സയ്യിദ X: എഴുത്തുകാരി നേരിട്ട ആസിഡ്, ബലാത്സംഗ ഭീഷണി, 9 വര്‍ഷം! നേഹാ ദീക്ഷിത് ഇന്ത്യയെ എഴുതുമ്പോള്‍

നേഹാ ദീക്ഷിദിന്റെ The Many Lives of Syeda X: The Story of an Unknown Indian എന്ന പുസ്തകം വർത്തമാനകാല ഇന്ത്യയിൽ സൃഷ്ടിച്ച കോളിളക്കം ചെറുതൊന്നുമല്ല. സ്വതന്ത്ര മാധ്യമപ്രവർത്തകയായ നേഹ ദിക്ഷിത് ഈ പുസ്തകത്തിനായി ചെലവഴിച്ചത് 9 വർഷമാണ്. തൊള്ളായിരത്തോളം അഭിമുഖങ്ങൾ ഇതിനായി അവർ നടത്തി. വർഗീയതയുടെ പിടിയിലമർന്നുപോയ ഒരു വിഭാഗം ഇന്ത്യക്കാരെ അവതരിപ്പിക്കുന്ന ഈ പുസ്തകം ചർച്ച ചെയ്യുന്ന രാഷ്ട്രീയ സങ്കീർണതകളെക്കുറിച്ച് കെ. സഹദേവൻ എഴുതുന്നു.
ഇന്ത്യ ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായി മാറിയത് സയ്യിദ അറിഞ്ഞിട്ടുണ്ടാവുമെന്ന് തോന്നുന്നില്ല. കാരണം അവര്‍ സയ്യിദ എക്സ് ആണ്. കുടുംബപ്പേരോ, തിരിച്ചറിയല്‍ രേഖകളോ ഒന്നും തന്നെയില്ലാത്ത, കോടിക്കണക്കായ ദരിദ്ര ഇന്ത്യക്കാരില്‍ ഒരുവള്‍. ദക്ഷിണേഷ്യയിലെ ശക്തമായൊരു ആണവ രാഷ്ട്രത്തിലെ, ആഗോള സാമ്പത്തിക ശക്തിയായി ഉയരുന്ന ഇന്ത്യയുടെ മാനം കളയാന്‍ മാത്രം ജീവിക്കുന്ന ഈ ദരിദ്ര ജനകോടികളെ പാഠപുസ്തകങ്ങളില്‍ നിന്നുതന്നെ നീക്കം ചെയ്യാന്‍ അതുകൊണ്ടാണല്ലോ അടുത്ത കാലത്ത് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. (ദാരിദ്ര്യത്തെ സംബന്ധിച്ച പരാമര്‍ശം NCERT പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഓര്‍ക്കുക).
എങ്കില്‍ക്കൂടിയും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ ഈ ദരിദ്ര, അനൗദ്യോഗിക മേഖലയിലെ തൊഴില്‍ക്കൂട്ടങ്ങള്‍ കൂടിയേ കഴിയൂ എന്ന് ഭരണാധികാരികള്‍ക്കറിയാം. നഗര ഉപരിവര്‍ഗ്ഗത്തിന്റെ ദൈനംദിന സുഖലോലുപതയ്ക്ക് മാറ്റുകൂട്ടുവാന്‍ സയ്യിദമാരും അക്മല്‍മാരും കൂടിയേ കഴിയൂ. അതുകൊണ്ടുതന്നെ അവര്‍ ഇവിടുണ്ട്.
നേഹയുടെ പുസ്തകത്തിലെ കഥാപാത്രമായ സയ്യിദ ജനിച്ചതും വളര്‍ന്നതും ഇന്ത്യയുടെ പുണ്യനഗരമായി കണക്കാക്കപ്പെടുന്ന ബനാറസിലെ പരമ്പരാഗത നെയ്ത്തുകാരുടെ കുടുംബത്തിലാണ്. പേരുകേട്ട ബനാറസ് പട്ടുസാരികള്‍ നെയ്യുന്ന ഒട്ടനവധി മുസ്ലീം കുടുംബങ്ങളിലൊന്ന്. പതിനഞ്ചാം വയസ്സില്‍ കുടുംബം ചൂണ്ടിക്കാണിച്ച ഒരാളെ വിവാഹം കഴിച്ച, തുടര്‍ച്ചയായി മൂന്ന് കുട്ടികളുടെ അമ്മയായ സയ്യിദ, 1992 ഡിസംബര്‍ 6ന്, ഒരു ഭ്രാന്തന്‍ ജനക്കൂട്ടം ബാബറി മസ്ജിദ് തകര്‍ത്തില്ലായിരുന്നെങ്കില്‍, ഒരു ശരാശരി ഇന്ത്യന്‍ സ്ത്രീയെപ്പോലെ, ബോളിവുഡ് സിനിമകളാല്‍ ഇടയ്ക്കിടെ പ്രചോദിതമായ ശാന്ത ജീവിതം ആസ്വദിക്കുന്നവളായി, ജീവിക്കുമായിരുന്നു.
എന്നാല്‍ സയ്യിദയെ, സയ്യിദമാരെ, കാത്തിരുന്ന വിധി മറ്റൊന്നായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലീങ്ങള്‍ക്കെതിരായി ആവര്‍ത്തിച്ച് നടപ്പിലാക്കപ്പെട്ട കലാപങ്ങളില്‍ അവര്‍ ഇരകളാക്കപ്പെട്ടുവെന്ന് മാത്രമല്ല, കലാപങ്ങള്‍ക്ക് ഉത്തരവാദികളായി അറസ്റ്റുചെയ്യപ്പെടുകയും ചെയ്തു. തീവ്രവാദികളുടെ കൈകളായി പ്രവര്‍ത്തിച്ച ഉത്തരേന്ത്യന്‍ പോലീസ് സേന സയ്യിദയുടെ ഭര്‍ത്താവായ അക്മലിനെ അറസ്റ്റു ചെയ്തു. സൂഫി ദര്‍ഗയില്‍ ചുറ്റിത്തിരിയുകയായിരുന്ന അക്മലിനെ അറസ്റ്റ് ചെയ്തത് കലാപത്തില്‍ പങ്കെടുത്തതിന്റെ പേരിലായിരുന്നു.
ഇതോടെ ബനാറസ് ജീവിതം സയ്യിദയ്ക്കും കുടുംബത്തിനും കേവല സ്വപ്നം മാത്രമായി. എല്ലാത്തരം കുടിയേറ്റക്കാരെയും വിഴുങ്ങുന്ന 'തമോദ്വാര' (blackwhole)മായ ദില്ലിയിലേക്ക് അവരുടെ ശിഷ്ട ജീവിതം പറിച്ചുനടേണ്ടിവന്നു. ദില്ലിയിലെ വൃത്തിഹീനമായ ചേരികളിലൊന്നില്‍ അവര്‍ താമസമാരംഭിച്ചു.
ജീവിതത്തിന്റെ കൂടെപ്പിറപ്പായ ദാരിദ്ര്യത്തോടൊപ്പം മതപരമായ സ്വത്വം കാരണമുള്ള നിരന്തര വേട്ടയാടലുകള്‍ കൂടിയായപ്പോള്‍ ജീവിതം നരകതുല്യമായി അവര്‍ക്ക് അനുഭവപ്പെട്ടു. തൊഴിലുകളില്‍ നിന്ന് സയ്യിദയും വിദ്യാഭ്യാസത്തില്‍ നിന്ന് മക്കളും നിരന്തരമായി കുടിയിറക്കപ്പെട്ടു. (സെയ്ദയുടെ മകള്‍ രേഷ്മ മാത്രമാണ് വിദ്യാഭ്യാസം തുടര്‍ന്നത്).
എങ്കിലും കുടുംബം നിലനിര്‍ത്തുക എന്ന ഒറ്റ ലക്ഷ്യത്തിനായി അവര്‍ നിരന്തരമായി കഠിനാധ്വാനം ചെയ്തുകൊണ്ടേയിരുന്നു. അസംഘടിത മേഖലയില്‍, തൊഴില്‍ സംരക്ഷണമോ ആനുകൂല്യങ്ങളോ ഇല്ലാതെ, ഒരു ടോയ്‌ലറ്റ് പോലുമില്ലാത്ത ഇരുണ്ടതും ഈര്‍പ്പം നിറഞ്ഞതുമായ 'ഫാക്ടറികളില്‍' ജോലി ചെയ്തു. തൊഴിലുടമകളുടെ അനാവശ്യ നോട്ടങ്ങളെ നിരാകരിച്ചുകൊണ്ട്, മുഖമില്ലാത്ത സ്ത്രീകളില്‍ ഒരാളായി സയ്യിദ ജീവിതം തുടര്‍ന്നു.
എന്നാല്‍ 21-ാം നൂറ്റാണ്ടിലേക്ക് നീങ്ങിക്കഴിഞ്ഞ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളുടെ അവസ്ഥ കൂടുതല്‍ പരിതാപകരമായിക്കൊണ്ടിരിക്കുന്നത് അവള്‍ തിരിച്ചറിഞ്ഞു. വംശഹത്യകള്‍, ആള്‍ക്കൂട്ടക്കൊലകള്‍, വ്യാജ അറസ്റ്റുകള്‍, സ്വത്ത് നശിപ്പിക്കല്‍- അഴിഞ്ഞാട്ടങ്ങള്‍ക്കുള്ള വേദിയായി രാജ്യം മാറി. ദുരിതങ്ങളില്‍ നിന്ന് ദുരിതങ്ങളിലേക്കുള്ള പലായനങ്ങളായിരുന്നു പിന്നീടുള്ള ഓരോ വര്‍ഷങ്ങളും സയ്യിദയ്ക്കും കുടുംബത്തിനും നേരിടേണ്ടിവന്നത്.
സയ്യിദയിലൂടെ നേഹ ദീക്ഷിത് വിവരിക്കുന്ന ഇന്ത്യന്‍ ദരിദ്ര മുസ്ലീം സ്ത്രീ സ്വത്വത്തിന്റെ അനുഭവസാക്ഷ്യം 2020-ലെ ഡല്‍ഹി കലാപത്തില്‍ എത്തി അവസാനിക്കുന്നുവെങ്കിലും അനിശ്ചിതത്വവും ഉത്കണ്ഠകളും പേറി നില്‍ക്കുന്ന ആ ജീവിതങ്ങള്‍ വായനക്കാരില്‍ ഞടുക്കം സൃഷ്ടിക്കുക തന്നെ ചെയ്യും.
സയ്യിദയുടെ ജീവിതം വായനക്കാരുടെ മുന്നിലേക്ക് ഏറ്റവും ഭാവാത്മകമായ ഭാഷയില്‍ വരച്ചിട്ട നേഹ ദീക്ഷിദിനെക്കുറിച്ച്, അവരുടെ അക്ഷീണമായ പ്രയ്തനങ്ങളെക്കുറിച്ച് പരാമര്‍ശിക്കപ്പെടാതെ പോകുന്നത് അനുചിതമായിരിക്കും.
മാധ്യമ പ്രവര്‍ത്തകയായ നേഹാ ദീക്ഷിത് ഈ പുസ്തകം തയ്യാറാക്കുന്നതിനായി ഒമ്പത് വര്‍ഷങ്ങളാണ് ചെലവഴിച്ചത്. ഇക്കാലമത്രയും സയ്യിദയോടൊപ്പം യാത്ര ചെയ്യുകയും അവരുടെ ജീവിതത്തെയും കാലത്തെയും അടയാളപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു നേഹ. 900-ത്തിലധികം ആളുകളുമായി ഇക്കാലയളവില്‍ നേഹ അഭിമുഖം നടത്തുന്നുണ്ട്. ഇതൊരു അനായാസ പ്രവൃത്തിയാണെന്ന് ഒരുവേള നമുക്ക് തോന്നാം. എന്നാല്‍ മുസ്ലീം ബസ്തികളിലേക്ക് ആവര്‍ത്തിച്ച് സഞ്ചരിക്കുന്ന ഈ ജേര്‍ണലിസ്റ്റ് തീവ്ര വലതുപക്ഷത്തിന്റെ നോട്ടപ്പുള്ളിയായി എന്നേ മാറിക്കഴിഞ്ഞിരുന്നു. ആസിഡ് ആക്രമണ-ബലാത്സംഗ ഭീഷണി മുതല്‍ വീട്ടിലേക്കുള്ള അതിക്രമിച്ചു കയറല്‍ വരെ നേരിടേണ്ടിവന്നു നേഹയ്ക്ക്. പോലീസില്‍ പരാതിപ്പെട്ട നേഹയ്ക്ക് ദില്ലി പോലീസില്‍ നിന്ന് ലഭിച്ച മറുപടി, ''ഇത് നിങ്ങളുടെ തോന്നല്‍ മാത്രമാണ്'' എന്നായിരുന്നു.
നേഹ ഇക്കാര്യം സയ്യിദയോട് പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞ മറുപടി: ''അത് അവഗണിക്കുക. നായ്ക്കള്‍ കുരച്ചുകൊണ്ടേയിരിക്കും, പക്ഷേ ആന തന്റെ വഴിയില്‍ മുന്നോട്ട് പോയ്ക്കൊണ്ടേയിരിക്കും''എന്നായിരുന്നു.
പുസ്തകത്തിലെ ഈ അവസാന വരികള്‍ സയ്യിദമാരുടെ ഒരിക്കലും കെടാത്ത പ്രതീക്ഷയുടെ, പ്രതിസന്ധികളെ നേരിടാനുള്ള അനന്യസാധാരണമായ ആത്മവിശ്വാസത്തിന്റെ വരികള്‍ കൂടിയാണ്. ഇന്ത്യയെന്ന ബഹുദേശീയതയെ മുന്നോട്ടു നയിക്കുന്നതും ഒരുവേള ഈ വാക്കുകള്‍ തന്നെയായിരിക്കും.
Content Highlights: k sahadevan reviews nexa dixit book the many lives of syeda x