നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി; കൊട്ടക പൊളിക്കാന്‍വന്നവര്‍ ഉറക്കമിളച്ച് കണ്ട തോപ്പില്‍ഭാസി ക്രാഫ്റ്റ്

#ബൈജു ചന്ദ്രന്‍
തോപ്പില്‍ ഭാസി(മാതൃഭൂമി ഫയല്‍ഫോട്ടോ)
തോപ്പില്‍ ഭാസി(മാതൃഭൂമി ഫയല്‍ഫോട്ടോ)

അതൊരു അസാധാരണമായ കാഴ്ചയായിരുന്നു. അന്നാ രാത്രിയില്‍ ആള്‍ സഞ്ചാരമധികമില്ലാത്ത പൊതുനിരത്തിലൂടെ, പാട്ടും ബഹളവുമായി മുന്നോട്ട് നീങ്ങുകയായിരുന്ന ആ ഘോഷയാത്ര. ചെങ്കൊടി മുന്നില്‍ കെട്ടിയ ഒരു നാടക വാനാണ് യാത്ര നയിക്കുന്നത്. അതിനു തൊട്ടുപിറകില്‍ പോലീസുകാര്‍ തിങ്ങിനിറഞ്ഞ ഒരു ജീപ്പ്. ഏറ്റവും പിറകിലായിരുന്നു അവര്‍. ആവേശഭരിതരായി, എന്നാല്‍ അച്ചടക്കം കൈവിടാതെ നീങ്ങുന്ന ആ വലിയ ജനാവലി. കോവളം എന്ന തീരപ്രദേശഗ്രാമത്തില്‍ നിന്ന് രാത്രിയേറെ വൈകി ആരംഭിച്ച ആ പ്രയാണം പട്ടണത്തിന്റെ ഹൃദയഭാഗത്തുള്ള പാളയം പോലീസ് സ്റ്റേഷനില്‍ ചെന്നവസാനിച്ചപ്പോള്‍ നേരം അര്‍ദ്ധരാത്രിയോടടുത്തിരുന്നു.

 അതൊരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയോ ഏതെങ്കിലും സംഘടനയുടെയോ ശക്തിപ്രകടനമൊന്നുമായിരുന്നില്ല. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ സര്‍ക്കാര്‍ നിരോധിച്ച ഒരു നാടകം, വിലക്ക് കാറ്റില്‍പ്പറത്തിക്കൊണ്ട് കളിച്ച കുറ്റത്തിന് അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന അപൂര്‍വകാഴ്ചയാണ് ആ രാത്രിയില്‍ ചരിത്രം കണ്ടുനിന്നത്. ആ നാടകക്കാരെ അധികാരി വര്‍ഗത്തിന് വിട്ടുകൊടുക്കാന്‍ മനസ്സില്ലെന്നും 'ഞങ്ങളും നിങ്ങടെ കൂടെയുണ്ടെ'ന്നും നെഞ്ചില്‍ത്തട്ടി പ്രഖ്യാപിച്ചുകൊണ്ട്, രാത്രിയുടനീളം അനേകം മൈലുകള്‍ അക്ഷീണം നടന്നുവന്ന ആ ജനതതിയിലെ ബഹുഭൂരിപക്ഷം പേരും, സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ കഴിഞ്ഞുകൂടിയിരുന്ന നിസ്വവര്‍ഗത്തില്‍പ്പെട്ടവരായിരുന്നു...

  രംഗം മാറുന്നു. മറ്റൊരു രാത്രി. എണ്ണയ്ക്കാട് എന്ന മദ്ധ്യതിരുവിതാംകൂര്‍ ഗ്രാമത്തില്‍ അന്ന് നാടകം കളിച്ചുതീര്‍ന്നപ്പോള്‍ വടിയും കുത്തിപ്പിടിച്ചുകൊണ്ട് ഒരു കര്‍ഷകത്തൊഴിലാളി വൃദ്ധ അണിയറയിലേക്ക് കയറിച്ചെന്നു. അവര്‍ക്ക് ഒരത്യാവശ്യം അറിയിക്കാനുണ്ടായിരുന്നു.

'ആ മാലേനേം കറമ്പനേം ഒന്ന് വിളി. നാളെ ഞാടെ വീട്ടിലെ കല്യാണം കഴിഞ്ഞിട്ട് പോയാ മതീന്ന് പറ'.

 'ഏനെന്റെ മാലേനെ ഒന്ന് കണ്ടേച്ച് പോട്ട് 'എന്ന അവരുടെ പരിദേവനം കേട്ട്, മേക്കപ്പ് തുടച്ചുകൊണ്ടിരിക്കുകയായിരുന്ന 'മാല' അങ്ങോട്ടേക്ക് ചെന്നു. വയസ്സി പതുക്കെ അടുത്തേക്ക് ചെന്ന് ആ കവിളില്‍ മൃദുവായി തലോടി.

'പോട്ടെ മക്കളേ, ആ ചെറുക്കന്‍ അങ്ങനെ ചെയ്തെന്നും വെച്ച് എന്റെ പൊന്നുമോള് കരയുകേം സങ്കടപ്പെടുകേം ഒന്നുമരുത്. ഈ ആണുങ്ങയെല്ലാം അങ്ങനാ.'

ചെറുതായൊന്നു വിതുമ്പിക്കൊണ്ട് ആ മൂത്തപുലയി 'മാല'യുടെ തലയില്‍ കൈവെച്ചനുഗ്രഹിച്ചപ്പോള്‍ അതു കണ്ടു നിന്നവരുടെയെല്ലാം കണ്ണ് നനഞ്ഞുപോയി...

എഴുപത് വര്‍ഷങ്ങള്‍ പിന്നിടുന്ന ഒരു ഐതിഹാസിക യാത്രയുടെ ചരിത്രത്തില്‍ നിന്നുള്ള രണ്ട് ഏടുകളാണ് ഇവിടെ തുറന്നുവെച്ചത്. തോപ്പില്‍ ഭാസി എഴുതി കേരളാ പീപ്പിള്‍സ് ആര്‍ട്ട്സ് ക്ലബ്ബ് ആയിരക്കണക്കിന് രാവുകളില്‍ ഇടമുറിയാതെ അവതരിപ്പിച്ച 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' മലയാള സം
സ്‌കൃതിയുടെ സുപ്രധാന ഈടുവെയ്പ്പുകളിലൊന്നാണ്. ആ നാടകത്തിലെ പരമുപിള്ളയും മാലയും കറമ്പനും പപ്പുവും, മണ്ണില്‍ പണി എടുക്കുന്നവരുടെ ചേലും മണവും നിറഞ്ഞു നില്‍ക്കുന്ന അതിലെ പാട്ടുകള്‍, അവ പാടിയ കെ എസ് ജോര്‍ജ്ജിന്റെയും കെ സുലോചനയുടെയും ഭാവമധുരിമയാര്‍ന്ന ശബ്ദം...ലോകത്തിലാദ്യമായി ബാലറ്റ് പെട്ടിയിലൂടെ അധികാരത്തിലേറുന്നതിന് ആക്കം കൂട്ടാന്‍ ഇപ്പറഞ്ഞതൊക്കെ നിര്‍ണ്ണായകഘടകങ്ങളായി മാറിയെന്ന് ചരിത്രം ചുവന്ന അക്ഷരങ്ങളില്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ടല്ലോ.

1952 ഡിസംബര്‍ ആറാം തീയതി ചവറ തട്ടാശ്ശേരിയിലെ സുദര്‍ശനാ ടാക്കീസില്‍ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' അരങ്ങേറുമ്പോള്‍ ചരിത്രം ഒരു ചുവന്ന വട്ടം പൂര്‍ത്തിയാക്കുകയായിരുന്നു. അതിന് പതിനേഴു വര്‍ഷങ്ങള്‍ക്കു മുമ്പ് പൊന്നാനി കര്‍ഷക സമ്മേളനത്തിലവതരിപ്പിച്ച കെ ദാമോദരന്റെ പാട്ടബാക്കി, അതിനും കുറച്ചു വര്‍ഷങ്ങള്‍ക്കപ്പുറത്ത് എടക്കുന്നി യോഗക്ഷേമ സഭയുടെ വാര്‍ഷികത്തില്‍ കളിച്ച വി ടി ഭട്ടതിരിപ്പാടിന്റെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്, അവയ്ക്ക് പിറകെ വന്ന ഇടശ്ശേരിയുടെ കൂട്ടുകൃഷി,ചെറുകാടിന്റെ നമ്മളൊന്ന്,സാമുദായിക ശക്തികളെ പോരിന് വിളിച്ച കെ ടി മുഹമ്മദിന്റെയും പി ജെ ആന്റണിയുടെയും നാടകങ്ങള്‍... നവോത്ഥാന നാടകപരമ്പര അര്‍ത്ഥപൂര്‍ണ്ണമായ സാഫല്യത്തിലെത്തുകയായിരുന്നു, അന്നാ മഞ്ഞുവീണ ഗ്രാമീണ സന്ധ്യയില്‍.

നിയമ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ നാടകസംഘം

എറണാകുളം ഗവണ്മെന്റ് ലാ കോളേജിലെ വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി ഏതാനും അവസാനവര്‍ഷ ബി എല്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച 'പൊരുതുന്ന കൊറിയ' എന്ന നിഴല്‍ നാടകത്തില്‍ നിന്നാണ് എല്ലാത്തിന്റെയും തുടക്കം. ആ വിദ്യാര്‍ത്ഥി സംഘത്തിന്റെ നേതാവും നാടകത്തിന്റെ അവതാരകനും സംവിധായകനുമൊക്കെ ജി ജനാര്‍ദ്ദനക്കുറുപ്പ് ആയിരുന്നു. തിരുവതാംകൂര്‍ സ്വാതന്ത്ര്യപ്രക്ഷോഭത്തിലണിചേര്‍ന്ന യുവനിര യുടെ നേതാവും വീറുള്ള പ്രസംഗകനും കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ എന്‍ ശ്രീകണ്ഠന്‍ നായരുടെ അടുത്ത അനുയായിയുമൊക്കെ ആയിരുന്ന ജനാര്‍ദ്ദനക്കുറുപ്പ്, കെ എസ് പി രാഷ്ട്രീയമുപേക്ഷിച്ച് മദ്രാസില്‍ ചെന്ന് നിയമം പഠിക്കാന്‍ തുടങ്ങി. നാഗര്‍കോവില്‍ ജയിലില്‍ നിന്നുള്ള ഐതിഹാസികമായ ജയില്‍ ചാട്ടത്തിന് ശേഷം, മദ്രാസിലെത്തിയ എം എന്‍ ഗോവിന്ദന്‍ നായരാണ് കുറുപ്പിനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് മാമോദീസ മുക്കിയത്. അധികം താമസിയാതെ എറണാകുളം ലാ കോളേജിലേക്ക് മാറ്റം വാങ്ങി വന്ന കുറുപ്പിന് അവിടെ ഇളയ സഹോദരനെപ്പോലെ അടുപ്പമുള്ള ഒരു ചങ്ങാതിയെ കിട്ടി. ഒരു പ്രഖ്യാപിത കമ്മ്യൂണിസ്റ്റ് ആയതുകൊണ്ട് സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട്, പൂജപ്പുരയിലെ ജയില്‍വാസവും കഴിഞ്ഞ് നിയമം പഠിക്കാനെത്തിയ പുനലൂര്‍ എന്‍ രാജഗോപാലന്‍ നായര്‍. നിഴല്‍ നാടകത്തിന്റെ ഗംഭീരവിജയത്തില്‍ നിന്നൂര്‍ജ്ജം കൊണ്ട ആ ചെറുപ്പക്കാര്‍ ഒരു കലാസമിതിയുണ്ടാക്കി കാരമസോവ് സഹോദരന്മാര്‍ നാടകമായി അവതരിപ്പിക്കാന്‍ പദ്ധതിയിട്ടെങ്കിലും അതൊന്നും നടന്നില്ല. കൂട്ടുകാര്‍ പലവഴിക്ക് പിരിഞ്ഞുപോയി. 1951-ന്റെ ഒടുവിലും 52-ന്റെ തുടക്കത്തിലുമായി നടന്ന ആദ്യത്തെ പൊതു തെരഞ്ഞെടുപ്പില്‍ പത്തനാപുരം നിയമസഭാ മണ്ഡലത്തില്‍ നിന്ന്  മത്സരിക്കാനായി പാര്‍ട്ടി കണ്ടെത്തിയത്, പുനലൂരെ ഒരു പ്രബല കുടുംബാംഗമായ രാജഗോപാലന്‍ നായരെയാണ്. എം എല്‍ എ ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷവും രാജഗോപാലന്‍ നായരിലെ കലാകാരന്‍ അടങ്ങിയിരിക്കാന്‍ കൂട്ടാക്കിയില്ല. ഒരു കലാസമിതി രൂപീകരിക്കാമെന്ന ആശയവുമായി കുറുപ്പുച്ചേട്ടനെ കാണാനെത്തി. തമ്പാനൂരിലെ സി പി സത്രത്തിലും സേവിയേഴ്സിലുമൊക്കെയായി നടന്ന ചര്‍ച്ചകളില്‍ അന്ന് പോള്‍സ് ട്യൂട്ടോറിയല്‍ കോളേജില്‍ പഠിപ്പിക്കുകയായിരുന്ന അഡ്വ. കെ എസ് രാജാമണിയും പങ്കുചേര്‍ന്നു. 1952-ലെ ഒരു ത്രിസന്ധ്യയില്‍ ആ ചങ്ങാതിമാര്‍ രൂപം കൊടുത്ത കലാസമിതിയ്ക്ക് ജനാര്‍ദ്ദനക്കുറുപ്പ് ലക്ഷണമൊത്ത ഒരു പേരിട്ടു.

'കേരളാ പീപ്പിള്‍സ് ആര്‍ട്ട്സ് ക്ലബ്ബ്'. ചുരുക്കപ്പേരായി കെ പി എ സി എന്നു വിളിക്കാം.
ജനാര്‍ദ്ദനക്കുറുപ്പ് സമിതിയുടെ പ്രസിഡന്റ് സ്ഥാനമേറ്റെടുത്തു. രാജഗോപാലന്‍ നായര്‍ സെക്രട്ടറിയായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉശിരുള്ള പ്രവര്‍ത്തകനായ കോട്ടയം ശ്രീനിയെയാണ് കണ്‍വീനറുടെ ചുമതല ഏല്‍പ്പിച്ചത്.

