'ഷേക്സ്പിയര്‍ ആന്‍ഡ് കമ്പനി'; കടയല്ല, പുസ്തകങ്ങള്‍ക്ക് പാറാവിരുന്ന് ആയുസ്സുതീര്‍ത്ത ഒരാളുടെ ജീവിതം

#സുരേഷ്‌
വിറ്റ്മാന്റെ 'ഷേക്സ്പിയര്‍ ആന്‍ഡ് കമ്പനി'യുടെ മുന്‍വശം.
വിറ്റ്മാന്റെ 'ഷേക്സ്പിയര്‍ ആന്‍ഡ് കമ്പനി'യുടെ മുന്‍വശം.

'ഒരാള്‍ പുസ്തകമെഴുതുന്നതുപോലെയാണ് ഞാന്‍ ഈ വീടുണ്ടാക്കിയത്. ഇതിലെ ഓരോ മുറികളും പുസ്തകത്തിലെ ഓരോ അധ്യായങ്ങളാണ്. അതിലെ ആദ്യപേജ് തുറക്കുംപോലെ ഒരാള്‍ വാതില്‍തുറന്ന് കടന്നുവരുന്നതാണ് എന്റെ സന്തോഷം.' -ജോര്‍ജ് വിറ്റ്മാന്‍

പുസ്തകങ്ങള്‍കൊണ്ടൊരു വീട്, ആ വീട്ടില്‍ ഏത് നാട്ടുകാരനും ഏത് വംശക്കാരനും എപ്പോഴും കടന്നുവരാം, കിടന്നുറങ്ങാം, തോന്നുമ്പോള്‍ തിരിച്ചുപോകാം. ഒരേയൊരു നിബന്ധനമാത്രം, അക്ഷരങ്ങളെ ആദരിക്കണം. അങ്ങനെ ജീവിച്ച ജോര്‍ജ് വിറ്റ്മാന്‍ എന്ന അമേരിക്കന്‍ അവധൂതനെക്കുറിച്ച് നേരത്തേ കേട്ടിരുന്നു. വായിച്ചറിഞ്ഞിരുന്നു. എന്നെങ്കിലും പാരീസില്‍ പോകുന്നുണ്ടെങ്കില്‍ വിറ്റ്മാന്റെ 'പുസ്തകവീട്' കാണണമെന്ന് അന്നേ ഉറപ്പിച്ചിരുന്നു.

ഒളിമ്പിക്‌സിനായി നഗരത്തിലെത്തിയ ആദ്യദിവസംതന്നെ ആ സ്ഥലമന്വേഷിച്ചിറങ്ങി. കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടിയില്ല. ചരിത്രപ്രസിദ്ധമായ, നോത്ര് ദാം പള്ളിയുടെ സമീപത്താണ് വിറ്റ്മാന്റെ 'ഷേക്സ്പിയര്‍ ആന്‍ഡ് കമ്പനി'. ഇതൊരു കടയല്ല, പുസ്തകങ്ങള്‍ക്ക് പാറാവിരുന്ന് ആയുസ്സുതീര്‍ത്ത ഒരാളുടെ ജീവിതമാണെന്ന് കടയുടെ അകത്തെത്തിയപ്പോള്‍ മനസ്സിലായി.

അകത്ത് നിന്നുതിരിയാന്‍ സ്ഥലമില്ലാത്ത തിരക്ക്. പഴയ മരപ്പലകകള്‍ പാകിയ പുരാതനമായ വീട്ടില്‍ പുസ്തകങ്ങളെ തൊട്ടും തലോടിയും മണത്തും നടക്കുന്ന നൂറുകണക്കിന് ആളുകള്‍... അവരുടെ മുഖത്ത് ഒരു വിശുദ്ധഭൂമിയിലെത്തിയ ശാന്തത...

ജോര്‍ജ് വിറ്റ്മാന്‍

അമേരിക്കയിലെ ന്യൂജെഴ്‌സിയില്‍ ജനിച്ച വിറ്റ്മാന് ചെറുപ്പത്തിലേ പുസ്തകങ്ങളോട് അഭിനിവേശമായിരുന്നു. പഠനം കഴിഞ്ഞ് അല്പകാലം പത്രപ്രവര്‍ത്തകനായി. ഒരിടത്തും നിലയുറപ്പിക്കാനാകാത്ത മനസ്സ്. ചെറുപ്പത്തിലേ നിതാന്തസഞ്ചാരി. അലഞ്ഞലഞ്ഞ് അദ്ദേഹം 1940-കളുടെ മധ്യത്തില്‍ പാരീസിലെത്തി. കുറച്ചുകാലം പഠിച്ചു. ചെറിയ ജോലികള്‍ചെയ്തു. പിന്നെ 'മുഴുവന്‍സമയ' വായനക്കാരനായി.

