കലാമണ്ഡലത്തിൽ ഇടപെടൽ വേണം, മുറുക്കാൻ ചവച്ച് വരമ്പത്തിരിക്കുകയല്ല സാംസ്കാരിക വകുപ്പ് ചെയ്യേണ്ടത്

#ഡോ. എൻ.ആർ. ഗ്രാമപ്രകാശ്
കേരള കലാമണ്ഡലം
കേരള കലാമണ്ഡലം

'വഴിയിലുപേക്ഷിക്കേണ്ടതല്ല കലാമണ്ഡലം പൈതൃകം' എന്ന പേരിൽ മാതൃഭൂമിയുടെ ഡിസംബർ നാലിലെ മുഖപ്രസംഗം അതീവപ്രസക്തം. അതിലടങ്ങിയിരിക്കുന്ന മുന്നറിയിപ്പ് ബന്ധപ്പെട്ടവരെല്ലാം ശ്രദ്ധിച്ചെങ്കിലെന്ന് ആശിക്കുന്നു. ആദ്യകാലം മുതലെ കലാമണ്ഡലത്തിൻ്റെ വികാസപരിണാമങ്ങൾ കണ്ടറിഞ്ഞു പിന്തുണച്ച ദിനപത്രമെന്ന നിലയിൽ മാതൃഭൂമിയിൽ  നിന്നുതന്നെ ഈ ശബ്ദമുയർന്നതു ഉചിതമായി. കലാമണ്ഡലം കല്പിതസർവകലാശാലയുടെ വൈസ് ചാൻസലർ, സ്ഥാപനത്തിലെ 132 ജീവനക്കാരെ യാതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചു വിട്ടിരുന്നു. അതിനെതിരെ പൊതുസമൂഹത്തിൽ വ്യാപക പ്രതിഷേധമുയർന്നതിനെ തുടർന്ന് ആ ഉത്തരവു പിൻവലിക്കുകയുണ്ടായി. എന്നാൽ അതിനു കാരണമായി പറഞ്ഞ സാമ്പത്തിക പ്രതിസന്ധി അതേപോലെ തുടരുകയാണു താനും. കല്പിതസർവ്വകലാശാലയുടെ നിലനില്പ് ഗൗരവപൂർണ്ണമായ ചിന്തയ്ക്ക് നിമിത്തമാകേണ്ടിയിരിക്കുന്നു.

2006-ൽ സർവ്വകലാശാല പദവിയിലേക്കുയർത്തിയ സ്ഥാപനത്തിനു ലക്ഷ്യം പൂർത്തീകരിക്കാൻ സാധിച്ചോ?പരിശോധനയ്ക്കു സമയമായിരിക്കുന്നു.18  പ്രായപൂർത്തിയുടെ വർഷമാണ്. 2005-06 സാമ്പത്തിക വർഷം പ്ലാൻ ഫണ്ടിൽ ഒരു കോടിയും ശമ്പളാദി കാര്യങ്ങൾക്കുള്ള നോൺ പ്ലാൻ ഫണ്ടിൽ രണ്ടു കോടിയുമായിരുന്നെങ്കിൽ ഇന്ന് 20 കോടി കൈപ്പറ്റുന്ന സ്ഥാപനമായി കലാമണ്ഡലം മാറിയിട്ടുണ്ട്. ഇതിനു ആനുപാതികമായി ഗുണപരമായി മുന്നേറിയിട്ടില്ല. പ്രതീക്ഷിച്ചിരുന്നതു പോലെ യൂജിസിയിൽ നിന്നോ മററു സ്രോതസ്സുകളിൽ നിന്നോ പത്തു രൂപ പോലും ലഭിക്കുന്നില്ല. പൊതുജനങ്ങളുടെ നികുതിപ്പണമാണ് ഇപ്പോൾ ചെലവഴിക്കുന്ന  കോടികൾ.

ഒരു നിമിഷം അതോർത്തിരുന്നുവെങ്കിൽ, തങ്ങൾ തന്നെ നിയമിച്ച 132 ഓളം താത്ക്കാലിക അധ്യാപക-അനധ്യാപകരെ തെരുവിലേക്കിറക്കി വിട്ടു കോലാഹലമുണ്ടാക്കിയ പ്രവൃത്തി ചാൻസലർ, വൈസ് ചാൻസലർ സംഘം, ചെയ്യില്ലായിരുന്നു. അടുത്ത ദിവസം അറുപതു കളരികളിൽ ആശാന്മാരില്ലാതെ ശൂന്യ മനസ്ക്കരിയിരിക്കേണ്ട നൂറുകണക്കിനു കുട്ടികളെ അവരോർത്തില്ല. കാമ്പസ്സ് അടിച്ചു വാരി വൃത്തിയാക്കുന്നവരെ കണ്ടില്ല. പരീക്ഷകൾ അടുത്തിരിക്കെ, അക്കാദമിക വർഷത്തിൻ്റെ പാതിവെച്ചുള്ള കടുംവെട്ടു, ആർക്കെതിരെ ആയിരുന്നു. കുട്ടികൾക്കെതിരോ സർക്കാരിനെതിരോ? പത്രമാധ്യമങ്ങൾ ശക്തമായി ഇടപെട്ടില്ലായിരുന്നുവെങ്കിൽ അത്രയും കുടുംബങ്ങളുടെ ശാപം അവിടെ പതിക്കുമായിരുന്നു.

പൊതുസമൂഹത്തിൻ്റെ പിന്തുണയോടെ സാംസ്കാരിക വകുപ്പിൽ സമ്മർദ്ദം ചെലുത്താനുള്ള ശ്രമമാണ് ആദ്യം നടക്കേണ്ടിയിരുന്നത്. കരയുന്ന കുട്ടിക്കേ പാലുള്ളൂ. ആ പണി പറ്റില്ലെങ്കിൽ ഈ പദവിയിൽ ഒരു നിമിഷം പോലും തുടരരുത്. 8-9 ലക്ഷമാണ് ഒരു മാസം  ചാൻസലർ, വൈസ് ചാൻസലർ, രജിസ്ട്രാർ, ഫിനാൻസ് ഓഫീസർ ഉദ്യോഗസ്ഥർക്കായി ചെലവഴിക്കുന്നത്. നൂറിൽ താഴെവരുന്ന സ്ഥിരം അധ്യാപക-അനധ്യാപക ജീവനക്കാരെ ഭരിക്കാൻ ഇത്രയും പേരെ വേണമോ എന്നു ഗൗരവമായി ആലോചിക്കണം. രണ്ടായിരം മൂവ്വായിരം ഉദ്യോഗസ്ഥരും ഒട്ടനവധി കാമ്പസ്സുകളുമുള്ള  മറ്റു യൂണിവേഴ്സിറ്റികളുടെ അതേ ശമ്പളമാണ് ഇവർ കൈപ്പറ്റുന്നത് എന്നോർക്കണം. സർക്കാരിനും കലാമണ്ഡലം കമ്മറ്റിക്കുമിടയിൽ ഒരേ ഒരു ഡയറക്ടർ ഉണ്ടായാൽ മതി. അയാൾക്കു നിർവ്വഹിക്കാവുന്ന ജോലിയേ ഇന്നത്തെ കലാമണ്ഡലത്തിലുള്ളൂവെന്നു മനസ്സിലാക്കണം. കൂനിന്മേർ കുരുവാണ് പെയ്ഡ് ചാൻസലർ!

രണ്ടു വർഷമായി കലാമണ്ഡലത്തിൽ ശമ്പള നിയന്ത്രണമുണ്ട്. ഇത്രയും താത്ക്കാലികക്കാരെ ആവശ്യമില്ലെങ്കിൽ ജൂണിൽ ഇവരെ നിയമിക്കുന്നത് ഒഴിവാക്കാമായിരുന്നു. സാഹചര്യം നോക്കി തീരുമാനങ്ങളെടുക്കണം.സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധി സമയത്ത് അതു മനസ്സിലാക്കി മുണ്ട് മുറുക്കി ഉടുക്കേണ്ടവർ മുണ്ടഴിച്ചു തുള്ളിയത് സമൂഹപ്പേടി ഇല്ലാത്തതുകൊണ്ടാണ്‌.
അനർഹവും അനധികൃതവുമായി ലക്ഷങ്ങൾ വരുന്ന സ്വന്തം ശമ്പളം, ശമ്പളഫണ്ടിൽ നിന്നെടുക്കാൻ സക്രിയരായ ഉന്നതോദ്യോഗസ്ഥകുലം ഇക്കാര്യത്തിൽ ഉണർന്നു പ്രവർത്തിക്കേണ്ടിയിരുന്നു. ഇതേ  സാമ്പത്തിക അനിശ്ചിതാവസ്ഥ നിലനിൽക്കെയാണു് ലക്ഷങ്ങൾ ശമ്പളം കൊടുക്കേണ്ടി വരുന്ന  28 പ്രൊഫസർ, അസോ. പ്രൊഫസർ തസ്തികകളിലേക്കു നിയമനം നടത്താൻ ഇതേ അധികാരികൾ ഒരുങ്ങുന്നത്. വർഷം  മൂന്നു കോടി ഇതിനായി പുതുതായി നീക്കി വെക്കേണ്ടി വരും. വലിയൊരു പതനത്തിലേക്കാണ് വിവേകശൂന്യമായ ഈ നടപടികൾ നയിക്കുക.

പാടത്തെ പണിക്കാർക്കു കൂലി കൊടുക്കുന്നയാൾക്കു പണി നടക്കുന്നുണ്ടോ എന്നു നോക്കാനുള്ള ഉത്തരവാദിത്വമുണ്ട്. മുറുക്കാൻ ചവച്ചുതുപ്പി വരമ്പത്തിരിക്കുന്ന കാര്യസ്ഥപണിയല്ല സാംസ്കാരിക വകുപ്പ് ചെയ്യേണ്ടത്. ശക്തമായി ഇടപെടണം. പഠിക്കണം. പരിഹരിക്കേണ്ടത് പരിഹരിക്കണം. കലാമണ്ഡലമെന്ന ബിരുദം പേരിനൊപ്പം ചേർത്ത ആയിരക്കണക്കിനു പേർ കേരളത്തിലുണ്ട് അവർ തങ്ങളുടെ മാതൃസ്ഥാപനത്തിലേക്കു തിരിഞ്ഞുനോക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അല്ലെങ്കിൽ ഭാവിയിൽ ആ ബിരുദം അപമാനകരമാകും.

മോഹിനിയാട്ടം നിലനിൽക്കാൻ ഇനി കലാമണ്ഡലം കല്പിതസർവ്വകലാശാല വേണോ? വേണ്ട. കലാമണ്ഡലത്തിൽ പഠിച്ചവർ, തൃപ്പൂണിത്തുറ ആർ എൽ വി, കാലടി തുടങ്ങി നിരവധി സ്ഥാപനങ്ങൾ, ആയിരക്കണക്കിനു നൃത്ത വിദ്യാലയങ്ങൾ ഇവകൊണ്ടു മോഹിനിയാട്ടം നിലനിൽക്കും. കഥകളി നിലനിൽക്കാനും വളരാനും കേരള കലാമണ്ഡലം കല്പിതസർവ്വകലാശാല വേണോ? ഉറപ്പായും കലാമണ്ഡലം വേണം. പക്ഷെ പഠിക്കാൻ കുട്ടികൾ വരുന്നത് വളരെ വളരെ കുറവ്. ക്ലേശം സഹിച്ചു പഠിക്കാൻ കുട്ടികൾ തയ്യാറാകുന്നില്ല. സൗജന്യ പഠനം നൽകിയിട്ടും രക്ഷയില്ല. കുട്ടികളുടെ കുറവു നികത്തുന്നതിൻ്റെ ഭാഗമായി കൂടിയാണ് ഇപ്പോൾ പെൺകുട്ടികൾക്കും പ്രവേശനം നൽകി തുടങ്ങിയത്‌. കലാമണ്ഡലം കൂടാതെ കോട്ടക്കൽ, സദനം, കലാനിലയം, മാർഗി തുടങ്ങിയ സ്ഥാപനങ്ങളും കഥകളി പരിശീലന രംഗത്തുണ്ട്. കലാമണ്ഡലത്തിൽനിന്നു പുറത്തിറങ്ങിയവരേക്കാൾ മിടുക്കരായ കലാകാരമാർ ഇവിടെ പഠിച്ചു രംഗാവതരണം നടത്തുകയും ചെയ്യുന്നുണ്ട്.