എന്റെ മകനാണ് ശരി 

 തിരുവതാംകൂറില്‍ ദിവാന്‍ ഭരണത്തിനെതിരെ വീശിയടിച്ച ഉത്തരവാദിത്വ പ്രക്ഷോഭണത്തിന്റെ നാളുകള്‍ പശ്ചാത്തലമാക്കി ജനാര്‍ദ്ദനക്കുറുപ്പും രാജഗോപാലന്‍ നായരും ചേര്‍ന്ന് ഒരു നാടകമെഴുതി. സ്വാതന്ത്ര്യപ്പോരാളിയായ മകനെ വീട്ടില്‍ നിന്നടിച്ചിറക്കുന്ന രാജഭക്തനായ കാരണവര്‍ ഒടുവില്‍ മകന്റെ നിലപാടാണ് ശരി എന്ന് തിരിച്ചറിയുന്നതായിരുന്നു നാടകത്തിന്റെ പ്രമേയം.'എന്റെ മകനാണ് ശരി' എന്നു പേരിട്ട ആ നാടകത്തിന്റെ അരങ്ങത്തും അണിയറയിലുമൊക്കെ മുഴുവനും പുതുമുഖങ്ങളായിരുന്നു. കാരണവരായി വന്ന ജനാര്‍ദ്ദനക്കുറുപ്പും അയാള്‍ക്ക് ശരിയുടെ പാത ചൂണ്ടിക്കാണിച്ചു കൊടുക്കുന്ന അനന്തര വനായി രാജഗോപാലന്‍ നായരും വേഷമിട്ടു. രാജാമണിയുടെ സഹായത്തോടെയാണ് അവര്‍ നായികയെ കണ്ടെത്തിയത്. രാജാമണിയുടെ ജന്മനാടായ മാവേലിക്കരയില്‍ നിന്ന് തിരുവനന്തപുരത്തു വന്നു താമസിക്കുന്ന, ഒരു റിട്ടയേഡ് പോലീസുകാരന്റെ മകള്‍, നല്ലൊരു ഗായിക കൂടിയായ സുലോചന. അഡ്വ. എം പി കുട്ടപ്പന്‍, ശ്രീനാരായണപിള്ള, ടി എ മൈതീന്‍ കുഞ്ഞ് തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കള്‍. കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി ഫെഡറേഷന്റെ നേതാവായ ഓ മാധവനും വിദ്യാര്‍ത്ഥി പ്രവര്‍ത്തകനും നടനും ഒളിവില്‍ കഴിയുന്ന ഒരു വിപ്ലവകാരിയുടെ ഇളയ സഹോദരനുമായ തോപ്പില്‍ കൃഷ്ണപിള്ളയും അഭിനേതാക്കളുടെ സംഘത്തില്‍ ചേര്‍ന്നു. സമിതിയുടെ മുഖ്യ ഗായകന്‍,പുനലൂര്‍ പേപ്പര്‍ മില്ലിലെ ഒരു തൊഴിലാളിയായിരുന്നു- കെ എസ് ജോര്‍ജ്ജ്.
അന്നത്തെ പോപ്പുലര്‍ ഹിറ്റുകളായ ഹിന്ദി തമിഴ് പാട്ടുകളുടെ ഈണമൊപ്പിച്ച് പാട്ടെഴുതിയത് രാജഗോപാലന്‍ നായരുടെ ഒരു ശിഷ്യനായ പുനലൂര്‍ ബാലനാണ്.

 പ്രൊഫ. എം പി പോളിന്റെ ആശീര്‍വാദത്തോടെ തിരുവനന്തപുരത്തെ പോള്‍സ് ട്യൂട്ടോറിയല്‍ കോളേജില്‍ വെച്ചു നടന്ന റിഹേഴ്സലിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണയേകിക്കൊണ്ട് കാമ്പിശ്ശേരി കരുണാകരന്‍ എം എല്‍ എ യും അന്ന് തിരുവനന്തപുരത്തെ ഒരു ട്യൂട്ടോറിയല്‍ കോളേജ് അദ്ധ്യാപകനായിരുന്ന യുവകവി ഓ എന്‍ വി കുറുപ്പും ഒപ്പം തന്നെയുണ്ടായിരുന്നു. തിരുവനന്തപുരം ലാ കോളേജില്‍ എഫ് എല്ലിന് പഠിക്കുമ്പോള്‍ രാജഗോപാലന്‍ നായരുമായി കൂട്ടുചേര്‍ന്ന് 'ഇടതുപക്ഷം' എന്ന പ്രസിദ്ധീകരണം നടത്തിയിരുന്ന മലയാറ്റൂര്‍ രാമകൃഷ്ണനാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത്.

 വി ജെ ടി ഹാളില്‍ വെച്ച് ഉദ്ഘാടനം ചെയ്യപ്പെട്ട 'എന്റെ മകനാണ് ശരി'ക്ക് ഒരു നല്ല നാടകമായി പേരെടുക്കാന്‍ സാധിച്ചില്ല. മെച്ചപ്പെട്ട ഒരു നാടകത്തിന് വേണ്ടിയുള്ള കെ പി എ സി അന്വേഷണത്തിനിടയിലാണ് ഒളിവില്‍ കഴിയുകയായിരുന്ന തോപ്പില്‍ ഭാസി നാടകം കാണാനെത്തുന്നത്.

