്ഛൻ ഹാരിക്കൻ റോയിയും അതേ കമ്പനിയിലായിരുന്നു. അച്ഛൻ മെക്‌നീൽ ആൻഡ് ബാരി കമ്പനിയിലെ എസ്റ്റേറ്റ് മാനേജരായിരുന്നു. അങ്ങനെയായിരിക്കാം അമ്മയും അച്ഛനും കണ്ടുമുട്ടുന്നത്. അവർ തമ്മിൽ പ്രണയമുണ്ടായിരുന്നോ എന്നറിയില്ല. പക്ഷേ, വിവാഹം സംഭവിച്ചു. അച്ഛൻ ഹിന്ദുവാണ് അമ്മ ക്രിസ്ത്യനും-ബംഗാളിയും മലയാളിയും. മിക്കി റോയിയിൽനിന്ന് അമ്മയ്ക്ക് നല്ല അനുഭവങ്ങളൊന്നും ഉണ്ടായിട്ടുണ്ടാവില്ല. ആ ബന്ധം അവസാനിപ്പിച്ചാണ് അമ്മ ഞങ്ങളെയും കൂട്ടി ആദ്യം ഊട്ടിയിലേക്കും അവിടെനിന്ന് നിവൃത്തിയില്ലാതെ കോട്ടയത്തേക്കും വരുന്നത്. ആ കാലത്തെക്കുറിച്ച് അരുന്ധതി എഴുതിയിട്ടുണ്ടല്ലോ.
?കേരളത്തിലെത്തിയപ്പോൾ മിക്കി, മേരി റോയിയെ അന്വേഷിച്ചില്ലേ
ഇല്ല. അങ്ങനെയൊരു അന്വേഷണം രണ്ടുഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല. പക്ഷേ, മിക്കി എന്റെ അങ്കിൾ ജോർജ് ഐസക്കിനെ സ്ഥിരമായി കാണുമായിരുന്നു. അവർ തമ്മിൽ കുറെ നേരം സംസാരിച്ചിരിക്കുന്നത് പതിവായിരുന്നു. അവർ രണ്ടുപേരും മുൻപേ സുഹൃത്തുക്കളായിരുന്നല്ലോ. മിക്കി എന്റെ വീട്ടിലും വന്ന് സംസാരിച്ചിരിക്കുമായിരുന്നു. പക്ഷേ, കേരളം അദ്ദേഹത്തിന് കംഫർട്ടായില്ല.
?ആർകിടെക്ചർ പഠനത്തിന് ഡൽഹിയിൽ പോയ അരുന്ധതി, ഏഴുവർഷത്തെ ഇടവേളയ്ക്കുശേഷം ഒരുദിവസം വീട്ടിലേക്കെത്തുകയാണ്. പ്രതീക്ഷിച്ചിരുന്നോ ആ തിരിച്ചുവരവ്
അവൾക്ക് എന്നെ വിട്ടുപോകാൻ കഴിയില്ല എന്നുമാത്രമേ എനിക്കുറപ്പുണ്ടായിരുന്നുള്ളൂ, വീട്ടിലേക്കു വന്നാലും ഇല്ലെങ്കിലും. 1978 മുതൽ 1985 വരെ അരുന്ധതിയെക്കുറിച്ച് കൃത്യമായ ഒരു വിവരവുമില്ലായിരുന്നു. അവൾ ഡൽഹിയിൽ ഉണ്ടെന്നറിഞ്ഞപ്പോൾ ഞാൻ അവിടെപ്പോയി തിരഞ്ഞുപിടിക്കുകയായിരുന്നു. അതൊരു വല്ലാത്ത അനുഭവമായിരുന്നു. മിക്കിയെയും അരുന്ധതിയെയും ഏകദേശം ഒന്നിച്ചാണ് എനിക്ക് കിട്ടിയത്. പിന്നെ അരുന്ധതി വീടുമായി ബന്ധപ്പെട്ടുതുടങ്ങി. ഒരുദിവസം ബാക്ക്പാക്കും കെട്ടിപ്പേറി അവൾ അപ്രതീക്ഷിതമായി വീട്ടിലേക്കു വന്നു. ബാഗിൽ ഒരു ലാപ്‌ടോപ്പായിരുന്നു ഉണ്ടായിരുന്നത്. അരുന്ധതി എഴുതുന്നതോ എഴുതാനിരിക്കുന്നതോ ഞങ്ങൾ നേരിട്ട് കണ്ടിട്ടില്ല. എഴുതുകയാണെന്ന് പറയുമായിരുന്നു. തികച്ചും