ക്രൈം നമ്പർ: 369/2021 ഊട്ടി ഫയൽ | നോവൽ 06

#മനോജ് ഭാരതി
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ഭൂതകാലം എന്നെന്നേക്കുമായി മറച്ചുവയ്ക്കാനാവില്ല- പ്രത്യേകിച്ചും നുണയുടെ കല്ലറയിൽ ഒരിക്കലും സത്യത്തെ അടക്കം ചെയ്യാനാവില്ല. എങ്കിലും ആദിൽഖാനിൽ നിന്നു ലഭിച്ച വിവരം എത്രത്തോളം ശരിയാണ്? മേരിക്കും തോമസിനും പോലും പ്രധാനമെന്നു തോന്നാതിരുന്ന, എന്നാൽ അത്ര സാധാരണമല്ലാത്ത ഒരു മെസ്സേജാണ് ഇപ്പോൾ അപ്രതീക്ഷിതവും അവഗണിക്കാനാകാത്തതും ആഴത്തിൽ അസ്വസ്ഥതയുളവാക്കുന്നതുമായി മാറിയത്.

പുകഞ്ഞുതീർന്ന സിഗർട്ടുകുറ്റി, ദിശതെറ്റി വീശിയ കാറ്റിലേക്ക് ഞൊടിച്ചു കളഞ്ഞ് സമർ ഓഫീസ് റൂമിലേക്കു കയറി. ആദിൽഖാൻ ഇതിനകം അവിടെയെത്തിയിരുന്നു.

'സ്റ്റോറികളൊക്കെ മാറുകയാണല്ലോ ആദിൽഖാൻ.'
'മിനിമം സ്‌കെയിലിൽ അന്വേഷിച്ചപ്പോൾത്തന്നെ വലിയ ദുരൂഹതയുണ്ട്.'
ആദിൽഖാൻ ശരിവച്ചു.

ഗോവയിലെ മേൽവിലാസത്തിൽ നേഹ, അല്ലെങ്കിൽ നേഹയെപ്പോലൊരു സ്ത്രീ, ചുരുങ്ങിയ കാലം മാത്രമാണ് താമസിച്ചിരുന്നത്. സ്വന്തം നിലയിൽ എല്ലാ ആവശ്യങ്ങളും കൈകാര്യം ചെയ്തിരുന്ന അവൾക്ക് അയൽപക്കക്കാരുമായി ഒരു തരത്തിലുള്ള ബന്ധവുമുണ്ടായിരുന്നില്ല. അവളെപ്പറ്റി കൂടുതലൊന്നും അറിയില്ലെങ്കിലും, ഫോട്ടോയിൽ കണ്ട നേഹയുടെ മുഖവും, വീഡിയോയിൽ വ്യക്തമായ നടത്തയും രൂപരീതിയുമെല്ലാം നാട്ടുകാർ തിരിച്ചറിഞ്ഞു. വീട്ടുടമയിൽ നിന്നു കിട്ടിയ രേഖകളും അത് സ്ഥിരീകരിക്കുന്നതാണ്.

എത്തിക്കൽ ഹാക്കർ ജയേഷിൽ നിന്നു കിട്ടിയ വിവരങ്ങളും, ഗോവ പോലീസ് കൈമാറിയ അനൗദ്യോഗിക റിപ്പോർട്ടും, ആദിൽഖാൻ ശേഖരിച്ച വസ്തുതകളും വരിയൊപ്പിച്ചു വന്നത് സമറിനെ ശ്വാസം മുട്ടിച്ചു.

'ആ ടൈം ലൈൻ ഒന്നുകൂടി എക്സ്പ്ലെയിൻ ചെയ്യൂ.'

ആദിൽഖാൻ വേഗം കൈവശമിരുന്ന നോട്ട്പാഡിലെ പേജുകൾ മറിച്ചു. സ്‌ക്രീൻഷോട്ടുകളും ആധികാരികരേഖകളും സമയബന്ധിതമായി രേഖപ്പെടുത്തിയ സാക്ഷിമൊഴികളുമെല്ലാം അതിലുണ്ട്. അവയെല്ലാം കാലക്രമമനുസരിച്ച് അയാൾ നിരത്തി.

'കഴിഞ്ഞ വർഷം, അതായത് രണ്ടായിരത്തി ഇരുപത്തി ഒന്ന് ജൂൺ പതിനാലിനാണ് നേഹയുടെ മരണം രേഖപ്പെടുത്തിയിട്ടുള്ളത്.'

ആദിൽഖാൻ ഫയലിൽ നിന്ന് ഒരു സർട്ടിഫിക്കറ്റെടുത്തു.

'ഊട്ടി ഗവൺമെന്റ് ഹോസ്പിറ്റലിൽ നിന്നുള്ള മരണസർട്ടിഫിക്കറ്റുണ്ട്. കോവിഡിനെത്തുടർന്ന് ശ്വാസകോശത്തിലുണ്ടായ അണുബാധയാണ് മരണകാരണം.'

'സോ, ഹൗ വാസ് ദി ബെറീയൽ?'
'സാർ, അന്ന് ഈവനിംഗ് തന്നെ ബോഡി അടക്കം ചെയ്തു. കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്... ഹെൽത്ത് വർക്കേഴ്സിന്റെ മേൽനോട്ടത്തിൽ. പേരന്റ്സിനു പോലും അവളെ അടുത്തുനിന്നു കാണാനായില്ല. മൂടിക്കെട്ടിയ ബോഡിയുടെ ഫോട്ടോ മാത്രമാണ് അവർക്കു കിട്ടിയത്. കാര്യമായ സംസ്‌കാര ചടങ്ങുകളും ഇല്ലായിരുന്നു.'

മുന്നിലിരുന്ന പഴയൊരു ബ്രോഷറിൽ ചുമന്ന മഷിപ്പേന കൊണ്ട് അർത്ഥമില്ലാത്ത വട്ടവും ചതുരവും വരച്ചുകൂട്ടുന്നതിനിടയിൽ ആത്മഗതമെന്നോണം സമർ പറഞ്ഞു.

'പെർഫക്ട് സെറ്റപ്പ്.... എനിവൺ കാൻ വാനിഷ്.'
'യെസ് സർ...'
സമർ ബനഡിക്ടിന്റെ വാക്കുകൾക്ക് അടിവരയിട്ട് ആദിൽഖാൻ തുടർന്നു.

'ഇതിലെ സ്ട്രെയ്ഞ്ച് പാർട്ട് തുടങ്ങുന്നത് ഓഗസ്റ്റ് ഇരുപത്തിയെട്ടിനാണ് സാർ. നേഹ മരിച്ച് രണ്ടുമാസം കഴിഞ്ഞ്. അവളുടെ ഫോണിലേക്ക് ഒരു ഒഫിഷ്യൽ മെസ്സേജു വന്നു. ആധാർ കാർഡിൽ മേൽവിലാസം ചേഞ്ച് ചെയ്തെന്നുള്ള മെസ്സേജ്.'

കൈവശമുള്ള വിശദാംശങ്ങൾ കാലക്രമം തെറ്റാതെ ആദിൽ ഖാൻ ആവർത്തിച്ചു. ഗോവയിൽ നിന്നുള്ള വിവരങ്ങൾ പറഞ്ഞവസാനിപ്പിച്ചതോടെ സമർ നിർദേശിച്ചു.

'സെൻഡ് എ ടീം റ്റു ഗോവ. നെയ്ബേഴ്സിനെയെല്ലാം മീറ്റു ചെയ്യണം. അക്കാലയളവിലെ സിസിടിവി ദൃശ്യങ്ങൾ അവെയ്ലബിളാകുന്നതെല്ലാം കളക്ട് ചെയ്യണം. അവളുടെ സന്ദർശകർ ആരൊക്കെയായിരുന്നു? അവളിപ്പോഴെവിടെയുണ്ട്? എല്ലാം കണ്ടെത്തണം.'

നിർദേശിക്കാൻ പാകത്തിലുള്ള ടീമിനെ ഇതിനകം തന്നെ ആദിൽഖാൻ കണ്ടുവച്ചിരുന്നു. അഡീഷണൽ എസ് ഐ രാജേന്ദ്രൻ, സിപിഒ വർഗ്ഗീസ്, സ്പെഷ്യൽബ്രാഞ്ച് എസ്.ഐ. ഉബൈദ്, സി.പി.ഒ സത്യപ്രകാശ്- ഇവരടങ്ങുന്നതാണ് ടീം. അത് തരക്കേടില്ലാത്ത തെരഞ്ഞെടുപ്പാണെന്ന് സമറിനും തോന്നി. ആദിലിന്റെ കൈവശം മറ്റു ചില രേഖകളുമുണ്ടായിരുന്നു- സ്റ്റാമ്പ് പേപ്പറിൽ നോട്ടറി സാക്ഷ്യപ്പെടുത്തിയ വാടകക്കരാർ വീട്ടുടമയിൽ നിന്നുലഭിച്ചതും, ഗ്യാസ് കണക്ഷനു വേണ്ടി ഏജൻസിയിൽ നൽകിയ സെൽഫ് ഡിക്ലറേഷൻ ലറ്ററും. സമർ അവ സൂക്ഷ്മമായി പരിശോധിച്ചു.

'ഹാൻഡ് റൈറ്റിംഗ് മാച്ച് ചെയ്യുന്നുണ്ട് സാർ.' ആദിൽഖാൻ പറഞ്ഞു.

നേഹയുടെ വീട്ടിൽ നിന്ന് മൊബൈൽ ഫോണിനൊപ്പം കൈപ്പറ്റിയ അവളുടെ നോട്ട്് ബുക്കിലെ കൈയക്ഷരവുമായി സമർ അത് ഒത്തുനോക്കി. രണ്ടും തമ്മിൽ സാമ്യമുണ്ട്. വൃത്തിയുള്ള മെലിഞ്ഞ ചരിഞ്ഞ അക്ഷരങ്ങൾ. ക്യാപ്പിറ്റൽ 'എ' എഴുതുമ്പോൾ വലത്തേക്കുള്ള ചരിവൽപ്പം കൂടും.

'എത്ര കാലം അവളവിടെ താമസിച്ചു?'
'മൂന്നരമാസം. പണമായിട്ടാണ് വാടക കൊടുത്തത്. സ്ട്രീറ്റിലെ കച്ചവടക്കാരിൽ നിന്നായിരുന്നു പലചരക്കു സാധനങ്ങൾ വാങ്ങിയിരുന്നത്. ഓൺലൈൻ ഡീറ്റയിൽസൊന്നും എങ്ങും അവശേഷിപ്പിച്ചിട്ടില്ല. ഒക്ടോബർ ഫസ്റ്റ് വീക്ക്... അവിടം വെക്കേറ്റ് ചെയ്തു. ട്രേസ് ചെയ്യാനാണെങ്കിൽ പുതിയ വിലാസം അവളാർക്കും നൽകിയിട്ടില്ല.'

'ആധാർ അപ്ഡേഷൻ നടത്തിയതോ?'
'ഓൺലൈനായി ചെയ്തതാണു സാർ. ഗ്യാസ് കണക്ഷൻ ബില്ലാണ് യൂസ് ചെയ്തിരിക്കുന്നത്.'

സമർ ആലോചനയോടെ പറഞ്ഞു.

'യെസ്. ദാറ്റ് മീൻസ്... ഗ്യാസ് കണക്ഷനെടുത്തത് അഡ്രസ് പ്രൂഫിനായിരുന്നു. ആധാർ അപ്ഡേഷനുവേണ്ടി.'

അസ്വസ്ഥമായ ചോദ്യങ്ങൾ സമറിന്റെ മനസ്സിൽ ഉയർന്നുകൊണ്ടിരുന്നു. നേഹ മരിച്ചിട്ടില്ലെങ്കിൽ പിന്നെ ആരാണ് ഊട്ടിയിലെ ആശുപത്രിയിലുണ്ടായിരുന്നത്? കോവിഡ് പ്രോട്ടോക്കോളിന്റെ ആവരണത്തിൽ മൂടിക്കെട്ടി അടക്കിയത് ആരെയാണ്? സംശയങ്ങളുടെയും ചോദ്യങ്ങളുടെയും ഭ്രൂണഹത്യ നടന്നിട്ടുണ്ടെങ്കിൽ, അത് ആരാണു ചെയ്തത്? നേഹ ഇപ്പോഴെവിടെയാണ്? ആരുടെ അദൃശ്യകരങ്ങളാണ് അവളെ സഹായിക്കുന്നത്? ഒളിവുജീവിതത്തിന് അവൾ എന്തിന് വെയിൽ നനഞ്ഞ ഗോവൻ തീരം തെരഞ്ഞെടുത്തു?

ഒരു ഗൂഢപദ്ധതിയുടെ സാധ്യത വർധിച്ചതോടെ സമർ സംശയപൂർവ്വം ആദിൽഖാനെ നോക്കി. അന്വേഷണത്തിന്റെ അടുത്ത ഘട്ടങ്ങളെക്കുറിച്ചുള്ള സമറിന്റെ വാക്കുകൾക്കായി കാത്തിരിക്കുകയാണ് അയാൾ.

'സംഭവം നടന്ന ദിവസങ്ങളിൽ ഊട്ടി ഗവൺമെന്റ് ഹോസ്പിറ്റലിലുണ്ടായിരുന്ന മുഴുവൻ സ്റ്റാഫിന്റെയും ലിസ്റ്റ് വേണം. ഡോക്ടർമാർ, നഴ്സുമാർ. അഡ്മിൻ സ്റ്റാഫ്, ആംബുലൻസ് ഡ്രൈവർമാർ...'

'യെസ് സാർ.'

സമർ ബനഡിക്ട് ടാസ്‌ക് ലിസ്റ്റ് ഒന്നൊന്നായി മുന്നോട്ടുവച്ചു. ആദ്യം ഹോസ്പിറ്റലിലെത്തി മെഡിക്കൽ രേഖകൾ പരിശോധിക്കണം. നേഹയെ അഡ്മിറ്റ് ചെയ്തതിന്റെ വിശദാംശങ്ങൾ, രോഗനിർണ്ണയ വിവരങ്ങൾ, ജീവൻ നിലനിർത്താൻ നടത്തിയ ശ്രമങ്ങൾ, ചികിത്സാരീതി, കുടുംബവുമായും അധികാരികളുമായും കത്തിടപാടുകളോ മെയിൽ സന്ദേശങ്ങളോ നടന്നിട്ടുണ്ടെങ്കിൽ അവ- എല്ലാം ശേഖരിക്കണം.

നേഹയുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചതിനും ആധാർ അപ്ഡേഷൻ നടന്നതിനുമിടയിൽ സമയത്തിന്റേതായ ഒരു ജാലകമുണ്ട്. അതുപോലെ, അധാർ അപ്ഡേഷൻ കഴിഞ്ഞതിനു ശേഷം ഇന്നോളമുള്ള സമയം വരെ മറ്റൊരു ജാലകവുമുണ്ട്. അവ രണ്ടും തുറക്കണം. അവിടെ ക്രമാനുഗതമായി ഉണ്ടായിട്ടുള്ള സംഭവങ്ങൾ എന്തൊക്കെയാണെന്ന് കണ്ടെത്തണം. മൂന്നാമത്തേത് മാൻ മിസ്സിങ് കംപ്ലയിന്റുകളുടെ കാര്യമാണ്. ആ കാലയളവിൽ ഏതെങ്കിലും സ്ത്രീകളെ കാണാതായതായി പരാതികളുണ്ടോയെന്ന് പരിശോധിക്കണം. അതുപോലെ പ്രധാനപ്പെട്ട മറ്റൊന്ന്, മേൽവിലാസത്തിൽ മാറ്റം വരുത്തിയ ആധാർ രേഖ ദുരുപയോഗപ്പെടുത്തിയിട്ടുണ്ടോയെന്ന് അറിയുകയാണ്. അതുപയോഗിച്ചു നടന്ന ഏതുതരം ഇടപാടും, ബാങ്ക് അക്കൗണ്ടും യാത്രയും രജിസ്ട്രേഷനുമെല്ലാം, ദുരൂഹതയുടെ തമോഗർത്തത്തിലേക്കുള്ള പ്രകാശനാളമാവും.

'അയാം ഷുവർ... ഇതിൽപ്പലതും ആദിൽ ഇപ്പോൾത്തന്നെ പ്ലാൻ ചെയ്തിട്ടുണ്ടാവും. ഗോ എഹെഡ്. അന്വേഷണത്തിൽ ഒരു തരത്തിലും ഡിലേ വരരുത്.'

'ഷുവർ സാർ.'

'ഊട്ടിയിലും പരിസരത്തും, നൂറുകിലോമീറ്റർ ചുറ്റളവിലെങ്കിലുമുള്ള എല്ലാ പോലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെടണം. മിസ്സിംഗ് കേസുകൾ നോക്കണം. എസ്പെഷ്യലി തെർട്ടീസിലുള്ള സ്ത്രീകൾ.'

അയാളുടെ നിർദേശങ്ങളെല്ലാം നോട്ട്പാഡിൽ രേഖപ്പെടുത്തിയശേഷം ഓഫീസിൽ നിന്നു മടങ്ങിയ ആദിൽഖാൻ, അന്നു രാത്രി തന്നെ ഊട്ടിയിലേക്കു തിരിച്ചു. അന്വേഷണസംഘത്തിലെ മറ്റു നാലുപേരും അയാൾക്കൊപ്പമുണ്ടായിരുന്നു. ഹോസ്പിറ്റലിലെത്തി ആദ്യമണിക്കൂറിൽത്തന്നെ, വിവരശേഖരണം അത്ര എളുപ്പമല്ലെന്ന് അവർക്കു മനസ്സിലായി. ഒരു വർഷം കഴിഞ്ഞിട്ടേയുള്ളുവെങ്കിലും, ഏറെക്കാലം മുമ്പു നടന്ന സംഭവത്തിന്റെ പ്രതീതി.

പകർച്ചവ്യാധിയുടെ ഭൂതകാലം ഹോസ്പിറ്റലിൽ തണുത്തു ചുരുണ്ടുകൂടിക്കഴിഞ്ഞിരുന്നു. ആന്റിസെപ്റ്റിക് മണമുള്ള ഇടനാഴികളിലൂടെ, ജീവനക്കാരുടെ മരവിച്ച പ്രതികരണങ്ങൾക്കിടയിലൂടെ സമർ ബനഡിക്ട് പറഞ്ഞതുപ്രകാരമുള്ള രേഖകൾ തേടി അവർ നീങ്ങി. നിശ്ചിതകാലയളവിലെ രോഗികളുടെ രേഖകളും ഡിസ്ചാർജ്ജ് സമ്മറികളും പരിശോധിച്ചു. അന്വേഷണത്തോടു സഹകരിക്കുന്നതായി നടിച്ച, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫിൽ പലരുടെയും ഉത്തരങ്ങൾക്ക് രോഗം ബാധിച്ചിരുന്നു.

നേഹ മരിച്ച ആഴ്ചയിൽ മുപ്പത്തിയൊന്ന് കോവിഡ് രോഗികളെയാണ് അവിടെ അഡ്മിറ്റ് ചെയ്തിരുന്നത്. പതിനെട്ടുപേർ സ്ത്രീകൾ. നേഹയുടെ പ്രായപരിധിയിൽ വരുന്നവർ കൂട്ടത്തിൽ നാലുപേർ മാത്രം. മരിച്ചത് നേഹയടക്കം മൂന്നുപേരാണ്. മറ്റുരണ്ടുപേരിൽ ഒരാൾ വിരമിച്ച റയിൽവേ ജീവനക്കാരനും മറ്റൊരാൾ എഴുപതു കഴിഞ്ഞ പഴക്കച്ചവടക്കാരനും. ആ രണ്ടുപേരുടെയും ഐഡന്റിറ്റി കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ട്.

അന്വേഷണവിവരങ്ങൾ അപ്പപ്പോഴായി സമർ ബനഡിക്ടിന് ലഭിച്ചുകൊണ്ടിരുന്നു. ആദിൽഖാൻ പ്രത്യേകം സൂചിപ്പിച്ച നാലു യുവതികളിലേക്ക് അയാളെത്തിനിന്നു- നേഹയുടെ പ്രായവുമായി പൊരുത്തപ്പെടുന്ന, മുപ്പതുകളിലുള്ള നാലുപേർ. അതൊരുപക്ഷേ നാലു ലീഡുകളാകാം. അവരെക്കുറിച്ചുള്ള അനുമാനങ്ങളിലും കേട്ടുകേൾവികളിലും അവസാനിപ്പിക്കാതെ, നാലു പേരെയും നേരിട്ടു കണ്ട് ബോധ്യപ്പെടണം. അവരിലാരും അപ്രത്യക്ഷരായിട്ടില്ലെന്നും, കോവിഡിന്റെ പേരിൽ അസ്വാഭാവികമായി യാതൊന്നും നടന്നിട്ടില്ലെന്നും ഉറപ്പാക്കണം.

ആദിൽഖാന് ഫോണിലൂടെ നിർദേശങ്ങൾ നൽകി സമർ ഓഫീസിൽനിന്നു മടങ്ങാനൊരുങ്ങിയപ്പോഴാണ് സൈബർസെല്ലിൽ നിന്നുള്ള മെസ്സഞ്ചറെത്തിയത്. അസ്ഥിരമായ സത്യത്തിന് അടിവരയിടുന്നതായിരുന്നു അയാൾ കൈമാറിയ ഫയലിലെ വിവരങ്ങൾ. നേഹയുടെ പേരിൽ പുതിയ പാസ്പോർട്ട് ഇഷ്യൂ ചെയ്തിരിക്കുന്നു. അവൾ മരിച്ച് മൂന്നുമാസത്തിനുശേഷം, ഗോവയിലെ പുതുക്കിയ മേൽവിലാസത്തിലാണ് അതെടുത്തിയിട്ടുള്ളത്.

പാസ്പോർട്ട് നമ്പർ, നേഹയുടെ സ്‌കാൻ ചെയ്ത ഫോട്ടോ, പാസ്പോർട്ട് ഇഷ്യൂ ചെയ്ത തീയതി തുടങ്ങിയ വിശദാംശങ്ങളെല്ലാം സൈബർസെല്ലിന്റെ ഫയലിലുണ്ടായിരുന്നു. സമർ അവയോരോന്നും സൂക്ഷ്മമായി പരിശോധിച്ചു. ഒന്നുകിൽ, നേഹയുടെ പേരും സാദൃശ്യവും ഐഡന്റിറ്റിയും ഉപയോഗിച്ച് ആരോ ഈ രാജ്യം വിട്ടിരിക്കുന്നു. അല്ലെങ്കിൽ നേഹ അതു ചെയ്തിരിക്കുന്നു. അവൾ സ്വന്തം നിലയ്ക്കെടുത്ത തീരുമാനമാണെങ്കിൽ, അതിനുപിന്നിൽ ശക്തമായൊരു പ്രേരകഘടകം ഉണ്ടായിരിക്കണം. അല്ലാത്ത പക്ഷം, അവളെ ആരെങ്കിലും ഒളിപ്പിച്ചിരിക്കണം. എന്തുതന്നെയായാലും വിഷയം സങ്കീർണമാകുകയാണ്.

യാഥാർഥ്യത്തിനു മേൽ വീണുകിടക്കുന്ന കമ്പളം നീക്കാൻ ഒരേയൊരു മാർഗമേ മുന്നിലുള്ളൂവെന്ന് സമറിനു തോന്നി. അയാൾ ധൃതിയിൽ ഷെൽഫിൽ നിന്ന് ഒരു റഫറൻസ് ബുക്ക് പുറത്തെടുത്തു. 'എമർജൻസി ഹെൽത്ത് പ്രോട്ടോക്കോൾസ് ആന്റ് പോസ്റ്റുമോർട്ടം ലീഗാലിറ്റീസ് -2020 അമെൻഡ്മെന്റ്സ്' പരിശോധിക്കാനായിരുന്നു അത്. കോവിഡ് മഹാമാരിക്കാലത്ത് പരിഷ്‌കരിച്ച നിയമനിർമ്മാണം അനുസരിച്ച് കുടുംബാംഗങ്ങളുടെ തിരിച്ചറിയൽ കൂടാതെയും, പ്രത്യേകിച്ച് അണുബാധയ്ക്കുള്ള സാധ്യത കൂടുതൽ ആണെങ്കിൽ, പകർച്ചവ്യാധി പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം സംസ്‌കരിക്കാൻ അനുവാദമുണ്ടായിരുന്നു. ആ വ്യവസ്ഥയിലെ പഴുതുകൾ ആരെങ്കിലും ദുരുപയോഗപ്പെടുത്തിയിട്ടുണ്ടോയെന്നാണ് അറിയേണ്ടത്. അതിന് മൃതദേഹം പുറത്തെടുക്കണം.

അസാധാരണ സാഹചര്യങ്ങളിൽ, മജിസ്ട്രേറ്റിന്റെ ഉത്തരവുപ്രകാരം അതിന് അനുവദിക്കും. മൃതദേഹം തെറ്റായി തിരിച്ചറിഞ്ഞതാണെന്ന് ബോധ്യപ്പെടുമ്പോഴും, മരണകാരണം നിയമപരമായി ചോദ്യം ചെയ്യപ്പെടുമ്പോഴും, ഫോറൻസിക് വെരിഫിക്കേഷൻ ആവശ്യമുള്ള പുതിയ തെളിവുകളോ സംഭവവികാസങ്ങളോ ലഭിക്കുമ്പോഴും മൃതദേഹം പുറത്തെടുക്കാം.

സമർ സിഗർട്ടിനു തീ പിടിപ്പിച്ചു. അവഗണിക്കപ്പെട്ട ഒരു വിശദാംശം, കംപ്യൂട്ടർ ബാക്ക് അപ്പിൽ മറഞ്ഞിരിക്കുന്ന ഏതെങ്കിലും രേഖ, ഊഹാപോഹങ്ങൾക്കു മുകളിൽ തെളിവുകൾ നൽകുന്ന സൂചന... അതെല്ലാം ഇവിടെ ബാധകമാണ്. നേഹയുടെ മൃതദേഹം പുറത്തെടുക്കാൻ തടസ്സങ്ങളുണ്ടാകില്ല. ഡിഎൻഎ പരിശോധന വേണം. ദന്തരേഖകളിൽ പോരുത്തം തേടണം. അസ്ഥിയോളം ബലമുള്ള അടയാളങ്ങൾ കണ്ടെത്തണം. എങ്കിൽ മാത്രമേ ശാസ്ത്രത്തിനു നൽകാനാവുന്ന ഉറച്ചതും തണുത്തതുമായ സത്യങ്ങൾ പുറത്തേക്കെത്തുകയുള്ളൂ.

അയാൾ വീണ്ടും ആദിൽഖാനു ഫോൺ ചെയ്തു. മൃതദേഹം പുറത്തെടുക്കണം. അതിന്റെ അനിവാര്യത ബോധ്യപ്പെടുത്തി അടുത്ത ദിവസം തന്നെ ജില്ലാ മജിസ്ട്രേറ്റിനു മുൻപാകെ ഹർജി ഫയൽ ചെയ്യണം. അയാൾ നടപടിക്രമങ്ങൾ ഒന്നൊന്നായി ആദിലിനോടു ചുരുക്കി വിവരിച്ചു.

ജനലിനു പുറത്ത് ആകാശത്ത് മഴക്കാറുകൾ നിറഞ്ഞിരുന്നു. അയാളുടെ മനസ്സും കുത്തിയൊലിച്ചുപെയ്യാൻ തയ്യാറെടുത്തു നിൽക്കുകയായിരുന്നു.
'മരിച്ചത് നേഹയല്ലെങ്കിൽ... ആരോ ഒരാളുടെ ജീവിതം അവിടെ അവസാനിച്ചിട്ടുണ്ട്. അത് ആരായിരിക്കും?'

തുടരും

Content Highlights: Investigation into a suspicious death certificate issued in Ooty during the 2021 pandemic., Discovery of potential identity theft involving Neha's Aadhaar and passport., The tactical decision to exhume the body for DNA verification to uncover the truth., Samer Benedict's systematic approach to connecting the dots between Goa and Ooty.