ഒരു പിറന്നാള്‍ സമ്മാനം | സില്‍വിയ പ്ലാത്തിന്റെ കവിത, ആര്യാഗോപിയുടെ വിവര്‍ത്തനം

ഒരു പിറന്നാള്‍ സമ്മാനം
എന്താണിത്?
എന്താണീ മുഖപടത്തിനു പിന്നില്‍?
അത് സുന്ദരമോ വിരൂപമോ?
അത് തിളങ്ങുന്നുണ്ടോ?
അതിന് മുലകളുണ്ടോ?
അതിന് അരികും അറ്റങ്ങളുമുണ്ടോ?
ഒന്നുറപ്പാണ്, അത് അസാധാരണമാണ്.
എനിക്കുറപ്പാണ്, ഇതാണ് ഞാനാഗ്രഹിച്ചത്.
ഞാന്‍ നിശബ്ദയായി പാചകം ചെയ്യുമ്പോള്‍
എനിക്ക് തോന്നുന്നുവോ
അതെന്നെ നോക്കുന്നുണ്ടെന്നും
അത് കാടുകയറി ചിന്തിക്കുന്നുണ്ടെന്നും!
'ഇവള്‍ക്ക് വേണ്ടിയാണോ
ഇപ്പൊ ഞാനിനി പ്രത്യക്ഷപ്പെടേണ്ടത്?
ഇവളാണോ തിരഞ്ഞെടുക്കപ്പെട്ടവള്‍-
കരിങ്കണ്‍ക്കുഴികളോടും
വടുക്കളോടും കൂടിയവള്‍?
ധാന്യപ്പൊടിയളന്നും
അഗ്രവും വളവുമൂലചെത്തിയും
ആ നിയമങ്ങള്‍... ഈ നിയമങ്ങള്‍...
നിയമങ്ങളായ നിയമങ്ങളെല്ലാം പാലിച്ചവള്‍!
ഇവളെയാണോ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്?
എന്റെ ദൈവമേ... ചിരിക്കാതെന്തു ചെയ്യണം!'
അത് തിളങ്ങുന്നുണ്ട്,
അടിമുടി... ആദ്യവസാനം.
അതിനു എന്നെ വേണമെന്നെനിക്കു തോന്നുന്നു.
ഇനിയിപ്പോ അത്
എല്ലുംതോലുമായാലും
വൈരക്കല്ലായാലും
എനിക്കൊന്നുമില്ലേയില്ല!
ഈയാണ്ടിനിയെനിക്ക്
വലിയ സമ്മാനമൊന്നും വേണമെന്നില്ല.
എന്തായാലും ഞാനിപ്പോള്‍
ജീവിച്ചിരിക്കുന്നതുതന്നെ
ഒരാകസ്മികമായ
യാദൃച്ഛികതയാലാണല്ലോ?
മുന്‍പായിരുന്നുവെങ്കില്‍
ഞാനെന്നെത്തന്നെ
ആത്മതാപത്താല്‍
കൊന്നുകളഞ്ഞേനെ!
എന്നാലിപ്പോള്‍ ചുറ്റും
ഈ തിരശീലകളുണ്ട്...
ജനുവരിയിലെ
സുതാര്യജാലകവിരിപോലെ
തിളങ്ങുന്നവ!
നവജാതശിശുക്കളുടെ
വെളുത്ത പഞ്ഞിക്കിടക്കപോലെ....
മരണപ്പായുടെ
വിമലനിശ്വാസവഴി പോലെ...
ഓ....ഗജദന്തനിറമേ!
അതൊരു ആനക്കൊമ്പായിരിക്കുമോ,
അതോ ഭൂതപ്രേതസ്തംഭമോ?
നിനക്ക് കാണാനാകുന്നില്ലേ,
അതിനി എന്തുതന്നെയായാലും
എനിക്കൊന്നുമില്ലെന്നറിയുക!
നീ എനിക്ക് അത് തന്നേക്കാമോ-
എന്തിനിത്ര നാണം അത് സമ്മാനിക്കാന്‍?
ചെറുതോ വലുതോ ആകട്ടെ
എല്ലാം ഇപ്പോള്‍ എനിക്കൊരുപോലെ!
ദയാരഹിതനാകല്ലേ...
ദയാമൂര്‍ത്തീ...
ഞാനെന്തുപാതകത്തിനുമൊരുക്കമാണ്!
നമുക്കതിന്റെയടുത്തിരിക്കാം
ഇരുപുറമായിട്ടിരിക്കാം
അതിന്റെ പളപളപ്പ്
കണ്ടുകൊണ്ടേയിരിക്കാം.
അതിന്റെ ജ്വലനം കാണാം!
അതിന്റെ സ്ഫുലനം തേടാം!
അതിന്റെ മിന്നല്‍വെട്ടത്തില്‍
മരുന്നുപാത്രത്തില്‍
നമ്മുടെ അവസാനയത്താഴമുണ്ണാം!
നീയത് തരില്ലെന്നെനിക്കറിയാം!
എന്തുകൊണ്ടെന്നാല്‍
നീ ഭയചകിതനാണ്!
ഒരു ഭീകര പൊട്ടിത്തെറിയില്‍
ലോകം കത്തുമെന്നും
നിന്റെ ശിരസ്സതില്‍ ചിതറുമെന്നും
നിന്റെ പേരക്കുട്ടികള്‍ക്ക്
അതികായമായ ഒരുജ്ജ്വല
പ്രാചീനകവചമായി
അത് പരിണമിക്കുന്നെന്നുമറിയുക!
ഇനിയതില്‍ ആകുലപ്പെടാനൊന്നുമില്ല!
ഞാനതെടുത്ത്
ശാന്തമായി വഴിമാറിപ്പോകുകയേയുള്ളൂ.
ഞാനതു തുറക്കുന്ന
ശബ്ദംപോലും നീ കേള്‍ക്കണമെന്നില്ല.
കടലാസ്സുകീറുന്ന ഒച്ചപോലും
കേള്‍ക്കണമെന്നില്ല!
കെട്ടഴിഞ്ഞ റിബണുകളില്ല...!
അവസാനത്തെ നിലവിളിയുമില്ല!
ഈ ഔചിത്യബോധത്തിന്റെ
കടപ്പാട് എനിക്കെന്തായാലും വേണ്ടേവേണ്ടാ!
ഈ തിരശീലകള്‍ എന്റെ ദിനങ്ങളെ
കൊല്ലാക്കൊലചെയ്യുകയാണ്.
നിനക്കതെല്ലാം തെളിമയാര്‍ന്ന മറകളല്ലേ
സ്വച്ഛമായ വായുപോലെ!
എന്നാലെന്റെ ദൈവമേ,
മേഘങ്ങള്‍ പരുത്തിപോലെയല്ലേ!
കാര്‍ബണ്‍ മോണോക്‌സിഡിന്റെ
ഒരു വെണ്‍പട കണക്കെ.
മധുരമായി... മാധുര്യമോടെ...
ഞാന്‍ മൃദുവായി ശ്വസിക്കുന്നു!
അതെന്റെ ഞരമ്പുകളില്‍
അദൃശ്യത നിറയ്ക്കുന്നു!
ഒരായിരം സംഭവ്യകാരണങ്ങള്‍
എന്റായുസ്സിനെ പാറ്റിക്കൊഴിക്കുന്നു!
സാഹചര്യത്തിനുയോജിച്ച
രജതമാണ് നീ! ഓ മനക്കണക്കെന്ത്രമേ...!
നിനക്കൊന്നും വിട്ടുനല്‍കാനാകുന്നില്ലേ?
മുഴുവനായി കൈവിടാനാകുന്നില്ലേ?
ഓരോ കുഞ്ഞുകഷ്ണത്തിലും
കടുംമാന്തളിര്‍ മുദ്രപതിപ്പിക്കുന്നതെന്തിനാണ്?
കൊന്നുതള്ളുന്നതെന്തിനാണ്?
എനിക്കിന്ന് വേണ്ടതായിട്ട് ഒന്നേയുള്ളു,
നിനക്ക് മാത്രമേ അത് നല്‍കാനാകൂ
എന്നെനിക്കറിയാം.
നഭസ്സുപോലെ വിടര്‍ന്നു
അതെന്റെ ജനാലയ്ക്കരികില്‍ നില്‍ക്കുന്നു!
അതെന്റെ രാത്രിവിരികളില്‍ നിന്ന്
ഉച്ഛ്വാസം പകുത്തെടുക്കുന്നു!
ജീവിതം മരവിച്ചുറഞ്ഞുപോകുന്ന
മരണഗര്‍ത്തങ്ങളില്‍
മുന്‍പിന്‍ചരിത്രം നിശ്ചലമാക്കുന്നു!
വിലാസം തേടിപ്പിടിച്ചു അത്
തപാല്‍വഴി എന്നെങ്കിലും
എന്നെത്തേടിയെത്തട്ടെ...
വിരല്‍തൊട്ടു വിരല്‍വരെയെന്ന
ദൂരം പോലെ!
എന്നാല്‍ പലനാവിന്മേലെയുള്ള
വാക്കാല്‍തൂങ്ങി
അതു വന്നെത്താതിരിക്കട്ടെ!
അത് മുഴുവനായിവിടെ
ആരെങ്കിലും
കൊണ്ടുവരുമ്പോഴേക്കും
എനിക്കറുപതാകട്ടെ...
ഞാന്‍ മൃതപ്രാണയാകട്ടെ!
അനാസക്തയാകട്ടെ!
ഈ തിരശീല മാത്രം താഴേക്കഴിച്ചിടൂ,
ഈ മുഖശീല, ആ മനഃശീല...!
അത് മരണമായിരുന്നുവെങ്കില്‍
അതിന്റെ സമയാതീതഗുരുത്വത്തെ
ഞാന്‍ ആരാധിച്ചേനെ..!
അതിന്റെ കാര്യഗൗരവം
എനിക്കപ്പോള്‍ തിരിഞ്ഞേനെ!
അതിന്റെ കുലീനഭാവം
എനിക്കുള്ളില്‍ തെളിഞ്ഞേനെ!
അതിന്റെ പിറന്നാള്‍ദിനം
എനിക്കുടന്‍ പിടികിട്ടിയേനെ!
ആത്മപിണ്ഡം
കഠാരയാല്‍ കീറിമുറിക്കാതെ
പിറന്നപടി വാകീറിക്കരയുന്ന
ചോരകുഞ്ഞിന്റെ
കരച്ചില്‍ പോലെ
അത് പരിശുദ്ധവും
പവിത്രവുമായേനെ...!
അപ്പോള്‍ അപ്പോള്‍ മാത്രം..
ഈ ബ്രഹ്‌മാണ്ഡമാകെ
എന്റെയരികിലൂടെ വിദൂരതയിലേക്കു
ഒഴുകിപ്പോയേനെ...!
Content Highlights: Arya Gopi Translates Sylvia Plath's poem A Birthday Present