ക്രൂരമായ കുറ്റസമ്മതം; നേഹയെ തകർത്ത് അവിഹിത ആരോപണം | ക്രൈം നമ്പർ: 369/2021 ഊട്ടി ഫയൽ 22

മുത്തുവിന്റെ ചോദ്യംചെയ്യൽ ഒരു സാധാരണ പോലീസ് നടപടി ആയിരുന്നില്ല. വാക്കുകൾ പൊളിച്ചെടുക്കുകയും അവയ്ക്കിടയിൽ ബോധപൂർവ്വം സൃഷ്ടിച്ച മൗനങ്ങളെ വായിച്ചെടുക്കുകയും ചെയ്യുന്ന ദീർഘസംവാദം തന്നെയായിരുന്നു അത്. ആദിൽഖാൻ അതുസംബന്ധിച്ചു തയ്യാറാക്കിയ വിശദമായ റിപ്പോർട്ട് സമർ ബനഡിക്ടിനു നേരിട്ട് കൈമാറിയിരുന്നു. ഓരോ വാക്കും വാക്കുകൾക്കിടയിലെ നിശ്ശബ്ദതയുടെ സൂക്ഷ്മവരമ്പുകളും നിസ്സഹകരണത്തിന്റെ മൃദുനിഷേധങ്ങളും ഉച്ചാരണത്തിലെ ചെറുവ്യതിയാനങ്ങളുമെല്ലാം സമറിനു മുന്നിൽ പുനരവതരിച്ചു.
അത് വെറുമൊരു കുറ്റസമ്മതമായിരുന്നില്ല. ഉദ്ദേശ്യങ്ങളിലേക്കും കൂട്ടാളികളിലേക്കും ഇടപാടുകളിലേക്കും വിരൽചൂണ്ടുന്ന രൂപരേഖയായിരുന്നു. അതു നയിച്ചത് ഒരേയൊരു ദിശയിലേക്കാണ്- രണ്ടു കൊലപാതകങ്ങൾ. ഒരൊറ്റ മാസ്റ്റർമൈൻഡ്. നിരവധി നിശ്ശബ്ദപങ്കാളികൾ.
ആദിൽഖാന്റെ വാക്കുകൾ അപ്പോഴും സമറിന്റെ മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നു.
'ഔവർ പ്ലാൻ വർക്ക്ഡ്. അവന് ആകെയൊന്നു ഷോക്കായിട്ടുണ്ട്. ആൾറെഡി കൊലപാതകത്തിനു ശിക്ഷിക്കപ്പെട്ട ഒരാൾക്ക് ഈ കേസ് കൂടി ചേർന്നാൽ എന്തു സംഭവിക്കുമെന്ന് കാൽക്കുലേറ്റ് ചെയ്തിട്ടുണ്ടാവും. എന്തായാലും, അവൻ ഇപ്പോൾ നമ്മുടെ വഴിയിലാണ്.'
സംയമനം ശീലിച്ചിട്ടില്ലാത്ത മുത്തുവിൽ കാണുന്ന ഈ മാറ്റം ചെറിയ കാര്യമല്ലെന്ന് സമർ ഉറപ്പിച്ചു. അത് മന്ദഗതിയിലുള്ള മാനസികപരിവർത്തനമായിരുന്നു- ഇന്ദ്രിയങ്ങൾ മങ്ങിയും ചിന്തകൾ ചിതറിയും പോയ ഒരാളുടെ കീഴടങ്ങൽ. അവന്റെ മൊഴിയിൽനിന്ന് ഇനിയും പലതും പരിശോധിക്കാനുണ്ട്.
നിഗമനം ഒന്ന്:
രണ്ടു കൊലപാതകങ്ങൾക്കും ക്വട്ടേഷൻ നൽകിയത് അരവിന്ദാണ്.
നിഗമനം രണ്ട്:
അരവിന്ദിനും മുത്തുവിനും ഇടയിലുള്ള പാലം യൂണിയൻ നേതാവാണ്. അന്വേഷണപുരോഗതിയിൽ വലുതായിക്കൊണ്ടിരിക്കുകയാണ് ആ ഗൂഢവ്യക്തി.
നിഗമനം മൂന്ന്:
ഇടപാട് ലളിതമായിരുന്നു. ജാക്കിനെ കൊലപ്പെടുത്താൻ മൂന്നുലക്ഷം. തേവമ്മയുടെ കാര്യത്തിൽ അത് രണ്ടുലക്ഷം. പണം അരവിന്ദൻ നേരിട്ടു കൈമാറി.