 മദ്ധ്യതിരുവിതാംകൂറിലെ വള്ളികുന്നം എന്ന ഗ്രാമത്തിലെ ഒരു ജന്മികുടുംബത്തില്‍ പിറന്ന്, ആത്മസുഹൃത്തായിരുന്ന കാമ്പിശ്ശേരി കരുണാകരനുമായി കൂട്ടു ചേര്‍ന്ന് നാടകം കളിക്കുകയും കയ്യെഴുത്ത് മാസിക പ്രസിദ്ധീകരിക്കുകയുമൊക്കെ ചെയ്തിരുന്ന തോപ്പില്‍ ഭാസ്‌കരന്‍ പിള്ള എന്ന തോപ്പില്‍ ഭാസി  സ്വാതന്ത്ര്യസമരത്തിലേക്ക് എടുത്തുചാടിയതും കൂട്ടുകാരനോടൊപ്പമാണ്. തിരുവനന്തപുരത്ത് വൈദ്യം പഠിക്കാന്‍ പോയ ഭാസി വിപ്ലവകാരിയായിട്ടാണ് മടങ്ങി വന്നത്. സ്വാതന്ത്ര്യം കിട്ടിയ ശേഷം നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും കോണ്‍ഗ്രസുമായി പൂര്‍ണ്ണമായും തെറ്റിയ ഭാസിയും കാമ്പി ശ്ശേരിയും സംസ്‌കൃത അദ്ധ്യാപകനായ കേശവന്‍ പോറ്റിയുമൊക്കെ പതുക്കെ ഇടതുപക്ഷത്തേക്ക് നീങ്ങി. ആര്‍ ശങ്കരനാരായണന്‍ തമ്പിയും പുതുപ്പള്ളി രാഘവനുമായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്കുള്ള അവരുടെ വഴികാട്ടികള്‍. 

ആ  ഡിസംബര്‍ 6.

 അന്ന് രാത്രി ഒന്‍പതു മണിക്ക് ചവറയിലെ തട്ടാശ്ശേരി മൈതാനത്തെ സുദര്‍ശനാ ടാക്കീസില്‍ സഖാവ് സോമന്‍ എന്ന പേരില്‍ തോപ്പില്‍ ഭാസി എഴുതിയ കെ  പി എ സിയുടെ രണ്ടാമത്തെ നാടകം നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ആദ്യമായി അരങ്ങത്തെത്തുകയാണ്. ആഴ്ചകള്‍ നീണ്ടുനിന്ന ഒരുക്കങ്ങള്‍ക്കും നാടകപരിശീലനത്തിനും ശേഷം, തട്ടില്‍ കയറുമ്പോള്‍ കെ പി എ സിക്കാര്‍ക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ക്കുമൊക്കെ ഉള്ളിലൊരാങ്കലാപ്പ് ഉണ്ടായിരുന്നു. പാര്‍ട്ടിയുടെ നിരോധനം നീങ്ങിയതിന് ശേഷവും രാഷ്ട്രീയ ശത്രുക്കള്‍ - പ്രത്യേകിച്ച് കോണ്‍ഗ്രസ്സുകാര്‍ - കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെയുള്ള വേട്ടയാടല്‍ അവസാനിപ്പിച്ചിരുന്നില്ല. ചവറപ്രദേശത്തെ പ്രധാന പാര്‍ട്ടിയും എതിരാളികളും ഐക്യമുന്നണിയിലെ സഖ്യകക്ഷി കൂടിയായ റെവലുഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ആര്‍ എസ് പിയും തമ്മില്‍ കടലാവണക്കിന്റെ പത്തല്‍ കൊണ്ട്  പരസ്പരം പോരാടുന്ന 'പത്തല്‍ രാഷ്ട്രീയം' കൊടുമ്പിരിക്കൊണ്ട നാളുകള്‍. രണ്ട് എം എല്‍ എ മാര്‍ അഭിനയിക്കുന്ന നാടകം അലങ്കോലപ്പെടുത്താനായി അവരാരെങ്കിലും ഒരുമ്പെടുമോ എന്നതായിരുന്നു ആശങ്ക.

 നാടകം ഉദ്ഘാടനം ചെയ്തത് പുരോഗമന സാഹിത്യകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡി എം പൊറ്റക്കാടാണ്. സോഷ്യലിസ്റ്റ് റിയലിസത്തിന്റെ സങ്കേതത്തിലെഴുതിയ 'കത്തുന്ന കുരിശ്', 'വേദനയുടെ വെളിച്ചം', 'പുതിയ പാഠം' തുടങ്ങിയ ശ്രദ്ധേയമായ കഥകളെഴുതിയിട്ടുള്ള പൊറ്റക്കാട്. ഉദ്ഘാടനവേദിയില്‍ കെ പി എ സി യുടെ ഭാരവാഹികള്‍ക്ക് പുറമേ വീശിഷ്ടാതിഥിയായി നാടകകൃത്തായ സോമന്റെ പിതാവ് തോപ്പില്‍ പരമേശ്വരന്‍ പിള്ളയും സ്ഥാനം പിടിച്ചിരുന്നു.

'ദീപങ്ങള്‍ മങ്ങി കൂരിരുള്‍ തിങ്ങി
മന്ദിരമൊന്നതാ കാണ്മൂ  മുന്നില്‍
നീറും നോവില്‍ നീന്തി നീന്തി
നിര്‍ന്നിദ്രം നില്‍പ്പതെന്തേ
നിര്‍ന്നിദ്രം നില്‍പ്പതെന്തേ'

 കെ എസ് ജോര്‍ജ്ജിന്റെ ഭാവഗംഭീരമായ ശബ്ദത്തില്‍ മുഴങ്ങുന്ന ഈരടികളോടൊപ്പം യവനിക ഉയരുമ്പോള്‍ കാണുന്നത് ഒരു കൊതുമ്പും കൈയില്‍ പിടിച്ച്,ഓലമടലും വലിച്ചിഴച്ച് എന്തൊക്കെയോ തന്നത്താന്‍ പിറുപിറുത്തുകൊണ്ടുവരുന്ന ഒരു വയോവൃദ്ധനെയാണ്. തുടര്‍ന്നുള്ള ഏതാനും മണിക്കൂറുകള്‍ കാണികള്‍ മുഴുവനും ഏകാഗ്രതയോടുകൂടി സ്റ്റേജിലേക്ക് തന്നെ കണ്ണും നട്ടിരിക്കുകയായിരുന്നു. നാടകത്തിന്റെ അവസാന ഘട്ടത്തില്‍ ജന്മിയുടെ കാര്യസ്ഥനും കൂലിക്കാരും ചേര്‍ന്ന് പരമുപിള്ളയുടെ മുറ്റത്തുള്ള തെങ്ങില്‍ നിന്നും തേങ്ങയിടാന്‍ കയറുന്ന രംഗമുണ്ട്. അപ്പോള്‍ പരമുപിള്ളയുടെ പരമസാധുവായ ഭാര്യ കല്യാണിയമ്മ ഒരു ഭദ്രകാളിയെ പ്പോലെ കത്താളുമായി വന്ന് 'ഛീ ഇറങ്ങിനെടാ താഴോട്ട് ...താഴോട്ടിറങ്ങാന്‍! കാലുവെട്ടി ഞാന്‍ നിലത്തിടും!' എന്ന് ഗര്‍ജ്ജിച്ചു.ഇതിനെ തുടര്‍ന്ന്  കൊട്ടകയ്ക്ക് പുറത്തുനിന്ന് ആളുകള്‍ ഛടപടാ നിലത്തു ചാടുന്ന ശബ്ദം കേട്ടുതുടങ്ങി. കൊട്ടകയ്ക്കകത്ത് കയറാതെ പുറത്തുള്ള ഒരു മരത്തില്‍ കയറിയിരുന്നുകൊണ്ട് സുഖമായി നാടകം കാണുകയായിരുന്ന ചിലര്‍ തങ്ങളെയാണ് കല്യാണിയമ്മ ശകാരിക്കുന്നതെന്നു കരുതി നിലത്തേക്ക് ചാടുന്നതിന്റെ ഒച്ചയായിരുന്നു കേട്ടത്. അതുപോലെ തന്നെ ജന്മിയുടെ പിണിയാളു കളുടെ മര്‍ദ്ദനമേറ്റ് രക്തത്തില്‍ കുതിര്‍ന്ന ഗോപാലനെ സഖാക്കള്‍ എടുത്തുകൊണ്ടുവരുന്ന സന്ദര്‍ഭത്തില്‍ സദസ്സിലിരുന്നുകൊണ്ട് ഒരു സ്ത്രീ ഉച്ചത്തില്‍ നിലവിളിച്ചു. ഗോപാലനായി വേഷമിടുന്ന സാംബശിവന്റെ അമ്മ മേലൂട്ട് ശാരദയാണ് മകന്‍ ചോരയൊലിപ്പിച്ചുകൊണ്ട് വരുന്നതു കണ്ട് നിലവിട്ട് ഉറക്കെ കരഞ്ഞത്.

 നാടകവസാനം മാലയുടെ കൈകളില്‍ നിന്ന് പരമുപിള്ള ചെങ്കൊടിയേറ്റു വാങ്ങി മുകളിലേക്ക് ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ സദസ്സ് ഒന്നടങ്കം എഴുന്നേറ്റുനിന്ന് ഉറക്കെ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി.

'ഇന്‍ക്വിലാബ് സിന്ദാബാദ്! കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സിന്ദാബാദ്!'

 അരങ്ങത്തും അണിയറയിലുമൊക്കെ നിന്നിരുന്ന അഭിനേതാക്കളും കെ പി എ സി പ്രവര്‍ത്തകരും അതിയായ ആവേശത്തോടെ ആ മുദ്രാവാക്യമേറ്റു വിളിച്ചു. യവനിക വീണപ്പോള്‍ നിറുത്താത്ത കരഘോഷം ദീര്‍ഘനേരം മുഴങ്ങി.

സ്വന്തം നാട്ടിന്‍പുറത്ത്, താന്‍ കൂടി ഭാഗഭാക്കായിക്കൊണ്ട് ചരിത്രം അരങ്ങേറുന്ന അപൂര്‍വക്കാഴ്ചയ്ക്ക് ആവേശത്തോടെ സാക്ഷ്യം വഹിച്ച ഓ എന്‍ വി കുറുപ്പ് ആ ദിനമോര്‍മ്മിക്കുന്നത് ഇങ്ങനെയാണ്.

