'മനുഷ്യനെ കൊല്ലാം, പശുവിനെ തൊടാന്‍ പാടില്ല'; പ്രധാനമന്ത്രിയെപ്പോലും നിസ്സാരനാക്കുന്ന ഡല്‍ഹിയിലെ പശു

ഡല്‍ഹി നഗരം ആണോ പെണ്ണോ? അതൊരു ആണ്‍നഗരമാണെന്നാണ് എന്റെ വിശ്വാസം. ഒരാളുടെ നോട്ടത്തില്‍നിന്ന് അയാളുടെ വ്യക്തിത്വവും സ്വത്വവും തിരിച്ചറിയാന്‍ കഴിയും. ഡല്‍ഹി എന്താണ് നോക്കുന്നത്? എന്താണ് കാണുന്നത്? ദീര്‍ഘകാലം ഡല്‍ഹിയില്‍ ജീവിച്ച ഒരാളെന്ന നിലയില്‍ അതറിയാന്‍ ഞാന്‍ വളരെ താത്പര്യപ്പെട്ടിരുന്നു. ഡല്‍ഹിയുടെ കണ്ണുകളെ ഞാന്‍ തുടര്‍ച്ചയായി പിന്തുടര്‍ന്നു. ഞാന്‍ കണ്ടെത്തിയത്, ഡല്‍ഹിയുടെ നോട്ടം സദാ പെണ്ണിലാണെന്നാണ്. ഡല്‍ഹി എങ്ങുനോക്കിയാലും എങ്ങനെ നോക്കിയാലും കാണുന്നത് പെണ്ണിനെമാത്രം. അങ്ങനെ സംഭവിക്കുന്നത്, ഡല്‍ഹി നഗരം ആണായതുകൊണ്ടാണ്. ആണ്‍നഗരമായ ഡല്‍ഹിയില്‍നിന്നാണ് ഞാന്‍ അറിയുന്ന ആണ്‍ നോട്ടം രൂപപ്പെട്ടുവന്നത്.
അമ്പതുവര്‍ഷംമുമ്പാണ് ബ്രിട്ടീഷ് ഫിലിം സൈദ്ധാന്തിക ലോറ മല്‍വേ ആണ്‍നോട്ടം( Male Gaze) എന്ന തിയറിയുമായി വന്നത്. അതോടെയാണ് ആണ്‍നോട്ടം എന്ന പ്രയോഗം പ്രചാരത്തിലായത്. ആണ്‍നോട്ടത്തെക്കുറിച്ചുള്ള അവരുടെ 'Visual pleasure and narrative cinema' എന്ന പഠനം എനിക്കു വായിക്കേണ്ട ആവശ്യമില്ലായിരുന്നു. ആണ്‍നോട്ടങ്ങള്‍ സ്ത്രീകളിലേല്‍പ്പിക്കുന്ന പരിക്കുകള്‍ കണ്ടറിയാന്‍ ഡല്‍ഹി നിവാസികള്‍ക്ക് ഒരു സൈദ്ധാന്തികകൃതിയുടെയും ആവശ്യമില്ലായിരുന്നു. അവര്‍ എന്നും കണ്‍മുമ്പില്‍ കാണുന്ന യാഥാര്‍ഥ്യമായിരുന്നു അത്. ഡല്‍ഹിയിലെ ബസുകളിലാണ് ആണ്‍നോട്ടം കഠിനമാകുന്നത്.
''എംബസിയില്‍ ജോലിചെയ്തിരുന്ന നിങ്ങള്‍ ബസിലാണോ യാത്രചെയ്തിരുന്നത്? നിങ്ങള്‍ക്ക് സ്വന്തമായി വാഹനം ഇല്ലായിരുന്നോ?''
-ആരെങ്കിലും അങ്ങനെ ചോദിച്ചേക്കാം.
ബസുകളില്‍ യാത്രചെയ്യുന്നത് ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. സാധാരണക്കാരുടെ ഇടയില്‍ അവരുടെ വിയര്‍പ്പിന്റെ മണമറിഞ്ഞ് ഇരുന്നുള്ള യാത്ര. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍നിന്നും വന്നവരായിരിക്കും അവര്‍. ചിലര്‍ക്ക് കടുകെണ്ണയുടെ മണമായിരിക്കും. ചിലര്‍ക്ക് മുള്ളങ്കി സബ്ജിയുടെ കനത്ത മണമായിരിക്കും. ചിലരുടെ വായില്‍നിന്നുവരുന്നത് പാന്‍ മസാലയുടെ ചവര്‍പ്പുമണമായിരിക്കും. പല സമൂഹങ്ങളെയും ഞാന്‍ അറിഞ്ഞത് അവരുടെ ഉടലുകളില്‍നിന്നു വമിക്കുന്ന വ്യത്യസ്തമായ ഗന്ധങ്ങളില്‍ നിന്നായിരുന്നു. എംബസിക്കാലത്ത് ആദ്യനാളുകളില്‍ ഞാന്‍ ബസില്‍ക്കയറിത്തന്നെയാണ് ഓഫീസില്‍ പോയിരുന്നത്. എനിക്ക് സ്വന്തമായി വാഹനമുണ്ടായിരുന്നില്ല.
ക്രമേണ ഡല്‍ഹിയിലെ ബസ് യാത്രകള്‍ നരകാനുഭവങ്ങളായി മാറി. വര്‍ധിച്ചുവരുന്ന ജനസംഖ്യക്കനുസരിച്ച് യാത്രാസൗകര്യങ്ങളുണ്ടായിരുന്നില്ല. എല്ലാ ബസുകളും യാത്രികരെ കുത്തിനിറച്ചാണ് പോകുന്നതും വരുന്നതും. നിവര്‍ന്നുനില്‍ക്കാന്‍പോലും ഇടമില്ലാത്ത റെഡ്ലൈന്‍ ബസുകളില്‍ ആണ്‍നോട്ടക്കാര്‍ സ്ത്രീകളെ നാലുവശത്തുനിന്നും നിഷ്‌കരുണം അവഹേളിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. അവര്‍ തൊടുകയും തലോടുകയും മാത്രമല്ല അതിനപ്പുറവും പോയി. വയോധികകളെയും ബാലികമാരെയും കുട്ടികളെപ്പോലും അവര്‍ ആക്രമിച്ചു. ഒരിക്കല്‍ ബസ് നിന്നപ്പോള്‍ ഒരു സ്ത്രീ നിസ്സഹായയായി കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്നത് കണ്ടു.
അതുപോലുള്ള സംഭവങ്ങളാണ് പിന്നീട് വളര്‍ന്ന് ഗീതാ ചോപ്രയുടെയും നിര്‍ഭയയുടെയും ദുരന്തങ്ങളായി മാറിയത്. ഓര്‍മ്മയില്ലേ, ഗീതാ ചോപ്ര എന്ന ബാലികയുടെ കദനകഥ? രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു അത്. ആണ്‍നോട്ടം ഘനീഭവിച്ചുണ്ടായതായിരുന്നു ആ ദുരന്തം.
''ആണ്‍നോട്ടംപോലെ കറുപ്പരുടെ നോട്ടവും ഇല്ലേ?''
-എന്നിലെ അപരന്‍ ചോദിച്ചു.
ഞാന്‍ എന്നോട് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ മറുപടി പറയാനുള്ള ബാധ്യതയും എനിക്കുണ്ട്. അതുകൊണ്ട് BLACK GAZE നെക്കുറിച്ച് എനിക്കറിയാവുന്നവിധം ഞാന്‍ മറുപടി പറഞ്ഞു.
ബ്ലാക്ക് നോട്ടം ഒരു ലിംഗസങ്കല്പമല്ല. അതൊരു രാഷ്ട്രീയസിന്താദ്ധമാണ്. ആണ്‍നോട്ടത്തെക്കുറിച്ച് പറയുമ്പോള്‍, കറുപ്പരുടെ നോട്ടമായ BLACK GAZE എന്ന പുസ്തകം കടന്നുവരുന്നു. ടിന എം. കാംപ്റ്റിന്റെ ആ പുസ്തകത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോഴേക്ക്, WHITE GAZE വരുന്നു. കലയെ വംശീയവത്കരിക്കുന്ന ഒരു സങ്കല്പമാണത്. ഈ ചെറിയ ജീവിതത്തില്‍ എന്തൊക്കെ കാര്യങ്ങളാണ് എനിക്ക് അറിയാനും പഠിക്കാനുമുള്ളത്. സുനില്‍ പി. ഇളയിടത്തെപ്പോലെ സര്‍വ വിഷയങ്ങളെക്കുറിച്ചും അഗാധമായും വ്യക്തമായും സംസാരിക്കാന്‍ എനിക്കാഗ്രഹമുണ്ട്. പക്ഷേ, കഴിയുന്നില്ല. ജ്ഞാനാര്‍ജനത്തിനുള്ള പരിശ്രമങ്ങള്‍ക്കിടയില്‍ ഞാന്‍ തളര്‍ന്നുപോകുന്നു. ആര്‍ജിതവിജ്ഞാനത്തെ മറവിയില്‍നിന്ന് വീണ്ടെടുക്കാനുള്ള എന്റെ തീവ്ര പരിശ്രമങ്ങളില്‍നിന്നാണ് എംബസിക്കാലം എന്ന പരമ്പര ഉണ്ടാകുന്നത്. -ഞാന്‍ പറഞ്ഞു.
ഒരു ചെന്നായ ആട്ടിന്‍കൂട്ടങ്ങളുടെ പിറകെ പായുന്നതുപോലെ ഞാന്‍ അറിവിന്റെയും ജ്ഞാനത്തിന്റെയും പിറകെ പായാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി. ആറ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു ഈ വേട്ട തുടങ്ങിയിട്ട്. അറിവിന്റെ ഒട്ടേറെ കുഞ്ഞാടുകളെ ഞാന്‍ കൊന്നുതിന്നിരിക്കുന്നു. എന്നിട്ടും ആടുജീവിതത്തിലെ ആട്ടിന്‍കൂട്ടങ്ങള്‍പോലെ എന്റെ മുമ്പില്‍ ജ്ഞാനസ്തംഭങ്ങള്‍ അതിരില്ലാത്തവിധം പെരുകിക്കൊണ്ടിരിക്കുകയാണ്. കൗമാരപ്രായത്തില്‍ മയ്യഴിയിലെ എന്റെ ചങ്ങാതിമാര്‍ പതിവായി ആണ്‍നോട്ടം നോക്കിയിരുന്നു. അവരുടെ നോട്ടം പതിഞ്ഞത് മെടഞ്ഞിട്ട തലമുടിയിലും കൈകളിലെ കുപ്പിവളകളിലും നെറ്റിയിലെ പൊട്ടിലും കാതുകളിലെ നക്ഷത്രക്കമ്മലുകളിലും മാത്രമായിരുന്നു. മറ്റെവിടെയും അവരുടെ നോട്ടം ചെന്നെത്തിയിരുന്നില്ല. പരിശുദ്ധമായ ആണ്‍നോട്ടമായിരുന്നു അവരുടേത്. അതുകൊണ്ടുതന്നെ ആ ഭൂതകാല ആണ്‍നോട്ടത്തിന് സൈദ്ധാന്തികവത്കരണത്തിന്റെ ആവശ്യമില്ലായിരുന്നു. അത് നൈസര്‍ഗികവും സര്‍ഗാത്മകവുമായ നോട്ടമായിരുന്നു.
അങ്ങനെ നോക്കാന്‍ ഡല്‍ഹിയിലെ ആണുങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് പെണ്ണ് അണിയുന്ന ഉടയാടകളും ആഭരണങ്ങളും അവളുടെ ചിരിക്കിലുക്കങ്ങളും അവരുടെ ശ്രദ്ധയില്‍പ്പെടാതെ പോയത്. പെണ്ണിലെ അനുദിനം വികസിക്കുന്ന അഗാധമായ ധിഷണാസമ്പത്തും അവര്‍ കണ്ടില്ല. അവരെ സംബന്ധിച്ചിടത്തോളം, പെണ്ണ് വജൈന മാത്രമായിരുന്നു.
അതുകൊണ്ടാണ് ഗീതാ ചോപ്ര സംഭവവും നിര്‍ഭയ സംഭവവും ഉണ്ടായത്. രാത്രിയും പെണ്ണുങ്ങള്‍ക്ക് നഗരത്തില്‍ എവിടെ വേണമെങ്കിലും നിര്‍ഭയം നടക്കാന്‍ കഴിയുമായിരുന്നു. ഗ്രീഷ്മരാവുകളില്‍ വീടിന്റെ വാതിലുകള്‍ താഴിടാതെ, മുറ്റത്തിട്ട കയര്‍ കട്ടിലില്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍ക്കുതാഴെ രാക്കാറ്റേറ്റ് സുഖനിദ്രയില്‍ മുഴുകാമായിരുന്നു. ആ കാലം പെട്ടെന്ന് ഇല്ലാതെയായി. ഗീതാ ചോപ്ര ദുരന്തം ആധുനിക ഡല്‍ഹിയുടെ ഹിംസവത്കരണത്തിന്റെ തുടക്കം കുറിക്കുന്നു. ഡല്‍ഹിയുടെ ഓര്‍മകളില്‍ എന്നും ഹിംസയുണ്ടായിരുന്നു. ചരിത്രത്തിലൂടെ എരിഞ്ഞുവന്ന് വിഭജനക്കാലത്ത് ആളിക്കത്തിയ ഹിംസയുടെ ഓര്‍മകള്‍.
ജീസസ് ആന്‍ഡ് മേരി കോളേജില്‍ പഠിക്കുന്ന പതിനേഴുവയസ്സുള്ള ഒരു പെണ്‍കുട്ടിയായിരുന്നു ഗീതാ ചോപ്ര. അവളുടെ അനിയന്‍ സഞ്ജയ് പത്താംക്ലാസില്‍ പഠിക്കുന്ന കുട്ടിയായിരുന്നു. വൈകുന്നേരം ഓള്‍ ഇന്ത്യ റേഡിയോവിന്റെ യുവവാണി പരിപാടിയില്‍ പങ്കെടുക്കാന്‍വേണ്ടി അവര്‍ ഒന്നിച്ച് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. അപ്പോഴാണ് മഴ ചാറിയത്. ധൗള കുവാനില്‍വെച്ച് ഒരാള്‍ അവര്‍ക്ക് കാറില്‍ ഒരു ലിഫ്റ്റ് നല്‍കി. നിഷ്‌കളങ്കരായ ആ കുട്ടികള്‍ നിസ്സങ്കോചം ആ കാറില്‍ കയറി. മറ്റൊരാള്‍ കൂടെ ചേര്‍ന്നു.
സന്‍സദ് മാര്‍ഗിലെ ഓള്‍ ഇന്ത്യാ റേഡിയോ ഓഫീസിലേക്ക് പോകുന്നതിനു പകരം അവര്‍ കുട്ടികളെ ബുദ്ധജയന്തി പാര്‍ക്കിലേക്ക് കൊണ്ടുപോയി. വനം പോലുള്ള ഒരു സ്ഥലമാണത്. അവിടെവെച്ച് അവര്‍ ആ ബാലികയെ, അവളുടെ സഹോദരന്റെ കണ്‍മുമ്പില്‍ വെച്ച് ബലാത്സംഗം ചെയ്തു. രണ്ടുപേരെയും വാളിനിരയാക്കി കൊല്ലുകയും ചെയ്തു. ബില്ലയെന്നും രങ്കയെന്നുമായിരുന്നു ആ രണ്ട് ആണുങ്ങളുടെ പേര്‍. തുടര്‍ന്നുള്ള നാളുകളില്‍ ഞങ്ങള്‍ ഡല്‍ഹിക്കാര്‍ ഉറങ്ങിയിരുന്നില്ല. കോളേജിലും സ്‌കൂളിലും പോകുന്ന പെണ്‍മക്കള്‍ വീട്ടില്‍ തിരിച്ചെത്തുന്നതുവരെ അച്ഛനമ്മമാരുടെ മനസ്സില്‍ തീയായിരുന്നു.
ഡല്‍ഹിയുടെ ഓര്‍മകളില്‍ ഇപ്പോഴും ആ പാവം കുട്ടികളുടെ ചോരപ്പാടുകളുണ്ട്. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും കൊലപാതകവും ക്രമേണ ഡല്‍ഹിക്കാരുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറി. എന്നും പത്രങ്ങള്‍ക്ക് ആ കഥയേ പറയാനുണ്ടായിരുന്നുള്ളൂ. പിന്നീട് അവരത് പറയുന്നതും നിര്‍ത്തി.
ക്രമേണ ഗീതാ ചോപ്രയെന്ന ബാലികയെ ഡല്‍ഹിക്കാര്‍ മറന്നു തുടങ്ങി. ''വരട്ടെ, മറക്കാന്‍ ആയിട്ടില്ല.''
- ഹിംസയുടെ ശബ്ദം കേട്ട് ഡല്‍ഹി ഞെട്ടിയുണര്‍ന്നു. തണുത്തിരുണ്ട ഒരു ശൈത്യകാല ഡിസംബര്‍ മാസ രാത്രിയായിരുന്നു അത്.
സൗത്ത് ഡല്‍ഹിയിലെ മുനീര്‍ക്കയില്‍ വെച്ചാണ് ആറുപേര്‍ ചേര്‍ന്ന് നിര്‍ഭയ എന്ന ഇരുപത്തിരണ്ടു വയസ്സുള്ള പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഒരു ബസില്‍ വെച്ചാണ് അവര്‍ പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചത്. തുടര്‍ച്ചയായുള്ള ബലാത്കാരത്തിനുശേഷം ജ്യോതിയുടെ ആന്തരികാവയവങ്ങള്‍ അവര്‍ തോണ്ടി പുറത്തെടുക്കുകപോലും ചെയ്തു. രാജ്യത്തെ ഹിംസയുടെ സര്‍വനദികളും ഒന്നിച്ച് ഡല്‍ഹിയിലേക്ക് പ്രവഹിച്ച രാവായിരുന്നു അത്. ലോകമനഃസാക്ഷിയെ നടുക്കുകയും വേദനിപ്പിക്കുകയും ചെയ്ത ആ സംഭവമാണ് പിന്നീട് നിര്‍ഭയസംഭവം എന്ന പേരില്‍ അറിയപ്പെട്ടത്.
ഡല്‍ഹിയുടെ ആ ക്രൗരകാലത്തില്‍നിന്ന് രക്ഷപ്പെട്ടുകൊണ്ടാണ് ഞാന്‍ ജന്മനാട്ടിലെത്തിയത്.
''നിന്നെ നീയാക്കിയ ഡല്‍ഹിയെ നിനക്കെങ്ങനെ ഉപേക്ഷിക്കാന്‍ കഴിഞ്ഞു?'' -ഞാന്‍ സ്വയം ചോദിച്ചു.
വരാന്‍ പോകുന്ന ഏതെങ്കിലും ജന്മങ്ങളിലൊന്നില്‍ ഞാന്‍ എന്റെ പ്രിയപ്പെട്ട ഡല്‍ഹിയിലേക്ക് മടങ്ങിവരും. അത് എംബസി ഉദ്യോഗസ്ഥനായോ എഴുത്തുകാരനായോ അല്ല, ഒരു പശുവായിട്ടായിരിക്കും. മനുഷ്യര്‍ക്കിടയിലെ ആണുങ്ങള്‍ നോക്കുന്നതുപോലെ, ആണായ ഒരു കാളയും പെണ്ണായ ഒരു പശുവിനെയും നോക്കില്ല. അതുമാത്രമല്ല, പശുജന്മം ആഗ്രഹിക്കാന്‍ കാരണം.
