ആറ്റുനോറ്റുണ്ടായ മകന് എതിരാളിയുടെ പേരിടുക, അസഭ്യം പറഞ്ഞ് അപമാനിക്കുക!

-
-

വിഖ്യാതകവിയും ഹിന്ദി ചലച്ചിത്രഗാനരചയിതാവുമായിരുന്ന സാഹിർ ലുധിയാൻവിയുടെ ജീവചരിത്രം ''സാഹിർ അക്ഷരങ്ങളുടെ ആഭിചാരകൻ'' മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. കെ. പി. എ സമദ് ആണ് ജീവചരിത്രം തയ്യാറാക്കിയിരിക്കുന്നത്. പുസ്തകത്തിലെ ഒരു ഭാഗം വായിക്കാം.

പുരുഷാധിപത്യത്തിനു കീഴിൽ സ്ത്രീ അനുഭവിച്ചുവരുന്ന ഗർഹണീയമായ അവസ്ഥകളെക്കുറിച്ച് ഇത്രയും സൂക്ഷ്മവും തീക്ഷ്ണവുമായി എഴുതിയ സാഹിറിന്റെ ജനനം അന്താരാഷ്ട്ര വനിതാദിനമായി ഇന്നു ലോകം ആചരിക്കുന്ന മാർച്ച് 8നാണ് എന്നത് വിസ്മയപ്പെടുത്തുന്ന ആകസ്മികതയാണ്.

'പഞ്ചാബിലെ മാഞ്ചസ്റ്റർ' എന്നറിയപ്പെടുന്ന ലുധിയാന ഒരുകാലത്ത് മീർഹോതാ എന്ന ഗ്രാമമായിരുന്നു. സത്​ലജിന്റെ കരയിൽനിന്ന് പതിനൊന്നു കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ പതിനഞ്ചാംനൂറ്റാണ്ടിൽ പഞ്ചാബ് ഭരിച്ചിരുന്ന ലോധി സുൽത്താന്മാർ താവളം പണിതു. അതിനു ലോധിയാന എന്നു പേരിട്ടു. അത് നഗരമായി വളർന്നു, ലോധിയാന ലുധിയാനയായി. സൈക്കിൾ ഫാക്ടറികൾക്കും അടിയുടുപ്പുവ്യവസായത്തിനും പേരുകേട്ട ലുധിയാന ആധുനികകാലത്ത് നിരവധി എഴുത്തുകാർക്കും കവികൾക്കും ജന്മം നൽകി. അവയിൽ ഏറ്റവും ഉജ്ജ്വലമായ നാമം സാഹിറിന്റെതാണ്.

ലുധിയാനാനഗരത്തിന്റെ അതിർത്തിയിലെ സിഖേവോൽ എന്ന വിശാലമായ ഭൂപ്രദേശത്തിന്റെ ഉടമകളായ ജന്മികുടുംബത്തിൽ അതിന്റെ അനന്തരാവകാശിയായാണ് 1921-ൽ, സാഹിർ ജനിക്കുന്നത്. പിതാമഹൻ ഫതെഹ് മുഹമ്മദ് ലുധിയാനയിലെ അഭിജാതവർഗത്തിന്റെ നേതൃനിരയിലെ അംഗമായിരുന്നു. വിദേശഭരണാധികാരികൾക്ക് ഓശാന പാടി, അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ മത്സരിച്ച്, അവരിൽനിന്ന് ആനുകൂല്യങ്ങൾ നേടിയെടുത്തിരുന്ന ജന്മിമാർ തദ്ദേശീയസമൂഹത്തോടും കുടിയാന്മാരോടും കൃഷീവലരോടും കിരാതമായ രീതിയിലായിരുന്നു പെരുമാറിയിരുന്നത്.

1910-ൽ ഫതെഹ് മുഹമ്മദ് മരിച്ചപ്പോൾ അയാളുടെ വിപുലമായ സമ്പത്തും അധികാരവും ഏകമകൻ ഫസൽ മുഹമ്മദിന്റെ കൈകളിലെത്തി. ഫസൽ മുഹമ്മദ് എല്ലാ നിലയിലുമുള്ള ഫ്യൂഡൽ ജീർണതയുടെ ആൾരൂപമായിരുന്നു. അധികാരപ്രമത്തതയും അഹങ്കാരവും അധാർമികതയും അടയാളപ്പെടുത്തിയ ആ വ്യക്തിത്വത്തിന്റെ നേർരൂപം ഹിന്ദിസിനിമയിലെ ക്ലാസിക്കായ മധുമതിയിൽ പ്രാൺ അവതരിപ്പിച്ച ഉഗ്രനാരായണൻ എന്ന കഥാപാത്രത്തിൽ കാണാൻ കഴിയും. സാഹിർ തന്നെ തന്റെ പൂർവികരുടെ ദുർനടപ്പുകളുടെ വ്യക്തമായ ചിത്രം 'ജാഗീർ' (പൈതൃകം) എന്ന കവിതയിൽ വരച്ചുവെക്കുന്നുണ്ട്.

സബ്സ് ഖേതോം മെ യെ ദുബ്കി ഹുയി ദോഷീസായേം
ഇൻ കി ഷിർയാനോം മെ കിസ്-കിസ് കാ ലഹൂ ജാരി ഹൈ?
കിസ് മെ ജുർറത് ഹൈ ഇസ് രാസ് കി തഷ്ഹീർ കരേ?
സബ് കെ ലബ് പർ മേരി ഹൈബത് കാ ഫുസൂൻതാരി ഹൈ.
വിളഞ്ഞാടും വയൽപ്പരപ്പിൽ ഒളിഞ്ഞുനിൽക്കും കന്യകമാരുടെ
സിരകളിലൂടെ ഓടുന്ന രക്തം ആരുടെതൊക്കെയായിരിക്കും!
ആ രഹസ്യം വെളിപ്പെടുത്താൻ ആർക്കാണ് ധൈര്യമുള്ളത്?
ഏവരുടെയും ചുണ്ടിൽ ഞങ്ങളുടെ
വീരഗാഥകൾ വിസ്മയം പരത്തുന്നു.

ഇൻ കി മെഹ്നത് ഭി മേരി ഹൈ,
ഹാസിൽ-എ-മെഹ്നത് ഭി മേരി ഹൈ
ഇൻ കാ ബാസു ഭി മേരെ, കുവ്വത്-എ-ബാസു ഭി മേരി
മൈ ഖുദാവന്ദ് ഹൂം ഉസ് വുസുഅത്-എ-ബേപയാൻ കാ
മൗജ്-എ-ആരിസ് ഭി മേരി, നക്ഹത്-എ-ഗേസു ഭി മേരി.
ഇവരുടെ അധ്വാനം എന്റെതാണ്; അധ്വാനഫലങ്ങളും എന്റെതാണ്
ഇവരുടെ കൈകളും കൈകളിലെ കരുത്തും എന്റെതാണ്
അതിരറ്റ ഈ ഭൂമിയുടെ അധിപൻ ഞാനൊരുത്തനാണ്.
ഇവരുടെ തുടുത്ത കവിളുകളും മുടിക്കെട്ടിന്റെ മണവും
എനിക്കവകാശപ്പെട്ടതാണ്.

മൈ ഉൻ അജ്ദാദ് കാ ബേട്ടാ ഹൂം, ജിൻഹോനെ പൈഹം
അജ്നബി കൗം കെ സായെ കി ഹിമായത് കീ ഹൈ
ഗദർ കി സാഅത്-എ-നാപാക് സെ ലേകർ അബ് തക്
ഹർ കഡേ വക്ത് മെ സർകാർ കി ഖിദ്മത് കീ ഹൈ.
ആ പൈതൃകത്തിന്റെ നേരവകാശിയാണ് ഞാൻ
വിദേശികളുടെ നിഴലുകൾക്കുപോലും
വിടുപണി ചെയ്ത പൈതൃകം

*കലാപത്തിന്റെ അഭിശപ്തനാളുകൾ മുതൽ ഇന്നുവരെ
കലവറയില്ലാതെ സർക്കാരിനെ സേവിച്ച പൈതൃകം.

1883-ൽ ജനിച്ച ഫസൽ മുഹമ്മദ് മുപ്പത്തിയാറു വയസ്സിനിടയിൽ പത്തു തവണ വിവാഹം ചെയ്തു. ഒന്നിൽനിന്നും സന്താനഭാഗ്യമുണ്ടായില്ല. അനന്തരാവകാശിക്കുവേണ്ടി നടത്തിയ പടയോട്ടത്തിന്റെ പതിനൊന്നാമത്തെ ഇരയായിരുന്നു സാഹിറിന്റെ മാതാവ് സർദാർ ബേഗം. ഫസൽ മുഹമ്മദ് അവരെ വിവാഹം ചെയ്യുമ്പോൾ അവർക്കു പതിനേഴു തികഞ്ഞിരുന്നില്ല. കശ്മീരിവംശജരായിരുന്നു മാതാപിതാക്കൾ. പിതാവ് അബ്ദുൽ അസീസ് ചെറുകിട കോൺട്രാക്ടറായിരുന്നു. ലുധിയാനയിലെ അബ്ദുൽപൂർ കോളനിയിലായിരുന്നു താമസം. രണ്ടാണും രണ്ടു പെണ്ണുമായി നാലു മക്കൾ. ഏറ്റവും ഇളയതായ സർദാർ എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്നു. സർദാറിന്റെ സ്കൂൾവിദ്യാഭ്യാസം പൂർത്തിയാകുംമുൻപ് പിതാവു മരണപ്പെട്ടു. വൈകാതെ മാതാവും. മാതാപിതാക്കളുടെ അകാലമരണം കുടുംബത്തിന്റെ നില അവതാളത്തിലാക്കി. നന്മയും നീതിബോധവും കൈമുതലാക്കിയ അസീസിന് സന്തോഷമായി ജീവിച്ചുപോകുന്നതിനപ്പുറത്തെ സമ്പാദ്യമൊന്നും ഉണ്ടായിരുന്നില്ല. ഇന്റർമീഡിയറ്റ് പൂർത്തിയാക്കിയിരുന്ന മൂത്ത മകൻ മുഹമ്മദ് ഷഫി റെയിൽവേയിൽ ജോലി നേടി പഞ്ചാബിനു പുറത്തായിരുന്നു. രണ്ടാമത്തെ മകൻ അബ്ദുൽറഷീദ് നഗരത്തിൽ ഒരു പഴക്കട തുടങ്ങി. വൈകാതെ മൂത്ത സഹോദരി ഷാബേഗത്തിന്റെ വിവാഹം നടന്നു. കുടുംബത്തിന്റെ സാമ്പത്തികം കൂടുതൽ ശിഥിലമായി. അപ്പോഴാണ് ഫസൽ മുഹമ്മദിന്റെ കണ്ണ് സർദാറിൽ പതിയുന്നത്. പ്രതാപിയായ ജന്മിയുടെ വിവാഹാഭ്യർഥന നിരാകരിക്കാൻ അവർക്കായില്ല.

1919-ൽ വിവാഹം നടന്നു. മുഗൾകൊട്ടാരമാതൃകയിൽ ചെങ്കല്ലിൽ തീർത്ത വിശാലമായ ഹവേലിയിൽ ഒരു ഭാഗത്ത് പല ഭാര്യമാരിലൊരാളായി ഫസൽമുഹമ്മദ് സർദാറിനെ കുടിയിരുത്തി. എന്നാൽ, കുലത്തിൽ താഴ്ന്നവളായതുകൊണ്ട് ഭാര്യയായി പരസ്യമായി അംഗീകരിച്ചില്ല. ഭർത്താവിന്റെ ഫ്യൂഡൽരീതികളെക്കുറിച്ച് ഏതാണ്ടൊരു ധാരണ സർദാറിനുണ്ടായിരുന്നിരിക്കണം. എന്നാൽ, ഇത്രയും ഭീകരമായിരിക്കുമെന്ന് നിനച്ചിരിക്കാനിടയില്ല. രാത്രി മുഴുവൻ ആട്ടക്കാരികളുടെ കോഠകളിൽ. അല്ലാത്ത സമയം അനുചരന്മാരോടൊത്ത് മദ്യപാനത്തിലും നായാട്ടിലും മറ്റു നെറികേടുകളിലും. പിതാവ് ബാക്കിവെച്ചുപോയ അളവറ്റ ധനം പത്തു വർഷംകൊണ്ട് പൊടിച്ചുതീർത്തു. പണം തികയാതെ വന്നപ്പോൾ ഭൂമി വിറ്റുതുടങ്ങി. പൈതൃകസ്വത്തായതുകൊണ്ട് അനുഭവിക്കാനല്ലാതെ വിൽക്കാൻ അവകാശമുണ്ടായിരുന്നില്ല. എങ്കിലും അനന്തരാവകാശി ഇല്ലാത്തതുകൊണ്ട് പ്രശ്നമായില്ല. പൊങ്ങച്ചക്കാരനായതുകൊണ്ട് പറഞ്ഞുപറ്റിക്കാൻ എളുപ്പമായിരുന്നു. അതു മുതലെടുത്ത് അനുചരന്മാർ നിസ്സാരവിലയ്ക്ക്, പലപ്പോഴും വെറുതേയും, പല സ്ഥലങ്ങളും കൈവശപ്പെടുത്തി.

മറ്റു ഭാര്യമാരെപ്പോലെ എല്ലാം സഹിച്ചിരിക്കാൻ സർദാർ തയ്യാറായില്ല. ഭർത്താവിന്റെ വഷളത്തങ്ങൾ തടയാൻ സർദാർ പല നിലയ്ക്കും ശ്രമിച്ചു. പുരുഷന്മാരുടെ കാര്യങ്ങളിൽ സ്ത്രീകൾ ഇടപെടുന്നത് അധികപ്രസംഗമായാണ് ഫസൽമുഹമ്മദ് കണ്ടത്. അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അയാൾക്കറിയാമായിരുന്നു. കൈയാങ്കളിയും കരച്ചിലും നിത്യസംഭവമായി. അതിനിടെ സർദാർ ഗർഭിണിയായി. കുടുംബം കാലങ്ങളായി കേൾക്കാൻ കൊതിക്കുന്ന വാർത്ത. ഫസൽ മുഹമ്മദിനും സന്തോഷമായി. അല്ലാഹു അനുഗ്രഹിച്ചു! പിറക്കുന്നത് ആൺകുട്ടിയാകാൻ എല്ലാവരും പ്രാർഥിച്ചു. കുറ്റിയറ്റുപോകുന്നതിൽനിന്ന് കുടുംബത്തെ രക്ഷിക്കുക!
പ്രാർഥനയുടെ ഫലമെന്നോണം, പിറന്നത് ആൺകുഞ്ഞാണ്. ഹവേലിയിൽ വർഷങ്ങളായി വെറുങ്ങലിച്ചുനിന്ന വിഷാദം വിടപറഞ്ഞു. ആഹ്ലാദം അലയടിച്ചു.

ആഘോഷത്തിമർപ്പുകൾക്കിടയിൽ കുഞ്ഞിന്റെ പേരിടൽ നടന്നു. മൗലവിമാരും ബന്ധുക്കളും പറ്റിയ പേരു തിരയുന്നതിനിടെ ഫസൽ മുഹമ്മദ് പറഞ്ഞു: അബ്ദുൽ ഹയി. ഹയി അല്ലാഹുവിന്റെ തൊണ്ണൂറ്റൊൻപതു നാമങ്ങളിലൊന്നാണ്. അനശ്വരൻ എന്നർഥം. എല്ലാർക്കും സ്വീകാര്യമായി. സർദാറിനും സന്തോഷമായി.

എന്നാൽ, പേരിട്ടതിനു പിറകിലെ ഫസൽ മുഹമ്മദിന്റെ യഥാർഥ ഉദ്ദേശ്യം സർദാർ തിരിച്ചറിയുന്നത് പിന്നീടാണ്. ഒരു ദിവസം സന്ധ്യക്ക് ഫസൽ മുഹമ്മദ്, ദിവസങ്ങൾ മാത്രം പ്രായമായ മകനെയെടുത്ത് മുറ്റത്തു കൊണ്ടുവന്ന് അവന്റെ പേര് ഉറക്കെ വിളിച്ച്, കേട്ടാൽ അറയ്ക്കുന്ന അസഭ്യപദങ്ങൾകൊണ്ട് അഭിഷേകം ചെയ്യാൻ തുടങ്ങി. അനുചരന്മാർ ആവേശത്തോടെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. കുഞ്ഞ് ആർത്തുകരഞ്ഞിട്ടും ഫസൽ മുഹമ്മദ് നിർത്തിയില്ല. ഭർത്താവിന്റെ ഭ്രാന്തൻചെയ്തി കണ്ട് അമ്പരന്ന് സർദാർ കുഞ്ഞിനെ തിരികെ വാങ്ങാൻ ശ്രമിച്ചെങ്കിലും അതനുവദിക്കാതെ ഫസൽ മുഹമ്മദ് തെറിവിളി കൂടുതൽ ഉച്ചത്തിലാക്കി. അൽപം കഴിഞ്ഞപ്പോൾ അടുത്ത വീട്ടുകാരൻ പുറത്തു വന്ന് തനിക്കെതിരേ നടക്കുന്ന അസഭ്യവർഷത്തിനെതിരേ ആക്ഷേപമുയർത്തി. അപ്പോൾ ഫസൽ മുഹമ്മദ് ഉദാസീനമായി പറഞ്ഞു: 'മിയാ, നിങ്ങളെയല്ല, ഞാനെന്റെ മകനെയാണ് ചീത്തവിളിക്കുന്നത്. രണ്ടു പേരുടെയും പേര് ഒന്നാണെന്നുവെച്ച് എനിക്കെന്റെ മകനോട് ഒന്നും പറയാൻ പാടില്ലെന്നാണോ?'
അയൽക്കാരന്റെ പേരും അബ്ദുൽ ഹയി എന്നായിരുന്നു. വിദ്യാസമ്പന്നനും മാന്യനുമായ അദ്ദേഹം (വിഭജനത്തെത്തുടർന്ന് പാകിസ്താനിലേക്കു പോയി, അവിടെ പഞ്ചാബ് പ്രവിശ്യയുടെ വിദ്യാഭ്യാസമന്ത്രിയായി) ഫസൽ മുഹമ്മദുമായി മുൻപ് അതിർത്തിത്തർക്കത്തിന്റെ പേരിൽ ഇടഞ്ഞിരുന്നു. സമൂഹത്തിൽ സ്വീകാര്യതയും സ്വാധീനവും കൂടുതലുള്ള വ്യക്തിയായതുകൊണ്ട് ഫസലിന്റെ കുതന്ത്രങ്ങൾ വിലപ്പോയില്ല. അതിന്റെ ക്ഷീണം തീർക്കാൻ അവസരം കാത്തിരുന്ന ഫസലിന്റെ ബുദ്ധിയിലുദിച്ച വിദ്യയായിരുന്നു ആറ്റുനോറ്റുണ്ടായ മകന് എതിരാളിയുടെ പേരിട്ട്, അവനോടെന്ന ഭാവേന അയാളെ അസഭ്യം പറഞ്ഞ് അപമാനിക്കുക എന്നത്.

സർദാറിനെ സംബന്ധിച്ചിടത്തോളം അത് അതുവരെ സഹിച്ചുപോന്ന അത്യാചാരങ്ങളെ കവിഞ്ഞുനിൽക്കുന്ന കാര്യമായിരുന്നു. മകന്റെ പിറവിയോടെ ഭർത്താവിന്റെ സ്വഭാവത്തിൽ മാറ്റം വരുമെന്ന പ്രതീക്ഷയാണ് എല്ലാ അതിക്രമങ്ങളും സഹിക്കാൻ അവർക്കു കരുത്തു നൽകിയത്. അതുണ്ടായില്ല. പകരം, ആ മനസ്സിന്റെ കുടിലതയുടെ അതുവരെ കാണാത്ത മുഖംകൂടി കാണാനായി. അനന്തരാവകാശിയെ നൽകിയതോടെ വെപ്പാട്ടിയെപ്പോലെ കഴിയുന്നതിന് അറുതിവരുമെന്നു കരുതിയിരുന്നു. അതും നടന്നില്ല. കുടുംബസ്വത്ത് വിറ്റുതുലയ്ക്കുന്നതിൽ മുൻപ് ഇടപെട്ടിരുന്നില്ല. എന്നാൽ, ഇപ്പോഴത് തന്റെ മകന് അവകാശപ്പെട്ടതാണെന്നും അതു നശിക്കാതെ നോക്കേണ്ടത് തന്റെ ചുമതലയാണെന്നും അവർ കരുതി. പല തവണ ഈ കാര്യം ഭർത്താവിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിച്ചു. ഫലം ഊഹിക്കാവുന്നതേയുള്ളൂ. സഹനത്തിന്റെ എല്ലാ സീമകളും തകർന്നപ്പോൾ അവർ അഞ്ചു മാസം പ്രായമായ മകനെയുംകൊണ്ട് വീടുവിട്ടിറങ്ങി. സഹോദരൻ അബ്ദുൽറഷീദിന്റെ കൂടെ താമസമാക്കി. സർദാറും മകനും പോയി ദിവസങ്ങൾക്കകം ഫസൽ മുഹമ്മദ് പന്ത്രണ്ടാമതും വിവാഹം കഴിച്ചു. (അതിലും സന്താനഭാഗ്യം തുണച്ചില്ല.)