തോപ്പില്‍ഭാസി

'1952 ലെ മഞ്ഞണിഞ്ഞ ഒരു ഡിസംബര്‍ രാത്രിയില്‍, എന്റെ ഗ്രാമത്തിലെ തട്ടാശ്ശേരിമൈതാനത്തെ സുദര്‍ശന്‍ ടാക്കീസ് നിന്നിരുന്നിടത്ത് 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'എന്ന നാടകം ആദ്യമായി അരങ്ങേറി. കാമ്പിശ്ശേരി കരുണാകരന്‍ എം എല്‍ എ എന്ന ചെറുപ്പക്കാരന്‍ മദ്ധ്യതിരുവിതാംകൂറിലെ ഒരു തകര്‍ന്ന തറവാട്ടിലെ വയസ്സന്‍ കാരണവരെ പുനഃസൃഷ്ടിച്ചു. വിശ്വസ്ത സേവകനായ പപ്പുവായി ഓ മാധവന്‍ സൂക്ഷ്മാഭിനയം കൊണ്ടു ശ്രദ്ധേയനായി. സുധര്‍മ്മയുടെ 'നീലക്കുരുവീ...' പാടിക്കൊണ്ടും ഒരു പച്ചമരച്ചീനി കൊത്തിയരിഞ്ഞുകൊണ്ടുമുള്ള ആ വരവും, തോപ്പില്‍ കൃഷ്ണപിള്ളയുടെ മാറ്റത്തിന് വിധേയനായിക്കൊണ്ടിരിക്കുന്ന തലപ്പുലയനായുള്ള അതുല്യാഭിനയവും കെ എസ് ജോര്‍ജ്ജിന്റെയും സുലോചനയുടെയും ശക്തിയും മാധുര്യവുമുള്ള ഗാനാലാപനവുമൊക്കെക്കൂടി കാണികള്‍ പ്രതീക്ഷിച്ചതിനപ്പുറത്തുള്ള  നിലവാരത്തിലേക്ക് ആ നാടകമുയര്‍ന്നു. യവനിക ഉയരുമ്പോഴുള്ള 'ദീപങ്ങള്‍ മങ്ങി' മുതല്‍ അവസാനത്തെ പാട്ടുവരെ അത്യപൂര്‍വമായ ശ്രദ്ധകൊണ്ട് ജനങ്ങളാദരിച്ചു. എതിര്‍ക്കാനും കൊട്ടക പൊളിക്കാനും വന്നവര്‍ നാടകത്തില്‍ മുഴുകിയിരുന്നു. മദ്ധ്യതിരുവിതാംകൂറിലെ ജീവിതത്തിന്റെ ഒരു പരിച്ഛേ ദമായിരുന്നു ആ നാടകം.തകര്‍ന്ന തറവാടുകളുടെ ദാരുണ ചിത്രങ്ങളും അനന്തദുരിതങ്ങളില്‍ നിന്നുള്ള കീഴാളരുടെ നവോത്ഥാനത്തിന്റെ മുഴക്കങ്ങളും അതിലുണ്ടായിരുന്നു. തിരികെ എന്റെ വീട്ടിലേക്ക് ദേവരാജനും ഞാനും നടന്നുപോകുമ്പോള്‍ നിലാവിന് തെളിച്ചമേറുന്നതായി തോന്നി. '

അശ്വമേധത്തിന്റെ തുടക്കം

 ആ രാത്രി തന്നെ മദ്ധ്യതിരുവിതാംകൂറിന്റെ പ്രധാന കേന്ദ്രങ്ങളിലേക്കെല്ലാം നാടകം ബുക്ക് ചെയ്യപ്പെട്ടു. എന്നാല്‍ ഒട്ടും വൈകാതെ നാടകത്തിനെതിരെയുള്ള പ്രതിഷേധവും ശക്തമായി. എ ജെ ജോണ്‍ മന്ത്രിസഭ നാടകം നിരോധിച്ചു.സ്വതന്ത്ര ഇന്ത്യയില്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ആദ്യത്തെ സംഭവമായിരുന്നു അത്. നിയമസഭയില്‍ ഈ പ്രശ്നം ഉന്നയിച്ച കാമ്പിശ്ശേരി 'ബഹുമാനപ്പെട്ട സ്പീക്കര്‍ അനുവദിക്കുന്നപക്ഷം നാടകം ഇതിനകത്ത് കളിക്കാ'മെന്നു പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തിരുകൊച്ചി കമ്മിറ്റിയുടെ സെക്രട്ടറി കൂടിയായ എം എന്‍ ഗോവിന്ദന്‍ നായര്‍ അവതരിപ്പിച്ച അടിയന്തിര പ്രമേയത്തില്‍ നാടകത്തിനെതിരെ ഭരണകൂടം നടത്തിയ ഇടപെടലുകള്‍ ഓരോന്നായി തുറന്നുകാണിച്ചു. ഡ്രമാറ്റിക് പെര്‍ഫോമന്‍സ് ആക്ടിനെതിരെ കെ പി എ സി കൊടുത്ത കേസില്‍ ഹൈക്കോടതി അനുകൂലമായി വിധിച്ചതോടെ വര്‍ദ്ധിത വീര്യത്തോടെ നാടകം വീണ്ടും അരങ്ങേറാന്‍ തുടങ്ങി. ബോംബെയില്‍ നടന്ന ഇന്ത്യന്‍ പീപ്പിള്‍സ് തീയേറ്റേഴ്‌സ് അസോസിയേഷന്റെ സമ്മേളനത്തില്‍ കമ്മ്യൂണിസ്റ്റാക്കിക്ക് വലിയ സ്വീകരണം ലഭിച്ചെങ്കിലും, ബോംബെ സംസ്ഥാനത്തിന്റെ മറ്റു സ്ഥലങ്ങളില്‍ നാടകം കളിക്കാന്‍ മൊറാര്‍ജി ദേശായിയുടെ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല.

 നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയുമായി മലബാറില്‍ പര്യടനത്തിന് ചെന്ന കെ പി എ സി സംഘത്തിന് ലഭിച്ചത് അത്യുജ്ജ്വലമായ വരവേല്‍പ്പായിരുന്നു. എന്നാല്‍ മറ്റു പലയിടത്തും കെ പി എ സി നാടകമവതരിപ്പിച്ചത് രാഷ്ട്രീയശത്രുക്കളും മത പൗരോഹിത്യ ശക്തികളും കമ്മ്യൂണിസ്റ്റ് വിരുദ്ധരും അഴിച്ചുവിട്ട ശാരീരികമായ ആക്രമണങ്ങളെ അതിജീവിച്ചു കൊണ്ടാണ്.

ജനങ്ങളുടെ കലാസൃഷ്ടി 

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന തന്റെ നാടകം എങ്ങനെയൊക്കെയാണ് പല പല വ്യക്തികളുടെ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും  സ്വീകരിച്ചുകൊണ്ട് പുതിയൊരു കലാസൃഷ്ടിയായി പരിണമിച്ചതെന്ന് തോപ്പില്‍ ഭാസി ഓര്‍മ്മിക്കുന്നു.

 'ഈ നാടകം സ്റ്റേജിന് വേണ്ടി സംവിധാനം ചെയ്തപ്പോള്‍ രാജനും കുറുപ്പുചേട്ടനും വരുത്തിയ മാറ്റങ്ങള്‍ കൂടാതെ, ഈ നാടകം അഭിനയിച്ചിട്ടുള്ള ഓരോ ആളും ഇതിനുവേണ്ടി സംഭാവന ചെയ്തിട്ടുണ്ട്. അതില്‍ എടുത്തു പറയേണ്ട ഒരു പേര് കാമ്പിശ്ശേരിയുടേതാണ്. ഇതും കൂടാതെ, ഈ നാടകത്തെ വിമര്‍ശിച്ചിട്ടുള്ള ഒട്ടധികം വിമര്‍ശകരുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലും വളരെയധികം തിരുത്തലുകള്‍ കെ പി എ സി ചെയ്തിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ നാടകം കണ്ടുകൊണ്ടിരിക്കുമ്പോള്‍ രംഗത്തിരുന്നുകൊണ്ട് ചില ആളുകള്‍ വിളിച്ചുപറയുന്ന ചില വാക്കുകളും വാചകങ്ങളും വരെ പ്രസക്തമെന്നു തോന്നുകയാല്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. '

വിഷവൃക്ഷവും നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കിയും ഉള്‍പ്പെടെയുള്ള പ്രതിനാടകങ്ങളെയും ബുദ്ധിജീവി/അക്കാദമിക് വിമര്‍ശനങ്ങളെയും നിരൂപണങ്ങളെയുമൊക്കെ നാടകം അതിജീവിച്ചത്, ഇങ്ങനെ ജനങ്ങളുടെ യഥാര്‍ത്ഥ പങ്കാളിത്തത്തോടെയാര്‍ജ്ജിച്ച രാഷ്ട്രീയമായ ഉള്‍ക്കരുത്ത് കൊണ്ടാണ്.

'അതൊരു നാടകാഭിനയമല്ല. ഒരര്‍ദ്ധരാത്രിക്കിടയ്ക്കു വെച്ച് ഒരു നാടിന്റെ ജീവിതം കണ്മുമ്പിലൂടെ നീങ്ങുകയാണ്-'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' യെ നിരൂപണം ചെയ്തു കൊണ്ട് അന്ന് ജനയുഗത്തില്‍ 'ആനന്ദ്' എഴുതി. കെ പി എ സി എന്ന കേരളത്തിലെ  ജനകീയ  നാടകപ്രസ്ഥാനവും നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയും, ഏഴു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും തളരാതെ പ്രയാണം തുടരുകയാണ്. അതിന്റെ കാരണം ആനന്ദ് അന്നെഴുതിയ ചരിത്രത്തിലിടം നേടിയ ആ കൊച്ചു വാചകങ്ങളിലുണ്ട്.

Content Highlights: Thoppil Bhasi, Baiju Chandran, Mathrubhumi