ആ സംഭവത്തോടെ പുതിയ ഖബറുകൾ ഇങ്ങനെ തുറന്നിട്ടാൽ പറ്റില്ലെന്ന് കാരണവന്മാർക്ക് ബുദ്ധിയുദിച്ചു

എം.എന്‍ കാരശ്ശേരി ഫോട്ടോ: അരുണ്‍ നിലമ്പൂര്‍
എം.എന്‍ കാരശ്ശേരി ഫോട്ടോ: അരുണ്‍ നിലമ്പൂര്‍

ആ സന്ദർഭം പിന്നെയുംപിന്നെയും ഓർത്തെടുക്കുന്നത് എനിക്കൊരു ശീലമായിരിക്കുന്നു. ഞാൻ അന്ന് അഞ്ചാംക്ലാസിൽ പഠിക്കുകയാണ്.

അന്ന് കാരശ്ശേരിയിലെ പള്ളി എടുത്തുകഴിഞ്ഞിട്ടേയുള്ളൂ. അങ്ങിങ്ങ് ചില ഖബറുകളുണ്ട്. അതുകണ്ടാൽ ഞങ്ങൾക്ക് പേടിയാണ്. 'റൂഹാനികൾ' എന്നുപേരായ മൺമറഞ്ഞവർ പള്ളിക്കാട്ടിൽ അങ്ങനെ അലഞ്ഞുനടക്കുകയല്ലേ? പള്ളിക്കിണറ്റിലെ വെള്ളം ഞങ്ങളാരും കുടിക്കാറില്ല. ഖബറിൽ കിടക്കുന്ന മയ്യത്തുകളുടെ നെയ്യ് ഊറി കിണറ്റിലെത്തും എന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്? എങ്കിലും പള്ളിപ്പറമ്പിലെ പറങ്കിമാവിൽനിന്ന് പറങ്കിമാങ്ങയും അണ്ടിയും ഇസ്‌കാൻ (കക്കാൻ) ഞങ്ങളൊട്ടും പേടിച്ചിരുന്നില്ല. നെയ്യ് ഊറുന്നത് പള്ളിക്കിണറ്റിൽമാത്രമാണ്. പറങ്കിമാവിന്റെ മൂട്ടിലേക്ക് അതൊഴുകിവരില്ല.

ഇതിനെക്കാൾ ബേജാറുള്ള വലിയൊരു സംഗതി ആ പള്ളിക്കാട്ടിൽ വേറെ കിടപ്പുണ്ടായിരുന്നു. അവിടെ പലരും ഖബറുകൾ വെട്ടിച്ചിട്ടിരുന്നു. അങ്ങനെയൊരു പരിപാടിയുണ്ട് - 'ഭക്തി'യും പണവും ഉള്ളവർ ഖബറ് വെട്ടിച്ചിടും. അവനവൻ മരിച്ചാൽ പിന്നെ ഖബറ് കുഴിക്കാൻ പായേണ്ടല്ലോ. വേറെ വല്ലവരും മരിച്ചാൽ ഈ ഖബർ കടംകൊടുക്കുകയും ചെയ്യും. ഒന്നുരണ്ടാഴ്ചകൊണ്ട് മറ്റൊരു ഖബർ കുഴിപ്പിച്ച് കടം വീട്ടിയാൽ മതി

ഞാൻ പള്ളിപ്പറമ്പിൽ കളിക്കാൻ പോവുന്നത് ഉമ്മ എപ്പോഴും വിലക്കിയിരുന്നു:

''ആടെപ്പോണ്ട്. വെട്ടിട്ട ഖബറ് തൊള്ളിംകാട്ടി കെടക്ക്ണ്ണ്ടാവും. അതില് വീണാല് കൈയും കാലും മുറിയും.''

