ദർദുരഭോജനമാണ് ജോലിയെങ്കിൽ പ്രഭാതകർമമായി അതുചെയ്യുക; മാർക്ക് ട്വെയിൻ പ്രസക്തമാകുന്ന കാലം

#ഷബിത
-
-

''തവളയെ ഭക്ഷിക്കുക എന്നതാണ് നിങ്ങളുടെ ജോലിയെങ്കിൽ, പ്രഭാതത്തിലെ പ്രഥമകർമമായി അതുചെയ്യുന്നതാണ് ഉത്തമം. ഇനി രണ്ടു തവളകളെ കഴിക്കണമെന്നതാണ് നിങ്ങളിലർപ്പിക്കപ്പെട്ട ദൗത്യമെങ്കിൽ അതിൽ വലുതിനെ ആദ്യം തിന്നുക എന്നതാണ് ഏറ്റവും നല്ലത്.''

അമേരിക്കൻ സാഹിത്യത്തിന്റെ പിതാവായി അറിയപ്പെടുന്ന മാർക് ട്വെയ്ൻ എന്ന മഹാനായ സാഹിത്യകാരന്റെ വാക്കുകളാണിത്. സാമുവൽ ലാങ്ഹോൺ ക്ലെമൻസ് എന്ന മാർക് ട്വെയ്ൻ, എഴുത്തുകാരൻ, ഹാസ്യസാമ്രാട്ട്, സംരംഭകൻ, അധ്യാപകൻ, പ്രസാധകൻ തുടങ്ങി അമേരിക്കൻ സാഹിത്യ സാംസ്കാരിക മേഖലയെ ഏതെല്ലാം തരത്തിൽ ലോകോത്തര നിലവാരത്തിലേക്ക് മാറ്റാൻ കഴിയുമോ അവയെല്ലാം സ്വന്തം ഉത്തരവാദിത്തത്തിൽ പരീക്ഷിച്ച് അദ്ദേഹം വിജയിപ്പിച്ചെടുത്തു. ടോം സോയർ, ഹക്കിൾബറി ഫിൻ എന്നീ രണ്ട് ലോക ക്ളാസിക്കുകൾ  അമേരിക്കൻ നോവൽസാഹിത്യത്തിന് സംഭാവന ചെയ്തുകൊണ്ട്, ലോകസാഹിത്യത്തിന്റെ പ്രധാനഭൂമികയായി അമേരിക്കൻ സാഹിത്യത്തെ മാറ്റി പ്രതിഷ്ഠിച്ചത് മാർക് ട്വെയിനാണ്. അദ്ദേഹത്തിന്റെ മഹത്തായ സാഹിത്യസംഭാവനകൾ മാനിച്ചുകൊണ്ട് സാഹിത്യകാരൻ വില്യം ഫോക്നറാണ് ട്വെയ്നിനെ അമേരിക്കൻ സാഹിത്യത്തിന്റെ പിതാവ് എന്ന് അഭിസംബോധന ചെയ്തത്.

''ലോകത്തിൽ ഏറ്റവും എളുപ്പം സാധ്യമാകുന്ന ഒരേയൊരു കാര്യം പുകവലി ഉപേക്ഷിക്കുക എന്നതാണ്. കാരണം ഞാനത് ആയിരം തവണ ചെയ്തു കഴിഞ്ഞു.'' എന്ന് ട്വെയ്ൻ പറഞ്ഞത് ലോകപ്രശസ്ത പ്രസ്താവനകളിൽ ഒന്നാണ്. മനുഷ്യന്റെ നിസ്സാരതയെ ഇത്രമേൽ ഹാസ്യവത്ക്കരിച്ച മറ്റൊരു എഴുത്തുകാരൻ പിന്നെ ഉണ്ടായിട്ടുണ്ടോ എന്നു ചോദിച്ചാൽ മറുപടി അല്പം വൈകും.

''സത്യം പറയുന്നതുകൊണ്ട് ഒരു വലിയ ഗുണമുണ്ട് മറ്റൊന്നും നിങ്ങൾ ഓർത്തുവയ്ക്കേണ്ടതില്ല' എന്നു പറഞ്ഞ് പൊട്ടിച്ചിരിച്ച ട്വെയ്ൻ തന്റെ ചിരിയെയും ഇങ്ങനെ അടയാളപ്പെടുത്തി ''മനുഷ്യരാശിയുടെ കയ്യിലുള്ള ആകെയൊരു ഉപകാരപ്രദമായ ആയുധം അവന്റെ ഈ ചിരി മാത്രമാണ്.'' തീർന്നില്ല അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ-''കോളിഫ്ളവറിനെ കാണുമ്പോൾ കാബേജിന് കോളേജ് വിദ്യാഭ്യാസം ലഭിച്ചതുപോലെയുണ്ട്. അല്ലാതെ രണ്ടും തമ്മിൽ വലിയവ്യത്യാസമൊന്നുമില്ല.' ഇതിൽ നമ്മൾ കാബേജാണോ അതോ കോളിഫ്ളവറോ എന്ന സംശയം മാത്രം സ്വയം ദൂരീകരിച്ചാൽ മതി.

''അലിവ് എന്ന ഭാഷ ബധിരന് കേൾക്കാനുള്ളതും അന്ധന് കാണാനുള്ളതുമാണ്'' എന്നദ്ദേഹം പ്രസ്താവിക്കുമ്പോൾ നോക്കൂ എത്ര ആഴത്തിലുള്ളതാണ് അദ്ദേഹത്തിന്റെ വാക്പ്രയോഗങ്ങൾ. രസച്ചരടുകൾ തന്റെ സംസാരത്തിലുടനീളം കാത്തുസൂക്ഷിക്കുന്നതിൻ അഗ്രഗണ്യനായിരുന്ന ട്വെയ്ൻ ഒരു പ്രസാധകന്റെ കണ്ണിലൂടെ ആരോഗ്യ പുസ്തകങ്ങളെ ഇങ്ങനെ വിലയിരുത്തുന്നു- ''ആരോഗ്യപ്രസിദ്ധീകരണങ്ങൾ വായിക്കുമ്പോൾ സൂക്ഷിക്കുക, നിങ്ങൾ മരിച്ചുപോവുക ഒരു പക്ഷേ അച്ചടിയിലെ ഒരക്ഷരത്തിന്റെ അഭാവംകൊണ്ടായിരിക്കാം.''

''മറ്റുള്ളവരുടെ ഒരുനല്ല വാക്കുകൊണ്ട് എനിക്ക് രണ്ടുമാസം ജീവിക്കാൻ കഴിയും'' എന്നദ്ദേഹം പറയുമ്പോൾ ഓർത്തുനോക്കൂ ചെലവില്ലാതെ എത്രപേരെ നമുക്ക് എത്രകാലം ജീവിപ്പിക്കാം എന്ന്. കൂട്ടത്തിൽ ഓർക്കണം ഇതിനകം നമ്മൾ എത്രപേരെ കൊന്നുകഴിഞ്ഞു എന്നും.

''മനുഷ്യന് ഒരിക്കലും സ്വസ്ഥനാവാൻ കഴിയില്ല അവൻ സ്വയം അംഗീകരിക്കാതെ''- ആത്മവിശ്വാസത്തിന്റെ പടവുകൾ കയറാൻ അന്യന്റെ കൈ പിടിക്കേണ്ട മറിച്ച് അവനവനെത്തന്നെ സ്വയം നെഞ്ചോട് ചേർക്കൂ എന്നാണ് ട്വെയ്ൻ പറഞ്ഞത്.
''യുക്തിപരമായി ചിന്തിക്കുകയാണെങ്കിൽ ഒരു പുസ്തകത്തിനും അത്രയ്ക്ക് നല്ല അടുക്കും ചിട്ടയുമൊന്നുമില്ല. അത് ഉണ്ടാക്കിയെടുക്കുക എന്നതാണ് വായനക്കാരൻ ചെയ്യുന്നത്.'' എന്നു പറഞ്ഞുകൊണ്ട് വായനയുടെ ദൗത്യം എഴുത്തിനേക്കാളും എത്രശ്രമകരവും അച്ചടക്കവുമുള്ളതായിരിക്കണം എന്ന് ട്വെയ്ൻ നിർദേശിക്കുന്നു.
''വിദ്യാസമ്പന്നനായ ഒരു തെക്കന് R എന്ന അക്ഷരം കൊണ്ട് ഒരു ഉപയോഗവുമില്ല, വാക്കിന്റെ തുടക്കത്തിലല്ലാതെ.''എന്നദ്ദേഹം പറയുമ്പോൾ R എന്ന അക്ഷരം ഉണ്ടാക്കുന്ന ആശയക്കുഴപ്പത്തെയും തന്റെ ചിന്തയിലേക്ക് കൊണ്ടു വന്നിരുന്നു എന്നുവേണം കരുതാൻ. ഉച്ചാരണം ഒരു സംസ്കാരത്തെ പ്രതിനിധാനം ചെയ്യുന്നു എന്നു സമർഥിക്കാൻ മാർക് ട്വെയിനിന്റെ ഈ ലളിതമായ വാചകം മതി.

വാക്കുകൾ കൊണ്ട് യുക്തിയുടെയും സാമാന്യബോധത്തിന്റെയും കടൽ തീർത്ത മാർക് ട്വെയ്നിന്റെ അതിപ്രശസ്തമായ പ്രസ്താവനകളിൽ ചിലതു കൂടി വായിക്കാം.
''വായയ്ക്ക് വിശ്രമമില്ലാതെ നിരന്തരം സംശയം ചോദിച്ച് ദൂരീകരിക്കുന്നതിലും നല്ലത് മിണ്ടാതെയിരുന്ന് നിങ്ങൾ ഒരു വിഡ്ഢിയാണെന്ന് ആളുകൾ കരുതുന്നതാണ്.''
''അടിസ്ഥാനപരമായി ആളുകൾ രണ്ട് തരത്തിലാണ് ഉള്ളത്. ഒന്നാമത്തേത് കാര്യങ്ങൾ ഉത്തരവാദിത്തത്തോടെ നിർവഹിക്കുന്ന ആളുകൾ, രണ്ടാമത്തേത് കാര്യങ്ങൾ നേടിയെടുത്തെന്ന് അവകാശപ്പെടുന്ന ആളുകൾ ആദ്യത്തേതിൽ തിരക്ക് കുറവാണ്.''

''മറ്റന്നാൾ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ നാളെവരെ മാറ്റി വയ്ക്കരുത്'' എന്നു പറയുമ്പോൾ അദ്ദേഹം ആഹ്വാനം ചെയ്യുന്ന കർമനിരതയെക്കുറിച്ച് ചിന്തിക്കാനുളള അർഹത നമുക്കുണ്ടോ എന്നുകൂടി ആത്മപരിശോധന നടത്തുന്നത് നല്ലതാണ്.

തീർന്നില്ല, അമേരിക്കൻ സാഹിത്യത്തിന്റെ കുലപതിയുടെ വിഖ്യാത വചനങ്ങൾ: ''കോപം ഒരു ആസിഡാണ് അത് സംഭരിച്ചിരിക്കുന്ന പാത്രത്തിനാണ് പകർന്ന പാത്രത്തേക്കാൽ കൂടുതൽ ദോഷം വരുത്തുക.'' നമ്മളൊക്കെ ഓരോ ആസിഡ് സംഭരണികളല്ലേ അപ്പോൾ! 1835 നവംബർ മുപ്പതിന് ഫ്ളോറിഡയിൽ ജനിച്ച സാമുവൽ ലാങ്ഹാം ക്ളെമൻസ് എന്ന മാർക് ട്വെയ്ൻ തന്റെ പതിനൊന്നാമത്തെ വയസ്സിൽ പിതാവ് അന്തരിച്ചതിനുശേഷം ദുസ്സഹമായ ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയത്. പല ജോലികളും ചെയ്തു. വിദ്യാഭ്യാസം ഉക്ഷേിച്ചു. ഒരു പെയിന്ററുടെ അപ്രിന്റിസായി കുറച്ചുകാലം ജോലി ചെയ്തു. പിന്നെ സ്റ്റീം ബോട്ടുമാനായി ജോലിചെയ്തു. സ്വന്തമായി ടൈപ്പ്സെറ്റിംഗ് സ്ഥാപിച്ച് ടൈപിങ് ജോലി ചെയ്തു. ഒന്നും വിചാരിച്ചതുപോലെ ശരിയായില്ല. നിലനിൽപിന്റെ പ്രതിസന്ധി രൂക്ഷമായപ്പോൽ വിർജീനിയയിലെ കോംസ്റ്റോക് ലോഡ് എന്ന ഖനനശാലയിൽ തൊഴിലാളിയായി. അതും വിജയിച്ചില്ല. പിന്നെ നേരെ വെർജീനിയ സിറ്റിയിലെ ടെറിട്ടോറിയൽ എന്റർപ്രൈസിലേക്ക്. കാഴ്സന്റെ കത്തുകൾ എന്ന തലക്കെട്ടോടെ യാത്രാവിവരണങ്ങൾ എഴുതാൻതുടങ്ങി. ആദ്യമായി മാർക് ട്വെയ്ൻ എന്ന തൂലികാനാമം അച്ചടി മഷി പുരണ്ടു. കാഴ്സന്റെ കത്തുകൾ സൂപ്പർഹിറ്റായി. കാരണം നർമമായിരുന്നു ആ എഴുത്തുകളുടെ മർമം.പിന്നെ ട്വെയ്ൻ വിഖ്യാതനായ പത്രപ്രവർത്തകനായി. എഴുത്തുകാരനായി, നോവലിസ്റ്റായി, പ്രമുഖ യൂണിവേഴ്സ്റ്റികളിലെ അതിഥി അധ്യാപകനായി. ചുരുക്കിപ്പറഞ്ഞാൽ തിരിഞ്ഞുനോക്കാൻ സമയമില്ലാതായി. അതിനിടയിൽ ട്വെയ്നിന് അസ്ഥിയ്ക്കു പിടിച്ച ഒരു പ്രണയമുണ്ടായിരുന്നു. ഒലീവിയ ലാങ്ഡൺ എന്ന യുവതിയുമായിട്ട്. അവർ ആദ്യമൊക്കെ നിരസിച്ചെങ്കിലും താൻ ലക്ഷ്യം വച്ചതിനെ തന്റേതാക്കി മാറ്റുന്ന ദൃഢചിത്തനായ ട്വെയ്നിന്റെ മുന്നിൽ അടിയറവ് പറഞ്ഞു. താമസിയാതെ അവർ വിവാഹിതരായി. മുപ്പത്തിനാല് വർഷം നീണ്ടുനിന്ന ആ ദാമ്പത്യം അവസാനിച്ചത് പ്രിയ സഖിയുടെ മരണത്തോടെയാണ്. അതിനിടയിൽ ട്വെയ്ൻ സാഹിത്യത്തിന്റെ കൊടുമുടിയിലേക്ക് പ്രതിഷ്ഠിക്കപ്പെടുന്നതിന് ഒലീവിയ സാക്ഷ്യം വഹിച്ചു.

ശാസ്ത്രവും സാങ്കേതികതയും മാർക് ട്വെയ്നിന് എന്നും ഒരു ഹരമായിരുന്നു. ഫിംഗർ പ്രിന്റ് ഒരു ഫോറൻസിക് തെളിവെടുപ്പ് മാതൃകയായി അവതരിപ്പിച്ചവരിൽ പ്രഥമനാണ് അദ്ദേഹം. പഡൻഹെഡ് വിൽസൺ എന്ന നോവലിൽ ഫിംഗർപ്രിന്റിന്റെ സാധ്യതയെക്കുറിച്ച് വിവരണമുണ്ട്. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന എഴുത്തുകാരൻ എന്ന ഖ്യാതി ട്വെയ്ൻ സ്വന്തമാക്കിയിരുന്നെങ്കിലും ആ പണമെല്ലാം മറ്റു പല സംരംഭങ്ങളിലും നിക്ഷേപിക്കുക വഴി ജീവിതം വഴിമുട്ടുന്ന അവസ്ഥയാണ് അദ്ദേഹം അഭിമുഖീകരിച്ചിരുന്നത്. പണത്തിന്റെ ഉദ്ദേശം അതാണ്- ഒരിടത്തും നിന്നുവാങ്ങി മറ്റൊരിടത്തുകൊടുക്കുക. അതിനപ്പുറത്തേക്കുള്ള സാമ്പത്തിക സുരക്ഷിതത്വമൊന്നും അദ്ദേഹം ഗൗനിച്ചിരുന്നില്ല. കാലങ്ങൾ കഴിഞ്ഞുപോകവേ എഴുത്തും കുടുംബവും കുടുംബമെന്നാൽ മക്കൾ മാത്രമായി ട്വെയ്നിന്റെ ലോകം. മസ്തിഷ്കജ്വരം ബാധിച്ച് മകൾ സൂസി നിര്യാതയായപ്പോൾ അദ്ദേഹം വിഷാദത്തിലേക്ക് കൂപ്പുകുത്തി.ഒരിക്കലും തിരിച്ചുകയറാൻ ആഗ്രഹിച്ചതുമില്ല. അതിനിടയിൽ ആത്മാർഥ സുഹൃത്തുക്കൾ ഒന്നൊന്നായി മരണപ്പെട്ടുകൊണ്ടിരുന്നു. അധികം താമസിയാതെ 1910 ഏപ്രിൽ ഇരുപത്തിയൊന്നിന് മാർക്ക് ട്വെയ്ൻ നിത്യശാന്തിപുൽകി. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വചനങ്ങളിലൂടെ ട്വെയ്ൻ ഓരോ തലമുറകളിലൂടെയും ജീവിക്കുന്നു.

ലോകം സർഗാത്മകതയുടെയും നവീനാശയങ്ങളുടെയും ദിവസമായി ഏപ്രിൽ ഇരുപത്തിയൊന്നിനെ കൊണ്ടാടുമ്പോൾ അതൊരു മഹാസാഹിത്യകാരനുള്ള അക്ഷരാഞ്ലികൂടിയാണ്. അക്ഷരങ്ങളെയും നൂതനാശയങ്ങളെയും ജീവനേക്കാൾ വിലകല്പിച്ച മാർക് ട്വെയ്ൻ, ഹക്കിൾബറി ഫിൻ എന്ന ഒരൊറ്റ നോവൽമതി താങ്കൾ ഞങ്ങളെ ജീവിതം പഠിപ്പിക്കുകയാണ് എന്നു പറയാൻ.

Content Highlights: Remembering famous Writer Mark twain Huckleberry Finn Tom Sawyer

Content Highlights: