മലയാറ്റൂര്‍ ഓര്‍മയായിട്ട് ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍

യക്ഷി, വേരുകൾ, ഡോക്ടർ വേഴാമ്പൽ,പൊന്നി, ദ്വന്ദ്വയുദ്ധം, യന്ത്രം, അനന്തചര്യ,നെട്ടൂർമഠം, ആറാംവിരൽ, മുക്തിചക്രം,സ്വരം,മനസ്സിലെ മാണിക്യം, രക്തചന്ദനം, തുടക്കം ഒടുക്കം...നോവൽ, തിരക്കഥ, വിവർത്തനം, ലേഖനങ്ങൾ, ആത്മകഥ, കാർട്ടൂൺ തുടങ്ങി ബഹുമുഖമേഖലകളിൽ ഇരുപതാംനൂറ്റാണ്ടിന്റെ മലയാളസാന്നിധ്യമായി നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്ന മലയാറ്റൂർ രാമകൃഷ്ണൻ ഓർമയായിട്ട് ഇരുപത്തിമൂന്ന് വർഷം പൂർത്തിയായിരിക്കുകയാണ്.
തമിഴ് ബ്രാഹ്മണസമൂഹത്തിന്റെ ജീവിതത്തെയും ഉദ്യോഗസ്ഥഭരണത്തിനകത്തെ നിഗൂഢലോകത്തെയും തുറന്നുകാട്ടുന്നതായിരുന്നു മലയാറ്റൂരിന്റെ രചനകൾ. ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുളയും ഷെർലക്ഹോംസ്കഥകളും ആദ്യമായി മലയാളത്തിലേക്ക് തർജമ ചെയ്തതും മലയാറ്റൂരാണ്.
1927 മെയ് ഇരുപത്തിയേഴിന് പാലക്കാട് ജില്ലയിലെ കെ. ആർ വിശ്വനാഥ അയ്യരുടെയും ജാനകി അമ്മാളിന്റെയും മകനായാണ് കെ.വി രാമകൃഷ്ണ അയ്യർ എന്ന മലയാറ്റൂർ രാമകൃഷ്ണൻ ജനിച്ചത്. അധ്യാപനവും അഭിഭാഷകവൃത്തിയും ചെയ്തതിനുശേഷം ചിത്രകലയിലെ അഭിരുചിയെ പോഷിപ്പിക്കാനായി ചിത്രകലാപരിഷത്തുമായി ചേർന്ന് പ്രവർത്തനമാരംഭിച്ചു. ഇടതുപക്ഷസൈദ്ധാന്തികതയിൽ ആകൃഷ്ടനാവുകയും തിരു-കൊച്ചി നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെടുകയും ചെയ്തു. വിവാഹശേഷം പത്രപ്രവർത്തനത്തിലായിരുന്നു മലയാറ്റൂരിന്റെ ശ്രദ്ധ.
ഇരുപത്തിയെട്ടാം വയസ്സിൽ രണ്ടാം ക്ളാസ് മജിസ്ട്രറ്റായി ഔദ്യോഗിക ജീവിതമാരംഭിച്ച മലയാറ്റൂർ മുപ്പത്തിയൊന്നാം വയസ്സിലാണ് ഐ.എ.എസ്സുകാരനാവുന്നത്. ഇരുപത്തിയേഴ് വർഷം നീണ്ട ഉദ്യോഗസ്ഥജീവിതംമടുത്തപ്പോൾ രാജിവെച്ച് എഴുത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. 1997 ഡിസംബർ ഇരുപത്തിയേഴിന് എഴുപതാം വയസ്സിലാണ് മലയാറ്റൂർ അന്തരിച്ചത്.
content Highlights:Remembering veteran writer Malayattoor Ramakrishnan on his 23 death Anniversary
Content Highlights: