'ഓതുന്നതെന്താണ്? ഓതുന്നതു വേദമാണ്. അതിനാല്‍ ഇതു നമ്മുടെ വേദമാകുന്നു': ഷഗാളും നിത്യനും ഞാനും

നിത്യനും ഞാനും എന്നാണ് ഞാന്‍ ഈ കുറിപ്പിനു പേരിടാനുദ്ദേശിച്ചത്.
ആ തലക്കെട്ടിന്റെ പരുഷത ആരെയെങ്കിലും വേദനിപ്പിക്കുന്നുവെങ്കില്‍ പൊറുക്കുക. അത്രമേല്‍ അടുപ്പമുള്ള ഒരാളെ അയാളുടെ പേരു കൊണ്ടല്ലേ പരാമര്‍ശിക്കാനാവൂ? വേണമെങ്കില്‍ 'ഗുരുനിത്യ' എന്നാവാം. അപ്പോഴും ആ പേരിന്റെ ഇമ്പം നിലയ്ക്കുന്നില്ല. ഇതിനര്‍ത്ഥം ഗുരുവിന് ഞാനോ എനിക്ക് ഗുരുവോ പരിചിതരായിരുന്നു എന്നല്ല. ഞാന്‍ ഗുരുവിനെ കണ്ടിട്ടേയില്ല. കണ്ടതും വായിച്ചതും സ്പര്‍ശിച്ചതും ആ എഴുത്തുകളാണ്, അവയില്‍ സ്പന്ദിക്കുന്ന നിത്യചൈതന്യത്തെ.
'ജയചന്ദ്രപ്പണിക്കര്‍' എങ്ങനെ 'നിത്യചൈതന്യയതി' എന്ന പേരുകാരനായി എന്ന് ഞാനാലോചിച്ചിട്ടുണ്ട്. കാരണം നാരായണന്‍, നാരായണഗുരുവായും പി. നടരാജന്‍ നടരാജഗുരുവായുമാണ് മാറിയത്. അവരിലൊന്നുമില്ലാത്ത പേരുമാറ്റം നിത്യഗുരുവില്‍ സംഭവിച്ചു. കാരണം അത്രമേലിണങ്ങുന്ന പേരായിരുന്നു അദ്ദേഹത്തിനത്; നാരായണ ഗുരുവിനും നടരാജഗുരുവിനും അവരുടെ മാതാപിതാക്കള്‍ നല്‍കിയ പേരുകളെന്ന പോലെ. ജയചന്ദ്രന്‍, നിത്യനാകുന്ന ഈ പരിണാമം നിത്യഗുരുവില്‍ സംഭവിച്ചു എന്നത് പ്രധാനമാണ്. നാരായണഗുരുവും നടരാജഗുരുവും അതിനായി നിയോഗിക്കപ്പെട്ടവരായിരുന്നു. നിത്യന്റെ കാര്യത്തിലാകട്ടെ അതൊരു തിരഞ്ഞെടുപ്പിന്റെ ഫലമായിരുന്നു.
അതിനാല്‍ത്തന്നെ ലൗകികാത്മീയസമന്വയം നിത്യഗുരുവിന്റെ ദൗത്യങ്ങളിലൊന്നായിരുന്നു എന്ന് ഇന്നു നമ്മള്‍ തിരിച്ചറിയുന്നു. പൂര്‍ണ്ണനിസ്സംഗനും നിര്‍ല്ലേപനുമായിരുന്നു നാരായണഗുരു; നടരാജഗുരുവാകട്ടെ അതിനായി പ്രതിജ്ഞാബദ്ധനും. ഇതു രണ്ടുമായിരുന്നില്ല ജയചന്ദ്രന്‍. അയാള്‍ അതു തിരഞ്ഞെടുത്തു, ആത്മീയതയുടെ കേവലാനന്ദത്തെ ലൗകികതയുടെ സൗന്ദര്യാനന്ദവുമായിണക്കിക്കൊണ്ട്.