അങ്ങനെയിരിക്കുമ്പോൾ, ഒരു വെള്ളിയാഴ്ച രാവിലെ ഞാൻ പതുക്കെ പള്ളിപ്പറമ്പിലേക്കുനടന്നു. ഒരു പറങ്കിമാങ്ങ കിട്ടി. അതിന്ന് മുകളിലെ അണ്ടി ഏതോ ദ്രോഹി നേരത്തെ അമുക്കി(കക്കുക)യിരിക്കുന്നു. മാങ്ങ വിണ്ടുകീറിയതാണ്. എനിക്ക് ആ മാതിരി പറങ്കിമാങ്ങയാണ് ഇഷ്ടം. അതിന്ന് മധുരം കൂടും. അത് കടിച്ചീമ്പുമ്പോഴാണ് കാട്ടിൽനിന്നൊരു ശബ്ദം.

പള്ളിയിലോ പള്ളിപ്പറമ്പിലോ മറ്റാരുമില്ല. പാമ്പു ചീറ്റുമ്പോലെ. ഞാനൊന്ന് ഞെട്ടി. റബ്ബേ! അണ്ടി ഇസ്‌കണം എന്നു വിചാരിച്ചതിന് പടച്ചോന്റെ ഭാഗത്തുനിന്നുള്ള അദാബ് (ശിക്ഷ) ആണെന്ന് തോന്നിപ്പോയി. ഞാൻ അനങ്ങിയില്ല. പാമ്പ് കൊത്തിയാലോ? മൂന്നുനാല് മിനിറ്റ് കഴിഞ്ഞുകാണും- ആരോ വലുതായി വീർപ്പുവിടുമ്പോലെ.

ഞാൻ രണ്ടും കല്പിച്ച് നിന്നു. പിന്നെയും കാതോർത്തപ്പോൾ ഒച്ച ഖബറിൽനിന്നാണ്. മയ്യത്തടക്കിയ ഖബറിൽനിന്നല്ല. പുതിയ ഖബറിൽ നിന്നാണ്, റൂഹാനികൾ പുതിയ ഖബറിലേക്ക് താമസം മാറ്റാറുണ്ടോ?

ആ ശബ്ദം നേർത്തൊരു നിലവിളി പോലെത്തോന്നി. എന്തും വരട്ടെ എന്നുവെച്ച് ഞാൻ മുന്നോട്ടുനടന്നു. പള്ളിപ്പറമ്പിലെ പറങ്കിമാങ്ങ ഞാൻ എറിഞ്ഞുകളഞ്ഞു. കളവ്മുതലുമായി പിടികൊടുക്കേണ്ട എന്ന് തോന്നിപ്പോയിരിക്കാം.

അഞ്ചെട്ടടി ചെന്നുനോക്കുമ്പോഴെന്താ കഥ? പുതുതായി വെട്ടിയിട്ട ഖബറിൽനിന്നുതന്നെയാണ് ശബ്ദം. ഞാൻ അടുത്തേക്കുചെന്നു. ഖബറിലേക്ക് എത്തിനോക്കി-ഒരു കറുത്ത പയ്യ് ഖബറിൽ വീണുകിടക്കുകയാണ്! അതിന്റെ ഒരു കാല് ഉള്ളിലേക്ക് താഴ്ന്നുപോയിട്ടുണ്ട്. കുണ്ടിൽ കിടക്കുന്ന അതിന്റെ കണ്ണുകളിലെ ദൈന്യം! വീണിട്ടു കുറച്ചുനേരമായിക്കാണണം. അതിന്റെ നേർത്ത മുക്രയുടെ ഒച്ചയാണ് ഞാൻ ഇത്തിരി ദൂരെക്കേട്ടത്.

ഞാൻ ഓരോട്ടമോടി-മാമുക്കാക്കയുടെ ചായമക്കാനിയിലേക്ക്. അതാണ് തൊട്ടടുത്ത്.

അവിടെ സൊറ പറഞ്ഞും ചായകുടിച്ചും ഇരിക്കുന്നവരോട് കിതച്ചുകൊണ്ട് ബേജാറോടെ ഞാൻ പറഞ്ഞു: ''ആടെയതാ ഒരു പയ്യ് കബറിൽ വീണ് കെടക്ക്ണ്. അത് നെലോളിക്ക്ണ്ണ്ട്. അയ്ന്റെ കാല് ഏടെയോ കുടുങ്ങീരിക്ക്ണ്.''

''ഏടെ?''

''പള്ളിക്കാട്ട്ല്''.