സംശയങ്ങൾ ഇഴകീറി പരിശോധിക്കാൻ ആദിൽഖാൻ നടത്തിയ ശ്രമങ്ങൾ റിപ്പോർട്ടിൽ വ്യക്തമായിരുന്നു. തേവമ്മയുടെ സാന്നിധ്യംതന്നെ കേസിന് ആഴമുള്ള സംശയങ്ങൾ നൽകി. അവളുടെ മരണം യാദൃശ്ചികമല്ല. അവൾ ഒരു ചങ്ങലയിലെ നിർണ്ണായക കണ്ണിയാകാമെന്ന നിഗമനത്തിലേക്കാണ് അന്വേഷണം നീങ്ങിയത്.
യൂണിയൻ നേതാവുമായി തേവമ്മയ്ക്ക് ഏറെ നാളത്തെ പരിചയമുണ്ടെന്ന് ആദിലിന്റെ റിപ്പോർട്ട് സ്ഥിരീകരിച്ചു. അയാളുടെ വീട്ടുജോലിക്ക് അവൾ ഇടയ്ക്കിടെ പോയിരുന്നെന്ന് കറുപ്പും ഉറപ്പിച്ചിട്ടുണ്ട്. അതിലും ഗൗരവമുള്ള മറ്റൊരു വിവരം കൂടി ഉണ്ടായിരുന്നു- തേവമ്മയുടെ ജഡം അടക്കം ചെയ്യുന്നതിന് നാല് ദിവസം മുൻപ് അവൾ യൂണിയൻ നേതാവിന്റെ വീട്ടിലെത്തിയിരുന്നു.
ആദിലിന്റെ സംഗ്രഹം നേരിട്ടുള്ളതും വ്യക്തവുമായിരുന്നു. തേവമ്മയെ ടാർഗറ്റായി നിശ്ചയിച്ചത് യൂണിയൻ നേതാവാണ്.
സമർ ഫയൽ ഒരിക്കൽക്കൂടി പരിശോധിച്ച് മടക്കി വൃത്തിയുള്ള റാക്കിലേക്കുവച്ചു. പിന്നെ കോറിഡോറിലേക്കു തുറക്കുന്ന ജാലകത്തിനരികിൽ ചെന്ന് സിഗർട്ടിനു തീ കൊളുത്തി. മുത്തു ഒടുവിൽ പത്തി താഴ്ത്തിയിരിക്കുന്നു. അയാളെ തിരിച്ചും മറിച്ചും ചോദ്യം ചെയ്ത് ലഭിക്കാവുന്ന വിവരങ്ങൾ ആദിൽഖാൻ ഇതിനകം ശേഖരിച്ചിരുന്നു. ഒരു ശസ്ത്രക്രിയാ വിദഗ്ധന്റെ സൂക്ഷ്മതയോടെയാണ് മുത്തുവിനെ കൈകാര്യം ചെയ്ത്. തുടക്കം മുതൽ സമർ അത് നീരീക്ഷിച്ചിരുന്നു.
പ്രധാനമായും രണ്ട് മരണങ്ങളെക്കുറിച്ചായിരുന്നു അവനിൽനിന്ന് ഉത്തരം കിട്ടേണ്ടിയിരുന്നത്- ജാക്കിന്റെയും തേവമ്മയുടെയും. ഇരുവരെയും കൊന്നത് അവനാണെന്നും അത് ക്വട്ടേഷൻ ജോലിയാണെന്നും വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു.
പല ഇടങ്ങളിലുണ്ടായിരുന്ന കുത്തുകൾ നേർരേഖയായി ഒത്തുചേരാൻ തുടങ്ങിയതിന്റെ ആശ്വാസത്തിലായിരുന്നു സമർ. മുത്തുവിന്റെ മനസ്സിന്റെ റൂട്ട് മാപ്പ് അയാൾ വരച്ചുകഴിഞ്ഞിരുന്നു. അതേസമയം, അരവിന്ദ് ഇതുവരെ പൂർണ്ണമായി തകർന്നിട്ടില്ല. പക്ഷേ, അയാൾ അവസാന ലാപ്പിലേക്കാണ് നീങ്ങുന്നത്.
അരവിന്ദിനുവേണ്ടി മാറ്റിവച്ചിരുന്ന ഫയൽ സമർ മെല്ലെ തുറന്നു. അയാളെ ചോദ്യം ചെയ്യേണ്ട ദിനം എത്തുകയാണ്.
അരവിന്ദിനെ പാർപ്പിച്ചിരുന്ന അതേ ജാലകങ്ങളില്ലാത്ത മുറിയിലായിരുന്നു ചോദ്യംചെയ്യൽ. സമർ ബനഡിക്ടിന്റെയും ആദിൽഖാന്റെയും സാന്നിധ്യത്തിൽ ആ മുറി കൂടുതൽ ശ്വാസം മുട്ടിക്കുന്നതായി അരവിന്ദിനു തോന്നി. അരവിന്ദിന്റെ കസേരയ്ക്ക് അഭിമുഖമായി ആദിൽഖാൻ ഇരുന്നു. നിശ്ചിത അകലത്തിൽ, പതിവുരീതിയിൽ സമർ ബനഡിക്ട് കാഴ്ചക്കാരന്റെ റോളിൽ സ്ഥാനം പിടിച്ചു.
അരവിന്ദിന്റെ മാനറിസങ്ങളിലായിരുന്നു സമറിന്റെ ശ്രദ്ധ. വിരൽത്തുമ്പുകൾ ആവർത്തിച്ചു തടവുന്നത്, പതിവില്ലാതെ കണ്ണുചിമ്മുന്നത്... ചെറുചലനങ്ങൾ പോലും വിട്ടുകളയാതെ അരവിന്ദിന്റെ ഒരോ ഫ്രയിമും കീറിമുറിച്ചു പരിശോധിക്കുകയായിരുന്നു അയാൾ.
മുഖവുരയില്ലാതെ ആദിൽ ചോദ്യങ്ങളിലേക്കു കടന്നു.
'ഇവിടെ നിന്റെ കഥയും വേണ്ട പ്രസംഗവും വേണ്ട. ഉത്തരം മാത്രം മതി.'
പ്രൈവറ്റ് ഡിറ്റക്ടീവായി വർഷങ്ങളോളം പ്രവർത്തിച്ചതിന്റെ ആത്മബലമെല്ലാം ക്രമേണ ചോർന്നു പോകുന്നതായി അരവിന്ദിന് തോന്നി. തോളുകൾ തെല്ലൊന്നു വിറകൊള്ളുകയും കൈവിരലുകൾ ഇറുകി നിശ്ചലമാകുകയും ചെയ്തിരിക്കുന്നു. ആദ്യത്തെ ചോദ്യംതന്നെ ചാട്ടയടിപോലെയാണ് വന്നുവീണത്.
'നീയെന്തിനാണ് തേവമ്മയെ കൊന്നത്?'
ഒന്നു പകച്ച അരവിന്ദ് മറുപടി പറയാൻ മടിച്ചു. ഭാഗികമായി സമറിന്റെ വശത്തേക്ക് തിരിഞ്ഞ അവന്റെ കണ്ണുകൾ പിന്നീട് ഇരുവരിലേക്കും മാറിമാറി നീങ്ങി.
മുന്നോട്ടാഞ്ഞിരുന്ന ആദിലിന്റെ ശബ്ദം കൂടുതൽ കഠിനമായി.
'പറയെടാ.'
അരവിന്ദ് വീണ്ടും കണ്ണുചിമ്മി. പിന്നെ ശ്രദ്ധാപൂർവ്വം പാകപ്പെടുത്തിയ മറുപടി.
'ഞാൻ പറഞ്ഞില്ലേ. എനിക്കവരെ അറിയില്ല.'
സ്വാഭാവികമെന്നു തോന്നിച്ച സ്വരമായിരുന്നു അയാളുടേത്. എന്നിരുന്നാലും, തോറ്റ കളിയിൽനിന്നു പുറത്തുകടക്കാനുള്ള ഒരു പ്രൈവറ്റ് ഡിറ്റക്ടീവിന്റെ നേർത്ത ധിക്കാരം അതിൽ ഒളിഞ്ഞിരുന്നു.
ആദിൽ അതേ നിലയിൽ ചോദിച്ചു.
'അപ്പോപ്പിന്നെ നീ ആരെ അറിയും. മുത്തുവിനെ അറിയുമോ? അറുപ്പുക്കോട്ടൈ മുത്തു?'
അരവിന്ദ് നിഷേധഭാവത്തിൽ തലകുലുക്കി.
വാദത്തിനു തുനിയാതെ, തണുത്ത ചിരിയോടെ ആദിൽ ഒരു നിമിഷം അയാളെ നോക്കി. പിന്നെ മൊബൈൽഫോൺ മേശപ്പുറത്തുവച്ച് അതിൽ ഒരു വീഡിയോ പ്ലേ ചെയ്തു.
യൂണിയൻ നേതാവാണ് അരവിന്ദിനെ പരിചയപ്പെടുത്തിക്കൊടുത്തത്... തേവമ്മയെ ഹോസ്പിറ്റൽ വാർഡിൽവച്ച്, മറ്റാരും കാണാതെ, ശ്വാസം മുട്ടിച്ചു കൊന്നതാണ്...
അതിനു രണ്ടുലക്ഷം രൂപ പ്രതിഫലം അരവിന്ദൻ നൽകി...
വീഡിയോയിൽ മുത്തു എല്ലാം വിശദമായി പറഞ്ഞു.
'നിന്റെ പഴയ ഡയലോഗുണ്ടല്ലോ... നേഹയുടെ വീട്ടുകാരെയും എമ്മയെയും മറയ്ക്കാനാണ് അവൾ മരിച്ചതായി വരുത്തിയതെന്ന്.. അതിവിടെ വേണ്ട. അതിന്റെ കൂടെ തേവമ്മയുടെ കൊലപാതകം വച്ചുകെട്ടാനും നോക്കണ്ട. സത്യം പറ. എന്തിനാണ് തേവമ്മയെ കൊന്നത്?'
അരവിന്ദ് ഉള്ളുലഞ്ഞുനിന്നു. അതേസമയം, ആദിലും സമറും കണ്ണുകൾ കൊണ്ട് പരസ്പരം ആശയവിനിമയം നടത്തുന്നുണ്ടായിരുന്നു.
'നീ ജാക്ക് അലക്സാണ്ടറെ കൊന്നതോ? അതെന്തിനാണ്?'
പിന്നിൽ നിന്നാരോ കൂടത്തിനടിച്ചതുപോലെ അരവിന്ദ് ഞെട്ടി.
'പറ. ഇല്ലെങ്കിൽ മുത്തു പറയും.'
ആദിൽ വീണ്ടും വീഡിയോ പ്ലേ ചെയ്തു.
എപ്പോഴാണ് അരവിന്ദ് പരിചയപ്പെട്ടതെന്നും, എന്തൊക്കെ നിർദ്ദേശങ്ങളാണ് അയാൾ നൽകിയതെന്നും എങ്ങനെയാണ് ഗസ്ററ് ഹൗസിലേക്ക് അയച്ചതെന്നും മുത്തു വിശദമായി പറഞ്ഞു. സംഭവദിവസം അരവിന്ദിന്റെ കൃത്യമായ നിർദ്ദേശങ്ങളാണു പാലിച്ചത്. പടിക്കെട്ടിലെ സ്ക്രൂകൾ അഴിച്ചതും ലൈറ്റ് പ്രവർത്തനരഹിതമാക്കിയതും കൃത്യസ്ഥലത്ത് ബിയർകുപ്പികൾ വച്ചതുമെല്ലാം പദ്ധതിയുടെ ഭാഗമായിരുന്നു. ജാക്കിന്റെ വീഴ്ചയ്ക്ക് സമയപരിധി പോലും നിശ്ചയിച്ചിരുന്നതായി മുത്തു പറഞ്ഞു. മൂന്നു ലക്ഷം രൂപയായിരുന്നു പ്രതിഫലം.
ആദിൽഖാൻ വീഡിയോ ഓഫ് ചെയ്തു.
'ഇനി പറ... ജാക്കിനെ കൊന്നതെന്തിനാണ്?'
ചുമരിലെ സാങ്കൽപ്പികബിന്ദുവിൽ നോക്കി നിശ്ചലനായിരുന്നതല്ലാതെ അരവിന്ദ് മൗനം വെടിഞ്ഞില്ല. പക്ഷേ, ആദിലിനും സമറിനും ഉറപ്പായിരുന്നു- മനസ്സ് മുഖത്ത് പ്രകടമാകാതിരിക്കാൻ ആന്തരികയുദ്ധത്തിലാണ് അയാളെന്ന്.
ആദിൽഖാൻ മേശയ്ക്കടിയിലേക്ക് കൈ നീട്ടി ഒരു സ്വിച്ചമർത്തി. കിളി ചിലയ്ക്കുന്ന ശബ്ദത്തെത്തുടർന്ന് നിമിഷങ്ങൾക്കകം വാതിൽ തുറന്ന് വർഗ്ഗീസ് അകത്തേക്കു കയറി. അയാളുടെ പിന്നിൽ നേഹയുമുണ്ടായിരുന്നു.
അരവിന്ദ് ഞെട്ടിത്തിരിഞ്ഞു. ഒരു നിമിഷം മതിയായിരുന്നു, അയാളുടെ മുഖംമൂടി തെറിക്കാനും പരിശീലിച്ച നിസ്സംഗത പിളരാനും. പരിഭ്രാന്തിയുടെ അലയിളക്കത്തിനിടയിലും അയാൾ മൗനം വെടിഞ്ഞില്ല.
നേഹയ്ക്ക് ഇത്തവണ ആശയക്കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഉറച്ച മനസ്സോടെ, അരവിന്ദനെ അവഗണിച്ച,് ആദിൽഖാന്റെ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങൾ നൽകി. സമചിത്തത നിറഞ്ഞ ശബ്ദമായിരുന്നു അവളുടേത്. എങ്കിലും ഓരോ വാക്കും അവളെ പിന്നിലേക്ക്, ആഴത്തിൽ കുഴിച്ചിട്ട ഓർമ്മകളിലേക്ക,് വലിച്ചിഴച്ചുകൊണ്ടിരുന്നു.
ആ രാത്രി.
ജാക്കിന്റെ അവസാന ജന്മദിനം ...
അവിടുത്തെ ഓരോ സ്പന്ദനവും അരവിന്ദ് അറിഞ്ഞിരുന്നു.
ജാക്കിന്റെ മനോഭാവം, മാര്യേജ് ചലഞ്ചിനു പിന്നിലെ വൈകാരികഭാരം, ജാക്കിന്റെ ഭാവിയെക്കുറിച്ച് എമ്മ വച്ചുപുലർത്തിയ പ്രതീക്ഷകൾ...
എല്ലാം അയാൾ കൃത്യമായി മനസ്സിലാക്കിയിരുന്നു.
ജന്മദിനം എങ്ങനെ ആഘോഷിക്കണമെന്ന നിർദ്ദേശം പോലും നൽകിയത് അരവിന്ദായിരുന്നു. കേക്കുമുറിക്കേണ്ട സമയം നിശ്ചയിച്ചതു മുതൽ ആഘോഷത്തിന്റെ മുഴുവൻ അന്തരീക്ഷവും ഒരു തിരക്കഥ പോലെയാണ് തയ്യാറാക്കിയിരുന്നത്. നേഹ അവയെല്ലാം വിശ്വസ്തതയോടെ പാലിച്ചു. ബുദ്ധിയിലും ആത്മവിശ്വാസത്തിലും രണ്ടുചുവടു മുന്നിൽ നിൽക്കുന്ന വിശ്വസ്തനായ വഴികാട്ടിയായിരുന്നു അവൾക്കപ്പോൾ അരവിന്ദ്.
അർദ്ധരാത്രി.
ജാക്കും മാര്യേജ് ചലഞ്ചിൽ പങ്കെടുത്ത അഞ്ചുപെൺകുട്ടികളും ഉൾപ്പെടെ എല്ലാവരും കേക്കിനു ചുറ്റും ഒത്തുകൂടി. പൊട്ടിച്ചിരികൾ, ആർപ്പുവിളികൾ, സംഗീതം. ജാക്കിന്റെ ജീവിതത്തിൽ അതൊരു ഊഷ്മളമായ മാറ്റത്തിനു തുടക്കമാകട്ടെയെന്ന് നേഹ ഉള്ളിൽ പ്രാർത്ഥിച്ചു. കാര്യങ്ങൾ മെച്ചപ്പെട്ടുവരികയാണെന്ന് സ്വയം ആശ്വസിപ്പിക്കാനും അവൾ ശ്രമിച്ചു.
പക്ഷേ, എല്ലാം തകർത്ത ആ അപകടത്തിനു പത്തുമിനുട്ട് മുൻപ് അരവിന്ദ് വീണ്ടും വിളിച്ചു. സംസാരശൈലി സാധാരണപോലെയായിരുന്നെങ്കിലും വാക്കുകൾ അടിയന്തരസ്വഭാവമുള്ളതായിരുന്നു.
'നേഹ ... ഒരു കാര്യം കൂടി. നമുക്ക് ഒരു സർപ്രൈസ് എലമെന്റ് കൂടി ചേർക്കാം.'
ജൂലി അന്നേദിവസം ജാക്കിന് ഒരു സമ്മാനം നൽകുന്നത് ഇരുവരുടെയും അടുപ്പം ഊട്ടിയുറപ്പിക്കുമെന്ന ആശയമായിരുന്നു അയാൾ മുന്നോട്ടുവച്ചത്. ഒരു സമ്മാനവുമായി ജൂലി സ്റ്റെയർകേസിനു മുകളിൽ കാത്തുനിൽക്കുന്നുവെന്ന് ജാക്കിനോട് രഹസ്യമായി നേഹ പറയണം. ഒറ്റയ്ക്ക്, അങ്ങേയറ്റം രഹസ്യമായി വേണം ജാക്കിനെ അതറിയിക്കാൻ.
ജാക്കിനും ജൂലിക്കുമിടയിൽ അടുപ്പത്തിന്റെ പുതിയൊരു ട്വിസ്റ്റ് ഉണ്ടാകുമെന്ന ചിന്ത നേഹയ്ക്കും പ്രതീക്ഷകളേകി. ജൂലിയുമായി ജാക്ക് അർത്ഥവത്തായ ബന്ധത്തിലേക്ക് നീങ്ങിയാൽ, എമ്മയുടെ കഠിനമായ വ്യസനത്തിന് ആശ്വാസമാകും. ഒഴുക്കിൽപെട്ട ജാക്കിന് അതൊരു നങ്കൂരമാകുമെന്നും അവൾ കരുതി.
'ജസ്ററ് വൺ മോർ തിംഗ്.'
അയാൾ വീണ്ടും മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.
'ജൂലിയെ ആദ്യം മുകളിലേക്ക് അയയ്ക്കരുത്. ജാക്ക് സ്റ്റെപ്പിനു മുകളിലെത്തട്ടെ. അവിടെ അവൻ ജൂലിയെ കാണരുത്. അൽപ്പം ആശയക്കുഴപ്പം... അൽപ്പം നിരാശ... അതൊക്കെ അവനു തോന്നും. അപ്പോൾ വേണം ജൂലി സമ്മാനവുമായി സ്റ്റെപ്പു കയറി മുകളിലെത്താൻ. ഐ ആം ഷുവർ... ഇറ്റ് വിൽ ബികം ആൻ ഇമോഷണൽ മൊമന്റ്.'
നേഹ അതു വിശ്വസിച്ചു. ജൂലിക്ക് രഹസ്യനിർദ്ദേശങ്ങൾ നൽകി. സമയമാകുംവരെ തന്റെ മുറിയിൽ കാത്തിരിക്കാൻ പറഞ്ഞശേഷം അവൾ ജാക്കിനരികിലെത്തി. കാര്യങ്ങൾ കേൾക്കുന്തോറും ഷാംപെയിനിൽ മുങ്ങിയ അവന്റെ കവിളുകൾ ചുവന്നു തുടുത്തു. കണ്ണുകളിൽ ആഘോഷം ലഹരിയായി.
ഒരു സ്കൂൾകുട്ടിയുടെ ഉത്സാഹത്തോടെയാണ് അവൻ സ്റ്റെയർകേസിലേക്ക് കുതിച്ചത്. ആഹ്ലാദത്തോടെ അതു നോക്കിനിന്ന നേഹ അറിഞ്ഞില്ല, അവൻ മുന്നോട്ടുവയ്ക്കുന്ന ഓരോ ചുവടും അവൾ ഒരുക്കിക്കൊടുത്ത കെണിയിലേക്കാണെന്ന്.
ഇപ്പോൾ, ആദിൽഖാന്റെയും സമർ ബനഡിക്ടിന്റെയും ചൂഴ്ന്ന നോട്ടത്തിനു മുന്നിൽ, ഒന്നൊന്നായി കാര്യങ്ങൾ വിവരിക്കുമ്പോൾ, അവയെല്ലാം ചേർന്ന് ഒരു ഭയാനക ചിത്രമായി മാറുന്നത് അവൾ അറിഞ്ഞു.
അവളൊരിക്കലും അരവിന്ദിനോടു ചോദിച്ചിരുന്നില്ല- സ്റ്റെയർകേസിലെ ലൈറ്റ് എന്തുകൊണ്ടാണ് അപ്പോൾ അണഞ്ഞുപോയതെന്ന്.
അവളൊരിക്കലും സംശയിച്ചിരുന്നില്ല- പടികൾക്കു താഴെ പൊട്ടിയ നിലയിൽ കണ്ട ബിയർകുപ്പികൾ എങ്ങനെ അവിടെയെത്തിയെന്ന്.
എല്ലാം രൂപകൽപ്പന ചെയ്തത് അരവിന്ദായിരുന്നു. അവൾ അതിലെ ഉപകരണം മാത്രം.
ആദിലിന്റെ മുന്നിലെ കസേരയിൽ അരവിന്ദ് പ്രതിമ പോലെ ഇരുന്നു. പുറമെ നിശ്ചലമെങ്കിലും, അയാളുടെ മനസ്സ് നിഗൂഢയന്ത്രം പോലെ പ്രവർത്തിക്കുകയായിരുന്നു. തന്റെ നിയന്ത്രണപരിധിയിൽനിന്ന് നേഹയെ പോലീസ് അടർത്തിമാറ്റിയെന്ന് അയാൾക്ക് ബോധ്യമായി. ഇനിയുള്ള ഓരോ നിമിഷവും അവൾ ബാധ്യതയാണ്- അപകടകാരിയായ ബാധ്യത.
സമർ അൽപ്പം മുന്നോട്ടുനീങ്ങി അരവിന്ദിന്റെ ദൃശ്യപരിധിയിലേക്കെത്തി. പിന്നെ മെല്ലെ ചോദിച്ചു.
'സ്റ്റെയർകേസ് ഇളക്കണം. പടിക്കെട്ടിൽ ബിയർ കുപ്പികൾ നിരത്തണം. ലൈറ്റ് അണയ്ക്കണം... ഇതല്ലേ നീ മുത്തുവിനെ ഏൽപ്പിച്ച ജോലി?'
വീണ്ടും നിശ്ശബ്ദത. അരവിന്ദ് മുഖം താഴ്ത്തി.
ആദിൽഖാന് ക്ഷമ നഷ്ടപ്പെട്ടു. അയാൾ മേശമേൽ ശക്തമായി അടിച്ചു. ഞെട്ടലോടെ അരവിന്ദ് മുഖമുയർത്തി .
'സാർ ചോദിച്ചതു കേട്ടില്ലേടാ.'
'അതെ സാർ... ഞാനാണ് മുത്തുവിനോടു പറഞ്ഞത്.'
നാടകീയമായ ഒഴിഞ്ഞുമാറലുകൾക്ക് ഇടയില്ലെന്നു വന്നതോടെ, ക്രൂരമായ കുറ്റസമ്മതം.
നേഹയുടെ ശ്വാസം തൊണ്ടയിൽ കുടുങ്ങി. ഇതുവരെയുണ്ടായിരുന്ന സംശയങ്ങളെല്ലാം അരവിന്ദ് തന്നെ സത്യമെന്ന് അടിവരയിട്ടിരിക്കുന്നു. താൻ കൂട്ടുനിന്നത് ഭീകരമായ അപരാധത്തിനാണെന്ന് അവൾ തിരിച്ചറിഞ്ഞു.
എന്നാൽ, അരവിന്ദന്റെ തുടർന്നുള്ള വാക്കുകളാണ് അവളെ പൂർണ്ണമായി തകർത്തത്. ഇരുതലമൂർച്ചയുള്ള കത്തിപോലെയായിരുന്നു അത്.
'ഇവൾ... ഇവൾ കാരണമാണ് ഞാനിതെല്ലാം ചെയ്തത്.'
അവൻ എഴുന്നേറ്റു നിന്നശേഷം തുടർന്നു.
'ഇവളും ജാക്കും തമ്മിൽ അവിഹിതബന്ധമുണ്ടായിരുന്നു. രണ്ടുപേരും ചേർന്ന് എന്നെ വഞ്ചിച്ചു. അതെനിക്ക് അവസാനിപ്പിക്കണമായിരുന്നു.'
എല്ലാ കണ്ണുകളും നേഹയിലേക്കു തിരിഞ്ഞു. ലോകം ഇടിഞ്ഞുപതിക്കുന്നതായി അവൾക്കു തോന്നി. കുഞ്ഞനുജനെപ്പോലെ സ്നേഹിച്ച ജാക്ക്- ആ ബന്ധത്തെ വിശ്വാസവഞ്ചനയാക്കി അരവിന്ദ് ആയുധമാക്കുന്നു.
ഹൃദയം പൊട്ടി അവൾ ശപിച്ചു
'യൂ ആർ എ സാഡിസ്ററ്. നീ നശിച്ചുപോകും മഹാപാപീ.'
വരണ്ട മുറിയിൽ പൊട്ടിക്കരച്ചിൽ പ്രതിധ്വനിച്ചു. അവൾ മുന്നോട്ടു കുതിച്ചതാണ്. അതേനിമിഷം തന്നെ ആദിൽഖാൻ ഇടപെട്ട് അവളെ പിന്നിലേക്കു നീക്കി.
അരവിന്ദ് നിസ്സംഗനായി നിന്നു. നേഹയുടെ ശകാരം അയാൾ കണക്കിലെടുത്തതേയില്ല.
ആദിൽഖാൻ വാതിലിനരികിൽ നിൽപ്പുണ്ടായിരുന്ന വർഗ്ഗീസിനോട് നേഹയെ തിരിച്ചു കൊണ്ടുപോകാനുള്ള സൂചന നൽകി. ആദിലിനെയും സമറിനെയും മാറി മാറി നോക്കിയാണ് അവൾ പുറത്തേക്കുപോയത്- തകർന്നുപോയ ലോകത്ത് ആശ്രയം തേടുന്ന നോട്ടം.
ആദിൽഖാൻ വീണ്ടും അരവിന്ദിലേക്കു തിരിഞ്ഞു.
'ആർക്കുവേണ്ടിയാണ് നീ ഇതെല്ലാം ചെയ്തത്?'
'പറഞ്ഞതെല്ലാം സത്യമാണ് സാർ. ഇതിൽ കൂടുതലൊന്നും എനിക്കു പറയാനില്ല.'
അടുത്ത നിമിഷം- ആദിൽഖാന്റെ കൈപ്പത്തി അയാളുടെ മുഖത്തു പതിഞ്ഞു. ശക്തമായ പ്രഹരത്തിൽ അയാൾ ഒരുവശത്തേക്കു ചരിഞ്ഞുവീണു. കണ്ണിൽ മിന്നൽപ്പിണരും വായിൽ ലോഹത്തിന്റെ രുചിയും.
'വെളച്ചിലെടുക്കുന്നോടാ? ഇരിക്കെടാ അവിടെ.'
സമർ നിശ്ശബ്ദം കണ്ടുനിന്നു.
'ആരാണു നിന്റെ പിന്നിൽ?'
അരവിന്ദൻ തെല്ലു ഭയപ്പാടോടെ മൗനം തുടർന്നു.
'രണ്ടുപേരെ കൊല്ലാൻ മുത്തുവിന് നീ കൊടുത്തത് ലക്ഷങ്ങളാണ്. അതും കണക്കിൽപെടാത്ത പണം. അതു നിനക്ക് തന്നതാരാണ്? നിന്റെ വീട്ടിൽ പണം കായ്ക്കുന്ന മരമുണ്ടോടാ?'
ആദിൽഖാൻ കുപിതനായതോടെ പിടിവള്ളി പിഴുതുപോയ അവസ്ഥയിലായി അരവിന്ദ്. സമർ ചെയറിൽ നിന്നെഴുനേറ്റ് അടുത്തേക്കുവന്ന് ഇടപെട്ടു.
'അരവിന്ദാ... നീ ഇങ്ങനെ എത്രദിവസം ഒളിച്ചുകളിക്കും. നീ പറയുന്ന അർദ്ധസത്യങ്ങളൊന്നും നിലനിൽക്കില്ല. ഞങ്ങൾ നിന്നെക്കൊണ്ട് സത്യം പറയിക്കും. ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ.'
ആദിൽഖാനു നേരെ തിരിഞ്ഞ് അയാൾ തുടർന്നു.
'ഒറ്റ ദിവസം കൂടി കൊടുക്കുക. ആറ്റിറ്റിയൂഡിൽ മാറ്റമില്ലെങ്കിൽ... അറസ്റ്റ് ഹിം ഒഫിഷ്യലി. ഫയൽ ഇറ്റ് എയർടൈററ്. പോളിഗ്രാഫ് ടെസ്റ്റോ നാർക്കോ അനാലിസിസോ... എന്താ വേണ്ടതെന്ന് അപ്പോൾ നോക്കാം.'
സമർ മുറിവിട്ട് പുറത്തേക്കു പോയി. ആദിൽഖാൻ മുന്നോട്ടാഞ്ഞ് അരവിന്ദന്റെ കോളറിൽ കുത്തിപ്പിടിച്ച് വലിച്ചടുപ്പിച്ചു.
'നിന്നേക്കൊണ്ടു സത്യം പറയിക്കാൻ എനിക്ക് ടെസ്റ്റും കോപ്പുമൊന്നും വേണ്ട. കേട്ടോടാ.'
പിന്നിലേക്കു തള്ളിയതോടെ അരവിന്ദ് കസേരയിലേക്കു ചെന്നുവീണു.
'നീ ഇനി പുറംലോകം കാണില്ല. നിന്നെ അന്വേഷിച്ച് ഒരുത്തനും വരാനുമില്ല.'
അയാളുടെ ശബ്ദം ഇടിമുഴക്കം പോലെ അരവിന്ദന്റെ കാതുകളിൽ പതിച്ചു. ആദിൽ മുറിവിട്ടുപോകുമ്പോൾ, കസേരക്കയ്യിൽ പിടിച്ചിരുന്ന അരവിന്ദന്റെ വിരലുകൾ പതിവില്ലാത്ത വിധം വിറയ്ക്കുന്നുണ്ടായിരുന്നു.
രാജേന്ദ്രനും വർഗ്ഗീസും സത്യപ്രകാശും മുറിക്കു പുറത്തു കാവൽനിന്നു. അരവിന്ദനെ നിരന്തരം നിരീക്ഷിക്കാൻ ആദിൽഖാൻ അവരോടു നിർദ്ദേശിച്ചു.
'അനുവാദമില്ലാതെ ഉറങ്ങാനും സമ്മതിക്കണ്ട. അസ്വാഭാവികമായി എന്തെങ്കിലും കണ്ടാൽ ഉടൻ വിളിക്കണം.'
മുറിയിൽ അനന്തരഫലങ്ങളുടെ ആലോചനാഭാരത്തിൽ ശിരസ്സുതൂങ്ങി അരവിന്ദൻ ഇരുന്നു. താൻ എല്ലാ അർത്ഥത്തിലും കുടുങ്ങിയിരിക്കുകയാണെന്ന് അയാൾക്ക് ഉറപ്പായി. വിക്രോളിയിലെ തന്റെ സ്ഥാപനത്തിലെ ജീവനക്കാർക്കുപോലും സഹായിക്കാനാവില്ല. എത്രകാലം വേണമെങ്കിലും ഇവ്വിധത്തിൽ രഹസ്യ കസ്റ്റഡിയിൽ വയ്ക്കാൻ പോലീസിനു കഴിയും.
കഴിഞ്ഞ ദിവസം- ശബ്ദത്തിനും വെളിച്ചത്തിനുമിടയിൽ രാപകലുകളെ മറച്ച്, ഒരു തീവ്രവാദി എന്ന നിലയിലാണ് തന്നെ കൈകാര്യം ചെയ്തത്. ഇനിയും അതാവർത്തിക്കാം. അവർ തന്നെ തകർക്കാൻ തീരുമാനിച്ചുകഴിഞ്ഞെന്ന് അരവിന്ദ് ഭയപ്പെട്ടു.
(തുടരും)
Content Highlights: Muthu's confession reveals Aravind as the mastermind behind the two murders., Aravind falsely accuses Neha of an illicit affair with Jack to justify his actions., Samar Benedict and Aadil Khan push Aravind to the edge during intense interrogation., The gripping continuation of the Ooty File 22 crime investigation.