'സാര്‍, ഒരു ഇന്ററസ്റ്റിങ് ലീഡുണ്ട്', ദേവ് അക്ഷമയോടെ കാത്തിരുന്നു | നോവല്‍ 90 മിനിറ്റ്‌സ്

വര: മനോജ് കുമാർ തലയമ്പലത്ത്
വര: മനോജ് കുമാർ തലയമ്പലത്ത്

രാവിലെ ദേവ് പത്രം വായിച്ചിരിക്കുമ്പോഴാണ് അന്‍വറിന്റെ കോള്‍ വന്നത്. 
''ഗുഡ് മോണിങ് സാര്‍''
''മോണിങ്''
''സാര്‍, കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ സൗത്താഫ്രിക്കയിലേക്ക് പോയവരുടെ  വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്.
''ഗുഡ്, അന്‍വര്‍, നമുക്ക് അതൊന്ന് അനലൈസ് ചെയ്യണം. എത്രപേരുണ്ട്''
'' 59 ഫ്‌ളൈറ്റുകളാണ് കൊച്ചിയില്‍ നിന്ന് കഴിഞ്ഞ ആഴ്ച്ച ദക്ഷിണാഫ്രിക്കയിലേക്ക് പോയിട്ടുള്ളത്. ഒന്നും ഡയറക്ട് ഫ്‌ളൈറ്റ് അല്ല'.
''ഒ.കെ. ആദ്യഘട്ടത്തില്‍ നമുക്ക് മത്സരദിവസത്തിന് നാല് ദിവസം മുമ്പ് കേപ് ടൗണിലേക്ക് പോയവരുടെ ലിസ്റ്റ് എടുത്താം. നാല് ദിവസം മുമ്പ് വരെ അയാള്‍ ഇവിടെയുണ്ടായിരുന്നു എന്നാണല്ലോ നമ്മുടെ ഒരു നിഗമനം. ആ ദിവസത്തെ യാത്ര ലിസ്റ്റില്‍ കേപ് ടൗണിലേക്ക് എത്ര മലയാളികള്‍ പോയിട്ടുണ്ട് എന്ന് നോക്കാം. അതിലുള്ളവരെ ആദ്യം അന്വേഷിക്കാം. അതില്‍ ഒന്നും കിട്ടിയില്ലെങ്കില്‍ അടുത്ത ഘട്ടം നോക്കാം''.
''ശരി സാര്‍, അതു ഞാന്‍ ചെക്ക് ചെയ്തുവെക്കാം.
''അന്‍വര്‍ അപ്പോള്‍ പത്ത് മണിക്ക് ഓഫീസില്‍ കാണാം''.
ഒമ്പത് മണിയോടെ ദേവ് വിക്രമിന്റെ വീട്ടിലെത്തി. കമ്മീഷണര്‍ ഓഫീസിലേക്ക് പോകുന്ന റൂട്ടിലാണ് അയാളുടെ വീട്. അപ്രതീക്ഷിതമായ സന്ദര്‍ശനമായതിനാല്‍ ദേവിനെ കണ്ടപ്പോള്‍ വിക്രം ഒന്ന് പരുങ്ങി. എന്നാല്‍ വേഗം അയാള്‍ സാധാരണനിലയിലെത്തി.
അകത്തേക്കിരിക്കാം സാര്‍, അയാള്‍ ക്ഷണിച്ചു.
ദേവ് സ്വീകരണമുറിയിലേക്ക് കയറി. ആഡംബരത്തിന്റെ അവസാനവാക്കെന്നോക്കെയുള്ള ക്ലീഷേ അയാളുടെ ഉളളില്‍ മുഴങ്ങി.
''എന്താ സാര്‍ രാവിലെ തന്നെ''
''ഓഫീസില്‍ പോകുന്ന വഴി വിക്രമിനെ ഒന്ന് കാണാനെന്ന് കരുതി''
''പതിവില്ലാത്ത കാര്യമാണല്ലോ സാര്‍'' .. ചിരിയോടെയാണ് വിക്രം ചോദിച്ചത്.
''പതിവില്ലാത്ത കാര്യമാണല്ലോ നടക്കുന്നത''്- ദേവിന്റെ മറുപടിയും വേഗത്തിലായിരുന്നു
''സാര്‍, ഉദ്യേശിച്ചത്''
''വിക്രം, ഫുട്‌ബോള്‍ മത്സരവുമായി ബന്ധപ്പെട്ട ''ഇഷ്യു അറിയാലോ, ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹിയായി താങ്ങള്‍ ആ മത്സരം മുടക്കാന്‍ ശ്രമിച്ച കഥങ്ങള്‍ ഞങ്ങള്‍ക്ക് അറിയാം''.
''സാര്‍. ഞാന്‍ തര്‍ക്കത്തിനോ,വെല്ലുവിളിക്കോ ഇല്ല. മത്സരം മുടക്കാന്‍ ശ്രമിച്ചെന്നത് ശരിയാണ്. അതിന് ഞങ്ങളുടെതായി കാരണങ്ങളുമുണ്ട്. കോടികളാണ് സ്‌റ്റേഡിയം റിനവേഷന് ഞങ്ങള്‍ നല്‍കിയത്. അതിന്റെ ഒരു ഗുണവും ഞങ്ങളുടെ അസോസിയേഷന് ലഭിക്കുന്നില്ല. ഒരു ഫണ്ടും നല്‍കാത്ത ഫുട്‌ബോള്‍ അസോസിയേഷന്‍ സ്‌റ്റേഡിയം അവരുടേതായി കൊണ്ടുനടക്കുന്നു. ഈ മത്സരം ക്ലിക്കായാല്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങളുടെ ഹബ്ബായി അത് മാറും. അത് ഞങ്ങള്‍ക്ക് പ്രശ്‌നം സൃഷ്ടിക്കും. ഇത് ജനുവിന്‍ ആയ കാര്യമാണ്. വിശാലമായ അര്‍ത്ഥത്തില്‍ എല്ലാം കായികഇനം അല്ലേ, കേരളത്തിന്റെ പുരോഗതി അല്ലേ എന്നൊക്കെ പറയുമെങ്കിലും കുറച്ചൊക്കെ ഞങ്ങള്‍ക്ക് ഞങ്ങളുടെ കാര്യവും നോക്കണ്ടേ സാര്‍''.

