പുരസ്‌കാരം അര്‍ഹമായ കൈകളില്‍; ഈ ജ്ഞാനപീഠം ശുക്ലയുടെ രചനാശൈലിക്കുള്ള അര്‍ഹമായ അംഗീകാരം

ഹിന്ദിസാഹിത്യകാരനായ വിനോദ് കുമാര്‍ ശുക്ലയ്ക്ക് സമ്മാനിച്ച ജ്ഞാനപീഠപുരസ്‌കാരം അദ്ദേഹത്തിന്റെ ഉജ്ജ്വലമായ രചനാശൈലിക്കുള്ള അര്‍ഹമായ അംഗീകാരമാണ്. ഹിന്ദി സാഹിത്യഭാവുകത്വത്തിന് മാജിക്കല്‍ റിയലിസത്തിന്റെ പുതിയ മാനംനല്‍കിയ എഴുത്തുകാരന്‍.
സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുകൂടിയായ അദ്ദേഹത്തിന്റെ കൃതികള്‍ അനേകം ഭാഷകളിലേക്ക് തര്‍ജ്ജമചെയ്യപ്പെട്ടിട്ടുണ്ട്. ഛത്തീസ്ഗഢിലെ രാജനന്ദ് ഗ്രാമത്തില്‍ 1947 ജനുവരി ഒന്നിനാണ് അദ്ദേഹത്തിന്റെ ജനനം. ജീവിതത്തിന്റെ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയി. ജവാഹര്‍ലാല്‍ നെഹ്റു കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് അഗ്രിക്കള്‍ച്ചറില്‍ എംഎസ്സി പഠനത്തിനുശേഷം ഇന്ദിരാഗാന്ധി കാര്‍ഷിക സര്‍വകലാശാലയില്‍ അദ്ദേഹം അധ്യാപകനായി ജോലി ചെയ്തു.
ഛത്തീസ്ഗഢിലെ ഒരു സാധാരണ ഗ്രാമത്തില്‍ ജനിച്ചതിന്റെ സൗരഭ്യംനുകര്‍ന്ന അദ്ദേഹം ഗ്രാമീണതയെയും ഗ്രാമസൗന്ദര്യത്തെയും തന്റെ രചനകളില്‍ പകര്‍ത്തി. ലഗ് ബഗ് ജയ്ഹിന്ദ്, വഹ് ആദ്മി ചലാ ഗയ ഗരം കോട്ട് പഹന്‍കര്‍, വിചാര്‍ കി തരഹ്, സബ് കുച്ഛ ഹോന ബചാ രഹേഗാ, അതിരിക്ത് നഹി, കവിതാ സേ ലംബി കവിത, ആകാശ് ധര്‍ത്തി കോ ഖട്ഖടാതാ ഹേ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രമുഖ കവിതാസമാഹാരങ്ങളും ഖിലേഗാ തോ ദേഖേന്‍ഗെ, നൗക്കര്‍ കീ കമ്മീസ്, (ഈ കൃതി മണികൗള്‍ പിന്നീട് സിനിമയാക്കി.) ദിവാര്‍മേ ഏക് ഖിടക്കി രഹ്തീ ഥി, ഹരി ഖാസ് കീ ഛപ്പര്‍ വാലി ഝോമ്പടി ഔര്‍ ബൌന പഹാഡ് തുടങ്ങിയവ അദ്ദേഹത്തിന്റെ നോവലുകളും പേട് പര്‍ കംരാ, മഹാവിദ്യാലയ് തുടങ്ങിയ കഥാസമാഹാരങ്ങളും അദ്ദേഹം രചിച്ചു.
ദിവാര്‍മേ എക് ഖിഡ്കി രഹ്തീ ഥീ എന്ന നോവലിന് സാഹിത്യ അക്കാദമി പുരസ്‌കാരം 1999-ല്‍ ലഭിച്ചു. 2013-ല്‍ വ്യാസസമ്മാനം അദ്ദേഹത്തിന് ലഭിച്ചു.
സാമാന്യമനുഷ്യന്റെ വികാരവിചാരങ്ങളെ സരളമായി തന്റെ കൃതികളില്‍ അദ്ദേഹം വരച്ചുകാട്ടി. ജീവിതത്തിന്റെ ഓരോ നിമിഷത്തിലെയും ഗാഢവും ഗഹനവുമായ യാഥാര്‍ഥ്യത്തെ പകര്‍ത്താന്‍ ശ്രമിച്ചു എന്നുള്ളതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മധ്യവര്‍ഗത്തിന്റെ കല്പനകളെയും അവരുടെ ജീവിതയാഥാര്‍ഥ്യത്തെയും മഹത്ത്വവത്കരിക്കാതെ അദ്ദേഹം വരഞ്ഞിട്ടു. നിശിതമായി, ശക്തമായ ഭാഷയില്‍ തന്റെ സ്വതന്ത്രാഭിപ്രായം പ്രകടിപ്പിക്കാനും എതിര്‍പ്പറിയിക്കാനും അദ്ദേഹം മടികാണിച്ചില്ല എന്നുകൂടി പറയേണ്ടതുണ്ട്.
നാഷണല്‍ സെമിനാറിന്റെ ഭാഗമായി 2013-ല്‍ കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അദ്ദേഹം വന്നപ്പോള്‍ പരിചയപ്പെടാനായി എന്നത് സന്തോഷം നല്‍കുന്ന ഒരോര്‍മയാണ്.
(കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ ഹിന്ദി പ്രൊഫസറാണ് ലേഖിക)
Content Highlights: Jnanpith Award to Vinod Kumar Shukla