സര്‍വപാപവും പച്ചമലയാളത്തില്‍ പറയണം,അനാവശ്യ ചോദ്യങ്ങളും; മലയാളി അച്ചന്മാരുടെ കണ്ണുവെട്ടിച്ച കുമ്പസാരം

ഇംഗ്ലീഷ് എഴുതുന്നതില്‍ സാമാന്യം കഴിവുണ്ടായിരുന്നെങ്കിലും പറയുന്ന ഇംഗ്ലീഷ് വേണ്ടത്ര കൈവശമായിരുന്നില്ല. പക്ഷേ, അത് ഒരു ആത്മീയവിഷയത്തില്‍ ഗുണംചെയ്തു: കുമ്പസാരിക്കുന്നതില്‍. കുമ്പസാരത്തില്‍നിന്ന് പുറത്തുചാടാനുള്ള ധൈര്യം അന്ന് കൗമാരക്കാരനായിരുന്ന എനിക്ക് ഉണ്ടായിട്ടില്ല. കത്തോലിക്കാ വിദ്യാര്‍ഥികള്‍ ഇടയ്ക്കിടെ കുമ്പസാരിച്ച് കുര്‍ബാന കൈക്കൊള്ളുന്നുണ്ടോ (അതായത് പാപങ്ങള്‍ ഏറ്റുപറഞ്ഞശേഷം നീട്ടിപ്പിടിച്ച നാവില്‍ യേശുവിന്റെ ആത്മീയശരീരത്തെ പ്രതിനിധീകരിക്കുന്നതായി കരുതുന്ന നാണയവലുപ്പമുള്ള ഗോതമ്പപ്പം പുരോഹിതനില്‍നിന്ന് സ്വീകരിക്കുന്നുണ്ടോ) എന്നതിനെപ്പറ്റി ഞങ്ങളുടെമേല്‍ അച്ചന്മാരുടെ ഒരു കണ്ണുണ്ടായിരുന്നു.
കുമ്പസാരവും കുര്‍ബാനകൈക്കൊള്ളലും മുടക്കിയാല്‍ ചോദ്യംചെയ്യപ്പെടും. അതുകൊണ്ട് ഞാന്‍ കുമ്പസാരിക്കും. പക്ഷേ, മലയാളി അച്ചന്മാരുടെ അടുത്ത് ചെയ്യില്ല. കാരണം സര്‍വപാപവും പച്ചമലയാളത്തില്‍ പറയണം.
അവര്‍ അനാവശ്യമായ ചോദ്യങ്ങള്‍ ചോദിക്കുകയും നീണ്ട ഉപദേശങ്ങള്‍ തരുകയും ചെയ്യും. അതുകൊണ്ട് ഞാന്‍ ഫ്രഞ്ച് (ഫ്രഞ്ച് മിഷണറിമാരായിരുന്നു കോളേജ് നടത്തിയിരുന്നത്), കന്നഡ, തമിഴ്, അച്ചന്മാരുടെ പക്കലേ കുമ്പസാരിക്കുകയുള്ളൂ. അവരുടെ ചെവിയില്‍ ഇംഗ്ലീഷും മലയാളവും കൂട്ടിക്കുഴച്ച ഒരു ഭാഷയില്‍ പാപങ്ങളുടെ പട്ടിക സമര്‍പ്പിക്കും. യാതൊന്നും മനസ്സിലാകാതെ അവര്‍ പാപമോചനം തരും.
എന്നാല്‍, കുറച്ചു മലയാളമറിയാവുന്ന -അറിയാമെന്നെനിക്കറിഞ്ഞുകൂടാത്ത- ശുദ്ധനായ ഒരു മംഗലാപുരംകാരന്‍ അച്ചന്റെ മുന്‍പില്‍ ഞാന്‍ നിരത്തിവെച്ച പാപങ്ങള്‍ അദ്ദേഹത്തെ കുലുക്കിയത് ഞാനോര്‍ക്കുന്നു. പിന്നീട് കോളേജിന്റെ വരാന്തയിലും മറ്റുംവെച്ച് കാണുമ്പോള്‍ അദ്ദേഹം എന്നെ അനുകമ്പാപൂര്‍വം നോക്കി തലകുലുക്കുമായിരുന്നു. ഇതാപോകുന്നു ചെറുപ്പത്തിലേ നശിച്ചുപോയ ഒരു കൊലകൊമ്പന്‍ മഹാപാപി!
എന്റെ സ്വന്തമായി ഞാന്‍ വാങ്ങിയ ആദ്യത്തെ ഇംഗ്ലീഷ് പുസ്തകങ്ങളാണ് മൈസൂരുവിലെ തെരുവുകളില്‍നിന്ന് ഞാന്‍ ശേഖരിച്ചത്. (മലയാളം പുസ്തകങ്ങള്‍തന്നെ അതുവരെ ഞാന്‍ സ്വന്തമായി വാങ്ങിയിട്ടില്ല. അപ്പനാണ് കോട്ടയത്ത് എന്‍.ബി.എസില്‍ പോയി പുസ്തകങ്ങള്‍ വാങ്ങിയിരുന്നത്). ബിരുദത്തിന് എന്റെ മുഖ്യവിഷയം ഇംഗ്ലീഷ് സാഹിത്യവും ഉപവിഷയങ്ങള്‍ ഇക്കണോമിക്‌സും ഹിസ്റ്ററിയുമായിരുന്നു. ഇ.ഇ.എച്ച്. എന്നാണ് ഞങ്ങളുടെ ഗ്രൂപ്പ് അറിയപ്പെട്ടത്.
ഞാന്‍ കേവല്‍ കൃഷ്ണ ഡ്യുവറ്റ് എന്ന -ഇന്നും ഞാന്‍ അദ്ഭുതാദരങ്ങളോടെ സ്മരിക്കുന്ന പ്രൊഫസറുടെ 'മോഡേണ്‍ ഇക്കണോമിക് തിയറി' എന്ന പാഠപുസ്തകം ഒരു കഥാപുസ്തകമെന്നപോലെ വായിച്ചുപഠിച്ചു. ആദ്യമായായിരുന്നു ഞാനൊരു ശാസ്ത്രപുസ്തകം ആനന്ദപൂര്‍വം വായിക്കുന്നത്. ലളിതമധുരമായ ഭാഷയിലാണ് ലഹോറിലും പഞ്ചാബിലും പ്രൊഫസറായിരുന്ന ഡ്യുവറ്റ് ആ തടിയന്‍ പാഠപുസ്തകം രചിച്ചത്. ഇന്നുമത് പാഠപുസ്തകമായി തുടരുന്നുവെന്നത് അതിന്റെ മേന്മയെ കാണിക്കുന്നു.
യൂറോപ്യന്‍ചരിത്രത്തിലേക്കും ലോകചരിത്രത്തിലേക്കും ഇന്ത്യാചരിത്രത്തിലേക്കും ഞാന്‍ കുളംകണ്ട കന്നിനെപ്പോലെ ആഴ്ന്നിറങ്ങി. ആദ്യമായിട്ടായിരുന്നു ചരിത്രം എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത്. എനിക്ക് മെല്ലെ കുറച്ചെല്ലാം കാര്യങ്ങള്‍ മനസ്സിലായി: ഞാന്‍ ഒറ്റയ്‌ക്കൊരുത്തനല്ല. എന്റെ പിന്നില്‍ മനുഷ്യന്റെ ദുഷ്‌കൃത്യങ്ങളും സത്കൃത്യങ്ങളും പരന്നുകിടക്കുകയാണ്. ഇന്ത്യ ലോകത്തിന്റെ ഒരു കോണുമാത്രമാണ്.
ലോകം ഇന്നും ഇന്നലെയുമായി കൂടിക്കുഴഞ്ഞ് ആദിയും അന്തവുമില്ലാതെ നിലകൊള്ളുന്നു. ചരിത്രമാണ് ഏറ്റവുംവലിയ വായനശാല എന്ന് എനിക്ക് മനസ്സിലായി. പക്ഷേ, സിംഹം അതിന്റെ ഇരയെയെന്നപോലെ കഴുത്തില്‍ പിടിമുറുക്കി എന്നെ പിടിച്ചുകൊണ്ടുപോയത് ഇംഗ്ലീഷ് സാഹിത്യമായിരുന്നു.
എന്റെ തലച്ചോറും ഹൃദയവും ആത്മാവുമെല്ലാം ഞാന്‍ ഷേക്‌സ്പിയറിനും കീറ്റ്‌സിനും ഷെല്ലിക്കും ടെന്നിസണും വേര്‍ഡ്‌സ്വര്‍ത്തിനും കോളറിഡ്ജിനും തോമസ് ഹാര്‍ഡിക്കും റസ്‌കിനും ചാള്‍സ് ഡിക്കന്‍സിനും സമര്‍പ്പിച്ചു. എലിയറ്റിനും ഹോപ്കിന്‍സിനും ഓഡനും യേറ്റ്സിനും ഏല്‍പ്പിച്ചുകൊടുത്തു. അവരൊന്നും എനിക്ക് പാഠപുസ്തകങ്ങളായിരുന്നില്ല. മഹാദ്ഭുതങ്ങള്‍ ഒളിച്ചിരിക്കുന്ന മാന്ത്രികക്കോട്ടകളായിരുന്നു. എല്ലാറ്റിനുംമേലേ ഞാന്‍ സ്‌നേഹിച്ച ഒരു പാഠപുസ്തകമായിരുന്നു മാര്‍ഗരറ്റ് ജെ. ഒഡോണലിന്റെ (പ്രപഞ്ചം അവരെ എന്നെന്നേക്കുമായി അനുഗ്രഹിക്കട്ടെ) 'ആന്‍ ആന്തോളജി ഓഫ് കണ്ടമ്പററി വേഴ്സ്'. ആധുനികമനുഷ്യന്റെ ഭാവന കൂടുവിട്ടുകൂടുമാറുന്ന അതിശയലോകങ്ങള്‍ അതെനിക്ക് കാണിച്ചുതന്നു. ടി.എസ്. എലിയറ്റിലേക്കും ഡബ്ല്യു.എച്ച്. ഓഡനിലേക്കും എസ്രാ പൗണ്ടിലേക്കും ആധുനികതയെ കത്തിയുടെ വായ്ത്തലപോലെ മൂര്‍ച്ചയേറിയതാക്കിയ മറ്റ് മാന്ത്രികരിലേക്കും അതെനിക്ക് വഴിതുറന്നു. അതെന്നെ ഞാനറിയാതെ രൂപപ്പെടുത്തി.
മൈസൂരുവിലെ ബിരുദവിദ്യാഭ്യാസം കഴിഞ്ഞ് ബെംഗളൂരുവില്‍ എം.എ.ക്ക് ചേരുമ്പോഴാണ് എന്റെ സഹവിദ്യാര്‍ഥികളില്‍ ചിലര്‍ എന്നോട് ഒരു പ്രത്യേക മമത കാണിക്കുന്നതായി കണ്ടത്. ഞാന്‍ അതിശയിച്ചു. ബെംഗളൂരുവുമായി താരതമ്യംചെയ്യുമ്പോള്‍ മൈസൂരു ഒരു ഓണംകേറാമൂലയാണ്. അപ്പോഴാണ് അവര്‍ പറഞ്ഞത്: ''നീ ഭാഗ്യവാനാണ്. നീ ഗോപാലകൃഷ്ണ അഡിഗയുടെ കീഴിലല്ലേ പഠിച്ചത്?''
എനിക്ക് അതിന്റെ രഹസ്യം മനസ്സിലായില്ല. അപ്പോള്‍ അവര്‍ പറഞ്ഞു:
''മണ്ടാ, നീ കഴിഞ്ഞ മൂന്നുവര്‍ഷം ഇംഗ്ലീഷ് സാഹിത്യം പഠിച്ചത് കന്നഡയിലെ ഏറ്റവുംവലിയ ഒരു എഴുത്തുകാരന്റെ കീഴിലാണ്. നീ എന്തറിഞ്ഞു?''
ഞാന്‍ എന്നെ ശപിച്ചു. എല്ലാവരെയും ശപിച്ചു. ആരും ഇക്കഴിഞ്ഞ മൂന്നുകൊല്ലം ഇക്കാര്യം എന്നോട് പറഞ്ഞില്ലല്ലോ.
കന്നഡകവിതയെ ആധുനികതയിലേക്ക് വഴികാട്ടിയ മഹാനായിരുന്നു എന്നെ മൂന്നുവര്‍ഷം പഠിപ്പിച്ചതെന്ന് അപ്പോഴാണ് ഞാനെന്ന പൊട്ടന്‍ മനസ്സിലാക്കിയത്. അദ്ദേഹം എന്തോ ഒരു എഴുത്തുകാരനാണെന്നും മറ്റുമുള്ള സംസാരങ്ങള്‍ ഞാനും കേട്ടിരുന്നു -അത്രമാത്രം. ഗോപാലകൃഷ്ണ അഡിഗയുടെ വിദ്യാര്‍ഥിക്ക് നല്‍കേണ്ട പരിഗണനയാണ് ബെംഗളൂരുവിലെ സഹപാഠികള്‍ എനിക്ക് നല്‍കിയത്! അദ്ദേഹത്തിന്റെ വിദ്യാര്‍ഥിയാവുക ഭാഗ്യമാണ് എന്ന് ഉരുളികുന്നത്തുനിന്ന് കാടിറങ്ങിവന്നവന് മനസ്സിലായില്ല എന്നതില്‍ എന്തദ്ഭുതം.
എന്നാല്‍, ഒരു കാര്യം എന്നെ ആശ്വസിപ്പിച്ചു. ഇതൊന്നുമറിയാതെ ഞാന്‍ അഡിഗ സാറിനെ മൂന്നുവര്‍ഷവും താറാവുകുഞ്ഞ് അമ്മയ്ക്കുപിന്നാലെ പോകുന്നതുപോലെ ഓരോ വാക്കിലൂടെയും നോട്ടത്തിലൂടെയും പിന്തുടര്‍ന്നിരുന്നു. ഇംഗ്ലീഷ് സാഹിത്യം മുഖ്യവിഷയമായി എടുത്തവര്‍ നാലുപേര്‍മാത്രമായിരുന്നു. നേരത്തേ സൂചിപ്പിച്ച രണ്ട് സുന്ദരികള്‍ -അവര്‍ കൊടകുകാരായിരുന്നു. എന്തെങ്കിലുമൊന്ന് പഠിക്കാന്‍വേണ്ടി ഇംഗ്ലീഷ് സാഹിത്യം പഠിക്കാന്‍വന്നവരായിരുന്നു. അത് മറച്ചുവെച്ചുമില്ല.
വിക്ടര്‍ എന്ന മൈസൂരുകാരനായ തമിഴ് പയ്യനും. വിക്ടര്‍ പഠിക്കാന്‍തന്നെ വന്നവനാണ്. എന്നാല്‍, എന്നെപ്പോലെ സാഹിത്യഭ്രാന്തില്ല. മൂന്നുവര്‍ഷവും ഞാന്‍ ചെയ്തത് ഒറ്റക്കാര്യമായിരുന്നു. അഡിഗ സാര്‍ പറഞ്ഞ ഓരോവാക്കും പിടിച്ചെടുത്തു, എന്റെ നോട്ട്ബുക്കില്‍ രേഖപ്പെടുത്തി. സാറത് ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് ഒരാഴ്ചമുമ്പോ ഒരു മാസംമുമ്പോ സാര്‍ പറഞ്ഞ ഒരുകാര്യം ഓര്‍മിക്കാന്‍ സാര്‍ എന്റെ നോട്ട്ബുക്കാണ് പരിശോധിക്കുക. അതേസമയം, എന്നോടു പറഞ്ഞു:
''സ്‌കറിയ, ഞാന്‍ പറയുന്നതെല്ലാം എഴുതിവെച്ചിട്ട് കാര്യമില്ല. അതിനപ്പുറത്തേക്ക് ചിന്തിക്കണം.''
ഉണ്ട് എന്ന് ഞാന്‍ സംശയിക്കുകപോലും ചെയ്യാത്ത ഒരു ലോകത്തേക്കാണ് സാര്‍ എന്നെ കടത്തിവിട്ടത്. അതദ്ദേഹം എനിക്കുവേണ്ടിമാത്രം ചെയ്തതായിരുന്നില്ല. മഹാനായ ഏത് അധ്യാപകനെയുംപോലെ തനിക്കുള്ളതെല്ലാം എല്ലാവിദ്യാര്‍ഥികള്‍ക്കും നല്‍കുകയായിരുന്നു. മേല്‍പ്പറഞ്ഞ നാല്‍വര്‍കൂട്ടത്തിലേക്ക് സാര്‍ തന്റെ അധ്യയനത്തിന്റെ മന്ത്രവാദം തുറന്നുവിട്ടു. അതൊരു മഹാനായ കവിയുടെ തിരിച്ചറിവുകളുടെ മാന്ത്രികവിദ്യകൂടിയായിരുന്നുവെന്ന് ഞാനുണ്ടോ മനസ്സിലാക്കി.
സാര്‍ എന്നെ സാഹിത്യം എന്ന കലയുടെ എല്ലാം നിഴലിപ്പിക്കുന്ന നിലക്കണ്ണാടിക്കുള്ളിലേക്ക് പ്രവേശിപ്പിച്ചു. പണ്ട് കുട്ടി ആലീസ് അവളുടെ അത്ഭുതക്കണ്ണാടിക്കുള്ളിലേക്ക് കടന്നുപോയതുപോലെ അന്ധാളിച്ചുകൊണ്ടും ആഹ്‌ളാദിച്ചുകൊണ്ടും ഞാന്‍ പോയി.
ഓരോ കവിതയും നാടകവും കഥയും പഠിപ്പിക്കുമ്പോള്‍ അവയെ മറുവശത്തുനിന്നു കാണാന്‍ സാര്‍ പഠിപ്പിച്ചു. നാം വായിച്ചുരസിക്കുന്ന വശത്തിന് മറുപുറത്ത് ഒരു തൊഴില്‍ശാല ഒളിഞ്ഞിരിപ്പുണ്ടെന്ന് കാണിച്ചുതന്നു. അവിടെ നടന്ന ആശാരി-മൂശാരി-കൊല്ലന്‍-തട്ടാന്‍-കുശവന്‍ പണികള്‍ ചൂണ്ടിക്കാണിച്ചു. അതിന്റെ സൗന്ദര്യശാസ്ത്രത്തിന്റെ ക്ഷേത്രഗണിതവും യന്ത്രവിദ്യയും വെളിപ്പെടുത്തി. അതോടെ ഞാന്‍ അതുവരെ വായിച്ച മലയാളസാഹിത്യവും ഇംഗ്ലീഷ്സാഹിത്യവും മറ്റൊരുവെളിച്ചത്തില്‍ എന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു.
തുടരും
Content Highlights: Paul Zacharia writes column 'Mysooru mallige'