ബ്രിട്‌നി സ്പിയേഴ്‌സ്, ഹാരി, ജെയിംസ് ക്ലേര്‍...ജീവിതം തുറക്കുന്ന പുസ്തകം, കോപ്പികള്‍ ലക്ഷങ്ങള്‍!

അത്ഭുതങ്ങളും ആശ്ചര്യങ്ങളും ദുരന്തങ്ങളും സന്തോഷങ്ങളും മറിമായങ്ങളും എല്ലാ വര്‍ഷവുമെന്നതുപോലെ 2023-ലും സംഭവിച്ചു. അനവധി പുസ്തകങ്ങളിറങ്ങി, അതിലുമധികം സിനിമകള്‍ വന്നു, വെബ് സീരീസും ഡോക്യുമെന്ററികളും പുതിയ വേഷത്തിലും ഭാവത്തിലുമെത്തി. വായനക്കാരേക്കാള്‍ കൂടുതല്‍ എഴുത്തുകാരുണ്ടായേക്കാവുന്ന ഘട്ടവുമെത്തി! ലോകം എത്രകണ്ട് കീഴ്‌മേല്‍ മാറിമറിഞ്ഞാലും പുസ്തകവായന ഒരു വികാരമായിത്തന്നെ മനുഷ്യന്റെയുള്ളില്‍ കുടിയിരിക്കുന്നു എന്ന് തെളിയിക്കുകയാണ് 2023. ഈ വര്‍ഷം ലോകവായനയെ നിര്‍ണയിച്ച, ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ പുസ്തകങ്ങളെക്കുറിച്ച്...
നല്ലനടപ്പിന്റെ ആവശ്യകതയുമായി 'അറ്റോമിക് ഹാബിറ്റ്‌സ്'
2023-ല്‍ പതിനഞ്ച് മില്യണ്‍ കോപ്പികള്‍, അമ്പത് ഭാഷകളിലേക്ക് വിവര്‍ത്തനം! പുസ്തകത്തിലെ ഈ വര്‍ഷം ജെയിംസ് ക്ലെയറിന്റേതാണ്. മോട്ടിവേഷണല്‍ പുസ്തകങ്ങളുടെ പെരുമഴക്കാലം കൂടിയാണ് കോവിഡാനന്തര പുസ്തകവിപണി. മോട്ടിവേഷണല്‍ പുസ്തകങ്ങളിലെ തിളങ്ങുന്ന താരമായി മാറിയിരിക്കുകയാണ് 'അറ്റോമിക് ഹാബിറ്റ്‌സ് ആന്‍ ഈസി ആന്‍ഡ് പ്രൂവണ്‍ വേ റ്റു ബില്‍ഡ് ഗുഡ് ഹാബിറ്റ്‌സ് ആന്‍ഡ് ബ്രേക്ക് ബാഡ്് വണ്‍സ്.' മനുഷ്യന്റെ സ്വഭാവരൂപീകരണത്തെ ഫലപ്രദമായി സ്വാധീനിക്കുന്ന ഘടകങ്ങളെക്കുറിച്ച് ആധികാരികമായി പഠനം നടത്തുകയും സാമൂഹിക ജീവി എന്ന നിലയിലും വ്യക്തി എന്ന നിലയിലും മനുഷ്യന്‍ പാലിക്കേണ്ടതായ പ്രായോഗിക തന്ത്രങ്ങളെക്കുറിച്ചും വിശദമാക്കിക്കൊണ്ടാണ് 2023-ലെ ഏറ്റവും വില്‍പന നേടിയ പുസ്തകത്തിന്റെ രചയിതാവായി ജെയിംസ് ക്ലെയര്‍ മാറിയത്. സദ്ഗുണങ്ങളെ എങ്ങനെ അവനവനില്‍ നിലനിര്‍ത്തിക്കൊണ്ടുപോകാമെന്നും ദുഷ്പ്രവണതകളെ ഏതുവിധത്തില്‍ സംയമനത്തോടെ സ്വയം കൈകാര്യം ചെയ്യണമെന്നും അറ്റോമിക് ഹാബിറ്റ്‌സ് വിശദമാക്കുന്നുണ്ട്. ഓരോ വ്യക്തിക്കുമുള്ളിലെ ചെറിയ ചെറിയ ഗുണങ്ങളെ ഏതുവിധത്തില്‍ പരിപോഷിപ്പിക്കണമെന്നും ക്രമേണ ആ ഗുണങ്ങള്‍ തന്നെ അവന്റെ മാസ്റ്റര്‍ഗുണമായി മാറാനുള്ള തന്ത്രങ്ങളും വായനക്കാര്‍ക്കു പകര്‍ന്നുതരികയാണ ഈ പുസ്തകം.
