വീരനായൊരു മനുഷ്യൻ ദൈവമായ കഥ

മരണം വരെ വലിയ ദുരന്തങ്ങൾക്കിടയിലായിരിക്കുമ്പോഴും സത്യത്തിനും നീതിക്കും ഒപ്പം നിന്ന് യുദ്ധക്കളത്തിൽ ചതിയിൽ കൊല്ലപ്പെട്ട ഒരു മഹാമനുഷ്യനുണ്ടായിരുന്നു അങ്ങ് വടക്ക്. പേര് ചൊല്ലി വിളിക്കുന്ന മനുഷ്യരുടെ സങ്കടങ്ങൾക്കും വേദനകൾക്കും ആശ്വാസത്തിന്റെ ഉൾച്ചൂട് പകരുന്ന ഇതിഹാസനായകൻ. വീരനായൊരു മനുഷ്യന്റെ ഇതിഹാസസമാനമായ യാത്രയുടെ കഥയാണിത്. കണ്ണൂരിലെ മങ്ങാട്ട് നിന്ന് മല കയറി ഏഴിനെ മീതെയുള്ള കുടകിലെത്തിയ ആ മനുഷ്യൻ പടനിലത്തിൽ ചതിയിൽ കൊല്ലപ്പെട്ട് ദൈവമായി മലനാട്ടിലേക്ക് തിരിച്ചെത്തിയ കഥ. മന്നപ്പനെന്ന കതീവനൂരീലെ വീരന്റെ കഥ.
കണ്ണൂരെ മാങ്ങാട്ടെ കുമരച്ചന്റെയും പരക്കയില്ലത്തെ ചക്കിയുടെയും മകനായാണ് മന്നപ്പന്റെ ജനനം. മക്കളില്ലാത്ത അവർക്ക് ചുഴലി ഭഗവതിയോടുള്ള പ്രാർത്ഥനയിലുണ്ടായ പുത്രൻ. മകം നാളിൽ പിറന്നവൻ മന്നപ്പൻ. പ്രമാണിയായ അച്ഛൻ പറയുന്നതിന് അനുസരിച്ച് ജീവിക്കാൻ മന്നപ്പൻ തയ്യാറായില്ല. പന്ത്രണ്ടാം വയസ്സിൽ തന്നെ കൂട്ടുകാർക്കൊപ്പം ചിറ്റമ്പും ചെറുവില്ലായുധവുമെടുത്ത് വേട്ടയാടിയും കളിച്ചും നടന്ന അവനെ തൻവഴിക്ക് നിർത്താൻ കുമരച്ചൻ ശ്രമം കുറേ നടത്തി. പണിയെടുക്കാത്ത മകന് അന്നം കൊടുക്കരുതെന്ന് കുമരച്ചൻ ചക്കിയോട് ചട്ടം കെട്ടി. എല്ലാ അമ്മമാരെയും പോലെ ചക്കിയും കുമരച്ചനറിയാതെ സ്നേഹത്തിന്റെ പാലും ചോറും നൽകി. മന്നപ്പൻ ഉണ്ണുന്നത് കണ്ട് കലി കയറിയ കുമരച്ചൻ ചെറുകാപ്പുറത്ത് ചെന്തെങ്ങിന് ചാരിയ വില്ലെടുത്ത് ചവുട്ടിപ്പൊളിച്ച് കിണറ്റിലെറിഞ്ഞു. അതോടെ 'ആയുധം പോയതും ആയുസ്സ് പോയതും ഒക്കുമെനിക്ക്..’ എന്ന് സങ്കടം പറഞ്ഞ് മന്നപ്പൻ വീട്ടിൽ നിന്നിറങ്ങി. പൊതിച്ചെടുത്ത ഒരു തേങ്ങയുടച്ച് മുറി രണ്ടും വാതിൽപ്പടിയിൽ വെച്ചു. 'തേങ്ങാമുറി കൂടുന്ന കാലത്തേ വീട്ടിലേക്ക് തിരിച്ചുവരികയുള്ളൂ' എന്ന് ആണയിട്ട് മന്നപ്പൻ വീടും നാടും വിട്ട് ഏഴിനും മീതേക്ക് യാത്രയായി.