കിട്ടുന്നപണമെല്ലാം പുസ്തകങ്ങള്‍ക്കായി ചെലവിട്ടു. തന്റെ കുഞ്ഞുമുറിയില്‍ അവ കൂട്ടിയിട്ടു. വീടിന്റെ തറമുതല്‍ മേല്‍ക്കൂരവരെ പുസ്തകങ്ങള്‍ നിറഞ്ഞു. വായിക്കുക എന്നതുമാത്രമായി ജീവിതലക്ഷ്യം. കൂമ്പാരംകൂടിയ അക്ഷരങ്ങള്‍ക്കുനടുവില്‍ അയാള്‍ അപ്രത്യക്ഷനായി! മുറിയുടെ വാതില്‍ എപ്പോഴും തുറന്നിട്ടു. എഴുത്തുകാരും എഴുത്തുകാരാകാന്‍ ആഗ്രഹിക്കുന്നവരും ശാന്തിതേടി ആ മുറിയിലേക്ക് എത്തിത്തുടങ്ങി. 

അങ്ങനെയിരിക്കെയാണ്, സില്‍വിയ ബീച്ച് എന്ന അമേരിക്കക്കാരി പാരീസില്‍ നടത്തിയിരുന്ന പുസ്തകശാല അടച്ചതായി അറിയുന്നത്. സില്‍വിയ ബീച്ചില്‍നിന്ന് ആ പുസ്തകശാല വിറ്റ്മാന്‍ വാങ്ങി. വില്യം ഷേക്സ്പിയറുടെ സ്മരണയില്‍ ഷേക്സ്പിയര്‍ ആന്‍ഡ് കമ്പനി' എന്ന് പേരുമിട്ടു. ആ വീട് എഴുത്തുകാരുടെയും എഴുത്തുകാരാകാന്‍ ആഗ്രഹിക്കുന്നവരുടെയും അഭയഭൂമിയായി. വീട്ടിലെത്തുന്നവരുടെ വിശപ്പകറ്റാന്‍ വിറ്റ്മാന്‍തന്നെ നഗരത്തില്‍ അലഞ്ഞുനടന്ന് ഭക്ഷണസാധനങ്ങള്‍ ശേഖരിച്ചു.

'ഷേക്സ്പിയര്‍ ആന്‍ഡ് കമ്പനി'യുടെ ഉള്‍ഭാഗം.

പുസ്തകങ്ങള്‍ക്കിടയില്‍പ്പെട്ട് അദ്ദേഹം മറ്റുപലതും മറന്നിരുന്നു. വിവാഹംകഴിക്കാന്‍ ഏറെ വൈകി. ബന്ധം അധികകാലം നിലനിന്നതുമില്ല. ആ വിചിത്രജീവിതം താങ്ങാനാകാതെ ഭാര്യ ഉപേക്ഷിച്ചുപോയി. 98-ാം വയസ്സില്‍, 1912-ല്‍ വിറ്റ്മാന്‍ മരിച്ചു. അച്ഛന്റെ വാര്‍ധക്യകാലത്ത് തിരിച്ചെത്തിയ മകള്‍ സില്‍വിയ വിറ്റ്മാനാണ് ഇപ്പോള്‍ സ്ഥാപനം നടത്തുന്നത്.

ഫോട്ടോയെടുക്കാന്‍ പാടില്ലെന്ന് എഴുതിവെച്ചിട്ടുണ്ടെങ്കിലും കണ്ണുതെറ്റിച്ച് ചില ചിത്രങ്ങള്‍ പകര്‍ത്താതിരിക്കാനായില്ല. കടയിലെ പെണ്‍കുട്ടി അതിന്റെപേരില്‍ ദേഷ്യപ്പെട്ടു. ഭാഷ അറിയാത്തതിനാല്‍ അതൊരു അഭിനന്ദനംപോലെ ഏറ്റുവാങ്ങി... 34 യൂറോ കൊടുത്ത് 'ലെറ്റേഴ്‌സ് ഓഫ് സില്‍വിയ ബീച്ച്' എന്ന പുസ്തകം വാങ്ങിയ ധൈര്യത്തില്‍ ''സില്‍വിയ ഇവിടെയുണ്ടോ'' എന്നുചോദിച്ചു. ''ഈ പരിസരത്തുതന്നെയുണ്ട് അവരെപ്പോഴും കടയില്‍ വന്നിരിക്കാറില്ലെന്ന്'' അവള്‍ പറഞ്ഞു.

Content Highlights: Book seller George Whitman's Shakespeare and company in Paris