'പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കേരളത്തില്‍ വാസനസോപ്പ് ഇറങ്ങിയിരുന്നോ?' - എം.ജി.എസ് ചോദിച്ചു

വിടപറഞ്ഞ മനീഷിയായ ചരിത്രകാരന്‍ എം.ജി.എസ്. നാരായണനെക്കുറിച്ചുള്ള അത്യന്തം വ്യക്തിപരമായ ഒരു ഓര്‍മ്മക്കുറിപ്പാണിത്. ബൗദ്ധികതയെക്കാള്‍ ഇവിടെ ഹൃദയങ്ങള്‍ സംസാരിക്കുന്നു
അതിവിശാലമായ എം.ജി.എസിന്റെ ശിരസ്സ് അതിശക്തമായ മസ്തിഷ്‌ക അര്‍ധഗോളങ്ങളുടെ സാന്നിധ്യമറിയിക്കുന്നു എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. ഇടത് മസ്തിഷ്‌ക അര്‍ധഗോളം യുക്തിചിന്തയെയും വലത് മസ്തിഷ്‌ക അര്‍ധഗോളം വികാരപരതയെയും സംവഹിക്കുന്നു എന്നാണല്ലോ പഴയ വിശ്വാസം. യുക്തിയും വികാരസമ്പത്തും ഒന്നിനൊന്ന് മുന്തിനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ രണ്ട് ശീര്‍ഷഭാഗങ്ങളും ബൃഹത്താകാതെ വയ്യ. തന്നിലെ വികാരശേഷിയുടെ വിസ്‌ഫോടനത്താലാകാം എം.ജി.എസ്. ആദ്യമായി അക്ഷരാവിഷ്‌കാരം നടത്തിയത് കവിതയിലൂടെയായിരുന്നു. പിന്നീട് 'ഏജ് ഓഫ് റീസണ്‍' ചിന്തകളുടെ സ്വാധീനത്താലാകാം റാഷണാലിറ്റി സടകുടഞ്ഞെഴുന്നേറ്റ് കേരള ചരിത്രവിജ്ഞാനത്തിന്റെ സംസ്ഥാപകരില്‍ പ്രധാനിയുമായി.
ഈ രണ്ടുതരം പ്രതിഭാശേഷികള്‍ സൃഷ്ടിച്ച സ്വഭാവവൈചിത്ര്യങ്ങള്‍ ആ വ്യക്തിത്വത്തിന്റെ ചാരുതയായിരുന്നു. എന്റെ തറവാട്ടിലെ വലിയ കാരണവരുടെ മകനായിരുന്നതിനാല്‍ ചാരുതകള്‍ കണ്ടുരസിക്കാനുള്ള അവസരങ്ങള്‍ എനിക്ക് സുലഭമായി. കാരണവര്‍ ഗോപിമ്മാമയുടെ ഏകമകനായ ശങ്കരനാരായണന്റെ (എം.ജി.എസ്.) പ്രാഥമികവിദ്യാഭ്യാസം പൊന്നാനി എ.വി. ഹൈസ്‌കൂളിലാണ് നടന്നത്. നന്നേ ചെറുപ്പത്തില്‍ അമ്മ മരിച്ചുപോയ ചെറുക്കന്‍ സര്‍വരുടെയും സഹതാപജന്യമായ വാത്സല്യത്തിന് അര്‍ഹനായി. സുന്ദരനും വികൃതിയുമായിരുന്ന കുട്ടിയെ കളിപ്പിക്കാനും കുളിപ്പിക്കാനും മുന്‍പന്തിയില്‍നിന്ന പെണ്‍കിടാങ്ങളില്‍ എന്റെ അമ്മ ഒന്നാമതായിരുന്നു. മുതിര്‍ന്ന് വിദ്യാഭ്യാസം പരപ്പനങ്ങാടിയിലേക്ക് മാറിയപ്പോള്‍ എം.ജി.എസിന്റെ ബന്ധം എന്റെ അച്ഛനുമായിട്ടായി. റംഗൂണിലും കൊല്‍ക്കത്തയിലും ഇംപീരിയല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലിചെയ്തിരുന്ന അച്ഛന്‍ ലീവില്‍വരുമ്പോള്‍ മാര്‍ക്‌സിസമടക്കമുള്ള പുതുവിജ്ഞാനഗ്രന്ഥങ്ങള്‍ കൊണ്ടുവരും. അതെല്ലാം വായിക്കാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന മിടുമിടുക്കന്‍ എം.ജി.എസായിരുന്നു. എല്ലാം ഹൃദിസ്ഥമാക്കുക മാത്രമല്ല അടുത്ത ലീവിന് വരുമ്പോള്‍ കൊണ്ടുവരേണ്ട പുസ്തകങ്ങളുടെ ലിസ്റ്റുകൂടി ശങ്കരനാരായണന്‍ ദാമോദരേട്ടന് നല്‍കും. പൊന്നാനി എം.ജി.എസില്‍ ഇക്യൂ വളര്‍ത്തിയെങ്കില്‍ പരപ്പനങ്ങാടി ഐക്യു വളര്‍ത്തിയെന്ന് പറയാം.
തുടര്‍ന്നുണ്ടായ പൊന്നാനിബന്ധം വീണ്ടുമദ്ദേഹത്തില്‍ ഇക്യുവിനെയാണ് പ്രചോദിപ്പിച്ചത്. ആര്‍. രാമചന്ദ്രന്റെ നേതൃത്വത്തില്‍ രൂപവത്കരിക്കപ്പെട്ട കോലായയുടെ വേദികളില്‍ എം.ജി.എസ്. സജീവമായി പങ്കെടുത്തു. കോലായക്കൂട്ടായ്മയുടെ സവിശേഷത അതിന്റെ സമഭാവനയെയും സുതാര്യതയെയും അതിശയിക്കുന്ന നിഷ്ഠുരതയായിരുന്നെന്ന് പി.എം. നാരായണന്‍ തന്റെ വാക്ക്, വാഴ്‌വ്, പൊരുള്‍ എന്ന പുസ്തകത്തില്‍ സരസമായി സൂചിപ്പിക്കുന്നുണ്ട്. ചര്‍ച്ചചെയ്യപ്പെടുന്ന രചന ഏത് കൊലകൊമ്പന്റേതായാലും കര്‍ക്കശമായി വിചാരണചെയ്യപ്പെടും. ഗുണങ്ങള്‍ പറയുന്നതിനെക്കാള്‍ ദോഷങ്ങള്‍ പരിഹരിക്കുന്നതിനായിരിക്കും പ്രഥമപരിഗണന. ഒരു ദിവസം അക്കിത്തത്തിന്റെ 'തുലാവര്‍ഷം' എന്ന കവിതയോട് കുപ്പായമൂരി കോലായയിലേക്ക് വരാന്‍ മെമ്പര്‍മാര്‍ ആവശ്യപ്പെട്ടു.
അറബിക്കടല്‍ വക്കത്ത് കോഴിക്കോടെന്ന പട്ടണം എന്ന ആദ്യവരി മഹാകവി ചൊല്ലേണ്ട താമസം ചെറുപ്പക്കാരനായ എം.ജി.എസ്. ഇടപെട്ടു.
''ഇത് വളരെ പ്രൊസൈക്കായല്ലോ. ഉണങ്ങിയ ഒരു പ്രസ്താവനയോടെയാണോ കവിത തുടങ്ങേണ്ടത്!''
അക്കിത്തത്തിന് ഉള്ളില്‍ നൊന്തിരിക്കാമെങ്കിലും ഒന്നും ഭാവിച്ചില്ല. പിന്നെ തുലാവര്‍ഷത്തിലേക്ക് കര്‍ണകഠോരമായ ഇടിയും കത്തിക്കരിക്കുന്ന മിന്നലും നിരന്തരം പ്രവഹിച്ചു. കോലായക്കൂട്ടായ്മയില്‍ തലോടലിന്റെ വശ്യമായ പ്രയോഗംമാത്രമാണ് തല്ല് എന്നതിനാല്‍ പരാതിക്കോ പരിഭവത്തിനോ ഒരു പ്രസക്തിയുമില്ല. എന്തിന്, നാലപ്പാട്ട് നാരായണമേനോന്റെ ധര്‍മിഷ്ഠതയെ മുന്‍നിര്‍ത്തി സാക്ഷാല്‍ വള്ളത്തോളിനെ വിമര്‍ശിക്കുന്ന സാഹിത്യാപരാധങ്ങള്‍ എന്ന ലേഖനംവരെ എം.ജി.എസ്. അവതരിപ്പിച്ചു. പിന്നീട്, ശങ്കരനാരായണന്‍ കവിതയെഴുതാന്‍ തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അഭാവത്തില്‍ ആരോ ഇടശ്ശേരിയോട് വെളിപ്പെടുത്തി.
'ങ്ഹാ, ഇതാണല്ലേ, ഇയ്യാള്‍ക്ക് ആരുടെയും കവിത ബോധിക്കാത്തത്!'എന്ന് ഇടശ്ശേരി ആവേശപ്പെട്ടു. ഉടനെ മഹാകവി പുറപ്പെട്ടുപോയത് എം.ജി.എസിന്റെ വീട്ടിലേക്കായിരുന്നു.
''ഇവിടെ ഒരു ഭയങ്കരന്‍ കവിത എഴുതുന്നുണ്ടെന്ന് കേട്ടല്ലോ. എവിടെ അയാള്‍, എവിടെ അയാള്‍?'' -അത്യാഹ്ലാദപൂര്‍വം ഇടശ്ശേരി വീട്ടുകാരോട് ചോദിച്ചുകൊണ്ടിരുന്നു. തന്റെ കനിഷ്ഠ സഹോദരന്‍ കവിയാകുന്നതിലെ സന്തോഷാതിരേകമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളില്‍. വിമര്‍ശിക്കുകയെല്ലാം ചെയ്യുമെങ്കിലും സഹജരുടെ വിജയത്തോടുള്ള പ്രതിബദ്ധതയായിരുന്നു പൊന്നാനിക്കളരിയുടെ ധര്‍മമെന്നര്‍ഥം. കൂട്ടക്കാരന്റെ പ്രസംഗത്തിലെ തപ്പ് സൂചിപ്പിക്കാതെ, അതവന്‍ ആവര്‍ത്തിച്ച് നാറട്ടെയെന്ന് കരുതുന്ന ഇന്നത്തെ കരിയറിസ്റ്റുകളുടേതില്‍നിന്ന് എത്രയോ വിഭിന്നമായിരുന്നു അന്നത്തെ ലോകം.
പൊന്നാനിക്കളരിയുടെ ഭാഗമായതിനാലാകാം എം.ജി.എസിന് പുതുമുറക്കാരുടെ എഴുത്തിലടക്കം വലിയ കൗതുകമായിരുന്നു. തന്റെ പള്ളക്കവിളില്‍ നേരിയ കുസൃതിപടര്‍ത്തി ബദ്ധശ്രദ്ധയോടെയാണ് അദ്ദേഹം മറ്റുള്ളവരുടെ സാഹിത്യരചനകള്‍ വായിക്കുക. ആഴത്തിലുള്ള ആ വായനയ്ക്കുശേഷം എം.ജി.എസ്. ഏതോ വിശിഷ്ടവിഭവം രുചിച്ചപോലെ തന്റെ ആസ്വാദനം അയവിറക്കും. സ്വാദിനെക്കുറിച്ച് പറയുന്നതിനൊപ്പം ഉപ്പിന്റെയും പുളിയുടെയും മധുരത്തിന്റെയും ഏറ്റക്കുറച്ചിലുകളും സൂചിപ്പിക്കും. എന്റെ നോവലായ സൂഫി പറഞ്ഞ കഥയുടെ കൈയെഴുത്തുപ്രതി പരിശോധിക്കാന്‍ കൊടുത്തപ്പോള്‍ ഏതോ ചരിത്രശേഖരം കണ്ടെത്തുന്നപോലെയായിരുന്നു അദ്ദേഹം പേജുകള്‍ ഖനനംചെയ്തത്. ചാവക്കാട് ചന്തയില്‍നിന്ന് മടങ്ങിയെത്തിയ മാമുട്ടി കാര്‍ത്തിക്ക് വാസനസോപ്പ് സമ്മാനിക്കുന്ന രംഗമെത്തിയപ്പോള്‍ എം.ജി.എസ്. ഒന്ന് തമ്പിട്ടുനിന്നു. മിഴികള്‍ ചിന്തയിലേക്ക് ധ്യാനസ്ഥമായി.
''പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കേരളത്തില്‍ വാസനസോപ്പ്് ഇറങ്ങിയിരുന്നോ?''-ചോദ്യമുയര്‍ന്നു.
ഏതെല്ലാമോ തടിച്ച ഗ്രന്ഥങ്ങള്‍ വാരിവലിച്ചുനോക്കി ഒടുവില്‍ സാധ്യത വെളിപ്പെടുത്തിത്തന്നു. കൃതിയുടെ അവസാനപുറമെത്തിയതും കാവ്യാത്മകമായ ഭാഷയെ അഭിനന്ദിച്ചശേഷം അദ്ദേഹം ഇങ്ങനെ സംശയിച്ചു:
''ഇത് പ്രസിദ്ധീകരിച്ചാല്‍ ആരെങ്കിലും നിന്നെ തല്ലാനോ കൊല്ലാനോ വര്വോ?''
കാലം അത്ര കറുക്കാത്തതിനാല്‍ സൂഫി പറഞ്ഞ കഥ പ്രസിദ്ധീകരിച്ചപ്പോള്‍ ആരും എന്നെ തല്ലാനോ കൊല്ലാനോ വന്നില്ല. ഇന്നാണെങ്കില്‍ വരുമായിരുന്നു. ചരിത്രകാരന്റെ ക്രാന്തദര്‍ശിത്വമായിരുന്നു അത്തരമൊരു സംശയം എം.ജി.എസില്‍ അങ്കുരിപ്പിച്ചത്.
ജീവിതം ഒരു ആര്‍ത്തിക്കാരന്റെ കയ്യില്‍ എന്ന ആത്മകഥാപരമായ പുസ്തകം പൂര്‍ത്തീകരിച്ചപ്പോള്‍ അവതാരിക എഴുതിത്തരാനായി ഞാന്‍ അദ്ദേഹത്തെ സമീപിച്ചു. ജ്യേഷ്ഠസഹോദരന്റെ അനുഗ്രഹം വര്‍ഷിച്ചുകൊണ്ട് എം.ജി.എസ്. 'ഒരു ഏട്ടന്റെ പ്രതികരണം' എഴുതിത്തന്നു.
'മാര്‍ക്‌സിന്റെയും ഗോര്‍ക്കിയുടെയും പുസ്തകങ്ങള്‍ കൊണ്ടുവന്നുതന്നിരുന്ന തന്റെ ദാമോദരേട്ടന്‍, ശിവരാത്രികളില്‍ സരസമായി പുരാണകഥകള്‍ പറഞ്ഞുതന്നിരുന്ന തന്റെ ജാനുവേടത്തി, ദാമോദരേട്ടന്റെ ബുദ്ധിയും ജാനുവേടത്തിയുടെ കഥനശേഷിയും ഒത്തുചേര്‍ന്ന തന്റെ പൊന്നനുജന്‍, ഉണ്ണി' -സ്വന്തത്വത്തിന്റെ ഊഷ്മളത അനുഭവിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ അലിവേറിയ വാക്കുകള്‍.
യുക്തിഭദ്രതയും വസ്തുനിഷ്ഠതയും പ്രമാണബലവും കര്‍ക്കശമായ അപഗ്രഥനപാടവവും എം.ജി.എസിനെ നിസ്തുലനായ ചരിത്രകാരനുമാക്കി. അതേസമയം തന്നിലെ വികാരസമ്പുഷ്ടത സ്‌നേഹോര്‍ജമായി എം.ജി.എസ്. സദാ പ്രസരിപ്പിച്ചുകൊണ്ടുമിരുന്നു. അപരസ്‌നേഹം അദ്ദേഹത്തെ ജനാധിപത്യവാദിയും സമത്വവാദിയുമാക്കി. തന്നോടുതന്നെയുള്ള സ്‌നേഹം തലയുയര്‍ത്തിപ്പിടിക്കുന്ന ആത്മാഭിമാനിയുമാക്കി. പക്ഷേ, കണ്ണും മൂക്കുമില്ലാതിരുന്ന സ്‌നേഹം എം.ജി.എസിനെ ചിലപ്പോഴെല്ലാം കര്‍ക്കശചരിത്രകാരന്റെ വസ്തുനിഷ്ഠതയില്‍നിന്ന് വ്യതിചലിപ്പിച്ചിരുന്നു. തന്നെ പറ്റിക്കൂടുന്ന കൗശലക്കാരെപ്പോലും സന്തോഷിപ്പിക്കാന്‍ അദ്ദേഹം കാര്യങ്ങള്‍ കുറച്ചെല്ലാം മാറ്റിയും മറിച്ചും പറഞ്ഞു. ആയ്ക്കോട്ടെ. ശ്രീലങ്കന്‍യാത്രയിലെ കപ്പല്‍ ചാഞ്ചാട്ടവേളയില്‍ അപരപ്രിയത്വത്തിനായി പേടിത്തൊണ്ടന്മാരോട്, തനിക്കും പേടിയുണ്ടെന്നും ധീരരോട് തനിക്ക് തരിമ്പും പേടിയില്ലെന്നും ശ്രീനാരായണഗുരുവും മാറിമാറിപ്പറഞ്ഞില്ലേ! സര്‍വവിധ യുക്തിക്കും മുകളില്‍ സ്‌നേഹമാണഖിലസാരമൂഴിയിലെന്ന്* എം.ജി.എസ്. വിശ്വസിച്ചിരിക്കാം.
നരകത്തിന്‍ ദ്വീപില്‍ സ്വര്‍ഗഗേഹം പണിയുന്ന ആ പടുത്വത്തിന്റെ* പ്രഭാവത്താലാകാം, പരിചയപ്പെട്ടോ, വിരുദ്ധപക്ഷക്കാര്‍കൂടി അദ്ദേഹത്തില്‍ ഒട്ടിപ്പിടിച്ചുപോയിരുന്നത്.
* കുമാരനാശാന്റെ വരികള്‍ക്ക് കടപ്പാട്
Content Highlights: kp ramanunnuni memoir mgs narayanan