''അപ്പോ വിക്രത്തിന് ഇതില്‍ യാതൊരു റോളും ഇല്ലെന്നാണ് പറയുന്നത്''.
''സാര്‍,തട്ടിപ്പും തരികടപരിപാടികളും ഞാന്‍ നടത്താറുണ്ട്. പക്ഷേ ഇത്ര വലിയ കിഡ്‌നാപ്പ് ... അതും ഒരു വലിയ അസോസിയേഷന്റെ പ്രധാന ഭാരവാഹിയായി ഇരിക്കുമ്പോള്‍..''
''അതൊക്കെ ശരി തന്നെ, ഈ പറഞ്ഞത് മറയായി ഉപയോഗിക്കാലോ..''
വിക്രം അത് ആസ്വദിച്ചു ചിരിച്ചു..
''ദേവ് സാറെ, എനിക്ക് നിങ്ങളെ നന്നായി അറിയാം.  ഞാന്‍ ഉറപ്പ് തരാം, എനിക്കിതില്‍ ബന്ധമില്ല.സാറിന് വിശ്വസിക്കാം,, അല്ലെങ്കില്‍ അന്വേഷിക്കാം. ഫലം എന്തായാലും ഈ വിക്രമിന് ഇതില്‍ ബന്ധമുണ്ടെന്ന് ഓരിക്കലും കണ്ടെത്താന്‍ കഴിയില്ല. കാരണം എനിക്കില്‍ ബന്ധമില്ല''.
ദേവ് എഴുന്നേറ്റു.
''സാര്‍, ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് പോകാം''- വിക്രം ആതിഥ്യമര്യാദയോടെ പറഞ്ഞു.
''നോ.താങ്ക്‌സ്'' വിക്രം. ദേവ് പുറത്തേക്ക് നടന്നു. വാതില്‍ക്കല്‍ നില്‍ക്കുന്ന വിക്രമിനെ ഒന്നൂകൂടി നോക്കിയ ശേഷം ദേവ് കാറില്‍ കയറി. ശ്രീശാന്ത് കമ്മീഷണര്‍ ഓഫീസ് ലക്ഷ്യമാക്കി വണ്ടിയെടുത്തു.

Content Highlights: sports-thriller-novel-90-minutes

Continue reading