അബ്ദുൽറഷീദ് അന്നു താമസിച്ചിരുന്നത് നഗരത്തിനുപുറത്ത് ലുധിയാന-ഫിറോസ്പൂർ റെയിൽപ്പാതയിലെ ജഗ്റാവ് ബ്രിഡ്ജ് സ്റ്റേഷന് അരികിലായിരുന്നു. റെയിൽവെ തൊഴിലാളികളും മറ്റു താഴ്ന്ന വരുമാനക്കാരുമായിരുന്നു സമീപവാസികൾ. പ്രഭാതമഞ്ഞും പുകയും തീർത്ത നനുത്ത മറയെ പകുത്തുകൊണ്ട് പതിക്കുന്ന സൂര്യവെളിച്ചത്തിൽ കീറിയ വസ്ത്രം ധരിച്ച്, കീറച്ചാക്കുമായി പാളത്തിൽ വീണുകിടക്കുന്ന കൽക്കരിത്തുണ്ടുകൾ പെറുക്കുന്ന കുട്ടികളാണ് സാഹിറിന്റെ മനസ്സിൽ അക്കാലത്ത് മായാതെ പതിഞ്ഞ ആദ്യചിത്രം.

സമ്പന്നകുടുംബത്തിന്റെ അനന്തരാവകാശിയായിപ്പിറന്ന മകന് തന്റെ നിലപാടുമൂലം ദാരിദ്ര്യത്തിൽ കഴിയേണ്ടിവരുന്നതിൽ സർദാറിനു മനസ്താപമുണ്ടായിരുന്നു. അതുകൊണ്ട് യഥാർഥ സമ്പത്തായ വിദ്യ എന്തു വിലകൊടുത്തും അവനു ലഭ്യമാക്കുമെന്നും അവനെ സഹജീവികളോടും സമൂഹത്തോടും സ്നേഹവും ഉത്തരവാദിത്വവുമുള്ള വ്യക്തിയായി വളർത്തിക്കൊണ്ടുവരുമെന്നും അവർ ശപഥം ചെയ്തു. സ്കൂളിൽ പോകാൻ പ്രായമായപ്പോൾ ലുധിയാനയിലെ മികച്ച വിദ്യാലയമായ മാൽവാഖാൽസാ ഹൈസ്കൂളിൽ ചേർത്തു.

ലുധിയാന അന്ന് ചെറുനഗരമാണ്. ജനസംഖ്യയിൽ സിഖുകാരും ഹിന്ദുക്കളുമാണ് മുന്നിൽ. എല്ലാവരും സംസാരിച്ചിരുന്ന പഞ്ചാബി ഫാർസി ലിപിയിലാണ് എഴുതിയിരുന്നത്. സാഹിറിന്റെ അയൽക്കാരായി മുസ്ലിങ്ങൾ കുറവായിരുന്നു. കൂട്ടുകാരിൽ ഏതാണ്ടെല്ലാവരും സിഖുകാരും ഹിന്ദുക്കളും. മതപരമായ ഭേദവിചാരങ്ങളില്ലാതെയാണ് സാഹിർ വളർന്നത്.
ഫസൽ മുഹമ്മദ് അപ്പോഴും കുടുംബസ്വത്ത് വിറ്റുകൊണ്ടിരുന്നു. ഇനിയും ഇടപെട്ടില്ലെങ്കിൽ ഒന്നും ബാക്കിയുണ്ടാവില്ലെന്നു മനസ്സിലാക്കി സർദാർ, മകനവകാശപ്പെട്ട ഭൂമി നിയമവിരുദ്ധമായി വിൽക്കുന്നത് തടയാനും നടന്ന വില്പന റദ്ദു ചെയ്യാനും അപേക്ഷിച്ച് കോടതിയിൽ കേസു കൊടുത്തു. അവശേഷിച്ച ആഭരണങ്ങൾ വിറ്റ് കേസുനടത്തിപ്പിനാവശ്യമായ പണം സ്വരൂപിച്ചു.
സർദാറിൽനിന്ന് ഈയൊരു നീക്കം ഫസൽ മുഹമ്മദ് പ്രതീക്ഷിച്ചിരുന്നില്ല. പ്രമാണിയായ തനിക്കെതിരേ ആണും തുണയുമില്ലാത്ത വെറുമൊരു പെണ്ണ് കേസു കൊടുത്തത് അഭിമാനത്തിനേറ്റ അടിയായി അയാൾ കണ്ടു. കിങ്കരന്മാരെ വിട്ട് കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ മകൻ ജീവനോടിരിക്കില്ല.

സർദാർ വഴങ്ങിയില്ല. മകനെ സ്കൂളിൽ കൊണ്ടുപോകാനും തിരിച്ചു കൊണ്ടുവരാനും അംഗരക്ഷകരെ കൂലി കൊടുത്തു നിർത്തി. അല്ലാത്തപ്പോൾ തന്റെ കൺവെട്ടത്തുനിന്ന് മാറാൻ അവസരമുണ്ടാവാതെ നോക്കി. വീട്ടിലും ഏറക്കുറെ സ്കൂളിലും നാലു ചുമരുകൾക്കുള്ളിലൊതുങ്ങി സാഹിറിന്റെ ബാല്യം.

അതിനിടെ സർദാർ ഫയൽ ചെയ്ത ചില കേസുകളിൽ വിധി വന്നു. ഒക്കെയും സർദാറിനനുകൂലമായിരുന്നു. ചുളുവിലയ്ക്കു ഭൂമി തട്ടിയെടുത്തവർക്കു ഭൂമിയിൽ അവകാശമില്ലെന്നു വന്നു. കൊടുത്തതത്രയും നഷ്ടമായി. അവർ സർദാറിനെയും മകനെയും ശത്രുക്കളായിക്കണ്ടു. ഭൂമി വാങ്ങിയവരിൽ വിവേകശാലികളായ ചിലർ സർദാറുമായി ഒത്തുതീർപ്പിനെത്തി. ഭൂമിക്കു മാന്യമായ വിലകെട്ടി ശേഷിച്ച തുക അവർക്കു നൽകാം. ജീവിക്കാനും ബാക്കി കേസുകൾ നടത്താനും പണം ആവശ്യമായിരുന്നു. സർദാർ സമ്മതിച്ചു.
ഫസൽ മുഹമ്മദിനത് മറ്റൊരടിയായി. തുടരുന്ന കേസുകളുടെ വിധിയും മറിച്ചാകാനിടയില്ലെന്ന് അയാൾ ഊഹിച്ചു. നിലവിലുള്ള നിയമമനുസരിച്ചാണ് സർദാറിന് അനുകൂലമായ വിധിയുണ്ടായത്. ആ നിയമമനുസരിച്ച് മകന്റെ സംരക്ഷണച്ചുമതല മാതാവിനല്ല, പിതാവിനാണ്. മകൻ തന്റെ സംരക്ഷണത്തിലായാൽ സർദാറിന്റെ കേസുകൾ നിലനിൽക്കില്ല. അതുകൊണ്ട് മകനെ വിട്ടുകിട്ടാൻ അയാൾ കോടതിയിൽ കേസു കൊടുത്തു. അതറിഞ്ഞ് സർദാർ വിവാഹമോചനത്തിനും മകനെ വളർത്താനുള്ള അവകാശത്തിനുമായി പുതിയ കേസ് ഫയൽ ചെയ്തു.

സാഹിറിന് ഒൻപതു വയസ്സുള്ളപ്പോഴാണ് കേസ് വിചാരണയ്ക്കു വരുന്നത്. നിയമവും മതവും സമൂഹവുമെല്ലാം ഫസൽ മുഹമ്മദിന്റെ പക്ഷത്തായിരുന്നു. കേസു കേട്ട ന്യായാധിപൻ പക്ഷേ, ബ്രിട്ടീഷുകാരനായിരുന്നു. വിവാഹമോചനത്തിനുള്ള അപേക്ഷ ഉഭയകക്ഷി സമ്മതപ്രകാരം പെട്ടെന്ന് തീർപ്പായി. എന്നാൽ മകന്റെ സംരക്ഷണച്ചുമതലയുടെ കാര്യത്തിൽ തീർപ്പായില്ല. മകനെ മാതാവിന്റെ സംരക്ഷണത്തിൽ വിട്ടുകൊടുക്കണമെങ്കിൽ മതിയായ കാരണം വേണം. ഇവിടെ മാതാവിനു വരുമാനമൊന്നുമില്ല. നിത്യവൃത്തിക്കു നരകിക്കുന്ന അവർ മകനെ എങ്ങനെ വളർത്തും? മറുവശത്ത് പിതാവ് സമ്പന്നനാണ്; എല്ലാ സൗഭാഗ്യങ്ങളോടുംകൂടി അവനെ വളർത്താൻ തയ്യാറാണെന്ന് അയാളും ഭാര്യയും ഉറപ്പുനൽകുന്നു. കോടതിക്കു മറിച്ചൊരു തീരുമാനമെടുക്കാൻ കഴിയുമായിരുന്നില്ല. പിതാവിനനുകൂലമായി വിധി പ്രസ്താവിക്കുംമുൻപ് ന്യായാധിപൻ അയാളോട് ഒരു കാര്യംകൂടി ചോദിച്ചു: 'മകന്റെ വിദ്യാഭ്യാസകാര്യത്തിൽ എന്താണ് ചെയ്യാൻ പോകുന്നത്?'
തന്നെപ്പോലെ പ്രതാപിയായ ഒരു ജന്മിയുടെ ഏകമകൻ സാധാരണക്കാരെപ്പോലെ സ്കൂളിൽ പോകുന്നതും അവരോട് ഇടപഴകുന്നതുമൊന്നും ഫസൽ മുഹമ്മദിനു ദഹിച്ചിരുന്നില്ല. അയാൾ പറഞ്ഞു: 'പഠിക്കുന്നതെന്തിനാണ്? ജോലിക്കു വേണ്ടിയല്ലേ? ഞങ്ങൾക്കതിന്റെ ആവശ്യമില്ല. തലമുറകളോളം ഇരുന്നുണ്ണാനുള്ള വക അല്ലാഹു തന്നിട്ടുണ്ട്.'

മറുപടി കേട്ട് അന്ധാളിച്ച ന്യായാധിപൻ മകന്റെകൂടി അഭിപ്രായമാരാഞ്ഞു. അമ്മയുടെ കൂടെ ജീവിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് മകൻ മൊഴി നൽകി. വിധിന്യായത്തിൽ ജഡ്ജി പറഞ്ഞു: 'ജന്മിയും സമ്പന്നനുമാണെന്നതുകൊണ്ട് അച്ഛൻ മകനു വിദ്യാഭ്യാസം നിഷേധിക്കുന്ന സാഹചര്യത്തിൽ അവന് വിദ്യാഭ്യാസം നൽകാനും ഉത്തവാദിത്വബോധമുള്ള പൗരനായി വളർത്തിക്കൊണ്ടുവരാനും തയ്യാറുള്ള അമ്മയുടെ കൂടെ വിടുന്നതാണ് അവനും നാടിനും സമൂഹത്തിനും ഗുണകരം.'*

വിധി തനിക്കനുകൂലമാകുമെന്ന കാര്യത്തിൽ തെല്ലും സംശയമില്ലാതിരുന്ന ഫസൽ മുഹമ്മദ് വിധി കേട്ട് തരിച്ചിരുന്നു. സ്വത്തു വിൽക്കാൻ ഇനി സാധ്യമല്ലെന്നത് അയാളെ ക്രുദ്ധനാക്കി. തടസ്സം മകനാണെങ്കിൽ ആ തടസ്സം നീക്കാനും തനിക്കു മടിയില്ലെന്ന് അയാൾ ആക്രോശിച്ചു. കോടതിയിൽവെച്ച് പരസ്യഭീഷണി മുഴക്കിയ ഫസൽ മുഹമ്മദിനെ ജഡ്ജി താക്കീതുചെയ്തു. സർദാറിനും മകനും എന്തെങ്കിലും സംഭവിച്ചാൽ നിയമവും കോടതിയും നോക്കിനിൽക്കില്ല!
ഫസൽ മുഹമ്മദ് അതിലപ്പുറവും ചെയ്യുമെന്ന് സർദാറിനറിയാമായിരുന്നു. അതുകൊണ്ട് മകന്റെ സുരക്ഷയ്ക്കായി അവർ കൂടുതൽ മുൻകരുതലുകളെടുത്തു. കൂടുതൽ അംഗരക്ഷകരെ കൂലിക്കു നിർത്തി. താമസിക്കുന്ന പ്രദേശത്തെ സാധാരണജനങ്ങളുമായി ഊഷ്മളബന്ധമായിരുന്നു. അവരെല്ലാം സാഹിറിന്റെ സുരക്ഷ തങ്ങളുടെ ചുമതലയായിക്കണ്ടു.

സാഹിറിന്റെ ലോകം കൂടുതൽ ഇടുങ്ങി. അതു മനസ്സിലാക്കുകയും അതിൽ വേദനിക്കുകയും ചെയ്ത അമ്മ മകന്റെ എല്ലാ അഭീഷ്ടങ്ങളും സാധിച്ചുകൊടുക്കാൻ ബദ്ധശ്രദ്ധയായി. അവന്റെ മുഖം വാടാനോ കണ്ണുനിറയാനോ ഇടവരാതെ നോക്കി. അമ്മയ്ക്കു മകനും മകന് അമ്മയും മാത്രമായ ആ ലോകത്ത് അമ്മ മകനെ രാജകുമാരനെപ്പോലെയാണ് വളർത്തിക്കൊണ്ടുവന്നത്.
ഇത് സാഹിറിന്റെ വ്യക്തിത്വത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് സാഹിറിന്റെ മാതുലപുത്രി സർവർ എഴുതുന്നു: (ഷഫിയുടെ മരണശേഷം മക്കളായ സർവറിനെയും അനിയത്തി അൻവറിനെയും സാഹിറാണ് സംരക്ഷിച്ചത്. അപ്പോഴേക്കും സാഹിർ ഹിന്ദിസിനിമയിലെ താരമായി വളർന്നിരുന്നു.) 'ഭായിജാൻ വളരെ വാശിക്കാരനായ കുട്ടിയായിരുന്നു. പലപ്പോഴും വളരെ അസംബന്ധമായ ആവശ്യങ്ങളാണ് ഉന്നയിക്കുക. കുടിക്കാൻ പാലു കൊടുത്താൽ അതിൽ വെള്ളം ചേർക്കാൻ പറയും. വെള്ളത്തിന്റെ അളവ് അധികമായെന്നു തോന്നിയാൽ- മിക്കപ്പോഴും അങ്ങനെ തോന്നും- അധികമായ വെള്ളം എടുത്തുമാറ്റാൻ വാശിപിടിക്കും. ദുർവാശിക്കു മുൻപിൽ കണ്ണീരൊഴുക്കാനേ മാമിക്കു കഴിയുമായിരുന്നുള്ളൂ. അതു കാണുമ്പോൾ അബ്ബ ഇടപെടും. പാലിൽനിന്ന് വെള്ളം എടുത്തുമാറ്റാനുള്ള മന്ത്രവിദ്യ തനിക്കറിയാമെന്നു പറയും. പക്ഷേ, മറ്റുള്ളവർ കാണേ ചെയ്താൽ മന്ത്രം ഫലിക്കില്ല. കണ്ണടച്ചിരുന്നാൽ ചെയ്യാം. ഭായിജാൻ കണ്ണടയ്ക്കും. അബ്ബ ഗ്ലാസിലെ പാലിൽനിന്ന് അൽപം എടുത്തുമാറ്റി, മറ്റൊരു ഗ്ലാസിൽ അത്രയും വെള്ളമെടുത്തുവെക്കും. എന്നിട്ട് ഭായിജാനോട് കണ്ണുതുറക്കാൻ പറയും. അധികമായ വെള്ളം മറ്റൊരു ഗ്ലാസിലേക്കു മാറ്റിയതു കണ്ട് സംതൃപ്തനായി ഭായിജാൻ പാൽ കുടിക്കും.'*

പിൽക്കാലത്ത് ലാഹോറിലും ഡൽഹിയിലും സഹപ്രവർത്തകനായും ബോംബെയിൽ സാഹിറിന്റെ വീട്ടിൽ നാലു വർഷത്തോളം അംഗമായും ജീവിച്ച എഴുത്തുകാരൻ പ്രകാശ് പണ്ഡിറ്റ് സാഹിർ ഔർ ഉൻ കി ഷായരി എന്ന കൃതിയിൽ പറയുന്നു: 'എന്തിലും പെട്ടെന്ന് മുഷിയുന്ന സ്വഭാവമായിരുന്നു സാഹിറിന്റെത്. എന്തെങ്കിലും തെറ്റുപറ്റിയാലോ അബദ്ധം സംഭവിച്ചാലോ അതിനെക്കുറിച്ച് ദിവസങ്ങളോളം അസ്വസ്ഥനാവും, സ്വയം പഴിച്ചുകൊണ്ടിരിക്കും. നിസ്സാരകാര്യങ്ങളെപ്പോലും വല്ലാതെ ഭയന്നു. ഒരു കാര്യത്തിലും ഒറ്റയ്ക്കു തീരുമാനമെടുക്കാനാവില്ല. മുഷായിറയിൽ പങ്കെടുക്കുമ്പോൾ എന്തു ചൊല്ലണമെന്ന് കൂട്ടുകാർ പറഞ്ഞുകൊടുക്കണം. സിമ്പോസിയങ്ങളിൽ സംസാരിക്കാൻ ക്ഷണമുണ്ടായാൽ പറയേണ്ട കാര്യത്തെക്കുറിച്ച് അവസാനനിമിഷംവരെ വേവലാതിപ്പെടും. ഏതു വസ്ത്രം ധരിക്കണമെന്നും എന്തു കഴിക്കണമെന്നും അമ്മ പറയണം. കോട്ടിനു മാച്ച് ചെയ്യുന്ന ടൈ ഏതെന്നു നിശ്ചയിക്കാനാകാതെ മാറിമാറി കെട്ടിനോക്കി മണിക്കൂറുകൾ കളയും. ഇതു കാരണമായിരിക്കാം, സാഹിർ അവിവാഹിതനായിത്തുടർന്നത് എന്ന് എനിക്കു തോന്നിയിട്ടുണ്ട്'(പേജ്: 8,9).

ഇത്തരം വാശികളും പ്രശ്നങ്ങളുമൊക്കെ ഉണ്ടായിരുന്നെങ്കിലും അമ്മയ്ക്കും മകനുമിടയിൽ വാക്കുകളിൽ വിവരിക്കാനാകാത്ത അഗാധമായ ആത്മബന്ധം ശക്തിപ്പെട്ടു. മാക്സിം ഗോർക്കിയുടെ അമ്മയിൽ, നായകൻ പാവേലിന്റെ വൈവിധ്യമാർന്ന വ്യക്തിത്വത്തിനു പിറകിൽ അമ്മ പെലഗേയയുടെ നിഴൽ പ്രകടമാകുന്നപോലെ, സാഹിറിന്റെ വ്യക്തിത്വത്തിനും വിചാരധാരയ്ക്കും ഭാവാനുഭൂതിക്കും പിറകിൽ സർദാറിന്റെ സ്വാധീനം നമുക്കു കാണാൻ കഴിയും. സർദാർ ബേഗത്തെ മനസ്സിലാകാതെ സാഹിറിന്റെ കവിതയുടെ ആത്മാവു തിരിച്ചറിയുക പ്രയാസമാണ്.

സാഹിർ വളർന്നപ്പോൾ വീട്ടിൽ കൂട്ടുകാരുടെ കുത്തൊഴുക്കായിരുന്നു. അവരെയെല്ലാം സർദാർ സന്തോഷത്തോടെ സൽക്കരിച്ചു, സ്വന്തം മകനെയെന്നപോലെ സ്നേഹിച്ചു. വർധിച്ച ചെലവിന്റെ പേരിലോ അധ്വാനഭാരത്തെക്കുറിച്ചോ ഒരിക്കലും വേവലാതിപ്പെട്ടില്ല. മകൻ തനിച്ചല്ലെന്നതും കൂട്ടുകാർക്കു നടുവിലാണെന്നതും അവരെ ആഹ്ലാദിപ്പിച്ചു. അവന്റെ ഇഷ്ടങ്ങൾ നിറവേറ്റാനായി കടുത്ത പ്രയാസങ്ങൾക്കിടയിലും അവർ നടത്തുന്ന പരിശ്രമങ്ങൾ മകന്റെ മനസ്സിൽ കടപ്പാടിന്റെ നിത്യമായ തിരയടികൾ തീർത്തു. അമ്മ നേരിട്ട അനീതി മകൻ ഒരിക്കലും മറന്നില്ല. അനുഭവിക്കുന്ന വേദന മകനും അനുഭവിച്ചു. സമൂഹത്തിലെ സമസ്ത തലങ്ങളിലും സ്ത്രീ അനുഭവിക്കുന്ന അടിച്ചമർത്തലുകളും ദുരിതങ്ങളും അസാധാരണമായ വാഗ്വിലാസത്തോടെ കവിതകളിലും ഗാനങ്ങളിലും പകർത്താൻ സാഹിറിനെ സഹായിച്ചത് ഈ അനുഭവങ്ങളാണ്.

പിൽക്കാലത്ത് സിനിമയിലെ പുകൾപെറ്റ പാട്ടെഴുത്തുകാരനായപ്പോൾ സാഹിറിന്റെ അനുഭവങ്ങളെയും രചനകളെയും ഉപജീവിച്ച് ഒട്ടേറെ സിനിമകൾ ഹിന്ദിയിൽ നിർമിക്കപ്പെട്ടു. പ്യാസ, ദീദി, ദാഗ്, ഗുംരാഹ്, തൃശൂൽ, ഇസ്സത് എന്നിവ അവയിൽ ചിലതാണ്. ഇവയിൽ 1968-ൽ പുറത്തിറങ്ങിയ ഇസ്സത് (ജയലളിത നായിക) സാഹിറിന്റെ ജീവിതവുമായി ഏറെ അടുത്തുനിൽക്കുന്നു.

പ്രതാപിയായ സമീന്ദാർ (ബൽരാജ് സാഹ്നി) നായാട്ടിനിടയിൽ, കാട്ടരുവിയിൽ കുളിച്ചുകൊണ്ടിരിക്കുന്ന കന്യകയെക്കണ്ട് മോഹിക്കുന്നു, ബലാൽക്കാരേണ അവളെ പ്രാപിക്കുന്നു, സ്വകാര്യസ്വത്തായി സൂക്ഷിക്കുകയും ഗർഭിണിയായപ്പോൾ ഉപേക്ഷിക്കുകയും ചെയ്യുന്നു. കുടുംബത്തിലേക്കു തിരിച്ചുപോകാനാകാതെ പെൺകുട്ടി ആത്മഹത്യയ്ക്കു മുതിരുമ്പോൾ ഒരു പാതിരി അവളെ രക്ഷിക്കുന്നു. അവൾ ഒരാൺകുഞ്ഞിനു ജന്മം നൽകി. അവനെ കഷ്ടപ്പെട്ടു വളർത്തി. പാതിരിയുടെ സഹായത്തോടെ കോളേജിലയച്ചു പഠിപ്പിച്ചു. മകൻ പഠിത്തം പൂർത്തിയാക്കും മുൻപ് അമ്മ മരിച്ചു. പാതിരിയിൽനിന്ന് കാര്യങ്ങളറിഞ്ഞ മകൻ പകരം ചോദിക്കാൻ പിതാവിനെ തേടിയിറങ്ങുന്നു.

സമീന്ദാറുടെ ഹവേലിയിൽ മകളുടെ ജന്മദിനാഘോഷമാണ്. അതിനിടയിലേക്കാണ് അവനെത്തിപ്പെടുന്നത്. രൂപസാദൃശ്യം കാരണം സമീന്ദാറുടെ നഗരത്തിലെ മകനാണെന്ന് (ധർമ്മേന്ദ്ര ഇരട്ടവേഷത്തിൽ) ആളുകൾ തെറ്റിദ്ധരിക്കുന്നു, മംഗളഗാനം പാടാൻ നിർബന്ധിക്കുന്നു.
പാട്ടു കേട്ട് എല്ലാവരും അമ്പരന്നു! പാടുന്നതിൽ പരന്നൊഴുകിയത് പിതാവിനോടുള്ള വിദ്വേഷമായിരുന്നു. സ്വന്തം പിതാവിനെ മനസ്സിൽ കണ്ടുകൊണ്ടാകണം, സാഹിർ ഈ ഗാനം രചിച്ചത്.

ക്യാ മിലിയേ ഐസെ ലോഗോം സെ ജിൻ കി ഫിത്റത് ഛുപീ രഹേ
നക്ലീ ചെഹ്രാ സാമ്നെ ആയേ അസ്ലീ സൂരത് ഛുപീ രഹേ
സഹജസ്വഭാവം മറച്ചുപിടിക്കും മനുഷ്യരെയെങ്ങനെ തിരിച്ചറിയാൻ!
പുറത്തു കണ്ടത് കപടമുഖം, ഒളിച്ചിരിപ്പൂ യഥാർഥമുഖം.
ദിൽദാരി കാ ഢോംഗ് രചാകർ ജാൽ ബിഛായേ ബാതോം കാ
ജീതെ ജീ കാ രിഷ്താ കഹ്കർ സുഖ് ഢൂംഢേ കുഛ് രാതോം കാ.
ഇഷ്ടത്തിന്റെ നാട്യവുമായി വലവിരിക്കും വാക്കുകളാൽ
എന്നന്നേക്കുമെന്നു പറയും ഏതാനും രാവിൻ സുഖം നുകരാൻ.
ജിൻ കെ സുൽമ് സെ ദുഖി ഹൈ ജൻതാ, ഹർ ബസ്തി ഹർ ഗാവ് മെ
ദയാ ധരം കി ബാത് കരേ വൊ, ബൈഠ് കെ സജീ സഭാവോം മെ
ദാൻ കാ ചർച്ചാ ഘർ-ഘർ പഹൂഞ്ചേ ലൂട്ട് കി ദൗലത് ഛുപീ രഹേ.
ദ്രോഹങ്ങൾക്കിരയായ ജനങ്ങൾ നാട്ടിൽ നീളേ നരകിക്കുമ്പോൾ
അലങ്കരിച്ച സഭയിലിരുന്ന് അനുകമ്പയുടെ കഥപറയുന്നു.
ദാനധർമങ്ങളെ എല്ലാരും വാഴ്ത്തുമ്പോൾ
കൊള്ളമുതൽ കള്ളറയിലൂറിച്ചിരിക്കുന്നു.

കോളേജുകാലത്തുതന്നെ കവിയെന്ന നിലയിൽ പേരും പെരുമയുമാർജിച്ചപ്പോൾ സാഹിറുമായി അനുരഞ്ജനത്തിന് ഫസൽ മുഹമ്മദ് ശ്രമിക്കുകയുണ്ടായി. അമ്മയ്ക്കു ദുരിതം മാത്രം നൽകിയ മനുഷ്യനോട് തനിക്ക് ഒരു ബന്ധവുമില്ലെന്നും നിസ്സഹായമനുഷ്യരുടെ ചോരയൂറ്റിയുണ്ടാക്കിയ സമ്പത്ത് തനിക്കു കാളകൂടമാണെന്നും പറഞ്ഞ് സാഹിർ അവ നിരാകരിച്ചു. ഒരു തവണയെങ്കിലും തമ്മിൽ കാണാനുള്ള ആഗ്രഹവും തള്ളിക്കളഞ്ഞു. വിഭജനത്തെത്തുടർന്ന് ഫസൽ മുഹമ്മദ് പാകിസ്താനിലേക്കു കുടിയേറി.