ഗുരുവിന്റെ, പ്രസാദഭരിതമായ, ഈ സൗന്ദര്യാസ്വാദനതൃഷ്ണയാണ് എന്നെ അദ്ദേഹവുമായടുപ്പിച്ചത്. കവിതയും ചിത്രകലയുമായിരുന്നു അവയില്‍ മുഖ്യം. ഗുരുകവിതയും ആശാന്‍കവിതയും ഹൈക്കുവും റുബായിയാത്തും ഗീതഗോവിന്ദവുമായിരുന്നു നിത്യന്റെ കാവ്യാസ്വാദനതൃഷ്ണയെ ഏറ്റവും ഗാഢമായി സല്‍ക്കരിച്ചിട്ടുള്ളത് എന്നു തോന്നുന്നു.'ആത്മോപദേശശതക'ത്തിന് നിത്യഗുരു എഴുതിയതു പോലെ സരളമനോജ്ഞമായ ഒരു പഠനമോ വ്യാഖ്യാനമോ ഞാന്‍ വേറേ വായിച്ചിട്ടില്ല. 'ഓതുന്നതെന്താണ്? ഓതുന്നതു വേദമാണ്. അതിനാല്‍ ഇതു നമ്മുടെ വേദമാകുന്നു.' ഏതാണ്ടിതേ വിധമാണദ്ദേഹം,' കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി/തെരുതെ തെരെ വീണു വണങ്ങിയോതിടേണം' എന്നവസാനിക്കുന്ന 'ആത്മോപദേശശതക'ത്തിലെ ആദ്യശ്ലോകം വ്യാഖ്യാനിച്ചവസാനിപ്പിക്കുന്നത്. ധിഷണാപരമായ വ്യാഖ്യാനം എന്നതിനേക്കാള്‍ ഗുരുകവിതയുടെ മേലുള്ള മനനമോ ധ്യാനമോ ആണത്.
ആശാന്‍കവിതയെപ്പറ്റി വിപുലമായെഴുതിയിട്ടുള്ള നിത്യഗുരു,' നളിനി'യേയും 'ചിന്താവിഷ്ടയായ സീത'യെയും മുന്‍നിര്‍ത്തി രണ്ട് ചെറുപുസ്തകങ്ങള്‍ തന്നെയെഴുതി; പിന്നീട് 'കുമാരനാശാന്‍' എന്ന പേരില്‍ സമാഹരിക്കപ്പെട്ടിട്ടുള്ള ആശാന്‍വായനകളുടെ ഒരു സമാഹാരവും. 'ഗീതഗോവിന്ദ'ത്തെപ്പറ്റി ' പ്രേമവും ഭക്തിയും' എന്ന പഠനമെഴുതിയ നിത്യന്‍, റുബായിയാത്തിനോടുള്ള തന്റെ പ്രണയം പ്രകടമാക്കിയത് അതില്‍ നിന്നും ഏതാനും ചില 'റുബായി' കള്‍ക്ക് മൗലികമായ പദ്യപരിഭാഷ നല്‍കിക്കൊണ്ടാണ്. ബാഷോവിനെപ്പോലുള്ള ഹൈക്കുകവികളോടും അഗാധമായൊരു ഹൃദയപാരസ്പര്യം പുലര്‍ത്തിയിരുന്നു നിത്യ. അദ്ദേഹം തുറന്നുതന്ന കിളിവാതിലിലൂടെയാണ്, ചെറിപ്പൂക്കള്‍ വിരിയുന്ന ഹൈക്കുവിന്റെ ഹരിതാഭമായ ആ സമതലം ഞാനാദ്യമായി കാണുന്നത്. പിന്നീടതൊരു ആജീവനാന്തപ്രണയമായി മാറി.
ഇത്തരത്തിലാണ് ചിത്രകാരന്മാരായ സെസാന്‍, വാന്‍ഗോഗ്, മോനേ, ഷഗാള്‍ എന്നിവരേയും ഞാന്‍ ഗുരുനിത്യയുടെ ലേഖനങ്ങളിലൂടെ പരിചയപ്പെടുന്നത്. ഇവരെല്ലാവരും ഇന്നും എന്നോടൊപ്പമുണ്ട്, ഷഗാളിനോടും മോനേയോടും തോന്നുന്ന ചെറിയൊരു ഇഷ്ടക്കൂടുതലോടെ.
ആഹ്‌ളാദഭരിതമായ ചിത്രപ്രപഞ്ചമാണ് റഷ്യന്‍ചിത്രകാരനായ മാര്‍ക് ഷഗാളിന്റേത്; അവിടെ പ്രണയികളും കുഞ്ഞാടുകളും വയലിനുകളും, മഴവില്ലുകളോടൊപ്പം, വാനനീലിമയില്‍ ഉയര്‍ന്നു പാറുന്നു. ആനന്ദത്തിന്റെ ആത്മീയതയും ആത്മീയതയുടെ ആനന്ദവുമാണത്. ഷഗാളിനെ എനിക്കു കാട്ടിത്തന്ന നിത്യഗുരുവിനെയാണ് എനിക്ക് ഏറ്റവുമിഷ്ടം. അതിനാല്‍ ഈ കുറിപ്പിന്റെ തലക്കെട്ട് ഞാന്‍ ഇങ്ങനെ തിരുത്തുന്നു- 'ഷഗാളും നിത്യനും ഞാനും'.
Content Highlights: mashipacha sajay kv guru nithyachaithanya yathi narayanaguru natarajaguru