സഹജീവി സ്‌നേഹത്തിനെതിരെയുള്ള ദുരമൂത്ത ആക്രമണമാണ് യുദ്ധം; സമാധാനമാണ് സര്‍ഗാത്മകത

#ഡോ. പ്രമോദ് പയ്യന്നൂര്‍
യുദ്ധം ചിത്രകാരന്റെ ഭാവനയില്‍ | Photo: twitter.com/ThisDayInWWI
യുദ്ധം ചിത്രകാരന്റെ ഭാവനയില്‍ | Photo: twitter.com/ThisDayInWWI

നോബേല്‍ പ്രൈസ് ജേതാവും ഈവര്‍ഷത്തെ ലോക നാടകദിനസന്ദേശകനുമായ യോണ്‍ ഒലാവ് ഫൊസ്സെയുടെ നവ ചിന്തകളിലൂടെ കടന്നുപോകുന്നു, നാടക പ്രയോക്താവും ചലച്ചിത്രകാരനും ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയുമായ ലേഖകന്‍.

ഇന്റര്‍നാഷണല്‍ തിയേറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് 1961 -ല്‍ ലോകനാടകദിനമെന്ന ആശയത്തിന് നാന്ദി കുറിച്ചത്. ഫ്രാന്‍സിലെ ജീന്‍ കോറ്റ്‌കോ തുടക്കമിട്ട ലോകനാടകദിന സന്ദേശം ഇന്റര്‍നാഷണല്‍ തിയേറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ക്ഷണപ്രകാരം വിരുന്നെത്തുന്ന സര്‍ഗവ്യക്തിത്വങ്ങള്‍ മുറതെറ്റാതെ തുടരുന്നു. ഈ വര്‍ഷത്തെ സന്ദേശം കുറിച്ചത്, പറയാന്‍ കഴിയാത്തവര്‍ക്ക് ശബ്ദമായി പടര്‍ന്ന, നവ നാടകങ്ങളുടേയും സാഹിത്യസൃഷ്ടികളുടേയും രചയിതാവായ യോണ്‍ ഒലാവ് ഫൊസ്സെയാണ്. 

2023-ലെ നോബല്‍ പ്രൈസിനര്‍ഹനായ നോര്‍വിജിയന്‍ നാടകകൃത്തും സാഹിത്യകാരനുമായ ഫൊസ്സെ, ഹെന്‍ട്രിക്ക് ഇബ്‌സനുശേഷം ഏറ്റവും കൂടുതല്‍ അരങ്ങവതരണം നടത്തപ്പെട്ട നാടകകൃത്താണ്. ഏഴാം വയസ്സിലെ അപകടത്തെ തുടര്‍ന്ന് മരണത്തിന്റെ പടിവാതില്‍ക്കലെത്തിയ ഫൊസ്സെയുടെ നോവാഴങ്ങള്‍ അദ്ദേഹത്തിന്റെ അസാധാരണങ്ങളായ സര്‍ഗാത്മക രചനകളെ സ്വാധീനിച്ചു. നോര്‍വീജയന്‍ ഭാഷയുടെ രണ്ട്  ലിഖിത രൂപങ്ങളില്‍ ഒന്നായ നൈനോര്‍ഡകില്‍ എഴുതിയ ഫൊസ്സെയുടെ രചനകള്‍ നാല്പത്തിരണ്ടോളം ലോക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. യോണ്‍ ഒലാവ് ഫൊസ്സെ എന്ന പ്രകാശഗോപുരത്തില്‍ നിന്നും വന്നണഞ്ഞ ഈ വര്‍ഷത്തെ നാടകദിന സന്ദേശത്തില്‍, ആസുരകാലത്തിന്റെ ആകുലതളെ മറികടക്കുന്ന സര്‍ഗ പ്രപഞ്ചത്തിന്റെ ഉയിരും ഉയിര്‍പ്പുമുണ്ട്.

മനുഷ്യര്‍ വിഭിന്നരാണ്. സദൃശ്യരും സമാനതകള്‍ ഇല്ലാത്തവരും ഒത്തുചേര്‍ന്നതാണ് മാനവകുലം. ഓരോ വ്യക്തിക്കുള്ളിലും തനതായ സ്വത്വങ്ങളുണ്ട്. ആത്മാവെന്നോ ആന്തരിക ചൈതന്യമെന്നോ നമുക്കതിനെ വിശേഷിപ്പിക്കാം. അകവും പുറവുമെന്നപോലെ പ്രാപഞ്ചികമായ അസ്തിത്വവും ആത്മീയതയുമായി ബന്ധപ്പെട്ട നിര്‍വചനങ്ങളും ദേഹിയും ദേഹവുമായി ബന്ധപ്പെട്ട് നമുക്കിടയിലുണ്ട്. വാക്കുകളുടെ ചതുരങ്ങളിലൊതുക്കാതെ നമുക്ക്  ആ വ്യാഖ്യാനങ്ങളെ വെറുതെ വിടാം. സ്വാതന്ത്ര്യത്തിന്റെ അനന്തതയാണ് വാക്കുകള്‍ക്കും ചിന്തകള്‍ക്കും ഉചിതം. വേറിട്ടവര്‍ എന്നതിനൊപ്പം നമ്മളെല്ലാം സമന്മാരാണ്. ഭാഷ, നിറം, ദേശം, വംശം, മുടി എന്നിങ്ങനെ കാഴ്ചയില്‍ വ്യത്യസ്തരെങ്കിലും സര്‍വലോകങ്ങളിലെയും മനുഷ്യര്‍ ഒരമ്മയുടെ പൊക്കിള്‍കൊടിയില്‍ പിറന്നവരെപ്പോലെ ഒന്നാണ്. 

അനുപമമായ സാര്‍വത്രികതയുമായി സംയോജിപ്പിക്കുന്ന ചാലകശക്തിയാണ് കലയും സര്‍ഗാത്മകതയും. അന്യവും ഭിന്നവും സര്‍വജനീനമായതെന്തെന്നുമുള്ള തിരിച്ചറിവിന്റെ ദര്‍ശനം കലമുന്നോട്ടുവെയ്ക്കുന്നു. ഈ ദര്‍ശനങ്ങളിലൂടെ ദൂരത്തിന്റെയും ദേശങ്ങളുടെയും ഭാഷയുടെയും അതിരുകള്‍ ഭേദിച്ച് സര്‍ഗാത്മകത മുന്നോട്ട് സഞ്ചരിക്കുന്നു. ഇതുവഴി ഊടും പാവും നെയ്യപ്പെടുന്നത് സാംസ്‌കാരിക ബഹുസ്വരതകളുടെ വൈവിധ്യങ്ങളെ കൂടിയാണ്.

നമ്മില്‍ നിന്ന് വ്യത്യസ്തവും അപരിചിതവും നിഗൂഢവുമായവയെ തെളിമയോടെ പ്രകാശിപ്പിക്കുന്നവയാണ് ഓരോ നല്ല കലാസൃഷ്ടികളും. വിപരീതങ്ങളെ ഒരുമിച്ച് കൊണ്ടുവരുവാന്‍ കലാസൃഷ്ടികളേക്കാള്‍ മികച്ച മാര്‍ഗങ്ങളില്ല. ലോകത്ത് നടമാടുന്ന സ്വേച്ഛാധിപത്യത്തിനും അക്രമങ്ങള്‍ക്കും, ദുരയ്ക്കും പകയ്ക്കുമെതിരെയുള്ള പ്രതിരോധ കരുത്താണ് കല. മനുഷ്യന്റെ സ്വയം നിയന്ത്രിതമായ പരിമിതികള്‍ക്കപ്പുറം സാധ്യതകളുടെ അപാരതകള്‍ നിര്‍മിച്ചെടുക്കുവാന്‍ ഉള്‍ക്കരുത്തുള്ളവയാണ് എല്ലാ സര്‍ഗകലകളും.

യോണ്‍ ഫൊസ്സെ | ഫോട്ടോ: എ.പി

 മനുഷ്യത്വരഹിതമായ കണ്ടുപിടുത്തങ്ങളും സാങ്കേതികവിദ്യകളുടെ ദുരുപയോഗവും വഴി പൊരുത്തപ്പെടാനാവാത്തതെന്തിനെയും ഉന്മൂലനം ചെയ്യുവാനുള്ള നാശത്തിന്റെ മനസ്സ് ഇന്ന്  ലോകത്തെ കീഴ്‌പ്പെടുത്തികൊണ്ടേയിരിക്കുന്നു. അന്യവും അപരിചിതവുമായതെന്തിനേയും കൗതുകവും നിഗൂഢതയും നിറഞ്ഞ ആകര്‍ഷണീയതയുടെ ഭൂമിക എന്ന നിലയില്‍ ഉള്‍ക്കൊള്ളുന്നതിലുപരി, മൃഗീയതയുടെ മറ്റൊരു മുഖവുമുണ്ട് മനുഷ്യര്‍ക്ക്. അന്യമായത് സഹിഷ്ണുതയോടെ പഠിച്ചറിഞ്ഞ് ആസ്വദിക്കുവാന്‍ ജനിതകപ്രേരിതമായ മാനസികഘടനയുള്ള മനുഷ്യന് യുദ്ധവും ഭീകരവാദവും പോലുള്ള മൃഗതൃഷ്ണകളുടെ വികലമാനസവുമുണ്ട്. വ്യത്യസ്തമായതെന്തും ഉന്മൂലനം ചെയ്യപ്പെടുമ്പോള്‍, മാനവികതയുടെ മിടിപ്പോടെ നമുക്കെല്ലാം കാണാന്‍ കഴിയുന്ന അതുല്യതയുടെയും ബഹുസ്വരതകളുടെയും ലോകം അപ്രത്യക്ഷമായിക്കൊണ്ടേയിരിക്കുന്നു. 

ഈ അവസ്ഥാന്തരങ്ങള്‍ മതത്തിലും രാഷ്ട്രീയത്തിലും ഒരുപോലെ നിലനില്‍ക്കുന്നു. തോല്‍പ്പിക്കുകയും നിര്‍വീര്യമാകപ്പെടുകയും ചെയ്യപ്പെടേണ്ട ഒന്നായി വ്യത്യസ്തത ഇവിടെ മാറ്റപ്പെടുന്നു. നിശബ്ദമാക്കപ്പെടുന്ന നിലവിളികള്‍ പോലെ ഇവിടെ അനാഥമാക്കപ്പെടുന്നത് മാനവീകതയാണ്. 

നമ്മുടെ ഉള്ളറകളില്‍ നില്‍ക്കുന്ന സഹജീവി സ്‌നേഹത്തിനെതിരെയുള്ള ദുരമൂത്ത ആക്രമണമാണ് യുദ്ധം. കലയ്‌ക്കെതിരായ കെടുതിയാണിത്. വൈവിധ്യങ്ങളെ മിഴിവോടെ ഒത്തുചേര്‍ക്കുന്ന സര്‍ഗാത്മകതയുടെ രസതന്ത്രമുണ്ട് ഓരോ കലകളിലും. ആ സവിശേഷതകളെ കൊന്നൊടുക്കുന്ന ദുരന്തമാണ് യുദ്ധം. നന്മയുള്ള കല മനുഷ്യത്വത്തെ പ്രദക്ഷിണം വെയ്ക്കുന്നു. അതുല്യവും അസാധാരണങ്ങളുമായ സംസ്‌കാരങ്ങളെ കല സാര്‍വത്രികമാക്കുന്നു. സര്‍ഗാവിഷ്‌കാരങ്ങളിലൂടെ അത് സാധാരണത്വവുമായി ഇണങ്ങി ചേരുന്നു. അന്യവും അപരിചിതവുമായ ലോകങ്ങള്‍ക്ക് തെളിച്ചമേകിക്കൊണ്ട് ഏകീകരിക്കുന്നു.

പരിചിതമല്ലാത്ത സംസ്‌കാരങ്ങളുടെ സവിശേഷതകളെ ഇല്ലായ്മ ചെയ്തുകൊണ്ടല്ല. മറിച്ച് അപരിചിതമായവയെ വ്യക്തതയോടെ പ്രതിഫലിപ്പിച്ചും ദര്‍ശനീയവുമാക്കിക്കൊണ്ടുമാകണം കലയുടെ സഞ്ചാരങ്ങള്‍. 

നാടകരംഗത്ത് മാത്രമല്ല, എല്ലാ കലകളും നീതിയുക്തം നിര്‍വഹിക്കുന്നത് സമഭാവനയുടെയും മനഃശാന്തിയുടെയും ദൗത്യങ്ങളാണ്. യുദ്ധവും കലയും എതിര്‍ദിശാസഞ്ചാരികളാണ്, വെറുപ്പും സമാധാനവും പോലെ. അതെ, കലയും സര്‍ഗാത്മകതയും ഹൃദയമിടിപ്പുപോലെ എന്നെന്നും ചേര്‍ത്തണയ്ക്കുന്നത് സമാധാനത്തിന്റെ നാള്‍വഴികളെയാണ്. 


 

Content Highlights: World theatre day special write up