'നിളയോട്...';ഇന്ദിരാ ബാലന്‍ എഴുതിയ കവിത

നിള
നിള

നിളേ ഉറങ്ങുന്നുവോ നീ
ഒഴുകുവാന്‍ മറന്ന് നിശ്ചലം
നിന്‍ വെള്ളിച്ചിലങ്ക തന്‍
നിസ്വനങ്ങളുമിന്നെവിടെ?
എത്രയൂര്‍ജ്ജസ്വലയായ്
ഒഴുകിയിരുന്നവള്‍
അസ്ത പ്രജ്ഞയാം കിടപ്പ്
കണ്ടതിനോവു പടരുന്നു 
ബോധകോശങ്ങളില്‍
ജട പൂണ്ട കബരീഭരം
വിഷാദച്ഛവി കലര്‍ന്ന കണ്ണുകള്‍
ശോഷിച്ച നിന്‍ കൈകാലുകള്‍
ചൈതന്യവും വറ്റിവരണ്ടു
ഒരൊറ്റ ഞൊടിയില്‍
കാകോളമെറിഞ്ഞു 
വിഷലിപ്തമാക്കി നിന്നെ
കഥകള്‍ ചൊല്ലി ചിരിച്ച് 
വഴുതും പരല്‍മീനുകള്‍
മത്സ്യഗന്ധികളുറങ്ങും
വെള്ളമണല്‍ക്കൊട്ടാരങ്ങള്‍
കടും വിഷമേറ്റടിയറവ് ചൊല്ലി
ഭാരതത്തിന്‍ മഹിമ കേള്‍പ്പിച്ചോള്‍
കേവലമൊരു പുഴയായല്ലാതെ
തോളോടു തോളുരുമ്മി നിന്നവള്‍
പാരില്‍ പൈതൃകത്തിന്‍
കൊടിക്കൂറയണിഞ്ഞവള്‍
പാടിപ്പുകഴ്ത്തി കവികളെത്രയോ
നിന്‍ പെരുമതന്‍ ചരിതങ്ങള്‍
ഇരുട്ടുമൂടിയ വഴികളില്‍
വെളിച്ചത്തിന്‍ വഴിച്ചാലുകീറിയവള്‍
ഗായത്രിയായും മംഗലനദിയായുമെല്ലാം
 നിന്‍  പരകായപ്രവേശങ്ങളല്ലയോ
പശ്ചിമഘട്ടത്തില്‍ നിന്നുമുണര്‍ന്ന്
അറബിക്കടലിലേക്ക് ലക്ഷ്യമിട്ടവള്‍
പാതിവഴിയില്‍ മുറിഞ്ഞു കിടപ്പൂ
പതിതന്നരികിലണയാനാകാതെ
മാരിക്കാറണിക്കോളുകള്‍ 
പടരുമ്പോള്‍ വീറോടെ
 നൃത്തമാടുന്ന വര്‍ഷപാതത്തില്‍
മാത്രം നീ വേഷപ്രച്ഛന്നയായി മലങ്കാളിയെപ്പോല്‍
 കുത്തിയൊഴുകുന്നു
മാനവര്‍ തന്‍ ക്രൂരകൃത്യ-
ങ്ങള്‍ക്കിരയായി നീയും 
സംസ്‌കാര സ്രോതസ്സിന്‍ 
ചാലു വററിച്ചു
നേടുന്നതത്രെ
 വികസനത്തിന്‍ 
പുതിയ തന്ത്രങ്ങള്‍!

Content Highlights: world poetry day 2022 poem by indira balan