ശീലങ്ങള്‍ മാറ്റാന്‍ ശ്രമിക്കുമ്പോള്‍ അനുഭവിക്കുന്ന പ്രശ്ങ്ങളെ കൈകാര്യം ചെയ്യേണ്ടത് ഏതുവിധത്തിലായിരിക്കണമെന്ന് ജെയിംസ് ക്ലെയര്‍ വിശദമാക്കുന്നുണ്ട്. അത് നമ്മുടെ പ്രശ്‌നമല്ല, മറിച്ച് സിസ്റ്റത്തിന്റെ പ്രശ്‌നമാണെന്നാണ് ക്ലെയറിന്റെ വാദം. ദുശ്ശീലങ്ങള്‍ ആവര്‍ത്തനങ്ങളായിക്കൊണ്ടിരിക്കുന്നതിന്റെ കാരണം നമുക്ക് മാറ്റം ആവശ്യമില്ലാത്തതുകൊണ്ടല്ല, മറിച്ച് അത് മാറ്റാനായി നമ്മള്‍ തിരഞ്ഞെടുക്കുന്ന 'സിസ്റ്റം' തെറ്റായതിനാലാണ്. ലക്ഷ്യങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതില്‍ നമ്മള്‍ ശ്രദ്ധിക്കുന്നില്ല; അതോടെ നമ്മുടെ സിസ്റ്റത്തിന്റെ നിലവാരത്തിനും പതനം സംഭവിക്കുന്നു. ഈ പുസ്തകത്തിലൂടെ വായനക്കാരെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ സഹായിക്കുന്ന തെളിയിക്കപ്പെട്ട സിസ്റ്റത്തെ പരിചയപ്പെടുത്തുകയാണ് എഴുത്തുകാരന്‍.
സ്‌പെയര്‍: 'രാജ'ഭാരം ഇറക്കിവെച്ച ഹാരി
2023 ജനുവരി പത്ത് അടയാളപ്പെടുത്തപ്പെട്ടത് ഹാരി രാജകുമാരന്റെ ദിനമായിട്ടാണ്. അദ്ദേഹത്തിന്റെ ആത്മകഥ അഥവാ ഓര്‍മക്കുറിപ്പുകളുടെ സമാഹാരവുമായി പെന്‍ഗ്വിന്‍ റാന്റം ഹൗസ് ബ്രിട്ടീഷ് രാജകുടുംബത്തെയും ലോകത്തെയുമൊന്നാകെ ഞെട്ടിച്ചു. 416 പേജുകളുള്ള പുസ്തകത്തിലൂടെ തന്റെ അതുവരെയുള്ള ജീവിതവും അരമനരഹസ്യങ്ങളും ഹാരി തുറന്നുവെച്ചു. പ്രീപബ്ലിക്കേഷന്‍ കാലയളവില്‍ പതിനഞ്ചോളം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത സ്‌പെയര്‍ മൂന്നര മില്യണ്‍ കോപ്പികളാണ് കഴിഞ്ഞ നവംബര്‍ വരെ വിറ്റഴിച്ചത്. അച്ചടിയോടൊപ്പം തന്ന ഓഡിയോ ബുക്കും വന്‍തോതില്‍ വിറ്റഴിക്കപ്പെട്ടു. ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്നും വളരെ ചെറുപ്പം തൊട്ടേ താന്‍ അനുഭവിച്ചുവന്ന തഴയലുകളുടെ കഥ പറഞ്ഞ ഹാരി രാജകുമാരനെ ലോകം തന്നെ ഏറ്റെടുത്ത വര്‍ഷം കൂടിയാണ് 2023.
ഹാരിയുടെ ഓര്‍മകള്‍ ഏകോപിപ്പിച്ച് എഴുതിയെടുത്തത് നോവലിസ്റ്റും മാധ്യമപ്രവര്‍ത്തകനും പുലിറ്റ്‌സര്‍ പ്രൈസ് ജേതാവുമായ ജെ.ആര്‍ മൊഹ്രിഞ്ചര്‍ ആണ്. ആദ്യത്തെ കുഞ്ഞിനെയും രണ്ടാമത്തെ കുഞ്ഞിനെയും യഥാക്രമം 'heir and spare' എന്നാണ് പാട്രിയാര്‍ക്കല്‍ രാജകുടുംബസംവിധാനത്തില്‍ പൊതുവേ വിളിച്ചുവരാറുള്ളത്. ആദ്യത്തെ കുഞ്ഞ് അധികാരങ്ങളുടെ അനന്തരാവകാശി എന്ന നിലയില്‍ heir എന്ന് അഭിസംബോധന ചെയ്യപ്പെടുന്നു. രണ്ടാമന് ഒന്നാമന്റെ അഭാവത്തില്‍ മാത്രമേ റോളുള്ളൂ എന്നതിനാല്‍ രണ്ടാമത്തെയാളെ spare എന്ന് വിളിക്കപ്പെടുന്നു. അതില്‍ പരിഹാസവും നിറഞ്ഞിരിക്കുന്നു.
വെയ്ല്‍സിലെ രാജകുമാരിയും തന്റെ അമ്മയുമായ ഡയാനയെക്കുറിച്ചുള്ള വേദനാജനകമായ ഓര്‍മകള്‍ ഹാരി പുസ്തകത്തില്‍ പങ്കുവെക്കുന്നുണ്ട്. പിതാവ് ചാള്‍സ് രാജാവ് മൂന്നാമനുമായും സഹോദരന്‍ വില്യമുമായും തനിക്കുണ്ടായിരുന്ന വൈകാരിക ബന്ധം എന്തായിരുന്നു എന്ന് ഹാരി വിശദമാക്കുന്നു. ചാള്‍സ് രാജാവിന്റെ വിവാദ കാമുകിയും പിന്നീട് ഭാര്യയുമായ കാമില പാര്‍ക്കറെക്കുറിച്ചും അമേരിക്കന്‍ നടി മേഗന്‍ മെര്‍ക്കലുമായുള്ള തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെ രാജകുടുംബം ഏതുരീതിയില്‍ നോക്കിക്കണ്ടുവെന്നും ഹാരി തുറന്നുപറയുന്നുണ്ട്. വിവേചനം അതിന്റെ എല്ലാ അതിര്‍വരമ്പുകളെയും ലംഘിച്ചുകൊണ്ട് മുന്നേറിയപ്പോള്‍ രാജകുടുംബമെന്ന 'ബാധ്യത' അഴിച്ചുവെച്ചുകൊണ്ട് ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തെയും കൈപിടിച്ച് വെറും ഹാരിയായി കൊട്ടാരത്തിനുപുറത്തേക്ക്, പൊതുജനമധ്യത്തിലേക്ക് ഇറങ്ങി നടന്ന ഹാരിയെ ഈ പുസ്തകത്തില്‍ കാണാം.
പുസ്തകം അതിന്റെ പ്രാരംഭദശയിലേക്ക് കടന്നപ്പോള്‍ത്തന്നെ അനവധി വിമര്‍ശനങ്ങളും അതേ സമയം പ്രോത്സാഹനങ്ങളും ഏറ്റുവാങ്ങി. ബ്രിട്ടീഷ് രാജകുടുംബാംഗം എന്ന നിലയില്‍ സൂക്ഷിക്കേണ്ടതായിട്ടുള്ള രഹസ്യങ്ങള്‍ ഹാരി സൂക്ഷിച്ചില്ല, രാജകുടുംബത്തിന് കളങ്കമുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ ആരോപണങ്ങള്‍ നേരിട്ടപ്പോള്‍ ഹാരിയുടെ തുറന്നുപറച്ചിലിനെ അത്യന്തം വികാരാവേശത്തോടെ ഏറ്റുവാങ്ങിയവരുടെ എണ്ണമായിരുന്നു കൂടുതല്‍.
അയേണ്‍ ഫ്‌ളെയിം- ന്യൂ അഡല്‍റ്റ് ഫിക്ഷനുമായി റബേക്ക യരോസ്
പോയ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ പുസ്തകങ്ങളുടെ ലിസ്റ്റില്‍ ആദ്യസ്ഥാനങ്ങള്‍ നോണ്‍ഫിക്ഷനുകള്‍ കീഴടക്കിയപ്പോള്‍ നോവലുകള്‍ക്കും മികച്ച പ്രതികരണവും വായനയുമാണ് ഉണ്ടായിരിക്കുന്നത്. അമേരിക്കന്‍ നോവലിസ്റ്റ് റബേക്ക യരോസ് അവതരിപ്പിച്ച 'എംപീരിയന്‍' സീരീസിലെ രണ്ടാമത്തെ നോവലായ അയേണ്‍ ഫ്‌ളെയിം ഒന്നരമാസം കൊണ്ട് രണ്ടര മില്യണ്‍ കോപ്പികളോടെ വായനയില്‍ മുന്നിട്ടുനില്‍ക്കുന്നു. നവംബര്‍ ഏഴിനാണ് അയേണ്‍ ഫ്‌ളെയിം പുറത്തിറങ്ങിയത്. ന്യൂ അഡല്‍റ്റ് ഫിക്ഷന്‍ ഴോണറില്‍ എഴുതിയിരിക്കുന്ന എംപീരിയന്‍ സീരീസിലെ കേന്ദ്രകഥാപാത്രം വയലറ്റ് സൊറെഗെയ്ല്‍ എന്ന ഇരുപതുകാരിയായ വിദ്യാര്‍ഥിനിയാണ്. യൂറോപ്യന്‍ നോവല്‍ സാഹിത്യത്തിലെ പുതിയ ആഖ്യാനപരീക്ഷണമായി അറിയപ്പെടുന്ന ന്യൂഅഡല്‍റ്റ് ഫിക്ഷന്‍ ഡിമാന്റ് ചെയ്യുന്നത് 18നും 29നും ഇടയില്‍ പ്രായമുള്ള നായകനെയോ നായികയെയോ ആണ്. ഈ പ്രായത്തിലുള്ള കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുക വഴി യുവാക്കളെ വായനയിലേക്ക് ആകര്‍ഷിക്കാന്‍ എഴുത്തുകാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 2009-ല്‍ ന്യൂയോര്‍ക്കിലെ സെന്റ്. മാര്‍ട്ടിന്‍സ് പ്രസ് ആണ് ന്യൂ അഡല്‍റ്റ് ഫിക്ഷന്‍ എന്ന പദം ഉപയോഗിക്കുന്നത്. റബേക്കയുടെ നായികയായ വയലറ്റ് മിടുക്കിയായ ഒരു ഡ്രാഗണ്‍ റൈഡര്‍ കൂടിയാണ്. നിശ്ചയദാര്‍ഢ്യവും കൂര്‍മബുദ്ധിയുള്ള വയലറ്റ് താന്‍ പഠിക്കുന്ന ബാസ്ഗിയാത്ത് സൈനിക കോളേജില്‍ നേരിടുന്ന പ്രതിസന്ധികളും തരണങ്ങളുമാണ് മുഖ്യപ്രമേയം.
പ്രകാശനനാളില്‍ത്തന്നെ ലോകമെമ്പാടും വലിയ സ്വീകാര്യത നേടിയ നോവലാണ് അയേണ്‍ ഫ്‌ളെയിം. എംപീരിയന്‍ സീരീസിലെ ആദ്യനോവലായ ഫോര്‍ത്ത് വിങ് രണ്ട് മില്യണ്‍ കോപ്പികളാണ് ലോകമെമ്പാടും വിറ്റഴിച്ചത്.
പതിനാലാം വയസ്സിലെ പുകവലി മുതല്‍ ജീവിതത്തില്‍ നടന്നതെല്ലാം പറഞ്ഞ 'ദ വുമണ്‍ ഇന്‍ മി'
സ്വാതന്ത്ര്യം, പ്രശസ്തി, മാതൃത്വം, അതിജീവനം, വിശ്വാസം, പ്രതീക്ഷ തുടങ്ങിയവയെക്കുറിച്ച് അതിധീരമായ കാഴ്ചപ്പാടുകളും നിരീക്ഷണങ്ങളും പങ്കുവെക്കുകയാണ് പോപ്പ് ഗായിക ബ്രിട്‌നി സ്പിയേഴ്‌സ് തന്റെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ 'ദ വുമണ്‍ ഇന്‍ മി' എന്ന പുസ്തകത്തിലൂടെ. പുസ്തകമിറങ്ങിയ ഉടന്‍ തന്നെ ഒന്നര മില്യണ്‍ കോപ്പികളാണ് യുനൈറ്റഡ് സ്റ്റേറ്റ്‌സില്‍ മാത്രം വിറ്റുപോയത്. ആഗോളതലത്തില്‍ ഇതുവരെ രണ്ടര മില്യണ്‍ കോപ്പികളാണ് ചെലവായത്. പോരാത്തതിന് 24 ഭാഷകളിലേക്ക് വിവര്‍ത്തനവും.
ബ്രിട്‌നി സ്പിയേഴ്‌സിന്റെ ജീവിതയാത്രയാണ് ഈ ഓര്‍മക്കുറിപ്പുകള്‍. അച്ചടിയോടൊപ്പം തന്നെ ഓഡിയോ ബുക്കും ആസ്വാദകര്‍ക്കിടയില്‍ സൂപ്പര്‍ഹിറ്റായി മാറുകയായിരുന്നു. ഹൃദയഭേദകവും അതിവൈകാരികവുമായ ഓര്‍മകള്‍ പങ്കുവെക്കുമ്പോള്‍ തനിക്ക് മുഴുവനായും പറയാന്‍ കഴിയാതെ കണ്ഠമിടറിപ്പോയിരുന്നു എന്നാണ് അവര്‍ ഓര്‍ക്കുറിപ്പുകളുടെ ഓഡിയോ ബുക്കിനെക്കുറിച്ച് പ്രതികരിച്ചത്. അമേരിക്കന്‍ നടിയും അവതാരകയുമായ മിഷേല്‍ വില്യംസിന്റെ സഹായത്തോടെയാണ് ഓഡിയോ ബുക്ക് അവര്‍ പൂര്‍ത്തിയാക്കിയത്. അമേരിക്കന്‍ വീക്കിലിയായ പീപ്പിളിലാണ് ബ്രിട്‌നിയുടെ ഓര്‍മക്കുറിപ്പുകള്‍ ആദ്യം പ്രസിദ്ധീകരിച്ചത്. പോപ്പ് സ്റ്റാര്‍ഡത്തിലേക്ക് ചുവടുകള്‍ വെക്കുന്നതിനുമുമ്പ് തനിക്കുമുന്നിലുണ്ടായിരുന്ന പ്രതിബന്ധങ്ങളെ പൊട്ടിച്ചെറിയാന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ച് ബ്രിട്‌നി ഓര്‍മക്കുറിപ്പില്‍ പറയുന്നു. തന്റെ പിതാവിന്റെ അമ്മയായിരുന്ന എമ്മ ജീന്‍ സ്പിയേഴ്‌സിനെ മാനസികരോഗത്തിന് ചികിത്സിച്ചതും തന്റെ കുടുംബത്തെ പിന്തുടരുന്ന ദുരന്തങ്ങളെക്കുറിച്ചും അവര്‍ ഒളിവുകളില്ലാതെ എഴുതുന്നു.
പതിനാല് വയസ്സുമുതല്‍ പുകവലിശീലമാക്കിയ തന്നെ വീട്ടുകാര്‍ വളരെ നിഷ്‌കളങ്കയായ കുട്ടിയായിട്ടായിരുന്നു കണ്ടിരുന്നത് എന്നോര്‍മിക്കുന്നു. ഗായകനും ഗാനരചയിതാവും നടനും സംഗീതസംവിധായകനുമായ ജസ്റ്റിന്‍ ടിംബര്‍ലേക്കുമായുള്ള പ്രണയവും ഗര്‍ഭധാരണവും ടിംബര്‍ലേക്ക് നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിച്ചതുമെല്ലാം ബ്രിട്‌നി എഴുതുന്നുണ്ട്. ടിംബര്‍ലേക്ക് അധികം താമസിയാതെ തന്നെ ബ്രിട്‌നിയെ കയ്യൊഴിയുകയും ആ ബ്രേക്കപ്പില്‍ നിന്നും കരകയറാന്‍ അഡറാല്‍ പോലുള്ള മയക്കുമരുന്നുകളുടെ അമിത ഉപയോഗം ശീലമാക്കുകയായിരുന്നു. വെറും 55 മണിക്കൂര്‍ മാത്രം ആയുസ്സുണ്ടായിരുന്ന ജാസണ്‍ അലക്‌സാണ്ടറുമായിട്ടുള്ള വിവാഹത്തെക്കുറിച്ചും ബ്രിട്‌നി എഴുതുന്നു. ബ്രിട്‌നിയുടെ പരിപാടികളിലെ ബാക്ക്അപ് ഡാന്‍സറായിരുന്ന കെവിന്‍ ഫെഡര്‍ലൈനുമായുള്ള രണ്ടുവര്‍ഷത്തെ ദാമ്പത്യവും അതില്‍ പിറന്ന കുഞ്ഞിനെച്ചൊല്ലിയുള്ള അവകാശത്തര്‍ക്കവും പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനും തുടങ്ങി തന്റെ ജീവിതത്തെയൊന്നാകെ ഒരു തുറന്ന പുസ്തകം തന്നെയാക്കി മാറ്റുകയായിരുന്നു ബ്രിട്‌നി. പുസ്തകമിറങ്ങി ആദ്യയാഴ്ചയ്ക്കുള്ളില്‍ത്തന്നെ അമേരിക്കയില്‍ മാത്രം 90, 656 കോപ്പികളാണ് വിറ്റഴിഞ്ഞത്.
തൊണ്ണൂറ്റിയെട്ട് പ്രസാധകര്‍ കയ്യൊഴിഞ്ഞ 'ദ ലെസന്‍സ് ഇന്‍ കെമിസ്ട്രി'
നാലര മില്യണ്‍ കോപ്പികള്‍, നാല്‍പതു ഭാഷകളിലേക്കുള്ള വിവര്‍ത്തനം! ബോണി ഗാര്‍മസ് എന്ന അമേരിക്കന്‍ നോവലിസ്റ്റിന്റെ ആദ്യ നോവലായ 'ലെസണ്‍സ് ഇന്‍ കെമിസ്ട്രി'ക്ക് ലഭിച്ചത് വമ്പിച്ച സ്വീകരണം തന്നെയായിരുന്നു. സതേണ്‍ കാലിഫോര്‍ണിയയിലെ കുക്കറി ഷോ അവതാരകയായ എലിസബത്ത് സോട്ടാണ് നോവലിലെ നായിക. രസമെന്താണെന്നുവെച്ചാല്‍ തന്റെ ആദ്യ നോവലുമായി തൊണ്ണൂറ്റിയെട്ട് പ്രസാധകരെയാണ് ഗാര്‍മസ് സമീപിച്ചത്. തൊണ്ണൂറ്റിയെട്ടുപേരും കയ്യൊഴിഞ്ഞപ്പോള്‍ ലോട്ടറിയടിച്ചത് യഥാര്‍ഥത്തില്‍ ഡബിള്‍ഡേ എന്ന തൊണ്ണൂറ്റിയൊമ്പതാമത്തെ പ്രസാധകനായിരുന്നു. എന്തുകൊണ്ടാണ് പ്രസാധകര്‍ തന്റെ നോവല്‍ പ്രസിദ്ധീകരിക്കാന്‍ വിമുഖത കാണിച്ചത് എന്ന് നോവലിസ്റ്റ് തന്നെ വിശദമാക്കുന്നുണ്ട്- അത് വളരെ ദൈര്‍ഘ്യമുള്ള നോവലായിരുന്നു. ഇന്‍ട്രൊഡക്ഷന്‍ റ്റു കെമിസ്ട്രി എന്നായിരുന്നു നോവലിന് ഗാര്‍മന്‍ നല്‍കിയ പേര്. തന്റെ അറുപത്തിയഞ്ചാം പിറന്നാള്‍ വേളയിലാണ് ഗാര്‍മന് സന്തോഷവാര്‍ത്തയുമായി അവരുടെ ഏജന്റായ ഫെലിസിറ്റി ബ്ലന്റ് വരുന്നത്- പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഉടമ്പടിയാവുന്നു. ലെസണ്‍സ് ഇന്‍ കെമിസ്ര്ടി എന്ന പുസ്തകത്തിന്റെ സ്വീകാര്യത ബോണി ഗാര്‍മസ്സിനെത്തന്നെ ഞെട്ടിക്കുന്നതായിരുന്നു.
മനുഷ്യനും അവന്റെ ട്രോമകളെക്കുറിച്ചും പറഞ്ഞ 'ദ ബോഡി കീപ്‌സ് ദ സ്‌കോര്‍'
ഇക്കാലയളവില്‍ മനുഷ്യര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച പദങ്ങളില്‍ ഒന്നാണ് ട്രോമ എന്നത്. ബുദ്ധിയും മനസ്സും ശരീരവും ഉപയോഗിച്ചുകൊണ്ട് ട്രോമയെ എങ്ങനെ ഇല്ലാതാക്കാം എന്ന മാര്‍ഗനിര്‍ദ്ദേശങ്ങളടങ്ങിയ പുസ്തകമാണ് 'ദ ബോഡി കീപ്‌സ് ദ സ്‌കോര്‍'. ബോസ്റ്റണിലെ സൈക്യാട്രിസ്റ്റും എഴുത്തുകാരനുമായ ബെസല്‍ വാന്‍ ദെ കോക് എഴുതിയ പുസ്തകം ഇതുവരെ വിറ്റഴിച്ചത് മൂന്നു മില്യണ്‍ കോപ്പികളാണ്. മുപ്പത്തിയാറ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത പുസ്തകം മനുഷ്യന്‍ അനുഭവിക്കുന്ന വിവിധതരം ട്രോമകളെക്കുറിച്ചാണ് പറയുന്നത്.
Content Highlights: Prince Harry, Britney Spears, James Clear, Rabeca Yaros, Mathrubhumi, Best Seller 2023