സ്വകാര്യമായിരുന്നു അത്. അരുന്ധതി എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നറിയാൻ അമ്മയ്ക്ക് അതിയായ ത്വരയുണ്ടായിരുന്നു. അമ്മ പലപ്പോഴും അസ്വസ്ഥയായി. ‘സു’ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് എന്നോട് ചോദിക്കുമായിരുന്നു. ‘സു’ എന്നാണ് ഞങ്ങൾ അവളെ വിളിക്കുന്നത്. സുസാന അരുന്ധതി റോയ് എന്നാണ് അവളുടെ മുഴുവൻ പേര്. സുസാനയെ അവൾ പിന്നീട് വെട്ടി. എനിക്ക് അരുന്ധതി തിരികെവന്ന ആഹ്ലാദമായിരുന്നു. അവൾ എന്തെങ്കിലും ചെയ്തുകൊള്ളട്ടെ, എന്റെയരികിൽ ഉണ്ടല്ലോ. അമ്മയ്ക്ക് എല്ലാം അറിയണമെന്ന് പണ്ടേ നിർബന്ധമാണ്. അമ്മയുടെ അസ്വസ്ഥത മുറുകിയപ്പോൾ ഞാനവളോട് അന്വേഷിച്ചു, എന്താ പരിപാടിയെന്ന്. ഒരു പുസ്തകമെഴുതുകയാണെന്ന് അവൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. പക്ഷേ, അമ്മയത് വിശ്വസിച്ചിരുന്നോ എന്നറിയില്ല. കാരണം എഴുതുന്നത് അമ്മയോ ഞാനോ കണ്ടിരുന്നില്ല. നാലുവർഷത്തിനുശേഷം അവൾ പിന്നെയും സർപ്രൈസ് തന്നു- അവളുടെ പുസ്തകത്തിനായി പ്രസാധകർ ലേലം തുടങ്ങിയെന്നും ഒട്ടേറെ പ്രസാധകർ നിരന്തരം വിളിക്കാൻ തുടങ്ങിയതിനാൽ ലേലം നിർത്തി കരാറിൽ ഒപ്പുവെച്ചെന്നും അറിയിച്ചു. അതായിരുന്നു ഗോഡ് ഓഫ് സ്മോൾ തിങ്സ്. അവൾ എഴുതിക്കൊണ്ടിരുന്ന പുസ്തകം നോവലായിരുന്നുവെന്ന് അമ്മ ഒടുക്കം അംഗീകരിച്ചു.
അരുന്ധതി മികച്ച വിദ്യാർഥിയായിരുന്നു, നല്ല അത്‌ലറ്റായിരുന്നു, സ്കൂളിൽ നടക്കുന്ന ഡിബേറ്റുകളിലെല്ലാംതന്നെ ഒന്നാമതെത്തിയിരുന്നു. പ്രസിഡന്റ്സ് മെഡലോടുകൂടിയാണ് അവൾ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്. ആർകിടെക്ചറിന് പഠിക്കുമ്പോൾ അവൾ ഒരുവർഷംപോലും കളയാതെ കൃത്യസമയത്ത് കോഴ്സ് കഴിഞ്ഞിറങ്ങി. പക്ഷേ, ആറുമാസത്തിലധികം ആർക്കിടെക്ചർ അവൾ പ്രാക്ടീസ് ചെയ്തിട്ടില്ല. പുരാതനസ്മാരകങ്ങളുടെ പുനരുത്ഥാനത്തെക്കുറിച്ച് പഠിക്കാൻ ഇറ്റലിയിൽ പോയി അവൾ. പക്ഷേ, എഴുത്തായിരുന്നു അവളുടെ പാഷൻ. സിനിമകൾക്ക് തിരക്കഥയെഴുതിയും സിനിമയിൽ അഭിനയിച്ചും അവൾ സ്വയം കണ്ടെത്താൻ ശ്രമിച്ചുകൊണ്ടേയിരുന്നു. തിരക്കഥയെഴുത്താണ് അരുന്ധതിയെ പുസ്തകമെഴുതാൻ പ്രചോദിപ്പിച്ചത് എന്നു ഞാൻ കരുതുന്നു.
?സർഗാത്മകതയുടെ ഒരുന്മാദം നിറഞ്ഞുനിൽക്കുന്നതായി തോന്നുന്നു നിങ്ങളുടെ കുടുംബത്തിൽ.
തീർച്ചയായും ഉണ്ട്. അമ്മയുടെ കുടുംബത്തിലുള്ളവർക്കെല്ലാം അവരുടേതായ ചിന്തകളും സർഗാത്മകതയുമുണ്ട്. അച്ഛനും അദ്ദേഹത്തിന്റെ കുടുംബവും ഒട്ടും മോശമല്ല. അമ്മയുടെ അമ്മ അസലായി വയലിൻ വായിക്കുമായിരുന്നു. എഴുത്തിന്റെ സാധ്യതയെക്കുറിച്ച് ചിന്തിക്കാൻ അമ്മയ്ക്ക് സമയം കിട്ടിയിട്ടുണ്ടാവില്ല. ഇനി എഴുതിയിരുന്നെങ്കിൽത്തന്നെ അതൊരു നോവലാകാൻ വഴിയില്ല. ആത്മകഥയിൽ ഒതുങ്ങുമായിരിക്കും, അല്ലെങ്കിൽ മികച്ച വിദ്യാഭ്യാസപദ്ധതികളെക്കുറിച്ചെന്തെങ്കിലും പുസ്തകമായിരിക്കാം. എന്റെ മകൾ മറിയ റോയ് അഭിനേതാവും നർത്തകിയുമാണ്. മനുഷ്യർ ക്രിയേറ്റീവായി ഇരിക്കുന്നതും ചിന്തിക്കുന്നതും നല്ലതല്ലേ. ആ ഉന്മാദം അങ്ങനെയിരിക്കട്ടെ. അതൊരു ഭാഗ്യമല്ലേ. ഇന്നുവരെയുള്ള ജീവിതത്തിൽ ഭാഗ്യം ഒരു വലിയ ഘടകംകൂടിയാണെന്ന് ഞാൻ തിരിച്ചറിയുന്നു.
?തന്റെ ഓരോ പഠനമികവും സഹോദരന് എത്രമാത്രം പീഡ നൽകുന്നതാണെന്ന് വളരെ വൈകാരികമായിത്തന്നെ അരുന്ധതി എഴുതുന്നുണ്ട് പുസ്തകത്തിൽ. രാത്രികാലങ്ങളിൽ അടക്കിപ്പിടിച്ച രോഷത്തിന് ഇരയാവുന്ന ഒരു ബാലൻ ഞങ്ങൾ വായനക്കാരുടെ കൺമുന്നിൽ തെളിഞ്ഞുവരുന്നു. എൽ.കെ.സി. ഞങ്ങളിൽ ഒരാളായി മാറുന്നത് അങ്ങനെയാണ്.
അമ്മയോടാണ് നിങ്ങളിത് ചോദിച്ചിരുന്നതെങ്കിൽ ഉത്തരം വ്യത്യസ്തമാകുമായിരുന്നു. എന്റെ പഠനകാലത്ത് ആദ്യമൊക്കെ ഞാൻ നന്നായി പെർഫോം ചെയ്തു. അന്ന് കിട്ടാവുന്നതിൽവെച്ച് ഏറ്റവും മികച്ച വിദ്യാഭ്യാസം അമ്മ തന്നു. അതിനായി അമ്മ കഷ്ടപ്പെട്ടത് എത്രത്തോളമാണെന്ന് ഇന്ന് ഞങ്ങൾ തിരിച്ചറിയുന്നുണ്ട്. ആദ്യകാലങ്ങളിൽ പഠനത്തിൽ അരുന്ധതിക്കൊപ്പം നിൽക്കാൻ എനിക്കു കഴിഞ്ഞിരുന്നു. പിന്നീട് എന്റെ ഭൗതികാവസ്ഥകൾ എന്നെ അലട്ടാൻ തുടങ്ങി. ബോർഡിങ്ങിൽ സഹപാഠികളുടെ അച്ഛനമ്മമാർ വലിയ കാറുകളിൽ വന്നിറങ്ങുന്നു, അവർ ഒഴിവുദിവസങ്ങളിൽ മക്കളെയുംകൂട്ടി പുറത്തുപോകുന്നു, ഒന്നിച്ച് ഭക്ഷണം കഴിക്കുന്നു. അമ്മയാവട്ടെ വല്ലപ്പോഴും ഒരു വിന്റേജ് ടാക്സിയും പിടിച്ച് വരും. എന്നിട്ട് ഊട്ടിയിലുള്ള ഞങ്ങളുടെ പഴയ വീട്ടിൽ ഒന്നിച്ചിരിക്കും. അത് അമ്മയുടെ അച്ഛന്റെ സ്വത്തായിരുന്നു. അവിടെനിന്ന് ഞങ്ങളെ ഇറക്കിവിടാൻ ശ്രമിച്ചതാണ് ‘മേരി റോയ് വേഴ്സസ് ക്രിസ്ത്യൻ സക്സഷൻ ആക്ട്’ എന്ന പ്രമാദമായ കേസ് സുപ്രീംകോടതിയിൽ എത്തിയത്. അങ്ങനെ എന്റെ മനസ്സിൽ എപ്പോഴും മറ്റു കുട്ടികളുമായി ഒരു താരതമ്യപ്പെടുത്തൽ വന്നുകൊണ്ടേയിരുന്നു. ഞാൻ പതുക്കെ മൗനിയായി, പഠിത്തത്തിൽ ശ്രദ്ധിക്കാതായി. എന്റെ ജീവിതാവസ്ഥകൾ എന്നെ വല്ലാതെ ബാധിച്ചിരുന്നു. പക്ഷേ, ഞാൻ സംഗീതത്തിൽ ശ്രദ്ധിച്ചു. സ്വന്തമായിട്ടാണ് ഗിറ്റാർ പഠിച്ചത്. അത് അമ്മ ശ്രദ്ധിച്ചിരുന്നു. അമ്മ ഒരു വിലകൂടിയ ഗിറ്റാർ വാങ്ങിത്തന്നു. ഞാൻ ഗിറ്റാർ വായിക്കുന്നത് അമ്മയ്ക്ക് ഇഷ്ടമായിരുന്നു. അമ്മ അത് ആസ്വദിച്ചിരിക്കുന്നത് കാണുമ്പോൾ എനിക്ക് സന്തോഷം തോന്നിയിട്ടുണ്ട്.
ഏഴ്-എട്ട് ക്ലാസിലെത്തുമ്പോഴേക്കും ഞാൻ പഠനവുമായി അകന്നുകഴിഞ്ഞിരുന്നു. എന്റെ അക്കാദമിക് റെക്കോഡ് താഴോട്ടായിരുന്നു വളർന്നത്. പക്ഷേ, ഞാൻ കോളേജിൽ പോയി. ഡിഗ്രി പൂർത്തിയാക്കി. പിന്നെ എന്റെ വഴിക്ക് ജോലികൾ അന്വേഷിച്ചു. നല്ല കമ്പനികളിൽ ജോലിചെയ്തു. പതുക്കെ ബിസിനസിലേക്ക് ശ്രദ്ധപതിപ്പിച്ചു. കഴിഞ്ഞ പതിനാറുവർഷമായി അമ്മയുടെ സ്കൂൾ കാര്യങ്ങളിൽ ഞാൻ ശ്രദ്ധിക്കുന്നു. ആളുകൾ ചോദിക്കുമായിരുന്നു മേരി റോയിയുടെ കാലം കഴിഞ്ഞാൽ സ്കൂളിന്റെ ഭാവി എന്തായിത്തീരുമെന്ന്. ഒരു കാലഘട്ടം കഴിഞ്ഞപ്പോൾ അമ്മ സ്കൂളിലേക്ക് വരാതായതുമുതൽ സ്കൂൾ ഭംഗിയായി നടത്തിക്കൊണ്ടുപോകുന്നുണ്ട്. അമ്മയുടെ സ്വപ്നപദ്ധതിയായ ‘പള്ളിക്കൂടം’ ഇന്ന് ഇന്ത്യയിലെത്തന്നെ ഏറ്റവും മികച്ച രണ്ടാമത്തെ സ്കൂളായി നിലനിൽക്കുന്നു.
