സമർത്ഥവും സമഗ്രവുമായ ചരിത്രരചനകൾ; ബീഫ് ബർഗറും ചെമ്മീനും ഇഷ്ടപ്പെട്ട എം.ജി.എസ്.

#എ.എം. ഷിനാസ്
എം.ജി.എസ്. | ഫോട്ടോ: എൻ.എം. പ്രദീപ്/മാതൃഭൂമി
എം.ജി.എസ്. | ഫോട്ടോ: എൻ.എം. പ്രദീപ്/മാതൃഭൂമി

പ്രൊഫസര്‍ മുറ്റായില്‍ ഗോവിന്ദമേനോന്‍ എന്ന എം.ജി.എസ്സിനെ ആദ്യമായി നേരില്‍ കാണുന്നത് 1990-കളുടെ ഉത്തരാര്‍ധത്തിലാണ്. സോവിയറ്റ് യൂണിയനിലും 1991 ഡിസംബറില്‍ പിരിച്ചുവിടപ്പെട്ട മുന്‍ സോവിയറ്റ് യൂണിയനിലും നാല് വര്‍ഷം മെഡിസിന്‍ പഠിച്ചു. പിന്നീട് പഠനമുപേക്ഷിച്ച് ഒന്നുരണ്ടു വര്‍ഷം ആ മഹാരാജ്യത്തിന്റെ മുക്കിലും മൂലയിലും കറങ്ങിത്തിരിഞ്ഞ് നാട്ടിലെത്തിയതായിരുന്നു ഞാന്‍. സോവിയറ്റ് യൂണിയനില്‍ പഠിക്കുന്ന കാലത്തും അതിനു മുന്‍പും ഇടയ്ക്കിടെ ഞാന്‍ മാതൃഭൂമി പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ എഴുതാറുണ്ടായിരുന്നു. എം.ജി.എസ്സിന്റെ മലാപ്പറമ്പിലെ വീടായ മൈത്രിയിലേക്ക് പോയത് മാതൃഭൂമി ആഴ്ചപ്പതിപ്പിനുവേണ്ടി ഒരു അഭിമുഖസംഭാഷണം തയ്യാറാക്കാനാണ്.

എം.ജി.എസ്സിന്റെ ചരിത്രഗ്രന്ഥങ്ങള്‍ അക്കാലത്ത് വായിച്ചിരുന്നില്ലെങ്കിലും അദ്ദേഹം ആനുകാലികങ്ങളില്‍ ഇടതടവില്ലാതെ എഴുതിയിരുന്ന ലേഖനങ്ങള്‍ ഞാന്‍ വായിക്കാറുണ്ടായിരുന്നു. സംഭാഷണ വിഷയം ചരിത്രമായിരുന്നില്ല. അക്കാലത്തെ ആനുകാലിക പ്രശ്‌നങ്ങളും രാഷ്ട്രീയവിവാദങ്ങളുമായിരുന്നു. ചോദ്യങ്ങള്‍ സമകാലിക പ്രശ്‌നങ്ങളെക്കുറിച്ചാണെങ്കിലും ഓരോ പ്രശ്‌നത്തെ വിശകലനം ചെയ്യാനും നിര്‍ധാരണം ചെയ്യാനും എം.ജി.എസ് ചരിത്രവിജ്ഞാനീയത്തിന്റെ ആഴങ്ങളിലേക്കും പുറമ്പോക്കുകളിലേക്കും ഒരുവേള ചതുപ്പുകളിലേക്കും ഊളിയിടുന്നത് എന്റെ ശ്രദ്ധ പിടിച്ചു പറ്റി.

ബിഎസ്‌സി ഫിസിക്‌സിന് പഠിക്കുമ്പോഴാണ് സ്‌കോളര്‍ഷിപ്പോടെ സോവിയറ്റ് യൂണിയനില്‍ പഠിക്കാന്‍ എനിക്ക് അവസരം ലഭിച്ചത്. ഏതാണ്ട് അക്കാലത്ത് 1989-90 കളില്‍ എം.ജി.എസ്. മോസ്‌കോ സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസറായിരുന്നു. വീണ്ടും കോളേജില്‍ ചേര്‍ന്ന് പഠിക്കാനുള്ള 'ദുരഭിമാനം' കാരണം പ്രൈവറ്റായി എന്ത് പഠിക്കണമെന്ന കാര്യത്തില്‍ വിഷമവൃത്തത്തിലായിരന്നു ഞാന്‍. അന്ന് എം.ജി.എസ്സുമായി രണ്ടു ദിവസം സംസാരിച്ചപ്പോള്‍ ഒരു പരമാര്‍ഥം പിടികിട്ടി. ചരിത്രം 'ചില്ലറ' വിഷയമല്ല. അഗാധമാണത്. ഒരു ചരിത്രപഠിതാവിന് വേണ്ട അവശ്യ ബൗദ്ധികശേഷികള്‍ എന്തെല്ലാമാണെന്ന് അപ്പോള്‍ എം.ജി.എസ്സിനോട് ചേദിച്ചു. വിമര്‍ശനബുദ്ധി, അപ്രഗ്രഥനപാടവം, രചനാത്മകവും ബുദ്ധിപരവുമായ ഭാവനാശക്തി, ഒരു പ്രത്യേക തരം സംശയകുശലത, ഓര്‍മശക്തി എന്നിവയൊക്കെ അനുപേക്ഷണീയമാണെന്നായിരുന്നു മറുപടി. എന്തുകൊണ്ടാണ് ഓര്‍മശക്തി അവസാനം പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍, ഒരു വ്യക്തിക്ക് ഏതെങ്കിലും ആ വിഷയത്തില്‍ അഭമ്യമായ താല്‍പര്യമുണ്ടെങ്കില്‍ ആ വിഷയത്തെ സംബന്ധിച്ച വസ്തുതകളും വ്യാഖ്യാനങ്ങളും വര്‍ഷവും തീയതിയുമൊക്കെ മനസ്സില്‍ താനെ പതിയുമെന്നായിരുന്നു പ്രതിവചനം. 

അങ്ങനെ ഞാന്‍ പ്രൈവറ്റായി ചരിത്രം പഠിക്കാന്‍ തുടങ്ങിയപ്പോള്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും 'മൈത്രി'യില്‍ പോകുമായിരുന്നു. ഫ്യൂഡലിസത്തെക്കുറിച്ചുള്ള സംവാദം എം.എയ്ക്ക് സിലബസ്സില്‍ ഉണ്ടായിരുന്നു. അതിനെപ്പറ്റി ചോദിച്ചപ്പോള്‍ ഷെല്‍ഫുകള്‍ ചൂണ്ടിക്കാട്ടി, ഡി.ഡി. കൊസാംബിയുടെയും ആര്‍.എസ്. ശര്‍മയുടെയും മാര്‍ക് ബ്ലോക്കിന്റെയും മറ്റും പുസ്തകങ്ങള്‍ എടുത്ത് വായിക്കാന്‍ പറയും. ഓരോ പോക്കിലും നാലഞ്ച് പുസ്തകങ്ങളുമായാണ് ഞാന്‍ മടങ്ങിയിരുന്നത്. വളരെ വിശദമായി അവരുടെ വാദമുഖങ്ങളൊന്നും അദ്ദേഹം വിശദീകരിച്ചിരുന്നില്ല. എന്നാല്‍ സാരഗര്‍ഭമായ സൂചനകള്‍ തരും.

ഐരാവതം മഹാദേവന്റെ ആസ്‌കോ പെര്‍പോളയുടെയും സിന്ധുലിപിയെപ്പറ്റിയുള്ള പഠനങ്ങളും ഇടയ്ക്കിടെ ചര്‍ച്ച ചെയ്യുമായിരുന്നു. ആസ്‌കോ പര്‍പ്പോളയുമായി അദ്ദേഹം നടത്തിയിരുന്ന ഇ-മെയില്‍ ആശയവിനിമയവും കാണിച്ചുതരുമായിരുന്നു. ഇങ്ങനെ ഓരോ ചരിത്രവിഷയത്തെക്കുറിച്ച് പറയുമ്പോഴും അതുമായി ബന്ധപ്പെട്ട ഏറ്റവും മികച്ച പുസ്തകങ്ങള്‍ അദ്ദേഹം നിര്‍ദേശിക്കും. 'മൈത്രി'യിലെ വിപുല പുസ്തകശേഖരത്തില്‍ തന്നെ അവയില്‍ മിക്കവയും ഉണ്ടായിരുന്നു.

