സഹയാത്രികര്‍; വി.ടി.ഭട്ടതിരിപ്പാട് എഴുതിയതും അപ്രകാശിതവുമായ കുറിപ്പ്

വി.ടി.ഭട്ടതിരിപ്പാട്.|Photo credit: Punalur Rajan/ Mathrubhumi
വി.ടി.ഭട്ടതിരിപ്പാട്.|Photo credit: Punalur Rajan/ Mathrubhumi

(വേഷപരിഷ്‌കാരത്തിലോ ആചാരമാറ്റത്തിലോമാത്രം ഒതുങ്ങുന്നതല്ല സാമൂഹികവിപ്ലവം. അത് മനുഷ്യനായി ജീവിക്കാനുള്ള സംരംഭംകൂടിയാണ് എന്ന് കാണിച്ചുതന്ന അപൂര്‍വദമ്പതിമാരാണ് പള്ളവും ആര്യാപള്ളവും. 'ആര്യാപള്ളമിതാ വരുന്നു വഴിമാറിക്കൊള്‍വിനെല്ലാരും പിന്നില്‍ പള്ളവുമുണ്ട് പെട്ടി വലുതൊന്നേറ്റിക്കിതച്ചങ്ങനെ' എന്ന് ഒരുകാലത്ത് പഴമയാല്‍ പരിഹസിക്കപ്പെട്ട ആ കുടുംബത്തിന്റെ പാരമ്പര്യ പിന്തുടര്‍ച്ചയായി അഭയം എന്ന പേരില്‍ മധ്യകേരളത്തിലെ ഒരു പ്രധാന സ്വാശ്രയ ജൈവ അധിവാസ സാന്ത്വന സങ്കേതം കൊപ്പം പുലാശ്ശേരിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്. ആ സാമൂഹികപരിഷ്‌കര്‍ത്താക്കളുടെ പൗത്രന്‍ പി. കൃഷ്ണന്റെയും പുത്രി മുരളിടീച്ചറുടെയും നേതൃത്വത്തില്‍, പള്ളത്തെക്കുറിച്ച് സഹപ്രവര്‍ത്തകനായിരുന്ന അച്ഛന്‍ എഴുപതാണ്ടിനുമുന്‍പ് എഴുതിയ ഈ അനുസ്മരണം അപ്രകാശിതമാണ് -വി.ടി. വാസുദേവന്‍)

ശ്രീ പള്ളം, ശ്രീമതി ആര്യാപള്ളം-ഈ ദമ്പതിമാരുടെ കാല്പാടും കേരളീയ പരിവര്‍ത്തന വഴികളില്‍ പതിഞ്ഞുകിടക്കുന്നുണ്ട്. ഇവരില്‍ പള്ളത്തു കൃഷ്ണന്‍ നമ്പൂതിരിയും ഞാനും സാമുദായിക പ്രസ്ഥാനത്തിലേക്ക് സ്വയം വലിഞ്ഞുകയറിച്ചെന്ന രണ്ടു സഹയാത്രികരാണ്. വിപ്ലവത്തിന്റെ കാരപ്പഴം പെറുക്കിത്തിന്ന് ഞങ്ങള്‍ ഇവിടെ വിഹരിച്ചുപോന്നിട്ടുണ്ട്. ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ ആ മേച്ചില്‍പ്പറമ്പില്‍ പള്ളം ഇല്ല. നേരിയതും തുളച്ചുകയറുന്നതുമായ അദ്ദേഹത്തിന്റെ ശബ്ദം ഈ ചക്രവാളത്തിലെവിടെയോ മാറ്റൊലിക്കൊള്ളുന്നുണ്ടുതാനും!

മംഗളോദയം അച്ചുകൂടത്തിന്റെ തിരക്കൊഴിഞ്ഞ മുറിയില്‍വെച്ച് ദശവത്സരങ്ങള്‍ക്കുമുന്‍പ് ഞങ്ങള്‍ പരിചയപ്പെട്ടു. നിസ്സാരശമ്പളത്തിന് ബുക്ക് ബൈന്‍ഡിങ്ങില്‍ ഒരു തസ്തികയ്ക്കായി അഭയംതേടി വന്നതായിരുന്നു അദ്ദേഹം. നമ്പൂതിരിയുവജനങ്ങള്‍ക്ക് അക്കാലത്ത് നേരിട്ടിരുന്ന അസ്വസ്ഥതയും തൊഴിലില്ലായ്മയും പലരെയും ഇങ്ങനെ ജീവിതത്തിന്റെ നടുപ്പാതയിലേക്കു തള്ളിവിട്ടിട്ടുണ്ട്. ശ്രീ പള്ളത്തിന്റെ ജീവിതക്ലേശങ്ങള്‍ എന്നെ പിടിച്ചുകുലുക്കി.

എന്തിനെയും വലിച്ചെറിയാനല്ലാതെ ഉള്‍ക്കൊള്ളാനിഷ്ടപ്പെടാത്ത ഒരു നഗരം. കയറിച്ചെന്ന് ഒരു കസേര കരസ്ഥമാക്കാന്‍ കെല്പറ്റ ഒരു യുവാവ്. ഞാന്‍ അദ്ദേഹത്തിന്റെനേര്‍ക്ക് കൈനീട്ടി. ഞങ്ങള്‍ ഒരു മുറിയില്‍ മാസങ്ങളോളം കഴിച്ചുകൂട്ടിയിട്ടുണ്ട്, ഒരേ കുടുംബത്തില്‍ വളര്‍ന്നുവന്ന ജ്യേഷ്ഠാനുജന്മാരെപ്പോലെ. ഹോട്ടല്‍കാരന്റെ പറ്റുവരവുകണക്കില്‍ ഒന്നായിത്തീര്‍ന്ന തുകയടയ്ക്കുന്നത് ഞാനും. വളക്കൂറാര്‍ന്ന വള്ളുവനാടന്‍ മണ്ണിലാണ് അദ്ദേഹത്തിന്റെ കുടുംബം. മകന്‍ വളര്‍ന്നുകാണാന്‍ അമ്മയ്ക്കു ഭാഗ്യമുണ്ടായില്ല. അത്രവേഗം അമ്മ മരിച്ചുപോയി. അതിനാല്‍ അച്ഛന്റെ വിജാതീയഭാര്യയായിത്തീര്‍ന്നു അന്തഃപുരത്തിന്റെ ചുമതലക്കാരി. ഒരടിച്ചുതളിക്കാരിയുടെ ചിറ്റമ്മസ്ഥാനം അദ്ദേഹത്തിനു പൊറുക്കാന്‍ കഴിഞ്ഞില്ല. തന്റെ ഭാര്യയായ ആര്യയ്ക്കുപോലും (ആര്യാപള്ളം) ആ ചിറ്റമ്മയുടെ ശാസനം സഹിക്കേണ്ടതായിവന്നു. ജന്മംതന്ന സ്വപിതാവിനെ തള്ളിപ്പറയാനുമായില്ല. അങ്ങനെ സഹികെട്ട് അദ്ദേഹം വീടുവിട്ടിറങ്ങിപ്പോന്നതാണ്.

ശ്രീ പള്ളം, ശ്രീമതി ആര്യാപള്ളം
 

അന്ന് നമ്പൂതിരിയുവജനസംഘം പ്രബുദ്ധതയിലേക്കു വികസിക്കാന്‍ ചുരമാന്തി നില്‍ക്കുകയാണ്. സമുദായമധ്യത്തില്‍ എവിടവിടെ അസ്വസ്ഥതയും അധര്‍മവും നിഴലിക്കുന്നുവോ അവിടവിടെ ഞങ്ങളുടെ ശ്രദ്ധപതിഞ്ഞുതുടങ്ങി. സ്ത്രീകളുടെ അവശത, പുരുഷാധികാരത്തിന്റെ തീക്ഷ്ണത ഇങ്ങനെ പലതും ഉപസഭകളില്‍ ഞങ്ങള്‍ പ്രസംഗിച്ചുനടന്നു. അന്നത്തെ പ്രസംഗങ്ങള്‍ ഇന്നും സമുദായത്തിന്റെ ചെവിയില്‍ വന്നലയ്ക്കുന്നുണ്ടാകാം. അങ്ങനെ പള്ളവും സമുദായപ്രസ്ഥാനത്തിന്റെ യുവനേതാവായി ആദരിക്കപ്പെട്ടുവന്നു. പ്രമേയങ്ങള്‍ രൂപപ്പെടുത്തുക, വിപ്ലവപ്പന്തങ്ങള്‍ തെറുത്തുണ്ടാക്കുക, വഴിക്കോട്ടയ്ക്കു തീവെക്കുക-ഇതിലെല്ലാം അദ്ദേഹം മുമ്പനായിരുന്നു. പള്ളം ഒരതിബുദ്ധിമാനല്ല, എന്നാല്‍, ൈകയിലണഞ്ഞ ഒരാശയത്തിന്മേല്‍ കരവിരുതോടെ പെരുമാറാന്‍ കഴിവുറ്റ കര്‍മകുശലത അദ്ദേഹത്തിനുണ്ട്.

ഇതിനിടയില്‍ കുമാരമംഗല കുട്ടന്‍നമ്പൂതിരിപ്പാട്, മുത്തിരിങ്ങോട്ടു ഭവത്രാതന്‍ ഭട്ടതിരിപ്പാട്, പാണ്ടം വാസുദേവന്‍ നമ്പൂതിരി എന്നീ പടനായകന്മാരുള്‍പ്പെട്ട ഒരു സമരജാഥ കേരളം മുഴുക്കെ നടത്തുകയുണ്ടായി. പള്ളവും അതിന്റെ സംഘാടകരിലൊരാളായി. ഉണ്ണിനമ്പൂതിരി, യോഗക്ഷേമം, പാശുപതം പ്രസിദ്ധീകരണങ്ങളുടെയും നാടകാവതരണത്തിന്റെയും അണിയറയിലും ഉണ്ടായിരുന്നു. തളിപ്പറമ്പിലെ സഭാവാര്‍ഷിക സ്ഥലത്തുനിന്നാണ് കഠിനമായ വസൂരിപിടിപെട്ടനിലയില്‍ കാണുന്നത്. പള്ളത്തിന്റെ അച്ഛന്‍തന്നെ മകന്റെ ശുശ്രൂഷ ഏറ്റെടുത്തു. ആ രോഗം ഏറ്റുവാങ്ങി അച്ഛന്‍ മൃതിയടയുകയും ചെയ്തു. തറവാടിന്റെ ഒറ്റത്തുമ്പായിരുന്ന പള്ളത്തിന് ഇല്ലത്തു സ്ഥിരമാകേണ്ടിവന്നു. വസൂരിവൈദ്യനും പൊതുപ്രവര്‍ത്തകനുമായി മാറി.

13-ാം വയസ്സില്‍ പള്ളത്തിന്റെ വധുവായിത്തീര്‍ന്ന ആര്യ പിറന്ന ആലിപ്പറമ്പ് മാധവശ്ശേരി മനയിലെ അന്തരീക്ഷം അത്ര യാഥാസ്ഥിതികമായിരുന്നില്ല. ഒളപ്പമണ്ണയും മാധവശ്ശേരിയും ഒരുപോലെ എന്ന നാട്ടുപറച്ചില്‍ പ്രകാരം സമ്പന്നമായ തറവാട്, കഥകളിപ്പാട്ടിലും പാനേങ്കളിയിലും കലാകാരനായ അച്ഛന്‍ പരമേശ്വരന്‍ നമ്പൂതിരി, ഭര്‍ത്തൃഹിതമറിയുന്ന കുടുംബിനിയായ അമ്മ. ഉണ്ണികള്‍ക്കുപോലും സ്‌കൂള്‍ വിദ്യാഭ്യാസം നിഷിദ്ധമായ കാലത്ത് ആര്യയെ എഴുത്തുപള്ളിക്കൂടത്തിലേക്കു പഠിക്കാന്‍ അയച്ചു. സ്വാതന്ത്ര്യത്തോടെ വളര്‍ന്നു. വിവാഹശേഷം പള്ളവും പിന്തുണ നല്‍കി. ഘോഷാ ബഹിഷ്‌കരണംമുതല്‍ സജീവമായി സാമുദായികപ്രസ്ഥാനത്തിലേര്‍പ്പെടാന്‍ ഈ സ്വാതന്ത്ര്യബോധവും കാരണമായി.

വലിയകുന്ന് വായനശാലയുടെ വാര്‍ഷികത്തില്‍ സംബന്ധിക്കാനായി പോകുമ്പോള്‍ തലേദിവസംതന്നെ ഞാന്‍ പള്ളത്ത് എത്തി. ഉമ്മറത്താരുമില്ല. അകത്തേക്കു വിളിച്ച ഉടനെ ആര്യാപള്ളത്തിന്റെ സഹോദരപുത്രി കമലവും അവളുടെ 80 തികഞ്ഞ മുത്തശ്ശിയും പുറത്തുവന്നു. ആര്യാപള്ളവും പള്ളവും സ്ഥലത്തുണ്ടായിരുന്നില്ല. ഏറിയ നാള്‍ക്കുശേഷം കാണാന്‍ വന്നപ്പോള്‍ അവരില്ലാതെ വന്നതില്‍ കുണ്ഠിതം തോന്നി. എങ്കിലും പള്ളത്തിന്റെ മക്കള്‍ അമ്മിണിയും പുലരിയും ഹൃദ്യമായി സ്വീകരിച്ചു. ചായ, മുറുക്ക് കഴിഞ്ഞ് ഇതികര്‍ത്തവ്യതാമൂഢനായിരിക്കുമ്പോള്‍ പള്ളംദമ്പതിമാര്‍ കയറിവന്നു. എന്റെ ഉള്ളൊന്നു തണുത്തു.

പിറ്റേന്നു രാവിലെവരെ പലതും ഞങ്ങള്‍ക്ക് സംസാരവിഷയമായി. പിന്നിട്ട ഹൃദയസ്പൃക്കായ പല അനുഭവങ്ങളും കൈമാറി. അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് പ്രഹസനം മേഴത്തൂരിലരങ്ങേറിയപ്പോള്‍ മറക്കുടയുമായി വന്ന ആര്യാപള്ളം മടങ്ങുമ്പോള്‍ കുട ഉപേക്ഷിക്കാന്‍ നിശ്ചയിച്ചു. പിന്നെ ഒരിക്കലും കുടയെടുത്തില്ല. 'ആ പ്രഹസനം 12 പ്രാവശ്യമെങ്കിലും വായിച്ചിട്ടുണ്ട്. മകന്‍ (ദാമോദരന്‍) മരിച്ച ദിവസങ്ങളിലാണ് സമുദായത്തിലെ ആദ്യത്തെ വിധവാ വിവാഹത്തില്‍ പങ്കെടുത്തതും വധൂവരന്മാരെ അനുമോദിച്ചു പ്രസംഗിച്ചതും എന്തുവിഷമം വന്നാലും കൂടെയുണ്ട് എന്ന വി.ടി.യുടെ വാക്കുകള്‍ പൊതുപ്രവര്‍ത്തനത്തിന് എപ്പോഴും ബലം തന്നിട്ടുണ്ട്. -അവര്‍ പറഞ്ഞു.'

രസികസദനത്തില്‍ എന്റെ ഗൃഹപ്രവേശനദിവസം പാര്‍വതി നെന്മേനിമംഗലത്തിന്റെ അധ്യക്ഷതയില്‍ അന്തര്‍ജനയോഗം നിശ്ചയിച്ചതും ചില പുരുഷന്മാര്‍ മറയുടെ പഴുതില്‍ക്കൂടി യോഗനടപടികള്‍ വീക്ഷിക്കുന്നതുകണ്ട് കോപം വന്നതും ആര്യാപള്ളം ഓര്‍മ്മിച്ചു. ഒന്നുകില്‍ ഒളിഞ്ഞുനോക്കാതിരിക്കുക, അല്ലെങ്കില്‍ മറശ്ശീലമാറ്റി സദസ്സില്‍വന്ന് ഉപദേശം നല്‍കുക-അതാണ് പുരുഷന്മാര്‍ ചെയ്യേണ്ടിയിരുന്നത്. ഒളിഞ്ഞുനോക്കുന്ന പുരുഷാധികാരത്തെയാണ് അന്ന് ചോദ്യംചെയ്തത്. വള്ളുവനാട്ടിലെ ഒട്ടേറെ വേദികളില്‍ പിന്നീട് പ്രസംഗിക്കേണ്ടിവന്ന അവരുടെ അരങ്ങേറ്റമായിരുന്നു അത്.

വി.ടി. ഭട്ടതിരിപ്പാട്
 

പൊതുപ്രവര്‍ത്തനത്തിനിറങ്ങുന്ന സ്ത്രീകള്‍ക്ക് പുരുഷന്മാരില്‍നിന്ന് പല അപമാനങ്ങളും നേരിടേണ്ടിവരുന്നു. പൊതുവേദിയിലെ വനിത വ്യഭിചാരിണി എന്നാണ് ധാരണ. ആര്യാപള്ളത്തിന്റെ ജന്മദേശത്തുള്ള ഒരു വിദ്വാന്‍, അയാളെ കുട്ടിക്കാലത്തു പരിചയമുണ്ട്, ഒരുദിവസം പള്ളത്തെത്തി. എല്ലാവരും രാത്രിയില്‍ തേച്ചുകുളിക്കാന്‍പോയപ്പോള്‍ ഇയാള്‍ സഹശയനത്തിന് ആവശ്യപ്പെട്ടു. ആര്യാപള്ളം പരിഭ്രമിക്കാതെ ഒരുമുറിയില്‍പ്പോയി കിടക്കാനാവശ്യപ്പെട്ടു. അയാള്‍ കിടന്ന മുറിയുടെ വാതില്‍ പുറത്തുനിന്ന് പൂട്ടി. കുളിക്കാന്‍പോയവരെ വിളിച്ചുവരുത്തുകയും അവര്‍വന്ന് ഈ തെമ്മാടിയെ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യുകയും ആ രാത്രിതന്നെ പടികടത്തിവിടുകയും ചെയ്തു.

മറ്റൊരിക്കല്‍ പട്ടാമ്പിയില്‍വെച്ച് ഒരു നമ്പൂതിരി തഞ്ചത്തില്‍ റോഡില്‍ ഒത്തുകൂടി. കുറച്ചിടയ്ക്കുള്ളില്‍ ആര്യാപള്ളത്തിന്റെ കൈക്കുപിടിക്കാന്‍ ശ്രമിച്ചു. ആര്യാപള്ളം തന്റെ കൈയിലുള്ള ശീലക്കുടമടക്കി ഒരു വീക്കുവീക്കി. ഇത്തരം അപമാനങ്ങളെ ശൗര്യത്തോടെ നേരിടാനാണ് സ്വന്തം മക്കളുള്‍പ്പെടെ എല്ലാവരെയും പഠിപ്പിക്കേണ്ടത്. അന്തര്‍ജനസമാജത്തിന്റെ പ്രസിഡന്റ് എന്നനിലയില്‍ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി പാലിയംറോഡില്‍ അവര്‍ സമരംചെയ്തു. ജാഥയെ പിന്നില്‍ ആനയെക്കൊണ്ടും മുന്നില്‍ പോലീസിനെക്കൊണ്ടുമാണ് മര്‍ദിച്ചൊതുക്കിയത്. ജാഥാക്യാപ്റ്റനായ ആര്യാപള്ളത്തെ അന്ന് ലാത്തികൊണ്ടും തല്ലി. ഈ പോരാട്ടത്തിലും എല്ലാവര്‍ക്കും സ്‌നേഹവും ശക്തിയും പകര്‍ന്നുകൊടുത്തു ആ ജീവിതം.

Content Highlights: Inspiring story of Palam and Arya Pallam by V.T Bhattathirippad