കുടകിലേക്ക് പോകുന്ന ചങ്ങാതിമാർക്കൊപ്പം പോകാനായിരുന്നു മന്നപ്പൻ വിചാരിച്ചത്. അവിടെ കതിവനൂരിൽ ഇന്നത്തെ വിരാജ് പേട്ടയ്ക്ക് അടുത്തായുള്ള കതനൂരിൽ അമ്മാവന്റെ കുടുംബമുണ്ട്. കുമരച്ചന്റെ ദേഷ്യവും ഏകമകൻ നാട് വിട്ടാൽ ചക്കിയമ്മ കെട്ടിഞ്ഞേലുകയോ കിണറ്റിൽ തുള്ളുകയോ ചെയ്യുമെന്ന ഭയത്താലും ചങ്ങാതിമാർ മന്നപ്പനെ കൂടെക്കൂട്ടാൻ മടിച്ചു.
മാങ്ങാട്ടെ നിടിയകാഞ്ഞിരക്കീഴിൽ വെച്ച് മദ്യം കൊടുത്ത് മന്നപ്പനെ മയക്കിക്കിടത്തി അവർ അവിടം വിട്ടു. കണ്ണ് തുറന്നപ്പോൾ ചങ്ങാതിമാരുടെ ചതി മന്നപ്പന് മനസ്സിലായി. മരത്തിലേക്കും ചുരത്തിലേക്കും പോകാൻ വഴിയറിയേണ്ടെന്ന് സ്വയം പറഞ്ഞ് മന്നപ്പൻ മുന്നോട്ട് പോയി. എങ്കിലും ചങ്ങാതിമാരോട് മന്നപ്പൻ പിണങ്ങിയില്ല. ‘നിങ്ങളെന്നെ പല നിലയിലും ചതിച്ചവരാ, നിങ്ങളെ ഞാൻ ഒരു നിലയിലും ചതിക്കുകയില്ലെന്ന്’ മന്നപ്പൻ ഉറപ്പിച്ചു.
കുടകലെത്തി കതിവനൂരിലെ വീട്ടിൽ അമ്മാവനും അമ്മായിക്കും അവരുടെ മകൻ അണ്ണുക്കനുമൊപ്പം മന്നപ്പൻ കഴിഞ്ഞു. വെള്ളാംകുളത്ത് വയലിൽ അവൻ പൊന്ന് വിളയിച്ചു.
‘മലനാട്ടിൽ നിന്ന് ഒരു മലയാൻചേകോൻ വന്നിട്ട് കതിവനൂരിലെ മണ്ണ് കുളിർത്തു.’
കുടകർ പരസ്പരം പറഞ്ഞു. മണ്ണിൽ പണിയെടുത്തും കാലി മേയ്ച്ചും എള്ളാട്ടി എണ്ണയുണ്ടാക്കിയും മന്നപ്പൻ അമ്മാവനും കുടുംബത്തിനും തുണയായി. മകൻ അണ്ണൂക്കനെക്കാളും കതിവനൂരമ്മയ്ക്ക് മന്നപ്പൻ പ്രിയങ്കരനായി. അമ്മാവൻ സ്വത്തിന്റെ പകുതി അവന് നൽകി.
ഒരിക്കൽ എണ്ണ വിറ്റ് മടങ്ങവെ വളാർകോട്ട് കൂവലിനരികെ കണ്ടുമുട്ടിയ ചെമ്മരത്തിയോട് മന്നപ്പന് പ്രണയം തോന്നി. വൈകാതെ അവർ വിവാഹിതരാവുകയും മന്നപ്പൻ ചെമ്മരത്തിയുടെ വീട്ടിൽ താമസം തുടങ്ങുകയും ചെയ്തു. തുടക്കത്തിലെ സ്നേഹം സ്നേഹക്കേടിലേക്ക് വഴി മാറിയത് പെട്ടെന്നായിരുന്നു. മന്നപ്പനോട് തൊട്ടതിനും പിടിച്ചതിനും ചെമ്മരത്തി കലഹം കൂടുക പതിവായി. എണ്ണക്കച്ചവടത്തിന് പോയി നേരം വൈകിയപ്പോൾ മന്നപ്പൻ അന്ന് രാത്രിയിൽ ഒരു കുടകന്റെ എരുതാലയിൽ പട്ടിണി കിടന്നു. പുലരാൻ ഏഴര നാഴികയുള്ളപ്പോൾ മന്നപ്പൻ വേളാർകോട്ടു വീട്ടിലെത്തി.
വെകിയ മന്ദപ്പനിൽ ചെമ്മരത്തി സംശയാലുവായി,അവൾ കപ്പാല തുറക്കുകയോ നായയെ തടുക്കുകയോ ചെയ്തില്ല. മന്നപ്പൻ ചെമ്മരത്തിയെ ഏറെ നേരം വിളിച്ചെങ്കിലും അവൾ വാതിൽ തുറന്നില്ല. മന്നപ്പൻ വാതിൽ ചവിട്ടിത്തുറന്ന് അകത്തുകയറി. 'ഇന്നലെ കൂടെക്കഴിഞ്ഞവളുടെ ഒപ്പം പൊയ്‌ക്കോളൂ' എന്ന് ചെമ്മരത്തി മന്നപ്പനോട് ദേഷ്യപ്പെട്ടു. 'വിശന്നാൽ അവനു സഹിക്കില്ല. പാലു ചോദിച്ചാൽ പാലും ചോറു ചോദിച്ചാൽ ചോറും കൊടുക്കണം' എന്ന കതിവന്നൂരമ്മയുടെ വാക്കുകൾ ചെമ്മരത്തി മറന്നു. പാലും ചോറും ചോദിച്ച മന്നപ്പനോട് പാലിന് പകരം രുധിരം വെട്ടിക്കുടിക്കാനും ചോറിനു പകരം തലച്ചോറുണ്ണാനും ചെമ്മരത്തി നിന്ദിച്ചു. ഒടുവിൽ ചെമ്മരത്തി ചാണകമെടുത്ത കൈകഴുകാതെ അരിയെടുത്ത് ചോറു വച്ചു. ‘അരിവച്ചാലൊരു കറി വേണ്ടേ ചെമ്മരത്തീ’ എന്ന മന്നപ്പന്റെ ചോദ്യത്തിന് 'നിന്നെ തറിച്ചോ മുറിച്ചോ കറിവയ്‌ക്കേണ്ടത്' എന്ന് ചെമ്മരത്തി മറുചോദ്യമെറിഞ്ഞു. ഒടുക്കം ഒരുരുള ചോറെടുത്തപ്പോൾ മന്നപ്പൻ അതിൽ കല്ലും നെല്ലും തലമുടിയും കണ്ടു. രണ്ടാമത്തെ ചോറുരുള നെടുകെ പിളർന്നു. മൂന്നാമത്തെ ചോറുരുള യുദ്ധകാഹളം കേട്ടു. കുടകിലെ മലയാളികളുടെ കന്നുകാലികളെയും വിളവുകളും കൊള്ളയടിക്കുന്ന മുത്താർമുടി കുടകർ പട കൂടി എത്തിയിരിക്കുന്നു. പടപ്പുറപ്പാട് കേട്ടിട്ടും ആഹാരം കഴിക്കുന്നത് ധീരന് ചേർന്നതല്ല എന്നറിയാമായിരുന്ന കരുതിയ മന്നപ്പൻ ആയുധങ്ങളുമെടുത്ത് പടയ്ക്കിറങ്ങാൻ എഴുന്നേൽക്കവെ തല വാതിലിനു മുട്ടി ചോര വന്നു. അതുകണ്ട ചെമ്മരത്തി ‘പടയ്ക്കിറങ്ങുമ്പോൾ ചോര കണ്ടാൽ മരണമുറപ്പെ’ന്ന് പറഞ്ഞു. മന്നപ്പൻ ഒന്നും പറഞ്ഞില്ല. ‘കുടകരുടെ പടയിൽ കൊത്തിപ്പോട്ടെ..!’ എന്ന ചെമ്മരത്തിയുടെ ശാപവാക്കും പിന്നാലെയെത്തി. ചെമ്മരത്തിയുടെ ശാപവാക്കുകൾ സത്യമാവട്ടെയെന്നും പറഞ്ഞ് മന്നപ്പൻ പടക്കിറങ്ങി. വീരനായ മന്നപ്പൻ അണ്ണുക്കനെയും കൂട്ടരെയും കൂട്ടി പട നയിച്ചു. മലയാളത്തന്മാർ മന്നപ്പനെ തങ്ങളുടെ രക്ഷകനായി കണ്ടു. വീട്ടിലേക്ക് മടങ്ങവെ തന്റെ പീഠമോതിരവും ചെറുവിരലും പോരിനിടയിൽ നഷ്ടപ്പെട്ട കാര്യം മന്നപ്പന് മനസ്സിലായി. മോതിരമില്ലാതെ വീട്ടിലേക്കില്ലെന്ന് ഉറപ്പിച്ച് കൂടെയുള്ളവരെ കൂട്ടാതെ മന്നപ്പൻ ഒറ്റയ്ക്ക് പോർത്തട്ടിലേക്ക് നടന്നു. പോർത്തട്ടിലെത്തിയെ മന്നപ്പനെ കുടകിലെ കള്ളപ്പട ചതിയിൽ വെട്ടിനുറുക്കി.
മന്നപ്പന്റെ വരവും കാത്തിരിക്കുകയായിരുന്ന ചെമ്മരത്തി ആ നേരത്ത് ഒരു കാഴ്ച കണ്ടു, മുറ്റത്തെ കദളിവാഴക്കയ്യിൽ മന്നപ്പന്റെ പീഠമോതിരവും ചെറുവിരലും വന്നു വീണിരിക്കുന്നു. ചെമ്മരത്തിക്ക് മന്നപ്പന്റെ മരണം മനസ്സിലായി. അവൾ ഭ്രാന്തിയെപ്പോലെ നിലവിളിച്ച് കൊണ്ട് പടക്കളത്തിലെത്തി. പോർക്കളത്തിൽ അണ്ണുക്കനും കൂട്ടരും മന്നപ്പന്റെ ശരീരഭാഗങ്ങൾകണ്ടെത്തി ചേർത്തുവെക്കുകയായിരുന്നു. മന്നപ്പനായി ചിതയൊരുക്കപ്പെട്ട് കഴിഞ്ഞിരുന്നു. കതിവനൂർ അമ്മാമനും അമ്മായിയും അണ്ണൂക്കനും ഉറ്റവരും നിലവിളിച്ചു. ചെമ്മരത്തി ചിതയ്ക്ക് അടുത്ത് വന്നു. അണ്ണൂക്കൻ തീ കൊളുത്തിയ ചിതയിൽ തീ ആളിപ്പടരവെ അവൾ ആകാശത്തിലേക്ക് കണ്ണുകളുയർത്തി കണ്ണീരോടെ വിളിച്ചുപറഞ്ഞു: ‘‘നോക്ക്, നട്ടുച്ചയ്‌ക്കൊരു നക്ഷത്രം..!’’
കൂടി നിന്നവർ മാനത്തേക്ക് നോക്കവെ ചെമ്മരത്തി ചിതയിൽ ചാടി ജീവനൊടുക്കി.
ചിതയെരിഞ്ഞ് കഴിഞ്ഞ് വാന്താർമുടിപ്പുഴയിൽ കുളിക്കാനിറങ്ങിയ അണ്ണുക്കൻ മുകളിലെ കടവിൽ കുളിക്കുന്ന മന്നപ്പനെയും ചെമ്മരത്തിയെയും കണ്ടു. വെളിപാടുണ്ടായി അണ്ണൂക്കൻ ഉറഞ്ഞു തുള്ളി. വെളിപാട് കണ്ട് അമ്മാവൻ വസുവനക്ക നാലാടിയെന്ന കോലക്കാരനെ വിളിച്ചു. തെയ്യം കെട്ടാൻ അടയാളം കൊടുത്തു. ദൈവക്കരുവിന് അമ്മാവൻ കതിവനൂർ വീരനെന്ന് പേരിട്ടു. അങ്ങനെ കതിവനൂർ വീരൻ തെയ്യമുണ്ടായി.
കളരികളേഴും കതിവനൂർ വീരന് കീഴടങ്ങി നിന്നു.
ഏഴാഴികളും പതിനേഴുമലയും കതിവനൂർ വീരനേ എതിരേറ്റു നിന്നു.
പിന്നീട് കണ്ണൂരിലെ ആമേരിയിൽ നിന്നു കുടകിലെത്തിയ തീയ്യരായ നാല് പ്രമാണികൾക്കൊപ്പം തെയ്യം മലനാട്ടിലെത്തി. തെയ്യമായില്ലെങ്കിലും ചെമ്മരത്തിത്തറയിലെ നിലവിളക്കായി അവൾ കതിവനൂർ വീരനൊപ്പം തെളിഞ്ഞുനിൽക്കുന്നു. സ്വന്തം ജീവിതം ഉരുവിടുന്നിടത്തെല്ലാം മന്നപ്പൻ എന്റെ ചെമ്മരത്തീ'യെന്ന് സ്നേഹാർദ്രമായി വിളിക്കുന്നുണ്ട്. നാടുവാഴിയുടെ മാറാരോഗം ചികിത്സിച്ച് ഭേദമാക്കിയതിന്റെ പേരിൽ കഴുവിലേറേണ്ടി വന്ന കൂടാളിത്തറയിൽ കുഞ്ഞിരാമനെയും മന്നപ്പൻ തെയ്യം കൂടെക്കൂട്ടി. കതിവനൂർ വീരനൊപ്പം കെട്ടിയാടുന്ന കുരിക്കൾ തെയ്യം കൂടാളിത്തറയിൽ കുഞ്ഞിരാമന്റെ ദൈവക്കരുവാണ്.
മൂന്ന് ദിവസങ്ങളിലായാണ് കതിവനൂർ വീരൻന്റെ കളിയാട്ടം നടക്കുന്നത്. അടയാളം കൊടുക്കലാണ് ആദ്യം. വണ്ണാൻ സമുദായത്തിൽ പെട്ടവരാണ് കതിവനൂർ വീരൻ കെട്ടിയാടുന്നത്. അടിയാളം ലഭിച്ചാൽ തെയ്യം കെട്ടുന്നയാൾ വ്രതത്തിലാവും. ഒരു ദിവസം സന്ധ്യയ്ക്ക് തുടങ്ങി പിറ്റേ ദിവസം സന്ധ്യ വരെ നീണ്ടുനിൽക്കും കതിവനൂർ വീരൻ തെയ്യം. വിവിധ നേരങ്ങളിൽ വ്യത്യസ്ത തോറ്റങ്ങളിൽ പല ഘട്ടങ്ങളിലായാണ് കഥ അവതരിപ്പിക്കപ്പെടുന്നത്. വരവിളി, പുതുച്ചൂരം കീക്കൽ, പതിയം, പെറ്റും പിറപ്പും, വലിയ തോറ്റം,വഴിനട എന്നിവയാണ് തോറ്റത്തിന്റെ പ്രധാനഘട്ടങ്ങൾ.
തെയ്യം കെട്ടുന്ന കോലക്കാരൻ വീട്ടിൽ താരിയും പലിശയും എടുത്ത് തെയ്യം കെട്ടിയാടുന്ന ക്ഷേത്രത്തിലോ തറവാട്ടിലോ സ്ഥാനത്തോ എത്തും. അവിടെയെത്തി താരിയും പലിശയും വെച്ച് ആദ്യത്തെ തോറ്റമുണ്ട്. തെടങ്ങിത്തോറ്റം. മൂന്ന് ദിവസം നടക്കുന്ന തെയ്യക്കെട്ടിന്റെ ആദ്യത്തെ ചടങ്ങാണ് തെടങ്ങിത്തോറ്റം. ഇത് തെയ്യക്കാരൻ തന്നെ ചെയ്യണമെന്നില്ല. തെയ്യം കെട്ടാനറിയുന്ന ആർക്കും ചെയ്യാം. രണ്ടാം ദിവസം വലിയ തോറ്റമാണ്. കതിവനൂർ വീരൻ തെയ്യത്തിന്റെ മർമ്മഭാഗം ഇതാണ്. തെയ്യം ദൈവക്കരുവായി മാറുന്ന നേരം. തെയ്യക്കാരന്റെ ശരീരത്തിലേക്ക് മന്ദപ്പൻ ദൈവത്തെ ഉണർത്തുകയാണ്.
പിന്നെ തെയ്യക്കാരനില്ല, കതിവനൂർ വീരൻ മാത്രം. തോറ്റം കയറുമ്പോൾ തെയ്യം ഉറയുന്നു. വാളും പരിചയും ഉറുമിയും പ്രയോഗിക്കുന്നു, കളരിയഭ്യാസമുറകൾ പയറ്റുന്നു. വീരൻ അണിയറയിലേക്കു പോയതിന് ശേഷം പുലർച്ചെ രണ്ടു മണിയോടെ കുരിക്കൾ തെയ്യം വരികയായി. പിന്നെ കൊടിയില തോറ്റം. മനുഷ്യനായ കോലക്കാരൻ ദൈവമാവുകയാണ്. കോമരം കാവിനുള്ളിൽ നിന്നു പൂജിച്ചു കൊണ്ടു വന്ന അരിയും വെറ്റിലയും അടയ്ക്കയും അണിയറയിൽ കോലക്കാരനു സമർപ്പിക്കുന്നു. ഇത് അണിയറയ്ക്കുള്ളിലാണു നടക്കുന്നത്. പുലർച്ചെ അഞ്ച് മണിയോടെ അണിയറയിൽ നിന്ന് കതിവനൂർ വീരൻ പുറത്തേക്ക് വരികയായി. വാഴത്തട കൊണ്ടൊരുക്കിയ ചങ്ങാതിത്തറയ്ക്ക് മുന്നിൽ വീരനെത്തി തന്റെ കഥ പറയാൻ തുടങ്ങുന്നു. ചങ്ങാതിത്തരയിലെ പന്തങ്ങൾ മന്ദപ്പന്റെ ചങ്ങാതിമാരുടെ പ്രതീകമാണ്. തോറ്റക്കാരുടെ സഹായമില്ലാതെ തെയ്യം ഒറ്റയ്ക്ക് കഥ പറയുകയാണ്. കണ്ടീം താവളവും എന്ന ഭാഗത്തെത്തുമ്പോൾ മാങ്ങാട്ട് മുതൽ കുടകിലെ കതിവനൂർ വരെയുള്ള യാത്ര തെയ്യം വിവരിക്കും. ചെമ്മരത്തിയുമായുള്ള വിവാഹമെത്തുമ്പോൾ കാണുന്നവരും വിവാഹത്തിന്റെ ഭാഗമാകുന്നു. ചെമ്മരത്തിക്ക് പുടവ വാങ്ങിക്കൊടുക്കാൻ പണം കാണുന്നവരും കാണിക്കയായി നൽകുന്നു. ചെമ്മരത്തിയുമായുള്ള വിവാഹത്തോടെ ചങ്ങാതിത്തറ ചെമ്മരിത്തറയായി മാറുന്നു. ചെമ്മരത്തിയും മന്നപ്പനും തമ്മിലുള്ള സൈ്വര്യക്കേടും കലഹങ്ങളുമാണ് പിന്നെ കാണുന്നത്. പടവിളി കേട്ട് ഊണ് മതിയാക്കി കതിവനൂർ വീരൻ പടക്കളത്തിലേക്കിറങ്ങും. പടക്കളത്തിലെ വീരനായകനായി മന്ദപ്പൻ ഉറഞ്ഞുതുള്ളും. പടയിൽ ചെറുവിരലും പീഠമോതിരവും നഷ്ടപ്പെമായി മന്ദപ്പൻ പടക്കളത്തിലേക്ക് ഒറ്റയ്ക്ക് പോകുമ്പോൾ അണ്ണുക്കനെ പോലെ പിൻവിളി വിളിക്കാൻ നമ്മളും ആഗ്രഹിക്കും.
കതിവനൂർ വീരൻ ചതിയിൽ മരണപ്പെടുമ്പോഴും മന്ദപ്പന്റെ ചിതയിലെ തീയിൽ ചെമ്മരത്തി തീയായി മാറുമ്പോഴും സങ്കടത്തിന്റെ കനൽ കാണുന്നവരെയും പൊള്ളിക്കും. ഒടുവിൽ ദൈവക്കരുവായി ഉയർത്തെഴുന്നേൽക്കുന്ന മന്നപ്പൻ പ്രതിസന്ധികളിലും സങ്കടങ്ങളിലും നട്ടം തിരിയുന്ന മനുഷ്യരുടെ രക്ഷകനായി മാറുകയാണ്. വിഷമകാലം കഴിഞ്ഞുപോകാൻ പേര് ചൊല്ലി വിളിക്കുന്നവരെ ചേർത്തുപിടിച്ച് കതിവനൂരിലെ മഹാവീരൻ സ്നേഹമാർന്ന സ്വരത്താൽ ഉരുവിടുന്നു: ‘‘നാടേതുമെന്റെ നാടാണ്. കാടേതുമെന്റെ കളിവീടാണ്. കാട്ടിലും നാട്ടിലുമെന്റെ പേരുചൊല്ലി വിളിച്ചവർക്കെല്ലാം കരുമന തീർത്തു ഞാൻകരുണ ചെയ്യും. കന്നാലികളെയും ചെറുകിടാങ്ങളെയും ഞാൻ കൊണ്ടുനടന്നു രക്ഷിക്കും. കഥയെന്റതു കേൾപ്പവർക്കെല്ലാം ഗുണം വരുത്തി ഞാൻ കാത്തുകൊള്ളും...’’
Content Highlights: The heroic origin story of Mannappan from Mangattu to Kodagu., The tragic betrayal and martyrdom of Mannappan in the battlefield., The divine transformation of Mannappan into Kathivanoor Veeran Theyyam., The significance of the three-day Kaliyattam festival and rituals., The enduring spiritual connection between the deity and his devotees.