അരമതിൽ നദി | മൃദുൽ വി.എം | കഥ

വര: മഞ്ജി ചാരുത
വര: മഞ്ജി ചാരുത

രണ്ടാം ലോണെടുക്കാമെന്ന യുദ്ധപ്രഖ്യാപനത്തോടെ, അടുക്കള ജനാല തുറന്ന് അരമതിലിനപ്പുറം ചെടിച്ചീരവള്ളികളും മണിപ്ലാന്റുകളും കനത്തു വളരുന്നത് ഗിരിജ ചെക്കനെ വിളിച്ചു കാണിച്ചു. അവനിതിലൊന്നും താൽപര്യമില്ല. താല്പര്യം വേണ്ട, ഒരു ഗ്ലാസ് വെള്ളം.. ന്ന് തോന്നുമ്പോൾ പതുമുഖത്തിന്റെ ചെത്തയിട്ട് കളറ് മാറ്റിയതോ, നന്നാറി വേരിട്ട് തിളപ്പിച്ചാറ്റിയതോ അവന് കയ്യിൽ കിട്ടുന്നുണ്ട്. ടാപ്പ് തുറക്കുമ്പോൾ ഇവർക്കൊക്കെ വെള്ളമുണ്ട്. അവൾ ജനാലയുടെ കൊളുത്തിട്ടു. ഒരു കടന്നലന്നേരം അകത്ത് കുടുങ്ങി. കുടുങ്ങട്ടെ. തന്റെ അപമാനവും ആത്മനിന്ദയും കടഞ്ഞ വെള്ളമാണ് തന്തയും പിള്ളേരും കുടിക്കുന്നതും കുളിക്കുന്നതും!

മെയിൻ റോഡിൽ നിന്ന് ഇടത്തേക്ക് തെറ്റി ഒരു പഞ്ചായത്ത് റോഡുണ്ട്. അതിനോട് ചേർന്നാണ് വീട്. റോഡിനപ്പുറം, ഒരു തൊണ്ണൂറ് സെന്റ് മഞ്ഞ മുളിപ്പുല്ല് നിറഞ്ഞ, അതിരാവിലെയോ വൈകുന്നേരമോ മാത്രം പോയിരിക്കാൻ പറ്റുന്ന വരണ്ട ചൂടുപാറയാണ്. ഇപ്പുറം പാതി തേച്ചു വെള്ളയടിച്ച വീട്. പുറത്ത് അടുക്കളയുടെ സൈഡിലൂടെ,

വര: മഞ്ജി ചാരുത

ടെറസിലേക്ക് ഒരു സിമന്റ് കോണിപ്പടിയുണ്ട്. നാല് സ്റ്റെപ്പ് മുകളിലേക്ക് വച്ചാൽ, അത് അര മതിലിന്റെ ഉയരത്തിനൊപ്പമെത്തും. വെട്ടുകല്ലുകൊണ്ട് ഉയർത്തിക്കെട്ടിയ മതിലിൽ ചവിട്ടി പതുക്കെ അപ്പുറം ചാടാവുന്നതേയുള്ളൂ. അത്രേം തൊട്ടാണ് വീട്. പിള്ളേർ അതുവഴിയാണ് സ്ഥിരമായി അങ്ങോട്ട് പോകുന്നത്. അവർക്ക് കുഞ്ഞുണ്ണിയേട്ടന്റെ കൂടെ ഡോമിനിക്‌സ് കളിക്കാനും കാരംബോർഡ് കമ്പനിക്കും ആ ചെറിയ ചാട്ടത്തിന്റെ പരിചയത്തഴക്കമുണ്ട്. കുഞ്ഞുണ്ണിയേട്ടൻ ഗൾഫിൽ പോയിട്ടും പിള്ളേര് അവിടെ വെറുതെ പോയിരിക്കും. ഇനിയത് വേണ്ടെന്ന് ഗിരിജ ഇന്നലെത്തന്നെ കർശനമായി വിലക്കിയിട്ടുണ്ടായിരുന്നു.

''നമ്മൾ പുതിയ ബോർവെല്ലടിക്കാൻ പോവാണ്...'

ഉറച്ചുയർത്തിയ ആ ശബ്ദം പിള്ളേർക്കത്ര സുഖായി തോന്നിയില്ല. അമ്മയങ്ങനെയാണ്. എടുത്ത് ചാടി ഒച്ചയുണ്ടാക്കി, പാതി വഴിക്ക് നിർത്തി, ഞാനങ്ങനെ പറഞ്ഞിട്ടേയില്ല മട്ടിൽ അദൃശ്യയായി നടക്കും. ഈയിടക്കൊരൂസം

''കുഞ്ഞിമാണിച്ചെറിയമ്മയെ ഇവിടെ കൊറച്ചുനാൾ നിർത്താൻ പോവാണ്...'ന്നും പറഞ്ഞ് ചെറിയമ്മയുടെ വയ്യായ്കകൾ മുഴുവൻ അച്ഛനുള്ളപ്പോൾ വിസ്തരിച്ചതാണ്. അച്ഛനങ്ങനെ ഒന്നിലും എതിർപ്പുള്ള ആളല്ല. വന്നോട്ടെന്ന് തലയാട്ടി. എന്നാ ചെറിയമ്മ വന്നും ഇല്ല, അമ്മ പിന്നീട് അതിനത്ര താല്പര്യം കാണിച്ചുമില്ല. അമ്മയുടെ ചെറിയമ്മയെ കുട്ടികളും ചെറിയമ്മാന്നു തന്നെയാണ് വിളിച്ചിരുന്നത്. നല്ല പ്രായമുണ്ടവർക്ക്. കുട്ടിക്കാലത്ത് നോക്കിയതിന്റെയും വളർത്തിയതിന്റെയും കണക്ക്, അമ്മ ഇവിടത്തെ നിലവിലുള്ള

സാമ്പത്തിക സംഘർഷങ്ങളുമായി തട്ടിച്ചു നോക്കി മറവി ബാധിച്ചതായി നടിച്ചത് പിള്ളേർ കണ്ണനക്കിക്കൊണ്ട് ഓർമ്മിച്ചു.

ഇതങ്ങനെയായിരുന്നില്ല. തീരുമാനിച്ചുറപ്പിച്ച് ഒരു നേർത്ത മാലയുണ്ടായിരുന്നത് കൊണ്ടോയി ബാങ്കിൽ വച്ചു. ഒന്നേകാൽ പവൻ ഉണ്ടായിരുന്നു. അതിന് കിട്ടാവുന്നത്രയും പൈസയെടുത്തു. അതിൽനിന്ന് നൂറ്റമ്പത് കൊടുത്ത് കഴുത്തിലൊരു ചൊറിയാത്ത ഗ്യാരന്റി ചെയിനും വാങ്ങിയിട്ടു. പഴേതിലും തിളക്കമുണ്ടായിരുന്നു അതിന്.

അമ്മ ആലോചിച്ചാലോചിച്ച് വരാന്തയുടെ തണുപ്പിൽ മുഖമമർത്തി കിടക്കുന്നത് ചെക്കൻ വെറുതെ നോക്കി നിന്നു. അത് കണ്ട് അവനെ കാര്യമില്ലാതെ എന്തെങ്കിലും വഴക്ക് പറയണമെന്ന് അവർക്ക് തോന്നിയിരുന്നു. ഇടയ്ക്കങ്ങനെ ചെയ്യാറുമുണ്ട്. പാല് തിളച്ചു തൂവിയാൽ,

രണ്ടാമത് ചൂടാക്കുന്ന കറിച്ചട്ടി അടിക്കു പിടിച്ചാൽ, മോട്ടോർ ഓഫാക്കാൻ വൈകി കുറച്ചധികം വെള്ളം വെറുതെ പോയാൽ,

കുടുംബശ്രീ ദിവസം മറന്നു പോയാൽ...

പിള്ളേർക്ക് അടുത്തതെന്താണ് നടക്കാൻ പോകുന്നതെന്ന്, കൃത്യമായി കിട്ടും. അതിനൊരു താളമുണ്ട്.

''ഇല്ലാത്ത പൈസ മൊടക്കി ട്യൂഷന് വിടുന്നതിന്...ഒരു ഫലവുമില്ലാത്ത ഉത്തരക്കടലാസ്സുകളാണല്ലോ... ദൈവമേ... വീട്ടിലോട്ട് വരുന്നത്'' താളത്തിന്റെ സ്ഥിരപ്പെട്ട തുടക്കമതാണ്. സത്യമായിരുന്നു, പിള്ളേർ കണക്കിനും സാമൂഹ്യ ശാസ്ത്രത്തിനും എല്ലായിപ്പോഴും ചുരുക്കം മാർക്കുകൾ മാത്രം വാങ്ങി വീട് കേറി വന്നു.

ചെക്കനോടൊന്നും മിണ്ടാതെ, അതുവരെ അപ്പുറത്തേക്ക് കൊടുത്തതിന്റെയും വാങ്ങിയതിന്റെയും കണക്കുകൾ ബാലൻസ് ചെയ്യിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ, മറ്റവളുടെ

വഴിവിടാത്ത സഞ്ചാരങ്ങളെപ്പറ്റി ഓർക്കുകയായിരുന്നു ഗിരിജ. തുണികൾ തയ്ക്കുന്നു, ഇടയ്ക്ക് ബീഡി തെറുക്കുന്നു,

പലഹാരങ്ങൾ ഉണ്ടാക്കി വിൽക്കുന്നു, ചെറിയ കറുത്ത കവറുകളിൽ ചെടികൾ മുളപ്പിച്ച് ആവശ്യക്കാർക്കെത്തിക്കുന്നു...

ഒറ്റച്ചെടിയിൽ പലതരം പൂക്കൾ വിരിയിക്കുന്ന അത്ഭുത വിദ്യയും അവൾക്കറിയാം. അവിടെ കാശു കൊടുത്തു വാങ്ങിയ രണ്ട് വലിയ മൺചട്ടിയിൽ, ഒരൊറ്റക്കൊമ്പിൽ എല്ലാ സീസണിലും വെള്ളയും റോസും ഓറഞ്ചും മഞ്ഞയും കടലാസ് പൂക്കൾ ഒന്നിച്ച് പൂക്കുന്നുണ്ട്!

ആലോചിച്ചു നോക്കുമ്പോൾ ദുരൂഹതയൊന്നും തോന്നാത്തതെന്താണ്! കൊറേയധികം ശ്രദ്ധിക്കണമായിരുന്നു. അവളൊറ്റക്കാണ് താമസം. എന്നെങ്കിലും, ആരെങ്കിലും അസമയത്തോ ആൾനടത്തം കുറഞ്ഞ ഉച്ചനേരങ്ങളിലോ മുൻവാതിൽ മുട്ടാതെ കയറിപ്പോയിരുന്നിരിക്കണം. ആരെങ്കിലും കണ്ടാൽ, ചൂടുപലഹാരങ്ങൾ വാങ്ങാൻ വന്നതാണെന്നോ പൂച്ചെടികൾ നോക്കിയെടുക്കാൻ വന്നതാണെന്നോ പറയാം. ശ്രദ്ധിക്കാത്തത്‌ കൊണ്ട് ആരും ഒന്നും കണ്ടില്ല. സുജിമോളുടെ കല്യാണത്തിനിടാൻ വാങ്ങിയ, കടുന്നീല സാരിയുടെ, ബ്ലൗസ് അവളുടെ കയ്യിലാണ് തയ്ക്കാൻ കൊടുത്തിരുന്നത്. വാങ്ങിയിട്ടില്ല. ചെറുകുരുവികളെ ഡിസൈൻ ചെയ്ത ആ പുതിയ മോഡൽ ബ്ലൗസ്, അവൾ ഭംഗിയായി തുന്നിത്തരുമായിരുന്നു. പോട്ടെ. അതിനി വാങ്ങണ്ട.

ഇക്കാലമത്രയും അവൾ എന്താണെന്ന് അറിഞ്ഞു വെച്ചില്ലല്ലോ എന്ന് ഗിരിജക്ക് പിന്നെയും നിരാശ തോന്നി. സ്‌നേഹിക്കുമ്പോൾ സ്‌നേഹം മാത്രമായിരുന്നു ഗിരിജയ്ക്ക്!

ബന്ധം മുറിയുമ്പോൾ, എടുത്തുപയോഗിക്കാൻ മറ്റു മനുഷ്യരുടെ കുറ്റവും കുറവുമൊക്കെ എവിടെയെങ്കിലുമൊക്കെയായി സൂക്ഷിച്ചു വെക്കേണ്ടതായിരുന്നു. ഇനി വേണ്ട. അവളോട് ചേർന്ന് നിൽക്കുന്ന ഒന്നും വേണ്ട.

അന്നുതന്നെ മെഷീനും കൊണ്ട് ആള് വന്ന് മഞ്ചാടി വെട്ടി. അത് അപ്പുറത്തേക്ക് ചാഞ്ഞ്, കുഞ്ഞുണ്ണി കിടന്നുറങ്ങിയിരുന്ന മുറിയിലേക്ക് തണല് കൊടുത്തിരുന്നു. പിള്ളേർക്ക് അതിലും ഒട്ടും താല്പര്യം തോന്നിയില്ല. അവർക്ക് പെറുക്കിയെടുക്കാൻ പാകത്തിൽ, എപ്പോഴും ചുവന്ന മണികൾ ആ ചെറുമരം പൊഴിച്ചിട്ടിരുന്നു. അവരുടെ അച്ഛൻ, ചെറിയ ശമ്പളത്തിൽ പണിയെടുക്കുന്ന രണ്ടിടവിട്ട ദിവസങ്ങളിൽ മാത്രം വീടു കേറിവരുന്ന അമ്പതുകാരനായിരുന്നല്ലോ. അയാൾ ഫോണിൽ, അത് വേണോ എന്ന് ഗിരിജയോട് ചോദിച്ചതല്ലാതെ ഉറപ്പിച്ചൊരു മറുപടിയൊന്നും പറഞ്ഞിരുന്നില്ല.

''വെറുപ്പിക്കാതിരുന്നാൽ, കുറച്ചുകാലം കൂടി അവർ വെള്ളം തരുമായിരുന്നു...' എന്ന് മാത്രം അയാൾ കടുപ്പിച്ചു വച്ചു.

അത് ഗിരിജയെ പിന്നെയും നോവിച്ചു.

അവൾ ഒന്നൊന്നര മാസം മുൻപേ അകൽച്ചയിട്ടു തുടങ്ങിയതാണ്. മനസ്സിലാക്കിയിട്ടും, ഗിരിജയത് കാര്യമാക്കാൻ പോയില്ല. നവംബറിനോടടുക്കുമ്പോൾ, മൂന്നൂറ്റി ചില്ലറയടി താഴ്ചയുള്ള കുഴൽവെള്ളം വറ്റിപ്പോകുന്നതിലുള്ള വേവലാതിയിൽ

അതൊന്നും കാര്യമാക്കേണ്ടതില്ലെന്ന് ഗിരിജ ഗിരിജയെ തന്നെ പഠിപ്പിക്കും. നല്ല വെള്ളമായിരുന്നു. വലിയ വട്ടക്കിണറിലെ പോലെ തെളിഞ്ഞ, ചെളി മണമോ ഇരുമ്പൂർച്ചയോ ഇല്ലാത്ത വെള്ളം. എന്തുകാര്യം, വർഷാവസാനം കൃത്യമായി അത് ഉറഞ്ഞു പോയിക്കൊണ്ടിരുന്നു.

''ഇവിടെയും വെള്ളം തീർന്നാ.. പ്രശ്‌നാവും ഗിരിജേച്ചീ... വേറെ വഴി നോക്കണം ട്ടാ'' എന്ന് പറഞ്ഞപ്പോൾ പോലും, നോക്കാടീ... എന്ന് ചിരിച്ച് വിടുകയായിരുന്നു. ഇത്രേംനാളില്ലാത്ത എന്തോ മുറിവ് ആരോ അവൾക്ക് വരച്ചുണ്ടാക്കിയിട്ടുണ്ടെന്ന് ആ മുഖത്ത് കാണാം. ഒരു വലിയ പരദൂഷണപ്പാരമ്പര്യമുള്ള നാടൊന്നുമല്ല. എന്നാലും ആരെങ്കിലുമൊക്കെ കാണുമായിരിക്കും. ഇരുതലച്ചുറ്റുള്ള ഒരു വാക്കു മതിയല്ലോ, മനുഷ്യര് വെഷപ്പെട്ടു പോകാൻ.

