'എത്രകാലം ഇങ്ങനെ മഴയത്ത് നിര്‍ത്തും?' സംഗീത നാടക അക്കാദമിയോട് ചോദ്യവുമായി നാടകകൃത്ത് മുഹാദ് വെമ്പായം

കേരള സംഗീതനാടക അക്കാദമി വിവേചനം കാട്ടുന്നുവെന്ന് നാടകകൃത്ത് മുഹാദ് വെമ്പായം. ശുപാര്‍ശയും സ്വജനപക്ഷപാതവുമാണ് നാടകകങ്ങളുടെ തിരഞ്ഞെടുപ്പിലും പുരസ്‌കാരനിര്‍ണയത്തിലും അക്കാദമി പുലര്‍ത്തിവരുന്നതെന്ന് മുഹാദ് കുറ്റപ്പെടുത്തുന്നു. സംഗീത-നാടക അക്കാദമി 'തുറന്നുനോക്കാന്‍ സാധ്യതയില്ലാത്ത കത്ത്' എഴുതുകയാണ് മുഹാദ്.
'എത്ര കാലം നിങ്ങള്‍ ഞങ്ങളെ ഇങ്ങനെ മഴയത്ത് നിര്‍ത്തും?'- സംഗീത നാടക അക്കാദമിയോടാണ്. നടപ്പുകാല ഭരണസമിതിയോടോ ഏതെങ്കിലും വ്യക്തികളോടോ മാത്രമായല്ല. 18 കൊല്ലം കൊണ്ട് നാടകരചയിതാവായി നില്ക്കുന്ന, 50-ലധികം നാടകങ്ങള്‍ എഴുതിയ ഒരുത്തന്റെ അനുഭവത്തിലെ ഇതുവരെയുള്ള എല്ലാക്കാലത്തെയും അക്കാദമി എന്ന സിസ്റ്റത്തോടാണ്. എത്ര കാലം നിങ്ങള്‍ ഞങ്ങളെ ഇങ്ങനെ മഴയത്ത് നിര്‍ത്തും?
മല്‍സരമോ ഫലങ്ങളോ ഒരു കാലത്തും വിവാദമോ വിമര്‍ശനമോ വിലാപമോ ആക്കിയിട്ടുള്ള ഒരാളല്ല ഞാന്‍. അത് ഇതിനു മുമ്പുള്ള ഏത് വര്‍ഷങ്ങളിലും ആര്‍ക്കും പരിശോധിക്കാവുന്നതാണ്. ഇനിയും എഴുതിയില്ലെങ്കില്‍ പ്രതികരണത്തിന്റെയും പ്രതിഷേധത്തിന്റെ കലയായ നാടകം 'ഒണ്ടാക്കാന്‍ നടക്കുന്നൊരുത്തന്‍' എന്ന നിലയില്‍ പേടികൊണ്ട് അണ്ണാക്കില്‍ ആപ്പ് അടഞ്ഞുപോയതാണോ എന്ന് എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നിപ്പോവും.
ഞാനെന്ന നാടകകൃത്തിന്റെ ജനനം മുതല്‍ ഇങ്ങോട്ട് നിരന്തരം, നിരന്തരം സംസ്ഥാന പ്രൊഫഷണല്‍ മല്‍സരത്തില്‍ കരുത്തുള്ളവരാല്‍ വേട്ടയാടപ്പെടുന്ന ഒരു നാടക പ്രവര്‍ത്തകനാണ് ഞാന്‍.
എനിക്ക് അതില്‍ ഒരു കുന്തവും ഇല്ല.
എങ്കിലും ചോദിക്കുകയാണ്.
എത്ര നാള്‍ നിങ്ങളിങ്ങനെ എന്നെപ്പോലുള്ളവരെ (ഇപ്പോള്‍ കുറച്ചായി മുഹാദ് വെമ്പായം സുരേഷ് ദിവാകരന്‍ ടീമിനെയും) നിങ്ങളിങ്ങനെ പെരുമഴയത്ത് നിര്‍ത്തും? എന്ത് നീതിയാണു നിങ്ങള്‍ ഞങ്ങളോട് കാട്ടുന്നത്? കഴിഞ്ഞ കൊല്ലം ഏറ്റവും വിജയകരമായ 4 നാടകങ്ങള്‍ (മൂക്കുത്തി, ലക്ഷ്യം, നായകന്‍, അകം പുറം) ആദ്യത്തെ മൂന്നും ഞാനും സുരേഷ് ദിവാകരനും എഴുതിയ എന്റെ ഒരു നാടകം കണ്ണു തട്ടാതിരിക്കാന്‍ എന്ന വണ്ണം പേരിനു 'മൂക്കുത്തി' മാത്രം മല്‍സരയോഗ്യത നേടി. എന്റെ സമകാലികനായ എഴുത്തുകാരന്റെ മൂന്ന് നാടകങ്ങള്‍ക്ക് സെലക്ഷന്‍ കൊടുത്തപ്പോഴാണിത്. അതിനു മുമ്പും വേറെ രചയിതാക്കളുടെ രണ്ടും മൂന്നും സെലക്ഷന്‍ കൊടുക്കുമ്പോള്‍ ഞങ്ങളുടെ നാടകം ഒരെണ്ണം കിട്ടിയാല്‍ കിട്ടി. എന്ത് നീതിയാണു നിങ്ങള്‍ ഞങ്ങളോട് കാട്ടുന്നത്?
ഈ വര്‍ഷം എഴുതിയ 5 നാടകങ്ങളും മലയാളം നാടക ഇന്‍ഡസ്ട്രിയിലെ ഹിറ്റുകളാണെന്ന് കണക്കുകള്‍ പറയുമ്പോള്‍ ,അതില്‍ നിന്നും ഒരെണ്ണം (ഊഴം) മാത്രം സെലക്റ്റ് ചെയ്ത് നിങ്ങളാരെ, എന്താണ് ബോധ്യപ്പെടുത്തുന്നത്?
ഈ വര്‍ഷവും ഹേമന്ത് എഴുതിയ ആകെ രണ്ട് നാടകങ്ങളില്‍ രണ്ടും സെലക്റ്റ് ചെയ്യപ്പെട്ടപ്പോള്‍ വിജയകരമായ 5 നാടകങ്ങള്‍ എഴുതിയ എന്റെ നാടകം ഒരെണ്ണം മാത്രം. രാജീവ് സംവിധാനം ചെയ്ത 3 നാടകങ്ങള്‍ സെലക്റ്റ് ചെയ്യപ്പെട്ടപ്പോള്‍ സുരേഷ് ദിവാകരന്റെ ഒന്ന്..
അതിനു മുമ്പത്തെ ചില വര്‍ഷങ്ങളില്‍ ബഹുമാനപ്പെട്ട ഫ്രാന്‍സിസിന്റെ കൂടുതല്‍ നാടകങ്ങള്‍.. അപ്പോഴും ഞങ്ങള്‍ക്ക് കണ്ണുവീണ കുമ്പിളില്‍ തന്നെ കഞ്ഞി. പ്രിയ ഹേമന്തേ, ഫ്രാന്‍സിസ് സാര്‍, രാജീവേട്ടാ.. മനസ് കൊണ്ട് പോലും നിങ്ങളെ ഇതില്‍ വലിച്ചിടുകയല്ല..നിങ്ങള്‍ക്കിതിലൊരു റോളുമില്ല എന്നറിയാം പക്ഷേ ഈ വിഷയം പറയാന്‍ കാലത്തെയും കണക്കുകളേയും കൂട്ട് പിടിക്കുമ്പോള്‍ നിങ്ങളെ പരാമര്‍ശിക്കാതെ നിവൃത്തിയില്ലാത്തത് കൊണ്ടാണെന്ന് മനസ്സിലാക്കി ക്ഷമിക്കണമെന്ന് അപേക്ഷ. അതില്‍ തൊട്ട് ചര്‍ച്ച അങ്ങനെ കൊണ്ടുപോയി വിഷയത്തിന്റെ മെറിറ്റ് കളയരുതേ എന്ന് പലനാളായി ഇരയാക്കപ്പെടുന്നവരുടെ നിര്‍വ്യാജ അപേക്ഷ.
2005-ലാണ് 24-ാം വയസില്‍ ഞാന്‍ പ്രൊഫഷണല്‍ നാടകം എഴുതി തുടങ്ങിയത്.
ആദ്യത്തെ 10 വര്‍ഷം എന്റെ ഒരു സ്‌ക്രിപ്റ്റു പോലും സെലക്ഷന് പരിഗണിച്ചിട്ടില്ല..
പതിനൊന്നാം വര്‍ഷം 2016-ല്‍ നടന്ന സ്റ്റേറ്റ് മത്സരത്തിലാണ് ആദ്യമായി എന്റെ ഒരു രചന അക്കാദമി പരിഗണിക്കുന്നത് തന്നെ.
കഴിഞ്ഞ കൊല്ലം 4 ലക്ഷം രൂപ വീതം 50 സമിതികള്‍ക്ക് ധനസഹായം കൊടുത്തതില്‍ വെളിച്ചം കാണാത്ത നാടകങ്ങള്‍ മുതല്‍ ചവറുവീപ്പയില്‍ കൊട്ടിക്കളയേണ്ട വികലസൃഷ്ടികള്‍ക്ക് വരെ ധനസഹായം ലഭിച്ചതില്‍ മുഖ്യധാരാ എഴുത്തുകാരില്‍ ഒഴിവാക്കപ്പെട്ട ഒരേയൊരു എഴുത്തുകാരന്റെ നാടകം ഞാനെഴുതിയ 'നായകന്‍' ആണ്. (മലയാള നാടകവേദിയുടെ തന്നെ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായി പ്രൊഫഷണല്‍ നാടകക്കാരന്റെ ജീവിതം പറഞ്ഞ അതേ നായകന്‍)
എന്താണു നീതി? എന്തിനാണു നിങ്ങള്‍ എന്നെപ്പോലുള്ളവരെ മഴയത്ത് നിര്‍ത്തുന്നത്?
അനര്‍ഹമായ ഒന്നും എനിക്ക് (ഞങ്ങള്‍ക്ക്) ആവശ്യമില്ല എങ്കിലും എന്ത് നീതിയാണു ഞങ്ങളോട് കാലങ്ങളായി കാട്ടിക്കൊണ്ടിരിക്കുന്നത്?
പഴയ വര്‍ഷങ്ങള്‍, ഫ്ളാഷ് ബാക്കുകള്‍ എന്റെ ആദ്യ നാടകമായ സ്നേഹത്തിന്റെ യജമാനന്‍ (400 വേദി കളിച്ച) സെലക്റ്റ് ചെയ്തിട്ടില്ല. അതിനടുത്ത വര്‍ഷം എഴുതി വലിയ വിജയമായ 'കഥ തുടരുന്നു' സെലക്റ്റ് ചെയ്തില്ല. അതേ വര്‍ഷം കഥ തുടരുന്നുവിന്റെ അതേ കഥ, കട്ട് പകര്‍ത്തിയ നാടകം സെലക്റ്റ് ചെയ്യപ്പെട്ടു. അതിനു ശേഷം സിനിമാ-നാടകതാരം സേതുലക്ഷ്മി അമ്മ അവസാനമഭിനയിച്ച ഹിറ്റ് നാടകം 'പണ്ട് പണ്ട് ഒരിടത്ത്' സെലക്റ്റ് ചെയ്തില്ല.
മലയാള നാടകവേദിയില്‍ ഹൈപ്പര്‍ ലിങ്ക് സ്റ്റോറി കണക്ഷന്‍ എന്ന ആശയം കഥ പറച്ചില്‍ ഉപയോഗിച്ച മലയാള നാടകവേദിയുടെ എന്റെ 'കാഴ്ചക്കാരുടെ ശ്രദ്ധയ്ക്ക് ' സെലക്ട് ചെയ്തില്ല. എക്കാലത്തെയും ഹിറ്റുകളിലൊന്നായ എന്റെ 'ജീവിതത്തിന്റെ തിരക്കഥ' സ്‌ക്രിപ്റ്റ് സെലക്റ്റ് ചെയ്തില്ല. ശേഷമെഴുതിയ മലയാള പ്രൊഫഷണല്‍ നാടകവേദിയിലെ ആദ്യത്തെ നാടകത്രയമായ അപ്രധാന വാര്‍ത്തകള്‍ എന്ന നാടകത്തെ സെലക്റ്റ് ചെയ്തെങ്കിലും ആ സങ്കീര്‍ണമായ രചനാശൈലിയെ ജൂറി പരാമശമെന്ന ഭിക്ഷ പോലും നല്കാതെ കാലുമടക്കി തൊഴിച്ചിട്ട് വെറും കമേഴ്സ്യല്‍ പൈങ്കിളി നാടകങ്ങള്‍ക്ക് രചനയ്ക്ക് പുരസ്‌കാരങ്ങള്‍ കൊടുത്തു.
അടുത്ത വര്‍ഷം 'നാരങ്ങാമിട്ടായി' പ്രാഥമിക അവതരണത്തില്‍ തന്നെ തള്ളി മെയിന്‍ മല്‍സരത്തില്‍ സെലക്റ്റ് ചെയ്തില്ല.
തീര്‍ന്നില്ല.
കാട്ടാക്കട മുരുകന്‍ അവസാനമായി അഭിനയിച്ച മെഗാഹിറ്റ് നാടകമായ ജീവിതത്തിനു ഒരു ആമുഖത്തിന്റെ സ്‌ക്രിപ്റ്റ് നിങ്ങള്‍ സെലക്റ്റ് ചെയ്തില്ല.
ശക്തമായ മനുഷ്യപക്ഷ രാഷ്ട്രീയം പറഞ്ഞ മൂന്ന് ഇന്ത്യന്‍ പൗരന്‍ സെലക്റ്റ് ചെയ്തില്ല.
ആഴം എന്ന ശക്തമായ നാടകം പേരിനു സെലക്റ്റ് ചെയ്തെങ്കിലും അര്‍ഹമായ ഒന്നും നല്കാതെ വിട്ടു.
മനുഷ്യരുണ്ട് സൂക്ഷിക്കുക സെലക്റ്റ് ചെയ്തില്ല.
എഴുത്തച്ഛനെ നിങ്ങള്‍ സെലക്റ്റ് ചെയ്ത് ഒരു പുല്ലും നല്കാതെ അപമാനിച്ചുവിട്ടു.
കനല്‍ച്ചിലമ്പ് സെലക്റ്റ് ചെയ്തില്ല..
ലക്ഷ്യം സെലക്റ്റ് ചെയ്തില്ല
നായകന്‍ സെലക്റ്റ് ചെയ്തില്ല
പോലീസ് അട്രോസിറ്റിയില്‍ കരിഞ്ഞുപോകുന്ന മനുഷ്യരുടെ കഥ പറഞ്ഞ, ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളിക്കുന്ന നാടങ്ങളിലൊന്നായ മൊഴി സെലക്റ്റ് ചെയ്തില്ല. അതിനു ശേഷം ഇറങ്ങിയ സമാന വിഷയം പറയുന്ന നാടകം തെരഞ്ഞെടുക്കപ്പെട്ടു. 200 വേദികള്‍ പിന്നിട്ട് ഗംഭീരവിജയം നേടിയ സാമൂഹ്യപ്രസക്തിയുള്ള ജീവിതം സാക്ഷി സെലക്റ്റ് ചെയ്തില്ല. മലയാള നാടകവേദി പറയാന്‍ ഭയന്ന വിഷയം പറഞ്ഞ് 170 വേദികള്‍ പിന്നിട്ട സേതുലക്ഷ്മി സെലക്റ്റ് ചെയ്തില്ല. സ്ത്രീപക്ഷ നിയമങ്ങളുടെ ദുരുപയോഗം ആദ്യമായി മെയിന്‍ വിഷയമായി ചര്‍ച്ച ചെയ്ത മുഖാമുഖം സെലക്റ്റ് ചെയ്തില്ല. അനര്‍ഹമായ ഒന്നും ഞങ്ങള്‍ക്ക് ആവശ്യമില്ല എങ്കിലും എന്ത് നീതിയാണു ഞങ്ങളോട് കാലങ്ങളായി കാട്ടിക്കൊണ്ടിരിക്കുന്നത്?
പ്രധാനപ്പെട്ട ഒരു പോയിന്റ്- സ്റ്റേറ്റ് അവാര്‍ഡുകള്‍ എട്ടെണ്ണം അദ്ദേഹത്തിന്, ഒമ്പതെണ്ണം ഇദ്ദേഹത്തിന്, 12 എണ്ണം മറ്റേ അദ്ദേഹത്തിന് എന്ന നിലയില്‍ രചനയ്ക്കും സംവിധാനത്തിനുമൊക്കെ പറഞ്ഞു നമ്മള്‍ കോള്‍മയിര്‍ കൊള്ളാറുണ്ടല്ലോ.
അതൊക്കെ നിങ്ങള്‍ക്ക് ഭയമുള്ള/ അനുകമ്പയുള്ള/ കരുത്തുള്ള/ സ്വാധീനമുള്ള/ ചിലര്‍ക്ക് നിരന്തരം നിരന്തരം നല്കിക്കൊണ്ടിരിക്കുമ്പോള്‍ എന്നെയും സുരേഷ് ദിവാകരനേയും അത് പോലുള്ള മറ്റ് പലരുടേയുംമുന്നില്‍ പ്ലേറ്റ് കമിഴ്ത്തി വച്ചിട്ട് ഞങ്ങളുടെ അര്‍ഹതയുടെ ദൈന്യതയ്ക്ക് മേല്‍ നിങ്ങള്‍ ചിലര്‍ക്ക് മാത്രം നിരത്തി വച്ച് വിളമ്പിയതാണെന്ന് കരുതാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്. അത് പറയാന്‍ കാരണം വര്‍ഷങ്ങളായി മറ്റ് എഴുത്തുകാരുടെയും സംവിധായകരുടേയും രണ്ടും മൂന്നും നാടകങ്ങള്‍ക്ക് നിങ്ങള്‍ സ്റ്റേറ്റ് സെലക്ഷന്‍ നല്കുമ്പോള്‍ ഞാനും സുരേഷ് ദിവാകരനും ചേര്‍ന്ന് ചെയ്ത നാടകങ്ങളില്‍ നിന്നും പേരിന് ഓരോ വര്‍ഷവും ഒരെണ്ണം ബഹുവിഭവ ഊണിനൊപ്പം വേസ്റ്റിടാന്‍ പ്ലേറ്റ് വെക്കുമ്പോലെ തരുന്നു. ഓരോന്ന് വീതം. എന്നിട്ട് അതിനെ പ്രധാനപ്പെട്ട ഒരു പുരസ്‌കാരങ്ങള്‍ക്കും പരിഗണിക്കാതെ പറഞ്ഞ് വിടുന്നു. (ആ നേടിയവര്‍ പ്രതിഭകളാണ് എന്നതില്‍ തര്‍ക്കമില്ല. എല്ലാം സുഹൃത്തുക്കളും ഗുരുതുല്യരുമൊക്കെയാണ്, കഴിവുള്ളവരാണ്.)
അപ്പഴും ചോദ്യം! എന്ത് നീതിയാണു ഞങ്ങളോട് കാലങ്ങളായി കാട്ടിക്കൊണ്ടിരിക്കുന്നത്?
'അതൊരു കഥയാണ്' എന്ന എന്റെ നാടകത്തിനു മികച്ച രണ്ടാമത്തെ രചനാപുരസ്‌കാരവും പകിടയിലെ 'പണ്ടെങ്ങാണ്ടൊരു നാടുണ്ടാര്‍ന്നേ'യ്ക്ക് ഗാനരചയ്ക്കും എനിക്ക് അവാര്‍ഡ് നല്കി.
അര്‍ഹത കൊണ്ട് പരിഗണിക്കാതെ നിവൃത്തിയില്ലാത്തത് കൊണ്ടാണോ, പാവമല്ലേ എന്തെങ്കിലും നക്കിയിട്ട് പോട്ടെ എന്ന് കരുതിയത് കൊണ്ടാണോ, ന്യായം പുലര്‍ന്നത് കൊണ്ടാണോ, മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ എന്നറിയില്ല തന്നു. സ്വീകരിച്ചു. അത്ഭുതം സന്തോഷം!
ഇത്രയും നാടകങ്ങള്‍ ചെയ്ത സുരേഷ് ദിവാകരനെ സംവിധായക പുരസ്‌കാരത്തില്‍ നിന്നും തീണ്ടാപ്പാടകലെ ഇന്നും നിര്‍ത്തിയിരിക്കുന്നു. അയാള്‍ക്ക് അര്‍ഹത ഇല്ലാത്തത് കൊണ്ടാണോ? ഒരു എഴുത്തുകാരന്റെയോ സംവിധായകന്റെയോ കരിയര്‍ പീക്കില്‍ നില്ക്കുന്ന സമയം ലിമിറ്റഡാണ്.
ആ നേരത്ത് പോലും സുരേഷ് ദിവാകരനെപ്പോലുള്ളവരെ ഒരു തവണ പോലും മികച്ച സംവിധായകനായി പരിഗണിക്കാതെ ഇങ്ങനെ അവഗണിക്കുവാന്‍ എത്ര നിസാരമായാണ് നിങ്ങള്‍ക്ക് സാധിക്കുന്നത്?
വീണ്ടും ചോദ്യം ഇത്രേയുള്ളൂ എന്ത് നീതിയാണു ഞങ്ങളോട് കാലങ്ങളായി കാട്ടിക്കൊണ്ടിരിക്കുന്നത്? മുമ്പ് അക്കാദമിയിലെ ഒരു പ്രമുഖന്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്. നിരന്തരം സമ്മര്‍ദ്ദബലങ്ങള്‍ ചെലുത്തുന്നവരെ ഭയന്നും സ്വാധീനം പ്രയോഗിക്കുന്നവരെ അനുസരിച്ചുമാണ് സെലക്ഷനും അവാര്‍ഡുകളും നടക്കുന്നതെന്ന്. സത്യമറിയില്ല.
എന്റെ പൊന്ന് അക്കാദമീ,
ചെലുത്താന്‍ സമ്മര്‍ദ്ദശേഷിയോ പ്രയോഗിക്കാന്‍ സ്വാധീനമോ ഇല്ലാത്ത നിസാരരായ പുഴുക്കളാണ്. ഇനിയും ഈ നാടകം തുടരാന്‍ എളുപ്പം നിങ്ങള്‍ക്ക് സാധിക്കും. ഇങ്ങനെ നിരന്തരം നിരന്തരം തിരസ്‌കരിക്കുന്നതിനേക്കാള്‍, അപമാനിക്കുന്നതിനേക്കാള്‍ അക്കാദമി ഒരു കുറിപ്പെഴുതി തന്നാലും മതി ''പ്രേക്ഷകരുടെ അംഗീകാരമാണു വലുതെന്ന് നീയും നിന്നെപ്പോലുള്ളവരും എല്ലാക്കാലവും ആശ്വസിച്ചുകൊള്ളേണ്ടതാണ്'' എന്ന്.
ഇക്കൊല്ലം തെരഞ്ഞെടുത്ത ഏക നാടകത്തിന് 'അര്‍ഹത'. അണ്ടര്‍ലൈന്‍ അര്‍ഹത കൊണ്ട് എന്തെങ്കിലും അത്ഭുതം നടന്നാല്‍ നിവൃത്തിയില്ലാത്ത ,നിസാരരായ ഞങ്ങളത് സ്വീകരിക്കും. പക്ഷേ അതിന് ഹാര്‍പ്പിക്കിലെ കീടാണുപോലെ 0.001 മാത്രമാണു സാധ്യത എന്നും മുന്‍ കാലാനുഭവങ്ങള്‍ പഠിപ്പിക്കുന്നു.
തുടര്‍ജന്മവാദങ്ങളില്‍ വിശ്വാസമില്ലെങ്കിലും ഒരു പേച്ചിന് പറഞ്ഞോട്ടെ; ''ഈ ജന്മത്തില്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെ തന്നെ തുടരും. വരും ജന്മത്തിലെങ്കിലും അക്കാദമിയുടെ മഹാമനീഷികളുടെ ചിരന്തനമായ തിരസ്‌കരണങ്ങളില്ലാത്ത കലാകാരന്മാരായി ജനിക്കാന്‍ ഞങ്ങളെപ്പോലുള്ള പുഴുക്കള്‍ക്ക് കഴിയുമാറാകട്ടെ.''
സ്റ്റേറ്റ് മത്സരത്തില്‍ അവാര്‍ഡ് ആഗ്രഹമുള്ള സമിതികള്‍ ഞങ്ങളെപ്പോലുള്ള നിസ്സാരരെ നാടകമുണ്ടാക്കാന്‍ സമീപിക്കരുത് എന്നഭ്യര്‍ത്ഥന. കാരണം നിങ്ങള്‍ നിരാശപ്പെടും. അതിനുതകന്നവരിലേക്ക് നിങ്ങള്‍ പൊയ്‌ക്കൊള്ളൂ.
സമിതികള്‍ക്കും നാടകാസ്വാദകര്‍ക്കും ആവശ്യമുള്ളടത്തോളം ഇവിടെ തന്നെ ഉണ്ടാവും. അത് കഴിഞ്ഞാല്‍ മാഞ്ഞുപോകും. മഹാരഥികള്‍ വരെ മാഞ്ഞ മണ്ണില്‍ കൃമികളായ ഞങ്ങളും മാഞ്ഞുപോകുമെന്നുള്ള ബോധം ഉണ്ട്.
ഒരുത്തരോടും യാചിച്ചിട്ടില്ല. ഇനിയൊട്ട് യാചിക്കയുമില്ല. നാടകകാലം കഴിഞ്ഞും ആയുസ്സുണ്ടെങ്കില്‍, വേഗത്തില്‍ മലയാളം ടൈപ്പ് ചെയ്യാനറിയാം, ആധാരമെഴുത്ത് ആപ്പീസില്‍ ഡി.റ്റി.പി ചെയ്യും, അഭിമാനത്തോടെ. പക്ഷേ ഇനിമുതല്‍ പറയാനുള്ളത് പറയേണ്ടിടത്ത് പറയാതിരിക്കില്ല.
Content Highlights: dramatist muhad vembayam writes an open letter to sangeet nataka academy