എൻ. പ്രഭാകരൻ: രേഖപ്പെടുത്താത്ത ചരിത്രവും മലയാളി ഭ്രാന്തനും

കാലത്തിന്റെ പരക്കംപാച്ചിലിൽ പിടിച്ചുനിൽക്കാനാകാതെ ഉന്മാദിയായ മനുഷ്യർ 'മലയാളി ഭ്രാന്തനായി' മാറി. നാട്ടറിവുകളും പുരാവൃത്തവും നഷ്ടമായിക്കൊണ്ടിരിക്കുന്ന നാടോടി വിജ്ഞാനീയത്തിന്റെ കാഴ്ചബംഗ്ലാവ് - കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ എൻ. പ്രഭാകരന്റെ രചനകളുടെ സവിശേഷതകളാണിത്.
എൻ.പ്രഭാകരൻ ജനിച്ചത് പറശ്ശിനിക്കടവിലാണെങ്കിലും കുട്ടിക്കാലം മാടായിപ്പാറയുടെ ഓരത്തെ എരിപുരത്തായിരുന്നു. എഴുത്തിന്റെ വളർച്ച ധർമടത്തും. ബ്രണ്ണൻ കോളേജിൽ ബിരുദവിദ്യാർഥിയായിരിക്കെയാണ് കഥകാരനായി കാലുറച്ചത്. ബ്രണ്ണനിൽ അധ്യാപകനായെത്തിയ ശേഷമാണ് എഴുത്തിന്റെ പടവുകളിലേക്കുള്ള കയറ്റം.
വടക്കൻ കേരളത്തിന്റെ നിറവും മണവും നിറയുന്ന സാങ്കല്പിക കഥാഭൂമികയാണ് എൻ.പ്രഭാകരന്റെ രചനകളിലെ തീയൂരും ചെങ്കരയും. ജീവിച്ചിരിക്കുന്ന മനുഷ്യരെ മാതൃകകളാക്കിയാണ് 'ജനകഥ' എന്ന നോവലും. മാടായിപ്പാറ, എരിപുരം, വെങ്ങര, മാടായി, പഴയങ്ങാടി, കുന്നരു, നെരുവമ്പ്രം പ്രദേശങ്ങൾ രൂപാന്തരം പ്രാപിച്ചാണ് എൻ.പ്രഭാകരന്റെ 'തീയൂർ രേഖകൾ', 'ജനകഥ' എന്നീ നോവലുകളിലെയും ഒട്ടേറെ രചനകളിലെയും കഥാഭൂമികയായ തീയൂരും ചെങ്കരയുമായത്. 'തീയൂർ രേഖകളി'ലും 'ജനകഥ'യിലും രേഖപ്പെടുത്താത്ത പ്രാദേശികചരിത്രമാണ് അവതരിപ്പിക്കുന്നത്. അടിത്തട്ടിൽ കിടക്കുന്ന മനുഷ്യരുടെ ചരിത്രമാണ് തീയൂരിലും ചെങ്കരയിലും. 'ജനകഥ'യിൽ ഏഴിമല ആദിമലയായി മാറി.
നാവിക അക്കാദമിക്കായുള്ള കുടിയൊഴിപ്പിക്കലും കാണാം. ചില ഘട്ടങ്ങളിൽ കഥയും അതിലെ ജീവിതങ്ങളും സമീപദേശങ്ങളും സംഭവങ്ങളും തീയൂരിലേക്കും കടന്നുവരുന്നുണ്ട്.
വലിയ ചരിത്രങ്ങൾക്കിടയിൽ മറഞ്ഞുപോകുന്ന ചെറിയ നാടും മനുഷ്യരും അവരുടെ ജീവിതവും രേഖപ്പെടുത്തുന്നതിനാൽ പ്രഭാകരന്റെ നോവലുകൾ പ്രാദേശിക ചരിത്രരേഖ കൂടിയാകുന്നു. അരികുവത്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതസത്യങ്ങൾക്ക് അസാധാരണ സൗന്ദര്യമുണ്ടെന്ന് അദ്ദേഹം രേഖപ്പെടുത്തിയത് അതുകൊണ്ടാണ്. ആരോഗ്യപ്രശ്‌നങ്ങൾ കാരണം കുറച്ചുവർഷമായി പൊതുവേദികളിലെത്താറില്ല.
15-ലേറെ കഥാസമാഹാരങ്ങളും ഏഴ് നോവലുകളും ലഘുനോവലുകളും രചിച്ചിട്ടുണ്ട്. നാടകങ്ങൾ, ലേഖനസമാഹാരങ്ങൾ, ആത്മകഥാകുറിപ്പുകൾ, യാത്രാവിവരണം തുടങ്ങി 50-ഓളം കൃതികൾ അദ്ദേഹത്തിന്റേതായുണ്ട്.
'ഒറ്റയാന്റെ പാപ്പാൻ' എന്ന ചെറുകഥയ്ക്ക് മാതൃഭൂമി ആഴ്ചപ്പതിപ്പ് വിഷുപ്പതിപ്പിനോടനുബന്ധിച്ച് നടത്തിയ കഥാമത്സരത്തിൽ ഒന്നാംസ്ഥാനം നേടിയിരുന്നു. 'പുലിജന്മം' എന്ന നാടകത്തിന് കേരള സംഗീതനാടക അക്കാദമി പുരസ്‌കാരം, ചെറുകാട് അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, 'രാത്രിമൊഴി എന്ന കഥാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ്, 'മായാമനുഷ്യർ' എന്ന നോവലിന് ഓടക്കുഴൽ അവാർഡ്, 'മലയാളി ഭ്രാന്തന്റെ ഡയറിക്കുറിപ്പ്' എന്ന നോവലിന്റെ ഇംഗ്ലീഷ് വിവർത്തനത്തിന് ദേശീയതലത്തിലുള്ള ക്രോസ് വേഡ് അവാർഡ് എന്നിവയാണ് പ്രധാന പുരസ്‌കാരങ്ങൾ. കഥകൾ ഇംഗ്ലീഷ്, ജർമൻ, ഹിന്ദി, ഉറുദു, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
ഭാര്യ: കെ.പി.റീന (റിട്ട. അധ്യാപിക, ധർമടം ബേസിക് സ്‌കൂൾ). മക്കൾ: സുചേത് (അസി. പ്രൊഫസർ, ബെംഗളൂരു ക്രൈസ്റ്റ് സർവകലാശാല), സച്ചിൻ (ദുബായ്). മരുമക്കൾ: വിജില (ഓൺലൈൻ ബിസിനസ്), ആര്യ (അധ്യാപിക, ദുബായ്)
ഈ പുരസ്‌കാരം ബ്രണ്ണനുള്ള ബഹുമതി..
പി.പി.അനീഷ് കുമാർ
കണ്ണൂർ: അരനൂറ്റാണ്ടിലേറെയായി എൻ.പ്രഭാകരൻ ധർമടത്താണ്; ബ്രണ്ണൻ കോളേജിൽ വിദ്യാർഥിയും അധ്യാപകനുമായത് മുതൽ. 1971-ൽ 'മാതൃഭൂമി' ആഴ്ചപ്പതിപ്പിന്റെ ചെറുകഥാമത്സരത്തിന് സമ്മാനം നേടിയ 'ഒറ്റയാന്റെ പാപ്പാൻ' എഴുതുമ്പോൾ ബ്രണ്ണൻ കോളേജിൽ ഒന്നാംവർഷ ബിരുദവിദ്യാർഥിയായിരുന്നു. മാടായിപ്പാറയ്ക്ക് ചുറ്റിലുമുള്ള ജീവിതം കഷ്ടിച്ച് 15 വർഷം മാത്രമായിരുന്നു. പിന്നെ, ധർമടത്തേക്കായിരുന്നു യാത്ര. നാടകത്തിനും ചെറുകഥയ്ക്കുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ ലഭിക്കുമ്പോൾ ബ്രണ്ണൻ കോളേജ് അധ്യാപകനായിരുന്നു. അധ്യാപനകാലത്ത് ബ്രണ്ണൻ കോളേജിലെ അധ്യാപകർക്കായുള്ള ക്വാർട്ടേഴ്‌സിൽ താമസിച്ചുപോന്ന അദ്ദേഹം സ്ഥിരതാമസമാക്കിയത് ബ്രണ്ണൻ കോളേജിന് വിളിപ്പാടലെത്തന്നെ, 'കനി' എന്നുപേരുള്ള വീട്ടിൽ. പ്രഭാകരൻ മാഷിന് ലഭിച്ച പുരസ്‌കാരം ഒരർഥത്തിൽ ബ്രണ്ണൻ കോളേജിനും ബ്രണ്ണനിലെ മലയാള വിഭാഗത്തിനുമുള്ള പുരസ്‌കാരമായി കരുതുന്നു അദ്ദേഹത്തിന്റെ പ്രിയവിദ്യാർഥികൾ.
ഇഴയടുപ്പം, ബ്രണ്ണനോടും ശിഷ്യരോടും..
എൻ.പ്രഭാകരന് ധർമടത്തോടും ബ്രണ്ണൻ കോളേജിനോടുമുള്ള അതേ ഇഴയടുപ്പം ശിഷ്യരുമായുമുണ്ട്. സമീപകാലത്തായി അദ്ദേഹം സാമൂഹികമാധ്യമത്തിൽ എഴുതിയ കുറിപ്പുകളിൽ പഴയകാല വിദ്യാർഥികൾ ഓരോരുത്തരെയായി തെളിച്ചത്തോടെ ഓർത്തെടുക്കുന്നുണ്ട്. മലയാള വ്യാകരണത്തിന്റെയും സംസ്‌കൃതത്തിന്റെയും കെട്ടുപാടുകളിൽനിന്നുള്ള വിടുതലായി പ്രഭാകരൻ മാഷിന്റെ ക്ലാസുകളെ കണ്ടവരാണ് ശിഷ്യരിൽ ഭൂരിപക്ഷവും. മറ്റ് വിഷയങ്ങളിലെ ബിരുദ-ബിരുദാനന്തര വിദ്യാർഥികൾ മാഷിന്റെ ക്ലാസ് 'അറിയാൻ' എത്തുന്നതിൽ ആർക്കും അസ്വാഭാവികത തോന്നിയിരുന്നില്ല.
പ്രഭാകരൻ മാഷിന്റെ എഴുത്തുയാത്രയെ പിന്തുടരുന്ന ഒരു എളിയ വായനക്കാരൻ എന്ന നിലയിൽ മാഷിന് അക്കാദമി അവാർഡ് ലഭിച്ചുവെന്നറിയുമ്പോൾ ഏറെ സന്തോഷം -എൻ.പ്രഭാകരന്റെ വിദ്യാർഥിയും കോട്ടയം മലബാർ ജി.എച്ച്.എസ്.എസ്. അധ്യാപകനുമായ പവിത്രൻ മണാട്ട് പറയുന്നു. പരന്ന വായനയിലേക്കും സാഹിത്യരചനാതാത്പര്യത്തിലേക്കും നയിച്ചതിൽ മാഷിന്റെ ക്ലാസിന് വലിയ പങ്കുണ്ട്. വിദ്യാഭ്യാസത്തെപ്പറ്റിയും സാഹിത്യരചനയെപ്പറ്റിയും സാംസ്‌കാരിക-രാഷ്ട്രീയരംഗത്തെ അപചയങ്ങളെപ്പറ്റിയുമുള്ള മാഷിന്റെ നിരീക്ഷണങ്ങളെ നാം അവധാനതയോടെ പിന്തുടർന്ന് സംവാദത്തിനെടുക്കേണ്ടതുണ്ട് -അദ്ദേഹം പറഞ്ഞു.
എൻ.പ്രഭാകരൻ എന്ന എഴുത്തുകാരനെക്കുറിച്ചും അധ്യാപകനെക്കുറിച്ചും അദ്ഭുതാദരങ്ങളോടെ മാത്രമേ സംസാരിക്കാനാകൂവെന്ന് പൂർവ വിദ്യാർഥിനിയും മാതമംഗലം സി.പി.നാരായണൻസ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപികയുമായ ഡോ. വി.ഷൈമ പറയുന്നു. അദ്ദേഹത്തിന്റെ രചനകളെല്ലാം തികച്ചും വ്യത്യസ്തമായ വായനാനുഭവമാണ് നൽകിയത്.
മാന്ത്രികസ്പർശമുള്ള ആഖ്യാനങ്ങൾ
ഇ.വി.രാമകൃഷ്ണൻ, നിരൂപകൻ
സമകാലിക മലയാളിസമൂഹത്തിന്റെ അബോധ തൃഷ്ണകളെയും വ്യാമോഹങ്ങളെയും മിഥ്യാബോധങ്ങളെയും മാന്ത്രികസ്പർശമുള്ള ആഖ്യാനങ്ങളിലൂടെ ആവിഷ്‌കരിച്ച കഥാകൃത്തും നോവലിസ്റ്റുമാണ് എൻ.പ്രഭാകരൻ. യാഥാർഥ്യങ്ങളെ നേരിടാൻ കഴിയാത്ത മനുഷ്യർ അഭയം തേടുന്ന മായാലോകങ്ങളെ നിർമിച്ച് സംരക്ഷിക്കുന്ന ഹിംസയുടെ വ്യത്യസ്തരൂപങ്ങൾ 'തീയൂർരേഖകൾ', 'ഒരു മലയാളി ഭ്രാന്തന്റെ ഡയറി', 'മായാമനുഷ്യർ' മുതലായ കൃതികൾ തുറന്നുകാട്ടുന്നു.
രോഗാതുരമായ സാമാന്യബോധത്തെ കീറിമുറിക്കുന്ന നിശിതമായ വിമർശനദൃഷ്ടിയോടൊപ്പം വിശ്വസാഹിത്യത്തിന്റെ മഹത്തായ കൃതികളിൽ നിന്ന് സ്വാംശീകരിച്ച ദാർശനിക ഉൾക്കാഴ്ചകളും പ്രഭാകരന്റെ കഥാലോകങ്ങളെ ദീപ്തമാക്കുന്നു. 'ഏഴിനും മീതെ' മുതൽ 'മഹാനടനം' വരെയുള്ള അനന്യമായ രചനകൾ കഴിഞ്ഞ ഒരുനൂറ്റാണ്ടിന്റെ ബൗദ്ധികവും ആത്മീയവുമായ പരിമിതികളുടെയും പരാജയങ്ങളുടെയും സമാന്തരചിത്രവും കൂടിയാണ്.
Content Highlights: Comprehensive overview of N. Prabhakaran's literary contributions., Insight into the fictional landscapes of Theeyoor and Chenkara., Documentation of local history and marginalized lives in his novels., Summary of major awards including the Sahitya Akademi and Crossword awards., Biographical details covering his early life and career.