പൊക്കിൾക്കൊടി പോലെ അയഞ്ഞ് അരമതിൽ കടത്തിയ പൈപ്പിലൂടെ വരുന്ന വെള്ളം ടെറസിൽ വച്ച ടാങ്ക് നിറയാൻ ദിവസങ്ങൾ എടുക്കുന്നതുപോലെ അവൾക്കന്ന് തോന്നി. നിറച്ചിട്ടും നിറച്ചിട്ടും നിറയുന്നേയില്ല!

വര: മഞ്ജി ചാരുത

ജനാല തുറന്നാൽ വരാന്ത കാണും. അവൾ അവിടെ ഇരുന്ന് തയ്ക്കുന്നത് കാണും. ഗിരിജ നോക്കുന്നത് കണ്ടാൽ മുൻപാണെങ്കിൽ എന്തെങ്കിലും വിശേഷം ചോദിക്കും. ‘ചോറ് വെച്ചോ ഗിരിജേച്ചീ...കറി എന്തായി ഗിരിജേച്ചി, ഗ്യാസ്‌കാരൻ വരുമ്പോ ഒന്ന് പറയണേ, പിള്ളേർക്ക് ക്ലാസ്സില്ലേ...’ എന്ന് തുടങ്ങി ഉത്തരമറിയാമെങ്കിലും വെറുതെ എന്തെങ്കിലും ചോദിക്കും. ഇപ്പൊ, ആ മുഖത്ത് തെളിച്ചമില്ല. ചോദ്യങ്ങളില്ല. ചിരിയില്ല. ചിരിച്ചാൽ, കൊറേ കാലത്തേക്ക് കൂടി വെള്ളം കൊടുക്കേണ്ടി വരുമെന്ന് അവൾക്ക് ഭയമുണ്ട്. കല്ലുമതിലിൽ, സ്‌നേഹത്തോടെ കൊണ്ടു വയ്ക്കുന്ന പലഹാരങ്ങളോ, കറികളോ, പായസപ്പാത്രങ്ങളോ, ചക്കയോ, പച്ചപ്പപ്പായയോ, മുരിങ്ങയിലപ്പിടിയോ... ഒക്കെ ഇരുവരും മറന്നു പോയി. കുട്ടികൾ എളയമ്മേ... എന്ന് വിളിക്കുന്ന ആ സ്ത്രീ അവർക്ക് മുഖം കൊടുക്കാതെ മുന്നിലെ റോഡിലൂടെ നടന്നുപോയി.

കുഴിച്ചിട്ടും കുഴിച്ചിട്ടും വെള്ളം കിട്ടാത്ത ഒരു കിണറ്റ് കരയിൽ, പൊള്ളുന്ന ഉച്ചയിൽ ഇളയ ചെക്കനെയും ഒക്കത്ത് വെച്ച് നിൽക്കുന്ന ഒരു ദുസ്വപ്നം കണ്ട ഗിരിജ താൻ ഇനിയും ഉറങ്ങിയിട്ടില്ലല്ലോ എന്നോർത്ത് മൂത്ത പെണ്ണോട് ചേർന്നു കിടന്നു. രണ്ടു പെണ്ണുങ്ങളുള്ള വീട്ടിൽ, ടൈലിലോ ക്ലോസറ്റിലോ പറ്റിക്കിടക്കുന്ന ചോരപ്പാടുകൾ മായ്ക്കാൻ തന്നെ ഒരു ടാങ്ക് വെള്ളം വേണ്ടിവരുമെന്ന് അവൾക്ക് തോന്നി. ലോകത്തെ മുഴുവൻ വെള്ളത്തിന്റെയും കണക്ക് പെണ്ണുങ്ങൾക്ക് മാത്രമറിയുന്ന ഒന്നാണെന്ന് അവൾ പതുക്കെ പറഞ്ഞത് ആ പെൺകുട്ടി കേട്ടു. അവൾ മൂളിയപ്പോൾ ഗിരിജയ്ക്ക് സങ്കടം വന്നു.

അതിരാവിലെ ഒരു വയസ്സൻ ജിയോളജിസ്റ്റിനെയും കൊണ്ട് ചെക്കൻ വന്നു. നാലതിരും നോക്കി, മൂന്നാല് വീടുകൾ അളന്ന്, കണക്ക് തിട്ടപ്പെടുത്തി മിനിമം മുന്നൂറടി പുതിയ കിണറിനും അടിക്കേണ്ടി വരുമെന്ന് പറഞ്ഞ് അയാൾ പൈസയും വാങ്ങിപ്പോയി. കിണറിന്റെ വലിയ ആഴം അവളെ പിന്നെയും ഭയപ്പെടുത്തിയെങ്കിലും, പഴയ കുഴൽക്കിണർ വണ്ടിക്കാരുടെ നമ്പർ നോക്കിയെടുത്ത് വിളിച്ചു.

പതിനൊന്നു മണിയോടെ, കുഴിക്കാനുള്ള വണ്ടിക്കാർ വന്നു. അച്ഛനന്ന് ലീവാക്കിയില്ല. പകരം കുട്ടികളുടെ കുഞ്ഞമ്മാവൻ വന്നു. ചെക്കനും കുഞ്ഞമ്മാവനും വണ്ടിക്കാർക്കടുത്ത് നിന്ന് വേണ്ട കാര്യങ്ങളെല്ലാം ചെയ്തു. കിണർ കുഴിക്കുന്ന വലിയ ഒച്ചക്കിടയിൽ ഗിരിജ രണ്ടുവട്ടം വെറുതെ കരഞ്ഞു.

ആശങ്കയും സങ്കടവും അവളെ വണ്ടിക്കാരുടെ അടുത്തേക്ക് പോകാതെ പിടിച്ചുനിർത്തി.

വേറൊരു നാട്ടിൽ കർക്കടകത്തിൽ പെറ്റു വീണ കുട്ടിയായിരുന്നു ഗിരിജ. ചുറ്റും വെള്ളമുള്ള നാട്. വെള്ളം കണ്ടാണവൾ വളരുന്നത്. പിന്നാമ്പുറത്തും, അതിർത്തികളിലും ഉറവ പൊട്ടിയൊഴുകും. മഴ നിന്നാലും, ഉറവകൾ നിലയ്ക്കില്ല. നിറഞ്ഞ കിണറുകൾ, തൈക്കുണ്ടുകൾ, കവുങ്ങിൻ തോട്ടങ്ങൾ... സമപ്രായക്കാർക്കൊപ്പം അവള് പുഴ നിർമ്മിച്ചു കളിച്ചു. ചരുവുകളിൽ നിന്ന് മണ്ണ് മാന്തുമ്പോൾ, ഉറവകൾ കിളന്നു വരും. പുഴയുണ്ടാക്കി മടുക്കുമ്പോൾ, അവർ അണകെട്ടും. അതും മടുക്കുമ്പോൾ, ഏറ്റവും മുകളിലെ അണക്കെട്ട് പൊളിക്കും. അതിന്റെ ശക്തിയിൽ, ചെറിയ അണക്കെട്ടുകളൊക്കെ പൊട്ടും. കലങ്ങിത്തെറിച്ച്, വെള്ളമൊഴുകുന്നത് ഗിരിജയും കൂട്ടുകാരും നോക്കി നിൽക്കും. പറമ്പും മുറ്റവും കടുത്ത വേനൽ വരുന്നതുവരെ നനഞ്ഞു തന്നെയിരിക്കും. ആ നാട്ടിൽ നനഞ്ഞ മനുഷ്യരായിരുന്നു കൂടുതൽ. അവിടെ നിന്നാണ് ചന്ദ്രദാസൻ എന്നൊരു മനുഷ്യൻ, ഗിരിജയെ പൊള്ളുന്ന മറ്റൊരിടത്തേക്ക് കൊണ്ടുവരുന്നത്.

ദാഹം തോന്നിയപ്പോൾ അവളൊരിറക്ക് വെള്ളം കുടിച്ചു. അതേ നിൽപ്പ് കൊറേ നേരം നിന്നു.

ഉച്ചയോടെ അവളുടെ വൃദ്ധനായ ചേട്ടൻ വന്ന് അവളുടെ കയ്യിൽ പിടിച്ച് ''വെള്ളം കിട്ടി''യെന്ന് ചെറു ചിരിയോടെ പറഞ്ഞു. അവളന്നേരം കരയാൻ വിചാരിച്ചു. അയാൾ ആർദ്രതയുള്ള മനുഷ്യനായിരുന്നു.

കരഞ്ഞോട്ടെ എന്ന് അയാളും കരുതി. ചെക്കൻ കേറിവന്നപ്പോൾ ഗിരിജയത് മടക്കി.

''ഒട്ടും ചെളിച്ചൊവയില്ല. നല്ല തെളിഞ്ഞ വെള്ളം. നൂറ്റി മുപ്പത് അടിയിൽ വെള്ളം കിട്ടി. അതിശയംന്ന് വണ്ടിക്കാറ്..! ഇതമ്മയുടെ ലക്ക് ആണ്...'

ചെക്കൻ വെയിലിൽ നിന്നുകൊണ്ട് പറഞ്ഞു. അച്ഛനെ വിളിച്ചു പറയാൻ പറഞ്ഞുകൊണ്ട് അവൾ അടുക്കളയിലേക്ക് നടന്നു. ജനാല തുറന്നപ്പോൾ, അരമതിലിനപ്പുറത്ത്,മണിപ്ലാന്റും, ചെടിച്ചീരവള്ളികളും ഇരട്ടിച്ചിരിക്കുന്നു! അതിനപ്പുറത്ത് ഒരാൾ ഇരുന്നു തയ്ക്കുന്നുണ്ട് എന്ന് കാണാനേ പറ്റുന്നില്ല...

വലിയ പഴക്കമില്ലാത്ത പഴയ മോട്ടോർ തന്നെ എടുത്ത് മാറ്റി പുതിയ കിണറിനിട്ട്, കാര്യങ്ങളെല്ലാം പറഞ്ഞുകൊടുത്ത് പൈസയും വാങ്ങി വണ്ടിക്കാര് പോയി. ബാക്കിവന്ന കട്ടിയുള്ള കറുത്ത പൈപ്പ് പിള്ളേരെയും കൂട്ടി വട്ടത്തിൽ ചുരുട്ടി വച്ചു. അവരുടെ അച്ഛൻ വരുമ്പോൾ, വെട്ടുകല്ലുകൊണ്ട് ചതുരത്തിൽ കിണറിനു ചുറ്റുകെട്ടാൻ പറയണമെന്നും അവളോർമ്മിപ്പിച്ചു.

വര: മഞ്ജി ചാരുത

ഗിരിജ സ്വിച്ചിൽ തൊടുമ്പോൾ വളരെ പെട്ടെന്നിപ്പോൾ ടാങ്ക് നിറയുന്നുണ്ട്. പിള്ളേർ സമയമെടുത്ത് കുളിച്ചു. ചെടികൾ നനച്ചു. അച്ഛന്റെ പഴയ സ്‌കൂട്ടർ കഴുകി. ചവിട്ടിയും അടുക്കളത്തുണികളും നല്ലോണം കുതിർത്ത് തേച്ചു വിരിച്ചിട്ടു. തറ കഴുകി. തൊണ്ട വറ്റിയ മൂന്നു തെങ്ങിനും ആവശ്യത്തിൽ കൂടുതൽ പൈപ്പു പിടിച്ചു. മണ്ണ് നനഞ്ഞു നിന്നു. വെറുതെ രണ്ടുമൂന്ന് വട്ടം അവൾ മുഖം കഴുകി.

''ആദ്യം കുടിക്കാനെടുക്കുന്ന വെള്ളം, മധുരം കലക്കി വേണ്ടപ്പെട്ടവർക്ക് കൊടുക്കുന്ന ഒരു പതിവുണ്ടായിരുന്നു. ചെക്കനാണ് അത് ചെയ്തത്. ചെറുനാരങ്ങ വാങ്ങിക്കൊണ്ടുവന്ന് വലിയ വട്ടപ്പാത്രത്തിൽ അവൻ സർബത്ത് കലക്കി. ചെറിയമ്മാവനും പണിക്കാർക്കും കൊടുത്തു.

''അപ്പർത്തെ എളേയമ്മയ്ക്ക് കൊടുക്കട്ടെ...'

എന്ന ചോദ്യം അവന്റെ മുഖത്തുണ്ടായിരുന്നു. അമ്മയ്ക്കത് ഇഷ്ടമല്ല എന്ന നിസ്സംഗതയോടെ മിണ്ടാതിരിക്കുകയായിരുന്നു. അവനത്, കൊണ്ടുകൊടുക്കണമായിരുന്നു എന്ന്

ഗിരിജയ്ക്ക് വീർപ്പുമുട്ടി. അന്നു രാത്രിയും പിറ്റേപ്പകലും ഗിരിജയ്ക്ക്

അതേ ശ്വാസമ്മുട്ടലുണ്ടായി.

മകൾ, പുതിയ വെള്ളം തിളപ്പിച്ച് അതിൽ ഇഞ്ചി ചതച്ചിട്ട്, ഒരു നുള്ള് ഉപ്പും ചേർത്ത് അമ്മക്ക് കൊടുത്തു. ഗിരിജ അത് മുഴുവൻ കുടിച്ച് കിടന്നു. ഞെട്ടിയുണർത്തുന്ന സ്വപ്നങ്ങൾ കാണിക്കാതെ ഉറക്കമവളെ അടുത്ത ദിവസത്തേക്ക് കൊണ്ടുവിട്ടു.

പിറ്റേന്നും ഒരു തെളിച്ചം കിട്ടാതെ ഗിരിജ ജനാല തുറന്നു തന്നെ വെച്ചു. അതുവരെ, അകത്തെവിടെയോ കറങ്ങിക്കൊണ്ടിരുന്ന മഞ്ഞക്കടന്നൽ, ഒട്ടും മൂളാതെ പുറത്തേക്ക് പോയി. അപ്പുറം, പുറംപച്ചയ്ക്ക് പുറത്ത് ചൂടുകാറ്റടിക്കുന്ന ഒരു വരണ്ട ഭൂമി രൂപപ്പെട്ടതായി അവൾക്ക് തോന്നിയിരുന്നു. അതിര്, ഒരു മുഴുമതിലായി പൊക്കം വെച്ചതുപോലെ..

''നിന്റെ അമ്മേ കണ്ട് പഠിക്കെടീ'' എന്ന് രണ്ട് ദിവസം ലീവെടുത്തു വന്ന ഗിരിജയുടെ ഭർത്താവ് അഭിമാനത്തോടെ മകളോട് പറഞ്ഞു. അയാളത് പറഞ്ഞപ്പോൾ, അന്നേരത്തു മാത്രം അവൾക്കൊരു കുളുർപ്പുണ്ടായി. അയാൾ അവള് പറഞ്ഞപ്പോൾത്തന്നെ വെട്ടുകല്ലുകൾ കൊണ്ടു വന്ന് കിണറിനു നാല് ചുറ്റും ചുവര് കെട്ടി. മുകളിൽ ഒരു ഷീറ്റ് വെച്ച് മറച്ചു.

''ഒട്ടും വെയില് കൊള്ളണ്ട അതിന്'' അയാളോട് ചേർന്ന് നിന്നിട്ടും ഗിരിജ ഉച്ചത്തിൽ പറഞ്ഞു.

അതിന്റെ നാലുനാൾക്കിപ്പുറം വള്ളികളുടെ പച്ചക്കനപ്പ് നീങ്ങി. മണിപ്ലാന്റ് ഒതുക്കി വെട്ടിയപ്പോൾ മറ മാഞ്ഞു. ഒരു താളത്തിൽ അവൾ മെഷീൻ ചവിട്ടുന്നതും പല നിറത്തുണികളെ കാറ്റനക്കി വിളിക്കുന്നതും ഗിരിജ ശ്രദ്ധിച്ചു. പുറത്തേ അയയിൽ കുരുവികളെ തുന്നിയ ബ്ലൗസ്. തലയനക്കാതെ അവൾ തയ്ക്കുന്നു.
പിള്ളേർ പാടാറുള്ളൊരു പാട്ടും മൂളുന്നുണ്ട്! ഗിരിജയ്ക്ക് ചിരി വന്നു.
വൈകുന്നേരം നെയ്യിൽ തേങ്ങയും നേന്ത്രപ്പഴവും മുന്തിരിയും ചേർത്ത് നനച്ച വെള്ളയവൽ, പഴയതിലും കൊതിപ്പിക്കുന്ന ഗന്ധത്തോടെ അരമതിലിൽ പ്രത്യക്ഷപ്പെട്ടു. പിള്ളേർ അത് എടുക്കുന്നില്ലേ എന്ന്, അവർ എളയമ്മേ... എന്നു വിളിക്കുന്ന ആ സ്ത്രീ പച്ചിലകൾക്കിടയിലൂടെ നോക്കുന്നത് ഗിരിജ ശരിക്കും കണ്ടു.