മാതാവിനെ മനസ്സിൽക്കണ്ടുകൊണ്ടെന്നു പറയാവുന്ന ഗാനങ്ങൾ സാഹിർ ധാരാളമെഴുതി. 1978-ൽ പുറത്തിറങ്ങിയ തൃശൂൽ എന്ന ചിത്രത്തിൽ ലതാ മങ്കേഷ്കർ പാടുന്ന ഗാനം അതിലൊന്നാണ്. സാഹിറിന്റേതിനോടു സമാനമായ സാഹചര്യത്തിലാണ് ചിത്രത്തിൽ അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന വിജയ് എന്ന കഥാപാത്രം ശൈശവം പിന്നിടുന്നത്. സ്നേഹിച്ച പുരുഷൻ (സഞ്ജീവ്കുമാർ) നേട്ടങ്ങൾക്കുവേണ്ടി കൈയൊഴിഞ്ഞപ്പോൾ, ഗർഭിണിയായ ശാന്തി (വഹീദാ റഹ്മാൻ) നഗരം വിട്ട് ഗ്രാമത്തിലേക്കു തിരിച്ചുപോകുന്നു. ഒരാൺകുഞ്ഞിനെ പ്രസവിക്കുന്നു. പ്രയാസങ്ങൾ സഹിച്ച് അവനെ വളർത്തുന്നു. കരിങ്കൽക്വാറികളിൽ കല്ലു ചുമക്കുമ്പോഴും അമ്മ മകനെ കൂടെ നിർത്തുന്നു. എന്തുകൊണ്ടെന്നു പറഞ്ഞുകൊടുക്കുന്ന രീതിയിലാണ് ഗാനം.

തൂ മേരെ സാഥ് രഹേഗാ മുന്നേ
താകി തൂ ജാൻ സകേ
തുഝ് കൊ പർവാൻ ചഢാനെ കെ ലിയേ
കിത്നി സംഗീൻ മരാഹിൽ സെ തേരി മാ ഗുസ്രി.
നീ എന്നോടൊന്നിച്ചുണ്ടാകണം, മോനേ.
എങ്കിൽ നിനക്കറിയാൻ കഴിയും
നിന്നെ നീയാക്കാൻ അമ്മ എന്തെല്ലാം നേരിട്ടുവെന്ന്.
കിത്നെ പാംവ് മേരെ മംതെ കെ കലേജെ പെ പഡേ
കിത്നി ഖൻജർ മേരെ ആംഖോം, മേരെ കാനോം പെ ഗഡേ.
എത്ര തൊഴിയേറ്റു എന്റെ മാതൃത്വത്തിന്റെ മുഖത്തെന്ന്
എത്ര കഠാരകൾ കണ്ണിൽ, ചെവിയിൽ, തറച്ചെന്ന്.
മൈ തുഝെ രഹ്മ് കി സായെ മെ ന പൽനെ ദൂംഗി
സിന്ദ്ഗാനി കി കഡി ധൂപ് മെ ജൽനെ ദൂംഗി
താകി തപ്-തപ് കെ തൂ ഫൗലാദ് ബനേ
മാ കി ഔലാദ് ബനേ.
കനിവിന്റെ നിഴലിൽ വളരാൻ അമ്മ നിന്നെ അനുവദിക്കില്ല
ജീവിതത്തിന്റെ കടുത്ത വെയിലിൽ വെന്തെരിയാൻ ഇടയുണ്ടാക്കും
ഉരുകിയുരുകി വളരുന്ന നീ ഉരുക്കുപോൽ കരുത്തനാകും
അമ്മയുടെ മകനാകും.

അമ്മയുടെ മകനായിത്തന്നെ സാഹിർ വളർന്നു. ജീവിതത്തിലെ എല്ലാ ദുരനുഭവങ്ങളെയും വെല്ലുവിളികളെയും ധീരതയോടെ നേരിട്ടു. ദാരിദ്ര്യത്തിന്റെ വെയിലിൽ തപിക്കുമ്പോഴും മെച്ചപ്പെട്ട ജീവിതം സ്വപ്നംകണ്ടു. തനിക്കുവേണ്ടി മാത്രമല്ല, എല്ലാവർക്കുംവേണ്ടി. എല്ലാ സഹജീവികൾക്കുംവേണ്ടി. ഒരുപക്ഷേ, ഇതായിരിക്കാം ഒരു കവിയും സാധാരണമനുഷ്യനും തമ്മിലുള്ള വ്യത്യാസം. താനനുഭവിക്കുന്ന ദുഃഖം തന്റെതു മാത്രമല്ല, മുഴുവൻ ലോകത്തിന്റെതുകൂടിയാണെന്ന് അയാൾ തിരിച്ചറിയുന്നു. ഇതൊന്നുമില്ലാത്ത ഒരു ലോകം അതുകൊണ്ടയാൾ സ്വപ്നം കാണുന്നു. ആ സ്വപ്നം കണ്ടുകൊണ്ട് സാഹിർ എഴുതി:
ഇൻ കാലി സദിയോം കെ സർ സെ
ജബ് രാത് കാ ആഞ്ചൽ ഢൽകേഗാ
ജബ് ദുഃഖ് കാ ബാദൽ പിഘ്ലേംഗെ,
ജബ് സുഖ് കാ സാഗർ ഛൽക്കേഗാ
ജബ് അംബർ ഝൂമ് കെ നാചേഗാ
ജബ് ധർതി നഗ്മേ ഗായേഗി
വൊ സുബഹാ കഭി തൊ ആയേഗി.
ഈ ഇരുണ്ട ശതകത്തിന്റെ ശിരസ്സിൽനിന്ന്
രാത്രിയുടെ ശിരോവസ്ത്രം മാറ്റപ്പെടുന്ന
ദുഃഖത്തിന്റെ കാർമേഘം ദുർബലമാകുന്ന
സുഖത്തിന്റെ സാഗരം തിരയടിക്കുന്ന
ആകാശം ആനന്ദനൃത്തമാടുന്ന
ഭൂമി മധുരഗീതം പാടുന്ന
ആ പ്രഭാതം ഒരിക്കൽ പുലരാതിരിക്കില്ല.

ആ പ്രഭാതം പുലരുന്നതിനായി സാഹിർ കവിതയെഴുതുക മാത്രമല്ല, മുൻനിരയിൽനിന്ന് പോരാടുകയും ചെയ്തു.
സാഹിറിന്റെ ലാഹോർക്കാലത്തെ സുഹൃത്തും പിൽക്കാലത്ത് പാകിസ്താനിസിനിമയിൽ ഗാനരചയിതാവായി പേരെടുത്ത കവിയുമായ അഹ്മദ് രാഹി എഴുതുന്നു: 'ആളുകൾ പറയുന്നു, സാഹിർ പല തവണ സ്നേഹിച്ചുവെന്ന്. എനിക്കവരോടു യോജിപ്പില്ല. സാഹിർ ജീവിതത്തിൽ ഒരാളെ മാത്രമേ സ്നേഹിച്ചിരുന്നുള്ളൂ, തന്റെ മാതാവിനെ. ഒരാളെ മാത്രമേ വെറുത്തിരുന്നുള്ളൂ, സ്വന്തം പിതാവിനെ. സാഹിറിന്റെ പേരിനോടു ചേർത്ത് പറഞ്ഞുകേട്ട പ്രണയങ്ങളെല്ലാംതന്നെ അമ്മയോടുള്ള സ്നേഹം നിറഞ്ഞൊഴുകുന്ന മനസ്സിന്റെ ചില കോണുകളിലെ ശൂന്യത നികത്താനുള്ള ശ്രമങ്ങൾ മാത്രമായിരുന്നു.'*

Content Highlights: Excerpt from the book Sahir Aksharangalude Aabhicharakan Written by KPA Samad

Content Highlights: