ക്രൈം നമ്പർ: 369/2021 ഊട്ടി ഫയൽ | നോവൽ 05

#മനോജ് ഭാരതി
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

'നേഹ ആരെയെങ്കിലും ഭയപ്പെട്ടിരുന്നോ?'
നേഹയുടെ വീട്ടിലെത്തി മാതാപിതാക്കളോടു സംസാരിച്ച ദിവസം എസിപി സമർ ബനഡിക്ട് അങ്ങനെയൊരു ചോദ്യം ഉന്നയിച്ചത് കൗശലപപൂർവ്വമായിരുന്നു. മനോവിജ്ഞാനതന്ത്രമെന്ന നിലയിൽ ഒരു ചോദ്യം. അവർക്ക് മകളെപ്പറ്റിയുള്ള ഭയവും ആശങ്കയും മനോനിലബന്ധങ്ങളും സൂക്ഷ്മമായി നിർണയിക്കാനുള്ള ശ്രമം. ചിലപ്പോൾ സ്വാഭാവികമല്ലാത്ത, എന്നാൽ കാര്യഗൗരവമുള്ള ഒരു മറുപടി ലഭിച്ചേക്കാം. അറിയാത്ത വിവരങ്ങൾ പോലും പുറത്തുവരാം. അവയെല്ലാം അന്വേഷണത്തിൽ വഴിത്തിരിവാകും. എന്നാൽ പ്രതീക്ഷിച്ചതുപോലെയായിരുന്നില്ല പ്രതികരണം. അയാളുടെ ചോദ്യം ഇരുവരെയും ഭയപ്പെടുത്തുകയാണുണ്ടായത്.

തിരക്കേറിയ നഗരത്തിലൂടെ ഡ്രൈവ് ചെയ്യുമ്പോൾ സമറിന്റെ മനസ്സിൽ മേരിയുടെയും തോമസിന്റെയും വേവലാതി നിറഞ്ഞ മുഖങ്ങളായിരുന്നു. തെളിവുകളും രേഖകളും മാത്രമല്ല, ചിലപ്പോൾ ഉത്തരങ്ങളിലേക്കു നയിക്കുന്നത്. ഓർമ്മകളുടെ നിഴലുകളിലും വാക്കുകളുടെ വിടവുകളിലുമെല്ലാം അതിന്റെ നൂൽസഞ്ചാരമുണ്ട്. അങ്ങനെയാലോചിക്കുമ്പോൾ സമറിന് പഴയ ചോദ്യം തന്നോടുതന്നെ ചോദിക്കേണ്ടിവന്നു.

'നേഹ ആരെയെങ്കിലും ഭയപ്പെട്ടിരുന്നോ?'

മൂവന്തിനേരത്താണ് എമ്മ ബംഗ്ലാവിൽ സമർ ബനഡിക്ടെത്തിയത്. എമ്മ ഫെർണാണ്ടസ് ഓഫീസിൽ നിന്നു മടങ്ങിവന്നതും അതിന് അൽപ്പം മുമ്പ് മാത്രമായിരുന്നു. തുടർച്ചയായ മീറ്റിംഗുകളുടെ പരിമുറുക്കത്തിൽ അവർ ആകെ അസ്വസ്ഥയായിരുന്നു- പ്രത്യേകിച്ച് മെറിസോൺ ഡസേർട്ട് ഗ്ലോബൽ ട്രേഡേഴ്സുമായി നടത്തിയ നീണ്ട ചർച്ചകൾ. എമ്മ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മൈനർ സ്റ്റേക് മെറിസോണിനു കൈമാറുന്നതു ബന്ധപ്പെട്ടായിരുന്നു അവ. ബോർഡ് മീറ്റിംഗ്, ലീഗൽ നടപടിക്രമങ്ങൾ, പ്രോട്ടോകോൾസ്... ആശയക്കുഴപ്പങ്ങൾക്ക് വീണ്ടും വീണ്ടും വ്യക്തത വരുത്തേണ്ടിവന്നു. സമർ ബനഡിക്ടിനെ കണ്ടപ്പോൾ അവരുടെ ക്ഷീണമെല്ലാം എവിടേക്കോ വഴിമാറി.

സമർ സംസാരിച്ചു തുടങ്ങിയതോടെ എമ്മ ഫെർണാണ്ടസ്, അവിശ്വസനീയമെന്നു തോന്നിപ്പിക്കുന്ന വസ്തുതകളിലേക്ക് എത്തിച്ചേരുകയായിരുന്നു- നേഹയുടെ മേൽവിലാസമാറ്റം ഡാറ്റാബേസിലെ പിഴവല്ല. കൊച്ചിയിൽ ഭൂതകാലമാണെങ്കിൽ അവൾക്കൊരു ഭാവികാലം ഗോവയിൽ പിറന്നിരിക്കുന്നു.

നീതിമാൻമാരെ കാക്കുന്ന കർത്താവിന്റെ കരുണയിൽ എമ്മ എപ്പോഴും വിശ്വസിച്ചിരുന്നു. പക്ഷേ, ഇപ്പോൾ നടന്നിട്ടുള്ളതും പാടില്ലാത്തതുമായ പ്രവൃത്തി അവരുടെ മനസ്സിനെ മഥിച്ചു. മരിച്ച നേഹയുടെ നാമത്തിൽ ആരോ കൃത്രിമം ചെയ്തതായി സമർ പറയുമ്പോൾ...

അറിയാതെ അവരുടെ കൈവിരലുകൾ ജപമാല തിരഞ്ഞു.

'കർത്താവിന്റെ വഴികൾ നേരായവയാണ്; നീതിമാൻമാർ അവയിൽ നടക്കും, അധർമ്മികൾ അവയിൽ ഇടറിവീഴും.'

ഹോശേയ 14: 9 വചനം എമ്മയുടെ മനസ്സിൽ മുഴങ്ങി.

ദൈവം മിണ്ടാതെ ഇരിക്കുമ്പോഴും അവന്റെ നീതി ഉറങ്ങുന്നില്ലെന്ന് എമ്മയ്ക്കുറപ്പായിരുന്നു. മനുഷ്യർ ദുഷ്പ്രവൃത്തികളിലൂടെ കർത്താവിന്റെ നാമം മലിനമാക്കുമ്പോഴും, ആകാശത്തിന്റെ നീതി ഒടുവിൽ തെളിയും- അത് എത്ര വൈകിയാലും. ആ പ്രതീക്ഷ എമ്മയ്ക്കുണ്ടായിരുന്നു.

'ആന്റി... നേഹ എങ്ങനെയുള്ള കുട്ടിയായിരുന്നു?'

കഴിഞ്ഞകാലത്തേക്കുള്ള ഒരു അപ്രതീക്ഷിത തിരിഞ്ഞുനോട്ടമാണ് സമർ ആവശ്യപ്പെട്ടത്.

എമ്മ ഫെർണാണ്ടസിന്റെ ചിന്തകൾ ശിഥിലമായി. ക്ഷണനേരം കൊണ്ട് മനസ്സു നനഞ്ഞു. നേഹ എങ്ങനെയുള്ള കുട്ടി ആയിരുന്നു എന്നല്ല, തനിക്കവൾ ആരായിരുന്നെന്നും തന്നെയവൾ എങ്ങനെയാണ് കണ്ടതെന്നുമാണ് എമ്മ ഓർത്തത്. ഒരു തുടക്കക്കാരിയുടെ പ്രസരിപ്പ് അവൾക്കെപ്പോഴുമുണ്ടായിരുന്നു. വിശാലമായൊരു ജീവിതം ബാക്കിനിൽക്കെയാണ് എല്ലാം ദാരുണമായി കലാശിച്ചത്.

'ചിലപ്പോഴൊക്കെ അവളിൽ ഞാനെന്റെ ചെറുപ്പകാലം കണ്ടു. ബ്രേവ് ആന്റ് ബ്രില്യന്റ്. അവൾക്കെന്തെങ്കിലും സങ്കടങ്ങളോ പ്രയാസങ്ങളോ ഉള്ളതായി ഒരിക്കലും തോന്നിയിട്ടില്ല.'

അവളോടൊപ്പം നിൽക്കുന്ന ഫോട്ടോകളുള്ള ചെറിയ ആൽബം സമറിന്റെ മുന്നിലേക്ക് എമ്മ തുറന്നുവച്ചു.

'കുടുംബത്തിലെ ഒരംഗം പോലെ ആയിരുന്നു അവളെനിക്ക്'.

'നേഹയ്ക്ക് ഒരു റിലേഷൻ ഉണ്ടായിരുന്നു. അക്കാര്യം ആന്റി അറിഞ്ഞിരുന്നോ?'

എമ്മ ഫെർണാണ്ടസ് സംശയത്തോടെ മുഖമുയർത്തി.

'നെവർ'

ആദ്യമായി അങ്ങനെയൊന്ന് കേട്ടതിന്റെ അതിശയമായിരുന്നു അവർക്ക്.

'യെസ്. ദാറ്റ് ഹാപ്പൻഡ്.'

നേഹയുടെ മാതാപിതാക്കളിൽ നിന്നറിഞ്ഞ വിവരങ്ങൾ സമർ പങ്കുവച്ചു. ജാതിഭേദത്തിന്റെ അതിരടയാളങ്ങളാണ് അവളെ സ്വന്തം വീട്ടിൽ നിന്ന് അകറ്റിയത്. സ്നേഹിച്ചയാൾ അപമാനിതനാകരുതെന്നു കരുതി, സ്വന്തം സന്തോഷം തന്നെ അവൾ ഉപേക്ഷിച്ചു.

'എന്നോടവൾ ഒന്നും ഒളിച്ചിരുന്നില്ല. പക്ഷേ, ഇത്? ഞാനിപ്പോൾ സംശയിക്കുന്നു... ഞാനവളെ ഇനിയും മനസ്സിലാക്കാനുണ്ടായിരുന്നെന്ന്.'

നേഹയുടെ ചരമവാർഷികം കഴിയേണ്ടി വന്നു, അവളുടെ പ്രണയരഹസ്യം പുറത്തുവരാൻ- അതും ഒരു അന്വേഷണ ഉദ്യോഗസ്ഥനിലൂടെ. എമ്മയ്ക്കത് ഒരു ക്രൂരഫലിതമായി തോന്നി.

'പേരന്റ്സിൽനിന്ന് അകന്നതുകൊണ്ടാണ് അവൾ കമ്പനി ക്വാർട്ടേഴ്സിൽ താമസിച്ചതെന്നും, വീക്കെൻഡ്സിൽ വീട്ടിൽ പോകാതിരുന്നതെന്നും എനിക്കറിയില്ലായിരുന്നു.'

ആൽബത്തിലുള്ള ചിത്രങ്ങൾ സമർ ഇതിനകം കണ്ടുകഴിഞ്ഞിരുന്നു- കൂടുതലും എമ്മയും നേഹയും ചേർന്നുള്ളവ. ഒരുതരം മൈക്രോ എക്സ്പ്രഷൻ അനാലിസിസിനാണ് അയാൾ ശ്രമിച്ചത്. നിഷ്‌കളങ്കയും ആത്മവിശ്വാസമുള്ളവളുമാണെന്ന് തോന്നിപ്പിക്കുന്നതായിരുന്നു നേഹയുടെ ശരീരഭാഷയും ഭാവങ്ങളും. ക്യാമറയിലേക്കു നോക്കേണ്ടതിനുപകരം, മിക്ക ചിത്രങ്ങളിലും അവളുടെ കണ്ണെത്തിയിരുന്നത് എമ്മയുടെ നേർക്കായിരുന്നു.

പദവിക്രമം ആസ്പദമാക്കിയുള്ള ബഹുമാനരീതി വ്യാഖ്യാനിക്കാൻ ശ്രമിച്ച സമറിന,് ജോലിസ്ഥലബന്ധം മാത്രമല്ല ഇരുവർക്കുമിടയിലുള്ള മനോബന്ധം കൂടിയാണ് വെളിപ്പെട്ടത്. നിയന്ത്രിതവും വൈകാരികമായി ഉറച്ചതുമാണെങ്കിലും, ചില പ്രത്യേക സാഹചര്യങ്ങളിൽ ദുർബ്ബലമാകാനിടയുള്ള വ്യക്തിത്വമായിരുന്നു അവളുടേതെന്ന് സമറിനു തോന്നി.

'ആ ബന്ധത്തെക്കുറിച്ചവൾ പറയാതിരുന്നത്... ഒരുപക്ഷേ, ഞാൻ വിലക്കുമെന്നു കരുതിയാവും.'

എമ്മ വീണ്ടും നേഹയുടെ പ്രണയബന്ധത്തിലേക്കെത്തി.

'ആന്റി, അവൾക്കാരെങ്കിലും എതിരാളികളുണ്ടായിരുന്നോ? കമ്പനിക്കകത്തോ പുറത്തോ?'

ഇല്ലെന്നവർ തലയാട്ടി. അതേസമയം, സമറിന്റെ അന്വേഷണം നീങ്ങുന്ന വഴികളെക്കുറിച്ചുള്ള അമ്പരപ്പിലായിരുന്നു അവർ. എമ്മ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഭാവി, ജാക്കിന്റെ അകാലവിയോഗം, നേഹയുടെ കാര്യത്തിലുള്ള വിചിത്രമായ സംഭവവികാസങ്ങൾ... ആശയക്കുഴപ്പത്തിന്റെ വലയമായിരുന്നു ചുറ്റിലും..

'അവസാനനാളുകളിൽ നേഹ ഊട്ടിയിലായിരുന്നല്ലോ. ഹോസ്പിറ്റലിലായതും അവിടെ വച്ചാണ്. സോ വാട്ട് വാസ് ഷി റിയലി ഡൂയിങ് ഇൻ ഊട്ടി?'

പശ്ചിമഘട്ടത്തിൽ മറയാനൊരുങ്ങിയ പകലിന് പിച്ചളനിറമായിരുന്നു. എമ്മ ജാലകത്തിനരികിലേക്കു നടന്നു. മനസ്സിൽ അസ്വസ്ഥതയുടെ അലയിളകിയതോടെ, കണ്ണടച്ച് ചുറ്റുമുള്ള ലോകത്തെ അപ്രത്യക്ഷമാക്കി. ജാക്കിന്റെ ഭാവിയെക്കുറിച്ചുണ്ടായിരുന്ന ആകുലതകളും നേഹയുടെ വിശ്വസ്തസാമീപ്യവുമെല്ലാം ഇഴചേരാൻ തുടങ്ങുന്നത് അവരറിഞ്ഞു.

'ബിസിനസ് ഒറ്റയ്ക്ക് മുന്നോട്ടുകൊണ്ടുപോകാനാവുമെന്ന് കരുതിയല്ല, അഞ്ചുവർഷം മുമ്പ് അലക്സാണ്ടർ മരിച്ചപ്പോൾ ഞാനിതേറ്റെടുത്തത്. ജാക്ക് വളർന്നുവരുന്നതിലുള്ളപ്രതീക്ഷയിലായിരുന്നു. അന്നു ഞാനങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ, എമ്മ ഗ്രൂപ്പ് അനാഥമായേനെ.' അവർ വീണ്ടും തിരികെ വന്ന് കസേരയിലിരുന്നു.
'പക്ഷേ, അവൻ പ്രതീക്ഷയ്ക്കൊത്തുയർന്നില്ല.'

ലണ്ടൻ പഠനത്തിനുശേഷം മടങ്ങിവന്ന ജാക്ക്, എമ്മ ഗ്രൂപ്പിന്റെ ഉത്തരവാദിത്വങ്ങളോടു മുഖം തിരിഞ്ഞുനിന്നതിന്റെ കഥകൾ അവർ പറഞ്ഞുതുടങ്ങി. ബിരുദത്തിനൊപ്പം ലണ്ടനിൽ നിന്നു കൊണ്ടുവന്ന ഹോഴ്സ് റൈഡിംഗ് കമ്പത്തിന്റെ തുടർച്ചയായി, പേരുകേട്ട ജാക് പോട്ടുകളിൽ പങ്കെടുക്കുന്നത് അവന്റെ ഹരമായി. അലക്സാണ്ടറിന് കാറോട്ടത്തിലായിരുന്നു കമ്പമെങ്കിൽ മകനത് ഹോഴ്സ് റൈഡിംഗിലായിരുന്നു. രണ്ടിലും സാഹസികതയുണ്ടായിരുന്നു. അലക്സാണ്ടർ ആ സാഹസികത ബിസിനസിലും പുലർത്തി. പക്ഷേ, ജാക്ക് അക്കാര്യത്തിൽ ഭീരുവിനെപ്പോലെ ഒളിച്ചോടി. കുടുംബബിസിനസ്സിനെയും അനന്തരാവകാശത്തെയും കുറിച്ചൊക്കെ പലവുരു എമ്മ സംസാരിച്ചതാണ്. അപ്പോഴൊക്കെ അവൻ ചിരിച്ചൊഴിഞ്ഞു. മുത്തശ്ശിയോട് ഇഷ്ടവും ആദരവുമുണ്ടെങ്കിലും, ഇക്കാര്യത്തിൽ അവൻ വഴുതിമാറിക്കൊണ്ടിരുന്നു.

'ജാക്കിനെ ഒരു സർക്കിളിൽ ഒതുക്കിനിർത്തേണ്ടത് ആവശ്യമായിരുന്നു. അതിനു പറ്റിയ മാർഗം വിവാഹമാണെന്നു തോന്നി. പക്ഷേ അവനതിനും തയ്യാറായില്ല.'

എമ്മ ദീർഘനിശ്വാസത്തോടെ സമറിന്റെ മുഖത്തേക്കു നോക്കി. ദത്തശ്രദ്ധനായി എമ്മയുടെ വാക്കുകൾക്കൊപ്പം സഞ്ചരിക്കുകയായിരുന്നു അയാൾ.

'എല്ലാം കണ്ടുകൊണ്ട് നേഹ എന്റെയൊപ്പമുണ്ടായിരുന്നല്ലോ. അവളാണ് അന്ന് ആ ഐഡിയ എന്നോടു പറഞ്ഞത്.'

ജാക്കിനുവേണ്ടി സ്വകാര്യമായി നടത്തുന്ന ഒരു മാര്യേജ് ചലഞ്ച്. ജാക്ക് അലക്സാണ്ടറുമായി വിവാഹത്തിന് താത്പ്പര്യമുള്ള പെൺകുട്ടികളെ ക്ഷണിക്കുക. അതിൽ മികച്ച അഞ്ചു പ്രൊഫൈലുകൾ ഷോർട്ട് ലിസ്റ്റ് ചെയ്യുക. അവർക്കൊപ്പം ഊട്ടിയിലെ വേനൽക്കാലവസതിയിൽ ഒരു മാസം ചിലവഴിക്കുക. ആ കാലയളവിൽ അവരിലേതെങ്കിലും ഒരാളോട് ജാക്കിന് ആഭിമുഖ്യം തോന്നിയാൽ പദ്ധതി വിജയിക്കും.

ഭ്രാന്തൻ ആശയമെന്നോർത്ത് എമ്മ മൂക്കത്തു വിരൽ വച്ചുപോയി. ആ ആശ്ചര്യം തന്നെയായിരുന്നു നേഹയ്ക്കു വേണ്ടിയിരുന്നത്. ജാക്കിനെ ആകർഷിക്കാൻ തക്ക കൗതുകം അതിലുണ്ട്. വളഞ്ഞ വഴിയിലൂടെയാണെങ്കിലും, അവനെ എമ്മയുടെ ലക്ഷ്യത്തിലേക്കെത്തിക്കാൻ തന്റെ ഐഡിയയ്ക്കു കഴിയുമെന്ന് അവൾ വിശ്വസിച്ചു.

