ഓര്‍ഹന്‍ പാമുക്, താങ്കളുടെ തുര്‍ക്കി ഞങ്ങള്‍ക്കേറെ അടുത്താണ്

#ഖദീജാ മുംതാസ്
-
-

ഓര്‍ഹന്‍ പാമുക്കിനെ നെഞ്ചോടു ചേര്‍ക്കുന്ന ഇന്ത്യക്കാരാണ് നമ്മളില്‍ മിക്ക വായനക്കാരും. പാമുക്കിന്റെ തുര്‍ക്കി എന്തായിരുന്നു, എന്താണ് തുര്‍ക്കിയില്‍ സംഭവിച്ചത്, അതെങ്ങനെ വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളുമായി ചേര്‍ത്തുവായിക്കാം. പാമുക്കിന്റെ നോവലുകളിലൂടെ സഞ്ചരിച്ചുകൊണ്ട് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളെ അവതരിപ്പിക്കുകയാണ് എഴുത്തുകാരി.

കോവിഡ് കാലമാണ്. അകത്തിരിപ്പാണ്. ഒറ്റയ്ക്കു പരിപാലിക്കേണ്ട ഒരു വാശിക്കാരന്‍ ശിശുവായി വീട് സദാ കൂടെയുമുണ്ട്. എങ്കിലും സാംസ്‌കാരികമായ വിനിമയങ്ങളുടെ പുതുരീതികളില്‍ പലതിലും ഭാഗഭാക്കാകാനായി. അകം നോട്ടങ്ങളിലേയ്ക്കും കൂടുതല്‍ വെളിച്ചം വീണു.അകംനോട്ടവും പുറംനോട്ടവും ഒന്നാകുന്ന,ആന്തരിക ലോകവും പുറംലോകവും തമ്മില്‍ ആശ്ചര്യകരമായി കൈകോര്‍ക്കുന്ന അനുഭവത്തിലേയ്ക്കുയരാനായ ഒരു പാവം തെരുവുകച്ചവടക്കാരന്‍, അയാളുടെ കഥ പറയുന്ന ഓര്‍ഹാന്‍ പാമുക്കിലേയ്ക്കും (A Strangeness in my Mind) അദ്ദേഹത്തിന്റെ  തുര്‍ക്കി ദേശത്തേയ്ക്കും മനസ്സുകൊണ്ടൊരു പാലം സൃഷ്ടിയ്ക്കാനായത് കോവിഡ് കാലം തന്ന ശ്രേഷ്ഠാനുഭവം. മൂന്നു നോവലുകള്‍, ഒന്നിനു പുറകേ ഒന്നായി വായിച്ചു തീര്‍ക്കാതെ ആ സാഹിത്യ യാത്ര അവസാനിപ്പിക്കാനാവുമായിരുന്നില്ല. സ്വന്തം ഭാഷയുടെയും സംസ്‌കാരങ്ങളുടെയും ഇട്ടാവട്ടത്തില്‍ ചുറ്റിക്കറങ്ങാന്‍ മിക്കപ്പോഴും താല്‍പ്പര്യപ്പെടുന്നവള്‍ പിന്നെ ചെന്നെത്തിയതോ, അമേരിക്കന്‍ ഐക്യനാടുകളുടെ വംശീയ പോരാട്ടങ്ങളുടെ ചരിത്രനോവലായ ഹോവാര്‍ഡ് ഫാസ്റ്റിന്റെ 'ഫ്രീഡം റോഡി'ലും! ജോര്‍ജ് ഫ്‌ലോയ്ഡിന്റെ കൊലയും അമേരിക്കന്‍ തെരുവുകളിലെ കത്തുന്ന പ്രതിഷേധങ്ങളും വാര്‍ത്തയാവുമ്പോള്‍ ഞാന്‍ 'ഫ്രീഡം റോഡി'ന്റെ അവസാന അധ്യായങ്ങളില്‍! സീമകള്‍ ഭേദിയ്ക്കുന്ന വായനകള്‍ ഉറപ്പിക്കുന്നതും മറ്റൊന്നല്ല. ഒരു കാലത്തും ഒരു ദേശത്തും 
സാംസ്‌കാരിക ബന്ധങ്ങള്‍, വിനിമയങ്ങള്‍ നിരുപാധികം, നിഷ്‌കളങ്കം ആയിരുന്നിട്ടില്ല!

ജനാധിപത്യമെന്ന പരിഷ്‌കൃതിയിലേയ്ക്ക് എത്തിച്ചേര്‍ന്ന ദേശരാഷ്ട്രങ്ങള്‍ അതിനു വേണ്ടിയും അല്ലാതെയും നടത്തിയ വംശീയ കൊലപാതകങ്ങള്‍, രക്തച്ചൊരിച്ചിലുകള്‍ എത്ര ഭയാനകമാണ്! പരിഷ്‌കൃതരായി എന്നഭിമാനിയ്ക്കുമ്പോഴും മനസ്സുകളില്‍ പൊറ്റ പിടിച്ചു കിടക്കുന്നത് വംശീയ ബോധങ്ങള്‍, മത ശ്രേഷ്ഠബോധങ്ങള്‍, ജാതീയത. പരിഷ്‌കൃതിയെന്നത് കേവലം വികസനം മാത്രമാകുമ്പോഴോ, പഴയ വംശീയ,വര്‍ഗ്ഗീയ വിത്തുകളെ ബോധപൂര്‍വ്വം പാകി മുളപ്പിച്ചെടുത്തുപയോഗിച്ചു തുടങ്ങുകയുമായി. ഇത് ഇന്ത്യയ്ക്കു മുമ്പേ ജനാധിപത്യ രാജ്യമായ തുര്‍ക്കിയിലായാലും, അമേരിക്കന്‍ ഐക്യനാടുകളിലായാലും ഇന്ത്യയില്‍ത്തന്നെയായാലും സമാനം.

പാമുക്കിനെ മലയാളി ധാരാളം വായിച്ചതാണ്. നൊബേല്‍ സമ്മാന ജേതാവായ അദ്ദേഹത്തിന്റെ കൃതികളെ കൂടുതല്‍ അടുത്തും ആഴത്തിലും വായിച്ചവരുണ്ടാകും. വര്‍ത്തമാനകാല സാംസ്‌കാരിക രാഷ്ട്രീയ പശ്ചാത്തലത്തില്‍, പ്രത്യേകിച്ച് കോവിഡ് കാലത്തിനു തൊട്ടുമുമ്പും അതിനോടൊപ്പവുമുള്ള ഇന്ത്യയെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ടുള്ളൊരു വായനാശ്രമം മാത്രമാണിത്. നമുക്കെന്താണോ വേണ്ടത് അത് നാമൊരു കൃതിയില്‍ നിന്നു വായിച്ചെടുക്കുന്നു എന്നല്ലേ?

'ചുവന്ന മുടിക്കാരി' (The Red Haired woman) എന്ന താരതമ്യേന ചെറിയ നോവലിലൂടെയായിരുന്നു പാമുക്കിലേയ്ക്കുള്ള എന്റെ പ്രവേശം. നിരോധിത കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അംഗമായി മിക്കവാറും ഒളിവില്‍ കഴിയേണ്ടിവന്നിരുന്ന അച്ഛന്റെ മകന്‍, എഴുത്തുകാരനാവാന്‍ മോഹിച്ചിരുന്നവന്‍, ഇല്ലായ്മയിലൂടെയും കഠിനാധ്വാനത്തിലൂടെയും പഠിച്ച് എന്‍ജിനീയറായി, പിന്നെയൊരു കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ വിജയിയായ സാരഥിയായി തുര്‍ക്കിയോടൊപ്പം വളരുകയാണ്. തന്നെ തൊഴിലെടുത്ത് സമ്പാദിക്കാന്‍ കൗമാരകാലത്തു സഹായിച്ച പിതൃതുല്യനായ മനുഷ്യന്റെ മരണത്തിന്  കാരണക്കാരനായി എന്ന കുറ്റബോധം ദീര്‍ഘകാലം ഉള്ളില്‍ മറച്ചുപിടിക്കേണ്ടി വരുന്ന അയാളെ ഭൂതകാലം തികച്ചും അപ്രതീക്ഷിതമായ മറ്റൊരു രീതിയില്‍ കൂടി വേട്ടയാടുന്നു. പതിനേഴാം വയസ്സിലെ ലൈംഗികാഭിനിവേശത്തില്‍, ഒരൊറ്റത്തവണത്തെ അതിന്റെ പൂര്‍ത്തീകരണത്തില്‍ പിറന്ന മകന്റെ രൂപത്തില്‍! ആ മകന്‍ തീവ്ര ഇസ്ലാമിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായിരുന്നുവെന്നതും വൈകി കണ്ടെത്തിയ അച്ഛന്റെ ഘാതകനായി മാറുന്നു എന്നതും കാലത്തിന്റെ തിരിമറിച്ചില്‍ തുര്‍ക്കി രാഷ്ട്രീയത്തിലുണ്ടാക്കിയ മാറ്റത്തെത്തന്നെ പ്രതിനിധാനം ചെയ്യുന്നുണ്ട്. 

പാശ്ചാത്യവും പൗരസ്തൃവുമായ രണ്ടു മിത്തുകളെക്കൂടി കഥയോടൊപ്പം ഇണക്കിച്ചേര്‍ക്കുമ്പോള്‍ അതിന്റെ സാംസ്‌കാരികവും രാഷ്ട്രീയവുമായ മാനങ്ങള്‍ കൂടുതല്‍ വിസ്തൃതമാവുന്നു. അറിയാതെ പിതൃ ഘാതകനായി അമ്മയെത്തന്നെ ഭോഗിച്ച ഒഡീപ്പസിന്റെ കുറ്റബോധം നിറയുന്ന ഗ്രീക്കു മിത്തോളജിയും താന്‍ തേടി നടന്ന സ്വന്തം മകനെന്നറിയാതെ അവന്റെ (സൊഹ്‌റാബ്) ഘാതകനാകേണ്ടി വന്ന റോസ്തമിന്റെ തീവ്രവേദനയുടെ കഥയായ പേര്‍ഷ്യന്‍ ആദികാവ്യം 'ഷഹ്നാ മെഹു'മാണവ. കഥാനായകന്‍ ഭോഗിയ്ക്കുന്ന ചുവന്ന മുടിക്കാരി ഒളിവുകാലത്തെ അച്ഛന്റെ കാമുകിയായിരുന്നു! നിയമപരമായ വിവാഹത്തിലൂടെ മക്കളുണ്ടാവാതിരുന്നതിനാല്‍ നായകന്‍ പുത്രദു:ഖം അനുഭവിച്ചിരുന്നവനുമായിരുന്നു. രണ്ടു മിത്തുകളുമായും ആ ജീവിതങ്ങള്‍ അങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു. സംഘര്‍ഷഭരിതമായ നോവലവസാനത്തില്‍ അച്ഛനാകുമോ മകനാകുമോ കൊലയ്ക്കിരയാകേണ്ടി വരിക എന്ന സന്ദേഹം വായനക്കാരനിലുമുണ്ട്. ആഖ്യാനം നടത്തുന്ന ഉത്തമപുരുഷന്‍ തന്നെ ഇരയാകുന്നതും പുതുമ!

ഒട്ടോമന്‍ സാമ്രാജ്യകാലത്തെ പൗരസ്ത്യ മുദ്രകള്‍ നിഷ്‌കരുണം മായ്ച്ചുകളഞ്ഞ  മുസ്തഫ കെമാല്‍ പാഷ തുര്‍ക്കിയുടെ പിതാവായി വാഴ്ത്തപ്പെടുന്നു .കാലചക്രം തിരിഞ്ഞപ്പോള്‍ അത്താതുര്‍ക്കിന്റെ രാജ്യം ജനാധിപത്യ പ്രക്രിയയിലൂടെ തന്നെ ഇസ്ലാമിസ്റ്റ് ഭരണത്തിന്‍ കീഴിലാകുന്നു. നോവലിലെ കഥാപാത്രങ്ങളുടെ ജീവിതമെന്നതിനേക്കാള്‍ ഈ രാഷ്ട്രീയ 'ഹതൃകളെ', പാശ്ചാതൃ പൗരസ്ത്യ സാംസ്‌കാരിക സംഘട്ടനങ്ങളെ സൂചിപ്പിക്കാന്‍ തന്നെയായിരുന്നോ കഥാകാരന്‍ മിത്തുകളെ കൂട്ടുപിടിച്ചത്? ആ നിരീക്ഷണവും ശരിയായിരിക്കാം.

പാശ്ചാത്യ പൗരസ്ത്യ സംഘര്‍ഷങ്ങള്‍ എല്ലാ പൗരസ്തൃ രാഷ്ട്രങ്ങളിലും; ഇന്ത്യയിലും അബോധമായെങ്കിലും നാമനുഭവിയ്ക്കുന്നുണ്ട്. പരിഷ്‌കൃതരായി, സ്വതന്ത്രചിന്തകള്‍ സ്വായത്തമാക്കി എന്ന് ഭാവിക്കുമ്പോഴും പാരമ്പര്യത്തിന്റെ സങ്കുചിതത്വങ്ങള്‍, ലിംഗപരവും അല്ലാത്തവയുമായവ, ആഢ്യകുടുംബ പാരമ്പര്യചിന്തകള്‍ ഒക്കെ വിട്ടുമാറാത്ത മനസ്സുകളുമായി ജീവിക്കുന്നു നാം. തുര്‍ക്കി ഭൂമിശാസ്ത്രപരമായിത്തന്നെ ഈ സംഘര്‍ഷങ്ങള്‍ക്കകത്താണ്. ഏഷ്യയ്ക്കും യൂറോപ്പിനുമിടയിലൊരു ചങ്ങാടം പോലെ കിടക്കുന്നു തുര്‍ക്കി. അല്ലെങ്കില്‍ ഏഷ്യന്‍ വന്‍കരയില്‍ ഉടലും യൂറോപ്പിലേയ്ക്ക് കാതരമായി നീട്ടിയ കൈകളുമായി!ഒട്ടോമന്‍ സാമ്രാജ്യ തലസ്ഥാനമായിരുന്ന കോണ്‍സ്റ്റാന്റിനോപ്പിള്‍, ഇന്നത്തെ ഇസ്താംബൂള്‍ ഉള്‍പ്പെടുന്ന ഭാഗം ബോസ് ഫോറസ് കടലിടുക്കിനപ്പുറം യൂറോപ്യന്‍ വന്‍കരയിലാണുതാനും. 

പാമുക്കിന്റെ പ്രസ്താവിത മൂന്നു നോവലുകളുടെയും നഗരം ഇസ്താംബൂള്‍തന്നെ. കരിങ്കടലും മെഡിറ്ററേനിയന്‍ കടലും രണ്ടിനേയും ബന്ധിപ്പിക്കുന്ന കടലിടുക്കും മെര്‍മര കുഞ്ഞുകടലും തുര്‍ക്കിയെ ഒരു ചങ്ങാടമായി നിലനിര്‍ത്തുന്നു. പാലം തീര്‍ക്കുന്ന കരബന്ധം കൂടാതെ വിശാലമായ കടല്‍ത്തീരങ്ങളിലൂടെ ആയിരം ഹൃദയത്തോണികള്‍ യൂറോപ്പിലേയ്ക്ക് തുഴയുന്നുമുണ്ട് തുര്‍ക്കി ജനത. മെഡിറ്ററേനിയന്‍ തീരത്തെ ബോദ്രം നഗരത്തില്‍ നിന്ന് കൊച്ചു ബോട്ടില്‍ ഗ്രീസിലെത്താന്‍ തുഴയവേ, ബോട്ടു മറിഞ്ഞ് കടല്‍ത്തീരത്തടിഞ്ഞ സിറിയന്‍ അഭയാര്‍ത്ഥി കുടുംബത്തിലെ അലന്‍ കുര്‍ദിയുടെ പിഞ്ചു മൃതശരീരം ഈ പ്രതീക്ഷയുടെ ഏറ്റവും തീക്ഷ്ണമായ ദുരന്ത പ്രതീകമായി മാറിയത് നാം കണ്ടുവല്ലോ .

പാശ്ചാത്യവല്‍ക്കരണത്തില്‍ മാത്രമല്ല, രാഷ്ട്രീയത്തിലും ഇന്ത്യയെപ്പോലൊരു രാജ്യത്തിനും ഏറെ മുമ്പേ നടന്ന രാജ്യമാണു തുര്‍ക്കി. ഏകദേശം ഒരു നൂറ്റാണ്ടു തികഞ്ഞ ആ സ്വതന്ത്ര റിപ്പബ്ലിക്കിന്റെ കലുഷിത രാഷ്ട്രീയ പ്രയാണത്തിന് ലോകത്തിലെ രണ്ടാമത്തെ വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടേതുമായി ഏറെ സമാനതകളുണ്ട്. ഇന്ത്യയ്ക്കു വേണ്ടഓര്‍മ്മപ്പെടുത്തലുകളുമുണ്ട്.ഇന്ത്യയില്‍ ഇനി സംഭവിയ്ക്കാനിരിക്കുന്നത്, അങ്ങനെ നാം ഭയക്കുന്നത്, തുര്‍ക്കിയില്‍ സംഭവിച്ചു കഴിഞ്ഞു. 1923- ല്‍ തന്നെ തുര്‍ക്കിയെ അത്താതുര്‍ക്ക് കമാല്‍പാഷ ജനാധിപത്യ മതേതര സംസ്‌കൃതിയിലേയ്ക്ക് കൈ പിടിച്ചാനയിച്ചിരുന്നു. തുര്‍ക്കിയുടെ പരിഷ്‌കരണം ഒരര്‍ത്ഥത്തില്‍ അന്ധമായ പാശ്ചാത്യവല്‍ക്കരണം തന്നെയായിരുന്നു എന്നതും വാസ്തവം. ഒട്ടോമന്‍ കാലത്തെ സാംസ്‌കാരിക മുദ്രകളെയൊക്കെ ആ 'പുതു പിതാവ് 'പഴഞ്ചനെന്നു മായ്ച്ചുകളഞ്ഞു. മതപരമായ ചിഹ്നങ്ങള്‍, വസ്ത്രധാരണം, ഇസ്ലാമിക കോടതി, മറ്റനേകം ശീലങ്ങള്‍...എല്ലാം നിരോധിയ്ക്കപ്പെട്ടു. തുര്‍ക്കി ഭാഷയുടെ പേര്‍ഷ്യന്‍ ലിപി തന്നെ മാറ്റിക്കളഞ്ഞു. ലാറ്റിന്‍ ലിപിയിലേയ്ക്ക് അതിനെ മാറ്റി പരിഷ്‌കരിച്ചു. ഒരുതരം സമ്പൂര്‍ണ പാരമ്പര്യ നിഷേധം.പിതൃഹത്യ!ഒപ്പം ദേശീയബോധം ഊട്ടിയുറപ്പിച്ചു. പ്രായപൂര്‍ത്തി വോട്ടവകാശം എല്ലാ പൗരന്മാര്‍ക്കും ലഭ്യമാക്കി. ലിംഗസമത്വം ഉറപ്പാക്കി. യുവതുര്‍ക്കികള്‍ക്ക് ഏറെ ആവേശം പകര്‍ന്നു ഈ മാറ്റങ്ങള്‍. 

സ്വാഭാവികമായും മുസ്തഫ കെമാല്‍ പാഷ ആധുനിക തുര്‍ക്കിയുടെ പിതാവായി. ഇസ്താംബൂളെന്ന സാംസ്‌കാരിക നഗരം വിദ്യാഭ്യാസ നിലവാരത്തിലും നഗരവല്‍ക്കരണത്തിലും സ്വതന്ത്ര ചിന്തകളിലും ഏറെ മുന്നില്‍ നടന്നു. ഏഷ്യന്‍ തുര്‍ക്കി അനാടോളിയയില്‍ നിന്ന് വിദ്യാഭ്യാസത്തിനും ജീവസന്ധാരണത്തിനുമായി ഏറെപ്പേര്‍ ഇസ്താംബൂളിലെത്തി. അവരും പതുക്കെപ്പതുക്കെ നാഗരികരായി!

നഗരവല്‍ക്കരണവും വ്യവസായവല്‍ക്കരണവും സാമ്പത്തിക ശക്തികളുടെ വളര്‍ച്ചയും എല്ലായിടത്തുമെന്ന പോലെ തുര്‍ക്കി നഗരങ്ങളിലും പാര്‍ശ്വവല്‍കൃതരെ സൃഷ്ടിച്ചു. വംശീയ ന്യൂനപക്ഷങ്ങള്‍, കുര്‍ദുകള്‍, അലവികള്‍ അവഗണിയ്ക്കപ്പെട്ടു. സ്വാഭാവികമായും അവര്‍ കമ്യൂണിസത്തിലേയ്ക്കും തീവ്ര കമ്യൂണിസത്തിലേയ്ക്കും ആകര്‍ഷിതരായി. സോവിയറ്റ് യൂണിയന്റെ സാമീപ്യം അതിനു കൂടുതല്‍ സാധ്യതയുണ്ടാക്കി. അമേരിയ്ക്കന്‍ മോഡല്‍ മുതലാളിത്തത്തില്‍ അഭിരമിച്ചവര്‍ക്ക് വംശീയ ന്യൂനപക്ഷങ്ങളും അവരോട് ഹൃദയൈകൃം നില നിര്‍ത്തിയ കമ്യൂണിസ്റ്റുകാരും വെറും കുഴപ്പക്കാരും ലഹളക്കാരും മാത്രമായിരുന്നു. 1936-ല്‍ കെമാല്‍ പാഷ അന്തരിക്കുകയും 1945-ഓടെ അതുവരെ ഇടവേളയില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ റെവല്യൂഷനറി പാര്‍ട്ടിയുടെ ഭരണം അവസാനിയ്ക്കുകയും ഭരണസ്ഥിരതയില്ലായ്മയുടെയും കൂട്ടുകക്ഷി ഭരണത്തിന്റെയും ഭരണ വൈകല്യങ്ങളുടെയും ഇടയ്ക്കിടെ വന്ന പട്ടാള ഭരണത്തിന്റെയും ഒരു നീണ്ടകാലം തുര്‍ക്കിയുടെ വിധിയാവുകയും ചെയ്തു. 

അത്താതുര്‍ക്ക് കാലത്തിനു ശേഷം ആദ്യം ഭരണത്തിലേറിയതാവട്ടെ, നാഷണല്‍ ഡെവലപ്‌മെന്റ് പാര്‍ട്ടി! പരിഷ്‌കൃതി പതുക്കെ വികസനമായി രൂപം മാറുകയും ദേശീയതയുടെ ആശയം കൂടുതല്‍ വേരുറച്ചു വരികയും ചെയ്തപ്പോള്‍ അത്ര കാലം തുര്‍ക്കിയുടെ സംസ്‌കൃതിയില്‍ വലിയ സംഭാവനകള്‍ നല്‍കിയ, ബിസിനസ്സും സ്ഥാപനങ്ങളും മറ്റും നടത്തി ഒരുമയോടെ കഴിഞ്ഞിരുന്ന അര്‍മീനിയക്കാര്‍, ഗ്രീക്കുകാര്‍, ജൂതര്‍ എന്നിവര്‍ ശത്രുക്കളായി മുദ്രകുത്തപ്പെടുകയും  നിരന്തരം ആക്രമിയ്ക്കപ്പെടുകയുമായി. കൊള്ളയും കൊലയും ബലാത്സംഗങ്ങളും ജനമനസ്സുകളാല്‍ ന്യായീകരിയ്ക്കപ്പെട്ടു. സര്‍ക്കാര്‍ തന്നെ ഇത്തരക്കാരുടെ മേല്‍ ഭാരിച്ച നികുതി ചുമത്തുകയും അത് അടയ്ക്കാനാകാത്തതിന്റെ പേരില്‍ അവരെ ഡിറ്റന്‍ഷന്‍, ലേബര്‍ ക്യാമ്പുകളിലേയ്ക്കയക്കുകയും ചെയ്തു. അവരുടെ സ്വത്തുക്കള്‍ കണ്ടു കെട്ടി, അല്ലെങ്കില്‍ സ്വദേശികള്‍ക്ക് കയ്യടക്കാനാവസരം കൊടുത്തു. ചാരനിറ ചെന്നായ്ക്കള്‍ (Grey Wolves) സേനകളിലൂടെയാണ് ഭരണാധികാരികളുടെ അനുമതിയോടെ ഇത്തരം അക്രമങ്ങള്‍ നടത്തപ്പെട്ടത്. ഇന്ത്യയിലെ തീവ്ര വലതുപക്ഷ സേനകളുടെ ഭാവിദൗത്യങ്ങളിലേയ്ക്ക് വിരല്‍ ചൂണ്ടുന്നില്ലേ ഇവ എന്നാലോചിക്കാവുന്നതാണ്.

തുര്‍ക്കി തീവ്രദേശീയതയുടെ രാജ്യമായതോടെ, എഴുപതുകളോടെ വംശീയ ന്യൂനപക്ഷങ്ങളുടെയും സ്ഥിതി അതിദയനീയമായി. ആയിരക്കണക്കിന് തദ്ദേശീയ ന്യൂനപക്ഷങ്ങളും കമ്യൂണിസ്റ്റുകാരും ആസൂത്രിത തെരുവുയുദ്ധങ്ങളിലൂടെ ഇസ്താംബൂള്‍ നഗരപ്രാന്തങ്ങളിലെ തെരുവുകളില്‍ കൊല ചെയ്യപ്പെട്ടു. 'A Strangeness in My Mind' എന്ന പാമുക് നോവലിലെ നിഷ്‌കളങ്ക നായകന്‍ മെവ് ലൂത് ചിന്തിക്കുന്നുണ്ടു്, 'ഈ നാഷണലിസ്റ്റുകള്‍ എന്തും ചെയ്യും ലക്ഷ്യം നേടാന്‍, കൊല വരെ ! കമ്യൂണിസ്റ്റുകളും ലക്ഷ്യം നേടാന്‍ എന്തിനും മടിയ്ക്കില്ല , മരിയ്ക്കാന്‍ വരെ' എന്ന്. മെവ് ലൂതിന് കമ്യൂണിസ്റ്റുകളോടായിരുന്നു പ്രിയം,  ഭൂരിപക്ഷക്കാരനായ സുന്നിയായിരുന്നുവെങ്കിലും. കമ്യൂണിസ്റ്റുകള്‍ എന്തുകൊണ്ട് ദൈവ വിശ്വാസമില്ലാത്തവരായിരിക്കുന്നു എന്നതു മാത്രമായിരുന്നു മെവിലൂതിന്റെ അസ്വസ്ഥത. സ്‌കൂള്‍കാലം മുതലേ അയാളുടെ ആത്മസുഹൃത്ത് അലവിയും കമ്യൂണിസ്റ്റുമായിരുന്ന ഹര്‍ഹത് ആയിരുന്നുവല്ലോ!

ദേശീയ വാദികള്‍ ഒരിക്കലും ഇസ്ലാമിസ്റ്റുകള്‍ (മത രാഷ്ട്രവാദികള്‍) അല്ലായിരുന്നു. അപകടകരമായി, ഗൂഢമായി വളര്‍ന്നുകൊണ്ടിരുന്ന ഒരു പ്രതിപക്ഷം മാത്രമായിരുന്നു അവര്‍ക്കത്. പക്ഷേ ദേശീയ വാദികള്‍ മതത്തെ, വംശീയതയെ സമര്‍ത്ഥമായി  ഉപയോഗിച്ചിരുന്നു എന്നതു സത്യം. ദേശീയതയും മതവും എങ്ങനെ ഇണ പിരിയാത്ത സുഹൃത്തുക്കളാവുന്നു, സാമ്പത്തിക ശക്തികള്‍ രണ്ടിനേയും എങ്ങനെ വളര്‍ത്തുന്നു എന്ന് തുര്‍ക്കിയില്‍ നമുക്കു കണ്ണാടി നോക്കാം. സാധാരണ മനുഷ്യരെ ഒന്നിപ്പിച്ച് അനുസരണയുള്ള മനുഷ്യക്കൂട്ടങ്ങളാക്കാന്‍, തങ്ങള്‍ക്കു സ്വാധീനമുള്ള ഭരണപക്ഷത്തെ താങ്ങി നിര്‍ത്താന്‍ ഏറ്റവുമെളുപ്പം അതു തന്നെയാണെന്ന് കച്ചവട, റിയല്‍ എസ്റ്റേറ്റ് മാഫിയകളറിഞ്ഞിരുന്നു. അതിനോടൊപ്പം വേണ്ടത് മനുഷ്യരുടെ ഭൗതിക മോഹങ്ങളെ തൃപ്തിപ്പെടുത്തലാണെന്നും!

എന്നിട്ടും 2002 ആകുമ്പോഴേയ്ക്കും അണ്ടര്‍ ഗ്രൗണ്ടുകാര്‍ക്ക് ജനാധിപതു മാര്‍ഗത്തിലൂടെ അധികാരത്തിലെത്താനായി. അതിന് അവരുപയോഗിച്ചത് നഷ്ടമായ(ഒട്ടോമന്‍) സംസ്‌കൃതി, നഷ്ടപ്പെട്ട ആത്മീയത, നഷ്ടപ്പെട്ട തനതു ലിപി അങ്ങനെയങ്ങനെ പൗരസ്തൃ പാരമ്പര്യ പുനരുത്ഥാനപരമായ പ്രബോധനങ്ങള്‍ ആയിരുന്നു. ഇന്നും ഉര്‍ദുഗാന്റെ മത രാഷ്ട്രവാദ പാര്‍ട്ടി തന്നെ ഭരണത്തില്‍. തീവ്ര ദേശീയതയ്ക്കു പിന്നാലെ വന്നത് തീവ്ര മതരാജ്യം! മത, വംശീയ ന്യൂനപക്ഷങ്ങള്‍ ദേശീയതയുടെ കാലത്ത് അന്യവല്‍ക്കരിക്കപ്പെട്ടപ്പോള്‍ സുരക്ഷിത ബോധത്തോടെ കഴിഞ്ഞിരുന്നവരും ഇന്ന് അരക്ഷിതര്‍, അസ്വസ്ഥര്‍! മതത്തിന്റെ പേരിലുള്ള മനുഷ്യാവകാശ നിഷേധങ്ങള്‍ എല്ലാവര്‍ക്കും ഒരു പോലെ ബാധകമാകുമല്ലോ!

'A Strangeness in My Mind' എന്ന ബൃഹത് നോവലില്‍ത്തന്നെയാണ് തുര്‍ക്കിയുടെ ഈ രാഷ്ട്രീയ പരിണാമങ്ങളുടെ യഥാതഥമായ ചിത്രങ്ങള്‍ നമുക്കു കിട്ടുക. ഇതിലെ പ്രധാന കഥാപാത്രം മെവ് ലുത്, എന്നുമൊരു കൗമാരക്കാരന്റെ മുഖവും മനസ്സും നഷ്ടമാകാത്തവന്‍, പന്ത്രണ്ടാം വയസ്സില്‍ ഇസ്താംബൂളിലെത്തി ആ നഗരത്തിന്റെ വളര്‍ച്ചയ്ക്കും രാഷ്ട്രീയത്തിനും സാക്ഷിയായി ജീവിയ്ക്കുകയാണ്. ഇസ്താംബൂളില്‍ തെരുവുകച്ചവടക്കാരായി നാല്പതുകളിലും അമ്പതുകളിലും എത്തി പുറമ്പോക്കു വളച്ചുകെട്ടി ജീവിതം തുടങ്ങിയവരിലൊരാളായിരുന്നു മെവ് ലൂതിന്റെ അച്ഛനും. അച്ഛനും മകനും ജീവിതകാലം മുഴുക്കെ തെരുവില്‍ ബോസ (ലഹരി കുറഞ്ഞ പാരമ്പര്യ പാനീയം ) വിറ്റു ജീവിക്കുക തന്നെയാണ്. പിതാവ് നിവൃത്തിയില്ലായ്മ കൊണ്ടെങ്കില്‍ മെവ് ലൂതിന് അതിന് അജ്ഞാതമായ,ആത്മ സംബന്ധിയായ കാരണങ്ങള്‍ കൂടി ഉണ്ടായിരുന്നിരുന്നു എന്നു മാത്രം. അവരുടെ അടുത്ത ബന്ധുക്കളുള്‍പ്പെടെ അങ്ങനെ വന്ന പലരും നഗരത്തോടൊപ്പം വളര്‍ന്നതിനും അവന്‍ സാക്ഷി. ബോദ്‌ലെയറിന്റെ ഒരു വാചകം പാമുക്ക് ഒരധ്യായത്തിന് ആമുഖമായി കൊടുത്തിട്ടുണ്ട് - 'നഗര മുഖം അതിവേഗം മാറുകയാണ്, മനുഷ്യഹൃദയങ്ങളേക്കാള്‍ വേഗത്തില്‍'. 

മനുഷ്യ ഹൃദയങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നതിനേക്കാള്‍ വേഗത്തിലാണ് എപ്പോഴും നഗരവളര്‍ച്ച. മനുഷ്യ ഹൃദയങ്ങളും നഗരവല്‍ക്കരണത്തോടൊപ്പം വേഷം മാറുന്നുണ്ട്. ഒരാള്‍ വിജയിയായ നഗര വാസിയാവുന്നത്, അയാള്‍ക്ക് എത്ര മാത്രം കാര്യങ്ങള്‍ മററുള്ളവരില്‍ നിന്ന്  ഒളിപ്പിക്കാനാകുന്നു എന്നതിനനുസരിച്ചാണ് എന്ന് മെവ് ലൂതിനെ ഉണര്‍ത്തുന്നത് അവന്റെ കമ്യൂണിസ്റ്റ് സുഹൃത്തു ഹര്‍ഹത് തന്നെ. 'മെവ് ലൂത് ,ഇപ്പോള്‍ നമ്മളും ആവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത് മറ്റെന്തിനാണ്' എന്ന് ആത്മവിമര്‍ശനാത്മകമായി ചോദിയ്ക്കുന്നുമുണ്ട് മറ്റൊരിക്കലയാള്‍. ഇസ്താംബൂളിന്റെ പ്രാന്തപ്രദേശങ്ങളിലെ ശ്മശാനങ്ങള്‍ പോലെയുള്ളവ നിലനിന്നിരുന്ന അവഗണിത കുന്നിന്‍ പ്രദേശങ്ങളില്‍ കുടിലുകള്‍ തീര്‍ത്തവരില്‍പ്പലരും പതുക്കെപ്പതുക്കെ പുതിയൊരു മധ്യവര്‍ഗമായി മാറുകയായിരുന്നു എഴുപതുകളോടെ!
 
നഗരം വളരുകയാണ് പ്രാന്തപ്രദേശങ്ങളിലേയ്ക്ക്. അതോടെ അവിടങ്ങളിലെ ഭൂമിയ്ക്കും വിലയേറുകയായി. പുതിയ രക്ഷകന്മാര്‍ അവിടങ്ങളിലെ മനുഷ്യര്‍ക്കായി അവതരിയ്ക്കുകയായി. മെവ് ലൂതിന്റെ പ്രദേശത്ത് ഒരു പള്ളി പണിതുകൊണ്ടാണ് ബേക്കറി ശൃംഖലയുടെ ഉടമയും റിയല്‍ എസ്റ്റേറ്റുകാരനുമായ ഹാജി ഹമീദ് ജനങ്ങളുടെ ഹൃദയം കവരുന്നത്. പ്രദേശത്തുകാരുടെ എന്തു പ്രശ്‌നങ്ങള്‍ക്കും കൂടെ നില്‍ക്കുന്നവന്‍, ഉദാരവാന്‍, ക്ഷിപ്ര പ്രസാദി, രാഷ്ട്രീയ ബന്ധങ്ങളുള്ളവന്‍. പ്രദേശത്തേക്ക് പുതിയ റോഡുകള്‍, അവിടെ കമ്യൂണിറ്റി ഹാളുകള്‍, ഫ്‌ലാറ്റുകള്‍, വില്പനശാലകള്‍ ഒക്കെ പെട്ടെന്നുണ്ടായി. സ്വന്തം ഭൂമി വിട്ടുകൊടുത്ത് ആകാശക്കാഴ്ചകളുള്ള ഫ്‌ലാറ്റുകളിലേയ്ക്കു കുടിയേറി പലരും. അവര്‍ മധ്യവര്‍ഗജീവിതത്തിന്റെ സുഖങ്ങളിലേക്ക് വഴുതിയിറങ്ങുകയായിരുന്നു. ആഭ്യന്തര കലാപങ്ങളുടെ മറവില്‍ ഫര്‍ഹദ് ഉള്‍പ്പെടെയുള്ള അലവികളെയും കുര്‍ദുകളെയും ഓടിച്ച് അവരുടെ ഭൂമി രക്ഷകന്‍ സ്വന്തമാക്കിയതിലും അധികമാളുകള്‍ അപാകത കണ്ടില്ല. ആഘോഷാവസരങ്ങളിലെ 'രഖി'പാനവും നൃത്തവും ഉപചാരങ്ങളും ഒക്കെയായി ഒരു പുതിയ മധ്യവര്‍ഗം വളര്‍ന്നു വരികയായിരുന്നു.

ഈ മധ്യവര്‍ഗ ജീവിതത്തോട്  ചേര്‍ന്നും ചേരാതെയും മെവ് ലൂതുമുണ്ട്. അവന്റെ പ്രണയമുണ്ട്, അവനുണ്ടാക്കിയ കുടുംബമുണ്ട്, അതിന്റെ സങ്കടങ്ങളും ദുരന്തങ്ങളുമുണ്ട്. തണുപ്പുകാലത്തെ രാത്രികളില്‍ തോളില്‍ 'ബോസ'പ്പാത്രം തൂക്കിയ കാവുമായി നടക്കുമ്പോള്‍ ഇരുളും വെളിച്ചവും ഇടകലരുന്ന നഗരഹൃദയത്തോട് അവന്‍ സംവദിയ്ക്കുന്നുണ്ട്. കപട ആത്മീയ മുഖങ്ങളെ തിരിച്ചറിയുന്നുണ്ട്. അഗാധമായി സ്വന്തം ഇണയെയും ലോകത്തെയും പ്രണയിക്കുന്നുണ്ട്. പക്ഷേ, അയാളൊരു വിജയിയായ നഗരവാസിയായിരുന്നില്ല. എങ്കിലെന്ത്!

'Museum of Innocence' ഒരു ഉപരിവര്‍ഗ 'കിറുക്കന്റെ 'കഥയാണ്. തന്റെ മരിച്ചു പോയ പ്രണയിനിയുടെ ഓര്‍മ്മയ്ക്കായി ഒരു മ്യൂസിയം തന്നെ ഒരുക്കി വെയ്ക്കുന്നവന്‍. കഥാനായകന്റെ യൂറോ സാംസ്‌കാരിക ബന്ധവും ആ ആശയത്തിനു പുറകിലുണ്ട്. അവള്‍ ജീവിച്ചിരിക്കുന്ന കാലത്തു തന്നെ ഒരു ക്ലെപ്‌റ്റോമാനിയാക്കിന്റെ കൈയൊതുക്കത്തോടെ അവളുടെ ഇയര്‍ റിങുകളും അവളുടെ ചുണ്ടിന്റെ സ്പര്‍ശനമേറ്റ ചായക്കപ്പും എന്തിന്, വലിച്ചു കളഞ്ഞ സിഗരറ്റുകുറ്റികള്‍ വരെ ഈ മ്യൂസിയത്തില്‍ പിന്നീട് പ്രദര്‍ശിപ്പിക്കപ്പെടാനാവും വിധം ശേഖരിച്ചുവെയ്ക്കാന്‍ അയാളെ പ്രേരിപ്പിച്ച മനോ നിഗൂഢതകള്‍ കൗതുകകരം! ഇസ്താംബൂളിലെ ഉപരിവര്‍ഗ്ഗത്തിന്റെ പ്രതിനിധിയാണയാള്‍. ആഢൃ കുടുംബാംഗങ്ങളും ബിസിനസ്സുകാരും കോണ്‍ട്രാക്റ്റര്‍മാരും കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാരും ഒപ്പം സിനിമാക്കാരും നര്‍ത്തകികളും അപൂര്‍വം എഴുത്തുകാരും (അവരില്‍ പാമുക്കും!) ചേര്‍ന്ന വരേണ്യ ലോകം നമുക്കു മുന്നില്‍ നിവരുന്നു. സിഗരറ്റു വലിയ്ക്കുന്ന, രഖി കുടിയ്ക്കുന്ന, നൃത്തം ചെയ്യുന്ന സ്ത്രീകള്‍, പുരുഷന്മാര്‍, നൈറ്റ് ക്ലബ്ബുകള്‍, രാത്രി വൈകി വരെ നീളുന്ന ആഘോഷങ്ങള്‍, ഒപ്പം കപട സദാചാര നാട്യങ്ങളും ആഢൃത്വ പ്രഘോഷണങ്ങളും പരദൂഷണങ്ങളും! 

തെരുവുകളില്‍ നടമാടുന്ന ഒളിയുദ്ധങ്ങളും മരണങ്ങളും അതിനെത്തുടര്‍ന്നുള്ള കര്‍ഫ്യൂകളും മിലിട്ടറി ഭരണവും ഒന്നും തന്നെ അവരിലെ യുവത്വത്തിന്റെ ആഘോഷങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നില്ല. അയ്യായിരത്തോളം കുര്‍ദുകളും കമ്യൂണിസ്റ്റ് പ്രവര്‍ത്തകരും തെരുവില്‍ മരിച്ച ആഭ്യന്തര കലാപം കാമുകിയുടെ വീട്ടിലെ പതിവുഡിന്നര്‍ കഴിഞ്ഞുള്ള നേരത്തേ മടക്കത്തിന്റെ അസൗകര്യം മാത്രമാണ് നായകന്!
 
ഈ നാട്യപ്രധാന ജീവിതത്തിനകത്തും അസാധാരണമായ ഒരു പ്രണയത്തിന്റെയും അതിന്റെ കാത്തിരിപ്പിന്റെയും വിരഹത്തിന്റെയും പൊന്‍നൂലുകള്‍ കൂടി ഇണക്കിച്ചേര്‍ത്തിരിയ്ക്കുന്നു കഥാകാരന്‍. ഖലീല്‍ ജിബ്രാന്റെ ഒരു കവിതയുടെ സാരാംശം ഏതാണ്ടിങ്ങനെയല്ലേ? 'എന്റെ ജീവനോ നിന്റെ ജീവനോ ഏറെ പ്രിയങ്കരമെന്ന് കാമുകി കാമുകനോട്. എന്തു സംശയം, എന്റേതു തന്നെയെന്ന മറുപടി കേട്ട് രോഷത്തോടെ തിരിഞ്ഞു നടക്കുന്ന പ്രണയിനിയെ നോക്കി അവന്റെ മനസ്സു് കേഴുന്നു,നിന്റെ ജീവന്‍ എന്റേതു തന്നെ എന്നു നീ അറിയാതെ പോയല്ലോ!' ഇതായിരുന്നു ആ പ്രണയം. അവള്‍ തിരിഞ്ഞു നടന്നതോ മരണത്തിലേയ്ക്കായിരുന്നുതാനും. എത്ര ഇഴുകിച്ചേര്‍ന്നാലും, എത്ര സ്വതന്ത്രയെന്നു ഭാവിച്ചാലും സ്ത്രീമനസ്സിനെ, പ്രത്യേകിച്ച് പൗരസ്ത്യ സ്ത്രീമനസ്സിനെ കീഴ്പ്പെടുത്താവുന്ന, ഞാന്‍ ചൂഷണം ചെയ്യപ്പെടുകയായിരുന്നില്ലേ എന്ന ശങ്ക, അതില്‍ നിന്നുയരുന്ന രോഷം അതായിരുന്നു ആ പ്രണയ ദുരന്തത്തിനു കാരണം!

പ്രണയത്തിന്റെ ഈ ആസ്വാദ്യതയ്ക്കപ്പുറം രാജ്യത്തിന്റെ സംഘര്‍ഷഭരിതമായ രാഷ്ട്രീയത്തിലോ , സാമ്പത്തികമായും വംശീയമായും മാറ്റി നിര്‍ത്തപ്പെടുന്നവരുടെ സങ്കടങ്ങളിലോ തീരെ അശ്രദ്ധരായി ജീവിച്ചു പോകുന്ന ഒരു വലിയ കൂട്ടം നഗരവാസികളുടെ കാഴ്ച വായനക്കാരനെ അസ്വസ്ഥമാക്കേണ്ടതാണ്. ഒരു നാടിന്റെ ഭാഗധേയം നിര്‍ണയിക്കുന്നത് പൊരുതുന്നവരേക്കാള്‍ നിര്‍മ്മമരായ പൊതു സമൂഹമല്ലേ?

2020ലെ തുര്‍ക്കിയില്‍ നിന്നു വരുന്നത് അഭയാര്‍ത്ഥികള്‍ക്കു മുമ്പില്‍ അടയ്ക്കപ്പെടുന്ന അതിര്‍ത്തികളുടെ കഥകള്‍ മാത്രമല്ല, വര്‍ഷങ്ങള്‍ ജയിലില്‍ പീഡനങ്ങളനുഭവിക്കുന്ന, ഉപവാസമിരുന്ന് മരണത്തെ പുല്‍കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും വംശീയ ന്യൂനപക്ഷങ്ങളുടെയും ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരുടെയും കലാകാരന്മാരുടെയും കഥകള്‍ കൂടിയാണ്. വിപ്ലവ ഗായിക ഹെലന്‍ ബോളെക്, ഇടതുപക്ഷ പ്രവര്‍ത്തകന്‍ ഇബ്രാഹിം ഗോക് ചെക്... എല്ലാം ഇളം രക്തങ്ങള്‍! ഒഡീപ്പസിന്റെ പിതൃഹത്യാ പശ്ചാത്താപങ്ങളുടെ രാഷ്ട്രീയത്തില്‍ നിന്ന് തുര്‍ക്കിയിതാ  പൗരസ്ത്യ ആദി കാവ്യത്തിലെ റോസ്തമിന്റെ പുത്രഹത്യാ സങ്കടങ്ങളിലേയ്ക്ക് പൂര്‍ണമായും വീണു കഴിഞ്ഞിരിയ്ക്കുന്നു!

ഇന്ത്യയും ഒട്ടും പിന്നിലല്ല. ഇവിടെയും ഏറി വരുന്നു, സൊഹ്‌റാബുമാര്‍. ജാമിഅ മിലിയയിലെ വിദ്യാര്‍ത്ഥി പ്രതിനിധികള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, യു.എ.പി.എ.ചുമത്തപ്പെട്ട ന്യൂനമത ചെറുപ്പക്കാര്‍, ഒപ്പം, ഈ കോവിഡ് കാലത്ത് രാജ്യത്തിനു തലങ്ങും വിലങ്ങും വിണ്ടുപൊട്ടിയ കാല്‍പ്പാദങ്ങളുമായി ഓടിത്തളരുന്നവര്‍, മുലപ്പാല്‍ ചുരത്തേണ്ടവള്‍ മരിച്ചു പോയതറിയാതെ കുലുക്കിയുണര്‍ത്താന്‍ ശ്രമിക്കുന്ന പൈതങ്ങള്‍, ദാഹിച്ചും വിശന്നും പെരുവഴിയില്‍ മരിച്ചു വീഴുന്ന അലന്‍ കുര്‍ദിമാര്‍....ഇന്ത്യയുടെ തീവ്രവേദനകളും പശ്ചാത്താപവുമാകാത്തതെന്തിവര്‍?

ontent Highlights:Writer Khadeeja Mumtaz Writes about the sociopolitical Aspects of Turkey in Orhan Pamuks Novels
            

Content Highlights: