സൈക്കിളിൽ പുസ്തകവുമായി വരും; രവീന്ദ്രന്റെ കാലൊച്ച കാതോർത്ത് കിടപ്പുരോഗികളും പ്രായമായവരും

തിക്കോടി: പള്ളിക്കര ഗ്രാമത്തിലെ നാട്ടിടവഴികളിലൂടെ വൈകുന്നേരങ്ങളിൽ സൈക്കിളിൽവന്ന് തന്റെ കൈയിൽ ഭദ്രമായി സൂക്ഷിച്ച സഞ്ചി ചെറുചിരിയോടെ തുറന്ന് ആവശ്യക്കാർക്ക് കൈമാറുമ്പോൾ പള്ളിക്കര പുതിയോട്ടിൽ രവീന്ദ്രന് (58) മനസ്സിന് എന്തെന്നില്ലാത്ത സന്തോഷമാണ്. പെയിന്റിങ് ജോലി കഴിഞ്ഞുള്ള സമയത്തിനിടയിൽ അഞ്ചുവർഷത്തോളമായി രവീന്ദ്രൻ വായനക്കാരെത്തേടി പുസ്തകവും ചുമന്നുള്ള യാത്ര തുടങ്ങിയിട്ട്.
ഈ യാത്രയിൽ നൂറുകണക്കിന് പുസ്തകങ്ങൾ കുട്ടികൾക്കും വീട്ടമ്മമാർക്കും കിടപ്പുരോഗികൾക്കും വായനയെ ഗൗരവമായി കരുതുന്ന മറ്റു പലരുടെയും കൈകളിലെത്തിച്ചുകഴിഞ്ഞതായി രവീന്ദ്രൻ പറഞ്ഞു.
ആദ്യകാലങ്ങളിൽ സ്ഥിരവായനക്കാരായ പ്രായമുള്ളവർക്കും രോഗികൾക്കും ലൈബ്രറിയുടെ ഉയരമുള്ള കോണികയറിയെത്താൻ പ്രയാസമായതോടെയാണ് പുസ്തകങ്ങൾ ഇവരുടെ വീടുകളിലെത്തിച്ച് കൊടുത്തത്. ഇതറിഞ്ഞ വായനയോട് താത്‌പര്യമുള്ള സ്ത്രീകളും കുട്ടികളും പുസ്തകമാവശ്യപ്പെടാൻ തുടങ്ങി. ഇതോടെ രവീന്ദ്രൻ ആവശ്യക്കാരുടെയെല്ലാം വീടുകളിൽ പുസ്തകമെത്തിച്ചുതുടങ്ങി. ഏകദേശം 35-ഓളം വീടുകളിൽ സ്ഥിരമായി പുസ്തകമെത്തിക്കുന്നു. ലൈബ്രറിയിലില്ലാത്ത പുസ്തകം സുഹൃത്തുക്കളിൽനിന്ന് സംഘടിപ്പിച്ചുകൊടുക്കും.
പഴയ തലമുറയ്ക്ക് ബഷീർ, കേശവദേവ്, എം.ടി, ടി. പത്മനാഭൻ, തകഴി എന്നിവരോടാണ് കൂടുതൽ താത്‌പര്യം. വായിച്ചുതുടങ്ങുന്ന കുട്ടികൾക്ക് ബഷീറിന്റെ പുസ്തകവും നൽകും. യുവാക്കൾ പുതിയ തലമുറയിലെ പുസ്തകമാണ് കൂടുതൽ ആവശ്യപ്പെടുന്നത്. അഖിൽ പി. ധർമജന്റെ ‘റാം കെയർഓഫ് ആനന്ദി’, ‘രാത്രി പന്ത്രണ്ടിന് ശേഷം’, മാതൃഭൂമി പ്രസിദ്ധീകരിച്ച ആർ. രാജശ്രീയുടെ ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട്സ്ത്രീകളുടെ കത’, ‘ആത്രേയകം’, പി.വി. ഷാജികുമാറിന്റെ ‘മരണവംശം’, ബാബു അബ്രഹാമിന്റെ ‘കമ്പിളികണ്ടത്തെ കൽഭരണികൾ’ തുടങ്ങിയ പുസ്തകങ്ങൾക്ക് ആവശ്യക്കാർ കൂടുതലാണെന്നും രവീന്ദ്രൻ പറഞ്ഞു.
“വായന മരിക്കുന്നു എന്നുപറയുന്നത് ശരിയല്ല. കൂടുതൽ കുട്ടികളും യുവാക്കളും വായനാരംഗത്തേയ്ക്ക് കടന്നുവരുന്നുണ്ട്. പുസ്തകങ്ങൾ വായിച്ച് വീട്ടമ്മമാർ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നാറുണ്ട്. കുട്ടികളെ മെബൈലിൽനിന്ന് മോചിപ്പിക്കാനുള്ള മരുന്നുകൂടിയാണ് പുസ്തകവായന”-രവീന്ദ്രൻ പറഞ്ഞു.
Content Highlights: Ravindran, 58, delivers books to over 35 homes in Pallikkara., Special focus on providing literature to bedridden patients and the elderly., Promotes reading habits among children to reduce screen time., Curates books ranging from classic Malayalam literature to contemporary youth fiction., An inspiring model of community service and literacy promotion.