'എന്നിട്ട്... ജാക്ക് സമ്മതിച്ചോ?'
'യെസ്. പേഴ്സണലായി ഒരു മാര്യേജ് ചലഞ്ച്... റിയാലിറ്റി ഷോ പോലെ ഒന്ന്... ആ കൺസെപ്റ്റ് അവന് നന്നായി ബോധിച്ചു.'

മാര്യേജ് ചലഞ്ചിന്റെ മുഴുവൻ ചുമതലയും നേഹ തന്നെ ഏറ്റെടുത്തു. സ്വകാര്യ വൃത്തങ്ങളിലൂടെയാണ് അതു സംബന്ധിച്ച വിവരങ്ങൾ ടാർഗറ്റ് ഗ്രൂപ്പിലെത്തിച്ചത്. നിരവധി പെൺകുട്ടികൾ താത്പ്പര്യപൂർവ്വം പ്രൊഫൈലുകൾ അയച്ചു. എമ്മയുടെ അഭിപ്രായം തേടി, അതിൽ നിന്ന് അഞ്ചുപേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയതും നേഹയാണ്.

ഊട്ടിയിലെ കമ്പനി ഗസ്റ്റ് ഹൗസ് മാര്യേജ് ചലഞ്ചിനു വേദിയായി. അഞ്ചു പെൺകുട്ടികളും ബംഗ്ലാവിലെ ജീവനക്കാരും, പിന്നെ നേഹയും മാത്രം. എമ്മയടക്കം ആരും അവിടേക്കു പോകുകയോ മാര്യേജ് ചലഞ്ചിന്റെ സ്വകാര്യതയിലേക്കു കടക്കുകയോ ചെയ്തില്ല. നേഹയുടെ സമർത്ഥമായ ആസൂത്രണത്തിൽ ഇത്തവണ ലക്ഷ്യം കണ്ടെത്തുമെന്ന് എമ്മ വിശ്വാസിച്ചു.
പക്ഷേ…
ഓർമകൾ എമ്മയുടെ കണ്ണുകളെ നനയിച്ചു. ജാക്കിന്റെ പിറന്നാൾ ദിനം. വൈദ്യുതവിളക്കുകളൊഴിവാക്കി, ഗസ്റ്റ്ഹൗസിലെ അർധരാത്രിയെ മെഴുകുതിരികൾ കൊണ്ട് അലങ്കൃതമാക്കിയിരുന്നു. ജാക്കിന്റെ ചിന്തയിൽ നിന്നുതന്നെയാണ് അങ്ങനെയൊരു ദൃശ്യപ്പൊലിമ ഉരുത്തിരിഞ്ഞത്. അതിനിടയിലാണ് പുറത്തേക്കുള്ള സ്റ്റെയർകേസിൽ വച്ച് അവൻ അപകടത്തിൽപ്പെട്ടത്.

എമ്മയുടെ ഹൃദയം പിടച്ചു. താഴേക്കൂർന്നുവീഴുമ്പോൾ, അവനൊരുപക്ഷേ തന്നെ പേരുചൊല്ലി വിളിച്ചിട്ടുണ്ടാവില്ലേ? അവർ നിയന്ത്രണം വിട്ട് വിതുമ്പിക്കരഞ്ഞു.

'കൂൾ ഡൗൺ ആന്റി..'

സമർബനഡിക്ട് അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അവർ ബദ്ധപ്പെട്ട് സങ്കടമൊതുക്കി.

'ഒരു ബിയർ കുപ്പി... അതിൽ തെന്നി വീഴുകയായിരുന്നു.'

എമ്മ ശാന്തത കൈവരിക്കും വരെ കാത്തതിനു ശേഷം, സമർ മെല്ലെ ചോദിച്ചു.

'നേഹ ഹോസ്പിറ്റലിലായത് എപ്പോഴാണ്?'

'ആ തിരക്കെല്ലാം കഴിഞ്ഞ്, ഒരാഴ്ച തികയുന്നതേയുള്ളൂ. അപ്പോഴാണ്... ആർക്കും പോകാനോ കാണാനോ കഴിയില്ലല്ലോ. പ്രോട്ടോക്കോൾ അങ്ങനെയല്ലേ.'

നനഞ്ഞ തുണിപോലെ മുറിയിൽ നിശ്ശബ്ദത പതിഞ്ഞുകിടന്നു. അൽപ്പനേരം കൂടി അവിടെ ചിലവഴിച്ചശേഷം സമർ എഴുന്നേറ്റു.

'വാല്യുബിൾ ഇൻഫർമേഷനാണ് ആന്റീ ഇതെല്ലാം.'

'നേഹയുടെ ഐഡിയ വിജയിക്കുമെന്നും ഉത്തരവാദിത്വബോധമുള്ള പുതിയൊരു ജാക്കിനെ കിട്ടുമെന്നുമൊക്കെ ആശിച്ചു. പക്ഷേ, അവന്റെ ജീവനില്ലാത്ത ശരീരം... അതാണെനിക്ക് ഊട്ടിയിൽ നിന്നു കിട്ടിയത്. പിന്നാലെ നേഹയെയും നഷ്ടപ്പെട്ടു.'

ഉള്ളു മുറിഞ്ഞ ചിരിയിൽ എമ്മയുടെ നഷ്ടബോധത്തിന്റെ ആഴം പ്രകടമായിരുന്നു. സമർ യാത്ര പറഞ്ഞിറങ്ങി. മടക്കവഴിയിലുള്ളതിലും അധികം വളവും തിരിവും അയാളുടെ ചിന്തകൾക്കുണ്ടായിരുന്നു.

ഗോവയിലെ വിലാസത്തിന്റെ പൊരുളറിയുന്നതോടെ, പുനപ്പരിശോധിക്കേണ്ടതെന്തെങ്കിലും എമ്മ ഫെർണാണ്ടസിന്റെ വാക്കുകളിലുണ്ടോയെന്നാണ് അയാൾ തിരഞ്ഞത്. ഗോവയിലേക്കുള്ള ലിങ്ക് വെറുമൊരു ലീഡ് ആകാനിടയില്ല. മരണമടഞ്ഞ നേഹയുടെ ഐഡി വിലാസം ഗോവയിലേക്ക് അപ്ഡേറ്റ് ചെയ്യപ്പെട്ടതെന്തിന്?

ആ വീട്ടിൽ താമസിച്ചിരുന്നത് ആരൊക്കെയാണ്? ഈ സമയം, സമറിന്റെ ആലോചനകളെ മുറിച്ച് ആദിൽഖാൻ ഫോണിലെത്തി.

'ഗോവയിൽ നിന്നും ഇംപോർട്ടന്റായ വിവരമുണ്ട്. സാർ.'

സമർ വാഹനത്തിന്റെ വേഗത കുറച്ച് റോഡരികിലേക്കൊതുക്കി.

'ആ വിലാസത്തിൽ താമസിച്ചിരുന്നത് നേഹ തന്നെയാണ്. ഹൗസ് ഓണറും നൈബേഴ്സും ഫോട്ടോ തിരിച്ചറിഞ്ഞിട്ടുണ്ട്.'

അപ്രതീക്ഷിതവും അവിശ്വസനീയവുമായ വിവരമായിരുന്നു അത്. സമറിന്റെ കാതുകളിൽ ആദിൽഖാന്റെ വാക്കുകൾ പ്രതിധ്വനിച്ചു.

(തുടരും)

Content Highlights: ACP Samar Benedict investigates Neha's hidden connection to Goa., Emma Fernandez reveals the secret 'Marriage Challenge' organized for Jack., The tragic connection between Jack's death and Neha's disappearance is explored., New evidence confirms Neha was living in Goa, despite being declared deceased.