ദുഃഖത്തിന്റെ നിറം വെളുപ്പ് | സാഹിത്യ നൊബേൽ നേടിയ ഹാൻ കാങ്ങിന്‍റെ കൃതിയേക്കുറിച്ച്

2024-ലെ സാഹിത്യ നൊബേൽ നേടിയ ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങിന്‍റെ 'ദി വൈറ്റ് ബുക്ക്' എന്ന കൃതിയേക്കുറിച്ച് മാതൃഭൂമി.കോം 2017-ൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്‍റെ പുനഃപ്രസിദ്ധീകരണം.
'ഇരുപത്തിരണ്ട് വയസ്സായ ആ സ്ത്രീ വീട്ടില്‍ തനിച്ച് കിടന്നു. മഞ്ഞിന്‍ കണങ്ങള്‍ പുല്‍നാമ്പില്‍ നിന്ന് വിട്ടുമാറാതെ തൂങ്ങിനിന്ന ഒരു ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അത്. ഇരുപത്തിയഞ്ചുകാരനായ അവരുടെ ഭര്‍ത്താവ് കൈയില്‍ മണ്‍വെട്ടിയുമായി കുന്നിന്‍ മുകളിലേക്ക് അന്നേരം കയറുകയായിരുന്നു. മണിക്കൂറുകള്‍ മുന്‍പ് മാത്രം ജനിച്ച്, മരിച്ചു പോയ കുഞ്ഞിനെ കുഴിച്ചിടാന്‍. തിണര്‍ത്തു വീങ്ങിയ കണ്ണുകള്‍ ആ സ്ത്രീക്ക് തുറക്കാന്‍ സാധിക്കുമായിരുന്നില്ല. അവരുടെ സന്ധികള്‍ വേദനിച്ചു, വീങ്ങിയ കൈമുട്ടുകള്‍ കല്ലിച്ചു നിന്നു. അപ്പോള്‍, ആദ്യമായി, ഇളംചൂട് മാറിലേക്ക് ഒഴുകിയിറങ്ങുന്നതായി അവര്‍ക്ക് തോന്നി. അവര്‍ മെല്ലെ കിടക്കയില്‍ നിന്ന് എഴുന്നേറ്റു, തിടം വെച്ച മുലകളെ ഞെക്കിപ്പിഴിഞ്ഞു. ആദ്യം മഞ്ഞനിറമാര്‍ന്ന ഒരു ദ്രാവകം കിനിഞ്ഞു. പിന്നെ തൂവെള്ള നിറത്തില്‍ പാല്‍ ചുരന്നു.'
- പിറന്നുവീണയുടന്‍ മകള്‍ മരിച്ചു പോയ അമ്മയെക്കുറിച്ച് തെക്കന്‍ കൊറിയക്കാരിയായ ഹാങ്ങ് കാങ് തന്റെ പുതിയ പുസ്തകമായ 'ദി വൈറ്റ് ബുക്കി'ലെഴുതിയ മുലപ്പാല്‍ എന്ന കുറിപ്പാണിത്. കല്ലിച്ചു പോകുന്ന ഹൃദയവിഷാദത്തോടല്ലാതെ ഈ പുസ്തകത്തിലെ കുറിപ്പുകളൊക്കെയും വായിച്ച് അവസാനിപ്പിക്കാന്‍ കഴിയില്ല. അകമേ ചുരക്കുന്ന വൈയക്തിക സങ്കടങ്ങള്‍ക്ക് മുന്നിലെ മൗനപ്രാര്‍ത്ഥനയാണ് ഹാന്‍ കാങ്ങിന്റെ പുതിയ പുസ്തകം. മൂകവേദനകളുടെ സഞ്ചയം. ഉള്ളിലെ ശോകാത്മക മന്ത്രണങ്ങളുടെ മാനിഫെസ്റ്റോ എന്നാണ് ഈ പുസ്തകത്തെ 'ദി ഇക്കണോമിസ്റ്റ്' മാസിക വിശേഷിപ്പിച്ചത്.