എം.ജി.എസ് ഒരു ബഹുമുഖ പ്രതിഭയായിരന്നു എന്ന് പറയാം. 1950-60 കാലത്ത് കവിതയും സാഹത്യ നിരൂപണവുമൊക്കെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അദ്ദേഹം എഴുതിയിരുന്നു. എം.ജി.എസ് നാരായണന്‍ ബിഎ എന്ന പേരില്‍. ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകള്‍ക്ക് അക്കാലത്ത് എം.ജി.എസ് എഴുതിയ ആമുഖം സഹൃദയശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. ചിത്രകലയിലും നാടകപ്രവര്‍ത്തനത്തിലും കലശലായ കമ്പമുണ്ടായിരുന്നു. താന്‍ വലിയ ചിത്രകാരനാണെന്ന തോന്നല്‍ മാറിയത് പൊന്നാനിക്കടുത്തള്ള നമ്പൂതിരിയുടെ ഇല്ലത്ത് പോയപ്പോഴാണെന്ന് എം.ജി.എസ് പലരോടും പലപാട് പറഞ്ഞിട്ടുണ്ട്. ഇല്ലത്തിന്റെ ചുവരുകളിലും മതിലുകളിലും എല്ലാം കരിക്കട്ടകൊണ്ട് നമ്പൂതിരി കോറിവരച്ച ചിത്രങ്ങളും അദ്ദേഹത്തിന്റെ ശില്പങ്ങളും മറ്റും കണ്ടപ്പോള്‍ തന്റെ ചിത്രകലാവൈദഗ്ധ്യത്തിന്റെ ഊക്കും ആക്കവും ഒന്നുമല്ലെന്ന് ബോധ്യപ്പെട്ടു എന്നാണ് എം.ജി.എസ് പറഞ്ഞിരുന്നത്. എന്നിട്ടും ചിത്രരചനയെ അദ്ദേഹം കൂടെകൊണ്ടു നടന്നു. എന്നാല്‍ ഈ വക കലാതാത്പര്യങ്ങള്‍ നിലനില്‍ക്കവേ തന്നെ ചരിത്ര വിജ്ഞാനീയത്തിലെ അതികായരില്‍ ഒരാള്‍ എന്ന വിശേഷണമാണ് എം.ജി.എസ്. സര്‍വഥാ അര്‍ഹിക്കുന്നത്. കാരണം, കേരള ചരിത്രരചനയെ എം.ജി.എസ്സിന് മുന്‍പും പിന്‍പും എന്ന മട്ടില്‍ വേര്‍തിരിക്കാവുന്ന വിധം ഒരു വിച്ഛേദമാണ് അദ്ദേഹം നടത്തിയത്. 

1960-കളിലും 1970-കളിലെ പ്രഥമപാദത്തിലുമായി എം.ജി.എസ് പൂര്‍ത്തീകരിച്ച പെരുമാക്കന്മാരെപ്പറ്റിയുള്ള ഗവേഷണ പ്രബന്ധത്തിന്റെ പരിശോധകരില്‍ ഒരാള്‍ ലോകപ്രശസ്ത ചരിത്രകാരനായിരുന്ന എ.എന്‍. ബാഷാം ആയിരുന്നു. ബാഷാം ആ പ്രബന്ധത്തെപ്പറ്റി എഴുതിയ നിരൂപണക്കുറിപ്പിലെ ചില ഭാഗങ്ങള്‍ ഇങ്ങനെയാണ്; 'ഞാന്‍ പരിശേധിച്ചവയില്‍ ഏറ്റവും സമര്‍ഥവും സമഗ്രവുമായ ഇന്ത്യന്‍ പ്രബന്ധങ്ങളില്‍ ഒന്നാണിത്. ഡി.ലിറ്റ് ബിരുദത്തിനുവേണ്ടി ഞാന്‍ സൂക്ഷ്മാവലോകനം നടത്തിയ പല പ്രബന്ധങ്ങളുടെയും നിലവാരത്തേക്കാള്‍ മീതേയാണ് ഇതിന്റെ സ്ഥാനം'. ഈ പ്രബന്ധത്തിന്റെ മറ്റ് മികവുകളെക്കിറിച്ചും സവിശേഷകളെക്കുറിച്ചു തുടര്‍ന്ന് ബാഷാം എഴുതുന്നു.

എ.ജി.എസ്, 15 വയസ്സുവരെ സമ്പൂര്‍ണ സസ്യാഹാരിയായിരുന്നു. പിന്നീട് എപ്പോഴാണ് മാട്ടിറച്ചിയുള്‍പ്പെടെയുള്ള മാംസാഹാരവും മല്‍സ്യവും കഴിച്ചു തുടങ്ങിയതെന്ന് ഒരിക്കല്‍ ഞാന്‍ ആരാഞ്ഞിരുന്നു. ഇതിനു നല്‍കിയ ഉത്തരത്തിനു മുന്‍പ് 2012-ലുണ്ടായ ഒരനുഭവം പറയാം. അന്നൊരു ദിവസം ഫോണ്‍ വിളിച്ചപ്പോള്‍ താന്‍ വീട്ടില്‍ ഒറ്റയ്ക്കാണെന്നും പ്രേമി (എം.ജി.എസ്സിന്റെ പങ്കാളി) മകളുടെയടുത്ത് ബാംഗ്ലൂരില്‍ പോയതാണെന്നും എം.ജി.എസ് പറഞ്ഞു. മീഞ്ചന്ത ആര്‍ട്‌സ് കോളേജില്‍നിന്ന് വൈകുന്നേരം വരുന്ന വഴി, നടക്കാവിലെ മീന്‍ മാര്‍ക്കറ്റില്‍നിന്ന് ഒരു കിലോ നല്ല വലുപ്പമുള്ള ചെമ്മീന്‍ വാങ്ങി ഞാന്‍ 'മൈത്രി'യില്‍ എത്തി. ചെമ്മീന് പുത്തന്‍ മൈത്രീഭാവമായിരുന്നു. അടുക്കളില്‍ പലയിടത്തായി വെച്ചിരുന്ന ഉപ്പുമുളകാദി ചേരുവകളെല്ലാം എം.ജി.എസ്. കാണിച്ചുതന്നു. ഞാന്‍ ചെമ്മീന്‍ പാകത്തിന് മൊരിച്ച് ഫ്രൈ ചെയ്തു. ചപ്പാത്തിയും കൂട്ടി (അതോ ദോശയോ?) ഞങ്ങളിരുവരും അത് പെട്ടെന്ന് തീര്‍ക്കുകയും ചെയ്തു. 

ഇങ്ങനെ മീന്‍വിഭവങ്ങള്‍ നാലഞ്ചു തവണ പാചകം ചെയ്ത് ഒരുമിച്ച് ഞങ്ങള്‍ കഴിച്ചിട്ടുണ്ട്. അന്ന് ഗോവധനിരോധന ചര്‍ച്ചയൊക്കെ ഉയര്‍ന്നുവരുന്ന കാലമായിരുന്നു. ചെമ്മീന്‍ കഴിക്കുന്നതിനിടെ ഗാന്ധിജിയും വി.ഡി. സവര്‍ക്കറും ചെമ്മീനും കഥാപാത്രങ്ങളായി വരുന്ന ഒരു സംഭവം എം.ജി.എസ്. വിവരിച്ചു. 1906 ഒക്ടോബര്‍ മാസമാണ് ലണ്ടനിലെ ഇന്ത്യ ഹൗസില്‍ വെച്ച് സവര്‍ക്കറെ ഗാന്ധിജി ആദ്യമായി കാണുന്നത്. ഇന്ത്യ ഹൗസ് അക്കാലത്ത് ബ്രിട്ടീഷ് വിരുദ്ധ മനക്കൂട്ടുള്ള വിദ്യാര്‍ഥികളുടെ സങ്കേതമായിരുന്നു. ഗാന്ധിജി ചില രാഷ്ട്രീയചര്‍ച്ചകള്‍ക്ക് തുടക്കമിട്ടപ്പോള്‍ സവര്‍ക്കര്‍ ചെമ്മീന്‍ വിഭവം പാകം ചെയ്യകയായിരുന്നു. ഭക്ഷണശേഷമാവാം ചര്‍ച്ച എന്ന് സവര്‍ക്കര്‍ പറഞ്ഞു. ചിത്പവന്‍ ബ്രാഹ്‌മണനായ സവര്‍ക്കര്‍ ചെമ്മീന്‍ തിന്നത് ഗാന്ധിജിയെ ശരിക്കും ഞെട്ടിച്ചു. താന്‍ മല്‍സ്യമാംസാദികള്‍ കഴിക്കാറില്ലെന്ന് ഗാന്ധിജി പറഞ്ഞപ്പോള്‍ സവര്‍ക്കറുടെ പ്രതികരണം ഇങ്ങനെയായിരുന്നു: 'ഇത് വെറും വേവിച്ച മല്‍സ്യമാണ്. ഇതുപോലും തിന്നാത്ത നിങ്ങള്‍ എങ്ങനെയാണ് ഞങ്ങളോടൊപ്പം പ്രവര്‍ത്തിക്കുക? ഞങ്ങള്‍ക്കു വേണ്ടത് ബ്രിട്ടീഷുകാരെ ജീവനോടെ തിന്നാന്‍ സന്നദ്ധതയുള്ളവരെയാണ്'.

എം.ജി.എസ് വളര്‍ന്ന പൊന്നാനിയിലെ പിതൃസഹോദരിയുടെ വീട്ടില്‍ മല്‍സ്യമാംസാദികളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് കോളേജില്‍ ചേര്‍ന്നപ്പോഴാണ് പൊരിച്ച മീനും ബിരിയാണിയും കുറ്റേശെയായി കഴിക്കാന്‍ തുടങ്ങിയത്. താംബരത്തെ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ എംഎയ്ക്ക് ചേര്‍ന്നപ്പോള്‍ അവിടെയുള്ള ബിഷപ്പ് ഹീബര്‍ ഹാളിലെ യൂറോപ്യന്‍ മെസ്സില്‍ എം.ജി.എസ് അംഗത്വമെടുത്തു. അക്കാലത്ത് യൂറോപ്യന്‍ ശൈലിയില്‍ പാകം ചെയ്ത മാംസവിഭവങ്ങള്‍ കഴിച്ച് ശീലമായി. പിന്നീട് എഴുപതുകളുടെ മധ്യത്തില്‍ ലണ്ടന്‍ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസില്‍ വിസിറ്റിങ് പ്രൊഫസറായി ചെന്നപ്പോള്‍ ബിജു(മകന്‍) ബീഫ് ബര്‍ഗര്‍ വാങ്ങിത്തരും. അത് എം.ജി.എസ്സിനും ഇഷ്ടമായി.

1950-കളില്‍ ബിലാത്തിക്കുളത്ത് കെ.പി. കേശവമേനോന്റെ അയല്‍ക്കാരനായി താമസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു എം.ജി.എസിന്. കാലത്ത് ഭക്ഷണം കഴിക്കാന്‍ ആരെയും കൂട്ടിനു കിട്ടിയില്ലെങ്കില്‍ കെ.പി. കേശവമേനോന്‍ എം.ജി.എസിനെ വിളിക്കും. പോയില്ലെങ്കില്‍ വലിയ പരിഭവം കാണിക്കും. കേശവമേനോന്റെ രണ്ടു പെണ്‍മക്കളെയും വിവാഹം കഴിച്ചത് എം.ജി.എസ്സിന്റെ അച്ഛന്റെ മരുമക്കളാണ്. ഇഡ്ഡലിയുടെ ദോശയുടെയും പുട്ടിന്റെയുമൊക്കെ കൂമ്പാരമുണ്ടാകും കേശവമേനോന്റെ വീട്ടിലെ തീന്‍മേശയില്‍. കോഴിക്കോട്ടെ പലരും കേശവമോനോന് നോണ്‍ വെജ്ജും എത്തിച്ചു കൊടുക്കുമായിരുന്നു. അവരിലൊരാള്‍ ധനാഢ്യനും സഹൃദയനുമായിരുന്ന ഹസ്സന്‍ കോയയായിരുന്നു. ബിരിയാണിയും പത്തിരിയും ഇറച്ചിയുമെല്ലാം ഹസ്സന്‍കോയ ഇടയ്ക്കിടെ കൊണ്ടുവരും. അതില്‍ നല്ലൊരു പങ്ക് അദ്ദേഹം പലർക്കായി വിതരണം ചെയ്യും. കോഴിക്കോട്ട് സുഹൃദ് സദസ്സുകളില്‍ മുന്‍നിര ഭക്ഷണപ്രിയര്‍ക്ക് റാങ്കുകള്‍ കൊടുത്ത് തരം തിരിച്ചിരുന്നു, ഒന്നാമന്‍ കേശവമേനോന്‍, രണ്ടാമന്‍ കളക്ട്രേറ്റിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന എ.സി. ഗോവിന്ദന്‍, മൂന്നാമന്‍ ഉറൂബ്, നാലാമന്‍ എം.ജി.എസ്.

Content Highlights: MGS Narayanan's life