തകഴിയോടുള്ള ആത്മബന്ധംകൊണ്ടാണ് തക്കാക്കോ കൃതി വിവര്ത്തനം ചെയ്തത് - പ്രൊഫ. എം.കെ. സാനു

പത്തിരുപത് വര്ഷങ്ങള്ക്കുമുമ്പാണ്. ഒരുദിവസം വരാപ്പുഴയില് എത്തിയപ്പോള്, നല്ലതുപോലെ മലയാളം സംസാരിക്കുന്ന ജപ്പാന്കാരി ഇവിടെയുണ്ടെന്ന് ഒരാള് പറഞ്ഞു. ''എനിക്കൊന്നു കാണണം''. അങ്ങനെ തികച്ചും യാദൃച്ഛികമായി തക്കാക്കോയുടെ വീട്ടിലെത്തി. ഉച്ചാരണശുദ്ധിയോടെ ഭംഗിയായി മലയാളം സംസാരിക്കുന്ന ജപ്പാന്കാരിയെ കണ്ടപ്പോള് കൗതുകമായിരുന്നു. സംസാരത്തിനിടയില് തക്കാക്കോ പറഞ്ഞു; ''തകഴിയുടെ ചെമ്മീന് ജാപ്പനീസിലേക്ക് വിവര്ത്തനം ചെയ്തത് ഞാനാണ്...''
തകഴിയുടെ രണ്ടിടങ്ങഴി, തോട്ടിയുടെ മകന്, ചെമ്മീന് പോലുള്ള നോവലുകളില് വളരെ പ്രധാനപ്പെട്ട പ്രാദേശിക ഭാഷാപ്രയോഗങ്ങളുണ്ട്. ഇതെങ്ങനെ മനസ്സിലാക്കുന്നു എന്നായി എന്റെ ചോദ്യം. കേരളവും ജപ്പാനുമായി പലകാര്യങ്ങളിലും സാമ്യമുണ്ടെന്നും അതിനാല് വിവര്ത്തനത്തില് തടസ്സമില്ലായിരുന്നെന്നും മറുപടി. ജാപ്പനീസ് നോവലുകള് വായിച്ചിട്ടുണ്ടോ എന്ന മറുചോദ്യമെത്തി. രണ്ടു നോവലുകള് വായിച്ചിട്ടുണ്ട്, നൊബേല് പുരസ്കാര ജേതാവായ കെന്സാബുറോ ഒയിയുടെ കൃതിയാണ് അതിലൊന്ന് എന്ന എന്റെ മറുപടിയില് അവരുടെ മുഖത്ത് പുഞ്ചിരി വിടര്ന്നു. മലയാളികള് പലരും ജപ്പാനിലുണ്ടെന്നും ജപ്പാനില് കൊച്ചിയെന്നൊരു സ്ഥലമുണ്ടെന്നും നമ്മള് അന്യരല്ലെന്നുമൊക്കെ അവര് പറഞ്ഞു.
തകഴിയുടെ കൃതികളിലെ സാര്വലൗകികമായ ആസ്വാദനക്ഷമത തിരിച്ചറിഞ്ഞതുകൊണ്ടാണ് തക്കോക്കോ ചെമ്മീന് വിവര്ത്തനം ചെയ്തത്. ബഷീറിനെ വായിച്ചിട്ടുണ്ടെങ്കിലും കൂടുതലിഷ്ടം തകഴിയോടാണെന്നും മനുഷ്യന്റെ മാനസികവ്യാപാരങ്ങളെ ഉള്ക്കാഴ്ചയോടെ കണ്ടയാളാണ് തകഴിയെന്നും വെളിപ്പെടുത്തി. ഉദാഹരണമായി വെള്ളപ്പൊക്കത്തില്, തഹസീല്ദാരുടെ അച്ഛന്, അച്ഛനാര് എന്നീ കഥകള് പരാമര്ശിച്ചു.
സാഹിത്യംകടന്ന് വര്ത്തമാനം ചിത്രകലയിലേക്കെത്തി. ചുമരില് കറ്റ്സുഷിക ഹോക്കുസായിയുടെ ലോകപ്രശസ്ത പെയിന്റിങ് ദ ഗ്രേറ്റ് വേവ് ഓഫ് കനഗവ. തകഴിയുടെ വീട്ടില്നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടെന്നുപറഞ്ഞ തക്കാക്കോ, ജാപ്പനീസില് നന്ദിപറയുന്നതെങ്ങനെയെന്ന് എനിക്ക് വിശദീകരിച്ചു. തകഴിയുടെ കൃതികള് വിവര്ത്തനം ചെയ്യുന്നത് ഒരു നിയോഗംപോലെയായിരുന്നു തക്കാക്കോവിന്. ഒന്നുരണ്ടു മണിക്കൂറില് കേരളവും ജപ്പാനും സാഹിത്യവും ഭാഷയുമെല്ലാം ഞങ്ങളുടെ ഇടയില് വിഷയങ്ങളായി. ആ ഓര്മകളെ പ്രായം മായിക്കുന്നില്ല. മനസ്സിലിപ്പോഴും പച്ചപ്പുപോലെ നിറയുന്നുണ്ടവ.
ആസ്വദിക്കല് മാത്രമല്ല, കൃതിയുടെ ആത്മാവുമായി ഹൃദയബന്ധം സ്ഥാപിക്കുന്ന ഒരാള് തര്ജ്ജമ ചെയ്യുമ്പോഴാണ് കൃത്യതയുണ്ടാവുക. തകഴിയോടുള്ള ആത്മബന്ധം ഒന്നുകൊണ്ടുമാത്രമാണ് അവര് വിവര്ത്തനം ചെയ്തത്. ചിലര് അങ്ങനെയുമാണ്. ഭാഷയുടെ അതിരുകളെ അതിലംഘിക്കുന്ന ആസ്വാദനമാണത്.
Content Highlights: M.K. Sanu shares memories of Thakkako translator of Chemmeen novel to Japanese