?‘ഗെറ്റ് ഔട്ട് ഓഫ് മൈ ഹൗസ്’ -അരുന്ധതി റോയ് പൊട്ടിച്ചിരിച്ചുകൊണ്ട് എൽ.കെ.സി.യോട് പറയുന്നുണ്ട് ഇങ്ങനെ. മേരി റോയിയിൽനിന്നുള്ള ഗെറ്റ് ഔട്ടുകളുടെ വലിയൊരു ട്രോമക്കാലം തരണംചെയ്ത രണ്ടുകുട്ടികൾ മുതിർന്നപ്പോൾ അതേ ഗെറ്റ് ഔട്ട് പറഞ്ഞ് പൊട്ടിച്ചിരിക്കുകയാണ്...!!
ഗെറ്റ് ഔട്ട് ഓഫ് മൈ ഹൗസ്, ഗെറ്റ് ഔട്ട് ഓഫ് മൈ കാർ, ഗെറ്റ് ഔട്ട് ഓഫ് മൈ ലൈഫ്, ഗെറ്റ് ഔട്ട് ഓഫ് മൈ സ്കൂൾ... ഇതെല്ലാം എത്രതവണയാണ് ഞങ്ങൾ കേട്ടിരിക്കുന്നത്! ഒരിക്കൽ അമ്മയും സഹോദരനും തമ്മിലുള്ള ഒരു വഴക്കിൽ ഞാൻ അങ്കിളിന്റെ പക്ഷം നിന്നു. അത് അമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ല. ഞാൻ ന്യായത്തിന്റെ പക്ഷത്താണ് നിന്നത്. എന്നെ അമ്മ വീട്ടിൽനിന്ന് പുറത്താക്കി. അരുന്ധതി പക്ഷേ, സ്വന്തം ഇഷ്ടപ്രകാരംതന്നെ എന്നോ പുറത്തുപോയിരുന്നു. ഓരോ തവണ പുറത്താക്കപ്പെടുമ്പോഴും സന്തോഷിക്കുന്നവരുമുണ്ടായിരുന്നു ഞങ്ങൾക്കുചുറ്റും. പുറത്താക്കപ്പെട്ടാൽ കുറേക്കാലത്തേക്ക് അടുക്കാൻ പറ്റില്ലായിരുന്നു. പക്ഷേ, അമ്മയ്ക്ക് പ്രതിസന്ധി തരണംചെയ്യേണ്ടിവരുമ്പോൾ, ഒന്നുമറിയാത്തതുപോലെ വിളിച്ചുവരുത്തുന്നതും പതിവായിരുന്നു. അമ്മയുടെ സ്കൂളിലെ ഹോസ്റ്റൽ ചുമതല വഹിച്ചിരുന്ന മേരിയെ വിവാഹം കഴിക്കാൻ എന്നോട് നിർദേശിച്ചത് അമ്മതന്നെയായിരുന്നു. പക്ഷേ, ഈ വിഷയവുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരു അഭിപ്രായവ്യത്യാസത്താൽ ഞാൻ വീടിനു പുറത്തായി. അതോടെ ഞാൻ അമ്മയുടെ സ്റ്റാഫിനെ വിവാഹം കഴിക്കാൻ പറ്റില്ലെന്ന നിലപാടെടുത്തു അമ്മ. അമ്മയുടെ സമ്മതമോ അറിവോ ഇല്ലാതെ ഞാൻ അവളെ രജിസ്റ്റർ മാരേജ് ചെയ്തു. വീടിനുപുറത്തായ കാലത്ത് ഞാനൊരു വീട് വാടകയ്ക്കെടുത്തതിനാൽ ഞങ്ങൾക്ക് താമസിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ആ പിണക്കം കുറച്ചധികംകാലം നീണ്ടുനിന്നു, ഏകദേശം ഏഴുവർഷത്തോളം. ഒരുകാര്യത്തിലും പരസ്പരം ഇടപെട്ടില്ല.
അക്കാലത്ത് അരുന്ധതിക്ക് അമ്മയുമായി ബന്ധമുണ്ടായിരുന്നു. അവളും പ്രദീപും എന്റെ മകളെ കാണാൻ വന്നിരുന്നു. അമ്മ മകളെ കാണാനും വന്നില്ല. ഒരിക്കൽ അമ്മയുടെ സുഹൃത്തും സഹപ്രവർത്തകയുമായിരുന്ന ചോട്ടി സത്യൻ എന്നെ കാണാനിടയായി. അവർക്ക് എല്ലാ കാര്യങ്ങളും അറിയാമായിരുന്നു. അവർ ഞങ്ങൾ താമസിക്കുന്ന വീട്ടിൽ വന്നു. രണ്ടുദിവസം എനിക്കൊപ്പം താമസിച്ചു. “ഇങ്ങനെയായാൽ ശരിയാവില്ല, ഞാൻ മേരിയുടെ വീട്ടിൽ പോയിട്ട് നിന്നെ വിളിക്കും അപ്പോൾ വരണം” എന്ന് പറഞ്ഞു, ഞാൻ ചോട്ടി പറഞ്ഞതുപോലെ ചെയ്തു. ഞാൻ അമ്മയുടെ വീട്ടിലേക്ക് കയറിച്ചെന്നപ്പോൾ ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ അമ്മ പെരുമാറി. കാര്യങ്ങൾ പഴയതുപോലായി. പക്ഷേ, എന്റെ ഭാര്യ സ്കൂളിൽ പോകുന്നത് നിർത്തിയിരുന്നു. ഒരിക്കൽ എന്നെ അമ്മ വിളിച്ചിട്ടുപറഞ്ഞു സ്കൂളിൽ കുറച്ച് പ്രശ്നമാണ് മേരിയോട് ആഴ്ചയിൽ രണ്ടുദിവസം വന്ന് സഹായിക്കാൻ പറയണമെന്ന്. അവൾ പോയി. ആഴ്ചയിൽ രണ്ടുദിവസമെന്നത് പയ്യെ മൂന്നായി, നാലായി പിന്നെ ഇരുപത്തിനാലുമണിക്കൂറുമായി. ഇപ്പോൾ ആ സ്കൂൾ അവളുടെ ഉത്തരവാദിത്വമായി മാറി.
അമ്മ പള്ളിക്കൂടത്തിനായി വാങ്ങിയ നാലരയേക്കർ സ്ഥലം ഞങ്ങളുടെ മൂന്നുപേരുടെയും പേരിലായിരുന്നു-അമ്മ, ഞാൻ, അരുന്ധതി. പക്ഷേ, അരുന്ധതിക്ക് അവളുടെ ഓഹരിയിൽനിന്ന് എങ്ങനെയെങ്കിലും പുറത്തുകടക്കണമായിരുന്നു. തന്റെ സാമൂഹികപ്രവർത്തനങ്ങൾക്ക് ഈ സ്വത്ത് ബാധ്യതയാവരുതെന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു. അവൾ ഓഹരി അമ്മയ്ക്കുതന്നെ തിരിച്ചെഴുതിക്കൊടുത്തു, അമ്മ മരിക്കുന്നതിനു നാലുമാസംമുൻപായിരുന്നു അത്. അരുന്ധതി എന്റെ ജീവിതത്തിൽനിന്നോ സ്വത്തിൽനിന്നോ ഒരിക്കലും എടുത്തെറിയപ്പെടരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. അമ്മയുടെ സ്വത്തിൽ പിന്തുടർച്ചയായി അവൾക്ക് എന്തുണ്ട് എന്ന ചിന്ത എന്നെ അലട്ടിയിരുന്നു. അമ്മയുടെ മരണശേഷം അൻപതുസെന്റ് സ്ഥലവും അമ്മയുടെ വീടും അവളുടെ പേരിലാക്കി. അവൾക്കത് വലിയ സന്തോഷമായിരുന്നു. അവളത് നവീകരിച്ച് മനോഹരമാക്കി. വീട് മൊത്തം നടന്നുകണ്ടതിനുശേഷം അവളെന്നോട് ചോദിച്ചു: “ഇതെന്റെയാണോ?” ഞാൻ അതെയെന്ന് ചിരിച്ചപ്പോൾ അവൾ അമ്മയുടെ ആ ക്ലാസിക് ഡയലോഗ് പുറത്തെടുത്തു- “ഗെറ്റ് ഔട്ട് ഓഫ് മൈ ഹൗസ്!” പക്ഷേ, അരുന്ധതി ആ വീട്ടിൽ താമസിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ വീടിന്റെ ഏറ്റവും മുകളിൽ ഒരു മുറിയും അടുക്കളയും വാഷ്റൂമും ഒരുക്കിവെക്കാനാണ് അവൾ പറഞ്ഞത്. അവൾക്ക് സ്വന്തമായി ജീവിക്കാൻ, ഞാൻ താഴെയുണ്ടെന്ന ബലത്തിൽ. എനിക്കും അതാണ് സന്തോഷം തരുന്നത്.
?‘വിഖ്യാതമാണ് മേരി റോയിയുടെ വിൽപ്പത്രങ്ങൾ. മരണശേഷം തന്റെ സ്വത്ത് പങ്കിടേണ്ടത് ആരൊക്കെയാണെന്നും എങ്ങനെയാണെന്നും പലതവണ വിൽപ്പത്രം മാറ്റിയെഴുതുന്നുണ്ട് മേരി റോയ്
അമ്മ പലപ്പോഴും വിൽപ്പത്രം പുതുക്കിയെഴുതുമായിരുന്നു. അമ്മയ്ക്ക് എന്തെങ്കിലും അനിഷ്ടമായ സംഭവങ്ങളുണ്ടാവുമ്പോൾ ആദ്യം റദ്ദുചെയ്യുന്നത് മുൻകൂട്ടി തയ്യാറാക്കിവെച്ച വിൽപ്പത്രമായിരുന്നു. അമ്മയ്ക്ക് തന്റെ സ്വത്ത്, തന്നെ സ്നേഹിക്കുന്നവർക്കെല്ലാം കൊടുക്കണമായിരുന്നു. സ്കൂളിലെ ജീവനക്കാർക്ക്, അമ്മയെ പരിചരിക്കുന്നവർക്ക്, എന്റെ മകൾക്ക്, മേരി ജൂനിയറിന്... പക്ഷേ, അവരുമായി അഭിപ്രായവ്യത്യാസമുണ്ടാകുമ്പോൾ വിൽപ്പത്രം പുതുക്കിക്കൊണ്ടേയിരിക്കും. അമ്മയുടെതന്നെ വിദ്യാർഥിയായിരുന്ന ഒരു അഡ്വക്കേറ്റായിരുന്നു വിൽപ്പത്രം തയ്യാറാക്കിക്കൊണ്ടിരുന്നത്. പുതുക്കിയെഴുതി അയാൾക്ക് മടുത്ത് പിൻവാങ്ങി. അമ്മ പക്ഷേ, പകരം ആളെ കണ്ടെത്തി മാറ്റങ്ങൾ വരുത്തിക്കൊണ്ടേയിരുന്നു. അമ്മയുടെ മരണശേഷം എന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് പറഞ്ഞു ഏറ്റവും അവസാനത്തെ വിൽപ്പത്രത്തിനാണ് നിയമസാധുതയെന്ന്. ഏറ്റവും ഒടുവിലത്തെ വിൽപ്പത്രമാണ് ഞങ്ങൾ പ്രാവർത്തികമാക്കിയത്. അതുകൊണ്ടുതന്നെ ഞാൻ എന്റെ വിൽപ്പത്രത്തെക്കുറിച്ച് ചിന്തിക്കുന്നുപോലുമില്ല.
?ഒരുപക്ഷേ മേരി റോയിക്ക് ഉപാധികളില്ലാത്ത സ്നേഹമായിരിക്കാം വേണ്ടിയിരുന്നത്. അവർ തന്റെ നിലപാടുകൾപോലെ തെളിഞ്ഞ സ്ത്രീയായതുകൊണ്ടല്ലേ ഇത്രയുംകാലം നിയമത്തോടും ബന്ധങ്ങളോടും പൊരുതിനിന്നത്.
ഞാൻ അമ്മയെ സ്നേഹിച്ചതിന്റെ പതിന്മടങ്ങ് സ്നേഹം അരുന്ധതിക്ക് അമ്മയോടുണ്ടായിരുന്നു. പക്ഷേ, അമ്മയ്ക്ക് സ്നേഹനിരാസം എളുപ്പം കഴിയുമായിരുന്നു. അമ്മ ഓരോതവണ ഗെറ്റ് ഔട്ട് പറയുമ്പോഴും അതിജീവിക്കാനുള്ള പ്രയത്നത്തിലായിരുന്നു ഞാൻ. അമ്മയുടെ കൈയിൽ അധ്വാനമുണ്ട്. അമ്മയുടെ സ്വപ്നപദ്ധതിയായ പള്ളിക്കൂടം മികച്ച രീതിയിലാണ് നടത്തിക്കൊണ്ടുപോയത്. അമ്മ സമ്പന്നയായിരുന്നപ്പോൾ ഞാനും അരുന്ധതിയും വട്ടപ്പൂജ്യമായിരുന്നു. സ്വന്തം കാലിൽ നിൽക്കണമെന്ന വാശിയിലാണ് ഹാരിസൺ മലയാളത്തിൽ അസിസ്റ്റന്റ് മാനേജരായിട്ട്് ഞാൻ ജോലി തുടങ്ങുന്നത്. കുറച്ചുകാലം അങ്ങനെ പോയപ്പോൾ അമ്മ വിളിച്ചു, സ്കൂളിനെക്കുറിച്ച് ആവലാതിപ്പെട്ടു. എങ്ങനെ നടത്തിക്കൊണ്ടുപോകുമെന്ന് ചോദിച്ചു. ഞാൻ തിരികെവന്നു. പക്ഷേ, കുറച്ചുദിവസങ്ങൾക്കുള്ളിൽത്തന്നെ ഞാൻ പുറത്തേക്കെറിയപ്പെട്ടു. അമ്മയുടെ കൈയിൽ ധാരാളം പണമുണ്ട്. അന്ന് പക്ഷേ ഞങ്ങൾ മക്കൾ അക്ഷരാർഥത്തിൽ വട്ടപ്പൂജ്യമായിരുന്നു. അവിടെനിന്നാണ് തുടക്കം. ഞാൻ ജോലികൾ ചെയ്തു, പിന്നീട് ബിസിനസിലേക്ക് തിരിഞ്ഞു. കൈയിൽ പണമായി. പിൽക്കാലത്ത് അമ്മ ആവശ്യപ്പെട്ടപ്പോഴൊക്കെ കണക്കില്ലാത്ത പണം ഞാനും അരുന്ധതിയും കൊടുത്തു. പക്ഷേ, അതൊന്നും അമ്മയുടെ അക്കാലത്തെ കഷ്ടപ്പാടിന് പകരമാവില്ല. അരുന്ധതി കൊടുക്കുന്ന പണത്തിന് ഒരു കണക്കുമില്ലായിരുന്നു. ചോദിക്കുമ്പോഴെല്ലാം കൊടുക്കുകതന്നെ. അവളോട് നിർബന്ധമായും കണക്കുസൂക്ഷിക്കണം എന്നു പറഞ്ഞത് ഞാനാണ്. ഏതാണ്ട്്് അരക്കോടിയോളംരൂപ അവൾ പല ഘട്ടങ്ങളിലായി അമ്മയ്ക്ക് കൊടുത്തിട്ടുണ്ട്, എന്തിനാണെന്നുപോലും ചോദിക്കാതെ.
Content Highlights: Lalit Kumar Christopher Roy, brother of Arundhati Roy, shares his life, struggles, and his unique bond with his celebrated sister in this exclusive interview.