എന്‍.എന്‍.പിളള പറഞ്ഞു: ഓമനേ നമ്മള്‍ നേരില്‍ കണ്ടതു പോലെയുണ്ടല്ലോ

ലണ്ടന്‍ ബ്രിഡ്ജ്, കന്യാകുമാരി വിവേകാനന്ദ പാറ, ഷൊര്‍ണൂര്‍ റെയില്‍േവ സ്റ്റേഷന്‍ അങ്ങനെ നാടകവേദിയില്‍ ഈ പശ്ചാത്തലമൊക്കെ അഴകോടെ പകര്‍ത്തിയ രംഗപട ആചാര്യനാണ് ആര്‍ട്ടിസ്റ്റ് സുജാതന്‍. നാടകത്തിലെ ഗംഭീര കലാസംവിധാനം കണ്ട് ഭ്രമിച്ച് സിനിമയിലേക്ക് കിട്ടിയ ക്ഷണങ്ങളുണ്ട്. പക്ഷേ, നാടകത്തില്‍ മുറുക്കി ഹൃദയം ചേര്‍ക്കാനേ ആര്‍ട്ടിസ്റ്റ് സുജാതന് കഴിഞ്ഞിട്ടുള്ളൂ.
ഈ അഴകാര്‍ന്ന മികവിലൂടെ സുജാതനെ തേടിയെത്തിയ അംഗീകാരങ്ങള്‍ നിരവധിയാണ്. സംസ്ഥാനത്ത് നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും പരമോന്നത ബഹുമതിയായ എസ്.എല്‍ പുരം സദാനന്ദന്‍ പുരസ്‌കാരം. നാടകമത്സരം നടത്തിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ രംഗപടത്തിനുള്ള 19 പ്രാവശ്യത്തെ അവാര്‍ഡ്. സംഗീതനാടക അക്കാദമിയുടെ ഫെലോഷിപ്പ്. രംഗപടത്തിന് ദേശീയതലത്തിലുള്ള ഡല്‍ഹി ആസ്ഥാനമായുള്ള ചമന്‍ലാല്‍ മെമ്മോറിയല്‍ അവാര്‍ഡ്... അങ്ങനെ സ്വന്തമാക്കിയ അവാര്‍ഡുകള്‍ നീളുമ്പോള്‍ കേരളത്തില്‍ വെച്ച് ലഭിച്ച ഒരു ദേശീയ അംഗീകാരം കിട്ടിയത് വളരെ നാടകീയമായിട്ട്. അതും 2023ല്‍ തൃശൂര്‍ ലളിതകലാ അക്കാദമിയില്‍ വെച്ച്. നാലായിരത്തിലധികം നാടകങ്ങള്‍ക്ക് രംഗപടം ഒരുക്കിയ സുജാതന് നാടകീയമായിത്തന്നെ ആദരമൊരുക്കിയ വേദി. ഇറ്റ്ഫോക്ക് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ സമാപനസമ്മേളന വേദിയില്‍ സ്വാഗതപ്രസംഗം ആരംഭിച്ചപ്പോഴേ അക്കാദമി സെക്രട്ടറി ഒരു കാര്യം മൈക്കിലൂടെ പറഞ്ഞു. ''വേദിയില്‍ ഒരു കസേര ഒഴിച്ചിട്ടിട്ടുണ്ട്. അതൊരു വിശിഷ്ടവ്യക്തിക്കുള്ളതാണ്. അമ്മന്നൂര്‍ പുരസ്‌കാര ജേതാവിനുള്ളതാണ് ആ കസേര. അതാരെന്ന് ഒടുവില്‍ പറയാം. അത് കൊണ്ട് എല്ലാവരും സദസില്‍ ഉണ്ടാകണം.'' പ്രസംഗത്തിനൊടുവില്‍ അദ്ദേഹം ജേതാവിന്റെ പേര് അനൗണ്‍സ് ചെയ്തു. 'ആര്‍ട്ടിസ്റ്റ് സുജാതന്‍'. സദസ്സ് പ്രഖ്യാപനത്തെ കൈയടിയോടെ സ്വീകരിച്ചപ്പോള്‍ പുരസ്‌കാരജേതാവ് അവിടെയില്ല. അല്‍പസമയത്തിനുള്ളില്‍ ആരോ പറഞ്ഞ് അവിടേയ്ക്ക് എത്തുമ്പോള്‍ അവാര്‍ഡ് കിട്ടിയതിന്റെ ആനന്ദമൊന്നും പുറത്ത് കാണിക്കാതെ ആ വിശിഷ്ടവ്യക്തി വേദിയിലെത്തി. അപ്രതീക്ഷിതമായ പുരസ്‌കാരനേട്ടത്തിന്റെ ഞെട്ടലില്ല. തീര്‍ത്തും ശാന്തനായി എല്ലാവരേയും കൈകൂപ്പിയശേഷം ആ കസേരയിലിരുന്നു. ഈ സമയമത്രയും സദസ്സ് കൈയടിച്ചുകൊണ്ടേയിരുന്നു. മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങിയതായിരുന്നു ആ പുരസ്‌കാരം. കോട്ടയം വേളൂര്‍ അമ്പലപ്പറമ്പില്‍ ആര്‍ട്ടിസ്റ്റ് കേശവന്റെ മകന്‍ വീടിനോട് ചേര്‍ന്ന് ആര്‍ട്ടിസ്റ്റ് കേശവന്‍ മമ്മോറിയല്‍ ഓഡിറ്റോറിയം നിര്‍മിച്ചത് രംഗപടം തയാറാക്കാനുള്ള ഒരിടം എന്നതിനൊപ്പം നാടകകമ്പനികള്‍ക്ക് റിഹേഴ്സല്‍ ചെയ്യാനുള്ള അവസരം കുടിയാണ് ഒരുക്കിയത്.
Content Highlights: Award-winning stage designer Artist Sujathan`s career spans decades, creating stunning sets