നിന്റെ പേരിൽ ഒരു ഡെഡ് ബോഡി അടക്കം ചെയ്തു... അതറിഞ്ഞിരുന്നോ? | ക്രൈം നമ്പർ: 369/2021 ഊട്ടി ഫയൽ 12

#മനോജ് ഭാരതി
പ്രതീകാത്മക ചിത്രം| ഫോട്ടോ: AI generated
പ്രതീകാത്മക ചിത്രം| ഫോട്ടോ: AI generated

അധ്യായം 12

ൻവെസ്റ്റിഗേഷനിൽ ചില മുഹൂർത്തങ്ങളുണ്ട്- അവിടെ വസ്തുതകൾ കേവലം വെളിപ്പെടുകയല്ല, കുന്തമുനപോലെ തറഞ്ഞു കയറുകയാവും ചെയ്യുക. ഡോക്യുമെന്റ്സ് തുറക്കുന്ന മൃദുശബ്ദം പോലും വെടിയുണ്ടപോലെ മുഴങ്ങാം. അത്തരമൊരവസരമായിരുന്നു അതും. ദുബായ് പോലീസിൽ നിന്നുള്ള രഹസ്യ ഫയൽ സമർ ബനഡിക്ടിന്റെ മേശപ്പുറത്തേക്ക് രാവിലെയെത്തിയത് ഇന്റർപോളിന്റെ ഏറ്റവും സുരക്ഷിതമായ കമ്യൂണിക്കേഷൻ ചാനലിലൂടെയാണ്. കറയറ്റതും കുറ്റം വെളിപ്പെടുത്തുന്നതുമായ റിപ്പോർട്ടായിരുന്നു അത്. സമർ ബനഡിക്ട് ഫയലിലൂടെ കണ്ണോടിക്കുമ്പോൾ അഭിമുഖമിരുന്ന ആദിൽഖാന്റെ മൗനത്തിന് വാക്കുകളേക്കാൾ തൂക്കമേറിയിരുന്നു. അയാൾ ഊട്ടിയിൽനിന്ന് മണിക്കൂറുകൾക്കു മുമ്പാണ് എത്തിയത്. ഫയലിൽ എന്താണെന്ന് ഇതിനകംതന്നെ അയാൾ മനസ്സിലാക്കിയിരുന്നു. ഇന്ത്യയിൽ മരിച്ചെന്നു കണക്കാക്കിയ സ്ത്രീയുടെ എമിറേറ്റ്സ് ഐ.ഡി യും വിസ സ്റ്റാറ്റസുമാണ് റിപ്പോർട്ടിന്റെ ആദ്യത്തെ പേജുകളിൽ വിവരിച്ചിരുന്നത്.

ആറുമാസം മുൻപ് നേഹയുടെ യഥാർത്ഥ പേരും പാസ്പോർട്ടും ഉപയോഗിച്ച് ഒരു സ്ത്രീ ദുബായിൽ രണ്ടുവർഷത്തെ തൊഴിൽ വിസയ്ക്ക് അപേക്ഷിക്കുകയും അതനുവദിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. രേഖകളെല്ലാം ശരിയായ മാർഗങ്ങളിലൂടെ സമർപ്പിച്ചതും കരാമയിലെ അറിയപ്പെടുന്ന സ്ഥാപനമായ എയിം എഡ്ജ് എച്.ആർ. സൊലൂഷൻസ് സ്പോൺസർ ചെയ്തതുമാണ്. വ്യാജരേഖകളില്ല, അപരനാമങ്ങളില്ല, നേഹയുടെ പാത മറയ്ക്കാൻ ശ്രമിച്ചിട്ടില്ല. റിപ്പോർട്ടിൽ അറ്റാച്ചു ചെയ്തിരുന്ന പാസ്പോർട്ടിന്റെ കോപ്പി കുറേക്കൂടി വെളിച്ചത്തിലേക്കടുപ്പിച്ച് സമർ പരിശോധിച്ചു. അവ്യക്തമെങ്കിലും അത് നേഹയുടേതുതന്നെ. അവളവിടെ ജീവനോടെയുണ്ട്. ജോലി ചെയ്യുന്നു. സ്വതന്ത്രമായി ജീവിക്കുന്നു.

ദുബായ് അധികൃതർ അവളെ സൂക്ഷ്മമായി പിന്തുടർന്നിരുന്നു. ചിട്ടയായ തിരച്ചിലിലൂടെ നിരവധി റിക്കോർഡുകളും കണ്ടെത്തി. അവളുടെ ജോലിയുടെ രീതി, എച്.ആർ. എക്സിക്യൂട്ടീവ് എന്ന നിലയിലുള്ള പ്രവർത്തനങ്ങൾ, ഓഫീസിന്റെ ലൊക്കേഷൻ- എല്ലാം അവർ പരിശോധിച്ചു. അവ ഫോട്ടോഗ്രാഫുകളും ഡിജിറ്റൽ രേഖകളുമാക്കി. എമിറേറ്റ്സ് ഐഡിയും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ഉപയോഗിച്ച് അവളുടെ ഫോൺ കോളുകളും മൊബൈൽ ടവറിൽനിന്നുള്ള ചലനങ്ങളും എടിഎമ്മിലെ പണമിടപാടുകളുമെല്ലാം നിരീക്ഷിച്ചു.

ഷാർജയിലെ അൽ നഹ്ദയിലുള്ള അപ്പാർട്ട്മെന്റിൽ മറ്റൊരു സ്ത്രീയ്ക്കൊപ്പമാണ് അവൾ താമസിച്ചിരുന്നത്. എല്ലാ ദിവസവും രാവിലെ എട്ടു മുപ്പതിന് ദുബായ് മെട്രോയിൽ കയറി കരാമയിലെ ഓഫീസിലേക്കു പോകുകയും വൈകുന്നേരം ഏഴുമണിയോടെ അപ്പാർട്ട്മെന്റിൽ തിരിച്ചെത്തുകയും ചെയ്തിരുന്നു. അവൾ അധികമാർക്കും ഫോൺ ചെയ്തിരുന്നില്ല. ഉള്ളവരൊക്കെ സ്ഥിരം ആളുകളും അത്തരം സംഭാഷണങ്ങൾ ഹ്രസ്വവുമായിരുന്നു. അന്താരാഷ്ട്ര നമ്പറുകളോ ക്രമരഹിതമായ കോളുകളോ അവൾക്കു വന്നിരുന്നില്ല.

ബിൽഡിങ്ങിലുള്ള സിസി ടിവിയിൽനിന്ന് ദുബായ് പോലീസ് അവളെ നിരീക്ഷിച്ചിരുന്നു. അതേ ബാഗ്, അതേ നടത്തം, അതേ മുഖം. ഒരിക്കൽ പോലും വേഷം മാറി നടക്കാനോ എന്തെങ്കിലും ഒളിപ്പിക്കാനോ ശ്രമമില്ല. സ്വന്തം പേരിൽത്തന്നെയാണ് അപ്പാർട്ട്മെന്റ് ലീസും അവൾ ഒപ്പിട്ടത്. ദൈനംദിന ആവശ്യങ്ങൾക്കുള്ള സേവനങ്ങൾക്കു വേണ്ടി രജിസ്ടർ ചെയ്തിട്ടുണ്ട്. ബാങ്ക് അക്കാണ്ട് സജീവമാണ്- അതിൽ ശമ്പളം ക്രഡിറ്റു ചെയ്യപ്പെടുന്നുമുണ്ട്. ഒരു രാജ്യത്തു മരിച്ചയാൾ മറ്റൊരു രാജ്യത്ത് സ്വതന്ത്രമായി ജീവിക്കുന്നത് സമറിനെ അത്ഭുതപ്പെടുത്തി. അവൾ അന്വേഷണം ഭയക്കുന്നില്ലെന്നു വ്യക്തം.

ഇന്ത്യയിൽ നൂറുശതമാനം അവസാനിച്ച ഒരു ഐഡന്റിറ്റിയുടെ തുമ്പുപിടിച്ച് ആരും വരില്ലെന്നും ഒരിക്കലും കണ്ടുപിടിക്കില്ലെന്നുമുള്ള ഉറച്ച വിശ്വാസമായിരിക്കണം അതിനു പിന്നിൽ.

റിപ്പോർട്ടിന്റെ വിശദാംശങ്ങൾ സമർ വിവരിക്കുന്നത് ആദിൽഖാൻ നിശ്ശബ്ദം കേട്ടിരുന്നു.

നേഹയുടേതായി നടന്ന സംസ്‌ക്കാര ചടങ്ങുകൾ, കല്ലറ തുറന്നു പുറത്തെടുത്ത അസ്ഥിക്കഷണങ്ങൾ, കോവിഡ് മരണം സാക്ഷ്യപ്പെടുത്തുന്ന മെഡിക്കൽ രേഖകൾ... ഓരോന്നും അയാളുടെ മനസ്സിൽ ആവർത്തിച്ചുള്ള പരിശോധനകൾക്കു വിധേയമായിക്കൊണ്ടിരുന്നു. ദുബായ് പോലീസിലെ ഒരു വനിതാ ഉദ്യോഗസ്ഥ മറ്റു ചില ആവശ്യങ്ങൾക്കെന്ന വ്യാജേന എയിം എഡ്ജ് എച്ച.്ആർ. സൊല്യൂഷൻസിലെത്തിയതും നേഹയുമായി കൂടിക്കാഴ്ച തരപ്പെടുത്തിയതും കഴിഞ്ഞ ദിവസമാണ്.

പത്തു മിനിറ്റു നേരത്തെ സംസാരത്തിനിടയിൽ അവളുടെ ശബ്ദവും ചിത്രവും രഹസ്യമായി റക്കോർഡ് ചെയ്യുവാനും ശ്രമിച്ചു. പിന്നീട്, ഉച്ചഭക്ഷണസമയത്താണ് പോലീസെത്തി നേഹയെ കൂട്ടിക്കൊണ്ടുപോയത്. ഇന്റർപോൾ ഡിവിഷനിൽ ബയോമെട്രിക് സ്ഥിരീകരണത്തിനു വിധേയയാക്കിയതോടെ കാര്യങ്ങൾ ഉറപ്പായി- അവൾ നേഹ തന്നെ.

ഫയൽ അടച്ചുവച്ച ശേഷം അസ്വസ്ഥതയെ താലോലിക്കും വിധം അതിനുമുകളിൽ കൈത്താളമിട്ട് സമർ പറഞ്ഞു.

“ഇതൊന്നും ഇപ്പോൾ പുറത്താരും അറിയേണ്ട. തൽക്കാലം നമുക്കിടയിൽ

ഒതുങ്ങണം.”

“ശരി സാർ.”

“രാജേന്ദ്രനും വർഗീസിനും മെസ്സേജ് കൊടുക്കൂ. ഇന്നുതന്നെ അവർ ദുബായിക്കുപോകട്ടെ. ഒന്നോ രണ്ടോ ദിവസം... അതിനപ്പുറം വൈകില്ല, അവളെ കൊണ്ടുവരാം.”

ആദിൽഖാൻ അപ്പോൾത്തന്നെ ഇരുവർക്കും വാട്സ് ആപ്പ് സന്ദേശം അയച്ചു.

“അവർ മടങ്ങിയെത്തിയാൽ നേഹയെ രഹസ്യമായി വേണം പാർപ്പിക്കാൻ. അവൾ ജീവനോടെ ഉണ്ടെന്നോ, ഗൾഫിൽനിന്നു നാട്ടിലെത്തിച്ചിട്ടുണ്ടെന്നോ, പോലീസ് കസ്റ്റഡിയിലാണെന്നോ ആരും അറിയരുത്.”

ബുദ്ധിപരമായ നീക്കമാണ് അതെന്ന് ആദിൽഖാനും തോന്നി. അന്വേഷണത്തിന്റെ ഗതി നിർണ്ണയിക്കപ്പെടുംവരെ അവൾ അദൃശ്യയാകുന്നതാണ് ഉചിതം. ഓഫീസിൽനിന്നു മടങ്ങാനൊരുങ്ങവേ അയാൾ പെട്ടെന്നുണ്ടായ സംശയം സമറിനോടു പങ്കുവച്ചു.

“സർ.. ഇനിയവൾ സ്വന്തം സമ്മതപ്രകാരം ആർക്കെങ്കിലും വേണ്ടി ഉപകരണമായതാണെങ്കിലോ? ഐ മീൻ... ഒരൊളിവുജീവിതത്തിനു സ്വയം സന്നദ്ധയായതാണെങ്കിൽ?”

മറുപടി പറഞ്ഞില്ലെങ്കിലും ആ ചോദ്യം സമറിന്റെയുള്ളിൽ കൊരുത്തുകിടന്നു. അവൾ ആരെയെങ്കിലും സംരക്ഷിക്കാൻ ശ്രമിക്കുന്നുവെങ്കിൽ അതയാളെത്തന്നെ ആയിരിക്കണം- അരവിന്ദ്. ആ നിലയ്ക്ക്, സ്വയം രക്ഷപ്പെടാനല്ല അവൾ അദൃശ്യയാകുന്നതെന്നു വ്യക്തം. അയാളുടെ രക്ഷയ്ക്ക് പരിചയാകുവാനാണ്. അരവിന്ദ് ആരായാലും ഈ കാപട്യത്തിന്റെയെല്ലാം അച്ചുതണ്ടാണ്. അവനിലേക്കെത്തിയേ തീരൂ. അതിനു നേഹ മതിയാകും. സമറിന്റെ ചിന്തകൾ വളർന്നുകൊണ്ടിരുന്നു.

രണ്ടാമത്തെ ദിവസം പുലർച്ചെ, നഗരം ഉണരുന്നതിനു മുമ്പുള്ള ഫ്ലൈറ്റിൽ നേഹയെ കൊച്ചിയിലെത്തിച്ചു. മീഡിയയുടെ കണ്ണുവെട്ടിച്ച് അതീവരഹസ്യമായാണ് നീക്കങ്ങൾ നടന്നത്. എയർ പോർട്ടിൽനിന്നു വേഗം തന്നെ കാറിലേക്കു കയറ്റി, അവൾക്കു പരിചിതമായ നഗരത്തിലെ പരിചിതമല്ലാത്ത വഴികളിലൂടെ നീങ്ങി. കാറിനുള്ളിൽ അവൾ നിശ്ശബ്ദയായിരുന്നു- ഉണരാൻ കഴിയാതെ, വിദൂരമായ ഏതോ സ്വപ്നത്തിൽ മുഴുകിയതുപോലെ.

ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് നടന്നിരിക്കുന്നതെന്ന് നേഹ ചിന്തിച്ചു. ദുബായ് പോലീസെത്തി രേഖകൾ പരിശോധിച്ചപ്പോൾ പതിവുള്ളതും സാധാരണയുമായ നടപടിയെന്നായിരുന്നു ധരിച്ചത്. എന്നാൽ, അവർ പിന്നീട് പേരുചൊല്ലി വിളിച്ചു. മേൽവിലാസം പറഞ്ഞു. അതു പക്ഷേ, സൗത്ത് ഗോവയിലേതായിരുന്നില്ല- മറക്കാനാഗ്രഹിച്ച കൊച്ചിയിലെ

മേൽവിലാസമായിരുന്നു.

ക്രൈം നമ്പർ: 369/2021 ഊട്ടി ഫയൽ | നോവൽ 11

ആ സമയം ഒരു പ്രകമ്പനമായിരുന്നു അവളുടെ മനസ്സിൽ നിറഞ്ഞത്. ഒന്നും യാദൃച്ഛികമല്ല. മുന്നിലൊരു വിള്ളൽ രൂപപ്പെടുകയും താനതിലേക്കു പതിക്കുകയും ചെയ്യുന്നതായി അവൾക്കു തോന്നി. ഭൂതകാലത്തെ കുഴിച്ചുമൂടാനാണ് സമുദ്രങ്ങൾ താണ്ടിയത്. പക്ഷേ അതേ ഭൂതകാലം ഇപ്പോഴും പിന്തുടരുകയാണ്.അനൗദ്യോഗികമായി സജ്ജീകരിച്ച രഹസ്യകേന്ദ്രത്തിലേക്കാണ് നേഹയെ എത്തിച്ചത്. ആദിൽഖാൻ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. അൽപ്പസമയത്തിനകം സ്വകാര്യ വാഹനത്തിൽ സമർ ബനഡിക്ടും എത്തിച്ചേർന്നു.

ക്ഷീണിതയായിരുന്നു നേഹ. സംയമനം പാലിക്കാൻ ശ്രമിച്ചെങ്കിലും അതു വിജയിക്കാതെ സമറിനെയും ആദിൽഖാനെയും അവൾ ഭീതിയോടെ നോക്കി.അവളുടെ മനോനില ബോധ്യപ്പെട്ട ആദിൽഖാൻ ടേബിളിലിരുന്ന ഫ്ലാസ്‌കിൽ നിന്ന് ചൂടുചായ ഗ്ലാസ്സിലേക്കു പകർന്നു. അതു വാങ്ങുമ്പോൾ അവളുടെ കൈകൾ വിറച്ചു. ചായ കുടിച്ചു കഴിയും വരെ കാത്തിരുന്ന ആദിൽഖാൻ നിശ്ശബ്ദത ഭഞ്ജിച്ചു.

“നേഹ തോമസ്. എയിം എഡ്ജ് എച്ച.ആർ. സൊല്യൂഷൻസിൽ എക്സിക്യൂട്ടീവ്.”

“അതെ സാർ.”

“വൈ ഡിഡ് യൂ ലീവ് ഇന്ത്യ?”

അവൾ നിശ്ശബ്ദയായി മുഖം കുനിച്ചു.

“എല്ലാ ഡീറ്റയിൽസും ഞങ്ങളുടെ കയ്യിലുണ്ട്. ബട്ട് ... നിന്റെ വേർഷൻ. അതെന്താണെന്നറിയണം.”

അൽപ്പസമയത്തെ ആലോചനയ്ക്കുശേഷം ആശയക്കുഴപ്പമൊഴിയാതെ അവൾ പറഞ്ഞുതുടങ്ങി. പതിഞ്ഞ, നിയന്ത്രിതമായ ശബ്ദത്തിൽ കുറ്റകൃത്യം വിവരിക്കുന്നതുപോലെ അതു ചെന്നെത്തിയത് പ്രണയത്തിലേക്കും വീട്ടുകാരുടെ എതിർപ്പിലേക്കുമായിരുന്നു. എല്ലാവരെയും ഉപേക്ഷിച്ചുപോകാൻ തീരുമാനമെടുത്തത് അങ്ങനെയാണ്.

“എനിക്കൊരിക്കലും ഈ നാട്ടിലേക്ക് തിരിച്ചുവരാൻ ആഗ്രഹമില്ലായിരുന്നു.”

അവൾ തുടർന്നു.

“എന്റെ കുടുംബം... അവരെന്റെ താൽപ്പര്യങ്ങളല്ല നോക്കിയത്. അവർക്കിഷ്ടമില്ലാത്തയാളെ സ്നേഹിച്ച കുറ്റത്തിന് എന്നെ തള്ളിപ്പറഞ്ഞു.”

അൽപ്പം പിന്നിലേക്ക് കസേര വലിച്ചിട്ട് സമർ നിശ്ശബ്ദം കേട്ടിരുന്നു.

“എമ്മ മാഡത്തെ വേദനിപ്പിക്കണമെന്ന് ഒരു കാലത്തും ഞാൻ കരുതിയിട്ടില്ല. പക്ഷേ വേറെ വഴിയില്ലായിരുന്നു. ഇവിടം വിട്ടുപോകേണ്ടിവന്നു. അവൾ സ്നേഹിച്ചിരുന്ന യുവാവാണ് അതിനുള്ള ഉപായം കണ്ടെത്തിയത്. കോവിഡ് ചികിത്സയുടെ ക്വാറന്റീനിലാണെന്നു വരുത്തിത്തീർത്ത് ആ തക്കത്തിന് നാടുവിടാനായിരുന്നു പദ്ധതി. അതിനായി ഊട്ടി ഗവൺമെന്റ് ഹോസ്പിറ്റലിൽ ഒ.പി. ടിക്കറ്റെടുത്തു. അതേസമയം തന്നെ മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് ഗോവയിലേക്ക് കടക്കുകയും ചെയ്തു. അവിടെ താമസിച്ച് പാസ്പോർട്ടും മറ്റും പ്രദേശിക നീക്കങ്ങളിലൂടെ സംഘടിപ്പിച്ച ശേഷം ദുബായിലേക്കു യാത്രയായി. അടുക്കും ചിട്ടയോടെയുമാണ് അവൾ കാര്യങ്ങൾ വിവരിച്ചത്.

“നിന്റെ പേരിൽ ഒരു ഡഡ് ബോഡി അടക്കം ചെയ്തു. അതറിഞ്ഞിരുന്നോ?”

ഇത്തവണ സമറാണ് അവളോടതു ചോദിച്ചത്- നേരിട്ടുള്ള അന്വേഷണം. കാതിൽ കാറ്റുപിടിച്ചതുപോലെ അവൾ കണ്ണുചിമ്മി.

“കുറേക്കഴിഞ്ഞാണ് സാർ... ദുബായിൽ വച്ച്. അരവിന്ദ് എന്നോടു പറഞ്ഞു.”

“അവരുടെ മൃതദേഹം? എങ്ങനെയാണ് അത് അവിടെ വന്നത്?”

“ആശുപത്രിയിൽ എന്തോ മിസ്റ്റേക്ക് സംഭവിച്ചതായിരിക്കുമെന്നാണ് പറഞ്ഞത്. അരവിന്ദിനും അതെപ്പറ്റി കൂടുതലൊന്നും അറിയില്ലായിരുന്നു.”

“പിന്നീടൊരിക്കലും നീ അതെപ്പറ്റി അന്വേഷിച്ചില്ലേ?”

“ഇല്ല സാർ. എനിക്ക് അതറിയാൻ അപ്പോൾ താൽപ്പര്യമില്ലായിരുന്നു. ഐ ജസ്റ്റ് വാണ്ടട് റ്റു ഫൊർഗറ്റ് മൈ പാസ്റ്റ്.”

“അൺബിലീവബിൾ. നിന്റെ വീട്ടുകാരെ ബോധ്യപ്പെടുത്തി അടക്കം ചെയ്ത ബോഡിയെപ്പറ്റിയാണോ പറയുന്നത്?”

ആത്മവിശ്വാസം ഉലഞ്ഞുപോയ അവളെ നോക്കി സമർ കടുപ്പിച്ചു.

“ആ സമയത്ത് മരിച്ച ആരുടെയോ ബോഡി അബദ്ധത്തിൽ മാറിപ്പോയെന്നാണ് അരവിന്ദ് പറഞ്ഞത്.”

“അതോ നിനക്കുവേണ്ടി ആ സ്ത്രീ മരിച്ചു തന്നതാണോ?” സമറിന്റെ പരിഹാസം ഉരുകിയ ലോഹത്തുള്ളി പോലെ പൊള്ളിയിറങ്ങിയതോടെ ഇരു കൈകളും കൂപ്പി അവൾ എഴുനേറ്റു നിന്നു.

ആദിൽഖാൻ മുന്നിലിരുന്ന ലാപ്പ് ടോപ്പിലെ ഫോൾഡർ തുറന്ന് അവളുടെ നേർക്കുതിരിച്ചുവച്ചു.

“ഇതു നിന്റെ വെറുമൊരു ഒ.പി ടിക്കറ്റല്ല. ഫുൾ അഡ്മിഷൻ ആണ് നടന്നിട്ടുള്ളത്. ലാബ് റിപ്പോർട്ടസ്, ഇൻപേഷ്യന്റ് ചാർട്ട്സ്, ഡത്ത് സമ്മറി... എല്ലാം ഒഫിഷ്യലാണ്. നിന്റെ പേരിലാണ്. സോ ഹൂ ഡിഡ് ദിസ്?”

എന്തുപറയണമെന്നറിയാതെ തരിച്ചുനിന്ന നേഹയുടെ ചുണ്ടുകളിൽ ഭയം വിയർത്തുപൊടിഞ്ഞു.

“നീ അപത്യക്ഷയായി. പുതിയ ഒരാളായി. നിന്റെ സ്ഥാനത്ത് മറ്റൊരു സ്ത്രീയെ കുഴിച്ചുമൂടി.” ആദിൽഖാൻ പൊടുന്നനെ ശബ്ദമുയർത്തി മേശമേൽ അഞ്ഞടിച്ചുകൊണ്ടു ചോദിച്ചു.

“എന്നിട്ടും നിനക്കൊന്നും അറിയില്ലേ?”

അടുത്ത നിമിഷം, അവൾ പൊട്ടിക്കരഞ്ഞു.

“അതിത്ര വലിയ വിഷയമാകുമെന്ന് ഞാൻ അറിഞ്ഞിരുന്നില്ല.”

കസേര അവൾക്കരികിലേക്കു നീക്കി സമർ അതിലിരുന്നു. ഉത്തരങ്ങളിലേക്കല്ല, സംശയങ്ങളിലേക്കാണ് അവൾ എത്തിച്ചിരിക്കുന്നത്. അവൾ പലതും പറയുന്നില്ല. ഈ ക്രൈമിന്റെ ശിൽപ്പികളിലൊരാളല്ല അവൾ. പക്ഷേ അവൾക്കറിയാം- പിന്നിൽ ആരൊക്കെയാണെന്നും എന്തൊക്കെ നടന്നുവെന്നും.

“എവിടെ അരവിന്ദ്?”

അയാൾ ശാന്തമായി ചോദിച്ചു.

ചെറിയൊരു ഞെട്ടൽ അവളിൽ പ്രകടമായി. അവളുടെ മൗനത്തിൽ ഭിതിയും കണക്കുകൂട്ടലുകളും സ്നേഹവും നഷ്ടവുമെല്ലാമുണ്ടായിരുന്നു. ഒപ്പം ഭൂതകാലത്തെ കുറച്ചുകാണാൻ ശ്രമിച്ചതിന്റെ തിക്തതയും.

അതേ ശാന്തതയോടെ, ഉറച്ച ശബ്ദത്തിൽ സമർ തുടർന്നു.

“സീ, നേഹ... അവനെവിടെയുണ്ടെന്നു പറയൂ. നിനക്ക് ഇപ്പോൾ ഞങ്ങളെ സഹായിക്കാനാവും. ഇപ്പോഴതു ചെയ്തില്ലെങ്കിൽ ഞങ്ങൾക്കൊരിക്കലും നിന്നെ സഹായിക്കാനും കഴിയില്ല.”

അവളുടെ മുന്നിൽ ഒരു തെരഞ്ഞടുപ്പിനുള്ള അവസരമാണ് സമർ ബനഡിക്ട് തുറന്നുകൊടുത്തത്.

(തുടരും)

Content Highlights: Interpol and Dubai Police apprehend Neha Thomas—who was officially declared dead in India—and covertly bring her to Kochi for questioning, forcing her to confront the dark truth behind her fake death and her lover Arvind's involvement.