നോവലെന്നോ, കവിതകളെന്നോ അതുമല്ലെങ്കില്‍ ആത്മകഥാ കുറിപ്പെന്നോ ഓരോ വായനക്കാരനും അവരുടെ സൗകര്യത്തിനു വായിച്ചെടുക്കാവുന്ന പുസ്തകമാണിത്. എഴുത്തുകാരിയോടുതന്നെ ഇതേതു വിഭാഗത്തില്‍ പെടുമെന്ന് ചോദിച്ചാല്‍ വ്യത്യസ്തമായ മറ്റൊരു മറുപടി ലഭിക്കുകയില്ലെന്ന് തീര്‍ച്ചയാണ്. ശോകപ്രകൃതമെങ്കിലും കാവ്യാത്മകമാണ് ഇതിന്റെ ഭാഷ. 128 പേജുകള്‍ മാത്രം വരുന്ന ഈ പുസ്തകം സമീപകാലത്തിറങ്ങിയ കാള്‍ ഓവ് നൊസ്സഗാര്‍ഡിന്റെ ഓട്ടംഎന്ന പുസ്തകത്തോട് അടുത്ത് നില്‍ക്കുന്നു. വെളുത്ത നിറത്തെ മുന്‍നിര്‍ത്തിയാണ് ഹാന്‍ കാങ്ങിന്റെ ആഖ്യാനം. വെളുത്ത നിറം മരണ ദുഃഖത്തെയാണ് ഓര്‍മപ്പെടുത്തുന്നത്.
പിറന്ന് മണിക്കൂറുകള്‍ മാത്രം ജീവന്‍ നിന്ന സഹോദരിയുടെ വേര്‍പാട് തന്റെ ജീവിതത്തില്‍ എങ്ങനെയൊക്കെ ആഴത്തില്‍ അനുഭവപ്പെട്ടെന്നു പറയുകയാണ് ഹാന്‍ കാങ് പുതിയ പുസ്തകത്തില്‍. അവരുടെ തന്നെ 'ഹ്യൂമന്‍ ആക്ടസ്', ഇന്റര്‍നാഷണല്‍ ബുക്കര്‍ ലഭിച്ച 'ദി വെജിറ്റേറിയന്‍' എന്നിവയില്‍ നിന്ന് വ്യത്യസ്തമാണിത്.
'ദി വെജിറ്റേറിയന്‍'ഭ്രമാത്മകമായൊരു സാഹിത്യ വിരുന്നായിരുന്നു. തെക്കന്‍ കൊറിയയിലെ യി സാങ് എന്ന കവിയുടെ വിശ്രുത വരിയായ 'മനുഷ്യന്‍ തീര്‍ച്ചയായും സസ്യമായിരിക്കണം'എന്നതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് കാങ് ആ പുസ്തകമെഴുതിയത്. ചെറുതിലെ വായിച്ച ആ കവിതാശകലം ഹാന്‍ കാങ്ങിനെ കൗമാരത്തിലും, പിന്നീട് യൗവനത്തിലും പിന്തുടര്‍ന്നിരുന്നു. ഉള്ളിലുള്ള മനുഷ്യത്വത്തോടുള്ള കൂറില്‍ നിന്നാണ് സസ്യഭുക്കായി മാറുന്ന യിയോങ് ഹേ എന്ന വീട്ടമ്മയെ അവര്‍ സൃഷ്ടിക്കുന്നത്. 'ഹ്യൂമന്‍ ആക്ട്‌സ്' പക്ഷേ കുറച്ചുകൂടി ചരിത്രപരമാണ്. 1980ലെ ഗ്വാഗ്ഞ്ചു കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ടതാണ് ആ നോവല്‍. രണ്ടും കാങ്ങിലെ പ്രതിഭയുടെ വെവിധ്യത്തെ പ്രകാശിപ്പിക്കുന്നു.
ജീവിതത്തെക്കുറിച്ചുള്ള സന്ദേഹങ്ങളെ ദാര്‍ശനികത്വം നിറച്ചവതരിപ്പിക്കുന്നതില്‍ കാങ് പ്രദര്‍ശിപ്പിക്കുന്ന വൈദഗ്ദ്ധ്യത്തെ എത്ര ശ്ലാഘിച്ചാലും മതിയാവുകയില്ല. ഒപ്പം ദെബോരാ സ്മിത്തിന്റെ വിവര്‍ത്തന മികവിനേയും. 'വസന്തത്തില്‍ വെളുത്ത വസ്തുക്കളെക്കുറിച്ച് എഴുതുവാന്‍ തീരുമാനിച്ചപ്പോള്‍ ഞാന്‍ ചെയ്തത് അതിനെപ്പറ്റി ഒരു പട്ടിക തയ്യാറാക്കുകയായിരുന്നു.