''യ്യ് നേര് പറ്യാ?'

''ഞാനെന്തിനാ നൊണ പറയ്ണത്?''

കുപ്പായമിടാത്ത ഒരാൾ ബീഡി ഒന്നുകുടി ആഞ്ഞ് വലിച്ച് കള്ളിത്തുണി മടക്കിക്കുത്തി തലേക്കെട്ട് നേരെയാക്കി എഴുന്നേറ്റു: ''ഞാനൊന്ന് നോക്കീട്ട് വരാം. നൊണയാണെങ്കില് ഇവന്റെ തലമണ്ടയ്ക്ക് രണ്ട് കൊട്ട് കൊട്ക്കണം.''

അയാൾ തിരക്കിട്ട് ചെന്ന് നോക്കിയിട്ട് ഓടി തിരിച്ചുവന്നു: ''നേരാ. ഇക്കുട്ടി പറഞ്ഞത് നേരാ.'' ചായപ്പീടികയിലെ ആളുകൾ കുട്ടത്തോടെ പള്ളിപ്പറമ്പിലേക്കു പാഞ്ഞു. ആളുകൾ ഖബറിന്ന് ചുറ്റും കൂടി. പിന്നെ ചർച്ചകൾ. ഓട്ടം. അഭിപ്രായങ്ങൾ. എതിരഭിപ്രായങ്ങൾ. കല്പനകൾ. കയറുകൾ. ദണ്ഡുകൾ.

കയറുകെട്ടി അതിനെ പുറത്തെടുത്തു. ഭാഗ്യത്തിന് പയ്യിന്റെ കാലൊടിഞ്ഞിരുന്നില്ല. കാലൊടിയാതിരിക്കില്ലെന്ന് പലരും തീർപ്പുകല്പിച്ചിരുന്നതാണ്.

ഒരു സംഗതി ആദ്യം കാണുന്നതും അതു ചെന്ന് മറ്റുള്ളവരെ അറിയിക്കുന്നതും വലിയൊരു കാര്യമാണെന്ന് എനിക്ക് അതേവരെ അറിയുമായിരുന്നില്ല. ഇത് ആദ്യം കണ്ടത് ഞാനാണ്! ഞാൻ മാത്രമേ കണ്ടിട്ടുള്ളൂ! ലേശം വലുപ്പം വെച്ചതുപോലെ

ആ പെരളിയം (പ്രളയം, ബഹളം)കൊണ്ട് ഒരു ഗുണമുണ്ടായി. പുതിയ ഖബറുകൾ ഇങ്ങനെ തുറന്നിട്ടാൽ പറ്റില്ലെന്ന് കാരണവന്മാർക്ക് ബുദ്ധിയുദിച്ചു - അവ മൂടിയിടാൻ തീരുമാനമായി.

ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ വ്യക്തമാവുന്നു: ഞാൻ സ്വന്തം നിലയിൽ ആദ്യമായി നേരിട്ട സങ്കടം ആ പയ്യിന്റേതാണ്. ഞാൻ ആദ്യമായി 'റിപ്പോർട്ട് ചെയ്ത' സംഭവം ആ പയ്യിന്റെ ദുരിതമാണ്; അത്തരം റിപ്പോർട്ടുകൾകൊണ്ട് സങ്കടങ്ങൾക്ക് നിവൃത്തിയും പ്രശ്‌നങ്ങൾ മേലിൽ വരാതെ നോക്കാൻ നടപടികളും ഉണ്ടാകുമെന്ന വസ്തുതയിലേക്ക് ഞാൻ വേണ്ടത്ര വ്യക്തതയില്ലാതെ ഉണരാൻ തുടങ്ങുന്നത് ആ സന്ദർഭത്തോടെയാവാം. ഞാൻപോലും തിരിച്ചറിയാതെ എന്റെയുള്ളിൽ ഒരു 'റിപ്പോർട്ടർ' അന്ന് പിറവിയെടുത്തിരിക്കണം.

പക്ഷേ, എന്റെ 'എഴുത്ത്' തുടങ്ങുന്നത് തികച്ചും അവിചാരിതമായിട്ടാണ്. അതോർക്കുമ്പോൾ 'ഒരു മകൻ ബാപ്പയ്ക്ക് അയച്ച കത്ത്' എന്നൊരു തലവാചകമാണ് മനസ്സിൽ തെളിയുന്നത്!

ബാപ്പ അന്ന് മംഗലാപുരത്താണ്. മൂത്താപ്പയുടെ കൂടെ എന്തോ പണിയിലാണ്. വല്ലപ്പോഴുമാണ് നാട്ടിൽ വരുന്നത്. എനിക്ക് ബാപ്പയുടെ സ്വഭാവത്തെപ്പറ്റിയോ പ്രകൃതത്തെപ്പറ്റിയോ അന്ന് വലിയ രൂപമില്ല.

വൃശ്ചികം പിറന്നു. കുളിരിന്റെ കാലം. മഞ്ഞും തണുപ്പും. ഉമ്മയും ഞാനും അന്ന് പള്ളവേദനക്കാരാണ്. മഴയോ മഞ്ഞോ വന്ന് തണുപ്പ് കൂടിയാൽ പള്ളവേദന വരും. നല്ല കമ്പിളിപ്പുതപ്പ് അത്യാവശ്യം. ആയിടെ മംഗലാപുരത്തുനിന്ന് മൂത്താപ്പ നാട്ടിലുള്ള ചിലർക്കൊക്കെ കാണാൻ ചേലുള്ള ചുവന്ന കമ്പിളിപ്പുതപ്പ് കൊടുത്തയച്ച കഥ പലരും പറഞ്ഞ് ഉമ്മയറിഞ്ഞു.

ഉടനെ ഉമ്മ എന്നോട് കമ്പിളിപ്പുതപ്പ് വേണം എന്നു കാണിച്ച് ബാപ്പയ്ക്ക് കത്തെഴുതാൻ പറഞ്ഞു. എനിക്ക് വലിയ ഉത്സാഹമായി. എഴുതാൻ വിഷയം കിട്ടിയിരിക്കുന്നു! ഞാൻ ഉടനെ കത്ത് എഴുതി: 'അടുത്തുതന്നെ നാട്ടിൽ വരുന്ന ഏതെങ്കിലും പണിക്കാരുടെ കൈയിൽ പുതപ്പ് കൊടുത്തയക്കണം.'

മൂന്നുനാലാഴ്ച കഴിഞ്ഞ് മംഗലാപുരത്തുനിന്ന് ഒരാൾ വന്നു. ഇന്നത്തെക്കാലമല്ല. ഒരാൾ എവിടെപ്പോയാലും എവിടെനിന്ന് വന്നാലും നാട്ടിൽ എല്ലാവരും ഉടനെ അറിയും. ഞാൻ അയാളെ വീട്ടിൽ ചെന്നു കണ്ടു:

''ബാപ്പ പുതപ്പ് തന്നയച്ചിട്ടുണ്ടോ?'

പരിഹാസം നിറഞ്ഞ മറുപടി: ''അന്റെ കത്ത് ആടെ കിട്ടീണ്. അത് ഞങ്ങളൊക്കെ ബായ്ച്ച്. ബാപ്പ ന്റേല് പൊതപ്പൊന്നും തന്ന്ട്ട്ല്ല.''

എനിക്ക് വിറച്ചു. പതിവുപോലെ ബാപ്പ ആ ആവശ്യവും അവഗണിച്ചു. എന്റെ കത്തു വായിച്ചുരസിച്ചു. കൂടെയുള്ളവരും വായിച്ചു ചിരിച്ചു. ഞാൻ പരിഹാസപാത്രം. അവഗണിക്കപ്പെട്ടവൻ. എനിക്ക് ഒന്നിനും ഒരവകാശവുമില്ല!

അന്നു രാത്രി ഞാൻ നീണ്ടൊരു കത്തെഴുതി. ഉമ്മ പറഞ്ഞിട്ടല്ല. ഉമ്മ അറിഞ്ഞിട്ടില്ല.

ഇൻലൻഡിലാണ്. അതിന് തപാൽക്കൂലി പത്തു പൈസയാണ്. അന്ന് അത് വലിയ തുകയാണ്. ഒരുമാതിരിക്കാരൊക്കെ കാർഡിലാണ് എഴുതുക. കാർഡിന് അഞ്ച് പൈസയാണ്. ഞാനും ആദ്യം എഴുതിയത് കാർഡിലാണ്. ആ കത്തിൽ രഹസ്യമൊന്നുമില്ല. രണ്ടാമത്തെ കത്ത് അങ്ങനെയല്ലല്ലോ.

ഞാൻ രണ്ടാമത്തെ കത്തിൽ നാട്ടിലെ മഞ്ഞുകാലത്തെ വിവരിച്ചു; ഉമ്മയുടെ പള്ളവേദനയുടെ കൊടൂരം (കടുപ്പം) എടുത്തുകാണിച്ചു; കുളിര് ഞങ്ങളെ കടിക്കുന്നതെങ്ങനെ എന്ന് വർണ്ണിച്ചു. 'മരം കോച്ചുന്ന തണുപ്പ്' എന്നൊക്കെ അതിൽ കാച്ചിയതായി ഇപ്പോഴും ഓർമ്മ തോന്നുന്നുണ്ട്. പിന്നെ, എന്റെ കത്ത് അവഗണിച്ചതിലുള്ള അന്യായത്തെ വിമർശിച്ചിട്ടും ഉണ്ട്. ബാപ്പ നാട്ടിലെത്തിയാൽ ചുട്ട അടികിട്ടും - കിട്ടട്ടെ!

അങ്ങനെ എന്റെ ആദ്യത്തെ 'സാഹിത്യസൃഷ്ടി' രൂപംകൊണ്ടു- അതിൽ ഉമ്മയുടെയും എന്റെയും കഷ്ടപ്പാടുണ്ട്. ബാപ്പയുടെ അവഗണനയ്‌ക്കെതിരായ പ്രതിഷേധമുണ്ട്.....

രാത്രി തന്നെ 'സാഹിത്യം' തപാൽപ്പെട്ടിയിലിട്ടിട്ടേ എനിക്കുറക്കം വന്നുള്ളൂ. കത്ത് ഉമ്മയെ കാണിച്ചിരുന്നില്ല. ആ 'കുരുത്തംകെട്ട' കത്ത് അയക്കേണ്ടെന്ന് ഉമ്മ പറഞ്ഞാലോ?

അദ്ഭുതം! മൂന്നാഴ്ച കഴിഞ്ഞപ്പോൾ മംഗലാപുരത്തുനിന്ന് നാട്ടിലെത്തിയ ഒരാൾ ഒരു പൊതിയുമായി വീട്ടിലെത്തി. തുറന്നുനോക്കുമ്പോൾ രണ്ട് പുതപ്പ്- ഒന്ന് ചുവപ്പ്, മറ്റേത് പച്ച. നല്ല കടുംനിറം. ഒന്നാംതരം കമ്പിളി രോമത്തിൽ തൊട്ടുനോക്കുമ്പോൾ നല്ല രസം, നല്ല മിനുസം. വീതിയും നീളവും ഉള്ള സാധനം. എനിക്ക് ശകലം പത്രാസ് തോന്നി. രണ്ടുപുതപ്പ് അയയ്ക്കണം എന്നെഴുതിയത് ഒന്നെങ്കിലും കിട്ടണം എന്ന വിചാരത്തിലായിരുന്നു. ഇപ്പോൾ ഉമ്മയ്‌ക്കൊന്ന്, എനിക്കൊന്ന്. സംഗതി ജോറായി.

കിസ്സ തീർന്നില്ല, കെട്ടോ.

പിന്നെയും ഒരുമാസം കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴാണ് ആ പുതപ്പ് രണ്ടും താൻ അയച്ചതല്ലെന്ന സത്യം ബാപ്പ വെളിവാക്കിയത്!

പിന്നെ?

അവിടെയല്ലേ. സംഭവത്തിന്റെ ഗുട്ടൻസ് (രഹസ്യം)!

ബാപ്പ പറഞ്ഞ കഥ ഇതാണ്: ആ കത്ത് വായിച്ച് മേശപ്പുറത്തുവെച്ചിരുന്നു. പിറ്റേന്ന് മറ്റെന്തോ ആവശ്യത്തിന് മുറിയിൽ വന്ന മൂത്താപ്പ ഇൻലൻഡ് കണ്ടു. അന്നേരത്ത് ബാപ്പ മുറിയിലില്ല. കത്തുകൾ അപൂർവം. നാട്ടിൽനിന്ന് എന്തോ അത്യാവശ്യത്തിന് ആരോ എഴുതി എന്ന് ബേജാറ് തോന്നിയിട്ട് മൂപ്പര് അതെടുത്ത് വായിച്ചു. മഹാദേഷ്യക്കാരനും ലക്ഷപ്രഭുവും അത്യുദാരനുമായ അദ്ദേഹം ബാപ്പയെ ചീത്ത പറഞ്ഞ് കണ്ണുപൊട്ടിച്ചു. ഉടനെത്തന്നെ വിലകൂടിയ രണ്ടു പുതപ്പ് വാങ്ങാനും അത് ഞങ്ങൾക്കെത്തിക്കാനും ഏർപ്പാടാക്കി. അതു കഴിഞ്ഞിട്ട് ബാപ്പയോടു പറഞ്ഞത്രെ:

''അന്റെ മകന്റെ കത്ത് ബല്ലാത്ത കത്ത്. ഞാൻ വെന്തുപോയി.''

അതുകേട്ടപ്പോൾ എനിക്ക് പുതപ്പുകിട്ടിയതിനെക്കാൾ സന്തോഷമായി. എന്റെ കത്തിന് എന്തോ ശക്തിയുണ്ട് എന്നാണല്ലോ അപ്പറഞ്ഞതിന് അർഥം! ആ കത്തിന്റെ വകയിൽ ബാപ്പ തല്ലാനും കൊല്ലാനും ഒന്നും വന്നതുമില്ല.

പിൽക്കാലത്തെ എല്ലാ എഴുത്തിനും ബലമായിത്തീർന്നത്, പ്രചോദനമായിനിന്നത് മൂത്താപ്പയുടെ ആ ഒരു വാക്യമാണ്.

ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ വെളിവാകുന്നു: എന്റെ 'സാഹിത്യ'ത്തിന്റെ ആദ്യത്തെ ആസ്വാദകൻ ഞങ്ങൾ മൂത്താപ്പ എന്നുവിളിക്കുന്ന എൻ.സി. കോയക്കുട്ടി ഹാജിയാണ്.

പിൽക്കാലത്ത് 'സാഹിത്യത്തിന്റെ പ്രയോജന'ത്തെപ്പറ്റിയുള്ള പാഠങ്ങൾ പഠിക്കുമ്പോൾ ആദ്യരചന എനിക്ക് പ്രയോജനപ്പെട്ടതിന്റെ രസമോർത്ത് മനസ്സ് കൗതുകം കൊള്ളും. ഇൻലൻഡ്മാസിക എന്ന് ധാരാളമായി കേട്ട മലയാളികളാരെങ്കിലും ഞാൻ രചിച്ചതുപോലുള്ള 'ഇൻലൻഡുസാഹിത്യ' ത്തെപ്പറ്റി കേട്ടിരിക്കുമോ എന്നു ആലോചിച്ചുചെല്ലുമ്പോഴും രസം പിടിക്കും...

സ്വന്തം ബാപ്പയെ വിമർശിച്ചുകൊണ്ടാണ്, ആണുങ്ങൾ പെണ്ണുങ്ങളോടും കുട്ടികളോടും കാണിക്കുന്ന അവഗണനയിലെ അന്യായത്തെ നേരിട്ടെതിർത്തുകൊണ്ടാണ്, ഞാൻ 11-ാം വയസ്സിൽ എഴുതിത്തുടങ്ങിയത്. അത് മനുഷ്യമനസ്സിനെ ഇളക്കുന്നതും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതും കണ്ടറിയാൻ അന്നേ എനിക്ക് അവസരമുണ്ടായി...

ഒന്നും എന്റെ മിടുക്കല്ല. യാദൃച്ഛികം. വെറും ഭാഗ്യം. മഹാഭാഗ്യം!

(തുടരും)