ചരമശയ്യയിൽനിന്ന് ഈ കലാരൂപങ്ങളെ അഭിമാനാർഹമാം വിധം ഉയർത്തിക്കൊണ്ടുവന്നതിൽ വള്ളത്തോളിനും സംഘത്തിനും ചരിത്രം നൽകിയതു വലിയ സ്ഥാനമാണ്. എന്താണ് ഇന്നത്തെ സ്ഥിതി? തറവാടിത്ത ഘോഷണത്തിന്നപ്പുറം എന്താണു കലാമണ്ഡലത്തിൽ അവശേഷിക്കുന്നത്. ഒരു വർഷം 20 കോടി ചെലവിട്ട് സമൂഹത്തിന് ഇന്നത്തെ അവസ്ഥയിൽ കലാമണ്ഡലം നൽകുന്ന നന്മകൾ എന്താണ്? പൈതൃക സംരക്ഷണത്തിൻ്റെ വൈകാരിക പ്രഭയിൽ കണ്ണു മഞ്ഞളിച്ചു നിൽക്കാതെ യാഥാർത്ഥ്യം തിരക്കേണ്ടിയിരിക്കുന്നു.

പൊതുസമൂഹത്തിൻ്റെ മുന്നിൽ ആ സ്ഥാപനത്തിൻ്റെ അവശേഷിക്കുന്ന സൽപേരിനു കളങ്കം ചാർത്തിയ കൂട്ട പിരിച്ചുവിടൽ നടപടി ആ സ്ഥാപനത്തിൻ്റെ പ്രസക്തിയെക്കുറിച്ചു കണ്ണുതുറന്നു ചിന്തിക്കാൻ പൊതുസമൂഹത്തിനു അവസരം നൽകിയിരിക്കുന്നു. 132 കുടുംബങ്ങളെ ഒറ്റയടിക്കു നിരാലംബരാക്കാൻ ശ്രമിച്ച ആ കൂട്ട പിരിച്ചുവിടൽ നടപടിയിലൂടെ, മനുഷ്യാവകാശത്തിനു പുല്ലുവില കല്പിച്ച ഭരണാധികാരികൾ സമൂഹത്തിനോടോ സ്ഥാപനത്തിനോടോ അവിടെനിന്നു പഠിച്ചിറങ്ങിയ വലിയ കലാകാരന്മാരോടോ തങ്ങളെ ചുമതലയേൽപിച്ച സർക്കാരിനോടൊ തങ്ങൾക്കൊരു പ്രതിബദ്ധതയുമില്ലെന്നു തെളിയിച്ചിരിക്കുകയാണ്. കലാമണ്ഡലത്തിൻ്റെ സമകാലിക സ്ഥിതി ഒരു വീണ്ടുവിചാരത്തിനു പ്രേരിപ്പിക്കുന്നതാണ്. നിരവധി പ്രതിസന്ധികളാണ് കലാമണ്ഡലം നേരിടുന്നത്. പരിഹാരശ്രമങ്ങൾക്കു ഇതാണ് ഉചിതമായ സമയം.

(കലാമണ്ഡലം സെക്രട്ടറി, കല്പിതസർവ്വകലാശാല സ്പെഷൽ ഓഫീസർ, രജിസ്ട്രാർ, സിണ്ടിക്കേറ്റ് അംഗം എന്നീ ചുമതലകൾ വഹിച്ചയാളാണ്‌ ലേഖകൻ)

Content Highlights: Write up on Kerala kalamandalam