കൈക്കുഞ്ഞിനെ പൊതിയുന്ന തുണി കുട്ടിയുടുപ്പ്
ഉപ്പ്
ഹിമം
മഞ്ഞുകട്ടി
ചന്ദ്രന്‍
അരി
തിരമാലകള്‍
യുലാന്‍ പൂവ്
വെളുത്ത പക്ഷി
രേഖാശൂന്യമായ പേപ്പര്‍
വെളുത്ത നായ
വെളുത്ത മുടി
ശവമുഖത്തുണി
ഇതോരോന്നും എഴുതുമ്പോള്‍, എന്നിലൂടെ അസ്വാസ്ഥ്യത്തിന്റെ ചെറുതിരകള്‍ അലയടിച്ചിരുന്നു. എന്നില്‍ പക്ഷേ ഈ പുസ്തകം എഴുതുന്നതിന്റെ ശരിയെ പറ്റി അവബോധം ഉണ്ടായിരുന്നു. എഴുത്ത് എന്നില്‍ പരിവര്‍ത്തനം കൊണ്ടുവരുമെന്ന് എനിക്ക് അറിയാമായിരുന്നു. തിണര്‍ത്ത മുറിവില്‍ വെളുത്ത ഓയിന്റ്മെന്റ് പുരട്ടുന്നത് പോലെയോ, വ്രണത്തില്‍ വെളുത്ത തുണി പൊതിഞ്ഞു മറയ്ക്കുന്നത് പോലെയോ ആകാം അത്.'
തന്റെ ഉള്ളിലെ തോരാത്ത വേദനകള്‍ക്കുമേലുള്ള മരുന്നുവയ്ക്കലാണ് എഴുത്തെന്നു പറഞ്ഞു വെയ്ക്കുകയാണ് എഴുത്തുകാരി. ശൈത്യകാലത്ത് അവിചാരിതമായി ലഭ്യമായ എഴുത്ത് സ്‌കോളര്‍ഷിപ്പുമായി ബന്ധപെട്ട് പോളണ്ടിലെ വര്‍സേയില്‍ കഴിയുകയായിരുന്നു അവര്‍. മഞ്ഞു പൊഴിയാന്‍ തുടങ്ങുന്നൊരു രാത്രിയില്‍ നിനച്ചിരിക്കാതെ എത്തിയ മൈഗ്രൈന്‍ അവരെ വല്ലാതെ വിമ്മിട്ടപ്പെടുത്തുന്നു. മരുന്നില്‍ അഭയം തേടിയിട്ടും ഒഴിയാതെ ആ അസ്വാസ്ഥ്യം അവരെ അലോസരപ്പെടുത്തുന്നു. ഒന്നിനും കെല്‍പ്പില്ലാത്ത, മൈഗ്രൈന്‍ പിടിയില്‍ അവര്‍ ശരീരവേദനയെ പറ്റി വല്ലാതെ വേവുന്നു. അത് എല്ലായ്‌പോഴും ജാഗ്രത യായി ഇരിക്കാന്‍ പ്രേരിപ്പിക്കുന്നതാണെന്ന് അവര്‍ പറയുന്നു.
'ഓരോ നിമിഷവും അദൃശ്യമായ ഒരു മലഞ്ചെരുവില്‍ നിന്നുള്ള കുതിച്ചു ചാട്ടമാകുന്നു. ഇതേ വരെ ജീവിച്ച ജീവിതത്തില്‍ നിന്നും ആപത്കരമായ ശൂന്യതയിലേക്ക് ഒരു ചവിട്ടടി വയ്ക്കുന്ന പോലെ. എന്തെങ്കിലും പ്രത്യേക നെഞ്ചുറപ്പില്‍ നിന്നല്ല, മറിച്ച് മറ്റൊരുവഴിയും ജീവിതത്തിലില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് നമ്മള്‍ അത്തരം ഒരു സാഹസത്തിനു മുതിരുന്നത്.'
ഹാന്‍ കാങ്ങിന്റെ സങ്കടക്കടലില്‍ പെട്ടു പോകാന്‍ അധികം സമയം വേണ്ടിവരുന്നില്ല. പരസ്പരം ബന്ധിതമല്ലാത്ത ജീവിതത്തിലെ നിത്യവസ്തുക്കളില്‍ ജീവിതത്തിന്റെ ബന്ധം തേടുകയാണ് എഴുത്തുകാരി. ഇരുട്ടത്ത് ചില വസ്തുക്കള്‍ ദീപ്തമാകുന്ന പോലെയാണ് ഹാങ്ങ് കാങ് പുസ്തകത്തെ നയിക്കുന്നത്. ജീവിതത്തില്‍ ഒന്നും സ്ഥായിയല്ല. എല്ലാം നശ്വരമാണ്. എങ്കിലും അവയെപ്പറ്റി തപിക്കുന്നത് ഒരു ആശ്വാസമാകും. അനിതരസാധാരണമാണ് ആ എഴുത്ത്. അത് ഒരേ സമയം പൊള്ളിക്കുകയും, സങ്കടക്കടലില്‍ തള്ളിയിടുകയും ചെയ്യും.
Content Highlights: The White Book, Han Kang, South Korean Writer Han Kang, The Vegetarian