ഡല്‍ഹിയില്‍ ഏറ്റവും സുരക്ഷിതമായി ജീവിക്കുന്നത് പശുവാണ്. പ്രധാനമന്ത്രിക്കുപോലും ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങള്‍ പശുവിന് ചെയ്യാന്‍ കഴിയും. റോഡുകളില്‍ വാഹനങ്ങള്‍ വന്ന് നിറയുന്ന ഓഫീസ് സമയത്ത്, നടുറോഡില്‍ ചെന്നുനിന്ന് ചെവിയാട്ടാന്‍ പശുവിന് കഴിയും. പ്രധാനമന്ത്രിക്ക് കഴിയില്ല. ആരും പശുവിനെ തൊടാന്‍ ധൈര്യപ്പെടില്ല. പശു റോഡില്‍നിന്ന് സ്വമേധാ നടന്നുപോകുന്നതുവരെ എല്ലാ വാഹനങ്ങളും കാത്തിരിക്കണം. മനുഷ്യനെ കൊല്ലാം. പക്ഷേ, പശുവിനെ തൊടാന്‍പോലും പാടില്ല. തൊട്ടാല്‍ കലാപമുണ്ടാകും. മനുഷ്യക്കുഞ്ഞുങ്ങള്‍ വിശന്ന് ഒരു തുണ്ടു ചപ്പാത്തിക്കായി ഇരന്ന് നടക്കുമ്പോള്‍ പശുക്കള്‍ സുഭിക്ഷമായി ഭക്ഷണം കഴിക്കുന്നു. പശുവിന് ആഹാരം നല്‍കിയാല്‍, സംരക്ഷിച്ചാല്‍, പൂജിച്ചാല്‍ രാജ്യത്തെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകും എന്ന് വിശ്വസിക്കുന്നവരുമുണ്ട്.
അതുപോലുള്ള ഒരു ഭ്രമകല്പനയിതാ ഗുജറാത്തിലെ ഒരു ന്യായാധിപന്‍ വിശ്വസിക്കുന്നു, ഗോവധം അവസാനിച്ചാല്‍ ലോകത്തെ എല്ലാ പ്രശ്‌നങ്ങളും തീരുമെന്ന്. പശുക്കടത്തിന് അറസ്റ്റിലായ മുഹമ്മദ് അമീന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചുകൊണ്ടാണ് ഗുജറാത്തിലെ താപി ജില്ലാകോടതി ജഡ്ജി സമീര്‍ വിനോദ് ചന്ദ്ര വ്യാസിന്റെ ഈ പരാമാര്‍ശം. ലോകത്തിലെ പ്രശ്‌നങ്ങളുടെ മുഴുവന്‍ കാരണവും ഗോവധമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. ''പശുവിന്റെ ഒരു തുള്ളി രക്തം വീഴാത്ത ദിവസം ഭൂമിയിലെ പ്രശ്‌നങ്ങള്‍ മുഴുവന്‍ അവസാനിക്കും. മനുഷ്യരില്‍ കോപം വര്‍ധിക്കുന്നത് പശുക്കളെ കൊല്ലുന്നതിനാലാണ്. പശുക്കളുടെ സന്തോഷം നഷ്ടമാകുമ്പോള്‍ സമ്പത്തും സ്വത്തും നഷ്ടമാകും.'' -ന്യായാധിപന്‍ പറയുന്നു.
''എന്തുകൊണ്ടാണ് ആയിരം കോടി ചെലവഴിച്ച് ഒരു പശുവിന്റെ പ്രതിമ ഗുജറാത്തില്‍ നിര്‍മിക്കാത്തത്?''
-ഞാന്‍ സ്വയം ചോദിച്ചു. സര്‍വ വിനാശങ്ങളില്‍നിന്നും മനുഷ്യകുലത്തെ രക്ഷിക്കാന്‍ പശുക്കള്‍ക്ക് മാത്രമല്ല, സംസ്‌കൃതം ഭാഷയ്ക്കും സാധിക്കും. ഡല്‍ഹി വിട്ട് നാട്ടില്‍ അഭയം തേടിയപ്പോള്‍ ഹിംസയില്‍നിന്നു മാത്രമല്ല, പലതരം സംഭ്രാന്തികളില്‍നിന്നു കൂടിയാണ് ഞാന്‍ രക്ഷപ്പെട്ടത്.
ഡല്‍ഹി പതുക്കെ സംഭ്രാന്തികളുടെ നഗരം കൂടിയായി മാറുകയായിരുന്നു. ഇതാ അത്തരം ഒരു കഥ.
Content Highlights: M. Mukundan writes how cow is important than humans in Delhi