'ഡിവോഴ്‌സ് കഴിഞ്ഞ് ബാലുവില്‍ നിന്ന് കവിളത്തൊരു ഉമ്മ വാങ്ങി,തിരിച്ചൊരുമ്മയും കൊടുത്തു'- ജോളി ചിറയത്ത്

നടിയും സാമൂഹികപ്രവര്‍ത്തകയുമായ ജോളി ചിറയത്തിന്റെ 'നിന്നു കത്തുന്ന കടലുകള്‍' എന്ന ആത്മകഥയ്ക്ക് വലിയ സ്വീകാര്യതയാണ് വായനക്കാരില്‍ നിന്നും ലഭിച്ചത്. സംഭവബഹുലമായ തന്റെ ജീവിതത്തിന്റെ ഓരോ താളുകളും ജോളി ചിറയത്ത് വായനക്കാര്‍ക്കുമുമ്പില്‍ നിവര്‍ത്തിവെക്കുന്നു. പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം.
അമ്പത്തിനാല് വര്‍ഷത്തെ ജീവിതയാത്രയില്‍ പലയിടത്തും ഇടറി വീഴുകയും പിടഞ്ഞെഴുന്നേല്‍ക്കുകയും ചെയ്തവളാണ് ഞാന്‍. എന്റെയുള്ളില്‍ ഒരുകാലത്ത് കാലുഷ്യവും ഈര്‍ഷ്യയും നല്‍കിയിരുന്ന അതേ കാരണങ്ങളെ ഇന്ന് വൈകാരികമായ സന്തുലിതാവസ്ഥയില്‍ മനസ്സിലാക്കാനും തിരുത്താനും ഉള്‍ക്കൊള്ളാനും എനിക്കാവുന്നുണ്ട്. ഞാനിന്ന് ഒന്നിനോടും യുദ്ധത്തിലല്ല. എന്റെയുള്ളില്‍ തന്നെയുണ്ടായിരുന്ന മത്സരബുദ്ധിയും അസൂയയും സ്വാര്‍ഥതയും അതാതിന്റെ അര്‍ഥത്തിലും സന്ദര്‍ഭത്തിലും മനസ്സിലാക്കി അതിനോട് രാജിയാവാന്‍ എനിക്കു കഴിയുന്നുണ്ട്. മത വിശ്വാസിയല്ലെ
ങ്കിലും ഒരു ഗ്രാന്‍ഡ് നരേറ്റീവിന്റെ ഭാഗമാണ് ജീവിതത്തിന്റെ തിരക്കഥയെന്ന് ഞാനിപ്പോള്‍ വിശ്വസിക്കുന്നു. അതുകൊണ്ട് എന്റെയീ കഥയില്‍ വന്നുപോയ ഓരോ മനുഷ്യരും ഈ ഗ്രാന്‍ഡ് നരേറ്റീവിലെ വെറും കഥാപാത്രങ്ങളാണെന്ന് ഞാന്‍ കരുതുന്നു. നമ്മുടെ തന്നെ ജീവിതത്തിനുമേല്‍ വലിയ നിയന്ത്രണങ്ങളൊന്നുമില്ലാത്ത സ്വാഭാവികമായ ആ ഒഴുക്കിനെ കാലുഷ്യമില്ലാതെ എനിക്കിന്ന് കാണാനാവുന്നു. പ്രാപഞ്ചികമായ അവബോധത്തോട് സന്ധിയില്‍ ഏര്‍പ്പെടുക എന്നതാണ് എന്റെ സ്വാസ്ഥ്യം എന്നും ഞാനറിയുന്നു.
അന്നത്തെ ആ കൂടിക്കാഴ്ചയോടെ ബാലുവും ഞാനുമെന്നത് രണ്ട് വേറിട്ട വ്യക്തിത്വങ്ങളാണെന്നും അതിനപ്പുറത്തേക്ക് മറ്റൊന്നും അവകാശപ്പെടാനില്ലാത്ത സ്വതന്ത്ര മനുഷ്യരാണെന്നും സ്വയം തിരിച്ചറിഞ്ഞ് മടങ്ങുമ്പോള്‍, തൂവലുപോലെ നേര്‍ത്തൊരു മാനസികാവസ്ഥയില്‍ ആയിരുന്നു ഞാന്‍. വലിയ സന്തോഷവും സമാധാനവും തോന്നി. കൂടെ വന്നവരും അമ്പരപ്പോടെ നിനക്ക് എങ്ങനെയാണ് ഇങ്ങനെയൊക്കെ സംസാരിക്കാന്‍ പറ്റിയത് എന്നു
ചോദിക്കുന്നുണ്ട്. നമുക്ക് പറ്റും, വയലന്‍സിന് എത്രദൂരം സഞ്ചരിക്കാമോ അതുപോലെ തന്നെ സ്‌നേഹത്തിനും അതിന്റെ ആഴങ്ങളിലേക്ക് സഞ്ചരിക്കാന്‍ പറ്റും. വയലന്‍സിന്റെ എല്ലാ സാധ്യതകളും മനുഷ്യന് അറിയാമല്ലോ, ശരീരത്തിലും മനസ്സിലും ആത്മാവിലും വരെ മുറിപ്പെടുത്തുന്നതെങ്ങനെയെന്ന്. ഇനി സ്‌നേഹത്തിന്റെ സാധ്യതകളില്‍ കൂടിയേ പരീക്ഷണം നടത്താനുള്ളൂ. ഞാനതിനൊരു തുടക്കമിട്ടു എന്നു കരുതിയാല്‍ മതി. എനിക്കിനി സമാധാനമായി ഉറങ്ങാന്‍ പറ്റും.
ഞാന്‍ ചെന്ന കാര്യം ബാലു ചേട്ടന്മാരെയും മക്കളേയുമൊക്കെ വിളിച്ചു പറഞ്ഞു. മകനതു കേട്ട് ദേഷ്യവും വിഷമവുമൊക്കെയായി. എന്നെ വിളിച്ച് അമ്മയെവിടെയാ, അവിടെ പോയല്ലേ, അമ്മയ്ക്ക് നാണമുണ്ടോ, സെല്‍ഫ് റെസ്‌പെക്റ്റില്ലേ, അമ്മയെ ഉപേക്ഷിച്ചു പോയ ആളെ കാണാന്‍ പോയേക്കുന്നു എന്നൊക്കെ ദേഷ്യം കൊള്ളുകയാണ്. ഇല്ലെടാ, എനിക്കു നാണമില്ല, എന്റെ സ്‌കൂള്‍ വേറെയാ, നിന്റേത് വേറെയാ, ഞാനെന്തു ചെയ്യണമെന്ന് എനി
ക്കറിയാമെന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ടുചെയ്തു.
കുട്ടികളെ പറഞ്ഞിട്ട് കാര്യമില്ല. അവര്‍ക്ക് അതൊക്കെ വലിയ സീനാണ്. കാരണം അച്ഛന്‍ അമ്മയേയും മക്കളേയും തെറ്റിക്കാന്‍ എന്തോ ഗെയിം കളിച്ചു എന്നൊക്കെയുള്ള തോന്നല്‍ അവരുടെയുള്ളിലുണ്ട്. കുടുംബക്കാര്‍ക്കു മുന്നില്‍ എന്നെ വിചാരണയ്ക്ക് നിര്‍ത്തിയതൊക്കെ അവര്‍ക്ക് പ്രശ്‌നമാണ്. പിന്നീട് ഞാനവരെ പറഞ്ഞു മനസ്സിലാക്കി. ഇനി അമ്മ എവിടെക്കിടന്നു മരിച്ചാലും എത്ര മനസ്സമാധാനത്തോടെയാണ് മരിച്ചുപോവുക എന്നറിയാമോ.
എന്റെ മനസ്സില്‍ ഇനിയൊരു കാലുഷ്യവുമില്ല. മനസ്സിലെ അവസാനത്തെ ആ കലക്കവും തെളിഞ്ഞു. അവരെ രണ്ടുപേരെയും വേറിട്ടു തന്നെ കാണാന്‍ ഇനിയെനിക്കു പറ്റും. എന്തിന്, ഇനിയവരെ കാണണമെന്നു പോലും എനിക്കില്ല. അവര്‍ക്ക് കാണണമെന്നുണ്ടെങ്കില്‍ അതിനുള്ള പാലം ഞാന്‍ തുറന്നിട്ടിട്ടുമുണ്ട്. ആ വഴി അവര്‍ക്ക് വേണമെങ്കില്‍ ഉപയോഗിക്കാം.
എന്തിനു ഞാന്‍ പോയി എന്നത് അവര്‍ക്ക് മനസ്സിലായെങ്കിലും ആ സ്ത്രീ ഇങ്ങോട്ട് വരേണ്ട എന്നായിരുന്നു ആ സമയത്ത് മക്കളുടെ നിലപാട്. ഒരു വര്‍ഷത്തോളമെടുത്തു മക്കളുടെ മനോഭാവം മാറാന്‍. ഇപ്പോള്‍ ആറു വര്‍ഷത്തോളമായി എല്ലാം കഴിഞ്ഞിട്ട്. മക്കള്‍ ഇടയ്ക്ക് ബാലുവിനെ കാണാനായി അങ്ങോട്ട് പോവും. മക്കളോട് ഞാനെപ്പോഴും പറയാറുള്ള ഒരു കാര്യം, നിങ്ങള്‍ ആ വീട്ടില്‍ ചെല്ലുമ്പോള്‍ ആ സ്ത്രീയെ ഒരിക്കലും അക്‌നോളജ് ചെയ്യാതിരിക്കരുത് എന്നാണ്. സുഖമല്ലേ ആന്റി എന്നെങ്കിലും അവരോട് സ്‌നേഹപൂര്‍വം തിരക്കാവുന്ന മാനസികാവസ്ഥയില്‍ മാത്രമേ നിങ്ങള്‍ അവിടെ പോകാവൂ. അല്ലാതെ അവരെ ഹ്യുമിലിയേറ്റ് ചെയ്യാനായി ഒരിക്കലും അവിടെ പോവരുത്. അവരോട് ദേഷ്യമൊന്നും മനസ്സില്‍ വെയ്ക്കരുത്. അവരല്ല അച്ഛനും അമ്മയും പിരിയാനും ബന്ധം തകരാനും കാരണം. ആ സ്ത്രീയും എത്രയോ നാള്‍ ഒറ്റയ്ക്ക് ജീവിച്ച ഒരാളാണ്. നിങ്ങളുടെ അച്ഛന്‍ അങ്ങോട്ട് ചെന്ന് പ്രതീക്ഷയും മോഹവും കൊടുത്ത് അവരുടെ ജീവിതത്തിലേക്ക് കയറിയതാണ്. അല്ലാതെ അവര്‍ നമ്മുടെ ജീവിതം തകര്‍ത്തിട്ടില്ല. അതു മക്കള്‍ എപ്പോഴും മനസ്സില്‍ ഓര്‍ക്കണം.
ഒരു സ്ത്രീയെന്ന രീതിയിലും സിസ്റ്റര്‍ഹുഡിനെയും ഫെമിനിസ്റ്റ് രാഷ്ട്രീയത്തേയും ഉയര്‍ത്തിപ്പിടിക്കുന്ന ഒരാളെന്ന നിലയിലും ആ സ്ത്രീയെ എന്റെ മക്കള്‍ ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ചാല്‍ അതെനിക്കു നോവും. അവിടെ പോയാല്‍ നിങ്ങള്‍ വീട്ടില്‍ ചെയ്യുന്നതു പോലെ തന്നെ സ്വന്തം പാത്രങ്ങള്‍ കഴുകി വെയ്ക്കണം, ഭക്ഷണം കഴിക്കാന്‍ അവരെയും കൂടെയിരുത്തണം, വീട്ടിലെ തൂപ്പുകാരിയോ വിളമ്പുകാരിയോ ആക്കി അവരെ മാറ്റി നിര്‍ത്തരുത് എന്നൊക്കെ ഞാന്‍ മക്കളോട് പറഞ്ഞിട്ടുണ്ട്. അതവര്‍ പാലിക്കാറുമുണ്ട്.
ബാലുവിനെ ഞാന്‍ ഒടുവില്‍ കണ്ടത്, വീട് മകന് എഴുതിക്കൊടുക്കാനായി ബാലു വന്നപ്പോഴാണ്. ഞാന്‍ വയനാട്ടില്‍ അവരെ കാണാന്‍ പോയ സമയത്തു തന്നെ, മ്യൂച്വല്‍ ഡിവോഴ്‌സ് ഫയല്‍ ചെയ്യുന്ന കാര്യവും ഞാനായിട്ട് അങ്ങോട്ട് സംസാരിച്ചിരുന്നു. നിങ്ങള്‍ക്കൊരു ഇന്‍സെക്യൂരിറ്റിയും വേണ്ട, ഉടനെ തന്നെ ഡിവോഴ്‌സ് ഫയല്‍ ചെയ്യാമെന്ന്.
ഫ്‌ളാറ്റിന്റെ രജിസ്‌ട്രേഷനു ബാലു വന്നപ്പോള്‍ ഞങ്ങള്‍ നാലുപേരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു. അതിനു ശേഷം ഞാനും ബാലുവും വക്കീലും ഒരു സുഹൃത്തും കൂടെ ഹൈക്കോടതി പരിസരത്ത് പോയി. മ്യൂച്വല്‍ ഡിവോഴ്‌സിനായി പേപ്പറുകളിലെല്ലാം ഒപ്പിട്ടുനല്‍കി. അവിടന്ന് അവര്‍ ആ വഴി തിരിച്ച് തൃശ്ശൂരിലേക്ക് പോവുകയാണ്. എന്നെ തിരികെ വീട്ടിലാക്കാന്‍ സമയവുമില്ല. നീയെങ്ങനെ പോവും, മോനോട് നിന്നെ കൂട്ടാന്‍ വരാന്‍ പറയട്ടേ
എന്നായി ബാലു. വേണ്ട, എന്നെ കലൂരില്‍ ഇറക്കി വിട്ടാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു.
അങ്ങനെ ഞാനവര്‍ക്കൊപ്പം കാറില്‍ യാത്ര തുടര്‍ന്നു. കലൂര്‍ സിഗ്‌നലിന് അരികെ വണ്ടി നിര്‍ത്തി. ഞാനിറങ്ങി, യാത്ര പറയാനായി ബാലുവും പുറത്തിറങ്ങി വന്നു. പോവാനായി ബാലു ധൃതിവെച്ചു. ഞാന്‍ ബാലുവിനെ കെട്ടിപ്പിടിച്ചു. റോഡ് സൈഡില്‍ നിന്നുള്ള കെട്ടിപ്പിടുത്തമായതുകൊണ്ട് ബാലുവിന് ടെന്‍ഷനുണ്ടായിരുന്നു. ആളുകള്‍ ശ്രദ്ധിക്കുമെന്ന ഭയം ബാലുവിന്റെ കണ്ണുകളിലും വാക്കുകളിലും. അതിനെന്താ, എനിക്കൊരുമ്മ കൂടി വേണ
മെന്നായി ഞാന്‍. ബാലുവില്‍ നിന്ന് കവിളത്തൊരു ഉമ്മ വാങ്ങി തിരിച്ചൊരുമ്മയും കൊടുത്തു. കലൂരിലെ ആ സിഗ്‌നലില്‍ നിന്നും ഞങ്ങള്‍ രണ്ടു വഴിയേ യാത്ര തുടര്‍ന്നു...
വീഴാന്‍ തുടങ്ങുമ്പോഴും വീഴാതെ നിലനിര്‍ത്തിപ്പോകുന്നു സംഗതി കൂടിയാണല്ലോ ജീവിതം. ഞാന്‍ വളരെ ആഗ്രഹത്തോടെ ചെയ്യുന്ന കാര്യമൊന്നുമല്ല അഭിനയം. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആദ്യമായി ഇംഗ്ലിഷില്‍ ഒരു നാടകം സംവിധാനം ചെയ്ത് അതില്‍ ആണ്‍ വേഷം കെട്ടിയ ഒരാളാണ് ഞാന്‍. ആ സ്‌കൂളിന്റെ ചരിത്രത്തില്‍ തന്നെ ഒരു പെണ്‍കുട്ടി ഇംഗ്ലിഷില്‍ നാടകം സംവിധാനം ചെയ്തതും ആണ്‍ വേഷം കെട്ടി അഭിനയിക്കുന്നതും ആദ്യമായിട്ടായിരുന്നു. ആ പത്തു മിനിറ്റ് നാടകത്തിന്അന്ന് വലിയ അഭിനന്ദനമൊക്കെ കിട്ടുന്നുണ്ട്. പക്ഷേ ഞാന്‍ അതിലൊന്നും അത്ര വലിയ സന്തോഷം കണ്ടെത്തിയില്ല. എഴുതുക എന്ന ആലോചന എല്ലാ കാലത്തുമുണ്ട്. ഡയറി എഴുതുന്ന സ്വഭാവവുമുണ്ടായിരുന്നു. പക്ഷേ അതിനൊന്നും ഒരു തുടര്‍ച്ചയോ ഗൈഡ് ചെയ്യാനുള്ള ആളുകളോ ഉണ്ടായില്ല. ഒരു പക്ഷേ ഞാന്‍ ഇങ്ങനെ എഴുതുന്നു, ചിന്തിക്കുന്നു എന്നറിയുന്നവര്‍ ആരുമില്ല. എന്റെ എഴുത്ത് സ്വകാര്യമായി നടക്കുന്നു എന്ന് സാഹിറയ്ക്ക് മാത്രമറിയാം. എന്റെ മോള്‍ നന്നായി എഴുതുന്നുണ്ട് എന്നു സാഹിറ പറയുന്നതില്‍ അതുകഴിഞ്ഞു. പക്ഷേ ജീവിതം ഇത്രയും ജീവിച്ച് തിരിഞ്ഞുനോക്കുമ്പോള്‍ ഞാന്‍ മനസ്സിലാക്കുകയാണ്, എനിക്ക് ഒന്നിനോടും ഒരു ആവേശവുമില്ലെന്ന്. ജീവിതമെന്നത് യാദൃച്ഛികതയുടെയും അനിശ്ചിതത്വത്തിന്റെയും ആഘോഷം കൂടിയായിരുന്നു എനിക്ക്.
ആത്മസഖിയായ സാഹിറയെ ഞാന്‍ ഇപ്പോഴും കാണാറുണ്ട്, വിളിക്കാറുണ്ട്. അപ്പച്ചനും അമ്മച്ചിയും മരിച്ചതിന് ശേഷം ഞാനെന്റെ വീട്ടിലേക്ക് വല്ലപ്പോഴും മാത്രമേ പോകാറുള്ളൂ. പക്ഷേ സാഹിറയുടെ വീട്ടില്‍ എല്ലാ കൊല്ലവും പോവുകയും ഒരു ദിവസം അവിടെ നില്‍ക്കുകയും ചെയ്യും. എല്ലാ വര്‍ഷത്തെയും നോമ്പു തുറയ്ക്ക് ഞാന്‍ സാഹിറയെ കാണാന്‍ പോവും. എന്റെ വീട്ടില്‍ ചേട്ടനും ഭാര്യയും മകനുമാണ് ജീവിക്കുന്നത്. അവിടെ പോകുമ്പോള്‍
സാഹിറയുടെ വീട്ടിലും പോകും. പതിനെട്ടു വയസ്സുവരെ അമ്മയുടെയും ചേച്ചിയുടെയും കൂടെ ഒരു വീട്ടില്‍ ആയിരുന്നു എന്റെ ജീവിതം. ആ ഓര്‍മ്മകളിലാണ് ഞാനിപ്പോഴും ജീവിക്കുന്നതെന്നു തോന്നും ചിലപ്പോള്‍.
എല്ലാ കാലത്തും സങ്കടം തൂങ്ങി, അമ്മച്ചിക്ക് വേണ്ടി കാത്തിരിക്കുന്ന, നിന്നുകത്തുന്ന കടലുപോലുള്ള ഒരു കുട്ടിയുടെ ജീവനാണ് ഞാന്‍.
Content Highlights: Jolly Chirayath, Human Relationships, Divorce, Autobiography, Ninnu Kathunna Kadalukal